Friday, September 20, 2024

ad

Homeകവര്‍സ്റ്റോറിമൂന്ന് ദശകങ്ങളിലെ 
പൊതുമേഖലാ സംരക്ഷണ 
പോരാട്ടങ്ങളും
 ഇടതുപക്ഷ സമീപനവും

മൂന്ന് ദശകങ്ങളിലെ 
പൊതുമേഖലാ സംരക്ഷണ 
പോരാട്ടങ്ങളും
 ഇടതുപക്ഷ സമീപനവും

കെ എന്‍ ഗോപിനാഥ്

മൂന്ന് പതിറ്റാണ്ട് കാലത്തെ ആഗോളവല്‍കരണ നയങ്ങളുടെ ചരിത്രംപോലെതന്നെ അതിനെതിരായ ചെറുത്തുനില്‍പുകളുടെ ചരിത്രവും അതോടൊപ്പം പിറവികൊണ്ടിരുന്നു. ആത്യന്തികമായി സ്വകാര്യവല്‍ക്കരണത്തിനെതിരായ എല്ലാ പ്രക്ഷോഭങ്ങളും സോഷ്യലിസത്തിനുവേണ്ടിയുള്ള വര്‍ഗസമര മുന്നേറ്റങ്ങളായിട്ടാണ് ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്. നവലിബറലിസവുമായുള്ള ഇന്ത്യയുടെ ചങ്ങാത്തം കമ്പോളമൗലികവാദം പ്രചരിപ്പിക്കുകയും അതേസമയം മൂലധനശക്തികള്‍ക്കും വന്‍കിട ബിസിനസ്സുകാര്‍ക്കും പാതവെട്ടി വരുമാനത്തിന്റെയും ആസ്തികളുടെയും പുനര്‍വിതരണം നടപ്പിലാക്കുന്നതിന് ഭരണകൂടത്തെ ആയുധമാക്കുകയും ചെയ്യുന്ന സാമ്പത്തിക ചട്ടക്കൂടാണ്. പൊതുമേഖലാ സ്വകാര്യവല്‍ക്കരണം മേല്‍ പദ്ധതിയിലെ ഏറ്റവും പ്രധാന അധ്യായം മാത്രമാണ്. സോവ-ിയറ്റ് യൂണിയനിലെ സോഷ്യലിസം നേരിട്ട പ്രതിസന്ധിയുടെ ഭാഗമായി 1991 ലാണ് ആഗോളചുവടുമാറ്റത്തോട് പൊരുത്തപ്പെടാന്‍ ഔദ്യോഗികമായി ഇന്ത്യയും ഒരുങ്ങുന്നത്. ഇന്ത്യ അക്കാലത്ത് നേരിട്ട അടവുശിഷ്ട പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യന്‍ ഭരണകൂടം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ‘‘മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍” നവലിബറല്‍ പ്രത്യയശാസ്ത്രത്തെ പുല്‍കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. പ്രതിസന്ധി പരിഹരിക്കാനെന്ന വ്യാജേന മികച്ച ഒരു സംവിധാനത്തിലേക്കുള്ള അനായാസവും വേഗതയിലുള്ളതുമായ പരിവര്‍ത്തനമായാണ് ഉദാരവത്കരണവും സ്വകാര്യവല്‍ക്കരണവും അവതരിപ്പിക്കപ്പെട്ടത്.

കമ്പോളത്തെ തടസ്സപ്പെടുത്തുകയും, സ്വകാര്യമൂലധനത്തെ നിയന്ത്രിക്കുകയും, പൊതുമേഖലയെ ശക്തിപ്പെടുത്തുകയും, ധനമൂലധനത്തിന് വിലങ്ങിടുകയും അതുവഴി വളര്‍ച്ചയെ നിയന്ത്രിക്കുകയുംചെയ്യുക എന്ന വിഷയത്തില്‍ ഇനിയൊരിക്കലും സമ്പദ്ഘടനയില്‍ ഭരണകൂട ഇടപെടല്‍ ആവശ്യമില്ല എന്ന് പ്രതിജ്ഞയെടുത്തതാണ് പുതിയ നയം. ഇന്ത്യന്‍ മുതലാളിത്തത്തെ കൂട്ടില്‍നിന്ന് തുറന്നുവിട്ടത് തുടക്കത്തില്‍ നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. ലാഭക്കൊതിപൂണ്ട മുതലാളിമാരുടെ മൃഗീയ വാസനകള്‍ അരങ്ങ് കയ്യടക്കാന്‍ തുടങ്ങി. വിദേശ മൂലധനത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചു. ഇന്ത്യന്‍ കമ്പോളങ്ങള്‍ ആഗോള കമ്പോളങ്ങളായി വളര്‍ന്നു. നരേന്ദ്രമോദി നയിക്കുന്ന ബിജെപി, ഭരണത്തിൽ പിടിമുറുക്കിയതോടെ മൂലധനത്തിന്റെ ‘‘കണ്ണും മൂക്കുമില്ലാത്ത” ഒഴുക്കിനെതിരെ ഇൗങ്ക്വിലാബ് മുഴക്കിയ തൊഴിലാളി വര്‍ഗത്തെ നിര്‍വീര്യമാക്കാന്‍ ജാതിവര്‍ഗീയതയും മൂലധനശക്തികളും തമ്മില്‍ ഭരണഗോപുരത്തിലെവിടെയോ വെച്ച് ഒരു ധാരണ കൈമാറി. ബിജെപി ഭരണം ‘‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്” പദ്ധതി ആവിഷ്കരിച്ചു. തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത്, കൂട്ടായി വിലപേശാനും, സംഘടിക്കാനുമുള്ള തൊഴിലാളി വര്‍ഗത്തിന്റെ അവകാശം അപഹരിച്ച് മുതലാളിമാര്‍ക്ക് ശക്തി പകര്‍ന്നു. ഭ്രാന്തമായ പൊതുമേഖല സ്വകാര്യവല്‍ക്കരണം കെട്ടഴിച്ചുവിട്ടു. 1980 മുതല്‍ തന്നെ കോണ്‍ഗ്രസ് ഭരണം ഐഎംഎഫ് വായ്പക്കും അതുമായി ബന്ധപ്പെട്ട നവലിബറല്‍ നിബന്ധനകള്‍ക്കും വഴങ്ങിതുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ സംഘടനകളും, ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും ഈ നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടിരുന്നു. അതിനാല്‍ ആ ദശകത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അത്തരമൊരു ചുവടുവെയ്പ് മന്ദഗതിയിലാക്കുകയുമ അതിനെ തടസപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിയിരുന്നു.

