Friday, November 22, 2024

ad

Homeകവര്‍സ്റ്റോറികോർപ്പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കുന്ന ബാങ്ക് സ്വകാര്യവത്കരണം

കോർപ്പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കുന്ന ബാങ്ക് സ്വകാര്യവത്കരണം

തോമസ് ഫ്രാങ്കോ

ഴിഞ്ഞ പത്തുവർഷത്തിനിടയിൽ മോദി സർക്കാർ രാജ്യത്തു നടപ്പാക്കിയ വഞ്ചനാപരവും ജനദ്രോഹകരവുമായ പരിഷ്കാര നടപടികളിലൊന്നാണ് ബാങ്കിങ് നിയമഭേദഗതി. 1990കളിൽ ക്രമേണ തുടക്കമിട്ട ബാങ്കിങ് രംഗത്തെ സ്വകാര്യവത്കരണം കൂടുതൽ വ്യാപകമായും അടിയന്തരസ്വഭാവത്തോടുകൂടിയും യാതൊരു മറയുമില്ലാതെയും നടപ്പാക്കി പൂർത്തീകരിക്കുക എന്നതാണ് ഈ ഭേദഗതി മുന്നോട്ടുവയ്ക്കുന്നത്. അതായത്, 1969ൽ തുടങ്ങി 1980 വരെയുള്ള കാലത്ത് നടപ്പാക്കിയ ബാങ്ക് ദേശസാത്കരണത്തിൽനിന്നുള്ള സമ്പൂർണ തിരിച്ചുപോക്കാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തങ്ങൾക്കു പ്രിയപ്പെട്ടവർക്കു മാത്രം വായ്പകൾ നൽകിയിരുന്ന വൻകിട മുതലാളിമാരിൽനിന്നും സ്വകാര്യബാങ്കുകളെ സർക്കാർ ഏറ്റെടുത്ത് ബാങ്കിങ് സേവനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് ബാങ്ക് ദേശസാത്കരണംകൊണ്ട് അന്നത്തെ ഭരണകർത്താക്കൾ ഉദ്ദേശിച്ചിരുന്നത്.

രാജ്യത്തെ ബഹുഭൂരിപക്ഷത്തിന് ഉപകാരപ്രദമാകുന്ന അനേകം ലക്ഷ്യങ്ങൾ ദേശസാത്കരണം നടപ്പാക്കുമ്പോൾ നമുക്കുണ്ടായിരുന്നു. അവ ഇനി പറയുന്നവയാണ്:–

i. ബ്രാഞ്ച് ശൃംഖലകൾ വിപുലമായ രീതിയിൽ പ്രാദേശികവും മേഖലാപരവുമായി വ്യാപിപ്പിക്കുക.

ii. കൃഷിക്കാർ, ചെറുകിട കച്ചവടക്കാർ, സംരംഭകർ തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങൾക്കടക്കം വായ്പകൾ നൽകിക്കൊണ്ട് വായ്പാസംവിധാനത്തെയാകെ നവീകരിക്കുക.

iii. ഭൂരിപക്ഷംവരുന്ന സാധാരണ ജനങ്ങൾക്കിടയിൽ സമ്പാദ്യശീലമുണ്ടാക്കുകയും മൊത്തത്തിൽ സമ്പാദ്യം വർധിപ്പിക്കുകയും ചെയ്യുക.

iv. കുറച്ചു ബിസിനസ് കുടുംബങ്ങൾമാത്രം ബാങ്കിങ് രംഗത്തെ നിയന്ത്രിക്കുന്നത് അവസാനിപ്പിക്കുക.

v. ബാങ്ക് മാനേജുമെന്റുകളെയാകെ പ്രൊഫഷണൽവത്കരിക്കുകയും സേവന മനോഭാവമുള്ളതാക്കുകയും ചെയ്യുക.

vi. കൃത്യമായ പരിശീലനവും ന്യായമായ സേവന വ്യവസ്ഥകളും ബാങ്ക് ജീവനക്കാർക്ക് ലഭ്യമാക്കുക.

ദേശസാത്കരണം ശക്തമായി നടപ്പാക്കിയതിന്റെ ഭാഗമായി 1990 ആയപ്പോഴേക്കും ഗ്രാമീണ വായ്പ, പ്രത്യേകിച്ചും ചെറുകിട വായ്പ വർധിച്ചു. ഗ്രാമീണമേഖലകളിലും അർദ്ധ–നഗരമേഖലകളിലും ബ്രാഞ്ചുകളുടെ എണ്ണം കൂടി. വായ്പ–നിക്ഷേപ അനുപാതം മെച്ചപ്പെടുകയും മുൻഗണനാ മേഖലയിൽ കടം കൊടുക്കുന്നതിന് ഗവൺമെന്റ് പ്രോത്സാഹനം നൽകുകയും ചെയ്തു. എല്ലാ ജില്ലകളിലും ആസൂത്രിതമായ വായ്പാ വിതരണം നടത്തുന്നതിന് ലീഡ് ബാങ്ക് സ്കീം (1969) സഹായകമായി; സംവരണ നയം നടപ്പാക്കിയതുവഴി ആയിരക്കണക്കിന് തൊഴിലാളികൾക്ക് അവസരം നൽകിക്കൊണ്ട് ബാങ്കിങ് മേഖലയിലെ തൊഴിൽ രംഗത്തെ ഗവൺമെന്റ് അഭിവൃദ്ധിപ്പെടുത്തി.

