Sunday, May 26, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംസാമ്രാജ്യത്വവും സോഷ്യലിസത്തിലെ ഭിന്നിപ്പും

സാമ്രാജ്യത്വവും സോഷ്യലിസത്തിലെ ഭിന്നിപ്പും

വി ഐ ലെനിൻ

മുതലാളിത്തം സാമ്രാജ്യത്വമായി വികസിച്ച ഘട്ടത്തിൽ, ഒന്നാം ലോകയുദ്ധം ആരംഭിച്ചതോടെ ഈ പുതിയ സാഹചര്യത്തെ വിശകലനം ചെയ്യുന്നതു സംബന്ധിച്ചും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ തന്ത്രവും അടവുകളും സംബന്ധിച്ചും രണ്ടാം ഇന്റർനാഷണലിനുള്ളിൽ – സോഷ്യലിസ്റ്റ് ഇന്റർനാഷണലിനുള്ളിൽ – രൂക്ഷമായ അഭിപ്രായവ്യത്യാസവും ഭിന്നിപ്പും ഉടലെടുത്ത വേളയിലാണ് ലെനിൻ ‘‘സാമ്രാജ്യത്വവും സോഷ്യലിസത്തിലെ ഭിന്നിപ്പും’’ എന്ന ലേഖനമെഴുതിയത്. സാമ്രാജ്യത്വത്തിന്റെ സവിശേഷതയെന്തെന്ന് വിശകലനം ചെയ്തുകൊണ്ടാരംഭിക്കുന്ന ലെനിൻ ഇക്കാര്യത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ വലതുപക്ഷ അവസരവാദത്തിന്റെ പ്രതിനിധിയായ കാറൽ കൗട്സ്കിയുടെ നിലപാടുകളെ അതിരൂക്ഷമായ 
വിമർശനത്തിനു വിധേയമാക്കുന്നു.

– ചിന്ത പ്രവർത്തകർ

സാമ്രാജ്യത്വവും യൂറോപ്പിലെ തൊഴിലാളിപ്രസ്ഥാനത്തിനു മേൽ അവസരവാദം (സാമൂഹ്യസങ്കുചിതവാദത്തിന്റെ രൂപത്തിലുള്ള അവസരവാദം) നേടിയിട്ടുള്ള ബീഭത്സവും ജുഗുപ്സാവഹവുമായ വിജയ വും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ആധുനിക സോഷ്യലിസത്തെ സംബന്ധിക്കുന്ന മൗലികപ്രശ്നമാണിത്. ഒന്നാമതായി നമ്മുടെ കാലഘട്ടത്തിന്റെയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെയും സാമ്രാജ്യത്വസ്വഭാവവും, രണ്ടാമതായി സാമൂഹ്യസങ്കുചിതവാദവും അവസരവാദവുംതമ്മിലുള്ള ചരിത്രപരമായ അഭേദ്യബന്ധവും അവയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഉള്ളടക്കങ്ങൾ തമ്മിലുള്ള ആന്തരികമായ സാദൃശ്യവും നമ്മുടെ പാർട്ടി സാഹിത്യങ്ങളിൽ നാം പരിപൂർണമായി സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്, നമുക്ക് അടുത്തതായി ഈ മൗലികപ്രശ്നം വിശകലനം ചെയ്യുന്നതിലേക്കു കടക്കാൻ കഴിയും. അതു നമ്മൾ ചെയ്തേതീരൂ.

തുടക്കത്തിൽത്തന്നെ സാമ്രാജ്യത്വത്തെക്കുറിച്ച് കഴിയുന്നത്ര സൂക്ഷ്മവും പൂർണവുമായ ഒരു നിർവചനം നാം നടത്തേണ്ടിയിരിക്കുന്നു. മുതലാളിത്ത ത്തിന്റെ ചരിത്രപരമായ ഒരു പ്രത്യേക കാലഘട്ടമാണ് സാമ്രാജ്യത്വം. അതിന്റെ പ്രത്യേകത സ്ഥിതിചെയ്യുന്നത് മൂന്നു സംഗതികളിലാണ് : സാമ്രാജ്യത്വം 1) കുത്തകമുതലാളിത്തമാണ്; 2) ഇത്തിക്കണ്ണിസ്വഭാവത്തോടുകൂടിയ, അഥവാ, ജീർണ്ണിച്ച മുതലാളിത്തമാണ്; 3) മൃതപ്രായമായ മുതലാളിത്തമാണ്. സ്വതന്ത്രമത്സരത്തിന്റെ സ്ഥാനം കുത്തക കരസ്ഥമാക്കുന്നുവെന്നതിലാണ് സാമ്രാജ്യത്വത്തിന്റെ മൗലികസാമ്പത്തികസവിശേഷത, അതിന്റെ സാരാംശം, സ്ഥിതി ചെയ്യുന്നത്. അഞ്ചു പ്രധാനരൂപങ്ങളിലാണ് കുത്തക പ്രകടമാകുന്നത് : 1) കാർട്ടലുകളും സിൻഡിക്കേറ്റുകളും ട്രസ്റ്റുകളും – മുതലാളിമാരുടെ ഈ കുത്തകസംഘങ്ങൾ ഉടലെടുക്കത്തക്കവണ്ണം ഉല്പാദനകേന്ദ്രീകരണം അത്രയേറെ വർദ്ധിച്ചിരിക്കുന്നു; 2) വൻകിടബാങ്കുകളുടെ കുത്തകസ്ഥിതി – –മൂന്നോ നാലോ അഞ്ചോ കൂറ്റൻ ബാങ്കുകൾ അമേരിക്കയിലേയും ഫ്രാൻസിലേയും ജർമ്മനിയിലേയും സാമ്പത്തികജീവിതമാകെ നിയന്ത്രിക്കുന്നു; 3) ട്രസ്റ്റുകളും ഫിനാൻസ് പ്രഭുത്വവും (കുത്തകവ്യവസായമൂലധനവും ബാങ്കുമൂലധനവും തമ്മിൽ ലയിച്ചുണ്ടാകുന്നതാണ് ഫിനാൻസ് മൂലധനം) ചേർന്ന് അസംസ്കൃതസാധനങ്ങളുടെ ഉറവിടം കയ്ക്കലാക്കുന്നു; 4) അന്തർദേശീയ കാർട്ടലുകൾ ലോകത്തെ (സാമ്പത്തികമായി) വിഭജിച്ചെടുക്കുകയെന്നത് ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ലോകവിപണിയാകെത്തന്നെ കയ്യടക്കിവച്ചിരിക്കുകയും യുദ്ധം പുനർവിഭജനം നടത്തുന്നതുവരെ ‘”രമ്യ”മായ രീതിയിൽ അതിനെ സ്വയം വിഭജിച്ചെടുത്തിരിക്കുകയും ചെയ്യുന്ന, അത്തരത്തിലുള്ള നൂറിൽപ്പരം അന്തർദേശീയകാർട്ടലുകൾ ഇന്നുതന്നെ നിലവിലുണ്ട്. കുത്തകസ്വഭാവമില്ലാ ത്ത മുതലാളിത്തത്തിൻ കീഴിലുണ്ടായിരുന്ന, ചരക്കുകളുടെ കയറ്റുമതിയിൽനിന്നും വിഭിന്നമായി മൂലധനം കയറ്റുമതി ചെയ്യുകയെന്നത് വളരെയേറെ സവിശേഷമായ ഒരു സംഭവവികാസമാണ്. ലോകത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും അതിർത്തിപരവുമായ വിഭജനവുമായി ഇത് അഭേദ്യമായി ബന്ധപ്പെട്ടുമിരിക്കുന്നു. 5) ലോകത്തിന്റെ അതിർത്തിപരമായ വിഭജനം (കോളനികൾ) പൂർണ്ണമായിരിക്കുന്നു.

