വഴിമുട്ടിയ മുതലാളിത്ത വികസന പാതകൾക്കുള്ള മറുമരുന്നായിട്ടാണ് നിയോ ലിബറൽ ചിന്തകൾ എൺപതുകളിൽ ലോകത്തെല്ലായിടത്തും പടർന്നു പിടിക്കുന്നത്. പ്രതിസന്ധിയിൽ അകപ്പെട്ട അവികസിത /വികസ്വര രാജ്യങ്ങൾക്കുള്ള ഒറ്റമൂലിയായിട്ടാണ് ഇത് നിർദേശിക്കപ്പെടുന്നത്. എഴുപതുകളുടെ അവസാനം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാരംഭിച്ച ഈ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഇന്ത്യയിലേക്ക് കടന്നുവന്നിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തുടക്കമിടുകയും തുടർന്നുവന്ന കോൺഗ്രസ് സർക്കാരുകൾ ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്ത ഉദാരവൽക്കരണ നയങ്ങൾ പിൽക്കാലത്തു വന്ന ബി ജെ പി സർക്കാരുകൾ തുടർന്നു എന്ന് മാത്രമല്ല ആ നയങ്ങളെ ഏറ്റവും വിനാശകരമായ രീതിയിലേക്ക് വളർത്തിയെടുക്കുകയും ചെയ്തു. ഈ നയങ്ങൾസൃഷ്ടിച്ച വൻ പ്രതിസന്ധിയുടെ നടുവിലാണ് ഇന്ന് സാധാരണക്കാരും ദരിദ്രരുമായ മഹാ ഭൂരിപക്ഷം ഇന്ത്യക്കാരും .
ഓരോ രാജ്യത്തിന്റെയും ചരിത്രപരമായ സവിശേഷതകളും വിഭവങ്ങളുടെ സ്വഭാവവും മനസ്സിലാക്കി തനതായ സാമ്പത്തിക നയ സമീപനങ്ങൾ രൂപപ്പെടുത്തേണ്ടതിനു പകരം അന്താരാഷ്ട്ര മൂലധനത്തിന്റെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കപ്പെടുന്ന രീതിയിൽ ആവിഷ്കരിച്ച നിയോ ലിബറൽ നയങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക് നിരവധി രാജ്യങ്ങളെ തള്ളിയിട്ടിരിക്കുന്ന കാഴ്ച ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലാ മൂന്നാം ലോക രാജ്യങ്ങളിലും കാണാൻ കഴിയും. ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ പല രാജ്യങ്ങളിലും കണ്ടു തുടങ്ങിയിരിക്കുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളൊന്നാകെ ഇടതുപക്ഷ സാമ്പത്തിക സമീപനങ്ങളിലേക്ക് തിരിയുന്നതും അത്തരം സമീപനങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ കക്ഷികൾ അവിടങ്ങളിൽ അധികാരത്തിലെത്തുന്നതും സമീപകാലത്ത് നമ്മൾ കണ്ടു.
