2012 ഏപ്രിൽ 8 ഞായർ, അന്നാണ് ഗൾഫിലൊരു ജോലി എന്ന സ്വപ്നവുമായി കാത്തിരുന്ന പൂക്കോട്ടുകാവിലെ വിനീഷ് എന്ന ചെറുപ്പക്കാരനെ ഒരു കൂട്ടം ആർഎസ്എസ് കാപാലികർ നിഷ്കരുണം വെട്ടിക്കൊന്നത്.
ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട മൂന്ന് ആൺമക്കളടങ്ങിയ കുടുംബം. അതിൽ രണ്ടാമനായാണ് വിനീഷ് ജനിച്ചത്. സ്കൂളിൽ തൂപ്പുകാരിയായിരുന്ന അമ്മ വിനോദിനിയും അച്ഛൻ വാസുദേവനും ആത്മഹത്യ ചെയ്തപ്പോൾ കുടുംബഭാരം മൂത്തമകൻ വിജേഷിനായിരുന്നു. ജ്യേഷ്ഠനെ സഹായിക്കാനും സ്വന്തം കാലിൽനിന്ന് കുടുംബം നോക്കാനുമാണ് വിനീഷ് ഗൾഫിൽ ജോലിയെന്ന സ്വപ്നം നെയ്തെടുത്തത്. പക്ഷേ, ആ സ്വപ്നം വെറുമൊരു പാഴ്സ്വപ്നമായി മാറിയത് 2012 ഏപ്രിൽ 8 ഞായറാഴ്ച ഉച്ചയ്ക്ക് 2.15നായിരുന്നു. ഒരു കൂട്ടം ആർഎസ്എസ് – ബിജെപി ക്രിമിനലുകൾ വടിവാളുകളുമായി വിനീഷിന്റെ ജീവിതത്തിന്റെ ചിറകുകളാണ് അരിഞ്ഞുവീഴ്ത്തിയത്. ഡിവൈഎഫ്ഐ പൂക്കോട്ടുകാവ് വില്ലേജ് കമ്മിറ്റി അംഗവും യൂണിറ്റ് പ്രസിഡന്റുമായിരുന്നു സഖാവ് വിനീഷ്.
തിങ്കളാഴ്ചയാണ് വിനീഷിന് ഗൾഫിൽ പോകേണ്ടിയിരുന്നത്. അതിനായി വസ്ത്രങ്ങളും മറ്റു ചില സാധനങ്ങളും വാങ്ങി ചെർപ്പുളശ്ശേരിയിൽനിന്ന് ബൈക്കിൽ തിരിച്ച് വീട്ടിലേക്ക് വരികയായിരുന്നു വിനീഷും സുഹൃത്ത് ശ്രീകാന്തും. പൂക്കോട്ടുകാവ് അടക്കാപുത്തൂർ ആലംകുളത്തുവെച്ചാണ് ആർഎസ്എസ് ഗുണ്ടകൾ ഇവരെ വെട്ടിയത്.
വിനീഷും ശ്രീകാന്തും സഞ്ചരിച്ച ബൈക്കിനെ അക്രമിസംഘം രണ്ടു ബൈക്കുകളിലായി പിന്തുടർന്നു. ആലംകുളത്തുവെച്ച് വിനീഷിന്റെ ബൈക്കിനു പിറകിൽ അവരുടെ വണ്ടി ഇടിപ്പിച്ചതിനെ തുടർന്ന് വിനീഷും ശ്രീകാന്തും റോഡിൽ തെറിച്ച് വീഴുകയായിരുന്നു. വീണിടത്തുനിന്നും അവർക്കൊന്നെഴുന്നേൽക്കാൻ പോലും സമയം നൽകാതെയായിരുന്നു അക്രമിസംഘം ബൈക്കുകളിൽനിന്ന് ഓടിയിറങ്ങി വിനീഷിനെ തുരുതുരെ വെട്ടിയത്. ഇടതുകൈയ്ക്കും, വയറിനും നെഞ്ചിനുമെല്ലാം ഒരുപാട് വെട്ടുകളുണ്ടായിരുന്നു.
തടയാൻ ചെന്ന ശ്രീകാന്തിനെയും അക്രമിസംഘം അടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു. ഒഴിവുദിവസമായിരുന്നതിനാലും സമീപത്ത് ജനവാസകേന്ദ്രങ്ങളില്ലാതിരുന്നതിനാലുമാണ് അക്രമികൾ ആ സ്ഥലം തന്നെ കൃത്യനിർവഹണത്തിന് തിരഞ്ഞെടുത്തത്. ഗുരുതരമായി വെട്ടേറ്റ മുറിവുകളിലൂടെ വിനീഷിന്റെ ശരീരത്തിൽനിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിരുന്നു. അരമണിക്കൂർ കഴിഞ്ഞ് അതുവഴി വന്ന ഒരു കല്യാണ പാർടിയുടെ വണ്ടിയിലാണ് പിന്നീട് അവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രക്തം നഷ്ടപ്പെട്ട് മരണം സംഭവിച്ചിരുന്നു. പൂക്കോട്ടുകാവിലും പരിസരത്തുമായി വിനീഷും സഹോദരൻ വിനീതും അടങ്ങിയ ചെറുപ്പക്കാരുടെ ഒരു വലിയ കൂട്ടായ്മ രൂപപ്പെട്ടിരുന്നു. അവർ എപ്പോഴും ഡിവൈഎഫ്ഐ പ്രസ്ഥാനത്തോടും ആശയങ്ങളോടും ചേർന്നുനിന്ന് പ്രവർത്തിച്ചിരുന്നു. സംഘത്തെ നയിക്കാൻ പ്രാപ്തനായ നല്ലൊരു നേതാവായി മാറാൻ വിനീഷിന് അധികസമയം വേണ്ടിവന്നില്ല. നാട്ടിലെ കല്യാണം, മരണം, വായനശാല പ്രവർത്തനം, ഉൽസവം തുടങ്ങി എല്ലാ പ്രവർത്തനങ്ങൾക്കും ഊർജസ്വലതയോടെ വിനീഷ് മുന്നിട്ടിറങ്ങിയിരുന്നു. അതുതന്നെയാണ് ആർഎസ്എസുകാർക്ക് വിനീഷിനെതിരെ ശത്രുതയുണ്ടാവാനുള്ള പ്രധാന കാരണം. സ്ഥലത്തെ ഇടതുപക്ഷത്തിന്റെ ഉയർച്ച ഏതുവിധേനയും ഇല്ലാതാക്കാൻ അവർ ശ്രമിച്ചു. ആ ദുഷ്ടബുദ്ധിയാണ് വിനീഷ് എന്ന സഖാവിന്റെ അരും കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് കാറ്ററിങ് ജോലിയുമായി മുന്നോട്ടുപോവുകയായിരുന്നു വിനീഷും സഹോദരങ്ങളും, ഗൾഫിൽ പോയി നല്ലൊരു ജോലി നേടാൻ ആഗ്രഹിച്ച വിനീഷിന്റെ സ്വപ്നങ്ങൾ നിമിഷനേരം കൊണ്ടാണ് ആർഎസ്എസ് ക്രിമിനലുകൾ തകർത്തെറിഞ്ഞത്. എന്നാൽ സഹോദരനെ ഇല്ലാതാക്കിയ ആർഎസ്എസ് ഭീകരതയ്‌ക്കെതിരെ ഇന്നും ഇടതുപക്ഷത്തോടൊപ്പം അണിചേർന്ന് പ്രവർത്തിക്കുകയാണ് വിനീഷിന്റെ സഹോദരങ്ങൾ. ♦