Saturday, April 27, 2024

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍അടിച്ചമർത്തലുകൾ നേരിട്ട് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി

അടിച്ചമർത്തലുകൾ നേരിട്ട് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി

എം എ ബേബി

ന്നാം ലോക യുദ്ധം വരെ ഇറാഖ് ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒന്നാം ലോക യുദ്ധകാലത്ത് അറബ് ജനതയുടെ പിന്തുണ നേടുന്നതിനായി ഫ്രാൻസും ബ്രിട്ടനും അറബ് പ്രദേശങ്ങൾക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും വാഗ്ദാനം നൽകി. എന്നാൽ 1916 ലെ സെെക്സ് – പിക്കോട്ട് കരാർ (Sykes –– —- Picot) കരാർ പ്രകാരം ലബനനും സിറിയയും ഫ്രാൻസിന്റെ അധീനതയിലും, പലസ്തീനും ഇറാഖും ബ്രിട്ടന്റെ അധീനതയിലുമായി. അങ്ങനെ യുദ്ധാനന്തരം 1921ൽ ഇറാഖ് ബ്രിട്ടീഷ് അധീനതയിൽ ഒരു പ്രത്യേക രാഷ്ട്രമായി നിലവിൽ വന്നു.

ഒന്നാം ലോക യുദ്ധകാലത്ത് ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ കലാപം നയിച്ച അമീർ ഫൈസൽ ഇബ്ൻ ഹുസൈനെ പുതിയ ഇറാഖ് രാഷ്ട്രത്തിന്റെ ചക്രവർത്തിയായി ബ്രിട്ടൻ അവരോധിച്ചു. മക്കയിൽ നിന്നുള്ള സുന്നി ഹാഷിമെെറ്റ് കുടുംബാംഗമായിരുന്നു ഫൈസൽ. ഇറാഖി ജനതയ്ക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും വാഗ്ദാനം നൽകിയിരുന്ന ബ്രിട്ടൻ അവിടത്തെ കുർദുകളെപോലെയുള്ള മറ്റു ന്യൂനപക്ഷ വംശീയ വിഭാഗങ്ങളെയും മതവിഭാഗങ്ങളെയും അവഗണിച്ചു. നഗരകേന്ദ്രിതമായി ഉയർന്നുവന്നിരുന്ന ദേശീയവാദത്തെ അവഗണിക്കുകയും സമര – കലാപനീക്കങ്ങളെ സൈനികശക്തിയുപയോഗിച്ച് അടിച്ചമർത്തുകയും ചെയ്തു. മാത്രമല്ല, 1921ൽ ഇറാഖിന്റെ ചക്രവർത്തിയായി ഫൈസലിനെ നിയോഗിച്ചെങ്കിലും 1932 വരെ ബ്രിട്ടൻ ഇറാഖിൽ തുടർന്നു. അതിനുശേഷവും ബ്രിട്ടന്റെ അദൃശ്യ നിയന്ത്രണവും സാന്നിധ്യവും ഫൈസൽ ചക്രവർത്തിയിലൂടെ നിലനിന്നു.

1927ൽ കിർക്കുക്കിൽ എണ്ണ കണ്ടെത്തിയതോടെ ഇറാഖിന്റെ സമ്പദ്ഘടനതന്നെ പാടെ മാറിമറിഞ്ഞു. 1932 നും 1958ലെ വിപ്ലവത്തിനുമിടയ്ക്ക് ഭരണം ബ്രിട്ടീഷുകാർ അവരോധിച്ച ഫൈസൽ ചക്രവർത്തിക്കായിരുന്നു. ഈ രാജവാഴ്ചയെ ചുറ്റിപ്പറ്റി നിന്നിരുന്ന ഇറാഖി ഭരണവർഗം ബ്രിട്ടീഷ് മൂലധനവുമായി കൂട്ടിച്ചേർന്ന് സമ്പദ്ഘടനയിലുണ്ടായ അഭിവൃദ്ധി ആവോളം ആസ്വദിച്ച് തടിച്ചുകൊഴുത്തു. ഒരുവശത്ത് ഭരണവർഗം അതിസമ്പന്നതയിലേക്ക് കുതിച്ചുയർന്നപ്പോൾ മറുവശത്ത് ഇറാഖിലെ കർഷകജനസാമാന്യം പാപ്പരീകരിക്കപ്പെട്ടു. അതിനൊപ്പം വർഗപരമായ ധ്രുവീകരണവും ഇറാഖി തൊഴിലാളിവർഗത്തിന്റെ പിറവിയും സംഭവിച്ചു.

