കൊളംബിയയിലേക്ക് പോകുന്നവർ അറിയേണ്ടത് അമേരിക്കയിലെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലിടംനേടി ആദരിക്കപ്പെട്ട ഒരു സ്ഥാപനത്തിലേക്കാണ് നിങ്ങൾ പോകുന്നതെന്നാണ്’’ – ഫോർധാൻ സർവ്വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസർ മാർക്ക് നെയ്‌സൻ പറഞ്ഞതാണ് ഈ വാക്കുകൾ. അദ്ദേഹം ഇങ്ങനെ കൂടി കൂട്ടിച്ചേർത്തതായും അസോസിയേറ്റഡ് പ്രസ്സ് എന്ന അന്താരാഷ്ട്ര വാര്‍ത്ത ഏജൻസി’’ റിപ്പോർട്ട് ചെയ്യുന്നു: ‘‘ഏതുകാലത്തും ഒരു പ്രക്ഷോഭം ഉണ്ടാകുമ്പോൾ അതിൽ കൊളംബിയ ശരിയുടെ പക്ഷത്തുതന്നെ ആയിരുന്നിട്ടുണ്ട്’’. 1968 ല്‍ വിയറ്റ്നാം യുദ്ധത്തിനെതിരായ വിദ്യാർത്ഥി മുന്നേറ്റത്തിൽ സജീവമായി പങ്കെടുത്തിരുന്നയാളാണ് അക്കാലത്ത് കൊളംബിയ സർവ്വകലാശാല വിദ്യാർത്ഥിയായിരുന്ന പ്രൊഫ. മാർക്ക് നെയ്‌സൻ.
2024 ഏപ്രിൽ 17ന് പുലർച്ചെ മുതൽ കൊളംബിയ സർവ്വകലാശാലാ വിദ്യാർത്ഥികൾ ഗാസയിൽ ഇസ്രയേലിലെ സിയോണിസ്റ്റ് ഭരണകൂടം നടത്തുന്ന നരഹത്യ അവസാനിപ്പിക്കണമെന്നും അതിനു തയ്യാറാകാത്ത ഇസ്രയേലുമായുള്ള അക്കാദമിക കരാറുകൾ അമേരിക്കൻ സർവ്വകലാശാലകൾ റദ്ദുചെയ്യണമെന്നും ഇസ്രയേലിനു നേരെ അമേരിക്കൻ ഗവൺമെന്റ് ഉപരോധം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു. ആ പശ്ചാത്തലത്തിൽ തയ്യാറാക്കിയ വാർത്താകുറിപ്പിലാണ് അസോസിയേറ്റഡ് പ്രസ്, പ്രൊഫ. നെയ്‌സനെ ഉദ്ധരിച്ചത്. ന്യുയോർക്ക് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന 290 വർഷത്തെ പഴക്കമുള്ള കൊളംബിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ആയിരുന്നു ജെയിംസ് ബുക്കാനൻ, വുഡ്രോ വിൽസൺ, റൊണാൾഡ് റീഗൻ, ബരാക്ക് ഒബാമ എന്നീ അമേരിക്കൻ പ്രസിഡന്റുമാർ.
പ്രൊഫ. നെയ്‌സൻ പറഞ്ഞതുപോലെ എന്നും ശരിയുടെ പക്ഷത്തുനിന്ന് പ്രതിഷേധിച്ചിരുന്ന കൊളംബിയയിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും 1968ലെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് മാത്രമല്ല, 1985ൽ ദക്ഷിണാഫ്രിക്കയിലെയും അമേരിക്കയിലെ തന്നെയും വർണ്ണവിവേചനത്തിനെതിരായ പ്രക്ഷോഭത്തിലും മുൻനിര പോരാളികളായിരുന്നു. 1996ൽ കൊളംബിയയിൽ എത്തിനിക് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുകയും അത് നേടിയെടുക്കുകയും ചെയ്ത പാരമ്പര്യവും കൊളംബിയയിലെ വിദ്യാർത്ഥികൾക്കുണ്ട്.
കൊളംബിയയിൽ പലസ്തീൻ ഐക്യദാർഢ്യ പ്രക്ഷോഭം ആരംഭിച്ചിട്ട് ഇപ്പോൾ മൂന്നാഴ്ച പിന്നിട്ടിരിക്കുന്നു. ഏപ്രിൽ 17ന് പുലർച്ചെ നാലുമണിക്ക് നൂറുകണക്കിന് വിദ്യാർത്ഥികൾ കൊളംബിയ സർവ്വകലാശാലയിലെ പ്രധാന അങ്കണത്തിൽ “ഗാസ ഐക്യദാർഢ്യ ക്യാമ്പ്” സ്ഥാപിച്ചു. വിവിധ വിദ്യാർഥി സംഘടനകൾ സംയുക്തമായാണ് ഈ പ്രക്ഷോഭം ആരംഭിച്ചത്. കൊളംബിയ സർവ്വകലാശാല ഇസ്രയേലിൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങളും ഇസ്രയേൽ സർവ്വകലാശാലകളുമായുള്ള കരാറുകളും റദ്ദുചെയ്യുന്നതുവരെ തങ്ങൾ ഇവിടെത്തന്നെ തമ്പടിച്ചിരിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് വിദ്യാർത്ഥി സമൂഹം അവിടെ ഒന്നിച്ചുകൂടിയത്. കൊളംബിയ സർവ്വകലാശാല ഇസ്രയേലിലെ ടെൽ അവീവിലും ഒരു ക്യാമ്പസ് സ്ഥാപിച്ചിട്ടുണ്ട്; അത് അടച്ചുപൂട്ടണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.
വിദ്യാർത്ഥികൾ കൊളംബിയ ക്യാമ്പസിൽ തമ്പടിച്ച ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. അന്നാണ് അമേരിക്കൻ പ്രതിനിധിസഭ കൊളംബിയ സർവ്വകലാശാലയുടെ പ്രസിഡന്റ് മിനൗച്ചേ ഷാഫിക്കിനെ തെളിവെടുക്കാനായി വിളിപ്പിച്ചത്. ക്യാമ്പസിനുള്ളിൽ ജൂതർക്കെതിരായ വിദ്വേഷ പ്രചരണം നടക്കുന്നതായി ആരോപിച്ചായിരുന്നു തെളിവെടുപ്പ്. വിദ്യാർത്ഥികൾ മാത്രമല്ല, പ്രൊഫസർമാരും പലസ്തീൻ അനുകൂല നിലപാട് എടുക്കുന്നത് അമേരിക്കൻ പാർലമെന്റ് അംഗങ്ങളെ ചൊടിപ്പിച്ചിരിക്കുകയാണ്. കടുത്ത സമ്മർദ്ദത്തെ തുടർന്ന് പലസ്തീൻ അനുകൂല നിലപാട് എടുക്കുന്ന മൂന്നു പ്രൊഫസർമാരുടെ പേര് വെളിപ്പെടുത്താനും അവർക്കെതിരെ നടപടിയെടുക്കാനുമുള്ള അന്വേഷണം ആരംഭിച്ചതായും വെളിപ്പെടുത്താൻ മിനൗച്ചേ നിർബന്ധിതയായി.
ഗാസയിൽ വംശഹത്യ തുടങ്ങിയതു മുതൽ കൊളംബിയയിലെ വിദ്യാർത്ഥികൾ ഇസ്രയേലിനും ആ രാജ്യത്തെ പിന്തുണയ്ക്കുന്ന അമേരിക്കൻ ഭരണാധികാരികൾക്കുമെതിരെ വിവിധതരത്തിലുള്ള പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. യൂണിവേഴ്സിറ്റി അധികൃതർ വിദ്യാർത്ഥി സംഘടനാ നേതാക്കൾക്കെതിരെ നടപടിയും അപ്പോൾ മുതൽ ആരംഭിച്ചിരുന്നു. പ്രക്ഷോഭത്തിൽ അണിനിരന്നവരിൽ കൊളംബിയ ജൂയിഷ് വോയിസ് ഫോർ പീസ് എന്ന സമാധാനകാംക്ഷികൾ ആയ ജൂത വിദ്യാർത്ഥികളുടെ സംഘടനയും ഉണ്ട്. അവർക്കെതിരെയും സിയോണിസ്റ്റ് സമ്മർദ്ദത്തെ തുടർന്ന് സർവകലാശാല അധികൃതർ നടപടിയെടുത്തിരുന്നു. ഇത്തരം നടപടികളിൽ പ്രതിഷേധിച്ച് ഏപ്രിൽ ആദ്യം കൊളംബിയ വിദ്യാർത്ഥികൾ അതിശക്തമായ പ്രതിഷേധറാലി സംഘടിപ്പിക്കുകയുണ്ടായി. കൊളംബിയയിൽ മാത്രമല്ല, മറ്റ് അമേരിക്കൻ സർവ്വകലാശാലകളിലെയും കോളേജുകളിലെയും പൊതുസ്ഥിതിയുമാണിത്.