കൗട്സ്കി

അമേരിക്കയിലും യൂറോപ്പിലും പിന്നീട് ഏഷ്യയിലും മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമെന്ന നിലയ്ക്ക് സാമ്രാജ്യത്വം അവസാനരൂപം കൊണ്ടതും 1898-നും 1914-നുമിടയ്ക്കുള്ള കാലഘട്ടത്തിലാണ്. സ്പാനിഷ്-–അമേരിക്കൻ യുദ്ധം (1898), ആംഗ്ലോ –- ബോവർ യുദ്ധം (1899–-1902), റഷ്യ-–ജപ്പാൻ യുദ്ധം (1904-–05), 1900-ത്തിൽ യൂറോപ്പിലുണ്ടായ സാമ്പത്തികക്കുഴപ്പം എന്നിവയാണ് ലോകചരിത്രത്തിലെ ഈ പുതിയ യുഗത്തിന്റെ പ്രധാന നാഴികക്കല്ലുകൾ.

സാമ്രാജ്യത്വം ഇത്തിക്കണ്ണിസ്വഭാവമുള്ള, അഥവാ ജീർണ്ണിച്ച മുതലാളിത്തമാണെന്ന വസ്തുത ഒന്നാമതായി പ്രകടമാകുന്നത് ജീർണ്ണിക്കാനുള്ള അതിന്റെ പ്രവണതയിലാണ്. ഉല്പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമസമ്പ്രദായത്തിൻകീഴിൽ ഏതു കുത്തകയുടേയും സവിശേഷ സ്വഭാവമാണിത്. ജനാധിപത്യ-–റിപ്പബ്ലിക്കൻ സാമ്രാജ്യത്വ ബൂർഷ്വാസിയും പിന്തിരിപ്പൻ -രാജവാഴ്ചയെ അടിസ്ഥാനമാക്കിയുള്ള സാമ്രാജ്യത്വ ബൂർഷ്വാസിയും തമ്മിലുള്ള വ്യത്യാസങ്ങൾ മാഞ്ഞുപോകുന്നു, കാരണം രണ്ടും ജീവനോടെ നശിക്കുകയാണ് (ചില പ്രത്യേക വ്യവസായശാഖകളിലും ചില പ്രത്യേക രാജ്യങ്ങളിലും ചില പ്രത്യേക കാലഘട്ടങ്ങളിലും മുതലാളിത്തം അസാമാന്യമായ വേഗതയോടെ വികസിക്കുകയില്ലെന്ന് ഇപ്പറഞ്ഞതിനർത്ഥമില്ല). രണ്ടാമതായി, മുതലാളിത്തത്തിന്റെ ജീർണ്ണത പ്രകടമാകുന്നതും ഓഹരികളിൽനിന്നും സ്ഥിരം വരുമാനം ലഭിക്കുന്ന, ‘‘കൂപ്പണുകൾ വെട്ടി” ജീവിക്കുന്ന ഒരു വലിയ വിഭാഗം മുതലാളിമാരെ അതു സൃഷ്ടിച്ചിരിക്കുന്നുവെന്നതിലാണ്. ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാൻസ്, ജർമ്മനി എന്നീ നാലു പ്രമുഖ സാമ്രാജ്യത്വ രാഷ്ട്രങ്ങളിലോരോന്നിലും സെക്യൂരിറ്റികളിലുള്ള മൂലധനം പതിനായിരമോ പതിനയ്യായിരമോ കോടി ഫ്രാങ്ക് വരും. അതിൽനിന്നും ഓരോ രാജ്യത്തിനും പ്രതിവർഷം കിട്ടുന്ന വരുമാനം 500-–800 കോടി ഫ്രാങ്കിൽ കുറയില്ല. മൂന്നാമതായി, മൂലധനത്തിന്റെ കയറ്റുമതി ഇത്തിക്കണ്ണി സ്വഭാവത്തിന്റെ അങ്ങേയറ്റത്തെ പ്രകടനമാണ്. നാലാമതായി, ‘‘ഫിനാൻസ് മൂലധനം ആധിപത്യത്തിനുവേണ്ടിയാണ് സ്വാതന്ത്ര്യ ത്തിനുവേണ്ടിയല്ല ഉദ്യമിക്കുന്നത്’’. രാഷ്ട്രീയമായി ആദ്യന്തം പിന്തിരിപ്പൻ സ്വഭാവമുൾക്കൊള്ളുകയെന്നതും സാമ്രാജ്യത്വത്തിന്റെ ഒരു സവിശേഷതയാണ്. അഴിമതിയും ഭീമമായ തോതിൽ കൈക്കൂലിയും എല്ലാത്തരം തട്ടിപ്പും. അഞ്ചാമതായി, മർദ്ദിതരാഷ്ട്രങ്ങളെ ചൂഷണം ചെയ്യുന്നതു നിമിത്തം-–രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്നതുമായി ഇതിനും അഭേദ്യമായ ബന്ധമുണ്ട് – പ്രത്യേകിച്ചും ഒരുപിടി ‘‘വൻകിട ”ശക്തികൾ കോളനികളെ ചൂഷണം ചെയ്യുന്നതു നിമിത്തം,‘‘നാഗരിക”ലോകം നാഗരികത നേടാത്ത രാജ്യങ്ങളിലെ കോടാനുകോടി ജനങ്ങളുടെ ശരീരത്തിന്മേലുള്ള ഇത്തിക്കണ്ണിയായി അധികമധികം മാറുന്നു. പ്രാചീന റോമിലെ നിർദ്ധനരായ തൊഴിലാളി സമൂഹത്തെ ആശ്രയിച്ചു ജീവിച്ചു. ആധുനികസമൂഹം ആധുനികതൊഴിലാളിയെ ആശ്രയിച്ചു കഴിയുന്നു. സിസ്-മോണ്ഡിയുടെ ഈ ശ്രദ്ധേയവചനം മാർക്സ് പ്രത്യേകിച്ചും ഊന്നിപ്പറയുകയുണ്ടായി. സാമ്രാജ്യത്വം സ്ഥിതി ഏറക്കുറെ മാറ്റുന്നു. സാമ്രാജ്യത്വരാഷ്ട്രങ്ങളിൽ പ്രത്യേകാനുകൂല്യങ്ങളനുഭവിക്കുന്ന തൊഴിലാളിവർഗത്തിലെ ഒരു വിഭാഗം നാഗരികത നേടാത്ത രാജ്യങ്ങളിലെ കോടാനുകോടി ജനങ്ങളുടെ ചെലവിന്മേൽ ഭാഗികമായി കഴിയുന്നു.

