Saturday, May 4, 2024

ad

Homeസിനിമനുണകളും ഓര്‍മകളും സ്വപ്‌നത്തില്‍ നിര്‍മ്മിച്ച ഒരു ചലച്ചിത്രാഖ്യാനം

നുണകളും ഓര്‍മകളും സ്വപ്‌നത്തില്‍ നിര്‍മ്മിച്ച ഒരു ചലച്ചിത്രാഖ്യാനം

ജി പി രാമചന്ദ്രന്‍

ലൈക്കോട്ടൈ വാലിബന്‍ ഒരു “ബ്ലാക്ക് ആന്റ് വൈറ്റ്” സിനിമയല്ല. വര്‍ണ സിനിമകളാണ് മറ്റു ഭാഷകളിലെന്നതു പോലെ കുറെക്കാലമായി മലയാളത്തിലുമിറങ്ങുന്നതെങ്കിലും, നന്മ വിപരീതം തിന്മ എന്ന ദ്വന്ദ്വത്തിനായി കഥാപാത്രങ്ങളെ വേര്‍തിരിച്ചു നിര്‍ത്തി കറുപ്പിലും വെളുപ്പിലുമുള്ള കള്ളികളില്‍ പെടുത്തി അടച്ചിട്ടതിനു ശേഷം വിളയാടാന്‍ വിടുന്നതാണ് എത്രയോ കാലമായി മുഖ്യധാരാ സിനിമ അഥവാ സൂത്രവാക്യ സിനിമയുടെ രീതി. അതുകൊണ്ട് സാങ്കേതികമായി വര്‍ണചിത്രമാണെങ്കിലും അവയെയും ബ്ലാക്ക് ആന്റ് വൈറ്റ് എന്നു വിളിക്കാം. ഇത്തരത്തിലൊരു സൂത്രവാക്യത്തെ ആശ്രയിക്കുന്നില്ലെന്നു മാത്രമല്ല, നമുക്ക് കണ്ടെടുക്കാനുമില്ലാത്ത ആഖ്യാനം കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ വഴങ്ങാത്ത പ്രകൃതം മലൈക്കോട്ടൈ വാലിബനിലും തുടരുന്നത്. ആയതിനാല്‍ മലൈക്കോട്ടൈ വാലിബനെ വര്‍ണവൈവിദ്ധ്യ സിനിമ എന്ന് ഒറ്റനോട്ടത്തില്‍ നിര്‍വചിക്കാം.

നിരവധി തമിഴ് മലയാളം സിനിമകളുടെ പ്രകടമായ റഫറന്‍സുകളെ ആഖ്യാന ഗതി തന്നെയാക്കിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന വിസ്മയകരമായ സിനിമയ്ക്കു ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി മലൈക്കോട്ടൈ വാലിബന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. നന്‍പകലില്‍ മലയാളവും തമിഴും സംഭാഷണമായി വരുന്നത് കാര്യകാരണസഹിതം വേര്‍തിരിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മലൈക്കോട്ടൈയില്‍ അത്തരമൊരു വേര്‍തിരിവ് കാണാനില്ല. മലയാളവും തമിഴും ഒരേ ഭാഷ എന്ന നിലയ്ക്കാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്. കണ്‍കണ്ടത് നിജം, കാണാതത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവ്ത് നിജം എന്നിങ്ങനെ തമിഴിലുള്ള ഒരു തത്വവിചാരമാണ് നായകനായ വാലിബന്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. മലയാളത്തിനും തമിഴിനുമിടയിലെന്നതു പോലെ; അല്ലെങ്കില്‍ മലയാളവും തമിഴും കൂടിക്കലരുകയും എന്നാല്‍ അതിനപ്പുറത്തുള്ളതും ഇന്ത്യയില്‍ തന്നെയുള്ളതുമായ വിദൂരവും അജ്ഞാതവുമായ ഏതോ ഭൂപ്രകൃതിയിലാണ് കഥ നടക്കുന്നത്. ഭാഷയിലും സ്ഥലകാലത്തിലുമുള്ള ഈ തിരിമറികൊണ്ടുതന്നെ ഇതെല്ലാം നടക്കാത്ത കഥയാണെന്നു വ്യക്തം. നിജവും പൊയ് യും (വാസ്തവവും നുണയും) തമ്മിലുള്ള ഒരു കൂടുവിട്ട് കൂടുമാറല്‍ ആണ് മലൈക്കോട്ടൈയെ ഒരേസമയം സത്യസന്ധവും വ്യാജവുമാക്കുന്നത്.

