Wednesday, October 9, 2024

ad

Homeപ്രതികരണംക്രിസ്ത്യാനികളോട് സംഘപരിവാർ ചെയ്യുന്നത്

ക്രിസ്ത്യാനികളോട് സംഘപരിവാർ ചെയ്യുന്നത്

പിണറായി വിജയൻ

രാജ്യത്ത് പൊതുവിലും കേരളത്തിൽ വിശേഷിച്ചും ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള രാഷ്ട്രീയനീക്കങ്ങളാണ് ബിജെപി നടത്തിവരുന്നത്. ക്രിസ്ത്യൻ വോട്ടുകൾ സമാഹരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയിച്ചുകയറാനുള്ള കുതന്ത്രമാണ് ബിജെപി പയറ്റുന്നത്.

ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി കരുതുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കൾ ഇന്നുകാണിക്കുന്ന ക്രിസ്ത്യൻ പ്രേമം തിരഞ്ഞെടുപ്പ് രാഷ്ട്രീയലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്ന് മറ്റാരേക്കാളും ആ വിശ്വാസി സമൂഹത്തിനറിയാം. സംഘപരിവാരം ക്രിസ്ത്യൻ മതവിശ്വാസികളോട് ചെയ്ത കുടിലതയുടെ ചരിത്രം മണിപ്പൂർ വരെ എത്തിനിൽക്കുകയാണ്.

ക്രിസ്ത്യൻ സമുദായത്തിനെതിരെ സംഘപരിവാർ ആക്രമണങ്ങൾ നിത്യസംഭവമായി ഇന്ന് ഇന്ത്യയിൽ മാറിയിരിക്കുന്നു. യുണെെറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ഈ വർഷം സെപ്തംബറിൽ പുറത്തു വിട്ട കണക്കുകൾ പ്രകാരം 2023-ലെ ആദ്യ എട്ട് മാസങ്ങളിൽ മാത്രം ഇന്ത്യയിൽ 525 ആക്രമണങ്ങളാണ് ക്രിസ്ത്യാനികൾക്കെതിരെ നടന്നത്. എണ്ണത്തിൽ 2022-ലും അതിനുമുമ്പ് 2021-ലും ഉണ്ടായ ആക്രമണങ്ങളെ മറികടക്കുന്ന സ്ഥിതിയാണ് കാണുന്നത്. 2012 നും 2022 നും ഇടയിലുള്ള 11 വർഷത്തിനിടെ അക്രമങ്ങളുടെ എണ്ണം നാലിരട്ടിയായി ഉയർന്നു. 2016ൽ – 247 അക്രമ സംഭവങ്ങൾ ആയിരുന്നെങ്കിൽ 2021- ൽ അത് 505 ആയും 2022 -ൽ 599 ആയും ഉയർന്നു.

യുസിഎഫ് പുറത്തു വിട്ട ഡാറ്റയിൽ മണിപ്പൂർ ഉൾപ്പെട്ടിട്ടില്ല. മണിപ്പൂർ കൂടി ഉൾപ്പെടുത്തിയാൽ ഈ സംഖ്യ വളരെ വലുതായിരിക്കും. മണിപ്പൂർ കലാപത്തിനിടെ ആർഎസ്‌എസ് അനുകൂല സംഘടനകളായ ആരംബായ്‌ തെംഗോൽ, മെയ്‌തീ ലീപുൺ എന്നീ സായുധ സംഘങ്ങളുടെ നേതൃത്വത്തിൽ ക്രൂരമായ ക്രിസ്ത്യൻ വേട്ടയാണ് നടന്നത്. ഗോത്രവിഭാഗമായ കുക്കികളുടെ ദേവാലയങ്ങൾ നിരന്തരമായി തകർക്കപ്പെട്ടു. സംഘപരിവാറിന്റെ ഹൈന്ദവ ദേശീയതയുടെ മറ്റൊരു പതിപ്പാണ് മണിപ്പൂരിൽ കണ്ടത്.

