Sunday, July 14, 2024

ad

Homeനവചലനങ്ങൾപുതുചരിത്രം സൃഷ്ടിച്ച് കൊല്‍ക്കത്തയില്‍ വന്‍ യുവ സംഗമം

പുതുചരിത്രം സൃഷ്ടിച്ച് കൊല്‍ക്കത്തയില്‍ വന്‍ യുവ സംഗമം

ഗോപി കൊല്‍ക്കത്ത

വംഗ നാടിന്റെ ഭാവി പോരാട്ടത്തിന് പുതുചരിത്രം കുറിച്ച് കൊല്‍ക്കത്തയില്‍ യുവലക്ഷങ്ങള്‍ അണിനിരന്ന മഹാറാലി അരങ്ങേറി. എല്ലാവര്‍ക്കും തൊഴിലും വിദ്യാഭ്യാസവും ഉറപ്പുവരുത്തുക, അഴിമതിയും വര്‍ഗീയ വിദ്വേഷവും തുടച്ചു മാറ്റുക, സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, രാജ്യത്തെയും സംസ്ഥാനത്തെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഡിവൈഎഫ്ഐ പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ഇന്‍സാഫ് (നീതി) യാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ട് കൊല്‍ക്കത്തയിലെ പ്രസിദ്ധവും വിശാലവുമായ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ ജനുവരി ഏഴിന് അരങ്ങേറിയ സമരപ്രഖ്യാപന റാലി ചരിത്രംസൃഷ്ടിച്ച വന്‍ യുവ സംഗമമായി. വര്‍ഗീയ വിദ്വേഷം വമിയ്ക്കുന്ന ബിജെപിയേയും അക്രമ രാഷ്ട്രീയത്തിന്റേയും അഴിമതിയുടേയും ഭീകര രൂപമായ തൃണമൂലിനേയും ഒറ്റപ്പെടുത്തി സാധാരണക്കാരുടേയും അധ്വാനിയ്ക്കുന്ന ജനവിഭാഗങ്ങളുടെയും താത്പര്യങ്ങളും ഐക്യവും സംരക്ഷിയ്ക്കാന്‍, ജനാധിപത്യ പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്തേകാന്‍ റാലി ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ച് യുവജനതയുടെ ആവശ്യങ്ങളോടൊപ്പം ജനകീയ പ്രശ്നങ്ങളും ഏറ്റെടുത്ത് വീറോടെയുള്ള പോരാട്ടം തുടരുമെന്നും റാലി പ്രഖ്യാപിച്ചു.

ബഹുജന ബ്രിഗേഡ് എന്ന ആഹ്വാനം ഏറ്റെടുത്ത് കര്‍ഷക – കര്‍ഷക തൊഴിലാളികളും മറ്റ് ഇതര വിഭാഗം തൊഴിലാളികളും സാധാരണ ജനങ്ങളും അണിനിരന്ന മഹാജന സംഗമമാണ് ബ്രിഗേഡ് കാഴ്ചവെച്ചത്. ലക്ഷങ്ങള്‍ അണിനിരന്ന വമ്പന്‍ ജനക്കൂട്ടത്തെയാണ് ബ്രിഗേഡ് പരേഡ് മൈതാനി എതിരേറ്റത്. അടുത്ത കാലത്തൊന്നും ഇത്ര വലിയ ജനകൂട്ടത്തെ ബ്രിഗേഡ് മെെതാനി ദര്‍ശിച്ചിട്ടില്ല. യാതൊരു ഭരണ സ്വാധീനവും ഇല്ലാതെ സംഘടിപ്പിച്ച മഹാറാലി മാധ്യമങ്ങളേയും രാഷ്ട്രീയ എതിരാളികളേയും അമ്പരപ്പിക്കുന്നതായിരുന്നു. പലയിടങ്ങളിലും റാലിയ്ക്ക് എത്തിയ പ്രകടനങ്ങള്‍ തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അത് നേരിട്ട് ദൃഢനിശ്ചയത്തോടെയാണ് ജനങ്ങള്‍ ഒഴുകിയെത്തിയത്. തലേദിവസം രാത്രി മുതല്‍ ബ്രിഗേഡിലേക്കള്ള ജനപ്രവാഹം ആരംഭിച്ചു. ഏഴിന് അതിരാവിലെ മുതല്‍ കൊൽക്കത്തയുടെ തെരുവീഥികൾ. മൈതാനിയിലേക്കുള്ള മനുഷ്യപ്രവാഹത്തിന്റെ കുത്തൊഴുക്കായി. ഉച്ചക്ക് 12 മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നതെങ്കിലും അതിനു വളരെ മുമ്പുതന്നെ മൈതാനം ജനസാന്ദ്രമായി. ഹൗറ, സിയാള്‍ദ, കൊല്‍ക്കത്ത തുടങ്ങി പ്രധാന റെയില്‍വെ സ്റ്റേഷനുകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കേന്ദ്രീകരിച്ച് നിലയ്ക്കാത്ത മനുഷ്യ പ്രവാഹമാണ് രാവിലെ മുതല്‍ ബ്രിഗേഡ് മെെതാനിയിലേക്ക് ഒഴികിയെത്തിയത്.