കാൽ നൂറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളുടെ സമഗ്രമായ വിലയിരുത്തലാണ് ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കുന്ന നിയോലിബറലിസത്തെക്കുറിച്ചുള്ള പുസ്തക പരമ്പരയിലൂടെ ഡോ തോമസ് ഐസക് ചെയ്യുന്നത്. നിയോലിബറലിസം ഇന്ത്യയിൽ, നിയോലിബറൽ വളർച്ചയും ജനങ്ങളും, സ്വകാര്യവൽക്കരണവും ശിങ്കിടിമുതലാളിത്തവും, പ്രതിരോധത്തിന്റെ രാഷ്ട്രീയവും ബദലിന്റെ പ്രാധാന്യവും എന്നിങ്ങനെ നാല് പുസ്തകങ്ങളാണ് ഈ ഗ്രന്ഥപരമ്പരയിലുള്ളത്. ഇതിൽ ആദ്യത്തേതാണ് ശിങ്കിടി മുതലാളിത്തവും സ്വകാര്യവൽക്കരണവും. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളും, പൊതുസ്വത്തും സ്വകാര്യ കുത്തകകൾക്ക് ചുളുവിൽ കൈമാറുക എന്ന നിയോ ലിബറൽ അജൻഡയെ തുറന്നു കാട്ടുകയാണ് ഈ പുസ്തകത്തിലൂടെ ഐസക് ചെയ്യുന്നത്. നിയോ ലിബറൽ നയങ്ങൾ രാജ്യത്ത് നടപ്പിലാക്കിത്തുടങ്ങുന്നത്തിന്റെ ആദ്യ നാളുകൾ മുതൽ ഇതു സംബന്ധിച്ച ആഴമേറിയ പഠനങ്ങൾ നടത്തിവരുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഐസക്. തൊണ്ണൂറുകളുടെ ആദ്യം ഐസക്കും കെ എൻ ഹരിലാലും ചേർന്നെഴുതിയ ‘കീഴടങ്ങലിന്റെ അർത്ഥശാസ്ത്രം’ ഈ വിഭാഗത്തിൽ മലയാളത്തിലിറങ്ങിയ ആദ്യത്തെ പുസ്തകങ്ങളിലൊന്നാണ്. നീണ്ട മൂന്നു പതിറ്റാണ്ടുകൾ കഴിയുമ്പോൾ അന്നുയർത്തിയ വിമർശനങ്ങൾ എല്ലാം തന്നെ യാഥാർഥ്യമായി പരിണമിച്ചതിന്റെ ചിത്രം ഈ പുസ്തകത്തിൽ കാണാം. ആ അർത്ഥത്തിൽ ഇത് ഇന്ത്യൻ നിയോ ലിബറലിസത്തിന്റെ ഒരു കണക്കെടുപ്പ് കൂടിയാണ്.
പതിനാറ് അധ്യായങ്ങളായിട്ടാണ് ഈ പുസ്തകം ആസൂത്രണം ചെയ്തിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്തുകൊണ്ടുള്ള സ്വകാര്യവൽക്കരണ നയങ്ങളുടെ യുക്തിയെ വിശകലനം ചെയ്യുകയാണ് ആദ്യ അധ്യായം.
ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളുടെ 65 ലക്ഷം കോടി രൂപയുടെ ആസ്തികളും ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ 127 ലക്ഷം കോടി രൂപയുടെ ആസ്തികളും ഇവയുടെ പല മടങ്ങു വരുന്ന രാജ്യത്തിന്റെ പൊതുസ്വത്തുക്കളും സ്വകാര്യ മുതലാളിമാർക്ക് കൈമാറുകയാണു സ്വകാര്യവൽക്കരണത്തിലൂടെ ചെയ്യുന്നത്. ഇതു സംബന്ധിച്ച് പൊതുവിൽ നിലനിൽക്കുന്ന ആഖ്യാനങ്ങളുടെ പൊള്ളത്തരം ഒന്നാമത്തെ അധ്യായം തുറന്നു കാട്ടുന്നു . ഇതാകട്ടെ പൊതുമുതലിന്റെ കൊള്ള മാത്രമല്ല ഭരണകൂടത്തിന്റെ ശിങ്കിടികൾക്ക് കൈമാറുകയാണ് എന്ന വസ്തുതയും അതിന്റെ ചരിത്രവും ഇവിടെ വിശദമാക്കുന്നു .