ഇക്കാലയളവിൽ വരുമാനത്തിലെ അസമത്വത്തിലും കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്. ഏറ്റവും കൂടുതൽ വരുമാനമുള്ള വിഭാഗത്തിന്റെ വരുമാന വിഹിതം 1940 ൽ 21 ശതമാനമായിരുന്നത് 1990ൽ 6 ശതമാനമായി ഇടിഞ്ഞു. അതേസമയം ഏറ്റവും താഴേക്കിടയിലുള്ള 51 ശതമാനത്തിന്റെ വരുമാനവിഹിതം അതിവേഗം വർധിച്ചു. എന്നാൽ ഈ സ്ഥിതി 1990 നു ശേഷം, പ്രത്യേകിച്ചും മോദി സർക്കാരിന്റെ കാലത്ത് കീഴ്-മേൽ മറിഞ്ഞു. കൗൺസിൽ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ ഇന്ത്യാ സോഷ്യൽ ഡെവലപ്മെന്റ് റിപ്പോർട്ട് 2018 നോക്കിയാൽ അതു വ്യക്തമാകും. റിപ്പോർട്ടുപ്രകാരം ഏറ്റവും മുകൾത്തട്ടിലുള്ള 10 ശതമാനത്തിന്റെ വരുമാനവിഹിതം 2017 ഒാടുകൂടി 80.7 ശതമാനമായി കുതിച്ചുയർന്നിരിക്കുന്നു. അതേസമയം താഴേത്തട്ടിലുള്ള 50 ശതമാനത്തിന്റെ വരുമാന വിഹിതം ഇക്കാലയളവിൽ 2.8 ശതമാനമായി കൂപ്പുകുത്തുകയും ചെയ്തിരിക്കുന്നു. പട്ടിക 1 കാണുക.

പട്ടിക 1
സമ്പാദ്യത്തിൽ വരുമാനഗ്രൂപ്പുകളുടെ ഓഹരി
(ശതമാനത്തിൽ)

വരുമാന ഗ്രൂപ്പ്‌ 1950 1982 2006 2014 2017
മുകളിലത്തെ 10 ശതമാനം 40 30 48 55 80.7
താഴെയുള്ള 50 ശതമാനം 19 24 21 15 2.8

ഉറവിടം: ഇന്ത്യ സോഷ്യൽ ഡെവലപ്മെന്റ് റിപ്പോർട്ട്, 2018

പിന്നോട്ടുപോക്ക്
ലോകബാങ്കിനെയും ഐഎംഎഫിനെയും അനുകൂലിക്കുന്ന കമ്മിറ്റികളുടെ ശുപാർശയിലൂടെയാണ‍് ദേശസാത്കരണത്തിൽനിന്നുള്ള പിന്നോട്ടുപോകൽ പ്രക്രിയ തുടങ്ങിയത്. എന്തൊക്കെയായിരുന്നു കമ്മിറ്റികളുടെ ശുപാർശകൾ?

◊ പൊതുമേഖലാ ബാങ്കുകളിലെ ഗവൺമെന്റിന്റെ ഓഹരി 33 ശതമാനമോ അതിൽ താഴെയോ ആക്കി ചുരുക്കുക.

◊ ബാങ്കുകളുടെ ലയനവും ഏകീകരണവും നടപ്പാക്കുക.

◊ വിദേശബാങ്കുകളുടെ പ്രവേശനചട്ടങ്ങൾ ഉദാരമാക്കുകയും സ്വകാര്യബാങ്കുകളിലെ വിദേശപ്രത്യക്ഷ നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുക.

◊ ഓഹരിയുടമകൾക്ക് ആനുപാതിക വോട്ടവകാശങ്ങൾ നടപ്പാക്കുകയും വ്യവസായ കുടുംബങ്ങൾക്ക് പുതിയ ലെെസൻസുകൾ നൽകുകയും ചെയ്യുക.

◊ മുൻഗണനാ മേഖലയ്ക്കു വായ്പ നൽകുന്ന പദ്ധതി ഉപേക്ഷിക്കുക

◊ ബാങ്കിങ് മേഖലയിലെ തൊഴിലുകൾ കരാറിനു നൽകുകയും ജീവനക്കാരുടെ എണ്ണം കുത്തനെ വെട്ടിക്കുറയ്ക്കുക.

ഈ ശുപാർശകളിൽ ആദ്യത്തെ ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാ ശുപാർശകളും ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കികഴിഞ്ഞു. ഗവൺമെന്റിന്റെ ബിസിനസ് സ്വകാര്യബാങ്കുകൾക്കു നൽകിയും പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചും അവയെ ‘‘പ്രോപ്റ്റ് കറക്ടീവ് ആക്ഷനു’’കീഴിൽ നിർത്തിയും അവയുടെ വായ്പ നൽകൽ പ്രവർത്തനത്തിനു നിയന്ത്രണമേർപ്പെടുത്തിയും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും പൊതുമേഖലാ ബാങ്കുകളുടെ ചെലവിൽ കോർപറേറ്റുകളെ വളർത്തുകയാണ് ഗവൺമെന്റ് ചെയ്യുന്നത്. 2020 ഏപ്രിൽ മുതലിങ്ങോട്ട് നടപ്പാക്കി വന്ന വിവിധ പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനുശേഷം പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 28ൽ നിന്നും 12 ആയി കുറഞ്ഞു. അത് ബ്രാഞ്ചുകളുടെയും ജീവനക്കാരുടെയും വായ്പയുടെയും എണ്ണം കുറയ്ക്കുകയും സാധാരണക്കാരായ ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ കുറയ്ക്കുകയും ചെയ്തു. 2021ലെ വർഷകാല സമ്മേളനത്തിൽ കൊണ്ടുവന്ന ബാങ്കിങ് നിയമഭേദഗതി ഈ ‘ധീരകൃത്യ’ത്തിന് ആക്കംകൂട്ടുകയും അത് പൂർത്തിയാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടുകൂടിയുള്ളതാണ്.

പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിച്ചു കൊണ്ടും ശിങ്കിടികളായ മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി വഞ്ചനാപരമായ നടപടികൾ കെെക്കൊണ്ടുകൊണ്ടും മാറിമാറിവന്ന കേന്ദ്ര ഗവൺമെന്റുകൾ നടപ്പാക്കിയ ഈ കൊള്ളയുടെ പ്രത്യാഘാതങ്ങൾ ആത്യന്തികമായി നേരിടേണ്ടി വരുന്നത്, രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണജനങ്ങളാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് വായ്പാഘടനയിലുണ്ടായ മാറ്റം, അതായത് ചെറുകിട വായ്പകളിലുണ്ടായ കുറവ്. ചുരുക്കത്തിൽ പറഞ്ഞാൽ പ്രത്യാഘാതങ്ങൾ അനവധിയാണ്, ആ ദുരന്തം പേറേണ്ടിവരുന്നത് ഭൂരിപക്ഷജനതയും.

