പ്രതിഷേധം ശക്തമാകുന്നു |
2023 നവംബർ 1നാണ് ബനാറസ് ഹിന്ദുയൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പെൺകുട്ടി ഹോസ്റ്റൽ പരിസരത്തുവച്ച് കൂട്ടബലാൽസംഗത്തിനിരയായത്. നവംബർ 2നുതന്നെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. എന്നാൽ രണ്ടുമാസം കഴിഞ്ഞശേഷമാണ് അധികൃതർ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നത്, അതും ഇക്കാലയളവിലുണ്ടായ കടുത്ത പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷം. സംഭവത്തെ തുടർന്ന് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വലിയതോതിൽ വിദ്യാർഥികളുടെ പ്രതിഷേധമുയർന്നു. അടിയന്തിരമായും പൊലീസ് നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കാമ്പസിനുള്ളിലും ഹോസ്റ്റലിലും എസ് എഫ് ഐയുടെയും മറ്റും നേതൃത്വത്തിൽ ആയിരക്കണക്കിനു വിദ്യാർഥികൾ സമരരംഗത്തിറങ്ങി. പ്രതിഷേധത്തിനിടയിൽ സംഘർഷം സൃഷ്ടിക്കാൻ എബിവിപി ശ്രമിച്ചു.
സംഭവത്തിൽ ബിജെപിയുടെ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പ്രധാനമന്ത്രിയുടെ വാരണാസിയിലെ മണ്ഡപം ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുമെന്ന് സമരക്കാർ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. കുറ്റാരോപിതരായവർ ബിജെപിയുടെ ഐടിസെൽ പ്രവർത്തകരാണ്. അവരുടെ അറസ്റ്റ് നീട്ടിക്കൊണ്ടുപോയത് ആസന്നമായിരുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നു. മാത്രവുമല്ല, ഇപ്പോൾ അറസ്റ്റുചെയ്ത രണ്ടു പ്രതികളെയും ബിജെപി മഹാരാഷ്ട്രയിലേക്ക് അവിടുത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അങ്ങോട്ടയയ്ക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിനുമുമ്പ് ഇവരെ അറസ്റ്റുചെയ്താൽ അത് ബിജെപിയുടെ വിജയത്തെ ബാധിക്കുമെന്നുകണ്ടാണ് അറസ്റ്റ് നീട്ടിക്കൊണ്ടുപോയത്. അറസ്റ്റുചെയ്യുന്നതിന്റെ തലേദിവസംവരെ ഇവർ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു എന്നത് ബിജെപിയിൽ പ്രവർത്തിക്കുന്നവർക്ക് ഏത് ഹീനകൃത്യം ചെയ്താലും ശിക്ഷാഭയമില്ലാതെ എത്രനാൾ വേണമെങ്കിലും സ്വൈരവിഹാരം നടത്താൻ കഴിയുമെന്നാണ്.
സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ ബിജെപി-‐ആർഎസ് എസിൽ പ്രവർത്തിക്കുന്നവരുടെ ദിനചര്യയുടെ ഭാഗമായി മാറിയ ഒരു സംസ്കാരം അധികാരത്തിന്റെ പിന്തുണയോടെ അവർ വളർത്തിയെടുത്തിരിക്കുന്നു. പ്രധാനമന്ത്രിയുടെ മൂക്കിനുതാഴെ നടന്ന സംഭവത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കാൻ 60 ദിവസം വേണ്ടിവന്നു. മോദിയും യോഗിയും ഇക്കാര്യത്തിൽ മൗനത്തിലാണ്. ഇക്കാര്യത്തിലെന്നല്ല, സമാനമായ സംഭവങ്ങളിലെല്ലാം, കത്വയിലും ഉന്നാവോയിലും എല്ലാമെല്ലാം, ഇതുതന്നെയാണ് ഇവരുടെ നിലപാട്. രാജ്യത്തിന്റെ അഭിമാനതാരങ്ങൾ അപമാനഭാരത്താൽ, രാജ്യത്തിനായി കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകളെല്ലാം വലിച്ചെറിഞ്ഞിട്ടും ഇന്ത്യാരാജ്യത്ത് ബിജെപി ഭരണത്തിൽ ഒരു ഗ്യാരന്റിയുമില്ലാത്ത സ്ത്രീ സമൂഹത്തോട് യാതൊരു ലജ്ജയുമില്ലാതെ മോദി പറയുന്നു ‘മോദി ഗ്യാരന്റി’യെന്ന്.
ശക്തമായ, സംഘടിതമായ നിരന്തരപോരാട്ടങ്ങളിലൂടെ മാത്രമേ സ്ത്രീകൾക്കു നീതികിട്ടൂ എന്നതാണ് സ്ഥിതിയെന്ന് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സംഭവത്തെ തുടർന്നുണ്ടായ പ്രക്ഷോഭ സമരങ്ങൾ ഒരിക്കൽകൂടി തെളിയിക്കുന്നു. വരുംനാളുകളിൽ രാജ്യം സമരങ്ങളുടെ തീച്ചൂളയായി മാറുമെന്നത് തീർച്ചയാണ്. ♦