‘‘ഏതൊരു സംഘര്‍ഷത്തിലും ചരിത്രം അന്തര്‍ലീനമാണ്. ഭൂതകാലത്തെ കുറിച്ചുള്ള സത്യസന്ധവും നിഷ്പക്ഷവുമായ ധാരണ സമാധാനത്തിനുള്ള സാധ്യത തുറന്നുതരും. ഇതിന് വിരുദ്ധമായി, ചരിത്രത്തിന്റെ അപഭ്രംശം അല്ലെങ്കില്‍ ചരിത്രത്തിന്റെ വളച്ചൊടിക്കൽ ദുരന്തം വിതയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂ’’.
ഇലാൻ പെപ്പെയുടെ ഈ വാക്കുകൾ ഏതു രാജ്യത്തിനെ കുറിച്ചുള്ള പരാമർശമാണിത് എന്ന സംശയം ഒരു നിമിഷം നമ്മിൽ ഉണ്ടാക്കും. കാരണം വർത്തമാനകാല ഹൈന്ദവ രാഷ്ട്രീയത്തിനനുഗുണമായ രീതിയിൽ ഇന്ത്യ ചരിത്രത്തെ സംഘപരിവാർ വളച്ചൊടിക്കാൻ ശ്രമിക്കുന്നതിനു സമാനമായ അതേ രീതിയിലാണ് പലസ്തീന്റെ ചരിത്രത്തെ ഇസ്രയേൽ നിർമിച്ചെടുക്കാൻ ശ്രമിക്കുന്നത്.
പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തി വരുന്ന നിരന്തര അധിനിവേശങ്ങളുടെ ഒടുവിൽ ലോക ഭൂപടത്തിൽ നിന്നും പലസ്തീൻ എന്ന നാമം തന്നെ തുടച്ചു മാറ്റപ്പെടുന്ന സ്ഥിതിയാണ് ഇന്ന് നിലവിലുള്ളത്. ആധുനിക കാലത്തെ ഏറ്റവും ക്രൂരമായ നരവേട്ടകളും പീഡനങ്ങളും അരങ്ങേറുന്ന പശ്ചിമേഷ്യയിൽ, ഏറ്റവുമൊടുവിലത്തെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 30,000 കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇന്ന് പലസ്തീൻ പ്രശ്നത്തെ സംബന്ധിച്ച മുഖ്യധാരാ ആഖ്യാനങ്ങളിൽ വലിയ പരിണാമമാണ് പൊതുവെ സംജാതമായിരിക്കുന്നത്. നുണകൾക്കുമേൽ നുണകൾ കൊണ്ട് നിർമിച്ച ആഖ്യാനങ്ങൾ കൊണ്ട് ഇസ്രയേൽ നടത്തുന്ന വംശഹത്യകളെ ന്യായീകരിക്കുന്നതിൽ ഇന്ന് മുഖ്യധാരാ മാധ്യമങ്ങളെല്ലാം മുൻപന്തിയിലാണ്.
സ്വാതന്ത്ര്യാനന്തര ഭാരതം അതിന്റെ ചരിത്രത്തിലാദ്യമായി ഇസ്രയേൽ അധിനിവേശങ്ങളെ ന്യായീകരിക്കുന്ന സ്ഥിതിയിലേക്ക് തന്നെ കാര്യങ്ങൾ എത്തിയിരിക്കുന്നു.
ഈ സത്യാനന്തര കാലത്ത് എന്താണ് പലസ്തീൻ പ്രശ്‌നമെന്ന് ആധികാരികമായി നാം വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു.ഇസ്രയേൽ നടത്തുന്ന ആക്രമണാത്മക അധിനിവേശത്തെ സാധൂകരിക്കുവാൻ പ്രചരിക്കപ്പെടുന്ന നുണക്കഥകളുടെ പൊള്ളത്തരമാണ് ‘ഇസ്രയേൽ മിത്തും യാഥാർത്ഥ്യവും’ എന്ന പുസ്തകത്തിലൂടെ ഇലാൻ പപ്പേ വരച്ചുകാട്ടുവാൻ ശ്രമിക്കുന്നത്. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതരിലൊരാളായി കരുതപ്പെടുന്നയാളാണ് ഇലാൻ പപ്പേ. നോം ചോംസ്കിയുമായി ചേർന്ന് പലസ്തീൻ പ്രശ്നത്തെകുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളും ഏറെ പ്രസിദ്ധമാണ്. ഇസ്രയേൽ നടത്തിയ പലസ്തീൻ അധിനിവേശത്തെ ന്യായീകരിക്കുവാനായി നടത്തുന്ന പ്രചാരണങ്ങളുടെ പൊള്ളത്തരം വളരെ ലളിതമായ രീതിയിൽ ഇലാൻ പപ്പേ ഈ പുസ്തകത്തിലൂടെ തുറന്നു കാട്ടുന്നു.