1. വായ്പാ ഘടനയിലെ മാറ്റം–ചെറുകിട 
വായ്പകളിലുണ്ടായ കുറവ്
1991 മാർച്ചിലെ ആർബിഐ റിപ്പോർട്ടുപ്രകാരം അന്ന് രാജ്യത്തുണ്ടായിരുന്ന അക്കൗണ്ടുകളിൽ 94.9 ശതമാനവും വായ്പാ കുടിശ്ശികയിൽ 22 ശതമാനവും 25,000 രൂപയിൽ താഴെയുള്ളതായിരുന്നു. മൊത്തം കുടിശ്ശികയിൽ 30.2 ശതമാനം വരുന്ന 98.3 ശതമാനം അക്കൗണ്ടുകളുടെയും വായ്പ ഒരു ലക്ഷം രൂപയിൽ താഴെയായിരുന്നു. മൊത്തം കുടിശ്ശികയുടെ 10.8 ശതമാനം വരുന്ന കേവലം 577 വായ്പകൾ മാത്രമാണ് 10 കോടി രൂപയിലധികം ഉണ്ടായിരുന്നത്.

അതേസമയം 2021 മാർച്ചിലെ ആർബിഐ റിപ്പോർട്ടനുസരിച്ച്, മൊത്തം വായ്പാ കുടിശ്ശികയുടെ 0.38 ശതമാനം മാത്രം വരുന്ന 19.4 ശതമാനം അക്കൗണ്ടുകളാണ് 25000 രൂപയിൽ താഴെ വായ്പയായിട്ടുള്ളത്. കുടിശ്ശികയുടെ 7.93 ശതമാനം വരുന്ന 75.5 ശതമാനം അക്കൗണ്ടുകൾ 2 ലക്ഷം രൂപയിൽ താഴെയുള്ളതാണ്. മൊത്തം അക്കൗണ്ടുകളുടെ 0.0004 ശതമാനം വരുന്ന 13,109 അക്കൗണ്ടുകളുടെ വായ്പാ കുടിശ്ശിക 32,27,100 കോടി രൂപയാണ്. അതായത് മൊത്തം വായ്പാ കുടിശ്ശികയുടെ 30.05 ശതമാനം.

ബാങ്കുകളുടെ ചെറുകിട വായ്പകളിൽ മനഃപൂർവമുണ്ടാക്കുന്ന ഈ വെട്ടിച്ചുരുക്കൽ രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ കർഷകരെയും തൊഴിലാളികളെയും യുവാക്കളെയും വിദ്യാർഥികളെയും സ്ത്രീകളെയും ചെറുകിട സംരംഭകരെയും വട്ടിപലിശക്കാരുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും (NBFCs) ഫിൻടെക് കമ്പനികളുടെയും മെെക്രോഫിനാൻസ് സ്ഥാപനങ്ങളുടെയും മുതലമടയിലേക്ക് തള്ളിവിടുന്നു. നാലിരട്ടി പലിശ കൊടുത്തിട്ടാണെങ്കിൽക്കൂടി ഇവരിൽനിന്നും കടം വാങ്ങാൻ ജനങ്ങൾ നിർബന്ധിതരാകുന്നു. അങ്ങനെ ബഹുജനങ്ങളെയാകെ അപകടത്തിലേക്ക് തള്ളിവിടുന്നു.

2. ബ്രാഞ്ചുകളുടെ വിതരണം
2021ലെ ആർബിഐ ഡാറ്റ അനുസരിച്ച് ഗ്രാമീണ ബ്രാഞ്ചുകളുടെ എണ്ണം 58 ശതമാനത്തിൽനിന്നും 29 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. വായ്പകളിൽ ഭൂരിഭാഗവും നഗര, മെട്രോ പ്രദേശങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നു. കാർഷികവായ്പയുടെ കാര്യം മാത്രം പരിശോധിച്ചാൽ ഇത് കൃത്യമായി ബോധ്യപ്പെടും. മുൻഗണനാ മേഖലയിലെ 18 ശതമാനം വായ്പ കൃഷിയിലേക്കാണ് പോകേണ്ടത്. ഈ 18 ശതമാനത്തിൽ പരോക്ഷ ഫിനാൻസ് 4.5 ശതമാനം മാത്രമേ പാടുള്ളൂവെന്നും ബാക്കി 13.5 ശതമാനവും പ്രത്യക്ഷ ഫിനാൻസ് ആയിരിക്കണമെന്നും നിബന്ധനയുണ്ട്. ഇപ്പോൾ പ്രത്യക്ഷ വായ്പയും പരോക്ഷ വായ്പയും തമ്മിലുള്ള വ്യത്യാസം ഇല്ലാതായിരിക്കുന്നു. അതിനാൽ ഒട്ടേറെ വായ്പയും പോകുന്നത് പരോക്ഷ -ഫിനാൻസായാണ്.