ജെ എ ഹോബ്സൺ

സാമ്രാജ്യത്വം മൃതപ്രായമായ, സോഷ്യലിസത്തിലേക്കുള്ള പരിവർത്തനഘട്ടത്തിലുള്ള, മുതലാളിത്തമായതെന്തുകൊണ്ടാണെന്നു വ്യക്തമാണ്: മുതലാളിത്തത്തിൽനിന്നും വളർന്നിട്ടുള്ള കുത്തകമുതലാളിത്തം മൃതപ്രായമായ മുതലാളിത്തമായി കഴിഞ്ഞിരിക്കുന്നു, സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിന്റെ ആരംഭത്തെ അതു കുറിക്കുന്നു. സാമ്രാജ്യത്വം വമ്പിച്ച തോതിൽ അദ്ധ്വാനത്തെ പൊതുവടിസ്ഥാനത്തിലാക്കിയിരിക്കുന്നുവെന്നതും (സാമ്രാജ്യത്വത്തിന്റെ വക്കീലന്മാരായ ബൂർഷ്വാസാമ്പത്തികശാസ്ത്രജ്ഞരുടെ ഭാഷയിൽപ്പറഞ്ഞാൽ ‘‘കെട്ടുപിണഞ്ഞിരിക്കുന്ന അവസ്ഥ”) ഇതേ ഫലമാണ് ഉളവാക്കുന്നത്.

സാമ്രാജ്യത്വത്തിനും ഇങ്ങനെയൊരു നിർവചനം നൽകുന്നതോടെ കൗട്‌സ്കിയുമായി നാം പരിപൂർണവിയോജിപ്പിലെത്തുന്നു. സാമ്രാജ്യത്വത്തെ ‘‘മുതലാളിത്തത്തിന്റെ ഒരു ഘട്ട ”മായി കണക്കാക്കാൻ കൂട്ടാക്കാതെ, ഫിനാൻസ് മൂലധനത്തിനു കൂടുതൽ അഭികാമ്യമായ ഒരു നയമായിട്ടും ‘‘കാർഷിക’’ രാഷ്ട്രങ്ങളെ തങ്ങളോടു കൂട്ടിച്ചേർക്കാനുള്ള ‘‘വ്യാവസായിക” രാഷ്ട്രങ്ങളുടെ പ്രവണതയായിട്ടുമാണു അദ്ദേഹം അതിനെ നിർവ്വചിക്കുന്നത്. (‘‘വളരെയേറെ വളർന്നുകഴിഞ്ഞ വ്യാവസായിക മുതലാളിത്തത്തിന്റെ സൃഷ്ടിയാണ് സാമ്രാജ്യത്വം. കഴിയുന്നതും വിസ്തൃതമായ കാർഷികപ്രദേശങ്ങളെ – അവയിൽ അധിവസിക്കുന്ന ജനതകളാരെന്നു നോക്കാതെ കീഴ്പ്പെടുത്തുകയും കൂട്ടിച്ചേർക്കുകയും ചെയ്യാൻ ഓരോ വ്യാവസായികമുതലാളിത്തരാഷ്ട്രവും നടത്തുന്ന ഉദ്യമത്തിലാണ് അത് അടങ്ങിയിരിക്കുന്നത് .” [‘‘ഡി നോയെ സൈറ്റ്’’ (സെപ്തംബർ 11,1914) എന്ന പത്രത്തിൽ കൗട്സ്കി]). കൗട്സ്കിയുടെ നിർവചനം താത്വികമായി പരമാബദ്ധമാണ്. വ്യാവസായികമൂലധനത്തിന്റെ മേധാവിത്വമല്ല, പ്രത്യുത ഫിനാൻസ് മൂലധനത്തിന്റെ മേധാവിത്വമാണ്, വിശേഷിച്ചും കാർഷികരാജ്യങ്ങളെ കൂട്ടിച്ചേർക്കാനുള്ള ഉദ്യമമല്ല, ഏതുതരത്തിലുള്ള രാജ്യങ്ങളെയും കൂട്ടിച്ചേർക്കാനുള്ള ഉദ്യമമാണ്, സാമ്രാജ്യത്വത്തിന്റെ സവിശേഷതയായി കാണുന്നത്. ‘‘നിരായുധീകരണ”വും ‘‘അമിതസാമ്രാജ്യത്വ”വും അതുപോലുള്ള മറ്റ് അസംബന്ധങ്ങളുമടങ്ങുന്ന തന്റെ പ്രാകൃത ബൂർഷ്വാമിതവാദത്തിലേക്കു വഴിതെളിക്കാൻവേണ്ടിയാണ് കൗട്സ്കി സാമ്രാജ്യത്വരാഷ്ട്രീയത്തെ സാമ്രാജ്യത്വധനകാര്യശാസ്ത്രത്തിൽനിന്നും വേർതിരിക്കുന്നത്, രാഷ്ട്രീയത്തിലുള്ള കുത്തകയെ ധനകാര്യശാസ്ത്രത്തിലുള്ള കുത്തകയിൽ നിന്നും വേർതിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ ഏറ്റവും അഗാധമായ വൈരുദ്ധ്യങ്ങളെ നിഷ്പ്രഭമാക്കുകയും അങ്ങനെ സാമ്രാജ്യത്വ ത്തിന്റെ വക്കാലത്തുപിടിക്കുന്ന തുറന്ന സാമൂഹ്യസങ്കുചിതവാദികളും അവസരവാദികളുമായി ‘‘ഐക്യം” വേണമെന്ന സിദ്ധാന്തത്തെ ന്യായീകരിക്കുകയും ചെയ്യുകയെന്നതാണ് ഈ തെറ്റായ താത്വികനിലപാടിന്റെ ഉദ്ദേശ്യം. അതിലാണ് അതിന്റെ പ്രാധാന്യവുമടങ്ങിയിരിക്കുന്നത്.