2008 നവംബറില്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയ്ക്കുശേഷം 16 വര്‍ഷങ്ങള്‍ പിന്നി ട്ടാണ് ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തില്‍ ബ്രിഗേഡ് മൈതാനിയില്‍ ഒരു പൊതുയോഗം നടക്കുന്നത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബ്രിഗേഡ് ഇത്തരം ഒരു ഇടതുപക്ഷ റാലി ദര്‍ശിച്ചത്. റാലിയില്‍ പങ്കെടുത്തവര്‍, രാജ്യം സംരക്ഷിയ്ക്കുമെന്ന ഭരണഘടനയുടെ ആമുഖ പ്രതിജ്ഞ ചൊല്ലി ശപഥമെടുത്തു.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ദുരുബജ്യോതി ഷഹയുടെ അദ്ധ്യക്ഷതയില്‍ നടന്ന റാലിയില്‍ ദേശീയ പ്രസിഡന്റ് എ എ റഹീം, ജനറല്‍ സെക്രട്ടറി ഹിമാശുറായ് ഭട്ടാചര്യ, സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖര്‍ജി, ഡിവൈഎഫ്ഐ മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം, മുന്‍ സംസ്ഥാന സെക്രട്ടറി അഭാഷ് റോയ് ചൗധരി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ്രിജന്‍ ഭട്ടാചാര്യ എന്നിവര്‍ സംസാരിച്ചു.

ബിജെപിയും തൃണമൂലും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണന്നും ഇടതുപക്ഷമാണ് രണ്ടു കക്ഷികളുടേയും മുഖ്യ ശത്രുവെന്നും മുഹമ്മദ് സലീം പറഞ്ഞു. ജനാധിപത്യ അവകാശങ്ങളെയും ഇടതുപക്ഷത്തെയും അടിച്ചമര്‍ത്തുന്ന നയങ്ങളാണ് സംസ്ഥാനത്ത് മമത സര്‍ക്കാരും തൃണമൂലും തുടരുന്നത്. ബിജെപിയോട് ഇരട്ടത്താപ്പ് നയമാണ് മമത ബാനര്‍ജി തുടരുന്നത്. വന്‍തോതിലുള്ള അഴിമതിയാണ് ഒരോ ദിവസവും പുറത്തു വരുന്നത്. ജനങ്ങളുടെ രോഷം രൂക്ഷമാകുന്നു. അത് സമരരംഗത്ത് സമന്വയിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അതില്‍ യുവജനങ്ങള്‍ക്ക് മുഖ്യമായ പങ്കാണുള്ളത്. തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അവരെയാണ്. അതിനാലാണ് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഇന്‍സാഫ് യാത്രയ്ക്ക് വന്‍ ജനപിന്തുണ ലഭിച്ചത്. ബംഗാളില്‍ പുരോഗമന യുവജന പ്രസ്ഥാനം വീണ്ടും ശക്തിയാര്‍ജിക്കുന്നുവെന്നതിന് തെളിവാണ് വന്‍ റാലിയെന്ന് എ എ റഹിം പറഞ്ഞു. വര്‍ഗീയതയ്ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് ഡിവൈഎഫ്ഐ എടുക്കുന്നത്. തത്വാടിസ്ഥാനത്തിലുള്ള നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് യുവജനങ്ങളുടെയും സമൂഹത്തിന്റെയാകെയും പ്രശ്നങ്ങളേറ്റെടുത്തു പോരാടുന്നതുകൊണ്ടാണ് ഡിവൈഎഫ്ഐ രാജ്യത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായി വളര്‍ന്നതെ ന്നും അദ്ദേഹം പറഞ്ഞു.