2013ലും 2014ലും നൽകപ്പെട്ടിട്ടുള്ള മൊത്തം കാർഷിക വായ്പയിൽ 44 ശതമാനം മാത്രമേ 2 ലക്ഷം രൂപയിൽ കുറഞ്ഞ തുകയുള്ളൂ. പ്രത്യക്ഷ വായ്പയിലെ ബാക്കി 56 ശതമാനവും വളരെ ഉയർന്ന തുകയുടേതാണ്. ആരാണ് ഈ കർഷകർ? ഒരു കോടി രൂപയേക്കാൾ കൂടുതൽ തുക കാർഷിക വായ്പയായി നൽകിയിട്ടുണ്ട് എന്നത് നമ്മളെ അത്ഭുതപ്പെടുത്തുന്നു. ഒരു കോടി, 10 കോടി, 25 കോടി എന്നിങ്ങനെയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ കാർഷിക വായ്പാതുകയുടെ ശ്രേണി പോയിക്കൊണ്ടിരിക്കുന്നത്. കൂടാതെ ഇന്ത്യയിലെ വാണിജ്യ ബാങ്കുകൾ വിതരണം ചെയ്തിട്ടുള്ള മൊത്തം കാർഷിക വായ്പയുടെ 28 ശതമാനവും നഗരങ്ങളിലെയും മെട്രോ പൊളിറ്റൻ പ്രദേശങ്ങളിലെയും ബ്രാഞ്ചുകളിലൂടെയാണെന്നും, ഗ്രാമങ്ങളിലെയോ അർദ്ധനഗരങ്ങളിലെയോ ബ്രാഞ്ചുകളിലൂടെയല്ലെന്നും വ്യക്തമായിരിക്കുന്നു. അപ്പോൾ ആരാണിതിന്റെ ഗുണഭോക്താക്കൾ?

ആർ രാംകുമാർ ‘ബാങ്ക് ക്രെഡിറ്റ് ടൂ അഗ്രികൾച്ചർ ഇൻ ഇന്ത്യ ഇൻ ദി 2000s: ഡിസെക്റ്റിങ് ദി റിവെെവൽ’ എന്ന പേരിൽ നടത്തിയ പഠനം തെളിയിക്കുന്നത്, കാർഷിക വായ്പയിലെ ഈ കുതിപ്പിന്റെ പ്രധാന ഗുണഭോക്താക്കൾ കോർപറേറ്റുകളാണെന്നാണ്. മൊത്തം വായ്പയുടെ 37 ശതമാനവും ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് വിതരണം ചെയ്യപ്പെടുന്നത് എന്നതുതന്നെ കർഷകർക്കല്ല ഈ വായ്പകൾ ലഭിക്കുന്നത് എന്നതിനു തെളിവാണ്. എല്ലാ കൊല്ലവും കേന്ദ്ര ബജറ്റിൽ 10 ശതമാനം വർധനവുണ്ടാകുന്ന കിസാൻ ക്രെഡിറ്റ് കാർഡിന്റെ പേരിൽ കർഷകന് ലഭിക്കുന്നത് 10 ശതമാനം പലിശ കൂട്ടിച്ചേർത്തുള്ള കാർഡിന്റെ പുതുക്കൽ മാത്രമാണ്. അല്ലാതെ കർഷകന് യാതൊരുവിധ വായ്പയോ സഹായമോ ലഭിക്കുന്നില്ല. കർഷകരെയല്ല, കോർപറേറ്റുകളെ പുഷ്ടിപ്പെടുത്താനാണ് കേന്ദ്ര ഗവൺമെന്റ് ബാങ്കിങ് പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്, കാർഷിക നിയമങ്ങളിലടക്കം.

3. ബാങ്കിങ് മേഖലയിലെ ജോലിഭാരം
ബാങ്കിങ് മേഖലയിൽനിന്നും സർക്കാർ പിന്മാറുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ബാങ്ക് ജീവനക്കാർ വലിയ രീതിയിലുള്ള ജോലിഭാരമാണ് നേരിടുന്നത്. പുതിയ ജീവനക്കാരെ നിയമിക്കാത്തതും പുതിയ ബ്രാഞ്ചുകൾ തുറക്കാത്തതുമടക്കം ഇതിനു കാരണമാകുന്നു. ആദ്യംതന്നെ പറയട്ടെ, നമ്മുടെ രാജ്യത്ത് ഒരാളിനു ലഭ്യമാകുന്ന ശരാശരി ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം വളരെ കുറവാണ്. സ്വകാര്യ ബാങ്കുകളുടെ ബ്രാഞ്ചുകളുൾപ്പെടെ 11,000 പേർക്ക് ഒരു ബ്രാഞ്ചാണ് ഇന്ത്യയിലുള്ളത്. അതേസമയം, ഒട്ടധികം വികസ്വര രാജ്യങ്ങളിലും ഇത് 5000 ആളുകൾക്ക് ഒരു ബ്രാഞ്ച് എന്ന നിലയിലാണ്. അതായത് അടിയന്തിരമായി ബ്രാഞ്ചുകളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ. അത് ചെയ്യുവാൻ പൊതുമേഖലാ ബാങ്കുകൾക്ക് മാത്രമേ സാധിക്കുകയുമുള്ളൂ.

ജോലിഭാരത്തിന് കാരണമായി വരുന്ന മറ്റൊന്ന് ഒരു ജീവനക്കാരന് നോക്കേണ്ടിവരുന്ന ഉപഭോക്താക്കളുടെ എണ്ണം വളരെ കൂടുതലാണ് എന്നതാണ്. ഒരു എസ്ബിഐ ജീവനക്കാരന് 1690 ഉപഭോക്താക്കളുടെ കാര്യങ്ങൾ നോക്കേണ്ടിവരുമ്പോൾ, സ്വകാര്യമേഖലാ ബാങ്കുകളുടെ നായകസ്ഥാനത്തുള്ള എച്ച്ഡിഎഫ്സിയിൽ ജീവനക്കാരന് 467 ഉപഭോക്താക്കൾ എന്നതാണ് കണക്ക്. പട്ടിക 2 നോക്കുക.