ഇക്കാര്യത്തിൽ കൗട്‌സ്കി മാർക്സിസവുമായി തെറ്റിപ്പിരിഞ്ഞിരിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ വേണ്ടത്ര സവിസ്തരമായി ‘‘സൊറ്റ്സിയാൽ ദെമൊക്രാറ്റി”ലും ‘‘കൊമ്മുനിസ്റ്റി’’ ലും പ്രതിപാദിച്ചിട്ടുണ്ട്. ആക്സെൽറൊഡിന്റേയും സ്പെക്‌റ്റേറ്റിന്റേയും നേതൃത്വത്തിലുള്ള സംഘടനാക്കമ്മിറ്റിയുടെ അനുകൂലികളായ നമ്മുടെ റഷ്യൻ കൗട്സ്കിപക്ഷക്കാർ (മാർത്തൊവ് പോലും, ഒരു വലിയ പരിധി വരെ ട്രോട്സ്കിയും ഇതിൽ പെടും) ഒരു പ്രവണതയെന്ന നിലയ്ക്ക് കൗട്സ്കിയിസത്തെക്കുറിച്ച് ബുദ്ധിപൂർവം മൗനമവലംബിക്കുകയാണ്. കൗട്സ്കിയുടെ യുദ്ധകാലകൃതികളെ സാധൂകരിക്കാൻ അവർ ധൈര്യപ്പെട്ടില്ല. കൗട്സ്കിയെ പ്രശംസിക്കുന്നതിലും (ആക്സെൽറൊഡിന്റെ ജർമ്മൻ ലഘുലേഖയിൽ ചെയ്തിരിക്കുന്നതാണ്; അതു റഷ്യൻ ഭാഷയിൽ പ്രസിദ്ധപ്പെടുത്തുന്നതാണെന്നും സംഘടനാക്കമ്മിറ്റി വാഗ്ദാനം ചെയ്തിട്ടുണ്ട്) താൻ പ്രതിപക്ഷത്തിന്റെ കൂടെയാണെന്നു പറയുകയും തന്റെ സങ്കുചിതവാദപരമായ പ്രഖ്യാപനങ്ങൾ അസാധുവാണെന്നു വരുത്തിത്തീർക്കാൻ വഞ്ചനാപരമായി ശ്രമിക്കുകയും ചെയ്തുകൊണ്ടുള്ള കൗട്സ്കിയുടെ സ്വകാര്യകത്തുകളിൽനിന്നും ഉദ്ധരണികൾ പ്രസിദ്ധീകരിക്കുന്നതിലും (സ്പെക്‌റ്റേറ്റർ അതാണു ചെയ്തിരിക്കുന്നത്) ഒതുങ്ങിനില്ക്കുകയാണവർ ചെയ്തിട്ടുള്ളത്.