1991 ന് ശേഷം ലോകസാഹചര്യങ്ങള്‍ മൂലധനശക്തികള്‍ക്ക് ചിറക് വിരിച്ച് പറക്കാന്‍ സാഹചര്യമൊരുക്കിയതായിരുന്നു. പൊതുമേഖലാ ആസ്തിവില്‍പനയും, ഓഹരിവില്‍പനയും, സ്വകാര്യവല്‍ക്കരണവും, അടച്ചുപൂട്ടലും മൂന്ന് പതിറ്റാണ്ടിനിടയില്‍ ഇന്ത്യയിലും ശക്തിപ്പെടുകയായിരുന്നു. നവലിബറല്‍ പരിവര്‍ത്തനത്തിലെ നിര്‍ണായകമായ ഒരുഘടകം അളവുപരമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയും, ഇറക്കുമതി ചുങ്കങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ധനമൂലധനത്തിന്റെ പ്രവാഹത്തിന് സൗകര്യമേര്‍പ്പെടുത്തുംവിധം സമ്പത്തിന്റെ അതിര്‍ത്തികടന്നുള്ള വരവുപോക്കുകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തുകയും ചെയ്ത വിദേശ ഉദാരവല്‍ക്കരണമായിരുന്നു. അതോടെ പൊതുമേഖലയും, സ്വകാര്യമേഖലയുമുള്‍പ്പെടെയുള്ള തദ്ദേശീയ വ്യവസായങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. ഇറക്കുമതി ഉദാരവല്‍ക്കരണത്തിന്റെ ഫലമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ 1990 കളില്‍ തകര്‍ത്ത എഫ്എസിറ്റി, എച്ച്ഒസി, എച്ച്എംടി തുടങ്ങിയ വ്യവസായങ്ങളെ സംരക്ഷിക്കുവാന്‍ ഇന്ത്യയില്‍ തന്നെ ആദ്യമായി വ്യവസായ സംരക്ഷണ മുദ്രാവാക്യം ഉയര്‍ത്തി കേരളത്തില്‍ സിഐടിയു നേതൃത്വത്തില്‍ യോജിച്ചതും, വര്‍ഷങ്ങള്‍ നീണ്ടുനിന്നതുമായ പ്രക്ഷോഭ പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നു. സേവ് ഫാക്ട്, സേവ് എച്ച്എംടി, സേവ് എച്ച്ഒസി, സേവ് റിഫൈനറി തുടങ്ങിയ വേദികള്‍ അവിസ്മരണീയമായ പ്രക്ഷോഭകേന്ദ്രങ്ങളായി വളര്‍ന്നു.