കഴിഞ്ഞ നാല് മാസത്തിനിടെ നൂറുകണക്കിന് പള്ളികൾ മണിപ്പൂരിൽ നശിപ്പിക്കപ്പെട്ടു. നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങളുടെ എണ്ണം 642 ആണെന്ന് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഒരു ഹർജിയിൽ പറയുന്നു. ജൂണിൽ ഇംഫാൽ ആർച്ച് ബിഷപ്പ് പറഞ്ഞത് വെറും 36 മണിക്കൂറിനുള്ളിൽ 249 പള്ളികൾ നശിപ്പിക്കപ്പെട്ടു എന്നാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 180-ൽ അധികം പേർ കൊല ചെയ്യപ്പെടുകയും 300-ൽ അധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. വീടുപേക്ഷിക്കേണ്ടി വന്നത് 55,000-ത്തോളം ആളുകൾക്കാണ്. മണിപ്പൂരിൽ നടന്ന ഈ നരനായാട്ടിൽ അവിടത്തെ ബിജെപി ഭരണകൂടത്തിന്റെ നിഷ്ക്രിയത്വവും കൃത്യവിലോപവും തുറന്നു കാണിച്ച റിപ്പോർട്ടിന്റെ പേരിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് എഫ്.ഐ.ആർ ഫയൽ ചെയ്യുകയാണുണ്ടായത്.

2014ന് ശേഷം ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ വളരെയധികം വർദ്ധിച്ചതായി ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അതുപോലെ 2015-ൽ മത പ്രചരണത്തിനിടെ കമ്യൂണിറ്റി അംഗങ്ങൾക്കു നേരെ 365 ഗൗരവപ്പെട്ട ആക്രമണങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത് എന്ന് കാത്തലിക് സെക്യുലർ ഫോറം (സിഎസ്എഫ്) പുറത്തിറക്കിയ സമാനമായ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യതലസ്ഥാനത്ത് മാത്രം നിരവധി അക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആറ് പള്ളികൾക്കും ഒരു ക്രിസ്ത്യൻ സ്‌കൂളിനും നേരെയുമാണ് 2015-ൽ ഡൽഹിയിൽ ആക്രമണം നടന്നത്.

1990-കളോടു കൂടിയാണ് ഇന്ത്യയിൽ ക്രിസ്ത്യൻ സമുദായത്തിനു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നത്. അതേ കാലഘട്ടത്തിൽ തന്നെയാണ് സംഘപരിവാർ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുൻപൊരിക്കലുമില്ലാത്ത വിധമുള്ള ശക്തിയിലേയ്ക്ക് കുതിക്കുന്നതും. വർഗീയമായി ഇന്ത്യയെ വിഭജിച്ച് ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമാക്കി നിലനിർത്തുക എന്ന നയം കൂടുതൽ മൃഗീയമായി നടപ്പാക്കിത്തുടങ്ങിയ ഘട്ടമാണിത്. ഒറ്റയും തെറ്റയുമായി നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കു പുറമേ അനവധി വലിയ കലാപങ്ങളും ക്രിസ്ത്യാനികൾക്കു നേരെ അരങ്ങേറി.

അക്കൂട്ടത്തിൽ ഒരിക്കലും മറക്കാനാവാത്ത ക്രൂരതയാണ് ഓസ്ട്രേലിയൻ മിഷണറിയായിരുന്ന ഗ്രഹാം സ്റ്റെയിൻസിനും ബാല്യം വിട്ടുമാറാത്ത അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാർക്കും നേരെ 1999-ൽ ഒഡീഷയിൽ നടന്നത്. തന്റെ വാഹനത്തില്‍ കിടന്നുറങ്ങുമ്പോൾ ബജ്റംഗ് ദൾ ബന്ധമുള്ള ഒരു സംഘം അവരെ തീകൊളുത്തി കൊല്ലുകയായിരുന്നു. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നു എന്ന കുറ്റമാരോപിച്ചായിരുന്നു സ്വന്തം രാജ്യത്തെക്കാളേറെ ഇന്ത്യയെ സ്നേഹിച്ച് നീണ്ട 35 വർഷക്കാലം ഒറീസയിലെ നിർധനരായ കുഷ്ഠരോഗികൾക്കായി ജീവിതം മാറ്റിവെച്ച സ്റ്റെയിൻസിനെ ബജ്രംഗദൾ സംഘം കൊന്നുകളഞ്ഞത്. കൊലപാതകം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് വധ്വാ കമ്മീഷൻ സ്റ്റെയ്ൻസ് ഒരു തരത്തിലുള്ള മത പരിവർത്തന പ്രക്രിയയിലും പങ്കാളിയായിരുന്നില്ല എന്നാണ് കണ്ടെത്തിയത്.

