മറ്റു പല രാജ്യങ്ങളിലുമെന്നപോല രാജ്യത്തിന്റെ ഉടമസ്ഥതയിൽ അന്താരാഷ്ട്ര വിമാനക്കമ്പനി വേണമെന്ന കാഴ്ചപ്പാടിൽ 1953-ൽ എയർ ഇന്ത്യ ദേശസാൽക്കരിക്കുമ്പോൾ ഏതാനും വിമാനങ്ങളേ കമ്പനിക്ക് ഉണ്ടായിരുന്നുള്ളൂ. ഇന്ന് 128 വിമാനങ്ങളുള്ള ലോകത്തെ പ്രമുഖ കമ്പനികളിൽ ഒന്നായി വളർന്നത് രാജ്യത്തിന്റെ ഭീമമായ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യാ സർക്കാരിന്റെ ഹോൾഡിംഗ് കമ്പനിയിലേയ്ക്ക് നോൺ കോർ അസറ്റുകൾ മാറ്റിയിട്ടും സർക്കാരിന്റെ കണക്കു പ്രകാരം 50,000-ത്തിൽപ്പരം കോടി രൂപയാണ് എയർ ഇന്ത്യയുടെ ആസ്തികൾ. ലോഗോ, ആർട്ട് കളക്ഷൻ, ബ്രാൻഡ് നെയിം ഇതൊക്കെ എങ്ങനെയാണു വിലയിട്ടിരിക്കുന്നതെന്നു പരിശോധിക്കുമ്പോഴേ അറിയൂ. ഈ 50000 കോടി രൂപയുടെ ആസ്തിയുടെ നിയന്ത്രണം 2700 കോടി രൂപ ക്യാഷായി നൽകി റ്റാറ്റയെ ഏൽപ്പിച്ചുകൊടുത്തു.
62000 കോടി രൂപയാണ് മൊത്തം കടബാധ്യത. ഇതിൽ വലിയൊരു പങ്ക് രണ്ടാം യുപിഎയുടെ കാലത്ത് 110 ബോയിംങ് പ്ലെയിനുകൾ വാങ്ങുന്നതിന് ഉണ്ടാക്കിയ കരാർ സൃഷ്ടിച്ചതാണ്. ഇതിനെക്കുറിച്ച് സിഎജിയുടെ അതിനിശിതമായ വിമർശനം അന്നു വലിയ കോളീളക്കം സൃഷ്ടിച്ചതാണ്. ഈ ഭീമമായിട്ടുള്ള കടബാധ്യതയ്ക്കു കൊടുക്കേണ്ടിവരുന്ന പലിശയാണ് എയർ ഇന്ത്യയെ നഷ്ടത്തിലാക്കുന്നത്. 2015-–16 മുതൽ എയർ ഇന്ത്യ ഓപ്പറേറ്റിംഗ് ലാഭത്തിലാണ്. അതായത് പലിശ, ഡിപ്രിസിയേഷൻ, നികുതി എന്നിവ കുറയ്ക്കുുന്നതിനുമുമ്പ് എയർ ഇന്ത്യ കഴിഞ്ഞ ഏതാനും വർഷങ്ങളായി ലാഭത്തിലാണ്. ഇതിൽ ഏറ്റവും വലിയയിനം പലിശയാണ്. ഈ പലിശയിൽ നിന്നും ടാറ്റയുടെ എയർ ഇന്ത്യയ്ക്കു മോചനം ലഭിച്ചിരിക്കുകയാണ്. സ്വാഭാവികമായും കമ്പനി ലാഭത്തിലാകും. ഇത് ടാറ്റയുടെ വലിയ മാജിക്കായി പ്രകീർത്തിക്കപ്പെടുകയും ചെയ്യും.
ആരാണ് ഈ പലിശ കൊടുക്കുക? നികുതിപ്പണംകൊണ്ട് ഇന്ത്യാ സർക്കാർ നൽകും. കാരണം 18000 കോടി രൂപയുടെ ബാധ്യത മാത്രമേ റ്റാറ്റ ഏറ്റെടുക്കുന്നുള്ളൂ. ബാക്കി മുഴുവൻ പൊതുമേഖലയിലുള്ള പുതിയൊരു ഹോൾഡിംഗ് കമ്പനിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്. ഈ 18000 കോടി രൂപയിലാണ് കാശായി 2700 കോടി രൂപ കൊടുക്കുന്നത്. ബാക്കി എയർ ഇന്ത്യ ഭാവിയിൽ ഉണ്ടാക്കുന്ന ലാഭത്തിൽ നിന്നും തട്ടിക്കിഴിക്കാനാണു നിശ്ചയിച്ചിരിക്കുന്നത്. എന്നുവച്ചാൽ അത്രയും തുകയ്ക്കുള്ള കോർപ്പറേറ്റ് നികുതി ടാറ്റ നൽകണ്ട. ഇതാണു കാവ്യനീതി.
ഭൂമി പോലുള്ള നോൺകോർ അസറ്റ്സ് ഹോൾഡിംഗ് കമ്പനിയിലേയ്ക്കു മാറ്റിയതും വിൽപ്പനയെ വെള്ളപൂശാനാണോയെന്നു സംശയിക്കേണ്ടതുണ്ട്. എയർ ഇന്ത്യയ്ക്കു കൈമാറിയ ആസ്തികൾ ഇരിക്കുന്നസ്ഥലം എങ്ങനെയാണു പുറത്തുള്ള ഒരാൾക്കു മോണിറ്റൈസ് ചെയ്തു കൈമാറാൻ കഴിയുക? സ്ഥലം ടാറ്റയ്ക്കു കൈമാറി കിട്ടിയിട്ടില്ലായെന്നേയുള്ളൂ. അതിന്റെ തുടരുപയോഗം ടാറ്റയ്ക്കു തന്നെ. ♦