Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെപണിമുടക്ക് തുടങ്ങുംമുമ്പേ വിജയം

പണിമുടക്ക് തുടങ്ങുംമുമ്പേ വിജയം

നിയതി ചിന്തൻ

പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ മോഡി സർക്കാർ ഇന്ത്യൻ ജുഡീഷ്യൽ നിയമം പാസാക്കി. ഈ നിയമത്തിന്റെ ഭാഗമായ “ഹിറ്റ് ആന്റ് റൺ” മാനദണ്ഡങ്ങൾക്കെതിരെ രാജ്യത്താകെ ട്രക്ക് ഡ്രൈവർമാർ പ്രതിഷേധവുമായി മുന്നോട്ടുവന്നു. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) മാറ്റി പകരം കൊണ്ടുവന്നതാണ് ഇന്ത്യൻ ജുഡീഷ്യൽ കോഡ്. ഇതിനു കീഴിൽ “ഹിറ്റ് ആന്റ് റൺ” സംബന്ധിച്ച് കർശനമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പുതിയ വ്യവസ്ഥയനുസരിച്ച് പരിക്കേറ്റയാളെ ഉപേക്ഷിച്ച് അപകടസ്ഥലത്തുനിന്ന് ഡ്രൈവർ ഓടിപ്പോവുകയാണെങ്കിൽ ഡ്രൈവർക്കുമേൽ ഏഴ് ലക്ഷം രൂപ പിഴ ചുമത്തും. ഇതുകൂടാതെ 10 വർഷം തടവും അനുഭവിക്കണം. ഇത് രാജ്യത്തുടനീളമുള്ള 22 കോടി ഡ്രൈവർമാരെ ബാധിക്കുന്ന നടപടിയായതിനാലാണ് ഡ്രൈവർമാർ, പ്രത്യേകിച്ച് ട്രക്ക് ഡ്രൈവർമാർ പ്രതിഷേധവുമായി ഇറങ്ങിയത്.

ഈ നിയമപ്രകാരം രാജ്യത്തെ ഡ്രൈവർമാർക്ക് നീതി ലഭിക്കില്ല; ഒരു അപകടമുണ്ടായാൽ, പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാനും സഹായിക്കാനും ആഗ്രഹമുണ്ടെങ്കിലും സ്വന്തം ജീവൻ രക്ഷിക്കാൻ ഡ്രൈവർക്ക് വാഹനംപോലും ചിലപ്പോൾ ഉപേക്ഷിച്ച് ഓടിപ്പോകേണ്ട സാഹചര്യമാണ് പൊതുജനങ്ങൾ സൃഷ്ടിക്കുന്നത്; അവിടെനിന്നാൽ ചിലപ്പോൾ തല്ലിക്കൊല്ലുകപോലും ചെയ്തേക്കാം; അത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‐ സമരം ചെയ്യുന്ന ഡ്രൈവർമാർ ഒന്നടങ്കം പറയുന്നു.

ഇതിനെതിരെയാണ്, വാഹനാപകടങ്ങളുണ്ടാകുമ്പോൾ ഡ്രൈവർമാർക്ക് ബാധകമായ സിവിൽ നിയമത്തെ ക്രിമിനിൽ നിയമമാക്കി മാറ്റിയതിനെതിരെയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ “ചക്രസ്തംഭനം” നടത്തി പ്രതിഷേധിച്ചത്. രാജ്യവ്യാപകപ്രതിഷേധത്തിന്റെ ഭാഗമായി രാജസ്താനിൽ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ടൂറിസ്റ്റ് ആന്റ് ട്രാവൽസ് ബസ് ഡ്രൈവർ ഏകതായൂണിയൻ ഉദയപ്പൂരിൽ ജില്ലാ കളക്ട്രേറ്റിൽ പ്രകടനം നടത്തി. എഡിഎമ്മിന് മെമ്മോറാണ്ടം സമർപ്പിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നൂറുകണക്കിന് ടാങ്കർ, ട്രക്ക് ഡ്രൈവർമാർ അലഹബാദ് ഡ്രൈവേഴ്സ് ആന്റ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. ബീഹാറിൽ ആയിരക്കണക്കിന് ബസ്, ട്രക്ക്, ഓട്ടേറിക്ഷാ ഡ്രൈവർമാർ പണിമുടക്കി; ദേശീയപാതകൾ ഉപരോധിച്ചു. സംസ്ഥാനത്തെ മിക്ക ജില്ലകളിലെയും റോഡുകളിൽ വാഹനങ്ങളുടെ നീണ്ടനിര കാണപ്പെട്ടു. സി എൻ ജി ഡ്രൈവർമാരും പണിമുടക്കി. ട്രക്ക് ഡ്രൈവർമാർ പണിമുടക്കിയതുമൂലം അവശ്യസാധനങ്ങളുടെ വിതരണം നിലച്ചു. പെട്രോൾ പമ്പുകളിൽ പെട്രോൾ വിതരണം നിലച്ചു. തന്മൂലം ഇന്ധനക്ഷാമമുണ്ടായി.
എന്തായാലും, രാജ്യത്തെ 22 കോടി ഡ്രൈവർമാരെ ബാധിക്കുന്ന ഈ കരിനിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിക്ഷേധ സമരം രാജ്യവ്യാപകമായ പണിമുടക്കിലേക്കു നീങ്ങുന്നതിനുമുമ്പേ ഗത്യന്തരമില്ലാതെ മോദി ഗവൺമെന്റിനു ഈ വകുപ്പ്‌ പിൻവലിക്കാമെന്നു വാക്കുകൊടുക്കേണ്ടിവന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + 17 =

Most Popular