പട്ടിക 2

ബാങ്ക്‌ പൊതു/സ്വകാര്യ മേഖല ജീവനക്കാരന്‌ നോക്കേണ്ടിവരുന്ന ഉപഭോക്താക്കളുടെ എണ്ണം
എസ്‌ബിഐ പൊതുമേഖല 1690
എച്ച്‌ഡിഎഫ്‌സി സ്വകാര്യമേഖല 467
ഐസിസിഐ സ്വകാര്യമേഖല 353
കാനറ ബാങ്ക്‌ പൊതുമേഖല 1348
ബാങ്ക്‌ ഓഫ്‌ മഹരാഷ്‌ട്ര പൊതുമേഖല 2500
ആക്‌സിസ്‌ ബാങ്ക്‌ സ്വകാര്യമേഖല 325
ഫെഡറൽ ബാങ്ക്‌ സ്വകാര്യമേഖല 923

പട്ടികയിൽനിന്നും രണ്ട് കാര്യങ്ങൾ നമുക്ക് വ്യക്തമാകും. ഒന്ന്, ജീവനക്കാരന് നോക്കേണ്ടിവരുന്ന ഉപഭോക്താക്കളുടെ എണ്ണം, ഏറ്റവും കുറവുള്ള പൊതുമേഖലാ ബാങ്ക് കാനറ ബാങ്കും (1348) ഏറ്റവും കൂടുതലുള്ളത് ബാങ്ക് ഓഫ് മഹാരാഷ്ട്രയുമാണ് (2500) എന്നതാണ്. രണ്ട്, പൊതുമേഖലയെ അപേക്ഷിച്ച് ജീവനക്കാരന് നോക്കേണ്ടിവരുന്ന ഉപഭോക്താക്കളുടെ എണ്ണം സ്വകാര്യബാങ്കുകളിൽ കുറവാണ്. പൊതുമേഖലാ ബാങ്കുകളുടെ ദെെനംദിന പ്രവർത്തനത്തിൽ ഇതുണ്ടാക്കുന്ന ആഘാതം വലുതാണ്. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനാണ് കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നത്. പുതിയ ജീവനക്കാരെ നിയമിക്കാതെ തസ്തികകൾ ഒഴിച്ചിട്ടും ബോർഡുകൾ നിഷ്-ക്രിയമാക്കിയും ഗവൺമെന്റ് യഥാർഥത്തിൽ പൊതുമേഖലാ ബാങ്കുകളെ പാപ്പരീകരിക്കുകയാണ്.

2014 മുതൽ നടന്നുവരുന്ന 
തകർക്കൽ
2014നുമുൻപുവരെ ബാങ്കുകളുടെ പ്രവർത്തനത്തിൽ കേന്ദ്ര ഗവൺമെന്റ് ഇടപെടുന്നത് വല്ലപ്പോഴുമായിരുന്നു. എന്നാൽ 2014ൽ അരുൺ ജയ്റ്റലി കേന്ദ്ര ധനമന്ത്രിയായതോടുകൂടി, അദ്ദേഹം നാലുമാസം കൂടുമ്പോഴും ചിലപ്പോഴൊക്കെ മാസാമാസവും പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം അവലോകനം ചെയ്യാൻ തുടങ്ങി; അതിപ്പോഴും തുടരുന്നു. പൂനയിൽ വച്ച് 2015ൽ നടന്ന ഗ്യാൻ സംഘം ഒന്നിൽ (Gyan Sangam I) ഭാവിയുടെ പാത കൃത്യമായി വരച്ചിടുകയായിരുന്നു – അതായത് പടിപടിയായുള്ള സ്വകാര്യവത്കരണം. തുടർന്ന് ഗ്യാൻ സംഘം രണ്ടും വിചാർ മന്തനും എൻഹാൻസ്ഡ് ആക്സസ് ആൻഡ് സർവീസ് എക്സലൻസും (EASE) തമ്മിലുള്ള ഒത്തുചേരലുകൾ നടന്നു. ബാങ്ക് മേധാവികളോട് എന്തുചെയ്യണമെന്ന് പറയാനുള്ള വാർഷിക സമ്മേളനമായിരുന്നു ഇത്. ഗ്യാൻ സംഘങ്ങളുടെ കർത്താവ് മക്കിൻസ്കി ആണ്; EASE എന്നത് ബോസ്റ്റൺ കൺസൾട്ടൻസി ഗ്രൂപ്പിന്റെ ആശയവുമാണ്.

മറ്റൊന്ന്, ഏറ്റവും മുകൾത്തട്ടിലുള്ള 10 ശതമാനം കോർപറേറ്റുകളുടെ വായ്പാ കുടിശ്ശികയും കിട്ടാക്കടമായി എഴുതിത്തള്ളിയ തുകയുടെ വലിപ്പവും കണ്ടുകൊണ്ട് 2019ൽ കോർപറേറ്റ് വായ്പയ്ക്ക് ആർബിഐ നിർണയിച്ച പരിധിയാണ്. ഇതുപ്രകാരം, ഒരു കോർപറേറ്റ് കുടുംബത്തിനും 10000 കോടി രൂപയിലധികം തുക വായ്പയെടുക്കാൻ സാധിക്കില്ല എന്നാണ്. കോർപറേറ്റുകൾക്ക് ആവശ്യമെങ്കിൽ കടപ്പത്രകമ്പോളത്തിൽനിന്നും ഫണ്ട് സ്വരൂപിക്കണമെന്നും ആർബിഐ 2019ൽ പറഞ്ഞു. എന്നാൽ ഗവൺമെന്റിന്റെ ശിങ്കിടികളായ കോർപറേറ്റ് കുടുംബങ്ങൾക്കുമേൽ ഈ വായ്പാ പരിധിയോ നിർദേശമോ നടപ്പാക്കാൻ ഗവൺമെന്റ് തയ്യാറായില്ല.