1940-കളുടെ ആദ്യം ഇന്ത്യയിലെ വൻകിട മുതലാളിമാർ ബോംബെ പ്ലാൻ എന്ന പേരിൽ സ്വതന്ത്ര ഇന്ത്യയ്ക്കുവേണ്ടി ഒരു വികസനരേഖ തയ്യാറാക്കുകയുണ്ടായി. ആ രേഖയിൽ പൊതുമേഖലയുടെ പ്രാധാന്യം അവർ അംഗീകരിച്ചു. യൂറോപ്പിൽ മുതലാളിത്തം വളർന്നുവന്ന കാലത്ത് അവിടുത്തെ മുതലാളിമാർക്ക് മുതൽമുടക്കാനുള്ള സമ്പത്ത് ആഗോളമായ കൊളോണിയൽ കൊള്ളയടിയിലൂടെ സമാഹരിക്കാൻ കഴിയുമായിരുന്നു. ഇന്ത്യയിലെ മുതലാളിമാർക്ക് അതിനൊരു സാധ്യതയുമില്ല. യൂറോപ്പിലെ മുതലാളിമാർക്കു സുരക്ഷിതമായ കോളനി കമ്പോളങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യൻ മുതലാളിമാർക്ക് ആഭ്യന്തര കമ്പോളത്തെ ആശ്രയിക്കുകയേ നിവർത്തിയുണ്ടായിരുന്നുള്ളൂ. അത്യന്താപേക്ഷിതമായ വൻകിട ഭൗതികസൗകര്യങ്ങൾ നിർമ്മിക്കുന്നതിനും ലാഭം കുറഞ്ഞ അടിസ്ഥാന വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും അവരുടെ കൈയിലുള്ള മൂലധനം അപര്യാപ്തമായിരുന്നു. എന്നാൽ സർക്കാരിനു നികുതിയായും വായ്പയായും നോട്ട് അച്ചടിച്ചും വലിയ തോതിൽ വിഭവസമാഹരണം നടത്താനാകും. അതുകൊണ്ട് സ്വതന്ത്ര ഇന്ത്യയുടെ വളർച്ചയിൽ ആദ്യഘട്ടത്തിൽ സർക്കാരിന്റെ ശക്തമായ ഇടപെടൽ കൂടിയേതീരൂ. മറ്റൊരു കാര്യവുംകൂടി ബോംബെ പ്ലാനിൽ അടിവരയിട്ടു പറഞ്ഞിരുന്നു. പൊതുമേഖലയെ അടിസ്ഥാനമാക്കിയുള്ള പഞ്ചവത്സര പദ്ധതികൾ ഇന്ത്യയിലെ വ്യവസായികളുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കു വഴിതെളിക്കും. ഇത്തരത്തിൽ അവർ പ്രാപ്തരാകുമ്പോൾ പൊതുമേഖലാ കമ്പനികളെ സ്വകാര്യവൽക്കരിക്കാനും പിൻവാങ്ങാനും സർക്കാർ തയ്യാറാകണം. എന്നാൽ അവർ ആഗ്രഹിച്ചപോലെയല്ല രാജ്യത്തെ രാഷ്ട്രീയം മുന്നോട്ടു പോയത്. ജനപിന്തുണ നിലനിർത്തുന്നതിനു ജനപ്രിയ സോഷ്യലിസ്റ്റ് പാറ്റേൺ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്താൻ ഭരണവർഗ്ഗ പാർട്ടി നിർബന്ധിതമായി. പൊതുമേഖല വികസിച്ചുകൊണ്ടേയിരുന്നു. ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു. ഇന്ത്യയിലെ മുതലാളിവർഗ്ഗത്തെ ഏറെ അസ്വസ്തപ്പെടുത്തിയ ഒരു സ്ഥിതിവിശേഷമായിരുന്നു ഇത്. സ്വതന്ത്ര ഇന്ത്യയുടെ വികസന സമീപനങ്ങളെ ഐസക് ഇങ്ങനെ വിലയിരുത്തുന്നു .
