സ്വകാര്യ കുത്തകകള്‍ക്കുവേണ്ടി അഴിമതിക്കാരായ മേധാവികളും രാഷ്ട്രീയലോബിയുംകൂടി പൊതുമേഖലയുടെ നവീകരണത്തെ തുരങ്കംവെച്ച കഥയാണ് ബിഎസ്എന്‍എല്ലിന്റെ ചരിത്രം. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റല്‍ സര്‍വീസിനെ 1990കളിലാണ് മൂന്നായി വിഭജിച്ചത്. ബോംബെ, ഡല്‍ഹി നഗരങ്ങള്‍ക്കുവേണ്ടിയുള്ള എംടിഎന്‍എല്‍, മറ്റുനഗരങ്ങള്‍ക്കും ഗ്രാമപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള ബിഎസ്എന്‍എല്‍, വിദേശ സംവേദനത്തിനുള്ള വിഎസ്എന്‍എല്‍ എന്നിവയായിരുന്നു ആ മൂന്ന് കമ്പനികള്‍.
വിഎസ്എന്‍എല്‍ വിൽപ്പന
ഇന്ത്യയുടെ അന്തര്‍ദേശീയ ടെലിഫോണ്‍ ശൃംഖലയുടെ കുത്തകയായിരുന്ന വിഎസ്എൻഎൽ ആണ് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനം. നക്ഷത്രത്തിളക്കമുളള നേട്ടങ്ങള്‍ കൊയ്ത ഈ പൊതുസ്വത്ത് 2004ല്‍ അരുണ്‍ ഷൂറി തുച്ഛമായ വിലയ്ക്ക് ടാറ്റയ്ക്ക് തീറെഴുതിക്കൊടുത്തു. മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായതുകൊണ്ട് വേഗം സ്വകാര്യവത്കരിക്കാന്‍ കഴിയും എന്നായിരുന്നു ഷൂറി പറഞ്ഞ ന്യായം.
വില്‍പന സമയത്ത് 1600 കോടിയുടെ ക്യാഷ് റിസര്‍വും മുന്‍വര്‍ഷത്തെ ലാഭമായ 1400 കോടിയുമടക്കം 3000 കോടി രൂപ റിസര്‍വ് ഉണ്ടായിരുന്ന വിഎസ്എന്‍എല്ലിന്റെ 45 ശതമാനം ഷെയറുകള്‍ വെറും 2590 കോടി രൂപയ്ക്കാണ് ടാറ്റയ്ക്കു വിറ്റത്. അതിനുമുമ്പുതന്നെ വിഎസ്എന്‍എല്ലിന്റെ ഏതാണ്ട് 50 ശതമാനം ഷെയറും ചില്ലറ വില്‍പന നടത്തിയിരുന്നു. അതിനാല്‍ 45 ശതമാനം ഓഹരി കൈയടക്കിയ ടാറ്റ മുഖ്യ ഉടമസ്ഥനും നടത്തിപ്പുകാരനുമായി. ടാറ്റ മുടക്കിയതിനെക്കാള്‍ അധികം തുക കമ്പനി വാങ്ങിയ നിമിഷം കാശായിത്തന്നെ അവര്‍ക്കു തിരിച്ചു കിട്ടി.
മറ്റ് ആസ്തികളുടെ കൂടി കണക്കെടുത്താലോ? വിഎസ്എന്‍എല്ലിന്റെ ഏതാണ്ട് 20,000 കോടി രൂപയുടെ സ്വത്താണ് ടാറ്റയുടെ നിയന്ത്രണത്തില്‍ വന്നുചേര്‍ന്നത്. വിനിയോഗിക്കാത്ത ഭൂമി തന്നെ 667 ഏക്കറോളമുണ്ടായിരുന്നു. വിഎസ്എന്‍എല്‍ ടാറ്റയ്ക്ക് കറവപ്പശുവായി. ടാറ്റയുടെ ടെലസ് സര്‍വീസസ് കമ്പനിയിലേയ്ക്ക് വിഎസ്എന്‍എല്‍ കരസ്ഥമാക്കിയ രണ്ടായിരം കോടി രൂപ ഏതാനും ആഴ്ചകള്‍ക്കുളളില്‍ കടത്തിക്കൊണ്ടുപോയി.
