ഉന്നമനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച മുദ്രവാക്യമാണ് ‘നാരീശക്തി’. യഥാർത്ഥ‘രാഷ്ട്ര ശക്തി’യെ പ്രതിഫലിപ്പിക്കുന്ന നവ ഇന്ത്യയുടെ മുഖമാണ് ‘നാരീശക്തി’ എന്നാണ് മോദിയും അദ്ദേഹത്തിന്റെ വക്താക്കളും പറഞ്ഞുവന്നത്. എന്നാൽ മോദിയുടെ ‘നാരീശക്തി’യുടെ ശരിയായ മുഖം ഇന്ന് കൂടുതൽ അനാവരണം ചെയ്യപ്പെട്ടു. ഗുജറാത്ത് വംശഹത്യയിൽ സ്‌ത്രീവേട്ട നടത്തി ആക്രോശിച്ച മോദിയും കൂട്ടരും കത്വയിലും ഹാഥ്‌റാസിലും അതേ സമീപനം തന്നെ ആവർത്തിച്ചു. ഇന്നിപ്പോഴിതാ പൊതുതിരഞ്ഞെടുപ്പിന്റെ ആരവത്തിനിടെയും സ്‌ത്രീ വേട്ടക്കാരുടെ സംരക്ഷക വേഷമണിയുന്നു മോദിയും ബിജെപിയും.
കർണാടകത്തിൽ 2019ലെ വിജയം ആവർത്തിക്കാൻ ഒപ്പം കൂട്ടിയ ജെഡിഎസിലെ പ്രമുഖൻ പ്രജ്വൽ രേവണ്ണയാണ് ഇന്ന് മോദിയുടെ ഐക്കൺ. ഈ പ്രജ്വൽ ചില്ലറക്കാരനല്ല. രാജ്യംകണ്ട ഏറ്റവും വലിയ ബലാൽസംഗ വീരനാണ്. 300 ഓളം സ്‌ത്രീകളെയാണ് ഈ ‘സെക്‌സ് സൈക്കോ’ വഞ്ചനയിലൂടെയും ഭീഷണിയിലൂടെയും ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങൾ (3000 ത്തോളം ക്ലിപ്പുകൾ) കർണാടകത്തിൽ പറപറക്കുകയാണ്. എന്നാൽ മോദി ഈ കൊടുംകുറ്റവാളിയെ ചേർത്ത് നിർത്തി, മാലയിട്ട് സ്വീകരിച്ചിരിക്കുന്നു. നിലവിൽ ജെഡിഎസ് എംപിയായ പ്രജ്വൽ തന്നെയാണ് സിറ്റിംഗ് സീറ്റായ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥി. ഇയാൾക്കു വേണ്ടി വോട്ട് ചോദിച്ച് എത്തിയവരുടെ കൂട്ടത്തിൽ നാരീശക്തിയുടെ വക്താവായ മോദിയും ഉണ്ട്.
വനിതാ ഗുസ്‌തി താരങ്ങളെ പീഡിപ്പിച്ച ബിജെപി നേതാവും എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺസിങിന്റെ മകന് യുപിയിലെ കൈസർഗഞ്ചിൽ സിറ്റ് ഒപ്പിച്ച് നൽകിയാണ് സ്‌ത്രീകളുടെ ‘സംരക്ഷകനായ’ മോദി കർണാടകയിൽ എത്തിയത്.
കർണാടക സംഭവത്തോടെ മോദിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും സ്‌ത്രീകളോടുള്ള മനോഭാവം കൂടുതൽ വെളിപ്പിട്ടിരിക്കുകയാണ്. ചെളിക്കുണ്ടിലെ അഴുകിയ താമരയാണ് ബിജെപിയുടെ ചിഹ്നമായ താമര. പ്രജ്വൽ രേവണ്ണയെ കെട്ടിപ്പിടിച്ച് വിജയം ആശംസിച്ച മോദിയുടെ കൈയിൽ ഉന്നാവിന്റെയും ഹാഥ്റാസിന്റെയും അടക്കം നിരവധി സ്‌ത്രീകളുടെ രക്തക്കറയുണ്ട്. കൊച്ചുകുഞ്ഞുങ്ങളെ പോലും കൂട്ടമാനഭംഗത്തിനിരയാക്കി കൊന്നു തളളിയ നരാധമൻമാരെ സംരക്ഷിച്ച പാർട്ടിയുടെ നേതാവാണ് മോദി. അത്തരക്കാർക്ക് നിയമ സംരക്ഷണം നൽകിയ ഭരണകൂടത്തിന്റെ നായകനാണ് മോദി. ഗർഭിണിയുടെ വയർ ത്രിശൂലംകൊണ്ട് പിളർത്തി ഗർഭസ്ഥ ശിശുവിനെ ചുട്ടുകൊന്ന ഗുജറാത്ത് വംശഹത്യയുടെ ഉൽപ്പന്നമായ മോദിയിൽനിന്ന് രാജ്യത്തെ സ്‌ത്രീകൾ ഒരു സംരക്ഷണവും പ്രതീക്ഷിക്കേണ്ടതില്ല. മണിപ്പൂരിലെ സ്‌ത്രീകളുടെ വിലാപം കേൾക്കാത്ത ഭരണാധികാരിയാണ് മോദി.