ഇന്ത്യയില്‍ നവലിബറല്‍ നയങ്ങള്‍ കൊടികുത്തിവാണ മൂന്ന് ദശകക്കാലംതന്നെ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിന് മതിയായ കാലയളവാണ്. 1991 മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരും, പിന്നീട് ബിജെപി സര്‍ക്കാരും നടപ്പാക്കിയ പരിഷ്കാരങ്ങള്‍. ധനദൃഢീകരണ പരിപാടി, ഘടനാപരമായ പരിഷ്കാരങ്ങള്‍ ഇവ രണ്ടുമായിരുന്നു. ആദ്യത്തേത് ഇറക്കുമതി ഉദാരവല്‍കരണം, വിനിമയ നിരക്ക് ഉദാരവല്‍ക്കരണം, സര്‍ക്കാര്‍ സബ്സിഡിയും ക്ഷേമചെലവുകളും വെട്ടിക്കുറയ്ക്കുക എന്നിവയായിരുന്നു. രണ്ടാമത്തേത് പൊതുമേഖല സ്വകാര്യവല്‍ക്കരണം, ഓഹരിവില്‍പന, കുത്തകവല്‍ക്കരണം, കാര്‍ഷികമേഖലയില്‍ ആസിയാന്‍ കരാര്‍ പോലുള്ളവയുടെ അടിച്ചേല്‍പിക്കല്‍, നോട്ടുനിരോധനം, ദേശീയ ആസ്തിവില്‍പന, ചരക്ക് സേവന നികുതി, ലേബര്‍കോഡുകള്‍, സര്‍ക്കാര്‍ മേഖലയുടെ ഉള്‍വലിയല്‍ എന്നിവയായിരുന്നു.

പട്ടിക-1
വിവിധ സർക്കാരുകളുടെ കാലത്ത് ഇന്ത്യൻ പൊതുമേഖല ഓഹരി വിറ്റു കിട്ടിയ വരുമാനം

സർക്കാരുകൾ ഓഹരി വിൽപന വരുമാനം ശതമാനം ഓഹരി വിൽപന വില 2019ലെ നിലവാരം ശതമാനം ശരാശരി വാർഷിക വിൽപന ശരാശരി വിൽപന 2019ലെ വില നിലവാരം
നരസിംഹ
റാവു
സർക്കാർ
9960 1.93 53675 7.64 1992 10735
ഇടക്കാല സർക്കാർ 1289 0.25 4901 0.70 644 2450
വാജ്‌പേയ്‌ സർക്കാർ 33653 6.53 98594 14.04 5608 16432
മൻമോഹൻ
സിംഗ്‌ സർക്കാർ
107879 20.93 172838 24.62 10787 17283
നരേന്ദ്രമോദി സർക്കാർ (2020‐2021 362763 70.39 372137 53.00 51823 53162
ആകെ 515544 100 702145 100

‘‘പൊതുമേഖല ജനിക്കുന്നത് തന്നെ മരിക്കാനാണെന്ന്” സ്വകാര്യകുത്തക മൂലധനവമ്പന്മാരുടെ യോഗം വിളിച്ച ‘‘മെയ്ക്ക് ഇന്‍ ഇന്ത്യ” പദ്ധതി പ്രഖ്യാപിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്താണ് പൊതുമേഖലാ ഓഹരി കൂടുതല്‍ വില്പന നടത്തിയത്. 1991 മുതല്‍ 2023 വരെ 6,54,758 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. കോണ്‍ഗ്രസ് ഭരണകാലയളവില്‍ വിറ്റഴിച്ചത് 1,72,838 കോടി രൂപയുടേതാണ്. അതായത് ബിജെപി കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 4,82,120 കോടി രൂപയുടെ ഓഹരി വിറ്റഴിച്ചുകഴിഞ്ഞു. 2021–22 കേന്ദ്രബജറ്റിലും 1.75 ലക്ഷം കോടി രൂപയുടെ വില്പന നിര്‍ദ്ദേശം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 38 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ളതും കേന്ദ്രസര്‍ക്കാരിന് 5 ശതമാനം മാത്രം മുടക്കുമുതലുള്ളതുമായ എല്‍ഐസിയുടെ 3 ശതമാനം ഓഹരി ഈയിടെയാണ് വിറ്റഴിച്ചത്.

മുന്‍ഗണനാ പട്ടികയിലെ തന്ത്രപരമായ 47 വ്യവസായങ്ങളില്‍ 51 ശതമാനവും മറ്റ് കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളില്‍ 74 ശതമാനം വരെയും വിദേശ നിക്ഷേപം സ്വീകരിക്കുന്ന നയം സർക്കാർ രൂപീകരിച്ചു. കുത്തക നിവാരണ നിയമം ലഘൂകരിക്കുകയും അതിന് ബദലായി കോമ്പറ്റീഷന്‍ നിയമം കൊണ്ടുവരികയും ചെയ്തു.

കഴിഞ്ഞ 30 വര്‍ഷക്കാലമായി ധനമൂലധനം ഏര്‍പ്പെട്ടിരിക്കുന്നത് സമ്പദ്ഘടനയുടെ തുടര്‍ച്ചയായ അപവ്യവസായവല്‍ക്കരണവുമായി ബന്ധപ്പെട്ട ഒരു പ്രക്രിയയിലാണ്. ഉല്‍പാദനപരമായ നിക്ഷേപത്തിനുള്ള അവസരങ്ങളുടെ അഭാവംമൂലം ഇപ്പോള്‍ ധനപരമായ കൈമാറ്റങ്ങള്‍ക്ക് യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ വളരെകുറച്ച് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്നത് ഭരണകര്‍ത്താക്കള്‍ തിരിച്ചറിയണം. ജിഡിപിയുടെ 57 ശതമാനം കടംവാങ്ങി (158 ലക്ഷം കോടി രൂപ)മുന്നോട്ട് പോകുന്ന ഇന്ത്, ഉല്‍പാദനമേഖലയ്ക്ക് മതിയായ ഒരു പരിഗണനയും നല്‍കുന്നില്ല എന്നത് അത്യന്തം അപകടകരമാണെന്ന് ഐഎംഎഫ് പോലും തുറന്ന് പറഞ്ഞിരിക്കുന്നു. ‘‘ഊതിയാല്‍ മറിഞ്ഞ് വീഴുന്ന” ശതകോടീശ്വരരുടെ രാജ്യം മാത്രമായി ഇന്ത്യക്ക് ലോകശക്തിയായി അധികകാലം തല ഉയര്‍ത്തി നില്‍ക്കാനാകില്ല. പാര്‍ശ്വഫലം വന്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക അസമത്വവും മാത്രമായിരിക്കും.