രാജവാഴ്ചക്കെതിരായ 1958ലെ വിപ്ലവത്തിനു തൊട്ടുമുൻപുള്ള ഇറാഖിലെ സാമൂഹ്യാവസ്ഥ ഇങ്ങനെയായിരുന്നു: ഒരു ശതമാനം വരുന്ന ഭൂ ഉടമകളുടെ കൈവശമായിരുന്നു മൊത്തം സ്വകാര്യ ഭൂമിയുടെ 55 ശതമാനവും. മറുവശത്ത് 65% ജനങ്ങളുടെ കൈവശം, കൃഷിയോഗ്യമായ മൊത്തം ഭൂമിയുടെ 3.6% മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നാം ലോകയുദ്ധാനന്തരമുണ്ടായ ഇറാഖിലെ സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റത്തിന്റെ പ്രതിഫലനമായിരുന്നു ഇത്.

6 ലക്ഷത്തിലേറെ ഗ്രാമീണ കുടുംബങ്ങൾ പൂർണമായും ഭൂരഹിതരായി. ഗ്രാമീണ മേഖലയിൽ നിന്ന് കൃഷിഭൂമിയും കിടപ്പാടവുമില്ലാതായ ലക്ഷക്കണക്കിന് കർഷകർ തൊഴിൽ തേടി, ആഹാരത്തിനു വക തേടി കിർക്കുക്കും ബാഗ്ദാദും പോലെയുള്ള വൻ നഗരങ്ങളിലേക്ക് ഒഴുകിയെത്തി. അവർ നഗരങ്ങളിലെ ചേരി പ്രദേശങ്ങളിൽ അടിഞ്ഞുകൂടി. പുതുതായി വളർന്നുകൊണ്ടിരുന്ന കൺസ്ട്രക്ഷൻ വ്യവസായത്തിലും അപൂർവമായി ഉണ്ടായിരുന്ന ചെറുകിട ഫാക്ടറികളിലും അതിനുപുറമെ മുഖ്യമായും എണ്ണ വ്യവസായവുമായി ബന്ധപ്പെട്ടും അവർ പണിയെടുത്തു. അങ്ങനെയാണ് ഇറാഖി തൊഴിലാളിവർഗത്തിന്റെ ഉദയം. ഇതിനൊപ്പം ചെറുകിട കച്ചവടക്കാരും കൈത്തൊഴിലുകാരും അധ്യാപകരും സർക്കാർ ജീവനക്കാരും മറ്റു പ്രൊഫഷണലുകളും ഉൾപ്പെടെ ദരിദ്രവത്കരിക്കപ്പെട്ട വലിയൊരു പെറ്റീബൂർഷ്വാ വിഭാഗവും വളർന്നുവന്നു. ഈ വർഗ്ഗങ്ങളിൽ നിന്നെല്ലാം പിന്തുണയാർജിച്ചാണ് 1934ൽ ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടത്.

ഹുസൈൻ അൽ –റഹാൽ

ഇറാഖിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ബീജാവാപം നടത്തിയത് ബാഗ്ദാദ് നിയമ വിദ്യാലയത്തിലെ വിദ്യാർഥിയായിരുന്ന ഹുസൈൻ അൽ –റഹാലാണ് (Hussain al – Rahhal). ഇറാഖിലെ ആദ്യത്തെ മാർക്സിസ്റ്റ് സ്റ്റഡി സർക്കിൾ എന്ന് പറയാവുന്ന ചെറിയൊരു സംഘത്തിന് 1924ൽ അദ്ദേഹം രൂപംനൽകി. ഒരു സംഘം യുവ ബുദ്ധിജീവികൾ ഹുസൈൻ അൽ – റഹാലിന്റെ നേതൃത്വത്തിൽ ബാഗ്ദാദിലെ ഹയ്ദർഖാനാ മോസ്കിലാണ് യോഗം ചേർന്നിരുന്നത്; അക്കാലത്ത് പ്രചാരത്തിൽ വന്നുതുടങ്ങിയ പുതിയ ആശയങ്ങളെയും പ്രസ്ഥാനങ്ങളെയുംകുറിച്ചാണ് അവർ ചർച്ച ചെയ്തിരുന്നത്. തുടർന്ന് അവർ അൽ– സാഹിഫ (Al Sahifah – – ദി ജേണൽ) എന്ന ഒരു പത്രം പ്രസിദ്ധീകരിച്ചു തുടങ്ങി. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് അവർ അതിലൂടെ മാർക‍്സിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള അറിവുകൾ വായനക്കാരിലേക്ക് എത്തിച്ചു.

