Wednesday, December 4, 2024

ad

Homeകവര്‍സ്റ്റോറിവംശഹത്യക്കെതിരെ 
യേൽ സർവകലാശാല

വംശഹത്യക്കെതിരെ 
യേൽ സർവകലാശാല

അഖിൽ എം എസ്

സ്രയേൽ നടത്തുന്ന വംശഹത്യക്ക് എതിരെ ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉയരുകയാണ്. അതിന് കരുത്തു പകരുന്ന വിദ്യാർത്ഥി മുന്നേറ്റമാണ് അമേരിക്കൻ സവകലാശാലകളിൽ ഇക്കഴിഞ്ഞ ആഴ്ചകളായി ഉയർന്നു വരുന്നത്.ഏപ്രിൽ 17നാണ് സംഭവങ്ങളുടെ തുടക്കം. കൊളംബിയ യൂണിവേഴ്‌സിറ്റിയിലാണ് ആദ്യം പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾക്ക് നേരെ പോലീസ് നടപടിയുണ്ടായത്. വിദ്യാർത്ഥികളെ അടിച്ചമർത്താൻ ഗവൺമെന്റിന്റെ പിന്തുണയോടെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ അമേരിക്കയിലെ പ്രധാന സർവകലാശാലകൾ മുഴുവൻ രംഗത്തു വന്നു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി, യേൽ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രധാന കലാലയ കേന്ദ്രങ്ങൾ എല്ലാം തന്നെ കൊളംബിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. സമരം ആരംഭിച്ച ആദ്യ ആഴ്ചകളിൽ തന്നെ 500ലധികം വിദ്യാർഥികൾ അറസ്റ്റ് ചെയ്യപ്പെട്ടു. അമേരിക്ക അവകാശപ്പെടുന്ന ലിബറൽ ജനാധിപത്യ അവകാശങ്ങൾ പൊള്ളയാണ് എന്നതാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ അടിച്ചമർത്തുക വഴി അമേരിക്കൻ ഭരണകൂടം തളിയിച്ചുകൊണ്ടിരിക്കുന്നത്. ഭരണ ഘടന പരിരക്ഷ നൽകുന്നു എന്ന് അവകാശപ്പെടുന്ന അമേരിക്ക വിദ്യാർത്ഥികളുടെ ആശയ പ്രകടന സ്വാതന്ത്ര്യം നിഷേധിക്കുക വഴി ഇസ്രയേൽ നടത്തുന്ന വംശീയ ഉന്മൂലനത്തെ ശക്തമായി പിന്തുണകയ്ക്കുകയാണ്. പതിനായിരക്കണക്കിന് കുട്ടികളാണ് പലസ്തീൻ പ്രദേശങ്ങളിൽ കൊല ചെയ്യപ്പെടുന്നത്. വിയറ്റ്‌നാം യുദ്ധകാലത്തിനു ശേഷം ആദ്യമായാണ് അമേരിക്കൻ യുവത തെരുവിൽ ഭരണകൂട നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയത്.

സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ ഇസ്രയലുമായി അമേരിക്കൻ സർക്കാരിനുള്ള അക്കാദമിക /ഗവേഷണ കരാറുകളിൽ നിന്നും പിൻവാങ്ങുക എന്നതാണ്. ഇതു സംബന്ധിച്ച പ്രമേയങ്ങൾ വിവിധ കലാലയങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. ആയുധ നിർമ്മാണ കമ്പനികളുമായുള്ള ഇടപാടുകളും, സൈനിക പ്രോജക്ടുകളുമായി ബന്ധപ്പെട്ട റിസർച്ച് ഫണ്ടുകളും നിർത്തലാക്കുക എന്നതടക്കമുള്ള ആവശ്യങ്ങൾ കാമ്പസുകളിൽ ഉയരുകയാണ്.കഴിഞ്ഞ ഒക്ടോബർ മുതൽ ഇസ്രയേലിന്റെ വംശീയ ഉന്മൂലന ലക്ഷ്യങ്ങൾക്കുവേണ്ടി അമേരിക്ക ആയുധ കയറ്റുമതിയും കോടിക്കണക്കിന് ഡോളറിന്റെ സഹായവുമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ കാലാ കാലങ്ങളായി തങ്ങളുടെ ഗവൺമെന്റ് മറ്റ് രാജ്യങ്ങളുടെ മേൽ ചെയ്തു കൊണ്ടിരിക്കുന്ന മനുഷ്യത്വ വിരുദ്ധമായ ചെയ്തികൾക്ക് എതിരെ ശക്തമായ വികാരം ഉയർന്നു വരുന്നു എന്നതിന്റെ സൂചനയാണ് സർവകലാശാലകളിൽ സമരം ശക്തമാകുന്നത്.

