Cong. on the backfoot as Vigilance Court rejects Kuzhalnadan’s Plea for Probe against Pinarayi. ഏപ്രിൽ 7ന്റെ ദി ഹിന്ദു ദിന പത്രത്തിൽ ഒന്നാം പേജിൽ താഴെ ഇടതുവശത്തായി 5 കോളത്തിൽ പ്രാധാന്യത്തോടെ നൽകിയിരിക്കുന്ന തലക്കെട്ടാണിത്. പിണറായിക്കെതിരെ അനേ-്വഷണം ആവശ്യപ്പെട്ട് കുഴൽനാടൻ നൽകിയ ഹർജി വിജിലൻസ് കോടതി തള്ളിയത് കോൺഗ്രസിന് തിരിച്ചടി എന്നാണ് ഹിന്ദു തലക്കെട്ടിന്റെ മലയാളം. ഈ റിപ്പോർട്ടിന്റെ ഹെെലെെറ്റായി ദ ഹിന്ദു നൽകിയത്, ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വിജിലൻസിന്റെ വാദം പരിഗണനാർഹമാണെന്നും കോടതി കണ്ടെത്തി എന്നാണ്.
കുഴൽനാടൻ എന്ത് കേസാണ‍് വിജിലൻസ് കോടതിയിൽ നൽകിയത്? മാസങ്ങളോളം മുഖ്യധാരാ മാധ്യമങ്ങൾ തിരിച്ചും മറിച്ചും ചർച്ചിച്ച് ചവച്ചുതുപ്പിയ, മനോരമ ‘‘മാസപ്പടി’’ യെന്ന പേരിട്ടവതരിപ്പിച്ച, മുഖ്യമന്ത്രി പിണറായിക്കുമേൽ അഴിമതിയുടെ ചെളി വാരിയെറിയാൻ ആസൂത്രിതമായി അവതരിപ്പിച്ച കേസാണ് കുഴൽനാടൻ വിജിലൻസിനുമുന്നിൽ കൊണ്ടുചെന്നത്. കുഴൽനാടൻ തെളിവു സാമഗ്രികളായി കോടതിയിൽ ഹാജരാക്കിയതിലൊന്നും, മുഖ്യമന്ത്രി അഴിമതി നടത്തിയതായി തെളിയിക്കുന്ന രേഖകളില്ലെന്നും അവ വിയറ്റ്നാം കോളനി എന്ന സിനിമയിൽ ശങ്കരാടി അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന കെെരേഖ മാത്രമാണെന്നും തെളിവായി സ്വീകരിക്കാവുന്ന ഒരു തുണ്ടു കടലാസുപോലും അതിലില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണത്തിന്റെ സാരം.
മാത്രമല്ല, ദി ഹിന്ദു ദിനപ്പത്രത്തിലെ ഹെെലെെറ്റിൽ വ്യക്തമാക്കിയിട്ടുള്ളതുപോലെ കുഴൽനാടന്റെ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കോടതിവിധിയിൽ സംശയാതീതമായി രേഖപ്പെടുത്തിയിട്ടുണ്ട‍്. അതായത് മനോരമാദികൾ റിപ്പോർട്ടു ചെയ്തതും ചർച്ച ചെയ്തതുമെല്ലാം കാമ്പും കഴമ്പുമില്ലാത്ത രാഷ്ട്രീയലക്ഷ്യത്തോടെ മനോരമ പടച്ചുവിട്ട ചവറ് സാധനമാണെന്നാണ്. കേന്ദ്ര ആദായനികുതി വകുപ്പിന്റെയും അതുമായി ബന്ധപ്പെട്ട അനേ-്വഷണ സംവിധാനങ്ങളുടെയും ഒത്താശയോടെ നടത്തപ്പെട്ട ഗൂഢനീക്കത്തെയാണ് വിജിലൻസ് കോടതി വലിച്ചുകീറി ഓടയിലെറിഞ്ഞത്.