സാമ്രാജ്യത്വത്തെക്കുറിച്ചുള്ള കൗട്സ്കിയുടെ ‘‘ധാരണ”- – സാമ്രാജ്യത്വത്തെ വെള്ളയടിച്ചുകാണിക്കുന്നതിനു തുല്യമാണിത് – ഹിൽ ഫെർഡിംഗിന്റെ ‘‘ഫിനാൻസ് മൂലധന”ത്തെ അപേക്ഷിച്ചുമാത്രമല്ല (കൗട്സ്കിയേയും സാമൂഹ്യസങ്കുചിതവാദികളുമായുള്ള ‘‘ഐക്യ” ത്തേയും എത്ര വാശിയോടെ ഹിൽഫെർഡിംഗ് ഇന്ന് അനുകൂലിക്കുന്നുണ്ടെങ്കിലും ശരി !) ഒരു സാമൂഹ്യമിതവാദിയായ ജെ. എ. ഹോബ്സണിന്റെ നിലപാടിനെ അപേക്ഷിച്ചുപോലും പുറകോട്ടുള്ള ഒരു കാൽ വയ്പാണെന്നു നാം മനസ്സിലാക്കണം. താനൊരു മാർക്സിസ്റ്റാണെന്നു യാതൊരു തരത്തിലും അവകാശപ്പെടാത്ത ഈ ഇംഗ്ലീഷ് സാമ്പത്തികശാസ്ത്രജ്ഞൻ 1902-ൽ പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥത്തിൽ എത്രയോ കൂടുതൽ ഗഹനമായി സാമ്രാജ്യത്വത്തെ നിർവചിക്കുകയും അതിന്റെ വൈരുദ്ധ്യങ്ങളെ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെ ഇത്തിക്കണ്ണി സ്വഭാവത്തെ സ്പർശിക്കുന്ന സുപ്രധാനപ്രശ്നത്തെക്കുറിച്ച് ഹോബ്സൺ എഴുതിയതാണ് (സാന്ത്വനപരവും “അനുരഞ്ജനപര’വുമായ കൗട്‌സ്കിയുടെ ജല്പനങ്ങളിൽ മിക്കവാറുമെല്ലാം തന്നെ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലും കാണാം): ഹോബ് സണിന്റെ അഭിപ്രായത്തിൽ രണ്ടുതരം സാഹചര്യങ്ങളാണ് പഴയ സാമ്രാജ്യങ്ങളെ ബലഹീനമാക്കിയത്: 1) ‘‘സാമ്പത്തികമായ ഇത്തിക്കണ്ണിസ്വഭാവം” 2) ആശ്രിതജനങ്ങൾക്കിടയിൽനിന്നുമുള്ള സൈനികരൂപീകരണം. ‘‘അധിപരാഷ്ട്രം അവിടത്തെ ഭരണവർഗത്തെ സമ്പന്നമാക്കാനും താഴ്ന്ന പടിയിൽ നില്ക്കുന്ന വർഗങ്ങളെ കോഴകൊടുത്ത് ചൊല്പടിയിൽ നിർത്താനും വേണ്ടി പ്രവിശ്യകളേയും കോളനികളേയും ആശ്രിതരാജ്യങ്ങളേയും ഉപയോഗിക്കുക എന്ന സാമ്പത്തിക ഇത്തിക്കണ്ണിസ്വഭാവമാണ് ആദ്യത്തേത്.” രണ്ടാമത്തെ സാഹചര്യത്തെപ്പറ്റി ഹോബ്സൺ ഇങ്ങനെ എഴുതുന്നു:

‘‘ആപല്കരമായ ഈ ആശ്രിതത്വത്തിലേക്കു കാൽവയ്ക്കുമ്പോൾ ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ സാമ്രാജ്യശക്തികൾ പ്രദർശിപ്പിക്കുന്ന കൂസലില്ലാത്ത ഉദാസീനതയാണ് സാമ്രാജ്യത്വത്തിന്റെ അന്ധതയുടെ ഏറ്റവും വിചിത്രമായ ലക്ഷണങ്ങളിലൊന്ന്’’ (സാമ്രാജ്യവാദികളുടെ ‘‘അന്ധത”യെക്കുറിച്ചുള്ള ഈ പേച്ച് ‘‘മാർക്സിസ്റ്റാ ‘ ‘യ കൗട്സ്കിയിൽ നിന്നും വരുന്നതിനേക്കാൾ സാമൂഹ്യമിതവാദിയായ ഹോബ്‌സണിൽ നിന്നും വരുന്നതാണ് കൂടുതൽ ഉചിതമായിട്ടുള്ളത്). ‘‘ഗ്രേറ്റ് ബ്രിട്ടനാണ് ഇതിൽ ഏറ്റവും മുന്നോട്ടുപോയിരിക്കുന്നത്. നമ്മുടെ ഇന്ത്യൻ സാമ്രാജ്യം നമുക്കു നേടിത്തന്ന യുദ്ധങ്ങൾ കൂടുതലും നടത്തിയത് അന്നാട്ടുകാരാണ്”; ഈ അടുത്തകാലത്ത് ഈജിപ്തിലെന്നപോലെ ഇന്ത്യയിലും വമ്പിച്ച സ്ഥിരം സൈന്യങ്ങൾ ബ്രിട്ടീഷ് കമാണ്ടർമാരുടെ കീഴിലാക്കിയിരിക്കുകയാണ്; തെക്കൻ ഭാഗമൊഴിച്ചാൽ നമ്മുടെ ആഫ്രിക്കൻ ഡൊമീനിയനുകളുമായി ബന്ധപ്പെട്ട യുദ്ധങ്ങൾ മിക്കവാറുമെല്ലാം തന്നെ അന്നാട്ടുകാർ നമുക്കുവേണ്ടി നടത്തുകയാണുണ്ടായിട്ടുള്ളത്.