കർണാടക സെക്‌സ് ബോംബ് മറ്റൊരു പാർട്ടിയുമായി ബന്ധപ്പെട്ടതല്ലേ എന്നുപറഞ്ഞ് ഒഴിഞ്ഞുമാറാൻ മോദിക്കോ ബിജെപിക്കോ കഴിയില്ല. പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമം സംബന്ധിച്ച മുഴുവൻ വിവരവും ബിജെപിക്ക് അറിവുള്ളതാണ്. ബിജെപി നേതാവായ ദേവരാജ് ഗൗഡതന്നെയാണ് ഈ കാര്യങ്ങൾ പാർട്ടിയെ അറിയിച്ചത്. പ്രജ്വലിന്റെ ഡ്രൈവറായിരുന്ന കർത്തിക് പീഡന ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ആദ്യം കൈമാറിയത് ദേവരാജ് ഗൗഡയ്ക്കായിരുന്നു. തുടർന്നാണ് അദ്ദേഹം സംഭവം ബിജെപി നേതൃത്വത്തെ രേഖാമൂലം അറിയിച്ചത്. എന്നാൽ ഏതു വിധേനയും ഭരണം നിലനിർത്താനുള്ള വെപ്രാളത്തിൽ കർണാടകത്തിൽ ജെഡിഎസിനെ എൻഡിഎയിൽ എത്തിച്ചു ബിജെപി. ഇതോടെ പ്രജ്വൽ രേവണ്ണ വിഷയം ഒരു വിഭാഗം ബിജെപി നേതാക്കളും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പ്രജ്വലിന്റെ പിതാവും ദേവഗൗഡയുടെ മകനും എംഎൽഎയുമായ എച്ച് ഡി രേവണ്ണക്കെതിരെയും പരാതി ഉയർന്നു. എന്നിട്ടും ജെഡിഎസുമായി ബിജെപി സഖ്യം സ്ഥാപിക്കുകയും മോദിതന്നെ പ്രജ്വലിന് വോട്ടഭ്യർത്ഥിച്ച് എത്തുകയും ചെയ്‌തു. എന്നാൽ ബിജെപിക്ക് അത് ബൂമാറാങ്ങായി. തിരഞ്ഞെടുപ്പിന് തലേ ദിവസം പീഡന ദൃശ്യങ്ങൾ അടങ്ങിയ ആയിരക്കണക്കിന് പെൻഡ്രൈവ് ദൃശ്യങ്ങൾ ഹാസൻ മണ്ഡലത്തിലുടനീളം പ്രചരിച്ചു. ഇരകളായ ഏതാനും സ്‌ത്രീകൾ പൊലീസിൽ പരാതിയും നൽകി. അതോടെ പ്രജ്വലിനും അഛൻ രേവണ്ണക്കുമെതിരെ പൊലീസ് കേസെടുത്തു. അന്വേഷണത്തിന് കർണാടക സർക്കാർ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഇതോടെ, ഹാസൻ ഉൾപ്പെടെയുള്ള മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞ അന്ന് രാത്രി (ഏപ്രിൽ 26) പ്രജ്വൽ ജർമനിയിലേക്ക് കടന്നു. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് ഞൊടിയിടയിൽ പ്രജ്വൽ വിദേശത്തേക്ക് കടന്നത്. അച്ഛൻ രേവണ്ണയാകട്ടെ അറസ്‌റ്റിലുമായി. ഇത് വലിയ രീതിയിലാണ് ബിജെപിയെ വെട്ടിലാക്കിയത്. ദേശീയ–-വിദേശ മാധ്യമങ്ങൾ കൂട്ട ബലാൽസംഗ വീരന് മോദി സംരക്ഷണം ഒരുക്കി എന്നു വാർത്ത നൽകി. ഓസ്‌ട്രേലിയൻ പത്രമായ ഹെറാൾഡ് സൺ ‘India PM has links to mass rapist’ എന്നാണ് വാർത്ത നൽകിയത്.