അപ്പോൾ ഈ കോടതിവിധി മുഖ്യധാരാ മാധ്യമങ്ങൾക്ക്, പ്രത്യേകിച്ചും മനോരമയ്ക്ക്, കൂടി കിട്ടിയ കരണത്തടിയാണ്. ആ സ്ഥിതിക്ക് മനോരമ ഈ വാർത്തയെ എങ്ങനെ അവതരിപ്പിക്കുമെന്നറിയാൻ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണല്ലോ. മെയ് 7ന്റെ മനോരമയുടെ ഒന്നാം പേജിൽ വലതുവശത്ത് ചെറുതായി മൂന്നു കോളത്തിൽ ഒരു തലക്കെട്ട്: ‘‘മാത്യു കുഴൽനാടന്റെ ഹർജി തള്ളി. തള്ളിയത് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ അനേ-്വഷണം ആവശ്യപ്പെട്ടുള്ള ഹർജി’’. അപ്പോൾ മാസപ്പടിയുമില്ല, തിരിച്ചടിയുമില്ല. വാലും ചുരുട്ടിയങ്ങ് ഒറ്റ ഇരിപ്പാണ് മനോരമയിലെ മാന്യ ദേഹങ്ങൾ. തീർന്നില്ല. 6–ാം പേജിൽ അനുബന്ധ വാർത്തയുടെ തലക്കെട്ട്: ‘‘കുഴൽനാടനോട് വിജിലൻസ് കോടതി. ‘മറ്റു പണമിടപാടുകളിൽ’ അനേ-്വഷണം ആവശ്യപ്പെടാത്തതെന്ത്?’’ ഇതിനെയാണ് കോടതി രാഷ്ട്രീയപ്രേരിതമായ കേസെന്ന് വിവക്ഷിച്ചത്. എന്നാൽ അങ്ങനെ പറയാൻ മനോരമയ്ക്കൊരു മടി.
മാതൃഭൂമി 7ന് ഒന്നാം പേജിൽ ലീഡ് വാർത്തയായി ഇത് അവതരിപ്പിച്ചിട്ടുണ്ട്. തലവാചകം ഇങ്ങനെ: ‘‘മാസപ്പടി തള്ളി. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി തള്ളി’’. മാസപ്പടി എന്ന മനോരമ കൊണ്ടുവന്നതും കുഴൽനാടൻ ഏറ്റെടുത്തതും യുഡിഎഫും ബിജെപിയും ആഘോഷിച്ചതുമായ ആരോപണം വെറും രാഷ്ട്രീയപ്രേരിതമാണെന്നു വിജിലൻസ് കോടതി വിധിച്ചതോടെ അതിന്റെ കഥ കഴിഞ്ഞുവെന്ന വസ്തുത ഈ തലക്കെട്ടിൽ പ്രതിഫലിക്കുന്നുണ്ട്. അതിന്റെ രാഷ്ട്രീയമായ വിശകലനത്തിലാണ് കോൺഗ്രസിന് തിരിച്ചടി ആകുന്നത‍്. കുഴൽനാടന്റെ ചിത്രം നൽകി കോൺഗ്രസിലേക്കുകൂടി വിരൽചൂണ്ടുന്നുമുണ്ട് മാതൃഭൂമി.
7ന്റെ മാധ്യമം ഈ വിഷയം ഒന്നാം പേജിൽ അവതരിപ്പിക്കുന്നു. – ‘‘മാസപ്പടി കേസിൽ അനേ-്വഷണമില്ല’’ എന്ന് 5 കോളത്തിലാണ് ടെെറ്റിൽ നൽകിയിരിക്കുന്നത്. ഈ ടെെറ്റിൽ മാത്രം വായിക്കുന്നവർക്ക് തോന്നുക അനേ-്വഷണം ആവശ്യമില്ലെന്ന് വിധിച്ചുവെന്നല്ല, മറിച്ച് സർക്കാർ തീരുമാനിച്ചുവെന്നല്ലേ. ജമാഅത്തെയുടെ പത്രത്തിന് അത് അങ്ങനെ തന്നെ നിർത്തുകയാണ് അഭികാമ്യം. എങ്ങനെയുണ്ടെന്റെ പുത്തി എന്ന ഒരു ചെറുചിരിയോടെയാണ് ജമാഅത്തെക്കാരന്റെ അവതരണം. അതാണ് മുഖ്യമന്ത്രിയുടെയും മകളുടെയും സ്റ്റാംപ് സെെസ് ചിത്രം കൊടുത്തതിൽ പ്രതിഫലിക്കുന്നത്.