ഇന്ത്യന്‍ പൊതുമേഖലയെ 
ബിജെപിയും കോണ്‍ഗ്രസ്സും 
മത്സരിച്ച് വിറ്റുതുലച്ചു
ശിങ്കിടി മുതലാളിത്തം ചൂതാട്ട മുതലാളിത്തമായി രൂപാന്തരീകരണം നടത്തിക്കൊണ്ടിരിക്കുന്ന ലോക കാഴ്ചയെ വിലയിരുത്തി, തിരുത്തല്‍ ശക്തിയാവാന്‍ ഇന്ത്യയിലെ സംഘടിത തൊഴിലാളി പ്രസ്ഥാനം തുടക്കം മുതല്‍ ആഗോളവല്‍ക്കരണത്തിന്റെ അപകടത്തിനെതിരായി വന്‍പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ട് വന്നിട്ടുണ്ട്. വാസ്തവത്തില്‍ ആവശ്യത്തിലധികമുള്ള മൂലധനം ചൂതാട്ട പദ്ധതികള്‍ക്കായി തിരിച്ചുവിടപ്പെടുന്നു. അവാസ്തവ സമ്പദ്ഘടനയില്‍ സാങ്കല്പിക ആസ്തികളുടെ വ്യാപ്തി ചീര്‍ത്തുവരുന്നു. ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനിയെ നോക്കി വെളിപ്പെടുത്തിയിട്ടുള്ളത് ഇത്തരം അളിഞ്ഞുചീഞ്ഞ ചീര്‍ക്കലിനെക്കുറിച്ചായിരുന്നു. പൊതുമേഖലയെ കയ്യൊഴിയുന്നത് ഒരു അജൻഡയായി സ്വീകരിക്കുമ്പോഴും വന്‍കിട കുത്തക സംരംഭങ്ങളുടെ പണ പ്രവാഹം, സ്ഥാവര മൂലധന നിക്ഷേപത്തില്‍ നിന്നും (Fixed capital) ധന നിക്ഷേപത്തിലേക്കാണ് വ്യാപകമായി മാറിയിരിക്കുന്നത്. ആസ്തിവില്പന ഈ വ്യതിയാനത്തിന് ആക്കം വര്‍ദ്ധിപ്പിക്കും. ധനഇടപാടുകളില്‍ നിന്നും കോര്‍പറേറ്റ് ലാഭം വര്‍ദ്ധിച്ചു വരികയാണ്. 1990 ന് മുമ്പ് സ്വകാര്യസമ്പദ്ഘടനയില്‍ വ്യവസായങ്ങള്‍ക്കും (ഉല്‍പാദന മേഖലയ്ക്ക്) ഫാക്ടറികള്‍ക്കും, യന്ത്രങ്ങള്‍ക്കുമായി നിക്ഷേപിച്ചിരിക്കുന്ന തുകയുടെ ഏറെക്കുറെ നാലിലൊന്ന് ഭാഗവും ഫൈനാന്‍സ്, ഇന്‍ഷ്വറന്‍സ്, റിയല്‍ എസ്റ്റേറ്റ്, ഓഹരികമ്പോളം തുടങ്ങിയ മേഖലകള്‍ക്കായി മാറ്റപ്പെട്ടു പോയിരിക്കുന്നു. ധനമേഖലയിലും 27 പൊതുമേഖലാ ബാങ്കുകള്‍ ഉണ്ടായിരുന്ന നമ്മുടെ രാജ്യത്ത് 2 പൊതുമേഖലാ ബാങ്കുകള്‍ മാത്രമായി, വമ്പന്‍ സ്രാവുകളില്‍ നിന്നും ലഭിക്കാനുള്ള 15 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി പരിമിതപ്പെടുത്തുവാനാണ് ബിജെപിസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. കടലും കരയും, ധാതുനിക്ഷേപവും, കാര്‍ഷികമേഖലയും എതിര്‍പ്പുകളെ അവഗണിച്ച് സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ നീക്കിക്കഴിഞ്ഞു. ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ 49 പൊതുമേഖലാ സ്ഥാപനങ്ങളെ ആദ്യഘട്ടത്തില്‍ വില്‍ക്കുവാന്‍ ലിസ്റ്റ് ചെയ്തു. ഓഹരിവില്പന മന്ത്രാലയത്തിന്റെ സ്ഥാനത്ത് മോദിസര്‍ക്കാര്‍ ‘‘നിതി ആയോഗി”നെയാണ് ഈ ജോലി ഏല്‍പിച്ചിട്ടുള്ളത്. വിമാനത്താവളങ്ങളെല്ലാം സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുത്ത ബിജെപി സര്‍ക്കാര്‍, വസ്ത്രനിര്‍മാണ രംഗത്തെ ഇന്ത്യന്‍ പൊതുമേഖലയായ നാഷണല്‍ ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്റെ 23 ഫാക്ടറികള്‍ 3 