ലോയ്ഡ് ജോർജ്

ചൈനയെ വിഭജിച്ചാലുണ്ടാകാവുന്ന സാമ്പത്തികഭവിഷ്യത്തുകളെ വിലയിരുത്തിക്കൊണ്ട് ഹോബ്സൺ ഇങ്ങനെ എഴുതുന്നു: ‘‘ഇംഗ്ലണ്ടിലെ തെക്കൻ ഭാഗം, റിവ്യേറ, ടൂറിസ്റ്റുകൾ തിങ്ങിക്കൂടുകയും ആധുനിക താമസസൗകര്യങ്ങൾ ലഭിക്കുകയും ചെയ്യുന്ന ഇറ്റലിയിലേയും സ്വിറ്റ്സർലണ്ടിലേയും പ്രദേശങ്ങൾ, ഇവിടങ്ങളിലെ ഭൂവിഭാഗങ്ങൾക്കുള്ള മുഖഛായയും സ്വഭാവവും അപ്പോൾ പശ്ചിമയൂറോപ്പിലെ കൂടുതൽ ഭാഗത്തിനും വന്നുചേരും – വിദൂരപൗരസ്ത്യദേശത്തുനിന്നും ഡിവിഡണ്ടും പെൻഷനും പറ്റിക്കൊണ്ടും, പരിവാരങ്ങളുടേയും വ്യാപാരികളുടേയും ഏതാണ്ടൊരു വലിയ സംഘത്തോടും, ഭൃത്യഗണങ്ങളുടേയും ഗതാഗതത്തൊഴിലിലും എളുപ്പത്തിൽ ജീർണ്ണിച്ചുപോകുന്ന പദാർത്ഥങ്ങളുടെ ഉല്പാദനത്തിന്റെ അവസാനഘട്ടത്തിലും വ്യാപൃതരായിരിക്കുന്നവരുടേയും അതിലും വലിയ ഒരു സംഘത്തോടും കൂടി കഴിയുന്ന പ്രഭുകുബേരന്മാരുടെ കൊച്ചുകൊച്ചു സമൂഹങ്ങളെ അവിടവിടെ കാണാനാകൂ. ജീവൽപ്രധാനമായ എല്ലാ വ്യവസായങ്ങളും അപ്പോഴേയ്ക്കും അപ്രത്യക്ഷമായിക്കാണും. മുഖ്യ ആഹാരപദാർത്ഥങ്ങളും പകുതി മാനുഫാക്ചർ ചെയ്യപ്പെട്ട സാമഗ്രികളും കപ്പമായി ഏഷ്യയിൽനിന്നും ആഫ്രിക്കയിൽ നിന്നും പ്രവഹിച്ചുകൊണ്ടിരിക്കും….. പാശ്ചാത്യരാഷ്ട്രങ്ങളുടെ, ഇന്നുള്ളതിലും വിപുലമായ ഒരു സഖ്യം –- വൻകിടശക്തികളുടെ ഒരു യൂറോപ്യൻ ഫെഡറേഷൻ – രൂപമെടുക്കാനുള്ള സാധ്യതയെക്കുറിച്ച് ഞങ്ങൾ മുൻകൂട്ടിത്തന്നെ സൂചന നല്ലിയിട്ടുണ്ട്. അത്തരമൊരു സഖ്യം ലോക നാഗരികതയെ മുന്നോട്ടുകൊണ്ടുപോകുന്നതിനുപകരം പാശ്ചാത്യ ഇത്തിക്കണ്ണി ജീവിതമെന്ന വമ്പിച്ച ഒരു ആപത്തും വിളിച്ചുവരുത്തിയേക്കാനാണിടയുള്ളത്; സംഭവിക്കാനിടയുള്ളതിതാണ്. വ്യാവസായികമായി മുന്നേറിയിട്ടുള്ള ഒരു സംഘം രാജ്യങ്ങൾ; അവയിലെ ഉപരിവർഗങ്ങൾക്കാകട്ടെ ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നും കപ്പമായി ഭീമമായ തുക ലഭിക്കുന്നു. അനുസരണയുള്ള വമ്പിച്ച ഒരു പരിവാര ഗണത്തെ പുലർത്താൻ ഈ തുക വിനിയോഗിക്കപ്പെടുന്നു. ഇവരാണെങ്കിൽ കൃഷിയും മാനുഫാക്‌ചറും സംബന്ധിച്ച ജീവൽപ്രധാനമായ വ്യവസായങ്ങളിൽ ഏർപ്പെടുന്ന പതിവു നിർത്തിയിരിക്കുകയാണ്. പകരം പുതുതായി സൃഷ്ടിക്കപ്പെടുന്ന പ്രഭുകുബേരന്മാരുടെ ചൊല്പടിയിൽ, അവരുടെ സ്വകാര്യാവശ്യങ്ങൾ നിറവേറ്റിക്കൊണ്ടോ തുച്ഛമായ വ്യാവസായികജോലികളിലേർപ്പെട്ടുകൊണ്ടോ കഴിയുന്നു. ഇങ്ങനെയൊരു സിദ്ധാന്തം” (സാധ്യതയെന്നായിരുന്നു പറയേണ്ടിയിരുന്നത്) ‘‘പരിഗണനാർഹമല്ലെന്നു പറഞ്ഞ് തള്ളിക്കളയുന്നവർ ഈ പതനത്തിൽ ഇന്നുതന്നെ എത്തിക്കഴിഞ്ഞിരിക്കുന്ന ദക്ഷിണ ഇംഗ്ലണ്ടിലെ ജില്ലകളിലെ സാമ്പത്തിക-–സാമൂഹ്യസ്ഥിതിഗതികൾ പരിശോധിച്ചുനോക്കട്ടെ. അതുപോലുള്ള പണമിടപാടുകാരുടേയും നിക്ഷേപകരുടേയും (ഓഹരിക്കാരുടേയും) സർക്കാരുദ്യോഗസ്ഥന്മാരുടേയും ബിസിനസ്സ് പ്രമാണിമാരുടേയും സാമ്പത്തികനിയന്ത്രണത്തിൻകീഴിൽ ചൈനയെ അധീനപ്പെടുത്തുകയും അങ്ങനെ യൂറോപ്പിനെ പോറ്റുന്നതിനു വേണ്ടി ലോകം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവുമധികം സാധ്യതകളുള്ള ആദായക്കലവറ ചോർത്തിയെടുക്കുകയും ചെയ്യുന്നപക്ഷം ഇന്ന് ഇംഗ്ലണ്ടിന്റെ തെക്കൻ ജില്ലകളിലുള്ള സ്ഥിതി വളരെയേറെ വ്യാപൃതമാകാൻ സാധ്യതയുണ്ടെന്ന കാര്യം അവർ ചിന്തിച്ചുനോക്കട്ടെ. സ്ഥിതിഗതികൾ അങ്ങേയറ്റം സങ്കീർണ്ണവും ലോകശക്തികളുടെ നീക്കങ്ങൾ തികച്ചും നിർണ്ണയാതീതവുമായിരിക്കുന്നതുകൊണ്ട് ഭാവിയെപ്പറ്റിയുള്ള ഇത്തരമൊരു വ്യാഖ്യാനം – അല്ലെങ്കിൽ മറ്റേതെങ്കിലും വ്യാഖ്യാനം – തികച്ചും സംഭാവ്യമാണെന്നു പറയുകവയ്യ. എങ്കിൽക്കൂടി, പശ്ചിമ യൂറോപ്പിലെ സാമ്രാജ്യത്വത്തെ ഇന്ന് നിയന്ത്രിക്കുന്ന സ്വാധീനശക്തികൾ ഈ വഴിക്കാണ് നീങ്ങുന്നത്. അവയെ ചെറുക്കുകയോ തിരിച്ചുവിടുകയോ ചെയ്തില്ലെങ്കിൽ അത്തരമൊരു അവസാനത്തിലേ അവ ചെന്നെത്തൂ’’.