ആഭ്യന്തരകമ്പോളത്തെ ആസ്പദമാക്കിയുള്ള വികസനതന്ത്രവും വഴിമുട്ടിയത് രാജ്യത്തെ സാമ്പത്തിക വികസനത്തെ തടഞ്ഞു. ഭൂപരിഷ്കരണത്തിന്റെ അഭാവത്തിൽ കർഷകജനസാമാന്യത്തിന്റെ ക്രയശേഷി ഉയർന്നില്ല. തന്മൂലം മുരടിപ്പ് സമ്പദ്ഘടനയെ ബാധിച്ചു. പ്രതിവർഷ സാമ്പത്തികവളർച്ച 3.5-4 ശതമാനത്തിൽ തട്ടിനിന്നു. ഇതുമറികടക്കുന്നതിനുവേണ്ടി രാജീവ്ഗാന്ധിയുടെ കാലത്തു നടപ്പിലാക്കിയ കയറ്റുമതിയോന്മുഖ വികസനനയം 1980-കളുടെ അവസാനത്തോടെ വലിയ വിദേശനാണയ കുഴപ്പത്തിൽച്ചെന്ന് അവസാനിച്ചു. വിദേശനാണയ കുഴപ്പത്തിൽനിന്നു കരകയറുന്നതിന് ഐഎംഎഫ് വായ്പകളേയും നിബന്ധനകളേയും അംഗീകരിക്കേണ്ടിവന്നു. അങ്ങനെ രാജ്യത്തിന്റെ വികസന കാഴ്ചപ്പാട് സമൂലമായി മാറി. നിയോലിബറലിസത്തിന്റെ കരാള ദംഷ്ട്രകളിലേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എങ്ങനെ എത്തിപ്പെട്ടു എന്നതിന്റെ ഒരു നഖചിത്രം ഈ പുസ്തകത്തിൽ ഇപ്രകാരം കോറിയിടുന്നു.
സ്വതന്ത്ര ഇന്ത്യ പുലർത്തിപ്പോന്ന നയങ്ങൾ സർവ്വമേഖലകളിലും കീഴ്മേൽ മറിഞ്ഞു. ആസൂത്രണത്തിനു പകരം കമ്പോളവൽക്കരണം. സർക്കാർ നിയന്ത്രണങ്ങൾക്കു പകരം ഡീറെഗുലേഷൻ. സംരക്ഷിത അഭ്യന്തര കമ്പോളത്തിനു പകരം തുറന്ന വിപണി. വിദേശമൂലധന നിയന്ത്രണത്തിനു പകരം അവരെ ആകർഷിക്കൽ. ദേശസാൽക്കരണത്തിനു പകരം സ്വകാര്യവൽക്കരണം. ഇന്ത്യയിലെ മുതലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം ലഭിച്ചപ്പോൾ സ്വീകരിച്ച പാത അടഞ്ഞുകഴിഞ്ഞിരുന്നു. ആഗോളവൽക്കരണ കാലഘട്ടത്തിൽ അതിൽ പങ്കാളിയായിക്കൊണ്ടേ അവർക്കു മുന്നേറാനാകൂ. ഇതിന്റെ ഫലമായി ഇന്ത്യൻ കമ്പോളത്തിൽ അവർക്കുണ്ടായിരുന്ന സമ്പൂർണ്ണനിയന്ത്രണം നഷ്ടപ്പെടും. പക്ഷേ, അതിനു പകരമായി ആഗോള കമ്പോളത്തിലേക്കു കടക്കാനുള്ള സാധ്യതകൾ തുറന്നുകിട്ടും. അതിലുപരി ബോംബെ പ്ലാനിൽ പറഞ്ഞതും എന്നാൽ ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയസാഹചര്യങ്ങളിൽ നടക്കാതെ പോയതുമായ പൊതുമേഖലയുടെ സ്വകാര്യവൽക്കരണം അവർക്കു നേട്ടമാകും. ഇത്തരത്തിൽ നോക്കിയാൽ ആഗോളവൽക്കരണ വികസനതന്ത്രത്തിൽ ഇന്ത്യൻ മുതലാളിമാർക്കു ലഭിക്കുന്ന അപ്പകഷ്ണമാണ് ഇന്ത്യയുടെ പൊതുമേഖല.
