Friday, May 17, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍പി കെ കുഞ്ഞനന്തൻനായർ: ആദ്യ ബാലസംഘം സെക്രട്ടറി

പി കെ കുഞ്ഞനന്തൻനായർ: ആദ്യ ബാലസംഘം സെക്രട്ടറി

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ ‐ 19

തിനാറാം വയസ്സിൽ പാർട്ടി അംഗത്വം ലഭിക്കുകയും പതിനേഴാം വയസ്സിൽ പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിൽ പ്രതിനിധിയാവുകയുംചെയ്ത പി.കെ.കുഞ്ഞനന്തൻനായർ പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് ഒളിപ്രവർത്തനരംഗത്തെ പ്രധാന കണ്ണിയായിരുന്നു. പ്രൈമറി സ്കൂൾ വിദ്യാർഥിയായിരിക്കെ സ്കൂൾ പ്രധാനാധ്യാപകനായ ടി.സി.നാരായണൻ നമ്പ്യാരുടെ വീട്ടിൽ ട്യൂഷന് പോകുമായിരുന്നു കുഞ്ഞനന്തൻ. ഒരുദിവസം ട്യൂഷനുപോയപ്പോൾ അവിടെ ഒരതിഥിയുണ്ടായിരുന്നു. അയാൾ ഒരു തോർത്തുടുത്ത് പായയിൽ ഇരിക്കുകയാണ്. മുണ്ടും കുപ്പായവും അലക്കി ഉണക്കാനിട്ടിരിക്കുകയായിരുന്നു. ടി.സി തന്റെ കുട്ടികളെ അയാൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അയാൾ പറഞ്ഞു, ‘ഞാൻ പി.കൃഷ്ണപിള്ള. നിങ്ങളെയൊക്കെ കാണാൻ വന്നതാണ്’. ടി.സി.പറഞ്ഞു, ഇന്ന് കൃഷ്ണപിളളയാണ് ക്ലാസെടുക്കുക. അദ്ദേഹം മുണ്ടും ഷർട്ടും ധരിച്ച് കുട്ടികൾക്കരികിൽവന്നു. നാഷണൽ ഫ്രണ്ട് എന്ന മാസികയെടുത്ത് അതിൽ സോവിയറ്റ് യൂണിയനിലെ കുട്ടികളെക്കുറിച്ച്, അവരുടെ സംഘടനയായ യങ്ങ് പയനിയറിനെക്കുറിച്ച് വന്ന ലേഖനം വായിച്ച് വിശദീകരിക്കുകയായിരുന്നു. സാമ്രാജ്യത്വത്തിനെതിരെ ലോകമെങ്ങും സമരങ്ങൾ നടക്കുകയാണ്, കുട്ടികളും അതിൽ പങ്കുവഹിക്കുന്നു, നമുക്കും കുട്ടികളുടെ സംഘടന വേണം. കൃഷ്ണപിള്ള പ്രസംഗം അവസാനിപ്പിച്ചശേഷം ഭഗത് സിങ്ങിനെക്കുറിച്ചുള്ള ഒരു പുസ്തകവും ജയപ്രകാശ് നാരായണന്റെ സോഷ്യലിസം എന്തിന് എന്ന പുസ്തകവും കുഞ്ഞനന്തന് വായിക്കാൻ നൽകി. അതായിരുന്നു തുടക്കം.

