Monday, November 25, 2024

ad

Homeകവര്‍സ്റ്റോറിശതകോടീശ്വരരും ലക്ഷപ്രഭുക്കളും

ശതകോടീശ്വരരും ലക്ഷപ്രഭുക്കളും

നിയോലിബറൽ കാലത്തെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളിലൊന്ന് കുബേരന്മാരായ ഒരു ചെറുന്യൂനപക്ഷത്തിന്റെ വളർച്ചയാണ്. അതിൽ തന്നെ ശതകോടീശ്വരന്മാരുടെ ഉയർച്ച കാണൂ: 2004-ല്‍ 13 ശതകോടീശ്വരന്‍മാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇത് ഡോളറിലുളള കണക്ക്. രൂപയിലാക്കുമ്പോള്‍ ഇവര്‍ക്ക് ഓരോരുത്തര്‍ക്കും അയ്യായിരത്തിലേറെ കോടിയുടെ സ്വത്തെങ്കിലുമുണ്ടാകും. ഇവരുടെ എണ്ണം 2009-ല്‍ 49 ആയി. 2010-ല്‍ 69 ആയി. 2022-ൽ ഇന്ത്യയിൽ 237 ശതകോടീശ്വരന്മാരുണ്ട്.
1998-ല്‍ ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു, ശതകോടീശ്വരന്‍മാരുടെ സ്വത്ത്. 2005-ല്‍ അത് 4 ശതമാനമായും 2010-ല്‍ 31 ശതമാനമായും വര്‍ദ്ധിച്ചു. ഇതിനര്‍ത്ഥം ഇന്ത്യയുടെ വരുമാനത്തിന്റെ 31 ശതമാനം 69 പേരുടെ കയ്യിലാണെന്നല്ല. അവരുടെ സ്വത്ത് ദേശീയവരുമാനത്തിന്റെ 31 ശതമാനം വരുമെന്നാണ്. ദേശീയവരുമാനം വളരുന്നതിനേക്കാള്‍ വളരെ വേഗതയില്‍ അവരുടെ സ്വത്തു കുമിഞ്ഞു കൂടുന്നു.

ലോകത്തെ ഏറ്റവും വലിയ 100 പണക്കാരിൽ 7 പേർ ഇന്ത്യക്കാരാണ്. ഗൗതം അദാനി, മുകേഷ് അംബാനി, ശിവ നാടാർ, സൈറസ് പുനവാല, രാധാകൃഷ്ണ ദമാനി, സാവിത്രി ജിൻഡാൾ, ലക്ഷ്മി മിറ്റൽ എന്നിവരാണ് അവർ. അടുത്തകാലം വരെ ഇവരിൽ ഏറ്റവും സമ്പന്നൻ അദാനിയായിരുന്നു. ലോക റാങ്കിംഗിൽ മൂന്നാംസ്ഥാനവും.

ഏറ്റവും പണക്കാരായ 100 അമേരിക്കക്കാരുടെ സ്വത്ത് 418000 കോടി ഡോളറാണ്. ഏറ്റവും പണക്കാരായ 100 ഇന്ത്യക്കാരുടെ സ്വത്ത് 77500 കോടി ഡോളര്‍ വരും. അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ ഏതാണ്ട് അഞ്ചിലൊന്ന്! അതേസമയം, ഇന്ത്യയുടെ ദേശീയവരുമാനം അമേരിക്കൻ ദേശീയവരുമാനത്തിന്റെ പത്തിലൊന്നേ വരൂ.