കിട്ടാക്കടത്തിനും 
കൊള്ളയ്ക്കും നിയമപരിരക്ഷ
കോർപറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളുന്നതിന് മണിനാദം മുഴക്കുകയും ആസ്തിതരംതിരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കുകയുമാണ് മോദി ഗവൺമെന്റ് ചെയ്തത്. 90 ദിവസത്തിനകത്ത് പലിശയടയ്ക്കാത്ത ഏതൊരു വായ്പയും ദ്രുതഗതിയിൽ കിട്ടാക്കടമായി തരംതിരിക്കുന്നു. ഗവൺമെന്റ് ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്പ്റ്റ്സി കോഡ് (ഐബിസി) നടപ്പാക്കി; എൻസിഎൽറ്റി റെസലൂഷൻ പ്ലാനിലൂടെ ഏതാനും ചില കോർപറേറ്റുകൾക്ക് ബാങ്കുകളെ കൊള്ളയടിക്കുന്നതിനുവേണ്ടിയും ആയിരക്കണക്കിനു കോടി രൂപയുടെ വ്യവസായങ്ങൾ തുച്ഛവിലയ്ക്കു കെെക്കലാക്കുന്നതിനുവേണ്ടിയുമാണ് ഐബിസി കൊണ്ടുവന്നതെന്ന് വ്യക്തമായിരിക്കുന്നു. തത്ഫലമായി, ബാങ്കുകൾ വലിയ ആഘാതം നേരിടുന്നു. പൊതുമേഖലാ ബാങ്കുകളെ പാപ്പരീകരിക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യാനുള്ള നടപടികൾ തുടർച്ചയായി ഗവൺമെന്റ് കെെക്കൊള്ളുന്നു. ഉന്നത എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥർപോലും ഈ ബാങ്കുകളിൽനിന്ന് സ്വയം വിരമിച്ചുപോകുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു.

സെറ്റിൽമെന്റ് അംഗീകരിക്കുന്നതിന് വായ്പ കൊടുക്കുന്ന സ്ഥാപനം 75 ശതമാനം ഭൂരിപക്ഷത്തോടുകൂടി വോട്ടു ചെയ്യണമെന്നാണ് ഐബിസി ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ മുകേഷ് അംബാനിക്ക് 29,253 കോടി രൂപ വില വരുന്ന അലോക് ഇൻഡസ്ട്രീസ് 83 ശതമാനം എഴുതിത്തള്ളലോടുകൂടി കെെക്കലാക്കുന്നതിനായി ഈ നിയമം ഭേദഗതി ചെയ്തു. അതിനിടയിൽ 60 ശതമാനം എഴുതിത്തള്ളലോടുകൂടി റിലയൻസ് ഹോം ഫിനാൻസിന് 11,200 കോടി രൂപയുടെ വായ്പയും 89 ശതമാനം എഴുതിത്തള്ളലോടുകൂടി റിലയൻസ് ഇൻഫ്രാടെലിന് 41,055 കോടി രൂപയും നൽകി; അങ്ങനെ അനിൽ അംബാനി രക്ഷപ്പെട്ടു. റിലയൻസ് ഇൻഫ്രാടെൽ ബാങ്കിനു കൊടുക്കേണ്ട 41,055 കോടി രൂപയുടെ വായ്പയ്ക്കും അതിന്റെ പലിശയ്ക്കും പകരമായി കേവലം 4,235 കോടി രൂപ നൽകാമെന്ന് മുകേഷ് അംബാനി പറഞ്ഞു. തുച്ഛവിലയ്ക്ക് ജിയോ ഏറ്റെടുത്ത റിലയൻസ് ഇൻഫ്രാടെലിന് 43000 ടവറുകളും 1.72 ലക്ഷം കിലോമീറ്റർ വരുന്ന ഒപ്റ്റിക് ഫെെബർ ശൃംഖലയും ഉണ്ട്. നഷ്ടം അനിൽ അംബാനിക്കല്ല, ബാങ്കുകൾക്കാണ്. മോദി ഗവൺമെന്റിന്റെ ആദ്യത്തെ എട്ട് വർഷങ്ങളിൽ മാത്രം (2021 വരെ ) 10.8 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി. എന്നാൽ അത് ആരുടെ കടമാണെന്നു വ്യക്തമാക്കാൻ, പേരുകൾ വെളിപ്പെടുത്താൻ ഗവൺമെന്റ് തയ്യാറല്ല. വ്യാപകമായി അക്കൗണ്ടുകൾ തുറക്കുന്നതുവഴി ലോക റെക്കോർഡുതന്നെ സൃഷ്ടിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ജൻഡർ പദ്ധതി ജനശ്രദ്ധ തിരിക്കാനുള്ള കണ്ണിൽ പൊടിയിടലാണ്; അഥവാ മറ്റൊരു നാടകമാണ്.

ആർബിഐയുടെ പുതിയ സർക്കുലർ
തിരിച്ചടയ്ക്കാൻ ശേഷിയുണ്ടായിട്ടും എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ തയ്യാറാകാത്ത ‘‘വായ്പാത്തട്ടിപ്പുകാരെ’’യും തെറ്റായ രേഖകൾ നൽകി ബാങ്കിനെ കബളിപ്പിക്കുന്ന ‘‘വഞ്ചകരെ’’യും ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്തവരായി കാണുകയും അവരെ അയോഗ്യരാക്കുകയും ചെയ്തിരുന്ന സർക്കുലറിൽ ആർബിഐ ഇപ്പോൾ തിരുത്തുവരുത്തിയിരിക്കുന്നു. 2023 ജൂൺ 8ന് ഈ സർക്കുലറിൽ ആർബിഐ വരുത്തിയ തിരുത്തുപ്രകാരം, ഇത്തരം ‘‘വായ്പാത്തട്ടിപ്പുകാർക്കും’’ ‘‘വഞ്ചകർക്കും’’ ഒത്തുതീർപ്പുണ്ടാക്കാനുള്ള സൗകര്യം അനുവദിക്കുന്നു. അതായത് ക്രിമിനലുകളായ ഇത്തരം വായ്പാതട്ടിപ്പുകാരെയും വഞ്ചകരെയും കെെയയച്ചു സഹായിക്കുന്നതിനാണ് ആർബിഐ ഈ സർക്കുലർ ഇറക്കിയിരിക്കുന്നത്. ഇതുപ്രകാരം തുച്ഛമായൊരു തുക മാത്രം വീണ്ടെടുത്തുകൊണ്ട് ഈ ക്രിമിനലുകളുടെ വായ്പകൾ എഴുതിത്തള്ളപ്പെടുകയും അങ്ങനെ അവർ വീണ്ടും വായ്പയെടുക്കാൻ യോഗ്യരാവുകരാവുകയും അവരുടെ താഴ്ന്നുപോയ സിബിൽനിരക്ക് വീണ്ടും ഉയരുകയും ചെയ്യും. സ്വാഭാവികമായും കൃത്യമായി വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുന്ന മറ്റു വായ്പക്കാരും ലോൺ തിരിച്ചടയ്ക്കുന്ന ഏർപ്പാട് നിർത്തുകയും അത് ബാങ്കുകളെ സാരമായി ബാധിക്കുകയും ചെയ്യും. ഇൗ എഴുതിത്തള്ളലുകൾക്കുവേണ്ടി ഉപയോഗിക്കുന്നത് ഇടത്തരം വർഗക്കാരായ നിക്ഷേപകരുടെ നിക്ഷേപത്തുകയാണ്.