ഏതാനും മാസത്തിനുശേഷം കുഞ്ഞനന്തന് കൃഷ്ണപിള്ളയുടെ ഒരു കത്ത് കിട്ടുന്നു. കല്യാശ്ശേരി യുവജനവായനശാലയിൽ കുട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. അതിൽ പങ്കെടുക്കണം. കുഞ്ഞനന്തൻ നാറാത്തുനിന്ന് കല്ലൂരിക്കടവ് കടന്ന് രണ്ടുമണിക്കൂറോളം നടന്ന് ആ യോഗത്തിനെത്തുന്നു. ചിറക്കൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരു ഡസനോളം കുട്ടികൾ അവിടെ കൂടിയിട്ടുണ്ട്. പി കൃഷ്ണപിള്ളയും കേരളീയനും അവിടെയുണ്ട്. ആ യോഗത്തിൽവെച്ച് പത്തൊമ്പതുകാരനായ ഇ.കെ.നായനാർ പ്രസിഡന്റും പതിമൂന്നുകാരനായ കുഞ്ഞനന്തൻ സെക്രട്ടറിയുമായി ബാലഭാരതസംഘം രൂപീകരിച്ചു. ആ യോഗത്തിന്റെ തീരുമാനപ്രകാരം 1938 ഡിസംബർ 8ന് കല്ല്യാശ്ശേരിയിൽവെച്ച് ചിറക്കൽ താലൂക്ക് ബാലഭാരതസംഘം സമ്മേളനം നടത്തിയപ്പോൾ പങ്കെടുത്തത് നാനൂറോളം കുട്ടികളാണ്. കേരളീയൻ, ഭാരതീയൻ, എൻ.സി.ശേഖർ, എ.വി.കുഞ്ഞമ്പു തുടങ്ങിയ നേതാക്കളാണ് പ്രസംഗിച്ചത്. ബക്കളത്ത് 1939 ഏപ്രിലിൽ നടന്ന പത്താം കേരളരാഷ്ട്രീയസമ്മേളനത്തിന്റെ പ്രചരണത്തിനായി ഇ.കെ.നായനാരുടെയും കുഞ്ഞനന്തന്റെയും നേതൃത്വത്തിൽ ചിറക്കൽ താലൂക്കിലാകെ മൂന്നുദിവസത്തെ ജാഥ പര്യടനം നടത്തുകയുണ്ടായി. ബാലഭാരതസംഘം സെക്രട്ടറിയായിരിക്കെയാണ് 1940ൽ പി.സുന്ദരയ്യയുടെ കൂടെ യാത്രചെയ്യാൻ കുഞ്ഞനന്തന്‌ അവസരം ലഭിച്ചത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവൽക്കരണത്തിന്റെ ചുമതല സുന്ദരയ്യക്കും എസ്.വി.ഘാട്ടെയ്ക്കുമായിരുന്നു. സുന്ദരയ്യ ഒരു ദിവസം കണ്ണൂരിലെത്തി. അദ്ദേഹത്തെ അനുഗമിക്കാൻ നേതാക്കളെയാരെയും ചുമതലപ്പെടുത്താനാവുമായിരുന്നില്ല. നിരോധനമുള്ള കാലമാണ്. പിന്നെ ഇംഗ്ലീഷ് നന്നായി അറിയുന്ന ആളുമാകണം. സുന്ദരയ്യ ഒരു സൈക്കിളിലാണ് സഞ്ചരിക്കുന്നത്. അതിന്റെ പിന്നിൽ വഴികാട്ടിയും രക്ഷാ വോളന്റിയറുമായി പതിനഞ്ചുകാരനായ കുഞ്ഞനന്തൻ. ചെറുമാവിലായിയിലെ നല്ലക്കണ്ടി പൊക്കന്റെ വീട്ടിലേക്കാണവർ ആദ്യം പോയത്. അവിടെ ആരാണ് ഒളിവിൽ കഴിയുന്നതെന്ന് കുഞ്ഞനന്തന് അറിയില്ല. ഇ.എം.എസ്സായിരുന്നു അവിടെ ഒളിവിലുണ്ടായിരുന്നതെന്ന് മനസ്സിലാക്കുന്നത് പിന്നീടാണ്. ഇ.എം.എസ്സിനെ ഒളിവിൽ കഴിയുന്ന വീട്ടിൽ കാണാൻ പോയതും കുഞ്ഞനന്തൻ എന്ന കുട്ടി വഴികാട്ടിയായതും സുന്ദരയ്യ ‘വിപ്ലവപ്പാതയിൽ എന്റെ യാത്ര’ എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട്.