നന്‍പകലില്‍ പ്രകടമായ ചലച്ചിത്ര ഓര്‍മ്മകളാണ് സമാഹരിക്കപ്പെട്ടതെങ്കില്‍, മലൈക്കോട്ടൈയിലെ സിനിമാ റഫറന്‍സുകള്‍ കണ്ടെത്തുക എന്നത് ദുഷ്‌ക്കരമാണ്. അതായത്; ഇതൊന്നും കണ്ടെത്തി പ്രയാസപ്പെടേണ്ടതില്ല എന്നാണോ അതോ കണ്ടെത്താത്തതുകൊണ്ട് എന്തെങ്കിലും പോരായ്മ സംഭവിക്കുന്നില്ല എന്നാണോ സംവിധായകന്‍ ഉദ്ദേശിച്ചതെന്നറിയില്ല. സ്ഫടികവും മലൈക്കള്ളനും വഞ്ചിക്കോട്ടൈ വാലിബനും ആയിരത്തിലൊരുവനും ഏഴൈതോഴനും ഷോലേയും മിര്‍ച്ച് മസാലയും ഗോഡ്‌സ് മസ്റ്റ് ബി ക്രേസിയും യോജിംബോയും ടു ഹാഫ് ടൈംസ് ഇന്‍ ഹെല്ലും ജോക്കറും ക്രോച്ചിംഗ് ടൈഗര്‍’ ഹിഡ്ഡണ്‍ ഡ്രാഗണും മണി ഹീസ്റ്റ് സീരീസും ആയി നിരവധി സിനിമയ്ക്കുള്ളിലെ സിനിമകള്‍ മലൈക്കോട്ടൈയില്‍ കണ്ടെത്തേണ്ടതുണ്ട്.

