Saturday, May 18, 2024

ad

Homeചിത്രകലരംഗകലകളിലെ മുഖത്തെഴുത്തുകളും മുഖാവരണങ്ങളും

രംഗകലകളിലെ മുഖത്തെഴുത്തുകളും മുഖാവരണങ്ങളും

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളെക്കാൾ ദൃശ്യകലകളുടെ കാര്യത്തിൽ നന്നേ സമ്പന്നമാണ്‌ കേരളം. അതുപോലെ കേരളത്തിലെ ദൃശ്യകലകളിൽ, രംഗകലകളിൽ, നാടൻ കലാരൂപങ്ങളിൽ, അനുഷ്‌ഠാന കലാരൂപങ്ങളിലൊക്കെ മുഖത്തെഴുത്തിനും മെയ്യെഴുത്തിനും മുഖാവരണങ്ങൾക്കും മുഖ്യസ്ഥാനമാണുള്ളത്‌. കൂടിയാട്ടത്തിലും കൃഷ്‌ണനാട്ടത്തിലും തുള്ളലിലും അനുഷ്‌ഠാന കലാരൂപങ്ങളായ തെയ്യം, മുടിയേറ്റ്‌, പടയണി, കാക്കാരിശ്ശി എന്നിവയിലും നാടോടി കലാരൂപങ്ങളായ കുമ്മാട്ടി, പൂരംകളി, പൊറാട്ട്‌ എന്നിവയിലും എത്രമേൽ സമജ്ജസമായാണ്‌ മുഖത്തെഴുത്തും മെയ്യെഴുത്തും മുഖാവരണങ്ങളും മേളിച്ചിരിക്കുന്നതെന്ന്‌ എടുത്തു പറയേണ്ട കാര്യമില്ല.

രംഗകലകളിലെല്ലാം മുഖാവരണങ്ങൾക്കും മുഖാവരണ സദൃശ്യമായ മുഖത്തെഴുത്തുകൾക്കും അനിഷേധ്യമായ ഒരു സ്ഥാനം ആദ്യകാലംമുതൽക്കുണ്ടായിരുന്നു. നൃത്തനൃത്യ നാട്യങ്ങളിൽ മുഖത്തെഴുത്തിനു പകരം മുഖച്ചമയമാണ്‌ സ്വീകരിച്ചിരുന്നത്‌. നൃത്തത്തിൽ കലാകാരൻ അയാളായിത്തന്നെ നിന്ന്‌ പ്രകടനം കാഴ്‌ചവെയ്‌ക്കുകയാണ്‌. മുഖത്തെഴുത്തിന്റെ ആവശ്യം അവിടെ വരുന്നില്ല. അതിനപ്പുറം മുഖസൗന്ദര്യം ചമയത്തിന്‌ പൂർണത വരുത്തുകയാണ്‌ ചെയ്യുന്നത്‌. ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിരക്കളി, ഒപ്പന തുടങ്ങിയ നൃത്തവിഭാഗങ്ങളൊക്കെ മുഖച്ചമയ വിഭാഗത്തിൽപെടുന്നു.

മുഖത്തെഴുത്തുകളും മുഖാവരണങ്ങളും ഉപയോഗിക്കുമ്പോൾ അതുപയോഗിക്കുന്ന ആൾ തന്നിലേക്ക്‌ മറ്റൊരാളിനെ സ്ഥാപിച്ചുകൊണ്ടാണ്‌ അവതരിപ്പിക്കുന്നത്‌. അനുഷ്‌ഠാനകലാരൂപങ്ങളിൽ അയാൾ മനുഷ്യരൂപം കൈവിട്ട്‌ ദേവത്വം സ്വീകരിച്ച്‌ മറ്റൊരാളായി മാറുന്നു. ഓരോരോ പുരാവൃത്തത്തിനനുസരിച്ച്‌. കലാകാരന്റെ യഥാർഥ രൂപം മറഞ്ഞുനിൽക്കുകയും മറ്റൊരവതരണം അരങ്ങിൽ കാണുകയും ചെയ്യുന്നു. മുഖത്തെ മറയ്‌ക്കുന്ന ആ്വൺ്രമോ, മുഖത്തെഴുത്തോ ആരെയാണോ അവതരിപ്പിക്കുന്നത്‌ ആ വ്യക്തിത്വഭാവത്തിനനുസരിച്ചാവും മുഖത്ത്‌ നിറങ്ങളും രൂപങ്ങളും രൂപകൽപന ചെയ്യുക.