1942നു ശേഷം ജാപ്പുവിരുദ്ധമേളക്കാലത്ത് ബാലഭാരതസംഘം ജാപ്പുവിരുദ്ധ ബാലഭാരതസംഘം എന്ന പേരിൽ മലബാറിലാകെ പ്രവർത്തനം വ്യാപിപ്പിച്ചു. അക്കാലത്ത് കോഴിക്കോട്ടെ പാർട്ടി കമ്യൂണിൽ സി.ഉണ്ണിരാജ, എം.എസ്. ദേവദാസ് എന്നിവരോടൊപ്പം കുറെക്കാലം താമസം. എന്നാൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പാർട്ടി പങ്കെടുക്കാത്തത് പാർട്ടിക്കകത്ത് വലിയ ആശയക്കുഴപ്പവും വിഭാഗീയതയുമുണ്ടാക്കിയതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റിയെ സെക്രട്ടറി പി.കൃഷ്ണപിളള സ്വന്തംനിലയ്ക്ക് പിരിച്ചുവിട്ടത് കോഴിക്കോട്ടെ കമ്യൂൺ പ്രവർത്തനത്തെ ബാധിച്ചു. മുഴുവൻ സമയപ്രവർത്തകരിൽ പലരും ജോലി തേടിപ്പോകുന്ന സ്ഥിതിവരെയുണ്ടായി. ഈ ഘട്ടത്തിൽ കുഞ്ഞനന്തൻ സി.ജെ. തോമസ്സിന്റെ സഹായത്തോടെ തിരുവനന്തപുരത്തുപോയി ഒരു ട്യൂട്ടോറിയലിൽ ചേർന്ന് മൂന്നുമാസം പഠിച്ച് കേംബ്രിഡ്ജ് സീനിയർ എന്ന പരീക്ഷയെഴുതി. ക്വിറ്റ് ഇന്ത്യാ സമരത്തിൽനിന്ന് പാർട്ടി വിട്ടുനിന്നിരുന്നെങ്കിലും അന്ന് ചിറക്കൽ രാജാസ് ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന കുഞ്ഞനന്തൻ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായ പിക്കറ്റിങ്ങിൽ സഹവിദ്യാർഥികളോടൊപ്പം പങ്കെടുത്ത് അറസ്റ്റുവരിച്ചിരുന്നു. അതിനെ തുടർന്ന് സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ടതിനാൽ മെട്രിക്കുലേഷൻ പൂർത്തിയാക്കാനായിരുന്നില്ല. സോഷ്യലിസ്റ്റായ അരുണാ ആസഫലി മലബാർ പര്യടനത്തിനിടയിൽ കുഞ്ഞനന്തന്റെ സഹോദരിയുടെ വീട്ടിലാണ് ഒരുദിവസം താമസിച്ചത്. അവരുടെ ദീർഘനേരത്തെ വിശദീകരണമാണ് ക്വിറ്റ് ഇന്ത്യാ സമരത്തിൽ അണിചേരുന്നതിലേക്ക് നയിച്ചത്.

തിരുവനന്തപുരത്ത് പാർട്ടിയുടെ തിരുവിതാംകൂർ കമ്മിറ്റി ഓഫീസിൽ താമസിച്ച് മൂന്നുമാസത്തെ കേംബ്രിഡ്ജ് സീനിയർ കോഴ്സ് പൂർത്തിയാക്കി തിരിച്ചുനാട്ടിലേക്ക് വരുന്നതിനിടയിൽ ചെറുതുരുത്തിയിൽ വള്ളത്തോൾ ഭവനത്തിൽ ഒരുദിവസം താമസം. പി.കൃഷ്ണപിള്ളയും അവിടെയുണ്ട്. അന്ന് കൃഷ്ണപിള്ള നിർദേശിച്ചത് വീട്ടിലേക്കു പോകുകയല്ല വേണ്ടത്, റോയൽ ഇന്ത്യൻ നേവിയിൽ ചേരുകയാണ് വേണ്ടതെന്നാണ്‌. യുദ്ധകാലമായതിനാൽ സ്ഥിരം റിക്രൂട്ട്മെന്റുണ്ട്. പാർട്ടിക്കാരെ ചേർക്കുന്നതിന് രഹസ്യമായ സംവിധാനമുണ്ടായിരുന്നു അക്കാലത്ത്. കൃഷ്ണപിളളയുടെ നിർദേശാനുസരണം എല്ലാ ഏർപ്പാടുകളും ചെയ്തിരുന്നു. റോയൽ ഇന്ത്യൻ നേവിയിൽ ക്ലർക്കായി കുഞ്ഞനന്തൻ ചേർന്നു. പാർട്ടി ഏൽപിച്ച ചുമതലകൾ രഹസ്യമായി നിർവഹിക്കണം. എന്നാൽ മൂന്നുമാസത്തിനകംതന്നെ കുഞ്ഞനന്തന്റെ രഹസ്യപ്രവർത്തനം പിടിക്കപ്പെട്ടു. പിരിച്ചുവിടപ്പെട്ട ഉടനെതന്നെ പാർട്ടിയുടെ ബോംബെയിലുള്ള കേന്ദ്ര കമ്മിറ്റി ഓഫീസിലെത്തി. മോഹൻ കുമരമംഗലത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് ഇൻഫർമേഷൻ ബ്യൂറോവിൽ നിയമിതനായി. ജനറൽ സെക്രട്ടറി പി.