ഇനി കേരള കൗമുദി ഈ വാർത്ത അവതരിപ്പിക്കുന്നതുകൂടി നോക്കാം. 7ന് ഒന്നാംപേജിൽ വലതുവശത്തായി ടോപ്പിൽ തന്നെ രണ്ട് കോളം ഇതിനായി നീക്കിവെച്ചിട്ടുണ്ട്. തൊപ്പിയും ടെെറ്റിലും ഹെെലെെറ്റും ചേർത്ത് ഇങ്ങനെ വായിക്കാം: ‘‘മാസപ്പടിയിൽ കുഴൽനാടന്റെ ഹർജി തള്ളി. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അനേ-്വഷണമില്ല. ഹാജരാക്കിയ തെളിവുകളിൽ അഴിമതിയുടെ തുണ്ടുപേപ്പർ പോലും ഇല്ല’’. സംഗതി ക്ലിയർ. ശേഷം ഭാഗം സ്ക്രീനിൽ കാണാം – 7–ാം പേജിൽ ‘‘രാഷ്ട്രീയപ്രേരിതമെന്നും കോടതി നിരീക്ഷണം’’. ഇതുപക്ഷേ, ഒറ്റക്കോളം 10 സെന്റിമീറ്റർ ലെങ്തിൽ – ഒരു ക്ലാസിഫെെഡ് അഡ്വർട്ടെെസ്മെന്റ് സ്റ്റെെൽ. കേരള കൗമുദി മനോരമയുടെ മാസപ്പടിയുടെ കാറ്റുപോയ വാർത്ത ഇങ്ങനെ ഒതുക്കുമ്പോൾ പർവതീകരിച്ച് അവതരിപ്പിക്കുന്നതെന്തെന്നു കൂടി നോക്കാം. അതല്ലേ രസം! ബഹുരസം!!
‘‘ഡ്രൈവറുടെ ഹർജിയിൽ കോടതി ഉത്തരവ്. മേയർക്കെതിരെ ജാമ്യമില്ലാക്കുറ്റം. രണ്ടാമത്തെ കേസെടുത്തു’’. ഹായ്, ഹായ് ! തിരോന്തരത്തെ സംഘികളെയും കോങ്കി മുസംഘികളെയും സർവചണ്ടിപണ്ടാരങ്ങളെയും ശ്ശി ശുഖിപ്പിക്കുന്ന അവതരണം. ‘‘വിവാദ ബസ് തടയൽ സംഭവം’’ എന്നാണ് റിപ്പോർട്ടു തുടങ്ങുന്നത്. ഡ്രൈവർ ചെയ്തത് സ്ത്രീകൾക്കെതിരായ ഗുരുതരമായ കുറ്റകൃത്യമാണ്. അതിനെ മൂടിവയ്ക്കാൻ കേരള കൗമുദിയുടെ തലകുത്തിച്ചാട്ടമാണ് ഈ അവതരണത്തിൽ കാണുന്നത്.
മനോരമ ഇത് കുറേക്കൂടി ഗൗരവത്തിൽ നേരത്തെതന്നെ പടച്ചുവിട്ടിട്ടുണ്ട്. കേരള കൗമുദി അതിനുപിന്നാലെ ഗമിച്ചെന്നു മാത്രം. മെയ് ഒന്നിന്റെ മനോരമയുടെ മുഖപ്രസംഗവിഷയം തന്നെ ഇതാണ്: ‘‘നടുറോഡിൽ കണ്ടത് അധികാരമുഷ്ക്. വ്യവസ്ഥാപിത മാർഗങ്ങളല്ലേ മേയറും എംഎൽഎയും സ്വീകരിക്കേണ്ടിയിരുന്നത‍്?’’ ശരിയാണ്. യാത്ര പൂർത്തിയാക്കി, വീട്ടിലെത്തി, നാലാവർത്തി ആലോചിച്ച് അന്തിയുറങ്ങി പിറ്റേന്ന് ഓ-ഫീസ് സമയത്ത് പൊലീസ് സ്റ്റേഷനിലെത്തി ഒരു കടലാസ് എഴുതിക്കൊടുക്കുക. അതിനപ്പുറമൊന്നും ചെയ്യരുത്. ശാന്തം പാപം! അത് മനോരമയ്ക്ക് പറയാം. നമുക്കും ആവർത്തിക്കാം. പക്ഷേ ഈ കേസിലെ കേന്ദ്ര വിഷയം അതല്ലല്ലോ മനോരമേ! സ്ത്രീകൾക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചുവെന്നതല്ലേ! അതല്ലേ ഗുരുതരമായ കേസ് ! അതിനുനേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന വലതുപക്ഷ രാഷ്ട്രീയമല്ലേ മനോരമ ഇവിടെ എടുത്തണിയുന്നത്.