ഈ ‘‘ചെറുത്തുനിൽപും ” വിപ്ലവകാരിയായ തൊഴിലാളിവർഗത്തിനെക്കൊണ്ടു മാത്രമേ കഴിയൂ എന്നും ഒരു സാമൂഹ്യവിപ്ലവത്തിന്റെ രൂപത്തിൽ മാത്രമേ അതു സാധ്യമാകൂ എന്നും സാമൂഹ്യമിതവാദിയായ ഹോബ്സൺ കാണുന്നില്ല. ഹോബ്സൺ ഒരു സാമൂഹ്യ മിതവാദിമാത്രമാണ് ! എന്നിരുന്നാൽപ്പോലും, ‘‘യൂറോപ്യൻ ഐക്യനാടുക”ളുടേയും (കൗട്സ്കിപക്ഷക്കാരനായ ട്രോട്‌സ്കി ഇതൊന്നു ശ്രദ്ധിക്കണേ !) വിവിധരാജ്യങ്ങളിലെ വഞ്ചകരായ കൗട്സ്കിപക്ഷക്കാർ ഇപ്പോൾ മറച്ചുവയ്ക്കുന്ന എല്ലാ സംഗതികളുടേയും- അതായത്, ഏഷ്യയുടേയും ആഫ്രിക്കയുടേയും മുതുകിൽ ഒരു സാമ്രാജ്യത്വയൂറോപ്പ് സ്ഥാപിക്കാൻവേണ്ടിത്തന്നെയാണ് അവസരവാദികൾ (സാമൂഹ്യ സങ്കുചിതവാദികൾ) സാമ്രാജ്യത്വ ബൂർഷ്വാസിയുമായി കൈകോർത്തു പ്രവർത്തിക്കുന്നതെന്നും, വസ്തുനിഷ്ഠമായി നോക്കിയാൽ അവസരവാദികൾ പെറ്റി ബൂർഷ്വാസിയുടെ ഒരു വിഭാഗവും സാമ്രാജ്യവാദികളുടെ അമിതലാഭത്തിൽനിന്നും കോഴ വാങ്ങിക്കൊണ്ട് മുതലാളിത്തത്തിന്റെ കാവൽനായ്ക്കളും തൊഴിലാളിപ്രസ്ഥാനത്തെ ദുഷിപ്പിക്കുന്നവരുമായി മാറിക്കഴിഞ്ഞ, തൊഴിലാളിവർഗത്തിന്റെ ഒരു പ്രത്യേകവിഭാഗവുമാ ണെന്നുമുള്ള വസ്തുതയുടെ – അർത്ഥവും പ്രാധാന്യവും കാണാനുള്ള അന്തർദൃഷ്ടി 1902-ൽത്തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.

സാമ്രാജ്യത്വ ബൂർഷ്വാസിയും തൊഴിലാളിപ്രസ്ഥാനത്തിൽ (ഏറെ കാലത്തേക്ക് ?) വിജയം നേടിയിട്ടുള്ള അവസരവാദവും തമ്മിലുള്ള ഏറ്റവും അഗാധമായ ഈ ബന്ധത്തെ, അതായത് സാമ്പത്തികബന്ധ ത്തെ, ഞങ്ങൾ പലവുരു ലേഖനങ്ങളിലൂടെയും പാർട്ടിപ്രമേയങ്ങൾ മുഖേനയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിൽനിന്നും, സാമൂഹ്യസങ്കുചിതവാദികളുമായി ഭിന്നിപ്പ് അനിവാര്യമാണെന്ന നിഗമനത്തിലാണ് ഞങ്ങൾ ചെന്നെത്തിയതെന്നുകൂടി ഇടയ്ക്കു പറഞ്ഞുകൊള്ളട്ടെ. നമ്മുടെ കൗട്സ്കിപക്ഷക്കാരാണെങ്കിൽ ആ പ്രശ്നത്തിൽനിന്നും ഒഴിഞ്ഞുമാറാനാണിഷ്ടപ്പെട്ടത് ! ഉദാഹരണത്തിന് മാർത്തൊവ് തന്റെ പ്രസംഗങ്ങൾക്കിടയിൽ തട്ടിവിട്ട ഒരു വാദം സംഘടനാക്കമ്മിറ്റിയുടെ വിദേശസെക്രട്ടറിയറ്റ് പുറപ്പെടുവിക്കുന്ന ബുള്ളറ്റിനിൽ (ലക്കം 4, ഏപ്രിൽ 10, 1916) പ്രകാശിപ്പിച്ചത് ഈ വിധത്തിലാണ്:

…… ‘‘മിക്കവാറും ‘ബുദ്ധിജീവി’കളോളം തന്നെ മാനസികവളർച്ച പ്രാപിച്ചവരും അങ്ങേയറ്റം സമർത്ഥരുമായ തൊഴിലാളികളുടെ ഗ്രൂപ്പുകൾ വിപ്ലവസോഷ്യൽഡെമോക്രസിയിൽനിന്നും അവസരവാദത്തിലേക്ക് വഴുതിപ്പോവുകയെന്നതാണു വിധിയെങ്കിൽ അതു പരിതാപകരമായ, സത്യത്തിൽ അങ്ങേയറ്റം നിരാശാജനകമായ, ഒരു പതനത്തിലാകും…’’