ബിഎസ്എൻഎല്ലും മൊബൈൽവിദ്യയും
വിഎസ്എന്‍എല്ലിനെ ചുളുവിലയ്ക്ക് ടാറ്റ തട്ടിയെടുത്തു. ഇന്ത്യയിലെ ടെലികോം കുംഭകോണങ്ങളുടെ ചരിത്രവും പൊതുമേഖലയ്‌ക്കെതിരെയുള്ള ഗൂഢാലോചനയും ഇവിടെ തുടങ്ങുന്നു. മറ്റുരണ്ട് കമ്പനികളും പൊതുമേഖലയില്‍ത്തന്നെ തുടര്‍ന്നു. 1994ല്‍ മൊബൈല്‍ സര്‍വീസിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനം നല്‍കി. പക്ഷേ, എട്ടുവര്‍ഷത്തിനുശേഷം 2002ല്‍ മാത്രമേ ബിഎസ്എന്‍എല്ലിന് മൊബൈല്‍ ഫോണ്‍ ഇടപാടിനുള്ള അനുവാദം നല്‍കിയുള്ളൂ.
2002ല്‍ മൊബൈല്‍ ഫോണ്‍ മേഖലയിലേക്ക് കാലുവെച്ച ബിഎസ്എന്‍എല്‍ സ്വകാര്യ കമ്പനികളെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് വളരാന്‍ ഏതാനും വര്‍ഷമേ വേണ്ടിവന്നുള്ളൂ. ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന കണക്കിലെടുത്ത് നാലുകോടി പുതിയ ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ കമ്പനി തീരുമാനിച്ചെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചു. 2010ല്‍ ജീവനക്കാരുടെ പൊതുപണിമുടക്കിനുശേഷമാണ് രണ്ടുകോടി ലൈനുകള്‍ക്കുള്ള അനുമതി നല്‍കിയത്. അപ്പോഴേക്കും എതിരാളികള്‍ ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു.
അക്കാലത്ത് ബിഎസ്എന്‍എല്ലിന് പണത്തിന് പഞ്ഞമുണ്ടായിരുന്നില്ല. 2008–09ലെ ബാലന്‍സ് ഷീറ്റ് പ്രകാരം 70,000 കോടി രൂപ ക്യാഷായിത്തന്നെ കമ്പനിയുടെ കൈവശമുണ്ടായിരുന്നു. ഈ തന്റേടത്തില്‍ ഒമ്പതുകോടി ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചു. ഒരു ചൈനീസ് ടെലികമ്യൂണിക്കേഷന്‍ കമ്പനിക്കാണ് ടെന്‍ഡര്‍ കിട്ടിയത്. സുരക്ഷാകാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അതേസമയം, ഇതേ കമ്പനിയുമായി സഹകരിച്ചുകൊണ്ട് രാജ്യംമുഴുവന്‍ സേവനദാതാവാകുന്നതിന് റിലയന്‍സിന് അനുവാദവും കൊടുത്തു. റിലയന്‍സ് അതിര്‍ത്തിപ്രദേശങ്ങളില്‍ ലൈനുകള്‍ വലിക്കുന്നില്ല എന്നതാണ് പറഞ്ഞ ന്യായം.
വീണ്ടും ടെന്‍ഡര്‍ വിളിച്ച ബിഎസ്എന്‍എല്ലിനെ കേസുകളില്‍ കുരുക്കി കോടതിയില്‍ തളച്ചു. കേസ് തള്ളിയപ്പോള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനുമുന്നിലായി തര്‍ക്കം. ഇവിടെനിന്ന് ക്ലിയറന്‍സ് കിട്ടിയപ്പോഴേക്കും ആദ്യത്തെ ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയോട് നെഗോസിയേഷന്‍ നടത്തി കരാര്‍ ഉറപ്പിക്കാന്‍ പാടില്ല, പിന്നെയും ടെന്‍ഡര്‍ വിളിക്കണമെന്നായി കേന്ദ്രനിര്‍ദേശം. ചുരുക്കത്തില്‍, ബിഎസ്എന്‍എല്ലിന്റെ നവീകരണത്തെ എല്ലാ നിക്ഷിപ്ത താത്പര്യക്കാരും ഒത്തുചേര്‍ന്ന് തുരങ്കംവെച്ച് കമ്പനിയെ ഇന്നത്തെ ഗതിയിലാക്കി. പൊതുമേഖലയുടെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ പഠിക്കേണ്ട ചരിത്രമാണിത്.