മൂന്നു ഭാഗങ്ങളായിട്ടാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.ഭൂതകാലത്തെ സംബന്ധിച്ച അബദ്ധ ധാരണകളെ അനാവരണം ചെയ്യലാണ് ഒന്നാമത്തെ ഭാഗത്തിൽ. പലസ്തീൻ ഒരു വിജനപ്രദേശമായിരുന്നുവെന്നും യഹൂദർ ദേശമില്ലാത്ത ജനതയായിരുന്നുവെന്നും മറ്റുമുള്ള ആഖ്യാനങ്ങൾ എത്തിനിൽക്കുന്നത് സയണിസം ഒരു കോളനി വൽക്കരണ പ്രസ്ഥാനമല്ല എന്നിടത്താണ്.ഈ പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുകയാണ് ആദ്യഭാഗത്തിൽ.
വർത്തമാനകാലത്തെ തെറ്റിദ്ധാരണകളാണ് രണ്ടാം ഭാഗത്തിൽ.പശ്ചിമേഷ്യയിലെ ഏക ജനാധിപത്യരാജ്യമാണ് ഇസ്രയേൽ തുടങ്ങിയ ആഖ്യാനങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ പപ്പേ കൈകാര്യം ചെയ്യുന്നത്. പ്രശ്നപരിഹാര സാധ്യതകൾ തേടലാണ് അവസാന ഭാഗത്തിൽ.
പലസ്തീന്റെയും ഇസ്രയേലിന്റെയും ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കുറിച്ചുള്ള നിര്‍മ്മിത അബദ്ധാഭിപ്രായങ്ങള്‍, സംഘര്‍ഷത്തിന്റെ ഉത്ഭവത്തെ കുറിച്ച് മനസിലാക്കുന്നതില്‍ നിന്നും നമ്മെ തടയുന്നു. അതേസമയം തന്നെ, പ്രസക്തമായ വസ്തുതകളുടെ സ്ഥിരമായ വളച്ചൊടിയ്ക്കല്‍, തുടര്‍ന്നുകൊണ്ടിരിയ്ക്കുന്ന കലാപത്തിലും രക്തച്ചൊരിച്ചിലിലും ഇരകളാവുന്നവരുടെ താല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു. തര്‍ക്കഭൂമി എങ്ങനെയാണ് ഇസ്രയേല്‍ രാജ്യമായത് എന്നതിനെ കുറിച്ചുള്ള സയണിസ്റ്റുകളുടെ ചരിത്രപരമായ രേഖപ്പെടുത്തലുകള്‍, ആ ഭൂമിയിലുള്ള പലസ്തിനികളുടെ ധാര്‍മിക അവകാശത്തിനുമേല്‍ ഗൂഢമായി സംശയങ്ങള്‍ വിതയ്ക്കുന്ന തരത്തിലുള്ള ഒരു കൂട്ടം ഐതീഹ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. കഴിഞ്ഞ അറുപതിലേറെ വര്‍ഷങ്ങളായി, മിക്കപ്പോഴും, ഐതിഹ്യങ്ങളുടെ ഈ ഗണത്തെ ലഭ്യമായ സത്യമായും ഇസ്രയേലി ആക്രമണങ്ങള്‍ക്കുള്ള ന്യായീകരണമായും പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ വരേണ്യരും സ്വീകരിയ്ക്കുന്നു. മിക്കപ്പോഴും, ആ രാജ്യം സ്ഥാപിതമായത് മുതല്‍ തുടര്‍ന്നുകൊണ്ടിരിയ്ക്കുന്ന സംഘര്‍ഷത്തില്‍ അര്‍ത്ഥപൂര്‍ണമായി ഇടപെടുന്നതിലുള്ള പാശ്ചാത്യ സര്‍ക്കാരുകളുടെ വൈമുഖ്യത്തിനുള്ള വിശദീകരണമായി ഈ ഐതിഹ്യങ്ങളുടെ അന്ധമായ സ്വീകരണം മാറുന്നു.