ഈ സ്റ്റഡി സർക്കിളിൽ അംഗത്വമുണ്ടായിരുന്നവരിൽ പിൽക്കാലത്ത്, 1958ലെ അബ്ദുൽ കരിം ഖാസിമിന്റെ (Abdul Karim Qasim) മന്ത്രിസഭയിൽ നീതിന്യായ വകുപ്പ് മന്ത്രിയായ മുസ്തഫ അലി (Mustafa Ali) ഇറാഖിലെ ആദ്യ നോവലിസ്റ്റായ മഹ്-മൂദ് അഹമ്മദ് അൽ – സയ്യിദ് (Mahmood Ahmad Al -– Sayyid)തുടങ്ങിയ പ്രമുഖരുമുണ്ടായിരുന്നു. വിവിധ ഭാഷകളിൽ നല്ല അറിവുണ്ടായിരുന്ന അൽ – റഹാൽ വിവിധ യൂറോപ്പ്യൻ ഭാഷകളിലെ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് ലേഖനങ്ങൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു; അങ്ങനെ അദ്ദേഹം പുതിയ ആശയ ലോകത്തേക്ക് ഇറാഖിലെ വിവിധ വിഭാഗം ജനങ്ങളെ, വിശേഷിച്ച് ബുദ്ധിജീവി സമൂഹത്തെ എത്തിക്കുകയായിരുന്നു. ആ പ്രസിദ്ധീകരണത്തിന് പ്രത്യേക അജൻഡയോ പരിപാടിയോ ഇല്ലാതിരുന്നതിനാൽ സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പാക്കൽ, ഫ്യൂഡൽ ആചാരാനുഷ്ഠാനങ്ങൾ നിർമാർജ്ജനം ചെയ്യൽ തുടങ്ങിയ പൊതുവിഷയങ്ങളായിരുന്നു അതിലെ ലേഖനങ്ങളിൽ കൈകാര്യം ചെയ്തിരുന്നത്. ആറ് ലക്കങ്ങൾ പുറത്തിറങ്ങി; ഗവൺമെന്റിന്റെ നിരന്തരമുള്ള അടിച്ചമർത്തലുകളെ തുടർന്ന് 1927ൽ അവസാന ലക്കംകൂടി പ്രസിദ്ധീകരിച്ച ശേഷം ആ പ്രസിദ്ധീകരണം അടച്ചുപൂട്ടി.

ഇതിനുശേഷം അൽ – റഹാൽ എന്നർത്ഥം വരുന്ന നദി അൽ – ടാഡമൺ (Nadi Al -– Tadamun) എന്ന യുവജന സംഘടനയിൽ തന്റെ പ്രവർത്തനം കേന്ദ്രീകരിച്ചു. ഈ സംഘടനയിൽ നടത്തിയ ഇടപെടലുകളിലൂടെ സർക്കാരിനെതിരായ അഭിപ്രായപ്രകടനം നടത്തിയ ചില അധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ 1927 ജനുവരി 30ന് ഇറാഖിന്റെ ചരിത്രത്തിലാദ്യമായി ഒരു വിദ്യാർഥി പ്രകടനം നടത്താൻ അദ്ദേഹം ഒത്താശ ചെയ്തു. പ്രമുഖ ബ്രിട്ടീഷ് സയണിസ്റ്റ് നേതാവ് ആൽഫ്രഡ് മോണ്ടിന്റെ ഇറാഖ് സന്ദർശനത്തിൽ പ്രതിഷേധിച്ച് 1928 ഫെബ്രുവരി എട്ടിന് നടത്തിയ പ്രകടനത്തിനുപിന്നിലും അദ്ദേഹത്തിന്റെ ആസൂത്രണമുണ്ടായിരുന്നു.

1929ൽ അന്താരാഷ്ട്രതലത്തിൽ വലിയ തോതിലുള്ള വിലത്തകർച്ചയുണ്ടായി; തന്മൂലം ഇറാഖിൽ നിന്നുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി വരുമാനത്തിൽ 40%ത്തിലധികം ഇടിവുണ്ടായി. ഇത് ദേശീയാടിസ്ഥാനത്തിൽ സാമ്പത്തിക മാന്ദ്യത്തിനിടയാക്കി; തത്ഫലമായി ഇറാഖിലെ തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വലിയ തോതിലുള്ള കൂലി വെട്ടികുറയ്ക്കലിനെ നേരിടേണ്ടി വന്നു. ഈ കാലത്താണ് ഇറാഖിലെ ബസ്രയിൽ ഘലി സുവായിദിന്റെ (Ghali Zuwayyid) നേതൃത്വത്തിലും നസിറിയ്യയിൽ (Nasiriyyah) യൂസഫ് സൽമാൻ യൂസഫിന്റെ (Yusuf Salman Yusuf) നേതൃത്വത്തിലും (ഇദ്ദേഹം സഖാവ് ഫഹദ് എന്നാണ് അറിയപ്പെട്ടിരുന്നത്) ബാഗ്ദാദിൽ അസിം ഫ്ളയേയുടെയും (Asimflayyeh) മഹദി ഹാഷിമിന്റെയും (Mahdi Hassim) സാക്കി ഖെെറിയുടെയും (Zaki Khairi) മറ്റും നേതൃത്വത്തിലും ചെറുപ്പക്കാർക്കിടയിൽ കമ്യൂണിസ്റ്റു ഗ്രൂപ്പുകൾ വളരാൻ തുടങ്ങിയിരുന്നു. 1927ലെയും 1928ലെയും വിദ്യാർഥി പ്രകടനങ്ങളുടെ കാലത്താണ് ഇവർ പരസ്പരം കണ്ടുമുട്ടി പരിചയമായത്. 1933 ഡിസംബർ 5 മുതൽ 1934 ജനുവരി 2 വരെ നടന്ന, ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ബാഗ്ദാദ് ഇലക്ട്രിക് ലെെറ്റ് കമ്പനിയെ ബഹിഷ്-കരിക്കൽ പരിപാടിയിലാണ് ഈ ഗ്രൂപ്പുകൾ ഒരുമിച്ച് ഏകോപിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്.