ബിഎസ്എൻഎല്ലും എസ്.ടി.ഡിയും
ലാന്‍ഡ് ലൈനുകളുടെ 85 ശതമാനവും ബിഎസ്എന്‍എല്ലിന് തന്നെയാണ്. ഇതില്‍നിന്നുള്ള നഷ്ടം നികത്തിയിരുന്നത് എസ്.ടി.ഡിയില്‍നിന്നുള്ള ലാഭംകൊണ്ടാണ്. എസ്.ടി.ഡി. സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തു. പക്ഷേ, ഗ്രാമീണമേഖലയിലെ സേവനത്തിന്റെ ബാധ്യതയില്‍നിന്ന് അവരെ ഒഴിവാക്കി. ആ ചുമതല പൂര്‍ണമായും ബി.എസ്.എന്‍.എല്ലിന് മാത്രമായി. ഈ നഷ്ടം നികത്താന്‍ സ്വകാര്യകമ്പനികളില്‍നിന്ന് ലെവി പിരിച്ച് സബ്‌സിഡിയായി ബിഎസ്എന്‍എല്ലിന് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍, സ്വകാര്യകമ്പനികളുടെ ഈ ബാധ്യതയും ഒഴിവാക്കിക്കൊടുത്തു. ഇതുകൊണ്ടുമാത്രം 8,000 കോടി രൂപയുടെ നഷ്ടം ബിഎസ്എന്‍എല്ലിന് ഉണ്ടായി. ഇതുപോലെ മറ്റ് പല വാഗ്ദാനങ്ങളും കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു. ലാന്‍ഡ് ലൈനുകള്‍ 2013-–14ല്‍ ഏതാണ്ട് 15,000 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്.
ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷൻ
ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനുവേണ്ടി ലാന്‍ഡ് ലൈനുകള്‍ ഉപയോഗപ്പെടുത്തുന്നത് വലിയ നേട്ടമായിരിക്കും. എന്നാല്‍, ഇതിനുള്ള മൂലധനം മുടക്കുന്നതിന് ഇന്ന് ബിഎസ്എന്‍എല്ലിന് കഴിയുന്നില്ല. അതേസമയം, റെയില്‍വേപോലും തങ്ങളുടെ സിഗ്‌നല്‍ ലൈനുകള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായി ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് മേഖലയിലേക്ക് കടക്കുകയാണ്. ഇക്കാലയളവില്‍ ഏതാണ്ട് 40,000 കോടി രൂപ ബിഎസ്എന്‍എല്ലില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തു. ടെന്‍ഡറില്‍ പങ്കെടുക്കാതിരുന്നിട്ടും ത്രീ സ്‌പെക്ട്രത്തിനും വൈമാക്‌സ് സ്‌പെക്ട്രത്തിനും ഇന്ത്യ മുഴുവന്‍ ലൈസന്‍സ് എന്ന് കണക്കാക്കി 18,500 കോടി രൂപ ഈടാക്കിയതാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. ചില സര്‍ക്കിളുകള്‍ക്കുമാത്രം ടെന്‍ഡര്‍ വിളിച്ച സ്വകാര്യകമ്പനികളെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. വൈമാക്‌സ് സ്‌പെക്ട്രം തിരിച്ചുകൊടുത്തെങ്കിലും അടച്ച പണം കേന്ദ്രസര്‍ക്കാര്‍ തിരികെനല്‍കിയില്ല.