സർക്കാരിന് എന്താണു സ്വകാര്യവൽക്കരണത്തിൽ ഇത്രയേറെ താല്പര്യം എന്നതും ഇവിടെ വിശദമാക്കപ്പെടുന്നു . നിയോലിബറൽ സർക്കാരുകൾക്ക് പൊതുമേഖലയുടെ സ്വകാര്യവൽക്കരണത്തിലുള്ള താൽപ്പര്യം കേവലം ആദർശപരമല്ല. പണക്കാരുടെമേലുള്ള നികുതി കുറയ്ക്കുക എന്നുള്ളത് നിയോലിബറൽ ധനകാര്യ നയത്തിന്റെ അടിസ്ഥാന സമീപനമാണ്. മൂലധന ഉടമകളുടെ സംരംഭകത്വ ആവേശത്തെ ഉത്തേജിപ്പിക്കുന്നതിന് നികുതി കുറയ്ക്കുന്നതു സഹായിക്കുമെന്നാണു കാഴ്ചപ്പാട്. അമേരിക്കയിലും ഇംഗ്ലണ്ടിലും ജർമ്മനിയിലുമെല്ലാം ആദായ നികുതിയും കമ്പനികളുടെ നികുതിയും ഗണ്യമായി കുറവു ചെയ്യുകയുണ്ടായി. എന്നാൽ ഈ നികുതിയിളവുകൾ സർക്കാരിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കും. സർക്കാരിന്റെ റവന്യുക്കമ്മി വർദ്ധിക്കും. എന്നുവച്ചാൽ വായ്പയെടുക്കുന്ന പണത്തിന്റെ നല്ലൊരു പങ്ക് ദൈനംദിന പ്രവർത്തനങ്ങളുടെ ചെലവുകൾക്കായി നീക്കിവയ്ക്കേണ്ടി വരും. വായ്പാപണം റവന്യു ചെലവുകൾക്കായി ഉപയോഗിക്കാൻ പാടില്ല എന്നതാണ് നിയോലിബറൽ ധനനയത്തിന്റെ മറ്റൊരു പ്രമാണം. വായ്പ അല്ലെങ്കിൽ മൂലധന വരുമാനം മൂലധനച്ചെലവിനേ ഉപയോഗിക്കാൻ പാടുള്ളൂ. ഇന്ത്യാ സർക്കാരും സംസ്ഥാന സർക്കാരുകളുമടക്കം ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം പാസ്സാക്കിയിട്ടുള്ള ധനഉത്തരവാദിത്വ നിയമങ്ങളിൽ ഈ പ്രമാണം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അപ്പോൾ റവന്യു ചെലവുകൾക്ക് എങ്ങനെ പണം കണ്ടെത്തും? ചെലവുകൾ വെട്ടിക്കുറയ്ക്കുകയാണ് മാർഗ്ഗം. പക്ഷേ അതിനു പരിധിയുണ്ട്. പ്രത്യേകിച്ച് പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ ജനപ്രിയ നടപടികൾ ഒഴിവാക്കാനാവില്ല. ഈ സാഹചര്യത്തിൽ സർക്കാരുകളുടെ ഒരു പ്രധാന വരുമാന മാർഗ്ഗമായി സ്വകാര്യവൽക്കരണം മാറുന്നു. മുൻ ദശാബ്ദങ്ങളിൽ സർക്കാർ നികുതിയായും വായ്പയായും സമാഹരിച്ച പണം മുടക്കിയാണ് പൊതുമേഖലാ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇന്നത്തെ മൂല്യം 65 ലക്ഷം കോടി രൂപ വരുമെന്നു പറയപ്പെടുന്നു. ഇവ വിറ്റ് ബജറ്റിൽ വരവുവെച്ചാൽ കടബാധ്യത സൃഷ്ടിക്കാത്ത മൂലധന വരുമാനമായിരിക്കും അത്.