1934ൽ രൂപീകരിക്കപ്പെട്ട ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി 1940കളുടെ തുടക്കത്തിലാണ് ശക്തിപ്പെടാൻ ആരംഭിച്ചത്. കോളനി വാഴ്ചയ്ക്കെതിരായി തൊഴിലാളികളുടെയും കർഷകരുടെയും ആവശ്യങ്ങൾ ഉയർത്തി വിപുലമായ ഐക്യനിരയാണ് രൂപീകരണ കാലം മുതൽ പാർട്ടി കെട്ടിപ്പടുക്കാനാരംഭിച്ചത്. 1935 മാർച്ച് 8ന് ജാമിയാത്ത് ദുഡ്ഡ് അൽ–ഇസ്തിമർ (Jamiyat Dudd Al—–Istimar–കൊളോണിയലിസത്തിനെതിരായ കൂട്ടായ്മ) രൂപീകരിക്കപ്പെട്ടു. മൂന്നു ദിവസത്തിനുശേഷം, ഒരു അവകാശ പത്രിക തയ്യാറാക്കി പ്രസിദ്ധീകരിച്ചു. രാജ്യത്തെ കർഷകരും തൊഴിലാളികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന കേന്ദ്ര ആശയവും അതിലുണ്ടായിരുന്നു. കടബാധ്യതകൾ എഴുതിത്തള്ളുക, ഭൂമി ഭൂരഹിതകർക്കായി പുനർവിതരണം ചെയ്യുക, തൊഴിൽസമയം എട്ട് മണിക്കൂറായി നിശ്ചയിക്കുക കൂടുതൽ അവകാശങ്ങൾ തൊഴിലാളികൾക്കനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ച് പൊരുതണമെന്നും അത് ആഹ്വാനം ചെയ്തു. ആ രേഖ ഒരു മാനിഫെസ്റ്റോ പോലെ രാജ്യത്താകെ വിതരണം ചെയ്യപ്പെട്ടു. നിയമവിധേയമല്ലാതെ രഹസ്യമായി പുറത്തിറക്കുന്ന ഇറാഖിലെ ആദ്യത്തെ പത്രമായ കിഫ അൽ–ഷാബിന്റെ (Kifah Al-–Shab–ജനകീയസമരം) പ്രസിദ്ധീകരണവും തുടങ്ങി പ്രധാനമന്ത്രി യാസിൻ അൽ–ഹാഷിമിയെ (Yasin Al – Hashimi) രൂക്ഷമായി വിമർശിക്കാൻ തുടങ്ങിയതോടെ പാർട്ടിയുടെ മിക്കവാറും എല്ലാ പ്രമുഖ നേതാക്കളും അറസ്റ്റു ചെയ്യപ്പെട്ടു. 1935 ഡിസംബറിൽ പത്രം പ്രസിദ്ധീകരണം അവസാനിപ്പിക്കേണ്ടതായി വന്നു. ആ സമയത്ത് പത്രത്തിന് 500 സ്ഥിരം വരിക്കാരുണ്ടായിരുന്നു. ഒമ്പതു പതിറ്റാണ്ടുകൾക്കു മുമ്പുള്ള സ്ഥിതിയാണിതെന്ന് ഓർക്കണം.