അമേരിക്കയിലുടനീളം , കൊളംബിയ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സ്റ്റാൻഫോർഡ്, എമോറി, സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി, വാൻഡർബിൽറ്റ്, യേൽ തുടങ്ങിയ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലധികം യൂണിവേഴ്സിറ്റി കാമ്പസുകളിൽ വിദ്യാർത്ഥികൾ ഗാസ ഐക്യദാർഢ്യ ക്യാമ്പുകൾ നിർമ്മിച്ചിട്ടുണ്ട് . വിദ്യാർത്ഥികൾ വിവിധ പ്രാദേശിക കാമ്പസ് ഗ്രൂപ്പുകളുടെയും ദേശീയ സംഘടനകളുടെയും ഭാഗമാണ്, അവരിൽ സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ പാലസ്തീൻ, പലസ്തീൻ യൂത്ത് മൂവ്മെന്റ്, ജൂത വോയ്സ് ഫോർ പീസ്, കോഡ്പിങ്ക്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക, പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ എന്നീ സംഘടകളിൽ നിന്നുള്ളവരും പ്രവർത്തിക്കുന്നുണ്ട്.

കണക്റ്റികട്ടിലെ ന്യൂ ഹേവനിൽ സ്ഥിതി ചെയ്യുന്ന 1701ൽ സ്ഥാപിക്കപ്പെട്ട യേൽ സർ സർവകലാശാല അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന് മുൻപ് സ്ഥാപിക്കപ്പെട്ട കോളേജുകളിൽ ഒന്നാണ്.വർണ്ണ വിവേചന കാലത്തും, വിയറ്റ്‌നാം യുദ്ധകാലത്തും ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് സാക്ഷിയാണ് യേൽ യൂണിവേഴ്‌സിറ്റി. സൈനിക ആയുധ നിർമ്മാണ കമ്പനികളുമായുള്ള ഗവേഷണ പ്രോജക്ടുകളിൽ നിന്നും വിട്ടു നിൽക്കണമെന്ന ആവശ്യം മുൻനിർത്തിയാണ് യേൽ കാമ്പസിൽ ആദ്യം പ്രതിഷേധങ്ങൾ ആരംഭിച്ചത്. കാമ്പസിന് പുറത്തെ ഗതാഗതം തടഞ്ഞു പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി നേരിട്ടു.45ഓളം വിദ്യാർത്ഥികളെയാണ് ആദ്യ ദിവസം അറസ്റ്റ് ചെയ്തത്. തുടർന്ന് സർവകലാശാലയുടെ ഭാഗത്ത് നിന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കുനേരെ ഭീഷണിമുഴക്കി. വിദ്യാർഥികൾ കയ്യേറിയ ചത്വരം ഒഴിഞ്ഞില്ലെങ്കിൽ അനന്തര നടപടികൾ ഉണ്ടാകും എന്നായിരുന്നു അത്. തുടർന്ന് വിദ്യാർത്ഥികൾക്കു നേരെ പൊലീസ് നടപടി ഉണ്ടായി. വിദ്യാർഥികൾ സ്ഥാപിച്ചിരുന്ന ടെന്റുകൾ അടക്കമുള്ളവ പൊളിച്ചു നീക്കാനുള്ള ശ്രമമായിരുന്നു പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

സമാധാനപരമായി സമരം നയിച്ചുകൊണ്ടിരുന്ന പ്രതിഷേധാക്കാർക്ക് ഇടയിലേക്കാണ് പൊലീസിന്റെ അതിക്രമം ഉണ്ടായതെന്ന് സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ പറയുന്നു. ജൂത വിദ്യാർത്ഥികളെ പ്രതിഷേധക്കാർ ആക്രമിച്ചു എന്നുള്ള വ്യാജ വാർത്തകൾ യേൽ കാമ്പസിൽ പ്രചരിപ്പിക്കുന്നത് പ്രതിഷേധാത്തെ അട്ടിമറിക്കാനുള്ള പൊലീസിന്റെ തന്ത്രമാണ് എന്ന് അവർ പറയുന്നു.

Yalies4Palestine പുറത്തിറക്കിയ പ്രസ്താവനയിൽ, “രാഷ്ട്രീയ നിഷ്പക്ഷതയുടെ മറവിൽ’ യേൽ, ഇസ്രയേൽ ഗവൺമെന്റ് നടത്തിയ അനീതികളെ അംഗീകരിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു.