സി.ജോഷി, ജി.അധികാരി, ബി.ടി.ആർ, നിഖിൽ ചക്രവർത്തി എന്നിവരെല്ലാം താമസിക്കുന്ന പാർട്ടി കമ്മ്യൂണിൽ താമസം. ബോംബെയിൽ 1946 ഫെബ്രുവരി 18 മുതൽ 23വരെ നടന്ന നാവികകലാപത്തിൽ പാർട്ടിക്ക് വലിയ പങ്കുണ്ടായിരുന്നു. നാവികകലാപകാലത്ത് വിവരവിനിമയത്തിന്റെ ചുമതല വഹിച്ചവരിലൊരാൾ കുഞ്ഞനന്തനാണ്. പാർട്ടി ജനറൽ സെക്രട്ടറിയും മറ്റും നൽകുന്ന കുറിപ്പുകൾ സേനയിലെ പ്രധാനപ്രവർത്തകർക്ക് എത്തിച്ചുകൊടുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പൊതുയോഗങ്ങളിൽ ആദ്യമായി മൈക്ക് പ്രവർത്തിപ്പിച്ചത് കുഞ്ഞനന്തനാണ്. നാവികസേനയിൽനിന്ന് പിരിച്ചുവിടപ്പെട്ടശേഷം രണ്ട് വർഷം പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിൽ പ്രവർത്തിച്ച കുഞ്ഞനന്തൻ 1946‐ലെ മദ്രാസ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് രണ്ട് മൈക്ക് സെറ്റുകളുമായി കേരളത്തിലേക്ക് തിരിച്ചുവരുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റി ബോംബെയിൽനിന്ന് വാങ്ങിയതാണ് മൈക്ക്സെറ്റ്. ഒന്ന് മലബാറിലേക്കും ഒന്ന്‌ തിരുവിതാംകൂറിലേക്കും. 1946‐ലെ മദിരാശി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് മൈക്ക്സെറ്റ് വാങ്ങിയത്. മൈക്ക് പ്രവർത്തിപ്പിക്കാൻ അറിയുന്നത് കുഞ്ഞനന്തന് മാത്രമായിരുന്നതിനാൽ യോഗങ്ങൾക്ക് അദ്ദേഹമാണ് മൈക്കുമായി പോയത്. നിരവധി പേർ താങ്ങിപ്പിടിച്ചാണ് മൈക്ക് കൊണ്ടുപോവുക. ആദ്യം ഉപയോഗിച്ചത് മദിരാശി നിയമസഭയിലേക്ക് മത്സരിക്കുന്ന കെ.പി.ഗോപാലന്റെ പ്രചരണത്തിനാണ്. പിന്നീട് രണ്ടുപേരെക്കൂടി പരിശീലിപ്പിച്ചു. 1946‐ അവസാനം ജയിൽമോചിതനായ കെ.പി.ആറിന് നാടെങ്ങും സ്വീകരണം നൽകപ്പെട്ടു. അതിലെല്ലാം മൈക്കുമായിപോയത് കുഞ്ഞനന്തനാണ്‌. അക്കാലത്ത് മൈക്ക് കുഞ്ഞനന്തൻ എന്ന പേരിലാണദ്ദേഹം അറിയപ്പെട്ടത്. 1948ൽ തിരുവിതാംകൂർ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പ്രചരണത്തിനായി മൈക്കുമായി പോയതും കുഞ്ഞനന്തനായിരുന്നു. പത്തനാപുരത്ത് പി.ടി.പുന്നൂസ്, ആലപ്പുഴയിൽ ടി.വി.തോമസ്, ചേർത്തലയിൽ കെ.ആർ. ഗൗരി എന്നിവരുടെ പ്രചരണത്തിന്. യോഗങ്ങളിൽ മൈക്ക് ഓപ്പറേറ്ററായി പ്രവർത്തിക്കുമ്പോൾ നേതാക്കളുടെ പ്രസംഗം എഴുതിയെടുത്ത് ദേശാഭിമാനിയിലേക്കയയ്‌ക്കണമെന്ന് എം.എസ്. ദേവദാസ് നിർദേശിച്ചതനുസരിച്ച് ആ പ്രവർത്തനവും തുടങ്ങി. പിൽക്കാലത്ത് ബെർലിൻ കുഞ്ഞനന്തൻ നായരെന്നറിയപ്പെട്ട പത്രപ്രവർത്തകന്റെ തുടക്കം അവിടെനിന്നാണ്. അതിനുമുമ്പ് ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും പത്രപ്രവർത്തനവുമായി ബന്ധപ്പെട്ടിരുന്നില്ല.