അവിതര്‍ക്കിത യാഥാര്‍ത്ഥ്യങ്ങളായി പൊതുമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ ഐതിഹ്യങ്ങളെ ഈ പുസ്തകം വെല്ലുവിളിയ്ക്കുന്നു. പൊതുകല്‍പ്പനകള്‍ക്ക് നേരെ ചരിത്രയാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിയ്ക്കുക എന്നതാണ് ഈ പുസ്തകത്തിലുടനീളം പുലര്‍ത്തുന്ന പൊതുസമീപനം. ഓരോ ഐതിഹ്യത്തെയും ചരിത്രയാഥാര്‍ത്ഥ്യത്തിന് സമാന്തരമായി പ്രതിഷ്ഠിയ്ക്കുക വഴി, സമകാലികന ചരിത്രഗവേഷണത്തിന്റെ പരിശോധനയിലൂടെ പ്രാബല്യം ചെലുത്തുന്ന ആഖ്യാനങ്ങളുടെ ദൗര്‍ബല്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഓരോ അദ്ധ്യായവും ചെയ്യുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് സയണിസം എത്തിച്ചേരുന്നതിനു തൊട്ടുമുമ്പുള്ള പലസ്തീനെയാണ് ആദ്യ അദ്ധ്യായത്തില്‍ വരച്ചുകാട്ടുന്നത്. സയണിസത്തിന്റെ ആഗമനത്തോടെ മാത്രം കൃഷി ആരംഭിക്കപ്പെട്ട ശൂന്യവും വരണ്ടതും മരുസമാനവുമായ ഒരു പലസ്തീന്റെ ചിത്രമാണ് ആദ്യ ഐതിഹ്യത്തിലുള്ളത്. ആധുനികവല്‍ക്കരണത്തിന്റെയും ദേശസാല്‍ക്കരണത്തിന്റെയും ഒരു ദ്രുതപ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരുന്ന സമ്പന്നമായ ഒരു പ്രാഗ് സമൂഹത്തെയാണ് ഇതിന്റെ മറുവാദം വെളിച്ചത്ത് കൊണ്ടുവരുന്നത്.
രണ്ടാം അദ്ധ്യായത്തിന്റെ വിഷയമായ ജനതയില്ലാത്ത ദേശം എന്ന പ്രസിദ്ധമായ കെട്ടുകഥയിലാണ് ജനതയില്ലാത്ത ഭൂമി എന്ന പലസ്തീനെ കുറിച്ചുള്ള ഐതിഹ്യം ബന്ധിപ്പിക്കപ്പെട്ടിരിയ്ക്കുന്നത്. തങ്ങളുടെ ‘മാതൃദേശത്തേക്ക്’ ഉള്ള ‘മടക്കത്തില്‍’ സാധ്യമായ എല്ലാ പിന്തുണയും അര്‍ഹിയ്ക്കുന്ന ജൂതര്‍ തന്നെയാണോ പലസ്തീനിലെ ആദിമനിവാസികള്‍? ക്രിസ്തുവര്‍ഷം 70ല്‍ റോമാക്കാര്‍ ആട്ടിയോടിച്ച ജൂതന്മാരുടെ പിന്‍മുറക്കാരാണ് 1882ല്‍ മടങ്ങിയെത്തിയ ജൂതന്മാര്‍ എന്നാണ് ഈ ഐതിഹ്യം ശാഠ്യം പിടിയ്ക്കുന്നത്. ഈ വംശപാരമ്പര്യ ചരിത്രത്തെയാണ് പപ്പേ ചോദ്യം ചെയ്യുന്നത്. റോമാക്കാരുടെ അധീനതയിലുണ്ടായിരുന്ന ജൂതര്‍ ആ മണ്ണില്‍ തന്നെ തുടര്‍ന്നുവെന്നും ആദ്യം അവര്‍ ക്രിസ്തുമതത്തിലേക്കും പിന്നീട് ഇസ്ലാമിലേക്കും പരിവര്‍ത്തനം ചെയ്തുവെന്നും തികച്ചും പ്രബലമായ വൈജ്ഞാനിക ഉദ്യമങ്ങള്‍ തെളിയിയ്ക്കുന്നത് ഇവിടെ വരച്ചു കാട്ടുന്നു.