1936 ഒക്ടോബർ 29ലെ ഭരണമാറ്റത്തെ തുടർന്നുനടന്ന കൂട്ട അറസ്റ്റുകളിൽപെടാതെ ഒളിവിൽ പോയ ഇറാഖി കമ്യൂണിസ്റ്റു നേതാക്കൾ രാജ്യത്തുടനീളം സമാധാനപരമായ പ്രകടനങ്ങൾ സംഘടിപ്പിച്ചു. കമ്മിറ്റി ഫോർ നാഷണൽ ആന്റ് പ്രോഗ്രസ്സീവ് റിഫോംസ് പോലെയുള്ള സംഘടനകൾക്ക് രൂപം നൽകിയത് കൂടുതൽ അനുഭാവികളെ കണ്ടെത്താൻ സഹായിച്ചു; പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റിൽപോലും പാർട്ടിയുടെ രണ്ട് അനുഭാവികൾ ഉണ്ടായിരുന്നു.

ഭരണമാറ്റത്തെ തുടർന്ന് അധികാരകന്ദ്രമായി ഉയർന്ന ബക്കർ സിദ്ദിഖി (Bakr Sidqi) പാർട്ടിക്കെതിരായ കടന്നാക്രമണം രൂക്ഷമാക്കി. രാജ്യമാസകലം തൊഴിലാളി പണിമുടക്കുകൾ സംഘടിപ്പിച്ചാണ് പാർട്ടി ഇതിനെ നേരിട്ടത്. എങ്കിലും ഭരണകൂടത്തിൽനിന്നുള്ള കടന്നാക്രമണം കൂടുതൽ രൂക്ഷമാവുകയാണുണ്ടായത്. 1937ൽ സിദ്ദിഖി വധിക്കപ്പെട്ടു. അതിനകംതന്നെ പാർട്ടിക്ക് കനത്ത നഷ്ടങ്ങൾ സംഭവിച്ചുകഴിഞ്ഞു. ഈ കാലമായപ്പോൾ സാക്കി ഖെെറി ആയിരുന്നു പാർട്ടിയുടെ നേതാവ്. താഴ്-ന്ന തലത്തിലുള്ള സെെനികർക്കിടയിൽ പാർട്ടി പ്രവർത്തനം കേന്ദ്രീകരിക്കാനായിരുന്നു അദ്ദേഹം കൂടുതൽ ശ്രദ്ധിച്ചത്. അക്കാലത്ത് വ്യാപകമായിക്കൊണ്ടിരുന്ന ജൂത വിരോധത്തിനും ജൂതർക്കെതിരായ ആക്രമണങ്ങൾക്കുമെതിരെ ഇറാഖി കമ്യൂണിസ്റ്റു പാർട്ടി ഉറച്ച നിലപാടെടുത്തു. മാത്രമല്ല, വലതുപക്ഷ പാർട്ടികൾക്കിടയിൽ കണ്ടു തുടങ്ങിയ ഫാസിസ്റ്റ് പ്രവണതകൾക്കെതിരെയും പാർട്ടി ജനങ്ങളെ ജാഗ്രതപ്പെടുത്തി.

ഇറാഖ്: നാടും ജനങ്ങളും

മാനവ സംസ്കാരത്തിന്റെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന രാജ്യമാണ് ഇറാഖ്. യൂഫ്രട്ടീസ്, ടെെഗ്രീസ് നദികൾക്കിടയിലുള്ള മെസപ്പൊട്ടേമിയയാണ് ഇന്നത്തെ ഇറാഖ്. ബിസിഇ മൂവായിരത്തിനടുത്ത് അവിടത്തെ സുമേർ പ്രദേശത്ത് ഒരു നാഗരികത ഉയർന്നുവന്നു. എഴുത്തുവിദ്യ ആരംഭിച്ച ആദിമ സംസ്കാരങ്ങളിലൊന്നായിരുന്നു അത്.
പശ്ചിമേഷ്യയിലെ ഒരു രാജ്യമാണ് ഇറാഖ്. (മദ്ധ്യപൂർവ്വദേശം) മിഡിൽ ഇൗസ്റ്റ് എന്നറിയപ്പെടുന്ന ഭൗമ രാഷ്ട്രീയ മേഖലയിലാണ് ഇതിന്റെ സ്ഥാനം. വടക്ക് തുർക്കിയും കിഴക്ക് ഇറാനും തെക്കു കിഴക്ക് പേർഷ്യൻ ഗൾഫും കുവെെറ്റും തെക്ക് സൗദി അറേബ്യയും തെക്കു പടിഞ്ഞാറ് ജോർദാനും പടിഞ്ഞാറ് സിറിയയും ഇറാഖിന്റെ അതിർത്തി പങ്കിടുന്നു. തലസ്ഥാനം ബാഗ്ദാദ്. ഇറാഖിലെ ഏറ്റവും വലിയ നഗരവും ഇതു തന്നെ. വിസ്തീർണ്ണം 438317 ചതുരശ്ര കി. മീറ്റർ.
ജനസംഖ്യ 4.5 കോടി. ജനസംഖ്യയിൽ ലോകത്ത് 35–ാം സ്ഥാനമാണ് ഇറാഖിന്. 80 ശതമാനത്തോളം അറബികളാണ്. 15 ശതമാനത്തിലധികം കുർദുകളും പത്ത് ശതമാനത്തോളം തുർക്ക്മെൻ വിഭാഗവമാണ്; യെസീദികളും മറ്റു ചെറു ന്യൂനപക്ഷ വംശങ്ങളുമുണ്ട്. ഔദ്യോഗിക ഭാഷകൾ അറബിക്കും കുർദിഷും. നാണയം: ഇറാഖി ദിനാർ. ഇറാഖിലെ ഭൂരിപക്ഷം പേരും ഇസ്ലാം മതവിശ്വാസികളാണ്. ക്രിസ്തുമതം, യെസീദി മതം, സൊറാഷ്ട്രിയൻ മതം എന്നിവയിൽ വിശ്വസിക്കുന്ന ചെറിയ ന്യൂനപക്ഷവുമുണ്ട്.

രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി പൊരുതിക്കൊണ്ടിരുന്ന ഇറാഖി കമ്യൂണിസ്റ്റു പാർട്ടിയെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിസന്ധിയുടെ കാലമായിരുന്നു. 1941ൽ നാസി ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ, സോവിയറ്റ് യൂണിയനെ വഴികാട്ടിയായി കണ്ടിരുന്ന ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കി. സോവിയറ്റ് യൂണിയനെ തങ്ങളുടെ പ്രത്യയശാസ്ത്രപരമായ സഖ്യകക്ഷിയായി ഇറാഖിലെ കമ്യൂണിസ്റ്റു പാർട്ടി കാണുമ്പോൾ സോവിയറ്റ് യൂണിയൻ ബ്രിട്ടനുമായി സഖ്യത്തിലായിരുന്നു. മറ്റൊരു പ്രത്യേകത ഓട്ടോമൻ സാമ്രാജ്യത്തിന്റെ കാലം മുതൽ ഇറാഖ് സമൂഹത്തിൽ ജർമനിയുടെ സ്വാധീനം ശ്രദ്ധേയമായവിധം ഉണ്ടായിരുന്നുവെന്നതാണ്. എന്നിരുന്നാലും, വിശദമായ ഉൾപ്പാർട്ടി ചർച്ചകൾക്കുശേഷം ഇറാഖി കമ്യൂണിസ്റ്റു പാർട്ടി 1942 മെയ് മാസത്തിൽ യുദ്ധത്തിൽ സോവിയറ്റ് പക്ഷത്തുള്ള സഖ്യകക്ഷികളെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടുന്ന ഈ സഖ്യകക്ഷികളാകട്ടെ, ഇറാഖിലെ രാജവാഴ്ചയുടെയും ഭൂപ്രഭുവാഴ്ചയുടെയും കൂട്ടുകക്ഷികളുമായിരുന്നു.

1941ലാണ് ഇറാഖി കമ്യൂണിസ്റ്റു പാർട്ടിയിലെ അത്യുജ്വല വിപ്ലവകാരിയും ജ്വലിക്കുന്ന രക്തനക്ഷത്രവുമായി അറിയപ്പെടുന്നവരിൽ പ്രഥമഗണനീയനായ യൂസഫ് സൽമാൻ യൂസഫ് പാർട്ടിയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം പാർട്ടി സംഘടനയ്ക്കാകെ പുതുജീവൻ നൽകുകയും തൊഴിലാളിവർഗത്തിനിടയിൽനിന്നും കൂടുതൽ പേരെ പാർട്ടി അംഗത്വത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. പിൽക്കാലത്ത് ശക്തമായ ബഹുജനവിപ്ലവ പാർട്ടിയായി ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി മാറിയതിന്റെ അടിത്തറ പാകിയത് ഈ ഘട്ടത്തിൽ യൂസഫ് സൽമാനാണ്.