ദേശീയ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരെ രാജ്യത്തിന്റെ അഭിമാനമായ വനിതാ ഗുസ്‌തി താരങ്ങൾതന്നെയാണ് ഗുരുതരമായ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. പ്രായ പൂർത്തിയാകാത്ത വനിതാ ഗുസ്‌തി താരങ്ങളെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാൽ മോദിയും ബിജെപിയും കുറ്റവാളിയെ സംരക്ഷിച്ചു. അതോടെ താരങ്ങൾ പ്രക്ഷോഭത്തിലേക്ക് കടന്നു. തങ്ങൾക്ക് കിട്ടിയ മെഡലുകൾ ഉപേക്ഷിച്ചു. പുതിയ പാർലമെന്റ് മന്ദിരം ഉദ്‌ഘാടന ചടങ്ങിലേക്ക് മാർച്ച് നടത്തി. ഒടുവിൽ സുപ്രിംകോടതി ഇടപ്പെട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ കേസെടുത്തു. എന്നിട്ടും അറസ്‌റ്റുണ്ടായില്ല. വീണ്ടും ഗുസ്‌തി താരങ്ങൾ പ്രക്ഷോഭം ആരംഭിച്ചതോടെയാണ് ബ്രിജ് ഭൂഷണെ ഗുസ്‌തി ഫെഡറേഷനിൽനിന്ന് മാറ്റി നിർത്തിയത്. എന്നാൽ തുടർന്നും അയാളെ ബിജെപിയും കേന്ദ്ര സർക്കാരും സഹായിച്ചു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മകനെ യുപിയിലെ കൈസർ ഗഞ്ച് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാക്കിയത്. ബ്രിജ്‌ഭൂഷൺ ശരൺസിങ്ങാണ് നിലവിൽ അവിടെനിന്നുള്ള എംപി.
ഇതൊന്നും പുതിയ സംഭവമല്ല. എക്കാലത്തും സ്‌ത്രീ പീഡകരെ സംരക്ഷിച്ച ചരിത്രമാണ് മോദിയുടേതും ബിജെപിയുടേതും. മണിപ്പൂരിൽ നമ്മൾ ഇതു കണ്ടു. കുക്കി–-മെയ്‌ത്തീ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപിയും കേന്ദ്ര സർക്കാരും ബിജെപി ദേശീയ നേതൃത്വവും മെയ്‌ത്തീ വിഭാഗത്തിനൊപ്പമാണ്. ഈ സൗകര്യം ഉപയോഗിച്ച് അവർ കുക്കി സ്‌ത്രീകളെ ക്രൂരമായി വേട്ടയാടുന്നു. നിരവധി പേരാണ് കൂട്ട മാനഭംഗത്തിന് ഇരയാകുന്നത്. കാങ്‌കോപി ജില്ലയിൽ കുക്കി വംശജരായ രണ്ട് സ്ത്രീകളെ തെരുവിൽ നഗ്നരാക്കി നടത്തി പാടത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ലോകത്തെ ഞെട്ടിച്ച ക്രൂരകൃത്യമാണ്. സൈകുൽ പൊലീസ് സ്റ്റേഷനിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയായിരുന്നു സംഭവം. എല്ലാം കാറിലിരുന്ന് പൊലീസ് ആസ്വാദിച്ചു. ഇരകളിൽ ഒരാളുടെ അച്ഛനെയും പത്തൊമ്പതുകാരനായ സഹോദരനെയും മെയ്‌ത്തീ ആൾക്കൂട്ടം കൊലപ്പെടുത്തിയശേഷമായിരുന്നു അതിക്രമം. ഇതിന്റെ ദൃശ്യം പുറത്തുവന്നതോടെയാണ് പൊലീസ് മൂടിവെച്ച സംഭവം ലോകം അറിഞ്ഞത്. ഇതൊന്നും വലിയ പ്രശ്‌നമല്ലെന്നും സമാനമായ നൂറുകണക്കിന് സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും മണിപ്പൂർ മുഖ്യമന്ത്രിയും ബിജെപിനേതാവായ ബീരേൻ സിങ്ങുതന്നെ സമ്മതിച്ചു. 206 എഫ്‌ഐആറാണ് സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ മണിപ്പൂരിൽ രജിസ്റ്റർ ചെയ്തത്. 