2018ൽ രേഖപ്പെടുത്തപ്പെട്ട 5600 വായ്പാത്തട്ടിപ്പുകാരിൽ 15 ശതമാനവും ഗുജറാത്തിൽനിന്നാണ്. 2022ലെ ഏറ്റവും മുകളിലുള്ള 50 വായ്പാത്തട്ടിപ്പുകാരെ സംബന്ധിച്ച ആർബിഐ ഡാറ്റയാണ് പട്ടിക 3ൽ ഉള്ളത്.

പട്ടിക

വായ്‌പയെടുത്തവർ തുക
കോടി
രൂപയിൽ
വായ്‌പയെടുത്തവർ തുക
കോടി
രൂപയിൽ
ഗീതാഞ്ജലി ജെംസ്‌ ലിമിറ്റഡ്‌ 7848 നകോഡ ലിമിറ്റഡ്‌ 1448
ഇറ ഇൻഫ്രാ എഞ്ചിനീയറിംഗ്‌ ലിമിറ്റഡ്‌ 5879 ഗിലി ഇന്ത്യൻ ലിമിറ്റഡ്‌ 1447
ആർഇഐ അഗ്രോ ലിമിറ്റഡ്‌ 4803 ഇഎംസി ലിമിറ്റഡ്‌ 1342
കോൺകാസ്റ്റ്‌ സ്റ്റീൽ ആന്റ്‌ പവർ ലിമിറ്റഡ്‌ 4596 എസ്‌ കുമാർസ്‌ നാഷണൽ വൈഡ്‌ ലിമിറ്റഡ്‌ 1334
എജിബി ഷിപ്പ്‌യാർഡ്‌ ലിമിറ്റഡ്‌ 3708 രോഹിത്‌ ഫെറോ‐ടെക്‌ ലിമിറ്റഡ്‌ 1333
ഫ്രോസ്റ്റ്‌ ഇന്റർനാഷണൽ ലിമിറ്റഡ്‌ 3311 സ്‌റ്റെർലിങ്‌ ബയോടെക്‌ ലിമിറ്റഡ്‌ 1311
വിൻസം ഡയമണ്ട്‌സ്‌ ആന്റ്‌ ജുവലറി ലിമിറ്റഡ്‌ 2931 അമിറ പ്യുയർ ഫുഡ്‌സ്‌  പ്രൈവറ്റ്‌ ലിമിറ്റഡ്‌ 1293
റോട്ടോമാക്‌ ഗ്ലോബൽ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 2893 ശ്രീഗണേശ്‌ ജുവലറി ഈസ്‌ (1) ലിമിറ്റഡ്‌ 1157
കോസ്റ്റൽ പ്രോജക്ട്‌സ്‌ ലിമിറ്റഡ്‌ 2311 ഗുപ്‌ത കോൾ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 1152
സൂം ഡെവലപ്പേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 2147 നക്ഷത്ര ബ്രാൻഡ്‌ ലിമിറ്റഡ്‌ 1149
കുദുസ്‌ (KUDOS) കെമി ലിമിറ്റഡ്‌ 2082 സിൻടെക്‌സ്‌ ഇൻഡസ്ട്രീസ്‌ ലിമിറ്റഡ്‌ 1147
വിഎംസി സിസ്റ്റംസ്‌ ലിമിറ്റഡ്‌ 2001 സ്‌റ്റെർലിങ്‌ ഓയിൽ റിസോഴ്‌സസ്‌ ലിമിറ്റഡ്‌ 1028
ട്രാൻസ്‌ട്രോയ്‌ (ഇന്ത്യ) ലിമിറ്റഡ്‌ 1932 വിൻഡ്‌ വേൾഡ്‌ (ഇന്ത്യ) ലിമിറ്റഡ്‌ 993
ആംടെക്‌ ഓട്ടോ ലിമിറ്റഡ്‌ 1926 എസിഗോ വൺ ട്രാവൽ ആന്റ്‌ ടൂർസ്‌ ലിമിറ്റഡ്‌ 944
ഡെക്കാൻ ക്രോണിക്കിൾ ഹോൾഡിങ്‌സ്‌ ലിമിറ്റഡ്‌ 1890 പരേഖ്‌ അലുഗിനെക്‌സ്‌ ലിമിറ്റഡ്‌ 934
ഐവിആർസിഎൽ ലിമിറ്റഡ്‌ 1766 കോർപറേറ്റ്‌ ഇസ്‌പേറ്റ്‌ അലോയ്‌സ്‌ ലിമിറ്റഡ്‌ 933
ബെസ്റ്റ്‌ ഫുഡ്‌സ്‌ ലിമിറ്റഡ്‌ 1653 ജെവിഎൽ അഗ്രോ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ 932
ഫോറെവർ പ്രെഷ്യസ്‌ ജുവലറി & ഡയമണ്ട്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 1639 ഫസ്റ്റ്‌ ലീസിങ്‌ കന്പനി ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌ 896
ശ്രീലക്ഷ്‌മി കോട്ട്‌സിൻ ലിമിറ്റഡ്‌ 1599 ഡയമണ്ട്‌ പവൻ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌ 886
സിദ്ദി വിനായക്‌ ലോജിസ്റ്റിക്‌ ലിമിറ്റഡ്‌ 1588 ശ്രീലാൽ മഹൽ ലിമിറ്റഡ്‌ 881
പ്രതിഭ ഇൻഡസ്ട്രീസ്‌ ലിമിറ്റഡ്‌ 1497 കിങ്‌ ഫിഷർ എയർലൈൻസ്‌ ലിമിറ്റഡ്‌ 866
എസ്‌വിഒജിഎൽ ഓയിൽ ഗ്യാസ്‌ ആന്റ്‌ എനർജി ലിമിറ്റഡ്‌ 1486 ജെയിൻ ഇൻഫ്രാ പ്രൊജക്ട്‌സ്‌ ലിമിറ്റഡ്‌ 853
സൂര്യ വിനായക്‌ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ 1481 മെറ്റലിസ്റ്റ്‌ ഫോർജിങ്‌സ്‌ ലിമിറ്റഡ്‌ 818
യൂണിറ്റി ഇൻഫ്രാ പ്രൊജക്ട്‌സ്‌ ലിമിറ്റഡ്‌ 1476 ഫയർസ്റ്റാർ ഇന്റർനാഷണൽ ലിമിറ്റഡ്‌ 803
ഹാനൂജ്‌ ടോയ്‌സ്‌ ആന്റ്‌ ടെക്‌സ്‌റ്റൈൽസ്‌ ലിമിറ്റഡ്‌ 1449 ജെയ്‌ പോളികെം (ഇന്ത്യ) ലിമിറ്റഡ്‌ 798