ബിഎസ്എൻഎൽ സൗകര്യങ്ങൾ റിലയൻസിന്
ബിഎസ്എന്‍എല്ലിന്റെ ടവറുകളും എക്‌സ്‌ചേഞ്ചുകളും എതിരാളിയായ റിലയന്‍സിന് തുറന്നുകൊടുക്കുന്നതുപോലുള്ള വിചിത്രമായ നടപടികളാണ് കമ്പനിയെ രക്ഷിക്കാനെന്നപേരില്‍ കൈക്കൊള്ളുന്നത്. ബിഎസ്എന്‍എല്ലിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് റിലയന്‍സ് ഓരോ വര്‍ഷവും സര്‍വീസ് ഫീസ് നല്‍കണം. പക്ഷേ, സേവനങ്ങളില്‍ എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ കനത്ത ഫൈന്‍ ബിഎസ്എന്‍എല്‍ നല്‍കണം. സര്‍വീസ് ഫീസില്‍നിന്ന് ഫൈന്‍ കിഴിച്ചാല്‍ പിന്നെ ബിഎസ്എന്‍എല്ലിന് മിച്ചമൊന്നുമുണ്ടാവില്ല.
അതിഭയങ്കരമായ ഒരു സിദ്ധാന്തം മുന്നോട്ടുവെച്ചുകൊണ്ടാണ് ബിഎസ്എന്‍എല്ലിനെ റിലയന്‍സിന്റെ തൊഴുത്തില്‍ കൊണ്ടുകെട്ടുന്നത്. ബിഎസ്എന്‍എല്ലിന്റെ സൗകര്യങ്ങള്‍ കൈമാറുന്നതുവഴി റിലയന്‍സിനെ പൊതുമേഖലാ ആശ്രിതത്വത്തില്‍ നിര്‍ത്താമെന്നാണ് ആ സിദ്ധാന്തം. 2002-–08 കാലത്ത് ഇന്ത്യന്‍ മൊബൈല്‍ മേഖല അഭൂതപൂര്‍വമായി വികസിച്ചപ്പോള്‍ പല സ്വകാര്യകമ്പനികളും ബിഎസ്എന്‍എല്ലിന്റെ സൗകര്യങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതുകൊണ്ടാണത്രേ തനതായ സൗകര്യങ്ങള്‍ സൃഷ്ടിച്ച് സ്വകാര്യകമ്പനികള്‍ പൊതുമേഖലയ്ക്ക് വെല്ലുവിളിയായത്. ബിഎസ്എന്‍എല്ലിനെ റിലയന്‍സിന് പാട്ടത്തിനുകൊടുക്കുകവഴി പഴയ തന്ത്രപരമായ വീഴ്ച പരിഹരിക്കുകയാണുപോലും. കോഴികള്‍ നേരിടുന്ന പ്രതിസന്ധി എന്നെന്നേക്കുമായി പരിഹരിക്കാനുള്ള എളുപ്പവഴി, കോഴിക്കൂടിന്റെ പൂട്ടും താക്കോലും കുറുക്കന് കൈമാറുകയാണല്ലോ!
4ജി നിഷേധിക്കുന്നതിനുള്ള ഗൂഢാലോചന
2014-ലാണ് 4ജി സേവനം രാജ്യത്ത് ആരംഭിച്ചത്. സ്വകാര്യ കമ്പനികൾക്കു ഈ സ്പെക്ട്രം ലഭ്യമായി. ജീവനക്കാരുടെ സമരവും പ്രക്ഷോഭവുമെല്ലാം ഉണ്ടായിട്ടും 2019 ഒക്ടോബറിലാണ് ബിഎസ്എൻഎല്ലിന് 4ജി സ്പെക്ട്രം അനുവദിക്കാൻ തീരുമാനമെടുത്തത്. ബിഎസ്എൻഎല്ലിന് 4ജി സേവനം നൽകാൻ കഴിയുന്നതരത്തിലുള്ള 49300 ബിറ്റിഎസ് (Base Transceiver Station) കൾ നിലവിലുണ്ട്. അതുകൊണ്ട് മൂന്നോ നാലോ മാസത്തിനുള്ളിൽ 4ജി സേവനം ആരംഭിക്കാൻ കഴിയുമായിരുന്നു. വലിയ സമ്മർദ്ദത്തിനുശേഷം മാനേജ്മെന്റ് ഈ നിർദ്ദേശം സർക്കാരിനു മുന്നിൽ അവതരിപ്പിച്ചു. എന്നാൽ രണ്ടുവർഷമെടുത്തു ഇതിന് അനുമതി ലഭിക്കാൻ.