കോടീശ്വരന്മാരുടെ താഴെ ലക്ഷപ്രഭുക്കളുണ്ട്. അവരെ സംബന്ധിച്ചും കണക്കുകള്‍ ലഭ്യമാണ്. ബാങ്കുപോലുളള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം അതിസമ്പന്നരുടെ അക്കൗണ്ട് കരസ്ഥമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ അവര്‍ക്കു ചെയ്തു കൊടുക്കാറുണ്ട്. അത്യാഡംബര ഉപഭോഗ വസ്തുക്കളുടെ നിര്‍മ്മാതാക്കള്‍ ഇവരുടെ കണക്കെടുക്കാറുണ്ട്. ഏറ്റവും അംഗീകാരമുളള നിര്‍വചനം അമേരിക്കന്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മിഷന്റേതാണ്. ഒരു ദശലക്ഷം ഡോളര്‍ അഥവാ അമ്പതു കോടി രൂപയെക്കാള്‍ കൂടുതല്‍ നിക്ഷേപയോഗ്യമായ ഫണ്ടോ ആസ്തിയോ ഉള്ളയാളെ അതിസമ്പന്നന്‍ (high net worth individuals) എന്നും 30 ദശലക്ഷം ഡോളര്‍ അഥവാ 1500 കോടി രൂപയെക്കാള്‍ കൂടുതല്‍ ഉളളയാളെ അത്യതി സമ്പന്നന്‍ (ultra-high net worth individuals) എന്നും വിളിക്കുന്നു.

2022-ൽ ലോകത്താകെ 218,200 അത്യതി സമ്പന്നരാണുളളത്. ഓരോരുത്തര്‍ക്കും ശരാശരി 8 കാറുകള്‍, മൂന്നോ നാലോ വീടുകള്‍, ഏതാണ്ട് എല്ലാവര്‍ക്കും വിനോദനൗകകള്‍, മുക്കാല്‍ പങ്കിനും സ്വന്തം ജെറ്റ് എയര്‍വെയ്‌സ് ഒക്കെയുണ്ട്. ഇവരിൽ 308 പേർ ഇന്ത്യയിലാണ്.

മെരില്‍ ലിഞ്ച് വെല്‍ത്ത് മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ടുപ്രകാരം 2022-ല്‍ ലോകത്താകെ 150 ലക്ഷം അതിസമ്പന്നരാണുളളത്. ഇന്ത്യയില്‍ ഇവരുടെ എണ്ണം 1.53 ലക്ഷം വരും. ലോകത്തെ അതി സമ്പന്നരുടെ 1 ശതമാനം മാത്രമേ ഇന്നും ഇന്ത്യയിലുളളൂ. ഭൂരിപക്ഷവും അമേരിക്കയിലും ജപ്പാനിലും ജര്‍മ്മനിയിലുമാണ് (53 ശതമാനം). പക്ഷേ, അതിവേഗം ഇന്ത്യയുടെ വിഹിതം ഉയരുമെന്നു തീര്‍ച്ചയാണ്. കാരണം ലോകത്തെ അതിസമ്പന്നരുടെ എണ്ണം വർദ്ധിക്കുന്നതിനേക്കാൾ വേഗതയിലാണ് ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം വർദ്ധിക്കുന്നത്.

കൊടാക് വെല്‍ത്ത് മാനേജ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ഏജന്‍സി, ഇന്ത്യയിലെ സമ്പന്നരെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 കോടിയെക്കാള്‍ കൂടുതല്‍ അസല്‍ ആസ്തിയുളളവരെയാണ് ഇവർ സമ്പന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. 2011-ല്‍ ശരാശരി 75 കോടി വീതമുളള 62,000 സമ്പന്നരാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇവരുടെ വരുമാനത്തിന്റെ 20 ശതമാനം ആഡംബര ചെലവുകള്‍ക്കായും 30 ശതമാനം സ്വന്തം ബിസിനസ് മേഖലയിലെ റീ ഇന്‍വെസ്റ്റ്‌മെന്റിനായും 20 ശതമാനം മറ്റ് പുതിയ മേഖലകളില്‍ നിക്ഷേപിക്കുന്നതിനായുമാണ് ചെലവഴിക്കുന്നത്. ഈ പുതുമേഖലയില്‍ 37 ശതമാനവും റിയല്‍ എസ്റ്റേറ്റിലാണ്. ഡല്‍ഹിയില്‍ ഈ തോത് 50 ശതമാനം വരും. 33 ശതമാനം ഷെയറിലും 20 ശതമാനം വായ്പയും ഡെപ്പോസിറ്റുമാണ്. 9 ശതമാനം സ്വര്‍ണം, പെയിന്റിംഗുകള്‍, സ്റ്റാമ്പുകള്‍ അപൂര്‍വശേഖരങ്ങള്‍ എന്നിവയിലാണ്. ആഡംബരക്കമ്പോളം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇവരുടെ കടകള്‍ മെട്രോ നഗരങ്ങളുടെ പുതിയ നിക്ഷേപ മേഖലയായിട്ടുണ്ട്. ഈ സമ്പന്നരുടെ ഏറ്റവും പ്രധാന ഹോബി വിനോദ സഞ്ചാരമാണ്. ഭൂരിപക്ഷവും പ്രതിവര്‍ഷം ശരാശരി 2 തവണയെങ്കിലും ഇപ്രകാരമുളള വെക്കേഷനുകള്‍ക്ക് പോകും. 15-20 ശതമാനം പേര്‍ മൂന്നോ അതിലേറെയോ തവണ വിനോദ സഞ്ചാരത്തിനു പോകും.

