ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ചും അതിലേക്കു നയിച്ച ഘടകങ്ങളെ സംബന്ധിച്ചും നമ്മൾ ഏറെ ചർച്ച ചെയ്തതാണ്. വർഗീയ ധ്രുവീകരണം, വോട്ടിങ് യന്ത്രത്തിലെ കൃത്രിമങ്ങൾ, ക്ഷേമ പദ്ധതികൾ തുടങ്ങിയവയെല്ലാം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ അധികമാരും കാണാത്ത മറ്റൊരു യാഥാർത്ഥ്യം ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നിലുണ്ട‍്. അത് ബാങ്കുകളിലൂടെ വോട്ടർമാർക്കു നൽകുന്ന വായ്പയാണ്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം, വിജയത്തിന്റെ പടവുകളേറാൻ ബാങ്കുകൾ എങ്ങനെയാണ് ബിജെപിയെ സഹായിച്ചതെന്ന് പലരും എഴുതിയിട്ടുണ്ട്. നമുക്കൊന്നു നോക്കാം.
മുദ്ര വായ്പ
ഈ പദ്ധതിക്കുകീഴിൽ 3 തരം വായ്പകളാണുള്ളത്. ഒന്നാമത്തേത് ‘ശിശു’ (Shishu) വായ്പയാണ്. ഇതിനുകീഴിൽ 50000 രൂപ വരെ വായ്പ നൽകാം. രണ്ടാമത്തെ കാറ്റഗറിയായ ‘കിഷോരി’യിൽ (Kishore) 5 ലക്ഷം രൂപ വരെയും മൂന്നാമത്തെ കാറ്റഗറിയായ ‘തരുൺ’ വായ്പയിൽ 10 ലക്ഷം രൂപ വരെയും വായ്പയായി നൽകാം. നിലവിലുള്ള ബിസിനസുകൾക്കോ പുതുതായി ബിസിനസ് തുടങ്ങാനോ ആണ് മുദ്രാ വായ്പ നൽകുന്നത്; ഈടുകളൊന്നും ആവശ്യമില്ല. ബാങ്കുകൾക്കും അതുപോലെതന്നെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും (NBFCs) ഈ വായ്പ വിതരണം ചെയ്യാം. 2015–2026 വരെയുള്ള കാലയളവിലേക്കാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ബാങ്കുകൾ ഈ വായ്പകൾ നൽകുന്നത് ബാങ്കിലെ നിക്ഷേപകരുടെ പണംകൊണ്ടാണ്, അല്ലാതെ കേന്ദ്ര ബജറ്റിൽനിന്നല്ല. 2023 സെപ്തംബർ വരെ ഈ പദ്ധതിക്കുകീഴിൽ 445224928 പേർക്ക് വായ്പകൾ അനുവദിച്ചിട്ടുണ്ട്; അതായത്‍ മൊത്തം 44.5 കോടി രൂപ വായ്പ നൽകിക്കഴിഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് 2022–2023 കാലയളവിൽ ഈ പദ്ധതിക്കുകീഴിൽ വിതരണം ചെയ്ത വായ്പാതുകയിൽ 37 ശതമാനത്തിന്റെയും നൽകിയ വായ്പകളിൽ 14 ശതമാനത്തിന്റെയും വർധനവുണ്ടായി. എന്താണിതിനു കാരണം?