യൂസഫ് സൽമാന്റെ നേതൃത്വത്തിൽ ഇറാഖി കമ്യൂണിസ്റ്റു പാർട്ടി തൊഴിലാളിവർഗത്തിനിടയിൽ ഗണ്യമായ ഒരു ശക്തിയായി മാറി. ഇറാഖ് രാജഭരണത്തിൻകീഴിലാണെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യമാണ് പിന്നിൽനിന്ന് ചരട് വലിച്ചുകൊണ്ടിരുന്നത്. ബ്രിട്ടന്റെ ഇത്തരം ഇടപെടലുകൾക്കെതിരായ പ്രതിഷേധങ്ങളിലാണ് കമ്യൂണിസ്റ്റു പാർട്ടി കൂടുതൽ ശ്രദ്ധയൂന്നിയത്. 1942ൽ യൂസഫ് സൽമാന്റെ തീരുമാനങ്ങളിൽ വിയോജിപ്പുണ്ടായിരുന്ന പലരും വിവിധ ഗ്രൂപ്പുകളായി പിരിഞ്ഞ് പാർട്ടിയിൽനിന്ന് പുറത്തുപോയി. ഈ ഓരോ ഗ്രൂപ്പും അവരവരുടേതായ പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു. 1944ൽ രാജ്യത്തെ വ്യവസായ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് പാർട്ടി രഹസ്യ പ്രചാരണ പരിപാടി ആരംഭിച്ചു; ഇതിന് നേതൃത്വം നൽകിയതാകട്ടെ, താഴ്-ന്ന ഇടത്തരം വർഗത്തിൽപെട്ട ബുദ്ധിജീവികളുമാണ്. ഈ പ്രചാരണ പരിപാടികളുടെ തുടർച്ചയായി 1944 മാർച്ചിൽ പാർട്ടിയുടെ സമ്മേളനം ചേർന്നു. അതിൽ കെെക്കൊണ്ട തീരുമാനപ്രകാരം 1945ൽ ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ് വിളിച്ച് ചേർക്കുകയുമുണ്ടായി. 1942ൽ പാർട്ടി വിട്ടുപോയവരെയെല്ലാം ആ കോൺഗ്രസിൽ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.

വിലക്കയറ്റംമൂലം ജീവിതച്ചെലവ് ഭീകരമായവിധം ഉയർന്നതിനെ തുടർന്ന് കടുത്ത ബ്രിട്ടീഷ്-വിരുദ്ധ വികാരം ജനങ്ങളിൽ ഉയർന്നു; 1945 ഏപ്രിൽ മുതൽ പാർട്ടിയുടെ അജൻഡയിൽ വീണ്ടും ബ്രിട്ടീഷ് സാമ്രാജ്യത്വ വിരോധം പ്രമുഖമായ സ്ഥാനത്തെത്തി; 1946 ജൂൺ – ജൂലെെ മാസങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തവരെ ഗവൺമെന്റ് വെടിവെച്ച് കൊലപ്പെടുത്തിയതിനെതുടർന്ന് ഗവൺമെന്റിനെതിരെ കമ്യണിസ്റ്റുപാർട്ടി ശക്തമായി രംഗത്തുവന്നു. സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ഗവൺമെന്റ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചു. 1947 ജനുവരി 18ന് ഇബ്രാഹിം ബാജിർ ഷ്മയേൽ (Ibrahim Bajir Shmayyel) എന്ന ഒരു പാർട്ടി സഖാവിന്റെ വീട്ടിൽ നിന്ന് പൊലീസ് ഫഹദിനെയും സാക്കി ബാസ്സിമിനെയും (Zaki Bassim) കണ്ടെത്തുകയും മൂന്നുപേരെയും അറസ്റ്റു ചെയ്യുകയുമുണ്ടായി. സെൻട്രൽ ബാഗ്ദാദ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടുമെന്റിന്റെ ചോദ്യം ചെയ്യലുകൾക്കുശേഷം അവരെ ബാഗ്ദാദിനു സമീപമുള്ള കുപ്രസിദ്ധമായ അബു ഗ്രൈബ് (Abu Ghraib) ജയിലിൽ നിരവധി കാലം ഇരുട്ടറയിൽ അടച്ചു.

ഈ കിരാതമായ നടപടിയിൽ പ്രതിഷേധിച്ച് അവർ ജൂൺ 13ന് നിരാഹാര സമരമാരംഭിച്ചു. ഒടുവിൽ ഈ മൂന്നു കമ്യൂണിസ്റ്റുകാരെയും ക്രിമിനൽ കേസ് ചുമത്തി വിചാരണ ചെയ്യാനാരംഭിച്ചു. ‘‘വിദേശ ഫണ്ട് സ്വീകരിച്ചു’’, ‘‘വിദേശ രാജ്യവുമായി ബന്ധപ്പെട്ടു’’, ‘‘ഖാലിദ് ബക്ദാഷിന്റെ പാർട്ടിയുമായി ബന്ധപ്പെട്ടു’’, ഭരണഘടനാപരമായ വ്യവസ്ഥിതിയെ അട്ടിമറിക്കാൻ പദ്ധതിയിട്ടു, കലാപത്തിന് ആഹ്വാനം ചെയ്തു, സായുധസേനയിൽ കമ്യൂണിസം പ്രചരിപ്പിച്ചു എന്നിവയായിരുന്നു ചുമത്തപ്പെട്ട കുറ്റകൃത്യങ്ങൾ. ജൂൺ 20 മുതൽ 23 വരെയുള്ള വിചാരണയ്ക്കൊടുവിൽ മൂന്നുപേരും കുറ്റവാളികളാണെന്ന് ‘‘കണ്ടെത്തിയ’’ കോടതി അവർക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ വലിയ ജനരോഷമുയർന്നതിനെ തുടർന്ന് ഗവൺമെന്റ് അതിൽനിന്ന് പിന്നോട്ടുപോവുകയും, ഫഹദിന് ജീവപര്യന്തവും മറ്റു രണ്ടു പേർക്കും 15 വർഷവും ജയിൽശിക്ഷ നൽകാൻ തീരുമാനിക്കുകയും ചെയ്തു.