കേന്ദ്ര ബജറ്റ് നോക്കിയാൽ ഓരോ വർഷവും സ്വകാര്യവൽക്കരണത്തിലൂടെയുള്ള വരുമാനത്തിന്റെ പ്രാധാന്യം വർദ്ധിച്ചുവരുന്നതായി കാണാം. 1991-–92-ൽ 2500 കോടി രൂപയാണ് സ്വകാര്യവൽക്കരണത്തിൽ നിന്നും പ്രതീക്ഷിച്ചതെങ്കിൽ 2000-–01-ൽ ഇത് 12000 കോടി രൂപയായി ഉയർന്നു. 2010-–11-ലെ ബജറ്റിലെ മതിപ്പു കണക്കുപ്രകാരം ഇതു 40,000 കോടി രൂപയായി ഉയർന്നു. 2020–21-ലെ ബജറ്റിൽ സ്വകാര്യവൽക്കരണം വഴി 1.75 ലക്ഷം കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. ഈ ലക്ഷ്യത്തിന് അടുത്തൊന്നും എത്താൻ കഴിഞ്ഞില്ലായെന്നുള്ളത് മറ്റൊരു കാര്യം.
ഇന്ത്യയിൽ പ്രധാനമന്ത്രി മോദിയാകട്ടെ, ഇത്തരത്തിൽ പൊതുസ്വത്ത് കൈമാറിയും പ്രത്യേക ആനുകൂല്യങ്ങൾ നൽകിയും ചൊൽപ്പടിക്കു നിൽക്കുന്ന ഒരു പുത്തൻകൂറ്റു ഭീമൻ മുതലാളിമാരെ കൃത്രിമമായി സൃഷ്ടിക്കുന്നത് ഔപചാരികമായ വികസനതന്ത്രമാക്കിയിരിക്കുന്നു. ഇവരായിരിക്കും നാടിന്റെ സാമ്പത്തിക പതാകവാഹകർ. അന്തർദേശീയ മത്സരശേഷിയുള്ള ഈ ഭീമന്മാർ ആയിരിക്കും ഇന്ത്യയെ ആഗോള സാമ്പത്തിക ശക്തിയാക്കി വളർത്തുക. നിതി ആയോഗിന്റെ തലവൻ അഞ്ച് ചാമ്പ്യൻ നിക്ഷേപകരെക്കുറിച്ചു പരാമർശിച്ചപ്പോൾ ആദ്യം ആർക്കും വ്യക്തമായിരുന്നില്ല. എന്നാൽ ഇന്നു പകൽപോലെ വ്യക്തമാണ്: അദാനിയെപ്പോലുള്ളവർ ഇന്ത്യയിലെ ശിങ്കിടി മുതലാളിത്തത്തിന്റെ സാക്ഷ്യപത്രങ്ങളാണ്.