ഇസ്രയേൽ സൈന്യത്തിന് അമേരിക്ക നൽകിയ ആയുധങ്ങൾ നിർമ്മിച്ചതിലൂടെ പ്രതിരോധ കരാറുകാരിലെ നിക്ഷേപത്തിലൂടെ യേൽ യൂണിവേഴ്സിറ്റി ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ പങ്കാളികളായി എന്നും വിദ്യാർഥികൾ പ്രഖ്യാപിച്ചു.

ഇതുവരെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഇസ്രയേൽ ഏകദേശം 34,100 പലസ്തീൻകാരെയാണ് കൊന്നൊടുക്കിയത്, അതേസമയം ഗാസയിൽ നിന്ന് ഏകദേശം 1.93 ലക്ഷം പലസ്തീൻകാർ പലായനം ചെയ്തതായാണ് പലസ്തീനിലെ ആരോഗ്യ മന്ത്രാലയം പറയുന്നത്.ഇതിനായി ഉപയോഗിച്ച ആയുധങ്ങൾ മിക്കതും അമേരിക്കൻ സഹകരണത്തിലൂടെ ഇസ്രയേൽ നേടിയെടുത്തതായിരുന്നു. യേൽ യൂണിവേഴ്‌സിറ്റിക്കുതന്നെ ഇസ്രയേൽ ആയുധ കമ്പനികളിൽ വലിയ നിക്ഷേപം ഉണ്ട്.സൈനിക ആയുധ നിർമ്മാതാക്കളിൽ യേലിന്റെ നിക്ഷേപത്തെ എതിർക്കുന്നതിനും യേലിന്റെ എൻഡോവ്‌മെന്റുകളിൽ സുതാര്യത ആവശ്യപ്പെട്ടും ഒരു ഡസനിലധികം ബിരുദ വിദ്യാർത്ഥികൾ എട്ട് ദിവസത്തെ നിരാഹാര സമരം ആരംഭിച്ചപ്പോൾ ഏപ്രിൽ 12 ന് യേലിലെ പ്രതിഷേധങ്ങൾക്ക് കനംവെച്ചിരുന്നു.തുടർന്നാണ് ഏപ്രിൽ 15ന് സമാധാനപരമായ സമരരീതികളുമായി യേൽ വിദ്യാർഥികൾ ബേയ്നെക്കെ ചത്വരത്തിൽ ഒത്തുകൂടിയത്.പുസ്തക അലമാരകൾ, കലാ സൃഷ്ടികൾ എന്നിവയെല്ലാം പലസ്തീനിൽ കൊല്ലപ്പെട്ട സാധാരണ മനുഷ്യർക്കും അക്കാദമിക /കലാ /സാഹിത്യ മേഖലയിൽ നിന്നുള്ളവർക്കും ആദരം അർപ്പിക്കുന്നതരത്തിൽ അവർ തയ്യാറാക്കിയിരുന്നു.ഏപ്രിൽ 19ന് അധികാരികളുടെ തിരക്കിട്ട നീക്കങ്ങൾ നടക്കുന്ന സമയം വിദ്യാർഥികൾ വീണ്ടും പ്രതിഷേധം ശക്തമാക്കി. ഏകദേശം ഇരുന്നൂറോളം വിദ്യാർഥികൾ അടങ്ങുന്ന സംഘം തങ്ങളുടെ സംഘത്തിന് തമ്പടിക്കാനുള്ള ടെന്റുകൾ വളരെ വേഗം തയ്യാറാക്കി. വിദ്യാർത്ഥികൾക്ക് ജന പിന്തുണ ഏറിവന്ന ഘട്ടത്തിലാണ് പൊലീസ് അതിക്രമം ഉണ്ടായതും വിദ്യാർഥികൾ അറസ്റ്റ് ചെയ്യപ്പെട്ടതും. എന്തുതന്നെയായാലും വിദ്യാർഥി പ്രക്ഷോഭങ്ങളുടെ ദീർഘകാല പാരമ്പര്യമുള്ള യേൽ സർവകലാശാലയിലും അമേരിക്കയിലെയും ലോകത്തോട്ടാകെയുമുള്ള അനേകം സർവകലാശാലകളിലും ഉയരുന്ന പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യം സാമ്രാജ്യത്വ അധിനിവേശ ശക്തികൾക്ക് എതിരെയുള്ള താക്കീതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × four =

Most Popular