മുഖത്തെഴുത്തും മുഖാവരണങ്ങളുമെല്ലാം ഭാവനയുടെയും കരവിരുതിന്റെയും സൃഷ്ടികളാണ്‌. ചിത്രകലയുടെയും ശിൽപകലയുടെയും പിൻബലത്തിലാണ്‌ ഭാവനാസമ്പന്നമായ ചമയകലാകാരർ തങ്ങളുടെ ചുറ്റുപാടുകളിൽനിന്നും പ്രകൃതിയിലെ പരിമിത വിഭവങ്ങളിലൂടെ കരചാതുരി കാട്ടിയത്‌. പടയണണിയിലും കുമ്മാട്ടിയിലും പാള, കുരുത്തോല, കരി എന്നിവയാണ്‌ മുഖാവരണങ്ങളിൽ ഉപയോഗിക്കുക. കൃഷ്‌ണനാട്ടത്തിൽ, കഥകളിയിൽ ശിൽപസ്വഭാവത്തിലുള്ള ചമയങ്ങളും കിരീടങ്ങളിൽ വർണലേപനവും വർണരേഖകളും നൽകി ഉചിതമായ ഭാവചിത്രീകരണങ്ങളിലൂടെയാണ്‌ ദൃശ്യമാക്കപ്പെടുന്നത്‌. ഇവിടെയൊക്കെ കഥാപാത്രത്തിന്റെ സ്വഭാവത്തെ ഒരു ഭാവത്തിൽ തയ്യാറാക്കിവെക്കുകയാണ്‌ ചെയ്യുക. എന്നാൽ തെയ്യത്തിന്റെ മുഖത്തെഴുത്തിൽ മുഖത്തെ നിറങ്ങളും രേഖകളും കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച്‌ പല മാതൃകകളായി വരച്ചുണ്ടാക്കുന്നു. മുഖത്തെ പശ്ചാത്തല നിറങ്ങളിലെ മാറ്റവും എടുത്തുപറയേണ്ടതാണ്‌. വെള്ള, ചുവപ്പ്‌, പച്ച, ഓറഞ്ച്‌, കറുപ്പ്‌ തുടങ്ങിയ നിറങ്ങൾ പശ്ചാത്തല നിറങ്ങളായി കാണുന്നു. തെയ്യം കെട്ടിയാടുന്ന സാധാരണ മനുഷ്യർ അവരുടെ സ്ഥായീഭാവത്തിനപ്പുറം പ്രകൃതിയുമായും ദേവീദേവ സങ്കൽപനവുമായി ബന്ധപ്പെട്ട നിറസങ്കൽപത്തിനാണ് പ്രാധാന്യം നൽകുക.

മഞ്ഞ, വെള്ള, ചുവപ്പ്‌, പച്ച, കറുപ്പ്‌ എന്നീ പഞ്ചവർണങ്ങൾ തെയ്യത്തിന്റെ മുഖത്തെഴുത്തിനുപയോഗിക്കുന്നു. പ്രകൃതിവർണങ്ങളായ മഞ്ഞൾപ്പൊടി, അരിപ്പൊടി, വാകയിലപ്പൊടി, കരിപ്പൊടി, ചായില്യം മനയോല എന്നിവയും കത്തിച്ച തിരിയിൽനിന്നുള്ള കരിയും കൊണ്ട്‌, ഈർക്കിൽ ചതച്ച്‌ പല കനത്തിൽ ബ്രഷാക്കി വരയ്‌ക്കാൻ ഉപയോഗിക്കുന്നു. പച്ച, ചുവപ്പ്‌, മഞ്ഞ ഇവയുടെ മിശ്രിതനിറങ്ങളും ഉപയോഗിക്കുന്നുണ്ട്‌. വെളിച്ചെണ്ണയിൽ ചാലിച്ചെടുത്താണ്‌ നിറക്കൂട്ടുകൾ തയ്യാറാക്കുന്നത്‌.

പടയണിയുടെ മുഖാവരണങ്ങളിലെ രൂപവർണ പ്രയോഗത്തിൽ പ്രത്യേകതയുണ്ട്‌. നിറങ്ങൾ സുതാര്യമായാണ്‌ കാഴ്‌ചയ്‌ക്ക്‌ തോന്നുക. ജലച്ചായ രചനയുടെ അടിസ്ഥാന പ്രയോഗമായ വെള്ളനിറം നിലനിർത്തിക്കൊണ്ടാണ്‌ മറ്റ്‌ നിറങ്ങൾ ഉപയോഗിച്ചിരിക്കുന്നത്‌.