കൊല്ലമായി അടച്ചുപൂട്ടിയിരിക്കുകയാണ്. പട്ടിണിയിലായ തൊഴിലാളികുടുംബങ്ങള്‍ ആത്മഹത്യയുടെ വക്കിലാണ്. ഭക്ഷ്യസുരക്ഷയ്ക്കായി സ്ഥാപിച്ച ഹില്‍ ഇന്ത്യ അടച്ചുപൂട്ടലിന്റെ വക്കത്താണ്. ഇന്ത്യയില്‍ ആദ്യം നടന്ന സ്വകാര്യവല്‍ക്കരണം ഭാരത് അലുമിനിയം കമ്പനിയുടേതായിരുന്നു. പിന്നീട് നടന്ദനത് നാഷണല്‍ അലുമിനിയം കമ്പനിയുടേതാണ്. നാഷണല്‍ അലുമിനിയം കമ്പനി വേദാന്തയ്ക്ക് വിറ്റു. ഐടിസി ഹോട്ടലുകള്‍ ടാറ്റക്ക് വിറ്റു. മോഡേണ്‍ ബ്രഡ് ഹിന്ദുസ്ഥാന്‍ ലിവറിന് വിറ്റു. ടെലികോം മേഖലയെ ടാറ്റക്ക് പകുത്ത് നല്‍കി. ഹിന്ദുസ്ഥാന്‍ സിങ്ക്, ഇന്ത്യന്‍ പെട്രോ കെമിക്കല്‍ കോര്‍പറേഷന്‍ എന്നിവയും പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് കൈമാറി. മാത്രമല്ല ധനസമാഹാരണത്തിനായി മാരുതിലിമിറ്റഡ്, ഇന്ത്യന്‍ അലുമിനിയം കമ്പനി തുടങ്ങിയ പ്രമുഖ കമ്പനികളിലെ സര്‍ക്കാര്‍ ഓഹരികള്‍ അവര്‍ക്ക് തന്നെ കൈമാറി സര്‍ക്കാര്‍ പങ്കാളിത്തം കുറയ്ക്കുകയും ചെയ്തു. സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ ഈ കാലയളവില്‍ 1,36,100 തൊഴിലാളികളെ പിരിച്ചു വിട്ടു. 75,000 പേരെ ബിഎസ്എന്‍എല്ലില്‍ നിന്നും പിരിച്ചു വിട്ടു. ഇടതുപക്ഷത്തിന്റെ പിന്തുണ അനിവാര്യമായിരുന്ന ഒന്നാം യു.പി.എ സര്‍ക്കാരിന്റെ 2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ മാത്രം ഓഹരി വില്‍പന നിര്‍ത്തിവച്ച് പൊതുമേഖല പുനരുദ്ധാരണം ലക്ഷ്യമാക്കിയിരുന്നു. ഭാരത് പെട്രോളിയം, കൊച്ചിൻ റിഫൈനറി, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്, ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍, ബിഇഎംഎല്‍ എന്നിവ വില്പന നടത്താനുള്ള നീക്കം ട്രേഡ് യൂണിയനുകളുടെ നിരന്തരമായ പോരാട്ടത്തെതുടര്‍ന്ന് തല്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ റെയില്‍വേയെ മൊത്തത്തില്‍ സ്വകാര്യവല്‍ക്കരിക്കാനാണ് നീക്കം. 400 റെയില്‍വേ സ്റ്റേഷനുകള്‍, 90 ട്രെയിനുകള്‍, 1400 കിലോമീറ്റര്‍ ട്രാക്ക്, 265 റെയില്‍വേ ഷെഡുകള്‍, 673 കിലോമീറ്റര്‍ ചരക്കുഗതാഗത ഇടനാഴി എന്നിവയെല്ലാം സ്വകാര്യ നിക്ഷേപകര്‍ക്ക് പാട്ടത്തിന് നല്‍കുന്നതിനുള്ള നടപടികൾ ബിജെപി ഭരണം ആരംഭിച്ച് കഴിഞ്ഞു. പാട്ടക്കാലാവധി പ്രഖ്യാപിക്കാതെ 68 ലക്ഷം കോടി രൂപ വിലമതിക്കുന്ന 12 മന്ത്രാലയങ്ങളുടെ ആസ്തി 6 ലക്ഷം കോടിക്ക് വില്‍ക്കാന്‍ വെച്ചിരിക്കുന്ന (NMP പദ്ധതി) ബിജെപി സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ തുടരാന്‍ അവസരം വന്നാല്‍ കടലിന്റെയും, കരയുടെയും, ആകാശത്തിന്റെയും മാത്രമല്ല നമ്മുടെ വീടിന്റെയും രാജ്യത്തിന്റെയും മനുഷ്യന്റെയും അസ്തിത്വത്തിന്റെ തന്നെയും ആധാരം പണയപ്പെടുത്തുമെന്നതില്‍ സംശയമില്ല.