2008-ൽ ഒഡീഷയിലെ കാണ്ഡമാലിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെ സംഘടിതമായ കലാപം തന്നെ സംഘപരിവാർ അഴിച്ചു വിട്ടു. പല ക്രിസ്ത്യൻ സ്ഥാപനങ്ങളും, വീടുകളും അഗ്നിക്കിരയാക്കപ്പെട്ടു. 60,000-ത്തിലധികം ആളുകൾ ഭവനരഹിതരാക്കപ്പെട്ടു. 395 പള്ളികളും 5,600ലധികം വീടുകളും അഗ്നിക്കിരയാക്കപ്പെട്ടു. 600-ലധികം ഗ്രാമങ്ങൾ കൊള്ളയടിക്കപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം 39 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും മരണ സംഖ്യ 500-ൽ അധികമാണെന്ന് പിന്നീട് നടന്ന ചില പഠനങ്ങൾ പറയുന്നു. കന്യാസ്ത്രീകൾ കൂട്ടബലാത്സംഗം ചെയ്യപ്പെടുന്ന സന്ദർഭങ്ങൾ വരെയുണ്ടായി. ജനക്കൂട്ടം കന്യാസ്ത്രീയെ തെരുവിൽ അക്രമിച്ചപ്പോൾ സംഭവസ്ഥലത്ത് നിസ്സംഗരായി നോക്കിനിന്ന പോലീസിന്റെ സമീപനം ഏറെ ഞെട്ടലോടെയാണ് രാജ്യം കണ്ടത്. അന്ന് കാണ്ഡമാലിലെ കമ്യൂണിസ്റ്റ് പാർട്ടി ഓഫീസുകളിലാണ് കന്യാസ്ത്രീകളും വൈദികരും ഉൾപ്പെടെ അഭയം തേടിയിരുന്നത്.

2008 സെപ്തംബർ 14-ന് മംഗലാപുരം, ഉഡുപ്പി, ചിക്കമംഗളൂരു എന്നിവയുൾപ്പെടെ കർണാടകത്തിലെ വിവിധ ജില്ലകളിലായി 20-ഓളം പള്ളികൾ തകർത്തു. ഇതേ ആക്രമണത്തിന്റെ തുടർച്ചയായി തമിഴ്നാട്ടിൽ പള്ളികൾ അക്രമിക്കപ്പെട്ടു, കൃഷ്ണഗിരിയിൽ മാതാവ് മേരിയുടെ പ്രതിമ മോഷ്ടിച്ചു, മധുരയിൽ യേശുവിന്റെ വിഗ്രഹം തകർത്തു.

നരേന്ദ്ര മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നശേഷം ഈ പ്രവണത കൂടുതൽ ശക്തമാവുകയും രാജ്യത്ത്‌ ക്രിസ്‌തുമത വിശ്വാസികളും ആരാധനാലയങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്ന സ്ഥിതി സംജാതമാവുകയും ചെയ്തു. യുപി, മധ്യപ്രദേശ്‌, കർണാടകം, ഹരിയാന, ഒഡിഷ, ഛത്തീസ്‌ഗഢ്‌, ബിഹാർ, ഝാർഖണ്ഡ്‌ എന്നിവിടങ്ങളിലാണ്‌ കൂടുതൽ ആക്രമണങ്ങൾ. പള്ളികൾക്ക് തീയിടൽ, ബലപ്രയോഗത്തിലൂടെ ക്രിസ്‌തുമത വിശ്വാസികളെ ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യുക എന്നിങ്ങനെ അതിക്രമം നീളുന്നു.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നില്ല. ഇന്ത്യയിൽ കലാപങ്ങൾ കുറഞ്ഞുവെന്നും സമീപ വർഷങ്ങളിൽ സ്ഥിതി കൂടുതൽ സമാധാനപരമാണെന്നും എൻസിആർബി ഡാറ്റ കള്ളം പറയുന്ന സ്ഥിതിയാണിപ്പോൾ കാണുന്നത്. ഉത്തർപ്രദേശിലെ അക്രമ സംഭവങ്ങളുടെ എണ്ണം കുത്തനെ വർദ്ധിച്ചു – 2014-ലെ 18-ൽ നിന്ന് 2017-ൽ 50 ആയി. ഹരിയാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെല്ലാം ആക്രമണങ്ങൾ വലിയ തോതിൽ വർദ്ധിച്ചു. മിക്കപ്പോഴും, കുറ്റവാളികളെ വെറുതെ വിടുകയും അക്രമത്തിന് ഇരയായവർക്കെതിരെ തന്നെ എഫ്‌ഐആറുകൾ ഫയൽ ചെയ്യുകയും ചെയ്യുന്ന വിരോധാഭാസമാണ് നടക്കുന്നത്.