ജമിനി ഗണേശന്‍ നായകവേഷത്തിലും നര്‍ത്തകികളും താരങ്ങളുമായ വൈജയന്തിമാലയും പത്മിനിയും നായികവേഷങ്ങളിലുമെത്തിയ വഞ്ചിക്കോട്ടൈ വാലിബന്‍(1958), എം ജി ആറും നര്‍ത്തകിയും ഗായികയുമായ പി ഭാനുമതിയുമഭിനയിച്ച മലൈക്കള്ളന്‍(1954) എന്നീ സിനിമാ ശീര്‍ഷകങ്ങളുടെ ഒരു സംയുക്തമാണ് മലൈക്കോട്ടൈ വാലിബന്‍ എന്നു തോന്നാം. ദ് കൗണ്ട് ഓഫ് മോണ്ടെ ക്രിസ്‌റ്റോ എന്ന പ്രസിദ്ധ നോവലിനെ ആസ്പദമാക്കി ചിത്രകരിച്ചതാണ് വഞ്ചിക്കോട്ടൈ വാലിബന്‍. രാജകുടുംബത്തിലെ ചിലര്‍ ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയെ ചെറുത്ത് സേനാപതി രാജകുമാരിയെയും കുമാരനെയും ഒളിവില്‍ പാര്‍പ്പിക്കുന്നതും തിരിച്ചു വന്ന് രാജ്യത്തെ പ്രജകളുടെ സഹായത്തോടെ തിരിച്ചുപിടിക്കുന്നതുമാണ് ഇതിവൃത്തം. സേനാപതിയുടെ പുത്രന്‍ മറ്റൊരിടത്ത് ഒളിവിലിരുന്ന് ശക്തിയും പിന്തുണയും സമാഹരിച്ച് ഇതേ പ്രവൃത്തിയ്ക്ക് നേതൃത്വം കൊടുക്കുന്നു. നൃത്തങ്ങളും സംഘട്ടനങ്ങളും കുതിരയോട്ടങ്ങളും വണ്ടികളും മലകളും എല്ലാമുള്ള ഈ ചിത്രത്തിലെ പല സന്ദര്‍ഭങ്ങളുടെയും പശ്ചാത്തലങ്ങളുടെയും കഥാഗതികളുടെയും വിദൂരഛായകള്‍ മലൈക്കോട്ടൈ വാലിബനിലുമുണ്ട്. എന്നാല്‍, വഞ്ചിക്കോട്ടൈ വാലിബന്‍ അടക്കം അത്തരം നൂറുകണക്കിന് സിനിമകളിലുള്ള ഒരു പ്രധാന ഘടകം ലിജോ സംവിധാനം ചെയ്ത മലൈക്കോട്ടൈയിലില്ല. അത് ദൈവവിഗ്രഹത്തിന്റെയും സന്നിധിയുടെയും ദൃശ്യസാന്നിദ്ധ്യമാണ്. കാളിയുടെയും ശിവന്റെയും പടുകൂറ്റന്‍ പ്രതിമാവിഗ്രഹങ്ങള്‍ക്കു മുമ്പിലുള്ള ബലികളും നൃത്തങ്ങളും ഇത്തരം സിനിമകളിലുണ്ടെങ്കില്‍ അത് മലൈക്കോട്ടൈ വാലിബനില്‍ പ്രകടമാം വിധം അപ്രത്യക്ഷമായിരിക്കുന്നു.

മലൈക്കോട്ടൈയിലെ വാലിബന്‍ ഒരു സിനിമാക്കഥാപാത്രമാണെന്നത് അയാളെ കിടത്തിയും ഇരുത്തിയും കൊണ്ടുനടക്കുന്ന സിനിമയുടെ(യിലെ) പരസ്യവണ്ടിയില്‍ നിന്ന് തെളിയുന്നുണ്ട്. നാട്ടുകൊട്ടകയിലെ സിനിമ മാറുന്നതനുസരിച്ച് കാളവണ്ടിയില്‍ നാട്ടുവഴികളിലൂടെ സഞ്ചരിക്കുന്ന പരസ്യപ്രചാരണത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്നതാണ്, ‘വിരവില്‍ വരുന്നു മലൈക്കോട്ടൈ വാലിബന്‍’ എന്ന് വശങ്ങളില്‍ എഴുതി വെച്ചിരിക്കുന്നത്. ഇടയ്ക്കിടെ ചാടിയിറങ്ങുന്ന ചിന്നനും ചിലപ്പോഴൊക്കെ അയ്യനാരും മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങള്‍ വിളിച്ചുപറയുന്നതു കാണുമ്പോള്‍, പുതുതായി കൊട്ടകയില്‍ കളിച്ചു തുടങ്ങിയ സിനിമയുടെ വിശേഷങ്ങള്‍ ഉച്ചഭാഷിണി കെട്ടിയും കെട്ടാതെയും വിളിച്ചുപറയുന്നതും ഓര്‍മ്മ വന്നു. മറ്റൊരു രംഗത്തില്‍ വാലിബന്റെ വിജയം നിഴലിലേയ്ക്കും പൊടിയിലേയ്ക്കും ചാലിച്ച് അവര്‍ക്കു മുന്നിലായി അഥവാ യഥാര്‍ത്ഥ പ്രേക്ഷകര്‍ക്കും മുഖ്യ കഥാപാത്രങ്ങള്‍ക്കും ഇടയിലായി ദൃശ്യത്തിനുള്ളിലെ കാണികളുടെ കൈയടികളും കൈകൂപ്പലുകളും ആരവങ്ങളും ചിത്രീകരിച്ചതു കാണാം. ഇതും സിനിമയുടെ റെഫറന്‍സാണ്.

മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ എന്നാണ് സിനിമയുടെ വിശദീകരിച്ച ടൈറ്റില്‍. സാധാരണ നിലയ്ക്ക് സൂപ്പര്‍താരമായ മോഹന്‍ലാല്‍ (അഥവാ മറ്റൊരു സൂപ്പര്‍താരം) അവതരിപ്പിക്കുന്ന അല്ലെങ്കില്‍ ഇന്‍ ആന്റ് ആസ് എന്നാണ് സിനിമയുടെ പേരിന് കൊടുക്കുന്ന വിശേഷണം. ഇവിടെ മോഹന്‍ലാല്‍ അവതരിക്കുകയാണ് ചെയ്യുന്നത്. അതായത് ദശാവതാരത്തില്‍ വിഷ്ണു അവതരിക്കുന്നതുപോലെ മോഹന്‍ലാലിന്റെ മറ്റൊരവതാരമാണ് വാലിബന്‍. വീണ്ടും വിശദമാക്കിയാല്‍, മോഹന്‍ ലാല്‍ ദശകങ്ങളായി അവതരിപ്പിച്ച് ശാശ്വതമാക്കിയ നിരവധി കഥാപാത്രങ്ങളുടെയും മോഹന്‍ലാലിന്റെ തന്നെയും ഒരു റെഫറന്‍സാണ് മലൈക്കോട്ടൈ വാലിബന്‍. നിരവധി സിനിമകളുടെയെന്നതുപോലെ സിനിമാപ്രദര്‍ശനപ്രചാരണത്തിന്റെയും സൂപ്പര്‍താരമായ മോഹന്‍ലാലിന്റെയുമെല്ലാം റെഫറന്‍സുകളുടെ സമാഹാരമെന്ന നിലയ്ക്ക് മലൈക്കോട്ടൈ വാലിബനെ ഒരു മെറ്റാ സിനിമ അഥവാ സിനിമാതീത സിനിമ എന്നും വിശേഷിപ്പിക്കാം.

സംസ്‌കാരത്തെ അന്വേഷിക്കുകയും ആര്‍ജ്ജിച്ചെടുക്കുകയും ചെയ്യുന്നതു പോലെ ഉപേക്ഷിക്കേണ്ടതുമായ പരിതോവസ്ഥകള്‍ സംജാതമാകുന്നുവെന്ന് വര്‍ത്തമാനകാല ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടും. അതുപോലെ നിശ്ചിതമായ ആശയലോകത്തെയും പ്രത്യയശാസ്ത്രത്തെയും പശ്ചാത്തലവും കാരണവുമാക്കി സ്ഥിരീകരിച്ച നൂറായിരം സിനിമകള്‍ക്കു ശേഷമിറങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍ കാരണങ്ങളും ന്യായീകരണങ്ങളുമില്ലാത്ത ലക്ഷ്യബോധമില്ലാത്ത, അഥവാ വാലിബന്റെ അച്ഛനെന്ന് പറയുന്ന അയ്യനാരുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്ന നായകത്വത്തെ അതും താരനായകത്വത്തെയാണ് കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നത്. ഈ നിഷേധം വ്യക്തമാക്കുന്നത്, എല്ലാക്കാലത്തും കാരണങ്ങളായി വ്യക്തമാക്കുകയും അതിനായി പോരാടുകയും കൊന്നു തീര്‍ക്കുകയും ചെയ്തതൊക്കെ നുണ അല്ലെങ്കില്‍ അധാര്‍മികമാണെന്നാണ്.