കോളനിവല്‍ക്കരണവും സയണിസവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന അവകാശവാദവുമായി ബന്ധപ്പെട്ടതാണ് നാലാം അദ്ധ്യായം. ഒരു സ്വതന്ത്ര ദേശീയ വിമോചന പ്രസ്ഥാനമാണ് സയണിസം എന്ന് ഐതിഹ്യം പറയുന്നു. എന്നാല്‍ തെക്കേ ആഫ്രിക്ക, അമേരിക്കകള്‍, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ കണ്ടതിന് സമാനമായ ഒരു കോളനീകരണം, തീര്‍ച്ചയായും കുടിയേറ്റ കോളനീകരണ, പദ്ധതിയാണിത് എന്ന് പപ്പേ വ്യക്തമാക്കുന്നു.
1948 കളിൽ പ്രചുരപ്രചാരം നേടിയ ഐതിഹ്യങ്ങള്‍ പുനര്‍സന്ദര്‍ശിയ്ക്കുകയാണ് അദ്ധ്യായം അഞ്ചില്‍. പ്രത്യേകിച്ചും പലസ്തീൻകാർ സ്വന്തം നിലയില്‍ മാതൃഭൂമി ഉപേക്ഷിയ്ക്കുകയായിരുന്നു എന്ന അവകാശവാദത്തെ പ്രൊഫഷണല്‍ ചരിത്രരചനകള്‍ എങ്ങനെ വിജയകരമായി പൊളിച്ചടുക്കി എന്ന് വായനക്കാരെ ഓര്‍മ്മിപ്പിയ്ക്കാന്‍ പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്നു. 1948ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഐതിഹ്യങ്ങളും ഈ അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
ഇസ്രയേലിനു മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതും അതിനാല്‍ തന്നെ ‘മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത’ തുമായിരുന്നോ 1967ലെ യുദ്ധം എന്ന് പരിശോധിയ്ക്കുകയാണ് ചരിത്രവിഭാഗത്തിലെ അവസാനത്തെ അദ്ധ്യായം.
തന്റെ വാദമുഖങ്ങളെ ഇലാൻ പപ്പേ ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്:
“ഇസ്രയേല്‍- പലസ്തീന്‍ പ്രശ്‌നം എന്ന നിത്യഹരിത വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ എത്തിപ്പെടുന്ന ഏതൊരാളിലേക്കും അടിസ്ഥാനപരമായി എത്തുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതൊരു സമതുലിത പുസ്തകമല്ല; പലസ്തീന്‍, ഇസ്രയേല്‍ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരും കോളനിവല്‍ക്കരിക്കപ്പെട്ടവരും അധിനിവേശത്തിന് ഇരയാക്കപ്പെട്ടവരുമായ പലസ്തീൻകാർക്കുവേണ്ടി അധികാര സന്തുലനം പുനഃസ്ഥാപിയ്ക്കുന്നതിനുവേണ്ടിയുള്ള മറ്റൊരു ശ്രമമാണിത്. ഈ പുസ്തകത്തില്‍ ഉയര്‍ത്തുന്ന വാദങ്ങളില്‍ പങ്കെടുക്കുന്നതിന് സയണിസത്തിന്റെ വക്താക്കള്‍ അല്ലെങ്കില്‍ ഇസ്രയേലിന്റെ വിശ്വസ്ത അനുയായികള്‍ തയ്യാറാവുകയാണെങ്കില്‍ അതൊരു അധിക അംഗീകാരമായിരിക്കും. ഒന്നുമല്ലെങ്കിലും പലസ്തീൻ സമൂഹത്തെ പോലെ സ്വന്തം സമൂഹത്തെ കുറിച്ചും വ്യാകുലപ്പെടുന്ന ഒരു ഇസ്രയേലി ജൂതനാണ് ഈ പുസ്തകം എഴുതിയിരിയ്ക്കുന്നത്. അനീതി കുടികൊള്ളുന്ന ഐതിഹ്യങ്ങളെ ഖണ്ഡിക്കുന്നത് ഈ രാജ്യത്ത് ജീവിയ്ക്കുന്ന അല്ലെങ്കില്‍ ജീവിയ്ക്കാനാഗ്രഹിയ്ക്കുന്ന എല്ലാവര്‍ക്കും ഗുണപ്രദമാകും. നിലവില്‍ ഒരു വരേണ്യ സംഘത്തിനു മാത്രം പ്രാപ്യമായ മഹത്തായ നേട്ടങ്ങള്‍ ഇവിടെ അധിവസിയ്ക്കുന്ന എല്ലാവര്‍ക്കും അനുഭവിയ്ക്കാനുള്ള അടിത്തറയായി അതുമാറും’’. ♦