അതിനിടെ കൽക്കത്താ തീസിസിനെ തുടർന്ന് പാർട്ടി നിയമവിരുദ്ധമാക്കപ്പെട്ടപ്പോൾ ഒളിവിൽ പ്രവർത്തിക്കുന്ന നേതാക്കളെ കൂട്ടിയോജിപ്പിക്കുന്നതിനും രഹസ്യകേന്ദ്രങ്ങൾ തമ്മിൽ ബന്ധമുണ്ടാക്കുന്നതിനും രൂപീകരിച്ച ടെക് സംഘടനയിലായി കുഞ്ഞനന്തന്റെ പ്രവർത്തനം. നിഖിൽ ചക്രവർത്തിയാണ് ടെക് സംഘടനയ്‌ക്ക് ദേശീയതലത്തിൽ നേതൃത്വം നൽകിയവരിലൊരാൾ. പിൽക്കാലത്ത് ചിന്ത പത്രാധിപസമിതി അംഗമായ കൊച്ചനുജ പിഷാരടി, കുഞ്ഞനന്തൻ നായർ, കെ.പി.നാണു, എം. പത്മനാഭൻ എന്ന പപ്പുവേട്ടൻ എന്നിവരാണ് കേരളത്തിൽ ടെക്സംഘടനയുടെ ഭാഗമായി രഹസ്യപേരിൽ പ്രവർത്തിച്ചത്. തമ്പാൻ എന്ന രാവുണ്ണിനായരാണ് ടെക് തലവൻ. കൽക്കത്തയിൽ നടന്ന രണ്ടാം കോൺഗ്രസ്സിലേക്ക് കേരളത്തിൽനിന്നുള്ള നേതാക്കളെ എത്തിച്ചതും തിരിച്ചെത്തിച്ചതും ഈ സംഘത്തിൽപ്പെട്ടവരാണ്. രണ്ടാം കോൺഗ്രസ്സിനുശേഷമാണ് സുസംഘടിതമായ ടെക് സംഘടനയുണ്ടാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെക് സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിലാണ് സഹോദരിക്ക് കലശലായ രോഗം ബാധിച്ചുവെന്ന കത്തുകിട്ടിയതിനെ തുടർന്ന് കുഞ്ഞനന്തൻ രഹസ്യമായി നാട്ടിലെത്തിയത്. ചിറക്കലിൽചെന്ന് വൈദ്യരെക്കണ്ട് സഹോദരിക്ക് മരുന്നുവാങ്ങി വൈദ്യശാലയിൽനിന്നിറങ്ങുമ്പോഴേക്കും ഗുണ്ടകൾ വലയം ചെയ്യുകയും ക്രൂരമായി മർദിച്ച് പൊലീസിലേൽപ്പിക്കുകയുമായിരുന്നു. ലോക്കപ്പിൽ സർക്കിൾ ഇൻസ്പെക്ടർ റേയുടെ ക്രൂരമർദനം, തൊഴി. 12 ദിവസത്തിനുശേഷമാണ് ജാമ്യം ലഭിച്ച് ലോക്കപ്പിൽനിന്ന് പുറത്തുവന്നത്. അമ്മാവൻ ജന്മിയും കോൺഗ്രസ്സുകാരനുമായതിനാലാണ് ജാമ്യം ലഭിച്ചത്. അതിനുശേഷം വീണ്ടും രഹസ്യപ്രവർത്തനകേന്ദ്രത്തിലേക്ക് മടക്കം. ഏതാനും ദിവസത്തിനുശേഷമാണ് സ്വന്തം നാടായ കമ്പിൽ ബസാറിൽ പാർട്ടി നേതാക്കളായ ഇ.പി.കൃഷ്ണൻ നമ്പ്യാർ, ഇ.