സംസ്ഥാനം | മുദ്രവായ്‌പാ കാറ്റഗറി |
വായ്‌പകളുടെ എണ്ണം |
തുക കോടിയിൽ |
ഛത്തീസ്‌ഗഢ് | ശിശു | 766293 | 2437.72 |
കിഷോരി | 328352 | 4023.40 | |
തരുൺ | 24282 | 1930.50 | |
ആകെ | 1114927 | 8391.61 | |
മധ്യപ്രദേശ് | ശിശു | 2697276 | 8835.38 |
കിഷോരി | 930087 | 10824.35 | |
തരുൺ | 74298 | 5641.57 | |
ആകെ | 3701661 | 25301.30 | |
മിസോറാം | ശിശു | 12492 | 60.06 |
കിഷോരി | 8590 | 168.66 | |
തരുൺ | 2312 | 195.68 | |
ആകെ | 23394 | 424.40 | |
രാജസ്‌താൻ | ശിശു | 2013516 | 6937.27 |
കിഷോരി | 884186 | 11376.85 | |
തരുൺ | 79738 | 6372.85 | |
ആകെ | 2977440 | 24686.97 | |
തെലങ്കാന | ശിശു | 420855 | 1290.01 |
കിഷോരി | 172530 | 3226.78 | |
തരുൺ | 45938 | 3618.02 | |
ആകെ | 639323 | 8134.81 |
2022–2023 ൽ അനുവദിച്ച വായ്പകളുടെ എണ്ണം 62310598 ആണ്. തുകയാകട്ടെ, 456537.98 കോടി രൂപയും. വിശദമായി പരിശോധിക്കുകയാണെങ്കിൽ, പ്രസ്തുത വർഷം ഛത്തീസ്ഗഢിൽ അനുവദിച്ചത് 56.5 ലക്ഷം കുടുംബങ്ങൾക്കായി 79.25 ലക്ഷം വായ്പയാണ്. അതായത് ഒരു കുടുംബത്തിൽ 1.5 പേർക്ക് വായ്പ ലഭിച്ചിരിക്കുന്നു.
മധ്യപ്രദേശിന്റെ കാര്യമെടുത്താൽ, പ്രസ്തുത വർഷം അവിടെ 1.51 കോടി കുടുംബങ്ങളിലായി 2.64 കോടി വായ്പകൾ നൽകി; അതായത് കുടുംബത്തിൽ 1.75 പേർക്ക് വായ്പ ലഭിച്ചിരിക്കുന്നു. വിശദമായ വിവരം പട്ടികയിൽ കാണാം.
ഈ സംസ്ഥാനങ്ങളിൽ ഒരു കുടുംബത്തിൽ ഒരാളിൽ കൂടുതൽ പേർക്ക് മുദ്ര വായ്പ ലഭിച്ചു എന്ന് ഇത് കൃത്യമായി കാണിക്കുന്നു, അതും നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുൻപുതന്നെ ചില കുടുംബങ്ങൾക്ക് രണ്ടോ മൂന്നോ വായ്പകൾ വരെ കിട്ടി. ചുരുക്കം ചില കുടുംബങ്ങൾക്കു മാത്രമാണ് വായ്പ ലഭിക്കാതിരുന്നത്. വായ്പ നൽകുമ്പോൾ വായ്പയെടുക്കുന്നവരോട് പറയുന്നത് ഇത് മോദിയുടെ സമ്മാനമാണെന്നും തിരിച്ചടയ്ക്കേണ്ടതില്ല എന്നുമാണ്. കന്യാകുമാരി ജില്ലയിൽ ബിജെപിയിൽ ചേരാമെങ്കിൽ വായ്പ തരാമെന്നുപറഞ്ഞ് യുവാക്കളെ സമീപിക്കുകയാണ് ബിജെപി പ്രവർത്തകർ. വായ്പ നൽകുവാൻ പറഞ്ഞ് ബാങ്കുകൾക്കുമേൽ വൻ സമ്മർദ്ദമാണ് ഗവൺമെന്റ് ചെലുത്തുന്നത്. ജനങ്ങൾക്ക് വായ്പ നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കുകൂടി വൻ തുക വായ്പ കൊടുക്കാനാണ് സർക്കാർ ബാങ്കുകളോട് പറയുന്നത്. വഴിയോരക്കച്ചവടക്കാർക്ക് വായ്പ നൽകുന്ന പി എം സ്വാനിധി പദ്ധതിയും ഇത്തരത്തിൽ ബിജെപി ഉപയോഗിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു വിജയം കൊയ്യുന്നതിനുവേണ്ടി ജനപ്രീതി നെെമിഷികമായി പിടിച്ചുപറ്റുന്നതിന് ബാങ്കു വായ്പകൾ നൽകുന്ന തന്ത്രവും സംഘപരിവാർ പയറ്റുന്നു. ♦