രണ്ടാം യു.പി.എ സര്‍ക്കാര്‍ പബ്ലിക് ഓഫറിലൂടെ NHPC, Oil India, NTPC, REC, NMOC, SJVN, EIL, CIL, MOIL എന്നീ സ്ഥാപനങ്ങളുടെ ഓഹരി വിറ്റുതുലച്ചു. ബിജെപി ഭരണകാലത്ത് 41 പ്രതിരോധ ഓര്‍ഡിനന്‍സ് ഫാക്ടറികളുടെ കൈമാറ്റത്തിന് ശ്രമം നടന്നു. പണിമുടക്കിയ പ്രതിരോധ മേഖലയിലെ ജീവനക്കാര്‍ക്കെതിരെ പണിമുടക്ക് നിരോധന ഉത്തരവും EDSO യും പ്രയോഗിച്ചു.

Telangana, March 16 (ANI): Bank employees holding banners shout slogans on the 2nd Day of a Nationwide Strike, in Hyderabad on Tuesday. (ANI Photo)

ദേശീയപ്രാധാന്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നു. ജനശ്രദ്ധ തിരിച്ചു വിടാന്‍ 2016 ല്‍ ബിജെപി, ഓഹരി വിറ്റഴിക്കൽ വകുപ്പിനെ ”നിക്ഷേപം പൊതുമുതല്‍ വകുപ്പ്” എന്നാക്കി പുനര്‍നാമകരണം ചെയ്തു. ഉല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിനോ, അവയുടെ വിപുലീകരണത്തിനോ അല്ല പകരം സ്ഥാപനത്തിന്റെ കരുതല്‍ ധനം അധിക ഡിവിഡന്റായി സര്‍ക്കാരിന് നല്‍കാനും, ഭൂമി കൈമാറാനും നിര്‍ദ്ദേശിക്കുകയായിരുന്നു. ഭൂമി കൈമാറ്റത്തിന് ”ലാന്റ് ബാങ്കും” രൂപീകരിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുന്നു. ബാങ്കിംഗ്, ഊര്‍ജം, തുറമുഖം എന്നിവയും സര്‍ക്കാര്‍ കൈയൊഴിയുന്ന നിലയാണ്. ‘‘വ്യവസായ നടത്തിപ്പ് സര്‍ക്കാരിന്റെ ജോലിയല്ല” എന്ന പതിവ് പല്ലവിയാണ് നരേന്ദ്രമോദി ആവര്‍ത്തിക്കുന്നത്.

ശക്തമായ ചെറുത്തുനില്‍പ്പും
ഇടതുപക്ഷത്തിന്റെ കാവലും
കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിയുന്ന വ്യവസായങ്ങള്‍ സംസ്ഥാനസര്‍ക്കാരുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ചാല്‍ ബിജെപി സര്‍ക്കാര്‍ അതിന് അനുവാദം നല്‍കുന്നില്ല. തിരുവനന്തപുരം എയര്‍പോര്‍ട്ട്, പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയുടെ കാര്യത്തില്‍ ഈ സമീപനമാണ്. കാസര്‍കോട്ട് BHEL, -EML, കോട്ടയം ന്യൂസ്പ്രിന്റ് എന്നിവയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുമേഖലാ സംരക്ഷണനയം തുണയാവുകയായിരുന്നു. ശക്തമായ തൊഴിലാളി – ബഹുജന പ്രക്ഷോഭവും സാഹചര്യങ്ങള്‍ അനുകൂലമാക്കി. 2021 ല്‍ 63000 കോടി രൂപയായി കൊച്ചിൻ റിഫൈനറിയുടെ ഓഹരി വര്‍ധിച്ചു നില്‍ക്കുമ്പോഴായിരുന്നു 2200 കോടി രൂപയ്ക്ക് വില്‍ക്കാന്‍ ബിജെപി ഭരണം തീരുമാനിച്ചത്. എല്ലാ ട്രേഡ് യൂണിയനുകളും ബഹുജനങ്ങളും കൈകോര്‍ത്ത് മൂന്ന് വര്‍ഷം സംഘടിപ്പിച്ച ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വില്പനയില്‍ നിന്ന് പിന്‍വലിഞ്ഞത്. പാലക്കാട്ടെ ബെമല്‍ ഫാക്ടറി വില്പനക്കെതിരായി 2016 മുതല്‍ തുടര്‍ച്ചയായി സിഐടിയു ഉയര്‍ത്തിക്കൊണ്ടുവന്ന തുടര്‍ പ്രക്ഷോഭം സ്വകാര്യവല്‍ക്കരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലാണ്. ബെമലിന്റെയും തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലൈഫ്കെയറിന്റെയും വില്‍പന നീക്കം അവസാനിപ്പിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 1981 ല്‍ ആരംഭിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് 2017 ല്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചു. തൊഴിലാളി സംഘടനകള്‍ സംയുക്തമായി പ്രക്ഷോഭമാരംഭിച്ചു. ഒടുവില്‍ ഓപ്പണ്‍ ലേലത്തില്‍ പങ്കെടുത്ത് കേരളസര്‍ക്കാര്‍ ഫാക്ടറി വിലയ്ക്ക് വാങ്ങുകയായിരുന്നു. കേരള പേപ്പര്‍ പ്രൊഡക്ടായി അത് പ്രവര്‍ത്തിക്കുന്നു. അതേസമയം ആസാമിലെ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷന്റെ രണ്ട് ഫാക്ടറികളും കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടി. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചിന്‍പോര്‍ട്ടിനെ വെന്റിലേറ്ററില്‍ കയറ്റിയിട്ട് കാലമേറെയായി. ദുബായ് പോര്‍ട്ട് വേള്‍ഡിനെ സഹായിക്കുന്ന ബിജെപി സര്‍ക്കാര്‍ കൊച്ചിതുറമുഖത്തെ അവഗണിക്കുകയാണ്. അതിശക്തമായ പ്രതിഷേധത്തിനൊടുവില്‍ മഹാരത്ന കമ്പനിയായ കൊച്ചിന്‍ഷിപ്പ്-യാര്‍ഡിന്റെ 10 ശതമാനം ഓഹരിബിജെപി ഭരണത്തില്‍ വിറ്റഴിച്ചു. പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളായ ജനറല്‍ ഇന്‍ഷുറന്‍സിന്റെ ശാഖകള്‍ വ്യാപകമായി അടച്ചുപൂട്ടിച്ച് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പരവതാനി വിരിക്കുകയാണ്.