ഏപ്രിൽ 17ന് വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ തമ്പടിച്ചതിനെത്തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ സർവ്വകലാശാലാ അധികൃതർ സെക്യൂരിറ്റി സ്റ്റാഫിനെ മാത്രമല്ല ന്യൂയോർക്ക് പൊലീസിനെയും അണിനിരത്തി അടിച്ചമർത്തൽ നടപടി തുടങ്ങി. വിദ്യാർത്ഥികൾ തമ്പടിച്ചിരിക്കുന്ന സ്ഥലത്തേക്കുള്ള വഴിയാകെ അടച്ച് പൊലീസ് ഉപരോധാവസ്ഥ സൃഷ്ടിച്ചു. മാധ്യമപ്രവർത്തകർ പ്രക്ഷോഭ സ്ഥലത്ത് എത്തുന്നതിനെ പൊലീസ് തടയുകയാണ്. പ്രക്ഷോഭത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾക്കുമേൽ സർവ്വകലാശാല അധികൃതർ കടുത്ത സമ്മർദ്ദമാണ് ആദ്യ ദിവസംതന്നെ നടത്തിയത്.
തമ്പടിച്ച വിദ്യാർത്ഥികളെ പൊലീസും സർവ്വകലാശാല അധികൃതരും ചേർന്ന് അടിച്ചമർത്താനുള്ള നീക്കം നടത്തുന്നതായി അറിഞ്ഞ ഉടൻതന്നെ മറ്റൊരു ഭാഗത്തുനിന്ന് അഞ്ഞൂറോളം വിദ്യാർത്ഥികൾ പ്രകടനമായി എത്തി. ‘‘പലസ്തീൻ സോളിഡാരിറ്റി എൻകാംപ്‌മെന്റി’’ന് ചുറ്റും സംരക്ഷണ വലയം തീർത്തു. അടുത്ത ദിവസമായപ്പോൾ വിദ്യാർഥികളെ സർവ്വകലാശാല അധികൃതരുടെ നിർദ്ദേശപ്രകാരം ന്യൂയോർക്ക് പോലീസ് കൂട്ടത്തോടെ അറസ്റ്റുചെയ്യാൻ ആരംഭിച്ചു. ഒരുവശത്തുനിന്ന് പൊലീസ് കൂട്ടഅറസ്റ്റ് ആരംഭിച്ചപ്പോൾ മറുവശത്ത് നിന്ന് ആയിരത്തിലേറെ വിദ്യാർഥികൾ പ്രകടനവുമായെത്തി. ഒടുവിൽ അന്നുതന്നെ വിദ്യാർത്ഥികളെ മോചിപ്പിക്കാൻ പൊലീസ് നിർബന്ധിതമായി.
എന്നാൽ, അടുത്തദിവസം, ഏപ്രിൽ 19ന് കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഭാഗമായ ബർണാഡ് വിമൻസ് കോളേജിലെ ചില വിദ്യാർത്ഥിനികൾ രാവിലെ ഉണർന്നത് തങ്ങളെ സസ്പെൻഡ് ചെയ്തുകൊണ്ട് ഇമെയിലിൽ വന്ന സന്ദേശം കണ്ടു കൊണ്ടാണ്. വിദ്യാർത്ഥികൾ എന്ന നിലയിലുള്ള അവരുടെ ഐഡി ഉപയോഗിക്കാൻ കഴിയാതെയാക്കുകയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയുമാണ് ഈ നടപടിയിലൂടെ അധികൃതർ ചെയ്തത്. പക്ഷേ ഇതൊന്നും തന്നെ വിദ്യാർഥികളുടെ സമരവീര്യം തകർത്തില്ല.
നാഷണൽ ഗാർഡ് എന്ന അർദ്ധസൈനിക വിഭാഗത്തെ ക്യാമ്പസിനുള്ളിലേക്ക് വിളിച്ച് വിദ്യാർത്ഥി പ്രക്ഷോഭത്തെ അടിച്ചമർത്തുമെന്ന ഭീഷണിയെയും അവഗണിച്ചാണ് വിദ്യാർത്ഥികൾ പ്രക്ഷോഭം തുടർന്നത്. ഏപ്രിൽ 29ന്, അന്ന് ഉച്ചയ്ക്കുശേഷം രണ്ടുമണിക്കകം പിരിഞ്ഞു പോകണമെന്നും ഇല്ലെങ്കിൽ ക്യാമ്പ് പൊളിക്കുകയും വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്യുമെന്ന് അന്ത്യശാസനം വന്നതിനെ തുടർന്ന് സമരത്തിന്റെ രൂപംതന്നെ മാറി. അധ്യാപകരും ജീവനക്കാരും ക്യാമ്പിനുചുറ്റും അണിനിരന്ന് മനുഷ്യച്ചങ്ങല തീർത്തു. വൻതോതിൽ വിദ്യാർഥികൾ അണിനിരക്കുകയും അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ സമൂഹത്തിൽ നിന്നാകെ ശക്തമായ പിന്തുണ അവർക്ക് ലഭിക്കുകയും ചെയ്തതോടെ അധികൃതരുടെ അന്ത്യശാസനം തള്ളി സമരവുമായി വിദ്യാർത്ഥികൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.