‘പൊതുമേഖലാ സ്വകാര്യവൽക്കരണം ഒരു വിഗഹവീക്ഷണം’ എന്ന രണ്ടാമത്തെ അധ്യായത്തിൽ മൂന്നു പതിറ്റാണ്ടിനിടയിൽ പൊതുമേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനു നടത്തിയ പരിശ്രമങ്ങളും പ്രത്യാഘാതങ്ങളും ചെറുത്തുനിൽപ്പും ഹ്രസ്വമായി അവലോകനം ചെയ്യുന്നു. ബാൽകോയുടെ സ്വകാര്യവൽക്കരണത്തെ വിശദമായി പരിശോധിക്കുകയാണ് മൂന്നാമത്തെ അദ്ധ്യായം. നരസിംഹ റാവു ആണ് സ്വകാര്യവൽക്കരണം തുടങ്ങിവച്ചതെങ്കിലും ഇടക്കാല സർക്കാരുകൾ അതിനു വിരാമമിട്ടു. വാജ്പേയി സർക്കാർ സ്വകാര്യവൽക്കരണത്തിന് അരുൺ ഷൂരിയെന്ന ഒരു മന്ത്രിയെതന്നെ നിയമിച്ചു. അദ്ദേഹത്തിന്റെ കീഴിൽ നടന്ന ഏറ്റവും വിവാദ സ്വകാര്യവൽക്കരണമായിരുന്നു ബാൽകോയുടേത്.ടെലികോം മേഖലയുടെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട സ്പെക്ട്രം അഴിമതിയെക്കുറിച്ചും എസ്-ബാൻഡ് അഴിമതിയെക്കുറിച്ചും നാലാമത്തെ അധ്യായം പരിശോധിക്കുന്നു . ടെലികോം മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനുവേണ്ടി ഒരു പൊതുമേഖലാ സ്ഥാപനത്തെ തകർത്തതിന്റെ ഭീകര അണിയറ കഥകളാണ് ബിഎസ്എൻഎല്ലിന്റെ കഥയിലൂടെ അഞ്ചാമത്തെ അധ്യായത്തിൽ വിവരിക്കുന്നത്. വൈദ്യുതി മേഖലയും റെയിൽവേയും സ്വകാര്യവൽക്കരിക്കാനുള്ള കരുനീക്കങ്ങൾ അടുത്ത അധ്യായങ്ങളിൽ പരിശോധിക്കുന്നു .
പൊതുമേഖലാ ബാങ്കുകളുടെ തകർച്ചയ്ക്ക് വഴിവെച്ച നയങ്ങളും ഇൻഷുറൻസ് മേഖലയുടെ സ്വകാര്യവൽക്കരണ നീക്കങ്ങളും അടുത്ത അധ്യായങ്ങൾ ചർച്ച ചെയുന്നു. ബാങ്ക് ദേശസാൽക്കരണം ഇന്ത്യൻ സാമ്പത്തികത്തിലും രാഷ്ട്രീയത്തിലും ഒരു വഴിത്തിരിവായിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം സ്വകാര്യബാങ്കുകളുടെ മാതൃകയിലേക്കു മാറ്റിയിട്ടുണ്ട്. അവയുടെ ഓഹരി ഉടമസ്ഥതയിൽ ഗണ്യമായൊരു പങ്ക് ഇന്നു സർക്കാരിന്റെ വരിതിയിലല്ല. ഇൻഷ്വറൻസ് മേഖല സ്വകാര്യ കമ്പനികൾക്കുകൂടി തുറന്നുകൊടുത്തെങ്കിലും എൽഐസിയുടെ മേധാവിത്വം തുടരുകയാണ്. എൽഐസിയെ വെടക്കാക്കി തനിക്കാക്കാനുള്ള ഏർപ്പാടുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഒഎൻജിസി എന്ന പൊതുമേഖലാ സ്ഥാപനമാണ് എണ്ണ പര്യവേക്ഷണത്തിന് ഉണ്ടായിരുന്ന ഏക ഏജൻസി. അവിടേക്കു റിലയൻസും കടന്നുവന്നിരിക്കുകയാണ്. എങ്ങനെയാണ് പൊതുസ്വത്ത് കൊള്ളയടിക്കുന്നത് എന്നതിനു നല്ലൊരു ഉദാഹരണമാണ് കൃഷ്ണ-ഗോദാവരി ബെയ്സിൻ സംബന്ധിച്ച വിവാദങ്ങൾ.ഇതാണ് അധ്യായം 10 പരിശോധിക്കുന്നത്. കർണാടകത്തിലെ ഖനിക്കൊള്ള അടുത്ത അധ്യായത്തിൽ പരിശോധിക്കുന്നു .
