കഴിഞ്ഞ 30 വർഷക്കാലത്തെ പൊതുമേഖല സ്വകാര്യവൽക്കരണത്തിന്റെ അനുഭവം പരിശോധിക്കുമ്പോൾ തെളിയുന്നൊരു ചിത്രം അതിശക്തമായ ചെറുത്തുനിൽപ്പാണ്. ലക്ഷ്യമിട്ടതിനേക്കാൾ എത്രയോ കുറഞ്ഞ വേഗതയിലാണ് കേന്ദ്ര സർക്കാരിനു മുന്നോട്ടു പോകാൻ കഴിയുന്നത്. 2019-–20-ൽ ലക്ഷ്യം 0.9 ലക്ഷം കോടി രൂപയായിരുന്നു. ഇതിന്റെ 56 ശതമാനമേ നേടാൻ കഴിഞ്ഞുള്ളൂ. 2020–-21-ൽ 2.1 ലക്ഷം കോടി രൂപയായിരുന്നു ലക്ഷ്യം. എന്നാൽ ലക്ഷ്യത്തിന്റെ 16 ശതമാനമേ നേടാൻ കഴിഞ്ഞുള്ളൂ. 2021–22-ൽ 1.75 ലക്ഷം കോടിയാണ് ലക്ഷ്യമിട്ടത്. നേടിയതോ? ഇതിന്റെ 5 ശതമാനം മാത്രം.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ധനമന്ത്രി 2021-–22 ബജറ്റിൽ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ എന്നൊരു പദ്ധതി പ്രഖ്യാപിച്ചത്. വിൽക്കുമ്പോഴല്ലേ എതിർപ്പ്. പാട്ടത്തിനു കൊടുക്കുന്നതിനെ എന്തിന് എതിർക്കണം? അതും വിനിയോഗിക്കാത്ത ഭൂമിയും നിർമ്മാണം പൂർത്തീകരിച്ച പശ്ചാത്തലസൗകര്യങ്ങളും ആകുമ്പോൾ. ഇവയിൽ നിന്ന് സർക്കാരിന് ഇപ്പോൾ നേരിട്ട് വരുമാനമൊന്നും ലഭിക്കുന്നില്ല. ഇങ്ങനെയുള്ള ആസ്തികൾ മാനേജ് ചെയ്യുന്നതിന് സ്വകാര്യനിക്ഷേപകരെ ഏൽപ്പിച്ച് അവയെ വരുമാനദായകമാക്കുന്നതിനെയാണ് മോണിറ്റൈസേഷൻ എന്നു പറയുന്നത്.
ആദ്യഘട്ടമായി 6 ലക്ഷം കോടി രൂപയുടെ നാടിന്റെ സ്വത്തുക്കൾ വിൽപ്പനയ്ക്കു വയ്ക്കുവാൻ പോവുകയാണ്. കോഴിക്കോട് വിമാനത്താവളവും അതിൽപ്പെടും. ദേശീയപാത (1.6), റെയിൽവേ (1.5), വൈദ്യുതി വിതരണം (0.45), വൈദ്യുതി ഉൽപ്പാദനം (0.40), ടെലികോം (0.35), ഖനനം (0.29), വെയർഹൗസ് (0.29), പ്രകൃതിവാതകം (0.25), ഇന്ധന പൈപ്പ്ലൈൻ (0.23), വ്യോമഗതാഗതം (0.21), റിയൽ എസ്റ്റേറ്റ് (0.15), തുറമുഖം (0.13), സ്റ്റേഡിയങ്ങൾ (0.11). [ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് ലക്ഷം കോടിയിലുള്ള വിലയാണ്]. മൊത്തം 6 ലക്ഷം കോടി രൂപ. ഇതിനെയാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ എന്നു വിളിക്കുന്നത്. ഈ പണം പുതിയ പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഉപയോഗിക്കുകയെന്നാണു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതു സ്വത്ത് വിൽപ്പന അല്ലായെന്ന് കേന്ദ്ര ധനകാര്യമന്ത്രി ആണയിട്ടു പറയുന്നുണ്ട്. പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി ഓഹരികൾ വിൽക്കുകയാണല്ലോ ചെയ്യുന്നത്. അതോടെ ഉടമസ്ഥത പുതിയ ഓഹരി ഉടമകളുടേതായിത്തീരും. എന്നാൽ ഇവിടെ അതില്ല. മറിച്ച്, അവയുടെ മൂല്യത്തെ പണമായിട്ടു മാറ്റുക മാത്രമേ ചെയ്യുന്നുള്ളൂ. നിശ്ചിതകാലയളവു കഴിഞ്ഞാൽ ഈ ആസ്തികൾ തിരിച്ചു സർക്കാരിനു ലഭിക്കുകയും ചെയ്യും. ഈ പുതിയ സമ്പ്രദായത്തെ വിളിക്കുന്ന പേരാണ് മോണിറ്റൈസേഷൻ. നമുക്ക് അത്ര പരിചിതമല്ലാത്ത ഒരു സ്വകാര്യവൽക്കരണ രീതിയാണിത്. ♦