പാളകളിലാണ്‌ മുഖാവരണം വരയ്‌ക്കുക. മുഖാവരണത്തിന്റെ പശ്ചാത്തലമാകുന്ന പാളയിൽ വെള്ളനിറം വരേണ്ട സ്ഥാനത്ത്‌ പാളയുടെ പച്ചഭാഗം ഇളക്കിമാറ്റി വെള്ളനിറം നിലനിർത്തുന്നു. തെയ്യത്തിനും മറ്റ്‌ മുഖത്തെഴുത്തുകൾക്കും ഒപേക്‌ ആയിട്ടാണ്‌ (കാലികമായി ചിത്രരചനയ്‌ക്ക്‌ ഉപയോഗിക്കുന്ന പോസ്റ്റർ കളറിന്റെയോ എണ്ണച്ചായത്തിന്റെയോ സ്വഭാവമാണ്‌ കാഴ്‌ചക്കാരിൽ അനുഭവപ്പെടുത്തുന്നത്‌) രചന നടത്തുക. പടയണിക്കുപയോഗിക്കുന്ന നിറങ്ങളിൽ പച്ച (പാളയുടെ പച്ച), ചെങ്കല്ല്‌ അരച്ച ചുവപ്പ്‌, മഞ്ഞച്ചർണയുടെ മഞ്ഞ, അരച്ചെടുക്കുന്ന കരി (കറുപ്പ്‌), പാളയുടെ പച്ചഭാഗം ചെത്തിമാറ്റുമ്പോഴുള്ള വെളുപ്പ്‌ എന്നിവയാണ്‌ പ്രധാനമായുള്ളത്‌.

ചിത്രകലയുടെ അടിസ്ഥാനസങ്കേതങ്ങളായ രേഖ, രൂപം, വർണം എന്നിവയിലൂന്നിനിന്നുളള രചനാസമ്പ്രദായങ്ങളാണ്‌ പടയണിയിലും തെയ്യത്തിലും കാണാവുന്നതെങ്കിലും പ്രാഥമിക വർണങ്ങൾ ചേരുമ്പോഴുള്ള സെക്കണ്ടറി നിറങ്ങളായ ഓറഞ്ച്‌, പച്ച എന്നിവയും ഉപയോഗിച്ചുവരുന്നു.

മുഖത്തെഴുത്തിലും മുഖാവരണങ്ങളിലുമുള്ള വർണനിർമാണത്തിലും വർണപ്രയോഗത്തിലും വ്യത്യാസമുണ്ടെങ്കിലും നിറങ്ങളുടെ അർഥതലം ഒന്നുതന്നെയാണ്‌. കഥാപാത്രങ്ങളുടെ പൊതുവായ സ്വഭാവത്തിനനുസരിച്ച്‌ മുഖത്തുപയോഗിക്കുന്ന പശ്ചാത്തലനിറങ്ങൾക്ക്‌ ആവശ്യാനുസരണം ചായില്യം (ചുവപ്പ്‌), മനയോല (മഞ്ഞ), വെള്ള, പച്ച, കറുപ്പ്‌ എന്നിങ്ങനെ കാണാറുണ്ട്‌ തെയ്യങ്ങളിൽ. സാത്വിക കഥാപാത്രങ്ങൾക്ക്‌ പച്ചയും അ‌ധമകഥാപാത്രങ്ങൾക്ക്‌ കറുപ്പും രൗദ്രകഥാപാത്രങ്ങൾക്ക്‌ ചുവപ്പും ശാന്തതയ്‌ക്ക്‌ വെളുപ്പും നിറങ്ങൾ കൂടുതലായി ഉപയോഗിക്കുന്നു. പശ്ചാത്തലനിറങ്ങൾക്ക്‌ പുറത്തുപയോഗിക്കുന്ന ചിത്രകലയുടെ അടിസ്ഥാനമായ രേഖകൾ മുഖചലനമനുസരിച്ച്‌ ചലനാത്മകമാകുന്നതാണ്‌ തെയ്യത്തിന്റെ ഏറ്റവും സവിശേഷമായ അവസ്ഥ. മുഖത്തെ പേശികളുടെ ചലനത്തിനനുസരിച്ച്‌ മുഖത്തിന്‌ രൂപഭാവങ്ങൾ മാറാം. കണ്ണ്‌, ചുണ്ട്‌ എന്നിവയുടെ രൂപനിർമിതിയിലും മുഖത്ത്‌ വരയ്‌ക്കുന്ന രേഖകളിലും ചുവർചിത്രരചനയിലെ രൂപനിർമിതികളോട്‌ ബന്ധപ്പെട്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്‌. മുഖചലനങ്ങൾ പ്രത്യേകിച്ച്‌ കണ്ണിന്റെ ചലനങ്ങളും ചുറ്റുമുള്ള കറുത്ത നിറവുംകൊണ്ട്‌ ഭാവവിചാരങ്ങൾ സൃഷ്ടിക്കുക എന്ന ചുവർചിത്രകലയുടെ കർമവും ഇവിടെ കാണാം. രേഖകളുടെ പ്രാധാന്യം, ആത്മീയസ്വഭാവം, വിശാലത, ശൈലീവത്‌കരണം, സാങ്കേതികമേന്മ, ലാളിത്യം, അലങ്കരണപ്രാധാന്യം തുടങ്ങിയ നമ്മുടെ ചിത്രകലാ സങ്കേതത്തിന്റെ സ്വാധീനം നാടൻ കലാരൂപങ്ങളുടെ മുഖത്തെഴുത്തുകളിൽ തെളിയുന്നു. സിമട്രിക്കൽ കോമ്പോസിഷനിലുള്ള രചനാരീതിയാണ്‌ മുഖത്തെഴുത്തുകളിലും മുഖാവരണങ്ങളിലും കാണുക.