മമത ബാനര്‍ജിയുടെ ഭരണത്തില്‍ ബംഗാള്‍ സര്‍വ്വ രംഗത്തും പിന്നോട്ടുപോയെന്ന് മീനാക്ഷി മുഖര്‍ജി പറഞ്ഞു. ജനങ്ങളേയും യുവാക്കളേയും വഞ്ചിക്കുകയാണ് മമത ചെയ്യുന്നത്. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് യുവാക്കളാണ് ഇവിടെ നിന്ന് പലായനം ചെയ്യുന്നത്. എല്ലാ തലങ്ങളിലും വന്‍ അഴിമതി കൊടികുത്തി വാഴുന്നു . ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മീനാക്ഷി പ്രഖ്യാപിച്ചു.

പശ്ചിമ ബംഗാള്‍ ഡമോക്രാറ്റിക് യുവ ഫെഡറേഷന്റെ സ്ഥാപക സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ റാലിയ്ക്ക് ആശംസ അര്‍പ്പിച്ച് സന്ദേശം അയച്ചു. സുഖമില്ലാതിരിക്കുന്ന അദ്ദേഹത്തെ റാലിയ്ക്ക് മുന്നോടിയായി കാണാന്‍ എത്തിയ സംഘടന ഭാരവാഹികള്‍ക്കാണ് അദ്ദേഹം സന്ദേശം നല്‍കിയത്. റാലിയില്‍ മീനാക്ഷി അത് വായിച്ചപ്പോള്‍ നീണ്ട കരഘോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.

‘‘കള്ളനെ കള്ളനെന്ന് വിളിക്കാന്‍ ഞങ്ങള്‍ ഭയപ്പെടുന്നില്ല. വര്‍ഗീയ ശക്തിയെ വര്‍ഗീയ ശക്തിയെന്ന് വിളിക്കാന്‍ ഞങ്ങള്‍ക്ക് ഭയമില്ല. ഭയത്തെ കീഴടക്കിയാണ് ഈ രംഗത്തെ ഒരോ വ്യക്തിയും ഇവിടെയെത്തിയത്. ഭയത്തെ കീഴടക്കാന്‍ ധൈര്യം ആവശ്യമാണ്. അതിന്റെ തെളിവാണ് ഇന്‍സാഫ് യാത്രയും മഹാറാലിയും. ബംഗാളിലെ യുവാക്കള്‍ക്കുമാത്രമെ ബംഗാളിനെ രക്ഷിക്കാനാകു’’ – ബുദ്ധദേബ് നൽകിയ സന്ദേശത്തില്‍ പറഞ്ഞു.

ഡിവൈഎഫ്ഐ സ്ഥാപക ദിനമായ നവംബര്‍ മൂന്നിന് കൂച്ച് ബിഹാറില്‍ നിന്നുമാണ് ഇന്‍സാഫ് ജാഥയ്ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തിന്റെ 22 ജില്ലകളില്‍ കൂടി 50 ദിവസം സഞ്ചരിച്ച് 2410 കിലോമീറ്ററുകള്‍ പിന്നിട്ട് ഡിംസംബര്‍ 22ന് ദക്ഷിണ കൊല്‍ക്കത്തയിലെ ജാദവപ്പൂരിലെത്തി ജാഥ സമാപിച്ചു. ആയിരങ്ങള്‍ അണിനിരന്ന വന്‍ വരവേൽപ്പാണ് ജാദവപ്പൂര്‍ നല്‍കിയത്. അതിനു ശേഷം ബ്രിഗേഡ് റാലി വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ അരങ്ങേറി. സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖര്‍ജിയായിരുന്നു ജാഥാ ക്യാപ്റ്റന്‍. പ്രസിഡന്റ് ദുരുബ്ജ്യോതി ഷഹയും മറ്റു നേതാക്കളും ജാഥയിലുടനീളം പങ്കെടുത്തു.