2001 ല്‍ കേന്ദ്രനയത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ 22 പൊതുമേഖലാ വ്യവസായങ്ങൾ സ്വകാര്യവല്‍ക്കരിക്കാനും 10 എണ്ണം അടച്ചുപൂട്ടാനുമായി എ കെ ആന്റണി മന്ത്രിസഭ ആർ സി ചൗദരി തലവനായി എന്റര്‍പ്രൈസിസ് റിഫോംസ് കമ്മിറ്റി രൂപീകരിച്ചു. സിഐടിയു നേതൃത്വത്തില്‍ പൊതുമേഖലാ കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് അതിശക്തമായ പ്രക്ഷോഭം ആരംഭിച്ചു. മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയായിരുന്നു അന്ന് വ്യവസായമന്ത്രി. പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടതിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരിന് തീരുമാനം പിന്‍വലിക്കേണ്ടി വന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ പൊതുമേഖലയെയും ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാന്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലും ശ്രമം തുടരുന്നു. പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിനെതിരെ ഇന്ത്യയില്‍ ആദ്യമായി പൊതുവേദി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കുന്നത് 1997 ലാണ്. ”നാഷണല്‍ പ്ലാറ്റ്ഫോം ഓഫ് മാസ് ഓര്‍ഗനൈസേഷന്‍ (NPMO) രൂപീകരിച്ച് നിരവധി പണിമുടക്കുകള്‍ സംഘടിപ്പിച്ചു. 2009 ആയപ്പോഴേക്കും യോജിച്ച വേദിയിലേക്ക് ബിഎംഎസിനു വരേണ്ടി വന്നു. 2012 മുതല്‍ ബിഎംഎസ് പിന്മാറി. 2013 ഫെബ്രുവരി 20, 21 തീയതികളില്‍ 48 മണിക്കൂര്‍ പണിമുടക്കി. ബിജെപി ഭരണകാലത്ത് സ്വകാര്യവല്‍ക്കരണത്തിനെതിരായി 7 പണിമുടക്കുകള്‍ സംഘടിപ്പിച്ചു. 2020 സെപ്തംബര്‍ 6 ലെ അഖിലേന്ത്യാ പണിമുടക്കില്‍ 21.5 കോടി തൊഴിലാളികള്‍ പങ്കെടുത്തു. ഊര്‍ജമേഖലയിലും, തുറമുഖം, പ്രതിരോധം തുടങ്ങിയ മേഖലയിലും തനതായ സ്വകാര്യവല്‍ക്കരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നു. 2022 മാര്‍ച്ച് 28, 29 തീയതികളില്‍ ഇന്ത്യയില്‍ നടന്ന പണിമുടക്കില്‍ 35 കോടി തൊഴിലാളികള്‍ പങ്കെടുത്തു.