കുഞ്ഞിരാമൻ നായർ എന്നിവരെ കോൺഗ്രസ് ഗുണ്ടകൾ ആക്രമിച്ച വിവരമറിയുന്നത്. ഇ.പി.കൃഷ്ണൻ നമ്പ്യാരുടെ തലയിൽ ആസിഡൊഴിച്ചതടക്കമുള്ള സംഭവങ്ങൾ ടി.സി.നാരായണൻനമ്പ്യാരെക്കുറിച്ചുള്ള അധ്യായത്തിൽ വിവരിച്ചിരുന്നു. കമ്പിൽ സംഭവവുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസെടുത്തു. ആ ഘട്ടത്തിൽ സ്ഥലത്തില്ലാതിരുന്ന കുഞ്ഞനന്തനും പ്രതി. അദ്ദേഹത്തിന്റെ വീട് പൊലീസും ഗുണ്ടകളും കൊള്ളയടിച്ചു; ഫർണിച്ചറുകളും ഫോട്ടോകളും രേഖകളുമടക്കമുള്ളവ തകർക്കുകയോ കത്തിക്കുകയോ ചെയ്തു.

ടെക് സംഘടനയിലും കൊറിയർമാരായും പ്രവർത്തിക്കുന്നവർ തിരിച്ചറിയപ്പെടാതിരിക്കാൻ പരസ്യമായി എന്തെങ്കിലും ജോലിയിൽപ്രവേശിക്കണമെന്ന് തീരുമാനിക്കപ്പെട്ടു. കേരളത്തിൽനിന്നുള്ള ടെക്സംഘടനയിൽ പ്രവർത്തിക്കുന്നവരിൽ ഇംഗ്ലീഷും ഹിന്ദിയും നന്നായറിയുന്നത് കുഞ്ഞനന്തൻനായർക്കാണ്. അതിനാൽ കുഞ്ഞനന്തന് സ്കൂൾ അധ്യാപകജോലിക്ക് സാധ്യതയുണ്ടെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. അതിനെ തുടർന്ന് കോട്ടയത്തെ പാർട്ടി നേതാവും പിൽക്കാലത്തെ എം.എൽ.എ.യുമായ കോട്ടയം ഭാസിയുടെ സഹായത്തോടെ, ചിങ്ങവനത്തിനും ചങ്ങനാശ്ശേരിക്കും ഇടയിലുള്ള കുറിച്ചി സചിവോത്തമപുരം സംസ്കൃത സ്കൂളിൽ മറ്റൊരാളുടെ ബി.എ. സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇംഗ്ലീഷ് അധ്യാപകനായി കുഞ്ഞനന്തൻ. ഒന്നരവർഷത്തോളം നീണ്ട അധ്യാപനകാലം. സ്കൂളിലെ പ്രഥമാധ്യാപകൻ കമ്മ്യൂണിസ്റ്റുകാരനായിരുന്നതിനാലാണ് ആൾമാറാട്ടം സാധ്യമായത്. സ്കൂളിനടുത്തുള്ള ഒരു കെട്ടിടത്തിൽ സൈക്ലോസ്റ്റൈൽ മെഷിൻ സ്ഥാപിച്ച് അവിടെവെച്ച് ഇ.എം.എസ്സിന്റെയും കെ.സി.ജോർജിന്റെയും ലേഖനങ്ങളും പാർട്ടി കത്തുകളും കോപ്പിയെടുക്കുന്ന പ്രവർത്തനവും രഹസ്യമായി നടന്നു. ടെക് സംഘടനാനേതാവായ തമ്പിയും കൊച്ചനുജപിഷാരടിയുമെത്തിയാണ് ഈ പ്രവർത്തനത്തെ നയിച്ചത്.