പൊലീസിന്റെയും അധികൃതരുടെയും ഭാഗത്തുനിന്നു മാത്രമല്ല, സിയോണിസ്റ്റ് തീവ്രവാദ സംഘങ്ങളും സംഘടിതരായി എത്തി വിദ്യാർഥികളെ ആക്രമിക്കുന്നുണ്ട്. പതിയിരുന്ന് വെടിവയ്ക്കുന്ന വാടക കൊലയാളികളെയടക്കം നേരിട്ടാണ് കൊളംബിയയിലെ മാത്രമല്ല മറ്റു സർവ്വകലാശാലകളിലെയും വിദ്യാർത്ഥികൾ സമരരംഗത്ത് ഉറച്ചുനിൽക്കുന്നത്.
ബോസ്റ്റണിലെ നോർത്ത്ഈസ്റ്റേൺ സർവ്വകലാശാലയിലെ പലസ്തീൻ ഐക്യദാർഢ്യ എൻകാംപുമെന്റിനെ വലിയൊരു സംഘം ബോസ്റ്റൺ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചു. ഹെൽമെറ്റുകളും കൈവിലങ്ങുകളും കൊണ്ടാണ് പൊലീസ് സംഘം വിദ്യാർത്ഥികളെ നേരിട്ടത്. എന്നാൽ വിദ്യാർത്ഥികൾ ഒരു ചെറിയ വൃത്തമായി പരസ്പരം കൈകോർത്തുപിടിച്ച് ഉറച്ചുനിന്നു. 20 മിനിറ്റോളം ആ നില തുടർന്നു; ഒടുവിൽ ആ കൂട്ടായ്മയ്ക്ക് മുന്നിൽ ഒന്നും ചെയ്യാനാകാതെ പൊലീസ് സംഘം പിന്തിരിഞ്ഞു.
ക്യാമ്പസുകൾ തമ്മിൽ തമ്മിലും ക്യാമ്പസുകൾക്ക് പുറത്തുള്ളവരുമായും പ്രക്ഷോഭകാരികളായ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തുന്നുണ്ട്. ബെർക്കിലി കോളേജ് ഓഫ് മ്യൂസിക്കിലെ വിദ്യാർത്ഥികൾ മാർച്ചുചെയ്ത് നോർത്ത്ഈസ്റ്റേൺ ക്യാമ്പസിൽ കടന്നു. നോർത്ത്ഈസ്റ്റേൺ ക്യാമ്പ് ആക്രമിച് പിരിച്ചുവിടാൻ പറ്റാതെ പിൻവാങ്ങിയ ബോസ്റ്റൺ പൊലീസ് നോർത്ത്ഈസ്റ്റേൺ പൊലീസുമായും മസാച്ചുസെറ്റ് സായുധ പോലീസുമായും ചേർന്ന് നോർത്ത്ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ഐഡി പ്രൂഫ് ഇല്ലാതിരുന്ന 100 പേരെ തടവിലാക്കി. ക്യാമ്പ് ഉപകരണങ്ങൾ പൊളിച്ച് ട്രക്കിൽ കയറ്റി കൊണ്ടുപോയി. എന്നിട്ടും വിദ്യാർത്ഥികൾ പാറപോലെ ക്യാമ്പ് സ്ഥാപിച്ചിരുന്ന സ്ഥലത്തുതന്നെ ഉറച്ചുനിന്നു. നോർത്ത്ഈസ്റ്റേൺ സർവ്വകലാശാലയ്ക്ക് ആയുധ വ്യവസായവുമായി, പ്രത്യേകിച്ച് ഈ രംഗത്തെ കുത്തകയായ റായ്ത്തിയോണുമായി ദീർഘകാല ബന്ധമുണ്ട്. അതാണ് വിദ്യാർത്ഥികളെ ചൊടിപ്പിക്കുന്നത്. അത്തരം ബന്ധങ്ങൾ അവസാനിപ്പിക്കുംവരെ സമരം തുടരുമെന്ന നിലപാടിൽ അവർ ഉറച്ചുനിൽക്കുന്നു. ♦