മുഖത്തെഴുത്തിനുപയോഗിക്കുന്ന നിറങ്ങൾപോലെ ബന്ധമുള്ളതാണ്‌ തെയ്യം, തിറ, പടയണി എന്നിവകളിൽ ചാർത്തുന്ന പ്രധാന വർണങ്ങളായ ചുവപ്പും മഞ്ഞയും. അമ്മദൈവാരാധനയുമായി ബന്ധപ്പെട്ട പ്രധാന നിറങ്ങളും ഇവയാണ്‌. ആരാധനയ്‌ക്ക്‌ ചുവന്ന പൂക്കളും, കുങ്കുമവർണവും ചെമ്പട്ടും ഉപയോഗിക്കുന്നതുപോലെ പ്രാധാന്യമർഹിക്കുന്നു മഞ്ഞൾപ്പൊടി. ചുവപ്പുനിറം ഋതുകാലത്തെയും മഞ്ഞനിറം പ്രസൂതികാലത്തെയും സൂചിപ്പിക്കുന്നു.

നാട്യശാസ്‌ത്രത്തിൽ ഓരോ നിറത്തിനും രസഭാവവുമായി ബന്ധപ്പെടുത്തി വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. ശൃംഗാരത്തിന്‌ പച്ചനിറം, ഹാസ്യത്തിന്‌ വെളുപ്പ്‌, കരുണത്തിന്‌ തവിട്ടുനിറം, വീരത്തിന്‌ സ്വർണനിറം, ഭയാനകത്തിന്‌ കറുപ്പ്‌, ബീഭത്സത്തിന്‌ നീല, അത്ഭുതത്തിന്‌ മഞ്ഞ എന്നിങ്ങനെയാണ്‌ നാട്യശാസ്‌ത്രത്തിൽ വിധിച്ചിരിക്കുന്നത്‌. ഇവിടെയും മിശ്രിതനിറങ്ങൾ കടന്നുവരുന്നുണ്ട്‌ എന്നു കാണാം. പ്രധാന നാടൻ കലാരൂപങ്ങളിലും അനുഷ്‌ഠാന കലാരൂപങ്ങളിലും കാണുന്ന നിറച്ചേരുവകളിലും അവയുടെ കണ്ടെത്തലുകളിലും പ്രയോഗരീതിയിലുമൊക്കെ നേരിയ വ്യത്യാസങ്ങൾ കാണാമെങ്കിലും ഒരു ജനതയുടെ നൈസർഗികമായുണ്ടാകുന്ന ശീലബോധങ്ങളുടെയും പ്രകൃതിയിൽനിന്ന്‌ ലഭിക്കുന്ന പാഠങ്ങളിലൂടെയുമുള്ള പൂർണതയായിട്ടുമാണ്‌ നാമത്‌ ഉൾക്കൊള്ളുന്നത്‌. ഓരോ വ്യക്തിയിലും അവന്റെ ജീവിതാനുശീലത്തിന്‌ അടിസ്ഥാനമായുള്ള ഭാവനകൾക്കും പശ്ചാത്തലമായി ചില വർണസങ്കൽപങ്ങൾ അബോധതലത്തിലെങ്കിലും അവനിൽ ഉൾച്ചേർന്നിരിക്കുന്നു. പിൽക്കാലത്ത്‌ സാധാരണ ജനങ്ങൾക്കിടയിലും ആ നിറസങ്കൽപം തുടരുന്നു. നിഗൂഢവും ഭയാനകവും ദുഃഖകരവുമായ അവസ്ഥകളെ കറുപ്പുനിറത്തിലൂടെയും ചടുലവും തീവ്രവുമായ കാര്യങ്ങളെ ചുവപ്പുനിറത്തിലൂടെയും ശാന്തവും വിശാലവും അനന്തവുമായ അവസ്ഥകളെ വെള്ളയും നീലയും നിറവുമായി അവതരിപ്പിക്കുന്ന നിറസങ്കൽപം തന്നെ നല്ല ഉദാഹരണമായി കാണാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × five =

Most Popular