സംസ്‌ക്കാരത്തെയും പ്രത്യയശാസ്ത്രത്തെയും ഉപേക്ഷിക്കുന്നതിലൂടെ മലൈക്കോട്ടൈ വാലിബന്‍ ഉപേക്ഷിക്കുന്നത് ദേശീയതയെയുമാണ്. മലയാളം, തമിഴ് സംഭാഷണങ്ങളും രാജസ്ഥാനിലെ ലൊക്കേഷനും എല്ലാം കൊണ്ടും മറ്റൊരു രാജ്യത്ത് കൊണ്ടു ചെന്നു കെട്ടാന്‍ നിവൃത്തിയില്ലാത്തതു കൊണ്ടും ഇന്ത്യന്‍ സിനിമ എന്നു വിളിക്കാമെന്നല്ലാതെ ഈ സിനിമയ്ക്ക് ഇന്ത്യത്വമോ ഭാരതീയതയോ ഒന്നും സാമ്പ്രദായികമായ അര്‍ത്ഥവിന്യാസങ്ങളില്‍ കല്പിക്കാനാവില്ല. സിനിമ ഒരു യൂണിവേഴ്‌സല്‍ ആര്‍ട്ടാണെന്ന ചാപ്ലിന്റെ കാലത്തുള്ള ദിശാബോധത്തെ ഇക്കാലത്തും എടുത്തുയര്‍ത്തുന്ന സിനിമയായി അതുപ്രകാരം മലൈക്കോട്ടൈ വാലിബന്‍ പരിണമിക്കുകയും ചെയ്യുന്നു. സംസ്‌ക്കാരം, പ്രത്യയശാസ്ത്രം, ദേശീയത എന്നിവയെ എന്നതുപോലെ പ്രേക്ഷകരുടെ വൈകാരിക ഉത്തേജനത്തിനും സ്ഥാനമില്ലാത്ത സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍.

ടിങ്കിള്‍ എന്ന കുട്ടിക്കോമിക്കിലെ ഒരു കുറുക്കന്റെ പേരായ ചമതകന്‍ എന്നാണ് മലൈക്കോട്ടൈയിലെ ഒരു പ്രതിനായകന് പേരിട്ടിരിക്കുന്നത്. ഡാനിഷ് സേട്ട് അവതരിപ്പിക്കുന്ന ചമതകന്‍ പക്ഷെ ഒരു പാമ്പിനെപ്പോലെയാണ് ചിലപ്പോള്‍ പെരുമാറുന്നത്. ഡൂബ് ഡൂബ് എന്ന ആമയ്‌ക്കൊപ്പം ചേര്‍ന്ന് കീച്ചു മീച്ചു എന്നീ മുയലുകളെ ഉപദ്രവിക്കുന്ന ചമതകനില്‍ നിന്നവരെ രക്ഷിക്കുന്നത് കാലിയ എന്ന കാക്കയാണ്. നമ്മുടെ മുഖ്യധാരാ സിനിമകളിലെപ്പോഴും യുക്തിയ്ക്കു നിരക്കാത്ത വിധത്തില്‍ വില്ലന്‍ നായകനെയും നായകന്‍ വില്ലനെയും പിന്തുടരുന്നത് കാണാം. അതേ രീതിയില്‍ തന്നെയാണ് ഇവിടെ ചമതകന്‍ വാലിബനെ പിന്തുടരുന്നതും. എന്നാല്‍ അയാളിലൊളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്ന അക്രമ-പ്രതികാരത്വരകള്‍ ഭീതിജനകമാണ്. പാ രഞ്ജിത്തിന്റെ നക്ഷത്രം നകര്‍കിറത് എന്ന സിനിമയിലെ ഹനുമാന്‍ ഗദയുമായെത്തി നാടകപരിശീലനങ്ങളെ പിന്തുടരുകയും അവസാനം നാടകാവതരണം തല്ലിത്തകര്‍ക്കുകയും ചെയ്യുന്ന സാഗാസ് രക്ഷകനെ(ഷബീര്‍ കല്ലറയ്ക്കല്‍)യാണ് ചമതകന്‍ എന്ന കഥാപാത്രം ഓര്‍മ്മിപ്പിച്ചത്.