മനോരമ മുഖപ്രസംഗകാരന്റെ വാക്കുകൾ നോക്കുക – ‘‘ബസിനുള്ളിൽനിന്ന് ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ യാത്രക്കാരനെക്കൊണ്ട് എംഎൽഎ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ഡ്രൈവർ പറയുന്നുണ്ട്. തങ്ങളുടെ പക്ഷത്താണ് ന്യായമെന്ന് എംഎൽഎയുടെയും മേയറുടെയും വാദം ശരിയാണെങ്കിൽ നിർണായക തെളിവാകാവുന്ന ദൃശ്യങ്ങൾ ഇങ്ങനെ നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിക്കേണ്ടതുണ്ടോ? എന്ന് മനോരമ ചോദിക്കുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. വിശ്വസനീയമായ ഒരു തെളിവുമില്ല. ഡ്രൈവറുടെ വാദമാണത്. നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്തതായി ആരോപിക്കപ്പെടുന്ന ഡ്രൈവർ പറയുന്നതാണ് മനോരമയ്ക്ക് വേദവാക്യം. എന്നാൽ തനിക്കുനേരെ ഡ്രൈവർ ബസിലിരുന്ന് അശ്ലീല ആംഗ്യം കാണിച്ചുവെന്ന് വനിതയായ മേയർ പറയുന്നത് മുഖവിലയ്ക്കെടുക്കാനും സ്ത്രീപക്ഷത്തു നിൽക്കാനും മനോരമയ്ക്ക് കഴിയില്ല. അതിനുകാരണം മേയർ കമ്യൂണിസ്റ്റും ഡ്രൈവർ ആർഎസ്എസ് ബന്ധമുള്ള കോൺഗ്രസ് യൂണിയൻ അംഗവുമാണെന്നതുതന്നെ. സിപിഐ എമ്മുമായോ ഇടതുപക്ഷവുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു നടി തനിക്കെതിരെയും ഇയാളിൽനിന്ന് ഇത്തരമൊരു ആക്രമണമുണ്ടായിയെന്നു പറയുമ്പോഴും അയാൾക്കെതിരായ കേസുകൾ പൊതുമണ്ഡലത്തിൽ വന്നിട്ടും മനോരമ സ്ത്രീപക്ഷത്തല്ല, സ്ത്രീപീഡകരുടെ പക്ഷത്താണ്, എന്ന് ആവർത്തിച്ച് തെളിയിക്കുകയാണ്. മുൻപ് സൂര്യനെല്ലിക്കേസിൽ തങ്ങളുടെ ഇഷ്ടക്കാരനായ ഒരു ജനപ്രതിനിധി, കോൺഗ്രസ് നേതാവ് പ്രതിപ്പട്ടികയിൽ ഇടം പിടിച്ചപ്പോൾ ആ പാവം പെൺകുട്ടിയെ പിച്ചിച്ചീന്തിയ കശ്മലനുവേണ്ടി അവൾക്കെതിരെ അപവാദപ്രചരണം നടത്തിയ, മനോരമയിലെ മനോരോഗികൾ ഇത്തരമൊരു പക്ഷപാതപരമായ നിലപാടല്ലേ സ്വീകരിക്കൂ. കാരി സതീശനെ പോലെയൊരു കൊലയാളിയെപ്പോലും മഹത്വവൽക്കരിക്കാൻ തയ്യാറായ നമ്മുടെ മുഖ്യധാരാ മാധ്യമ വെട്ടുകിളികളിൽനിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കുന്നതാണ് തെറ്റ്.