ജയിലിൽനിന്നും ഫഹദ് പുറത്തുള്ള പാർട്ടി നേതൃത്വത്തിന് രഹസ്യമായി നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം ജയിലഴികൾക്കുള്ളിൽനിന്നും ഇറാഖിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഴുകിയിരുന്നു. എന്നാൽ പുറത്ത് പൊലീസ് കമ്യൂണിസ്റ്റുകാരെയും അനുഭാവികളെയും ക്രൂരമായി വേട്ടയാടുകയായിരുന്നു. പാർട്ടിയുടെ രഹസ്യ താവളം കണ്ടെത്തുകയും യെഹൂദ സിദ്ദിഖ് (Yehuda Siddiq) എന്ന പാർട്ടി സഖാവിനെ അറസ്റ്റുചെയ്ത് കസ്റ്റഡിയിൽവെച്ച് 28 ദിവസം ക്രൂരമായി തല്ലിച്ചതച്ച് വിവരം ശേഖരിച്ചാണ് ഒടുവിൽ തടവറയിൽ നിന്നു നിർദേശം നൽകുന്ന ഫഹദിലേക്ക് എത്താൻ പൊലീസിനു കഴിഞ്ഞത്.

ഒടുവിൽ ഫഹദിനെയും സാക്കി ബാസ്സിമിനെയും മുഹമ്മദ് ഹുസെെൻ അൽ – സബിബിയെയും ജയിലിനുള്ളിൽ കമ്യുണിസ്റ്റു പ്രവർത്തനം നടത്തിയ കുറ്റം ചുമത്തി കോർട്ട് മാർഷൽ ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ചു. 1949 ഫെബ്രുവരി 10ന് വിചാരണ ചെയ്ത്, ശിക്ഷ വിധിച്ച് 13നും 14നുമായി മൂന്നുപേരെയും പൊതുമെെതാനത്ത് തൂക്കുമരം സ്ഥാപിച്ച് തൂക്കിലേറ്റി. ശവശരീരങ്ങൾ നിരവധി മണിക്കൂറുകൾ, മറ്റുള്ളവർക്കുള്ള താക്കീതായി, തൂക്കുമരങ്ങളിൽ തന്നെ പ്രദർശിപ്പിച്ചു. ഫഹദിന്റെ ശവസംസ്കാരം നടത്തിയ സ്ഥലംപോലും പൊലീസ് രഹസ്യമായി സൂക്ഷിച്ചു. എങ്കിലും അദ്ദേഹത്തെ തൂക്കിലേറ്റിയ അൽ – കർക്കിലെ മെെതാനം ഇന്നൊരു സ്മാരകമായി സ്ക്വയർ ഓഫ് ദി ന്യൂ മ്യൂസിയം എന്ന പേരിൽ അറിയപ്പെടുന്നു.

ഫഹദിനെ കൊലപ്പെടുത്തിയത് തൽക്കാലത്തേക്കെങ്കിലും ഇറാഖിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയായി. എന്നാൽ ഏതാനും ചില വർഷങ്ങൾക്കുള്ളിൽ കമ്യൂണിസ്റ്റു പാർട്ടി എക്കാലത്തെയുംകാൾ കൂടുതൽ കരുത്താർജിച്ചു; ശരിക്കുമൊരു വിപ്ലവ ബഹുജന പ്രസ്ഥാനമായി വളർന്നു. അറബ് മേഖലയിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ സംഘടനയായി ഇറാഖി കമ്യുണിസ്റ്റു പാർട്ടി മാറി. ഫഹദ് നടത്തിയ സംഘടനാ പ്രവർത്തനവും അദ്ദേഹം കെട്ടിപ്പടുത്ത സംഘടനാ സംവിധാനവും ഒപ്പം അദ്ദേഹത്തിന്റെ ഉജ്ജ്വലമായ രക്തസാക്ഷിത്വവും അതിനു വഴിയൊരുക്കി എന്നുറപ്പാണ്.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 1 =

Most Popular