കൂച്ച് ബിഹാറില്‍നിന്ന് ജാഥ ആരംഭിക്കുമ്പാള്‍ 180 യുവതീ യുവാക്കളായിരുന്നു അതിലെ സ്ഥിരാംഗങ്ങള്‍. ഡിസംബര്‍ 22ന് ജാദവപ്പൂരിലെത്തുമ്പോള്‍ അത് 680 പേരായി ഉയര്‍ന്നു. ഒരോ ജില്ലയില്‍ കൂടി ജാഥ കടന്നുപോയപ്പോഴും കൂടുതല്‍ യുവാക്കള്‍ അതില്‍ അണിചേര്‍ന്നു. സ്ഥിരാംഗങ്ങളെ കൂടാതെ ആയിരക്കണക്കിനാളുകളാണ് ഒരോ ദിവസവും ജാഥയ്ക്ക് അകമ്പടി സേവിച്ചത്. യുവാക്കള്‍ മാത്രമല്ല കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും മറ്റ് ഇതര വിഭാഗം തൊഴിലാളികളും സാധാരണ ജനങ്ങളുമുള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും അതില്‍ പങ്കാളികളായി. ജാഥ കടന്നുവന്ന സ്ഥലങ്ങളിലെല്ലാം വന്‍ സ്വീകരണമാണ് ലഭിച്ചത്. നിരവധി കവലയോഗങ്ങളും വന്‍യോഗങ്ങളും ജാഥയുടെ ഭാഗമായി അരങ്ങേറി. ഒരോ ജില്ലയിലേക്കും ജാഥ പ്രവേശിച്ചപ്പോള്‍ അതാതിടങ്ങളിലെ പ്രത്യേക കലാരൂപങ്ങളോടെയാണ് സ്വീകരണം ഒരുക്കപ്പെട്ടത്. പലയിടങ്ങളിലും സ്കൂള്‍ കുട്ടികളും ജാഥയെ സ്വീകരിക്കാന്‍ അണിനിരന്നു. നിരവധി സ്ഥലങ്ങളില്‍ കൃഷിക്കാരും ഗ്രാമീണരും മുന്നിട്ടിറങ്ങിയാണ് ജാഥാംഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയത്. സംഘടനാപരമായി ദുര്‍ബലമായ സ്ഥലങ്ങളില്‍പോലും ജനപങ്കാളിത്വം ശ്രദ്ധേയമായി. പൊതുവില്‍ പതിനായിരങ്ങളുടെ പങ്കാളിത്തത്തോടെയും പിന്തുണയോടെയും മുന്നേറിയ ഇന്‍സാഫ് ജാഥ സംസ്ഥാനത്തൊട്ടാകെ വന്‍ ആവേശവും പുത്തന്‍ ഉണര്‍വും പ്രതീക്ഷയും സൃഷ്ടിച്ചു. ബ്രിഗേഡ് റാലിയും അതാണ് തെളിയിച്ചത്.

പലയിടങ്ങളിലും ജാഥ തടസ്സപ്പെടുത്താനും അലങ്കോലപ്പെടുത്താനും തൃണമൂല്‍ കോൺഗ്രസും പൊലീസും ശ്രമിച്ചെങ്കിലും ശക്തമായ ചെറുത്തുനില്‍പ്പിലൂടെ അതെല്ലാം മറികടന്നാണ് മുന്നേറിയത്. നാദിയ ജില്ലയിലെ ഹരിന്‍ഹട്ടയില്‍ ജാഥ എത്തിയപ്പോള്‍ ഒരു സംഘം പൊലീസുകാര്‍ അനുമതിയില്ലെന്ന് പറഞ്ഞ് ജാഥയെ തടയുകയും ജാഥാ ക്യാപ്റ്റനായ മീനാക്ഷി മുഖര്‍ജിയെയും ജാഥാംഗങ്ങളെയും അസഭ്യം പറയുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നൂറു കണക്കിന് ജാഥാംഗങ്ങള്‍ ദേശീയ പാത ഉപരോധിച്ചുകൊണ്ട് റോഡില്‍ കുത്തിയിരുന്നു. വിവരം അറിഞ്ഞ് വന്‍ ജനാവലി അവിടെ ഒത്തുകൂടി. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലത്തെത്തി ജാഥാംഗങ്ങളോട് മാപ്പുപറയുകയും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ച് ജാഥ യാത്ര തുടര്‍ന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 17 =

Most Popular