2021 ൽ മാത്രം ക്രിസ്ത്യാനികൾക്കെതിരായ 505 അക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഇതിൽ ഏറിയ പങ്കും കർണാടകം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ 2021 ഒക്ടോബർ മൂന്നിന് നിയമവിരുദ്ധമായി മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് പള്ളിയിൽ പ്രാർഥനയ്‌ക്ക്‌ എത്തിയ പെന്തക്കോസ്ത് സുവിശേഷകയായ പ്രിയോ സാധന പോട്ടറെയും കൂടെയുള്ളവരെയും 250-ഓളം വരുന്ന ജനക്കൂട്ടം മർദ്ദിച്ചു പ്രാർത്ഥനാലയം തകർത്തു.

2021 ഒക്ടോബർ 10ന്‌ ഉത്തർപ്രദേശിലെ മൗ ജില്ലയിൽ പ്രാർഥന നടത്തുന്നതിനിടെ ഹിന്ദുവാഹിനി, ബജ്‌റംഗ്‌ദൾ പ്രവർത്തകർ ആക്രമണം നടത്തി. എന്നാൽ പാസ്റ്റർ ഉൾപ്പെടെയുള്ളവർക്കെതിരെ മതപരിവർത്തനത്തിന്‌ പൊലീസ് കേസെടുക്കുകയാണ് ഉണ്ടായത്. സംഘപരിവാർ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാൻ ക്രിസ്ത്യാനികൾ പ്രാർഥനായോഗങ്ങൾ ഒഴിവാക്കണമെന്നാണ് കര്‍ണാടക പൊലീസ് ക്രിസ്ത്യൻ മത വിശ്വാസികൾക്ക് നിർദേശം നൽകിയത്. 2021 നവംബർ 21ന്‌ ബെലഗവിയിലെ ക്രിസ്ത്യൻ സമുദായ അംഗങ്ങളോടായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്.

മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഒരു കത്തോലിക്കാ സ്‌കൂളിലെ ഹിന്ദു വിദ്യാർത്ഥികളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നുവെന്ന് ആരോപിച്ച് യൂട്യൂബിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ 2021 ഡിസംബർ 6 ന് 300-ഓളം വരുന്ന ആൾക്കൂട്ടം സ്‌കൂൾ തകർത്തു. 2021 ഡിസംബർ പന്ത്രണ്ടിനായിരുന്നു ഹിന്ദുത്വ ഗ്രൂപ്പുകളിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ കർണാടകയിലെ കോലാർ ജില്ലയിൽ ക്രിസ്ത്യൻ മതഗ്രന്ഥങ്ങൾക്ക് തീയിട്ടു നശിപ്പിച്ചത്. എൻ‌.ഡി‌.ടി‌.വി.യുടെ റിപ്പോർട്ട് അനുസരിച്ച്, 2021 ൽ കർണാടകത്തിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ 38-–ാമത്തെ ആക്രമണമായിരുന്നു ഇത്. ഉത്തർപ്രദേശ്, ഹരിയാന, അസം എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ ഹിന്ദുത്വ ഗ്രൂപ്പുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ആക്രമണം നടത്തി.