2020 മാർച്ചിൽ 50000 ബിറ്റിഎസുകൾ 4ജി ആക്കാനുള്ള ടെണ്ടർ ബിഎസ്എൻഎൽ ക്ഷണിച്ചു. എന്നാൽ തടസ്സവാദങ്ങൾ ഉന്നയിച്ച് സർക്കാർ ടെണ്ടർ റദ്ദാക്കി. ആഗോള ഭീമന്മാരായ നോക്കിയ, എറിക്സൺ, സാംസംഗ് തുടങ്ങിയ കമ്പനികളിൽ നിന്നും ബിഎസ്എൻഎൽ വാങ്ങാൻ പാടില്ലായെന്നും ഇന്ത്യൻ കമ്പനികളിൽ നിന്നേ ഉപകരണങ്ങൾ വാങ്ങാൻ പാടുള്ളൂവെന്നും നിർദ്ദേശിച്ചു. 4ജി സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനിയും ഇന്ത്യയിൽ ഇല്ല. അതുകൊണ്ട് കേന്ദ്രസർക്കാരിന്റെ ഈ പിടിവാശി ബിഎസ്എൻഎല്ലിന് 4ജി നൽകാതിരിക്കാനുള്ള അടവായിരുന്നു. ബിഎസ്എൻഎല്ലിന്റെ നവീകരണത്തിനു തടയിട്ട് സ്വകാര്യകമ്പനികളെ തഴച്ചുവളരാനുള്ള സാഹചര്യമൊരുക്കുകയാണ് കേന്ദ്രസർക്കാർ.
വോഡാഫോൺ- ഐഡിയക്ക് സംരക്ഷണം
ഒരുവശത്ത് തുടർച്ചയായി ബിഎസ്എൻഎല്ലിനെ പിന്നിൽ നിന്നും കുത്തുന്ന സർക്കാർ മറുവശത്ത് സ്വകാര്യ കമ്പനികൾക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നു. 2019 ഒക്ടോബർ 24-ന് സുപ്രീംകോടതി നൽകിയ വിധിയുടെ അടിസ്ഥാനത്തിൽ 1.69 ലക്ഷം കോടി കുടിശിക സർക്കാരിനു നൽകാനുള്ള ബാധ്യത സ്വകാര്യ കമ്പനികൾക്ക് ഉണ്ടായിരുന്നു. ഇതിൽ വോഡാഫോൺ-ഐഡിയയുടെ മാത്രം വിഹിതം 58254 കോടി രൂപയാണ്. ഈ സ്വകാര്യ കമ്പനികളെ സംരക്ഷിക്കുന്നതിന് ഒരു പ്രത്യേകം പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അതുപ്രകാരം സ്പെക്ട്രം ചാർജ്ജും എജിആർ കുടിശികയും നാലുവർഷത്തേയ്ക്ക് അടയ്ക്കേണ്ടതില്ല. ഈ കാലത്തെ പലിശ സർക്കാർ ഓഹരികളാക്കി മാറ്റുകയും ചെയ്യാം.
അങ്ങനെ ഇപ്പോൾ വോഡാഫോണിന്റെ 38.5 ശതമാനം ഓഹരി കേന്ദ്രസർക്കാരിനാണ്. ബിഎസ്എൻഎല്ലിനെ വിൽക്കാൻ നടക്കുന്ന കേന്ദ്രസർക്കാർ വോഡാഫോണിനെ രക്ഷിക്കാൻ അവരുടെ ഓഹരികൾ വാങ്ങുകയാണ്. ♦