കോവിഡ് കാലത്തുപോലും സ്വകാര്യവൽക്കരണ അജൻഡ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നതിന്റെ തത്രപ്പാടിലായിരുന്നു മോദി സർക്കാർ. 2021-–22-ൽ എയർ ഇന്ത്യ സ്വകാര്യവൽക്കരിച്ചു. എന്നാൽ സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്, പവൻ ഹാൻസ് ഹെലികോപ്റ്റർ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ തുടങ്ങിയവ വിൽക്കാൻ പോയി കൈപൊള്ളി തിരികെ പോകേണ്ടി വന്നു.ഇത് പതിനൊന്നാം അധ്യായം പരിശോധിക്കുന്നു .
പൊതുസ്വത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനെക്കുറിച്ചാണ് അടുത്ത ഈ അധ്യായം ചർച്ച ചെയ്യുന്നത് .സ്റ്റോക്ക് എക്സ്ചേഞ്ച് തട്ടിപ്പുകൾ ഒരു നിയോലിബറൽ തുടർക്കഥയാണ്. സ്റ്റോക്ക് എക്സ്ചേഞ്ച് തട്ടിപ്പിനെക്കുറിച്ചാണ് 14 –ാം അധ്യായം . സ്റ്റോക്ക് എക്സ്ചേഞ്ച് തട്ടിപ്പും അതോടൊപ്പം മോദിയുടെ പിന്തുണയുമാണ് അദാനിയുടെ വിസ്മയകരമായ കുതിപ്പിന് അടിസ്ഥാനം. ഇപ്പോൾ ഉണ്ടായിരിക്കുന്ന വെളിപ്പെടുത്തലുകൾ അദാനിക്കു തിരിച്ചടിയായിട്ടുണ്ടെങ്കിലും ഭരണപിന്തുണമൂലം അദാനി ഇപ്പോഴും മുന്നിൽതന്നെ. ശിങ്കിടി മുതലാളിത്ത വികസനതന്ത്രത്തിന്റെ ഉത്തമ ഉദാഹരണമാണ് അദാനി. ഈ കഥയാണ് അടുത്ത അധ്യായത്തിൽ.
നിയോലിബറൽ നയങ്ങളും സ്വകാര്യവൽക്കരണവും ഒരു പുതിയ പറ്റം മുതലാളിമാരെ മുന്നിലേക്കു കൊണ്ടുവന്നിരിക്കുകയാണ്. ഈ പ്രതിഭാസത്തെ വിശകലനം ചെയ്തുകൊണ്ടാണ് ഈ പുസ്തകം ഉപസംഹരിക്കുന്നത്. നിയോ ലിബറൽ നയങ്ങൾ സൃഷ്ടിക്കുന്ന കടുത്ത ആഘാതങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ് ഉയരുന്നുണ്ട് . ഓരോ മേഖലയിലും ശക്തമായ ചെറുത്തുനിൽപ്പാണ് തൊഴിലാളികളും ജനങ്ങളും നടത്തുന്നത്. ഈയൊരു സാഹചര്യത്തിലാണ് രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് . അതിനാൽ വരാൻ പോകുന്ന ലോക്-സഭാ തിരഞ്ഞെടുപ്പ് പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിൽ നിർണ്ണായകമാണ്. ഒരു രാഷ്ട്രീയ തിരിച്ചടിയിലൂടെ മാത്രമേ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മറവിൽ നടന്നുകൊണ്ടിരിക്കുന്ന ബിജെപിയുടെ കൊള്ളയ്ക്ക് വിരാമമിടാൻ കഴിയൂ. ഈയൊരു യാഥാർഥ്യത്തെ അർത്ഥശങ്കയ്ക്കിടയില്ലാത്ത രീതിയിൽ, ഐസക്കിന്റെ തനത് ശൈലിയിൽ,ലളിതമായ ഭാഷയിൽ ഈ പുസ്തകം കൈകാര്യം ചെയ്തിരിക്കുന്നു. ♦