‘‘വിധിയെങ്കിൽ’’ എന്ന നിരർത്ഥകമായ വാക്കുപയോഗിക്കുകയും അല്പം ചെപ്പടിവിദ്യ കാണിക്കുകയും ചെയ്തുകൊണ്ട്, തൊഴിലാളികളുടെ ഏതാനും ഗ്രൂപ്പുകൾ അവസരവാദത്തിലേക്കും സാമ്രാജ്യത്വ ബൂർഷ്വാസിയുടെ പക്ഷത്തേക്കും വഴുതിമാറിക്കഴിഞ്ഞിരിക്കുന്നുവെന്ന പരമാർത്ഥത്തിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ! ഈ പരമാർത്ഥത്തിൽനിന്നുതന്നെയാണ് സംഘടനാക്കമ്മിറ്റിയിലെ താർക്കികർ ഒഴിഞ്ഞുമാറാനാഗ്രഹിക്കുന്നത് ! കൗട്സ്കിപക്ഷക്കാരനായ ഹിൽ ഫെർഡിംഗും മറ്റുപലരും വിളംബരം ചെയ്യുന്ന ‘‘ഔദ്യോഗിക ശുഭാപ്തി വിശ്വാസം’’ പ്രകടിപ്പിക്കുന്നതിൽ സ്വയം ഒതുങ്ങിനിൽക്കുകമാത്രമാണവർ ചെയ്യുന്നത്: തൊഴിലാളിവർഗൈക്യം കൈവരികയും വിപ്ലവപ്രവണത വിജയിക്കുകയും ചെയ്യുമെന്നതിനും വസ്തുനിഷ്ഠമായ സാഹചര്യങ്ങൾ ഉറപ്പുനൽകുന്നു ! ഞങ്ങൾ, സത്യമായും, തൊഴിലാളിവർഗത്തെ സംബന്ധിച്ചിടത്തോളം ‘‘ശുഭാപ്തിവിശ്വാസി’ ‘കളാണ്!

എന്നാൽ യഥാർത്ഥത്തിൽ ഈ കൗട്‌സ്കിപക്ഷക്കാരുടെയെല്ലാം – ഹിൽഫെർഡിങ്ങിന്റേയും സംഘടനാക്കമ്മിറ്റിയുടെ അനുകൂലികളുടേയും മാർത്തൊവ് പ്രഭൃതികളുടേയുമെല്ലാം- ശുഭാപ്തിവിശ്വാസം അവസരവാദത്തെസംബന്ധിച്ചാണ്. അതാണു പ്രധാനസംഗതി!

തൊഴിലാളിവർഗം മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്- – യൂറോപ്യൻ മുതലാളിത്തത്തിന്റെയോ സാമ്രാജ്യത്വമുതലാളിത്തത്തിന്റെയോ മാത്രമല്ല ലോകമുതലാളിത്തത്തിന്റെയും സൃഷ്ടിയാണ്. ലോകവ്യാപകമായ തോതിലെടുക്കുകയാണെങ്കിൽ അമ്പതുകൊല്ലങ്ങൾക്കിപ്പുറമോ അപ്പുറമോ – ലോകവ്യാപകമായ തോതുവെച്ചുനോക്കുമ്പോൾ ഇതൊരു നിസ്സാരസംഗതിയാണ് – ‘‘തൊഴിലാളിവർഗ്ഗം’’ തീർച്ചയായും യോജിക്കുക‘‘തന്നെ ചെയ്യും’’. അതിനുള്ളിൽ വിപ്ലവസോഷ്യൽ ഡെമോക്രസി ‘‘അനിവാര്യമായും’’ വിജയിക്കുകയും ചെയ്യും. പക്ഷേ, അല്ലയോ കൗട്‌സ്കിപക്ഷക്കാരേ, പ്രശ്നമതല്ല. ഒരു വർഗമെന്ന നിലയ്ക്ക് തൊഴിലാളിവർഗവുമായി യാതൊരു ബന്ധവുമില്ലാതിരിക്കുകയും ബൂർഷ്വാസിയുടെ സേവകന്മാരും എജന്റന്മാരുമായി വർത്തിക്കുകയും അതിന്റെ സ്വാധീനം പ്രചരിപ്പിക്കുകയും ചെയ്യുന്ന അവസരവാദികളുടെ ചെരിപ്പു നക്കുകയാണു നിങ്ങൾ ചെയ്യുന്നത്; തൊഴിലാളിപ്രസ്ഥാനത്തിൽനിന്നും അവരെ ആട്ടിപ്പായിച്ചില്ലെങ്കിൽ അതൊരു ബൂർഷ്വാതൊഴിലാളിപ്രസ്ഥാനമായിത്തന്നെ കഴിയും. അതാണു പ്രശ്നം. വസ്തുനിഷ്ഠമായിപറയുകയാണെങ്കിൽ, ലേഗീന്മാരോടും ഡാവിദുമാരോടും പ്ലെഖനോവ്മാരോടും ഛെൻകേലിമാരോടും പൊത്രേസൊവ്മാരോടും അതുപോലുള്ള അവസരവാദികളോടും ‘‘യോജിക്കണ’’മെന്നു വാദിക്കുന്നതിൽക്കൂടി, തൊഴിലാളിപ്രസ്ഥാനത്തിനകത്തെ തങ്ങളുടെ ഏറ്റവും നല്ല ഏജന്റുമാരുടെ സഹായത്തോടെ സാമ്രാജ്യത്വബൂർഷ്വാസി തൊഴിലാളികളെ അടിമപ്പെടുത്തുന്നതിനെ നിങ്ങൾ സാധൂകരിക്കുകയാണ് ചെയ്യുന്നത്. ലോകവ്യാപകമായ തോതിൽ വിപ്ലവസോഷ്യൽ ഡെമോക്രസി വിജയം കൈവരിക്കുമെന്നതും തികച്ചും അനിവാര്യമാണ്. പക്ഷേ,അതിപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നതും മേലാൽ നീങ്ങുന്നതും, അതിപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്നതും മേലാൽ മുന്നേറുന്നതും, നിങ്ങൾക്കെതിരായിട്ടായിരിക്കും. അതു കൈവരിക്കുന്നത് നിങ്ങളുടെ മേലുള്ള ഒരു വിജയമായിരിക്കും.

1914-–16-ൽ ലോകമാസകലം വ്യക്തമായി തെറ്റിപ്പിരിഞ്ഞ, ഇന്നത്തെ തൊഴിലാളിപ്രസ്ഥാനത്തിൽക്കാണുന്ന ഈ രണ്ടു പ്രവണതകൾ – രണ്ടു പാർട്ടികൾ എന്നുപോലും വേണമെങ്കിൽ പറയാം – എത്രയോ ദശാബ്ദങ്ങളായി (ഏകദേശം 1858 മുതൽ 1892 വരെ) ഇംഗ്ലണ്ടിൽ വളർന്നുവന്നതെങ്ങനെയെന്നു മാർക്സും എംഗൽസും രേഖപ്പെടുത്തിയിട്ടുണ്ട്.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + eighteen =

Most Popular