സിനിമയുടെ അവസാന ഘട്ടത്തിലെ സംഘട്ടനങ്ങള്‍ ഉത്സവ (വേല)ത്തിന്റെ ആള്‍ക്കൂട്ടത്തിനിടയിലാണ് നടക്കുന്നത്. ഇവിടെ വാലിബനും ചിന്നനും ജമന്തിയുമൊഴിച്ചെല്ലാവരും മുഖംമൂടി (മാസ്‌ക്)യണിഞ്ഞിരിക്കുന്നു. ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് മനശ്ശാസ്ത്ര ത്രില്ലറായ ജോക്കറി (2019)ലെ രംഗങ്ങളെയും, മറ്റു ചിലപ്പോള്‍ പ്രസിദ്ധ സ്പാനിഷ് സീരീസായ മണിഹീസ്റ്റിലെയും ദൃശ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഈ സീക്വന്‍സ് കോവിഡിനു ശേഷം സമൂഹത്തില്‍ പടര്‍ന്നിട്ടുള്ള അക്രമാസക്തിയെയും പ്രതിഫലിപ്പിക്കുന്നുണ്ട്. കോവിഡ് ശാരീരികാരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമെ മാനസിക- രാഷ്ടീയ- സാങ്കേതിക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മറ്റ് സങ്കീര്‍ണതകള്‍ക്കും കാരണമായിട്ടുണ്ട്. ഒളിഞ്ഞിരുന്ന് ആക്രമിക്കുക, അല്ലെങ്കില്‍ ആരെന്ന് വ്യക്തമാകാത്ത ആളില്‍നിന്നും ആളുകളില്‍നിന്നും ആക്രമണം നേരിടേണ്ടി വരുക, അതുമല്ലെങ്കില്‍ ആളെ തിരിച്ചറിയാതെയോ തെറ്റിയോ പലരെയും നമുക്ക് ആക്രമിച്ച് തോല്പിക്കേണ്ടിവരുക എന്നീ ദുര്യോഗങ്ങളൊക്കെ കോവിഡനന്തരകാലത്ത് സാധാരണമായിരിക്കുന്നു. ഈ ദുരവസ്ഥയുടെ സന്ദര്‍ഭങ്ങളും മലൈക്കോട്ടൈ വാലിബന്‍ ഓര്‍മ്മപ്പെടുത്തി.

ഉത്സവവേലകളും അതിന്റെ നിറചാരുതകളും അങ്ങാടികളും വീരനായകനും അയാളുടെ ഗുസ്തിഗാംഭീര്യങ്ങളുമെല്ലാമുള്ള മലൈക്കോട്ടൈ വാലിബനില്‍ ദൈവവിഗ്രഹങ്ങളില്ലാത്തതെന്തുകൊണ്ടായിരിക്കും? ഇന്ത്യയുടെയും ദക്ഷിണേന്ത്യയുടെയും ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും രാഷ്ട്രീയത്തിലും സിനിമയിലും ആരാധനാലയങ്ങളുടെയും ദൈവവിഗ്രഹങ്ങളുടെയും സാന്നിദ്ധ്യം എങ്ങുമൊഴിവാക്കാനാവാത്തവിധം സ്പഷ്ടമാണ്. എന്നിട്ടും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഭാവനാസങ്കല്പനങ്ങളില്‍ അവ വരാതിരുന്നതെന്തുകൊണ്ടാണ്. മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമ ഓര്‍മകളും നുണകളും സ്വപ്‌നങ്ങളുംകൊണ്ട് കെട്ടിയുണ്ടാക്കിയതാണ്. ഇവയിലൊന്നും കടന്നുവരാത്ത ഒരു ദൃശ്യഭാവനയാണ് ദൈവ വിഗ്രഹങ്ങളും ആരാധനാചാരങ്ങളും ക്ഷേത്രങ്ങളുമെന്നതാണ് ഈ അസാന്നിദ്ധ്യത്തിന്റെ കാരണം.