സചിവോത്തമപുരം സ്കൂളിലെ ജോലിക്കിടയിൽ പിടിക്കപ്പെട്ടേക്കാമെന്ന സൂചന ലഭിച്ചയുടൻ പാർട്ടി നിർദേശപ്രകാരം എറണാകുളത്തേക്ക് മുങ്ങി. അവിടെ രവിപുരത്ത് ഗോവിന്ദൻകുട്ടി എന്ന വിദ്യാർഥിപ്രവർത്തകന്റെ പേരിൽ ഒരു ബ്രാഹ്മണ കുടുംബത്തിന്റെ വീടിന്റെ ഒരുമുറി വാടകയ്ക്കെടുത്ത് നാലുപേർ താമസം തുടങ്ങി. ടെക് സംഘടനാ നേതാവായ പപ്പുവേട്ടൻ, എം.എൻ.ഗോവിന്ദൻനായരുടെ അനുജൻ എം.എൻ.രാമചന്ദ്രൻനായർ, കുഞ്ഞനന്തൻനായർ എന്നിവർ. 1950 ഫെബ്രുവരി 28ന് ഇടപ്പള്ളി പൊലീസ് സ്‌റ്റേഷൻ ആക്രമണം നടക്കുന്നതുവരെ ആ മുറിയിൽ താമസിച്ച് പ്രവർത്തനം. വീട്ടുടമയായ സ്ത്രീയും പത്തുവയസ്സുള്ള കുട്ടിയും മാത്രമാണ് വീട്ടുകാരായി അവിടെയുള്ളത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം നടക്കുന്ന സമയത്ത് ബോംബെയിലായിരുന്ന കുഞ്ഞനന്തൻ ആക്രമണവിവരമറിയാതെയാണ് രവിപുരത്തെ താമസസ്ഥലത്തെത്തിയത്. മുറിയിൽ ആരുമുണ്ടായിരുന്നില്ല. പിന്നീടാണ് വിവരമറിഞ്ഞത്, എം.എൻ.രാമചന്ദ്രൻനായരെ പൊലീസ് പിടിച്ചു; പപ്പുവേട്ടൻ രക്ഷപ്പെട്ടുവെന്ന്. ഉടൻ രക്ഷപ്പെട്ടില്ലെങ്കിൽ അറസ്റ്റിലാകുമെന്നുറപ്പ്. ബോംബെയിലെ പാർട്ടി ആസ്ഥാനത്തുനിന്ന് സംസ്ഥാന പാർട്ടി കേന്ദ്രത്തിൽ ഏല്പിക്കാൻ നൽകിയ രേഖകളും മറ്റും പപ്പുവേട്ടനെ കണ്ടെത്തി ഏല്പിച്ച് ആ വീട്ടിൽത്തന്നെ തിരിച്ചെത്തുന്നു. ഏതാനുംദിവസം കഴിഞ്ഞ് അവിടുന്ന്‌ രക്ഷപ്പെടുന്നത് വീട്ടമ്മ പ്രാർഥനാഗ്രന്ഥത്തിൽ സൂക്ഷിച്ചുവെച്ച രൂപയിൽനിന്ന് പത്തുരൂപ കട്ടെടുത്തുകൊണ്ട്. മറ്റു മാർഗമില്ലാതാേേപ്പാൾ വേണ്ടിവന്നു.