നോക്കൂ ഇപ്പോൾ ദേശീയാടിസ്ഥാനത്തിൽ തന്നെ ചർച്ചാ വിഷയമായിരിക്കുന്ന കർണാടകത്തിലെ പ്രജ്വൽ രേവണ്ണയുടെയും അയാളുടെ അപ്പൻ രേവണ്ണയുടെയും ലെെംഗിക പീഡന പരമ്പരകളെക്കുറിച്ച് മുഖപ്രസംഗ രൂപത്തിൽ തങ്ങളുടെ അഭിപ്രായം പറയാൻ തട്ടെല്ലിന് ബലമില്ലാത്ത മനോരമക്കാരനാണ് സിപിഐ എം പ്രതിനിധികളായ മേയർക്കും എംഎൽഎയ്ക്കും നേരെ കുരച്ചുചാടുന്നത്. 6ന്റെ മാതൃഭൂമി ‘‘കർണാടകത്തിലെ കളങ്കിത മാതൃക’’ എന്ന മുഖപ്രസംഗത്തിൽ കർണാടകത്തിൽ നിന്നുള്ള പാർലമെന്റംഗം ഉജ്വലിന്റെയും തന്തപ്പടിയുടെയും ലെെംഗികാക്രമണങ്ങളിലേക്ക് വിരൽചൂണ്ടാൻ തയ്യാറായത് നല്ലത്. മാതൃഭൂമി മുഖപ്രസംഗത്തിൽ മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ എഴുതിയ ദി ഡി ജെനറേഷൻ ഓഫ് ഇന്ത്യ (ഇന്ത്യയുടെ അധഃപതനം) എന്ന കൃതിയിലെ ചില വരികൾ ഉദ്ധരിച്ചശേഷം ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട് – ‘‘ജനങ്ങളുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഇടപെടുകയും പരിഹാരത്തിനു ശ്രമിക്കുകയും ചെയ്യുന്നവരാണ് രാഷ്ട്രീയ നേതാക്കൾ എന്നാണ് പൊതുധാരണ. ആ വിശ്വാസത്തെ കൂടി തകർക്കുന്ന വിധത്തിലാണ് പ്രജ്വലിന്റെ ദുർനടപടി’’. പൊതുപ്രവർത്തകരിൽനിന്ന് ജനം പ്രതീക്ഷിക്കുന്ന മാന്യമായ പെരുമാറ്റവും മനുഷ്യത്വവുമെല്ലാം കാറ്റിൽ പറത്തുന്ന ജുഗുപ്സാവഹമായ പെരുമാറ്റമാണ് പ്രജ്വൽ രേവണ്ണയിൽനിന്നും അയാളെ പല ആവശ്യങ്ങൾക്കായി സമീപിച്ചിരുന്ന സ്ത്രീകൾക്ക് നേരിടേണ്ടതായി വന്നത്.
ഇത്തരക്കാർ എന്ത് ക്രൂരതയും കൊള്ളയും നടത്തിയാലും അതെല്ലാം സംരക്ഷിക്കപ്പെടുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയാണ് മോദി വാഴ്ചയിൽ ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത്. എന്ത് അക്രമം നടത്തിയാലും അഴിമതി നടത്തിയാലും ബിജെപിയിൽ അഭയം തേടിയാൽ ഏത് കൊലയാളിക്കും സ്ത്രീപീഡകനും രക്ഷപ്പെടാൻ കഴിയുമെന്നതുകൊണ്ടാണല്ലോ കർണാടകത്തിലെ രേവണ്ണമാർ ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. ഹാസനിലെ പ്രാദേശിക ബിജെപി നേതാവ് സദാനന്ദ ഗൗഡ തനിക്ക് ലഭിച്ച വീഡിയോകളടക്കം ബിജെപിയുടെ സംസ്ഥാന – ദേശീയ നേതാക്കളെയും പ്രധാനമന്ത്രി മോദിയെയും വിവരമറിയിച്ചിട്ടും പ്രജ്വലിനെതന്നെ സ്ഥാനാർഥിയാക്കാൻ മോദിയും കൂട്ടരും വാശിയോടെ നിലപാടെടുത്തത് എന്താണ് സൂചിപ്പിക്കുന്നത്? മെെസൂരുവിൽ ചേർന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മോദി തനിക്കുവേണ്ടി, മോദിയുടെ ഗ്യാരന്റിക്കുവേണ്ടി പ്രജ്വലിന് വോട്ടു ചെയ്യാൻ അയാളെ ചേർത്തു നിർത്തി ആഹ്വാനം ചെയ്തത് അയാളുടെ വികൃതികളൊന്നും അറിയാതെ ആയിരിക്കില്ല. മോദിക്കൊപ്പമെങ്കിൽ എന്തു ക്രൂരകൃത്യവും ചെയ്യാമെന്നാണല്ലോ ഇതെല്ലാം കാണിക്കുന്നത്.
മാതൃഭൂമി മുഖപ്രസംഗം എന്തു കാരണത്താലാണെങ്കിലും ഇതിലേക്ക് വിരൽചൂണ്ടുന്നുണ്ടെന്നത് നല്ലകാര്യമാണ്. എന്നാൽ മനോരമയാകട്ടെ ഇതിനെല്ലാം നേരെ കണ്ണടച്ച് ഇരുട്ടാക്കാനുള്ള തത്രപ്പാടിലാണെന്നാണ് ഇത്ര നാളായിട്ടും തുടരുന്ന ഇക്കാര്യത്തിലെ മൗനം സൂചിപ്പിക്കുന്നത‍്. അവർ സിപിഐ എമ്മിനെതിരെ ഇല്ലാക്കഥകൾ മെനഞ്ഞ് പ്രചാരണത്തിനുള്ള തത്രപ്പാടിലാണ്. ♦