ദൈവവിഗ്രഹങ്ങളും ആരാധനാലയങ്ങളുമില്ലാത്ത ഈ നുണ/സ്വപ്‌ന/ഓര്‍മ്മക്കോട്ടയില്‍ പക്ഷെ പറങ്കികളുടെ അധിനിവേശ ഭരണത്തിന്റെ മര്‍ദനാത്മകതകള്‍ വിശദമാവുന്നുണ്ട്. പറങ്കി ഭാഷ (പോര്‍ത്തുഗീസ്) യിലാണെന്നു കരുതാവുന്ന ഭാഷയിലുള്ള സായിപ്പിന്റെയും മദാമ്മയുടെയും ഗീര്‍വാണപ്രഖ്യാപനങ്ങളും വെല്ലുവിളികളും എല്ലാം സിനിമയുടെ അവ്യക്തവും വിസ്മയകരവുമായ അതീതയാഥാര്‍ത്ഥ്യങ്ങളായി കൂടെപ്പോരുന്നു. ചിലിയന്‍ ഫ്രഞ്ച് അവാങ് ഗാര്‍ദ് ചലച്ചിത്രകാരനായ അലെജാന്ദ്രോ ജൊദോറോവ്‌സ്‌ക്കിയുടെ അന്തമില്ലാത്ത കവിത (എന്‍ഡ്‌ലെസ്സ് പോയട്രി/2016) പോലെ തുടക്കവും ഒടുക്കവുമില്ലാത്ത സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. ഇതിന്റെ രണ്ടാം ഭാഗം വരുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊഴിവായിപ്പോവുകയാണെങ്കില്‍ ആ പ്രവൃത്തിയും സാധൂകരിക്കപ്പെടാനുള്ള ന്യായങ്ങള്‍ ഇവിടെത്തന്നെയുണ്ടെന്നു ചുരുക്കം.

ഒരുമിക്കലിന്റെ കലയാണ് സിനിമ. എല്ലാം ഭക്ഷിക്കുന്ന, എന്നിട്ടും വിശപ്പുമാറാത്ത ബകനെപ്പോലെയാണ് സിനിമ. മലൈക്കോട്ടൈയില്‍ വാലിബന്‍ ഒരു കൊട്ടാരത്തിലെത്തുമ്പോള്‍ കൂമ്പാരം പോലെ ചോറു വിളമ്പി അതിന്മേല്‍ നൂറുകണക്കിന് പപ്പടങ്ങളിട്ടു പൊട്ടിച്ച് വാരിത്തിന്നുന്ന ദൃശ്യത്തിലെന്നതു പോലെ, മുന്‍കാലത്തെയും വരും കാലത്തെയും എല്ലാ കലകളെയും ഇഷ്ടംപോലെ വാരിവിഴുങ്ങുന്നതാണ് സിനിമയുടെ രീതി. ഇവിടെ അതിന്റെ കൊണ്ടാട്ടമാണ്. കരകാട്ടവും കാവടിയാട്ടവും മയിലാട്ടവും പാവക്കൂത്തും എന്നുവേണ്ട, എണ്ണിയാലൊടുങ്ങാത്ത പ്രാചീനവും നവീനവുമായ കലകള്‍ ഇവിടെ കൂടിക്കുഴയുന്നു. അവയിലൊന്നു മാത്രമോ അഥവാ പ്രധാനമോ ആണ്‌ സിനിമകള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓര്‍മകളില്‍ നിവരുന്ന സിനിമകള്‍ അദ്ദേഹത്തിനിഷ്ടം പോലെ രേഖപ്പെടുത്തിയിരിക്കുകയാണ്. അവയേതെന്നും എന്തെന്നും എങ്ങിനെയെന്നും വേര്‍തിരിച്ചെടുക്കാന്‍ ലിജോയ്ക്ക് മാത്രമേ സാധിക്കൂ എന്ന് ഭരദ്വാജ് രങ്കന്‍ പറയുന്നത് കൃത്യമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + seven =

Most Popular