കൽക്കത്താ തീസിസ് തെറ്റായിപ്പോയെന്ന് നേതൃത്വം തിരിച്ചറിഞ്ഞതോടെ ഇനിയെന്ത് എന്ന പ്രശ്‌നം വന്നപ്പോൾ സോവിയറ്റ് പാർട്ടിയുടെ, പ്രത്യേകിച്ച് സ്റ്റാലിന്റെ ഉപദേശം തേടാനായി എസ്.എ.ഡാങ്കെ, അജയഘോഷ്, എം.ബസവപുന്നയ്യ, സി.രാജേശ്വരറാവു എന്നിവർ മോസ്കോയിലേക്ക് പോയത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ പ്രധാന സംഭവമാണ്. നിരോധനകാലത്ത് എങ്ങനെപോയി, നാലുമാസം അവിടെ ചെലവഴിച്ച് എങ്ങനെ മടങ്ങി എന്ന കാര്യത്തിൽ ഔദ്യോഗികമായി വ്യക്തതയുണ്ടായിട്ടില്ല. എന്നാൽ അക്കാലത്ത് ടെക് സംഘടനയിൽ നിഖിൽ ചക്രവർത്തിയോടൊപ്പം പ്രവർത്തിക്കുകയായിരുന്ന കുഞ്ഞനന്തൻനായർ അതേക്കുറിച്ച്‌ പിൽക്കാലത്ത് എഴുതിയിരുന്നു. കൽക്കത്തയിലെ ഡംഡം ഹാർബറിൽ എത്തിയ സോവിയറ്റ് മുങ്ങിക്കപ്പലിലാണ് പോയതെന്നും. കൽക്കത്ത ഹൈക്കോടതിയിലെ അഭിഭാഷകനായ അജോയ്ദാസിന്റെ കാറിലാണ് ഹാർബറിലേക്ക് പോയതെന്നതുമടക്കമുള്ള കാര്യങ്ങളാണ് എഴുതിയത്‐1950 ഡിസംബറിൽ മോസ്‌കോയിലേക്ക്‌. പോയതും നാലുമാസം അവിടെ താമസിച്ച് ചർച്ച നടത്തി പാർട്ടിയുടെ പുതിയ നയപ്രഖ്യാപനം തയ്യാറാക്കിയതും ചരിത്രമാണ്. മറ്റു വിശദാംശങ്ങൾക്ക് സ്ഥിരീകരണമില്ല. ബി.ടി.രണദിവെയെമാറ്റി പകരം പാർട്ടി ജനറൽ സെക്രട്ടറിയായി അജയഘോഷ് വന്നപ്പോൾ സഹായിയായി കൽക്കത്തയിലും ഡൽഹിയിലും പ്രവർത്തിക്കാൻ നിയുക്തനായത് കുഞ്ഞനന്തനാണ്.

ടെക് പ്രവർത്തനത്തിൽ കുഞ്ഞനന്തൻനായരുടെ നേതാവും സഹപ്രവർത്തകനുമായ എം.പത്മനാഭൻ എന്ന പപ്പുവേട്ടൻ തലശ്ശേരിയിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. തലശ്ശേരിയിൽ ബാങ്കിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സി.എച്ച്. കണാരന്റെ നിർദേശപ്രകാരം ജോലി രാജിവെച്ച് മുഴുവൻസമയപ്രവർത്തകനാവുകയായിരുന്നു. ടെക് സംഘടനയുടെ തലവനെന്ന നിലയിൽ രാജ്യവ്യാപകമായ പ്രവർത്തനമാണദ്ദേഹം നടത്തിയത്. നിരോധനകാലത്ത് ഇ.എം.എസും കെ.സി.ജോർജുമടക്കമുള്ള ഉന്നതനേതാക്കളുടെ സംരക്ഷണ ചുമതല നിർവഹിച്ചതിൽ പപ്പുവേട്ടൻ മഹത്തരമായ പങ്കാണ് വഹിച്ചത്. പിൽക്കാലത്ത് പ്രഭാത് ബുക്ക് ഹൗസ് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. അതിന്റെ മാനേജരായും സോവിയറ്റ് നാടിന്റെ കേരളത്തിലെ ഓർഗനൈസറായും പ്രവർത്തിച്ചു. 1943ൽ അൽപകാലം ദേശാഭിമാനി മാനേജരുമായിരുന്നു.

നിരോധനകാലത്ത് ഇ.എം.എസിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചത് തലശ്ശേരി ചിറക്കര സ്വദേശി കെ.പി.നാണുവാണ്. ഇ.എം.എസ്സിന്റെ അക്കാലത്തെ ലേഖനങ്ങളെല്ലാം കേട്ടെഴുതിയെടുത്ത് ലക്ഷ്യസ്ഥാനത്തെത്തിച്ചത് നാണുവാണ്. ടെക് സംഘടനയിലെ പ്രധാന പ്രവർത്തകനായിരുന്നു നാണു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + 12 =

Most Popular