27 ഗോത്രവനിതകൾ കൊല്ലപ്പെട്ടു. ഇതിൽ ഏഴുപേർ കൂട്ടബലാത്സംഗത്തിന് ഇരകളായി. പതിനെട്ടുകാരിയെ ആരംബായ് തെങ്കോൽസംഘം കൂട്ടബലാത്സംഗം ചെയ്ത വാർത്തയും പുറത്തുവന്നു. സ്ത്രീകളുടെ സംഘം പെൺകുട്ടിയെ പിടികൂടിയശേഷം ആരംബായ് സംഘത്തിന് കൈമാറുകയായിരുന്നു. കാക്ചിങ് ജില്ലയിലെ സെറൗ ഗ്രാമത്തിൽ സ്വാതന്ത്ര്യസമരസേനാനിയുടെ എൺപതുകാരിയായ ഭാര്യയെ വീടിനുള്ളിലിട്ട് ജീവനോടെ ചുട്ടുകൊന്നു. എ പി ജെ അബ്ദുൾ കലാം രാഷ്ട്രപതിയായിരിക്കെ ആദരിച്ച എസ് ചുരാചന്ദ് സിങ്ങിന്റെ ഭാര്യ ഇബേതോംബിയെയാണ് ചുട്ടുകൊന്നത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സാവോംബംഗിൽ കുക്കിയാണെന്ന് തെറ്റിദ്ധരിച്ച് നാഗാ സ്ത്രീയെ ആയുധധാരികളായ അക്രമികൾ കൊലപ്പെടുത്തി. അമ്പത്തേഴുകാരിയായ എം ലൂസി മാറിങ്ങിന്റെ മുഖം വികൃതമാക്കി. ഇംഫാലിൽ കുക്കി സ്ത്രീയെ വെടിവച്ചുകൊന്നു. ഇങ്ങനെ സ്‌ത്രീകൾ ക്രൂരമായി വേട്ടയാടപ്പെട്ടിട്ടും പ്രധാനമന്ത്രി മോദി അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. അതേ സമയം ബംഗാളിലെ സന്ദേശ്‌ഖാലിയിൽ മോദി ഓടിയെത്തി. നാരീ ശക്തിയല്ല, വോട്ട് ശക്തിയാണ് മോദിക്ക് വലുത്.
മോദിയുടെ സ്വന്തം മണ്ഡലത്തിലും
സ്ത്രീകൾക്ക് പീഡനം
പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരാണസിയിലും സ്‌ത്രീകൾക്ക് ഒരു സുരക്ഷയുമില്ല. ബിടെക് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കുകയായിരുന്നു വാരാണസിയിൽ മോദി. നവംബർ ഒന്നിന് പുലർച്ചെയാണ് വാരാണസി ഐഐടി–-ബനാറസ് ഹിന്ദു സർവകലാശാല ക്യാമ്പസിൽ ബിടെക് വിദ്യാർഥിനിയെ ബിജെപി നേതാക്കൾ തോക്ക് ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. മണിക്കൂറുകൾക്കുള്ളിൽ പരാതി നൽകിയെങ്കിലും പൊലീസ് ഗൗനിച്ചില്ല. ഒടുവിൽ വിദ്യാർഥികൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ രണ്ടുമാസത്തിനുശേഷം പ്രതികളെ പിടികൂടി. അറസ്‌റ്റിലായതാകട്ടെ, വാരാണസിയിലെ ബിജെപി ഐടി സെൽ കൺവീനർ കുനാൽ പാണ്ഡെ, കോ കൺവീനർ സാക്ഷാം പട്ടേൽ, ഐടി സെല്ലിൽ സജീവ പ്രവർത്തകനായ അഭിഷേക് ചൗഹാൻ എന്നിവർ. ഇവർ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി, യുപി മുഖ്യമന്ത്രി ആദിത്യനാഥ് തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. ആഗ്രയില്‍ ഇരുപത്തഞ്ചുകാരിയായ ദളിത് യുവതിയെ പൊലീസ് തന്നെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും ബിജെപി ഭരണത്തിലാണ്. ബിജെപി ഭരിക്കുന്ന രാജസ്താനിലെ ജോധ്പൂരിൽ ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ 17 കാരിയായ ദളിത് പെൺകുട്ടിയെ മൂന്ന് കോളേജ് വിദ്യാർത്ഥികൾ കൂട്ട ബലാത്സംഗം ചെയ്‌തിരുന്നു. സുഹൃത്തിനെ മർദിച്ചശേഷമായിരുന്നു ക്രൂരകൃത്യം. എബിവിപിക്കാരായിരുന്നു പ്രതികൾ. ആദിവാസി ജില്ലയായ ദുംഗർപൂരിൽ സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്റർ രമേശ് ചന്ദ്ര കട്ടാര പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീലചിത്രങ്ങൾ കാണിച്ച് ബലാത്സംഗം ചെയ്തു. പ്രതിയുടെ ഫോണിൽ നിന്ന് കുട്ടികളെ ബലാത്സംഗം ചെയ്യുന്ന വീഡിയോയും കണ്ടെടുത്തു. മധ്യപ്രദേശിൽ പ്രശസ്തമായ മൈഹാർ ക്ഷേത്രത്തിനുസമീപമുള്ള വനമേഖലയിൽ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയായ നിലയിൽ കണ്ടെത്തിയ കേസിലും പ്രതികൾ ബിജെപി ബന്ധമുള്ളവരായിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരി തെരുവുകള്‍തോറും എട്ടു മണിക്കൂറോളം അര്‍ധനഗ്നയായി, ചോരയൊലിപ്പിച്ച് സഹായമഭ്യര്‍ഥിച്ച് നടന്നു. ബദ്‌നഗർ റോഡിലൂടെ നിലവിളിച്ചു നീങ്ങിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആട്ടിപ്പായിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ കേസിലെ പ്രതികളെയും സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സർക്കാർ സ്വീകരിച്ചത്.
ഹാഥ്‌റാസും ഉന്നാവും കത്വവയും മനസാക്ഷിയുള്ള ആരും മറന്നുകാണില്ല. മോദി ഭരണത്തിൽ സ്‌ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയുടെ ഭീതിപ്പെടുത്തുന്ന ഓർമ്മയാണ് നമുക്കിന്നും ഈ മൂന്ന് സ്ഥലപേരും. ഹാഥ്‌റാസിലും കത്വയിലും ഉന്നാവിലും പെൺകുട്ടികൾ ക്രൂരമായി കൂട്ട ബലാൽസംഗത്തിനിരയായി. മൂന്ന് പേരും കൊല്ലപ്പെടുകയും ചെയ്‌തു. ഹാഥ്‌റാസിൽ കുട്ടിയുടെ മൃതദേഹം അതിവേഗം യുപി പൊലീസ് ദഹിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇന്നും ആ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല.
യുപിയിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീ കൊളുത്തി കൊന്നു. ഈ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതരമായ ആരോപണം പെൺകുട്ടിയുടെ പിതാവ് ഉന്നയിച്ചിരുന്നു. ഈ സംഭവങ്ങളിലെല്ലാം പ്രതികൾക്ക് അനുകൂലമായ നിലപാടാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥും പൊലീസും സ്വീകരിച്ചത്. ജമ്മുകാശ്‌മീരിലെ കത്വയിൽ എട്ടുവയസ്സുകാരിയായ പിഞ്ചുബാലികയെ ദുർഗാപൂർ ക്ഷേത്രത്തിൽ കെട്ടിയിട്ട് സംഘപരിവാർ പ്രവർത്തകർ മാസങ്ങളോളം പീഡിപ്പിച്ച് കൊന്ന് തള്ളുകയായിരുന്നു.
കർണാടക സംഭവത്തിൽ ഏറ്റവും കൂടുതൽ നാറിയത് മോദിയും ബിജെപിയുമാണ്. എന്നാൽ ഇതൊന്നും അവരെ കാര്യമായി ബാധിക്കില്ല. ഭരണം നിലനിർത്തൽ മാത്രമാണ് അവരുടെ ലക്ഷ്യം. അതിനായി ഏത് ചെകുത്താനുമായും കൂട്ടുകൂടും. സ്‌ത്രീസുരക്ഷ എന്നത് ബിജെപിയുടെയും സംഘപരിവാരിന്റെയും അജൻഡക്ക് പുറത്താണ്. രജപുത്ര സ്‌ത്രീകളെ കുറിച്ച് മോശം പരാമർശം നടത്താൻ ഒരു ബിജെപി എംപിക്ക് കഴിഞ്ഞതും. അയാളെ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കാൻ ഓടി നടക്കുകയാണ് മോദിയും അമിത് ഷായും. അതിനിടെ, ജനങ്ങളെ പറ്റിക്കാൻ മൻകിബാതിൽ വന്ന് പറഞ്ഞ പലതും മോദി മറന്നിട്ടുണ്ടാകും. എന്നാൽ അതൊന്നും ജനങ്ങൾ അത്രവേഗം മറക്കില്ല. ♦