കേന്ദ്രസർക്കാരിന് 6 ലക്ഷം കോടി രൂപ മുൻകൂറായി നൽകാൻ പോകുന്ന മുതലാളിമാർക്ക് ഇതിനുള്ള പണം എവിടെനിന്നും ലഭിക്കും? ചെറിയൊരു ഭാഗം അവരുടെ സമ്പാദ്യത്തിൽ നിന്നാകാം. ബാക്കി ബാങ്കിൽ നിന്നും വായ്പയെടുക്കുന്നതാണ്. ബാങ്കുകളിൽ നിന്നും ഭീമമായ തുക സർക്കാരിന്റെ സ്വത്തിന്റെ തന്നെ ഈടിൽ വായ്പയെടുത്ത് സർക്കാരിനു കൊടുക്കുന്നു. അവസാനം സർക്കാർ സ്വത്ത് പ്രയോഗത്തിൽ മുതലാളിമാരുടേതാകുന്നു.
ഇതു സർക്കാരിനും ചെയ്യാമല്ലോ. സർക്കാരിനു ബാങ്കിൽ നിന്നും വായ്പയെടുത്ത് പശ്ചാത്തലസൗകര്യ നിക്ഷേപം നടത്താം. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ കണക്ക് എഴുത്തിൽ ചില അസൗകര്യങ്ങളുണ്ടാകും. സർക്കാരിന്റെ ബജറ്റിൽ ഇതു സർക്കാരിന്റെ വായ്പയായിട്ടു വരും. ധനക്കമ്മി കൂടും. അതു വിദേശമൂലധനത്തിന് ഒട്ടും ഇഷ്ടമാകില്ല. അവർ പിണങ്ങിയാൽ സമ്പദ്ഘടന പ്രതിസന്ധിയിലാകാം. എന്നാൽ സ്വകാര്യ സംരംഭകർ വായ്പയെടുത്തു സർക്കാരിനു കൊടുക്കുകയാണെങ്കിലോ? അത് വായ്പയായിട്ടല്ല, മിസലേനിയസ് മൂലധന വരുമാനമായിട്ടാണു കാണിക്കുക. ധനക്കമ്മിയെ ബാധിക്കില്ല. വിദേശമൂലധനത്തെ പ്രീതിപ്പെടുത്തുകയുമാവാം. അതോടൊപ്പം ഇന്ത്യൻ മുതലാളിമാർക്കും വളരെ സന്തോഷമാണ്. പൊതുമേഖല കമ്പനികളുടെയും രാഷ്ട്രത്തിന്റെ പൊതുസ്വത്തും ചുളുവിലയ്ക്ക് അവരുടെ കൈകളിൽ വന്നുചേരുകയാണല്ലോ.
അപ്രത്യക്ഷമാകുന്ന വികസന ബാങ്കുകൾ കേന്ദ്ര ഗവൺമെന്റ് ബാങ്കിങ് നയങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ മറ്റൊരു തിരിച്ചടി, വികസന ബാങ്കുകളുടെ തിരോധാനമാണ്. ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ട്രിയൽ ക്രെഡിറ്റ് ആന്റ് ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഹൗസിങ് ഡെവലപ്മെന്റ് -ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നീ വികസന ബാങ്കുകളെല്ലാം സ്വകാര്യ വാണിജ്യ ബാങ്കുകളാക്കി മാറ്റി. സിഡ്ബിയും (SIDBI) നബാർഡും (NABARD) മാത്രമാണ് അവശേഷിക്കുന്ന രണ്ട് വികസന ബാങ്കുകൾ. |
ഇപ്പോൾ ലഭ്യമായ വിവരംവച്ച് വിദേശ ഫണ്ടുകളും നിക്ഷേപത്തിനു തയ്യാറായി മുന്നോട്ടുവരുന്നുണ്ട്. കനേഡിയൻ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡ് (CPPIB), ഒന്റാറിയോ ടീച്ചേഴ്സ് പെൻഷൻ പ്ലാൻ (OTPP) എന്നിവരാണ് രണ്ടു പ്രധാന നിക്ഷേപകർ. ഇതോടൊപ്പം ക്യാപ്പിറ്റൽ ഗ്രൂപ്പ്, യൂട്ടിലിക്കോ, എമർജിംഗ് മാർക്കറ്റ് ട്രസ്റ്റ്, ഫിഡലിറ്റി ഇൻവെസ്റ്റ്മെന്റ്സ്, മാത്യൂസ് ഏഷ്യ, എസ്ബിഐ മ്യൂച്വൽ ഫണ്ട്, എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്സ് എന്നിവയും സജീവമായി രംഗത്തുണ്ട്. ഇവർ ആഗോളമായിത്തന്നെ ഈ രീതിയിൽ നിർമ്മാണം തീർന്നുകഴിഞ്ഞ പശ്ചാത്തലസൗകര്യങ്ങൾ ഏറ്റെടുത്തു പരിചയമുള്ളവരാണ്. റിസ്ക് ഇല്ലാതെ ചില കേസുകളിൽ 75 ശതമാനം വരെ ലാഭം അവർ നേടുന്നുമുണ്ട്. കുറച്ചുകഴിഞ്ഞേ നിക്ഷേപകരെക്കുറിച്ചുള്ള ചിത്രം പൂർണ്ണമായും വെളിപ്പെടൂ. ♦