ശതകോടീശ്വരര്‍ എങ്ങനെ?

ന്ത്യയിലെ ശതകോടീശ്വരന്മാരുടെയും അതിസമ്പന്നരുടെയും വിസ്മയകരമായ വളര്‍ച്ചയെ എങ്ങനെ വിശദീകരിക്കാം? നവലിബറല്‍ നയങ്ങളുടെ കുഴലൂത്തുകാര്‍ വിരല്‍ചൂണ്ടുക ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയുടെ ഉയര്‍ന്ന വേഗതയിലേയ്ക്കാണ്. ആദ്യത്തെ മൂന്നു പതിറ്റാണ്ടുകളില്‍ മൂന്നര ശതമാനത്തില്‍ കിടന്നിരുന്ന സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഇപ്പോള്‍ ഏഴ് ശതമാനത്തില്‍ വന്നു നില്‍ക്കുന്നു. ഈ വളര്‍ച്ചയില്‍ കൂടുതല്‍ ഉയര്‍ന്ന പങ്കു പണക്കാര്‍ക്ക് കിട്ടിയെങ്കില്‍ അതു സ്വാഭാവികം. മാത്രമല്ല, ഷെയറുകളുടെ വിലയും ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്. ഷെയർ ഉടമസ്ഥരുടെ സമ്പത്ത് വെറുതെയിരുന്നാലും ഇതുമൂലം വര്‍ദ്ധിക്കുന്നു. 2019-ൽ കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി താഴ്ത്തിയത് കോർപ്പറേറ്റ് ലാഭത്തിന്റെ വർദ്ധനയ്ക്ക് ഇടയാക്കി. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പോലുള്ള വ്യവസായ സബ്സിഡി സ്കീമുകളും മോദി സർക്കാർ നടപ്പാക്കുകയുണ്ടായി.

മറ്റൊരു പ്രധാനപ്പെട്ട ഘടകം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കു പുതിയ മേഖലകൾ തുറന്നുകൊടുത്തതും പുതിയ മേഖലകളിലേക്ക് അതിവേഗത്തിൽ കടന്നുകയറുന്നതിനു സർക്കാർ അവസരമൊരുക്കിയതുമാണ്. 2010-ലെ 69 ശതകോടീശ്വരന്മാരില്‍ 20 പേരാണ് ഐടി തുടങ്ങിയ പുത്തന്‍ വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. അതേസമയം 18 പേര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണ്. 7 പേര്‍ എണ്ണ-ഖനിജ മേഖലകളില്‍ നിന്നും 2 പേര്‍ ടെലികോം മേഖലയില്‍ നിന്നും ആണ് പണമുണ്ടാക്കിയത്. ഇന്ത്യയിലെ 15 റിയല്‍ എസ്റ്റേറ്റ് ശതകോടീശ്വരന്മാരും 2005-നു ശേഷമാണ് ഈ സ്ഥാനത്തേക്കുയര്‍ന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + sixteen =

Most Popular