എന്തായാലും ആർബിഐയുടെ ഈ ഈ സർക്കുലർ പ്രകാരം, 28 ബാങ്കുകളെ വഞ്ചിച്ചുകൊണ്ട് 23000 കോടി രൂപയോളം തട്ടിയെടുത്ത എബിജി ഷിപ്പ്-യാർഡിന്റെ ഉടമ റിഷി അഗർവാളിന് ഇനിമേൽ ഒത്തുതീർപ്പ് സെറ്റിൽമെന്റ് നടത്തി മാന്യനും യോഗ്യനുമാകാം. വൻതട്ടിപ്പുനടത്തി വിദേശത്തേക്കൊളിച്ചോടിയ അദാനിയുടെ അടുത്ത ബന്ധുവായ മേത്തയ്ക്ക് രാജ്യത്തേക്ക് തിരിച്ചുവരാം. വിജയ്-മല്ല്യക്കും മെഹുൽ ചോക്സിക്കും നീരവ് മോഡിക്കും തിരിച്ചുവരാം. ഇവരെല്ലാം ചേർന്ന് വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഫണ്ടുചെയ്യും. അങ്ങനെ കോർപറേറ്റുകളെ പ്രീതിപ്പെടുത്താനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങൾക്ക് ആർബിഐയും കീഴടങ്ങിയിരിക്കുന്നു.

സ്വകാര്യവത്കരണം ആർക്കുവേണ്ടി?
പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്-കരിക്കുന്നത് ആർക്കുവേണ്ടിയാണ്. ബാങ്കുകളുടെ നിയന്ത്രണം കെെക്കലാക്കുകയെന്നത് വൻ ബിസിനസ് കുടുംബങ്ങളുടെ ആവശ്യമാണ്. സ്വകാര്യകമ്പനികൾക്ക് ഓഹരിയുടമസ്ഥത വഹിക്കാനുള്ള അവകാശങ്ങൾ ആർബിഐ 15 ശതമാനത്തിൽനിന്ന് 26 ശതമാനത്തിലേക്ക് വർധിപ്പിച്ചിരിക്കുന്നു. കൊട്ടക് മഹീന്ദ്രയിലെ ഉദയ് കൊട്ടക്കാണ് ഇതിന്റെ അടിയന്തരഗുണഭോക്താവ്. ബാങ്കിങ് മേഖലയിൽ കോർപറേറ്റു കുടുംബങ്ങൾക്ക് ലെെസൻസ് നൽകാനുള്ള സമിതി ശുപാർശകൾ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ ഗവൺമെന്റ്. തീർച്ചയായും, ഇതിന്റെ ഗുണഭോക്താക്കൾ അംബാനിമാരും അദാനിമാരും ടാറ്റമാരുമടക്കമുള്ള ഒരു ശതമാനമാണ്. അവർക്കാണ് സ്വകാര്യവത്കരണം ആവശ്യമായിട്ടുള്ളത്. അതേസമയം അതിന്റെ പരിണിത-ഫലം അനുഭവിക്കേണ്ടിവരുന്നത് ഭൂരിപക്ഷം വരുന്ന സാധാരണജനങ്ങളാണ്. അവർ വീണ്ടും വട്ടിപലിശക്കാരുടെയും ബാങ്കിതര ധനകാര്യസ്ഥാനപനങ്ങളുടെയും കൊള്ളയ്ക്ക് ഇരകളാക്കപ്പെടും; കൂടുതൽ പാപ്പരീകരിക്കപ്പെടും. സമൂഹത്തിലെ അസമത്വം കൂടുതൽ ശക്തമായി തഴച്ചുവളരും. ചുരുക്കത്തിൽ, കോർപറേറ്റുകളെ പ്രീതിപ്പെടുത്താനും അതുവഴി രാഷ്ട്രീയ– സാമ്പത്തിക നേട്ടങ്ങൾ കൊയ്യാനും വേണ്ടി കേന്ദ്ര ഗവൺമെന്റ് ബാങ്കിങ് മേഖലയിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ തികച്ചും ജനദ്രോഹകരവും വഞ്ചനാപരവുമാണ്.
(ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷന്റെ മുൻ ജനറൽസെക്രട്ടറിയാണ് ലേഖകൻ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 + eight =

Most Popular