2023 ജനുവരിയിൽ ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ ഒരു ചർച്ചിന് നേരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ അക്രമണമുണ്ടായി. മാര്‍ച്ച് മാസത്തിൽ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം നടന്നു. അവിടെ ഹിന്ദുത്വതീവ്രവാദികളില്‍ നിന്നും രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാവസ്ത്രം പോലും ഒഴിവാക്കേണ്ടി വന്നു. മതം മാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടു പോകുന്നുവെന്നാരോപിച്ചാണ് ഹിന്ദുത്വ ഭീകരര്‍ കന്യാസ്ത്രീകളെ ആക്രമിച്ചത്. ഉത്തർപ്രദേശിൽ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ഭീഷണിയുമായി ഹിന്ദു ജാഗരൺ മഞ്ച് അക്രമങ്ങൾ നടത്തുകയുണ്ടായി.

എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയർത്താൻ ഇടതുപക്ഷ സംഘടനകൾ ശ്രമിക്കുമ്പോൾ കോൺഗ്രസ് മൃദുസമീപനം സ്വീകരിക്കുന്ന നിലയാണ് കാണുന്നത്. കോൺഗ്രസ് വർഗീയതയോട് എക്കാലവും സ്വീകരിച്ചിട്ടുള്ളത് തണുത്ത സമീപനമാണ്. സംഘപരിവാറിന്റെ വർഗീയതയെ എതിർക്കാൻ സാധിക്കാറില്ല എന്നു മാത്രമല്ല, അതിനോട് സന്ധി ചെയ്യാനും വളർത്താനും ആണ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. അതിന്റെ ഏറ്റവും സമീപകാല ഉദാഹരണങ്ങളിലൊന്നു ഛത്തീസ്ഗഢിൽ സമീപകാലത്തുണ്ടായ സംഭവവികാസങ്ങളാണ്. അവിടെ കോൺഗ്രസിനേറ്റ കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങൾക്കെതിരെ കോൺഗ്രസ് സർക്കാർ സ്വീകരിച്ച നിഷ്ക്രിയത്വത്തെ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ആദിവാസികൾക്കിടയിൽ സംഘപരിവാർ നടത്തിയ പ്രചരണങ്ങളുടെ ഫലമായി വലിയ വർഗീയ വിഭജനമാണ് അവർക്കിടയിൽ ഉണ്ടായത്. ആദിവാസികൾക്കിടയിലെ ന്യൂനപക്ഷം വരുന്ന ക്രിസ്ത്യാനികളുടെ സംവരണം എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് മറ്റു വിഭാഗങ്ങളെ ഇളക്കി വിടാൻ അവർക്കായി. മതപരിവർത്തനത്തിന്റെ പുകമറ സൃഷ്ടിച്ച് ക്രിസ്ത്യൻ സമുദായത്തിനും പൗരോഹിത്യത്തിനും എതിരെ വ്യാപകമായ അതിക്രമങ്ങൾ അവിടെ ഉണ്ടായിട്ടും കോൺഗ്രസ് സർക്കാർ കയ്യും കെട്ടി നോക്കി നിന്നു. ഇതെല്ലാം വലിയ പ്രതിഷേധവും നിരാശയുമാണ് ക്രിസ്ത്യൻ സമുദായത്തിനിടയ്ക്ക് സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പിൽ അതു ശക്തമായി പ്രതിഫലിക്കുകയും ചെയ്തു.

എന്നാൽ ഇക്കാര്യങ്ങൾ മറച്ചു വച്ചാണ് ക്രിസ്ത്യൻ സമുദായത്തെ ആകർഷിക്കാൻ കേരളത്തിൽ സംഘപരിവാർ ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ തകർക്കാൻ സംഘപരിവാറിനൊപ്പം കൈകോർക്കുന്ന കോൺഗ്രസാകട്ടെ ആ ശ്രമങ്ങൾക്ക് പരോക്ഷമായ ന്യായീകരണവും ഒരുക്കുകയാണ്. ഈ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്താനും വർഗീയതയെ ചെറുക്കാനും നാടാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + 8 =

Most Popular