ഓഹരി വില്‍പ്പന
പൊതുമുതല്‍ കൊള്ളയും 
അഴിമതിയും
കഴിഞ്ഞ 30 വര്‍ഷങ്ങളായി പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും ഓഹരിവില്‍പ്പനയും കോണ്‍ഗ്രസ്–ബിജെപി സര്‍ക്കാരുകളുടെ കാലത്ത് ജനതാല്‍പ്പര്യങ്ങള്‍ക്കെതിരായി മുന്നോട്ടുതന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 ന്റെ ആഘാതത്തില്‍ രാജ്യമാസകലം വിറങ്ങലിച്ച് നിന്നപ്പോള്‍ വിവിധ മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കരുത്തും പ്രസക്തിയും നാം തിരിച്ചറിഞ്ഞതാണ്. 2008 മുതല്‍ നാളിതുവരെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് തണലായത് ഇന്ത്യന്‍ പൊതുമേഖലയാണെന്നത് ജനങ്ങളെങ്കിലും തിരിച്ചറിയണം. ഇക്കാരണം കൊണ്ട് തന്നെ പൊതുമേഖലയെ സംരക്ഷിക്കാനും പൊതുമേഖലയുടെ അസ്ഥിവാരം തകര്‍ക്കുന്ന ബിജെപി ഭരണത്തിന് അറുതി വരുത്താനും നമുക്ക് കഴിയണം. 2020 വരെ ആകെ 365 കേന്ദ്രപൊതുമേഖലാ വ്യവസായങ്ങള്‍ ഉണ്ടായിരുന്നു. അവയുടെ വാര്‍ഷിക വിറ്റുവരവ് – 25,43,370 കോടി രൂപ. ഒരു വര്‍ഷത്തെ ലാഭം – 1,42,951 കോടി രൂപ. ആകെ വരുമാനം – 25,43,000 കോടി രൂപ. മൊത്തം കേന്ദ്ര പൊതുമേഖലാ കരുതല്‍ ധനശേഖരം – 9,93,320 കോടി രൂപ. 2020ല്‍ ഖജനാവിന് നല്‍കിയ പൊതുമേഖലാ വിഹിതം – 3,68,803 കോടി രൂപയാണ്. സാമൂഹ്യ പ്രതിബദ്ധത ഫണ്ടിനത്തില്‍ 2020 ല്‍ ചെലവാക്കിയത് – 3873 കോടി രൂപയാണ് . പൊതുമേഖലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 1,64,928 കോടി രൂപയാണ്. സര്‍ക്കാരിന് നല്‍കിയ ലാഭവിഹിതം – 43552 കോടി രൂപയാണ്. പൊതുമേഖല 2022 ല്‍ സംഭരിച്ച സാധനങ്ങള്‍ 2,04,998 കോടി രൂപയുടേത്. ഇന്ത്യന്‍ പൊതുമേഖലയിലെ സ്ഥിരം ജീവനക്കാര്‍ 2018 ല്‍ 11,30,840 പേരാണ്. ഇതില്‍ 2,65,486 പേര്‍ മാനേജര്‍മാരാണ്, സംവരണജോലി ലഭിച്ചത് 4,98,807 (86%) പേർക്കാണ്. 2020 ന് ശേഷം സ്ഥിരം ജീവനക്കാരില്‍ 25% വെട്ടിക്കുറവ്. കരാര്‍ തൊഴിലാളികളില്‍ 178% വര്‍ധനവ്. പൊതുമേഖല പൊന്‍മുട്ടയിടുന്ന താറാവാണ്. അതുകൊണ്ടുതന്നെ പൊതുമേഖലാ ഓഹരി വില്‍പന പൊതുമുതല്‍ കൊള്ളയാണ്.

മൂന്ന് ദശകങ്ങളിലെ പോരാട്ടത്തിന് 
വിജയം കാണാന്‍ അധികാരമാറ്റം അനിവാര്യം
ഇന്ത്യന്‍ പൊതുമേഖലയെ തുടച്ചു നീക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബിജെപി കേന്ദ്രഭരണത്തെ മൂലധന കൊമ്പന്മാരുടെ മുന്നില്‍ അടിയറവയ്ക്കുകയാണ്. അത്തരം സാമ്പത്തിക അജൻഡയുടെ ഭാഗമായേ ഹൈന്ദവവര്‍ഗ്ഗീയതക്ക് നിലനില്‍ക്കാനാവൂ എന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. അവരുടെ കരുനീക്കങ്ങള്‍ക്കെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും കേരളത്തില്‍ നിന്ന് ജയിച്ചുപോയ 18 യുഡിഎഫ് എംപിമാര്‍ക്കും സാധിച്ചില്ല. അതിനാല്‍ തന്നെ പൊതുമേഖലയെ ദുര്‍ബലമാക്കുന്ന നയങ്ങള്‍ അവസാനിപ്പിച്ച് സമ്പദ്ഘടനയെയും, തൊഴിലാളി–കര്‍ഷകജനസാമാന്യത്തെയും രക്ഷിക്കുവാന്‍ ഇടതുപക്ഷത്തിന്റെ ദേശീയശക്തി വര്‍ധിപ്പിക്കണം; പാര്‍ലമെന്റിലെ ഇടതുപക്ഷസീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × four =

Most Popular