ഫാസിസ്റ്റ് ശക്തികളും ചങ്ങാത്ത മുതലാളിത്തവും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു വസ്തുനിഷ്ഠ പ്രതിഭാസമാണത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലോകമെമ്പാടും പൊട്ടിപ്പുറപ്പെട്ട മുതലാളിത്ത കുഴപ്പത്തിന്റെ ഭൗതിക പശ്ചാത്തലത്തിലാണ് യൂറോപ്പിലെ ഫാസിസത്തിന്റെ പ്രാരംഭം. മുതലാളിത്ത പ്രതിസന്ധി അഴിച്ചുവിട്ട തൊഴിലില്ലായ്മ, പട്ടിണി, ദാരിദ്ര്യം തുടങ്ങിയ ദുരിതാവസ്ഥകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട്, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള യുക്തിരഹിതമായ ആക്രമണം അഴിച്ചുവിട്ട്, അവരെ ശത്രുക്കളായി മുദ്രകുത്തി ഒറ്റപ്പെടുത്തിയാണ് യൂറോപ്പിൽ ഫാസിസം വളർന്നത്. ഇതിനായി അന്നത്തെ മുതലാളിത്ത ഭരണകൂടങ്ങളുടെ സമൃദ്ധമായ സഹകരണവും സഹായവും ഫാസിസത്തിനു ലഭിച്ചിരുന്നു.
ഫാസിസ്റ്റ് ശക്തികൾക്കും ഭരണകൂടങ്ങൾക്കും സാമ്പത്തിക സഹായം എത്തിക്കുന്നതിൽ മുൻപന്തിയിൽ നിന്നത് ജർമ്മനിയിലെയും ജപ്പാനിലെയും അടക്കം വലിയ കോർപ്പറേറ്റ് ഭീമന്മാരായിരുന്നു. ജർമ്മനിയിൽ ബിഎംഡബ്ലിയു, പോർഷെ, ഫോക്സ്‌വാഗൺ തുടങ്ങിയ കമ്പനികൾക്ക് ഹിറ്റ്ലറുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥരായ ഗുണ്ടർ ക്വാണ്ടും മകൻ ഹെർബർട്ട് ക്വാണ്ടും നാസി പാർട്ടിയുടെ അംഗങ്ങൾ ആയിരുന്നു. ഹെർബർട്ടിന്റെ മക്കളായ സ്റ്റെഫാനും സൂസനും ആണ് ഇന്ന് ബിഎംഡബ്ല്യുവിനെ നയിക്കുന്നത്; ഈ കുടുംബമാണ് ഇന്നത്തെ ജർമ്മനിയിലെയും ഏറ്റവും വലിയ സമ്പന്നർ. ഫെർഡിനാന്റ് പോർഷെയുടെ മകൻ ഫെറി പോർഷെ ഹിറ്റ്ലറുടെ എസ്എസിലെ അംഗമായിരുന്നു. ഫെറിയാണ് പോർഷെയുടെ ആദ്യത്തെ സ്പോർട്സ് കാർ ഡിസൈൻ ചെയ്തത്. സ്റ്റീൽ, കൽക്കരി, ഡിഫൻസ് എന്നീ മേഖലകളിലെ കോർപ്പറേറ്റ് ഭീമനായിരുന്ന ഫ്രെഡറിക് ഫ്ലിക്ക് ന്യൂറംബർഗ് ട്രയലുകളിൽ കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 1960ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഫ്ളിക്ക് ദൈംലർ-ബെൻസ് കമ്പനിയുടെ പ്രധാന ഓഹരി ഉടമയായി തുടരുകയും, 1985ൽ തന്റെ ഓഹരികൾ വിറ്റ് ഒരു ശതകോടീശ്വരനായി മാറുകയും ചെയ്തു.
ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തം
കോർപ്പറേറ്റ് ഭീമൻ ഗൗതം അദാനി ചരിത്രത്തിലെ ഏറ്റവും വലിയ കമ്പോള കൃത്രിമത്വവും സാമ്പത്തിക തിരിമറിയും നടത്തി എന്ന വെളിപ്പെടുത്തൽ 2023 ജനുവരിയിലാണ് പുറത്തുവരുന്നത്. ഹിണ്ടൻബർഗ് എന്ന ഗവേഷണ സ്ഥാപനം 2023 ജനുവരി 24ന് പുറത്തിറക്കിയ ‘Adani Group: How the World’s 3rd Richest Man is Pulling The Largest Con in Corporate History’ എന്ന റിപ്പോർട്ടിലൂടെയാണ് തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറംലോകം അറിയുന്നത്. രണ്ടു വർഷത്തോളം നീണ്ടുനിന്ന തങ്ങളുടെ അന്വേഷണങ്ങളുടെ ഫലമാണ് ഈ റിപ്പോർട്ടെന്ന് ഹിണ്ടൻബർഗ് അവകാശപ്പെടുന്നുണ്ട്. അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഹിണ്ടൻബർഗിന്റെ ആരോപണങ്ങൾക്ക് 413 പേജ് വരുന്ന ഒരു നെടുങ്കൻ മറുപടി അദാനി ഗ്രൂപ്പ് പുറത്തു വിട്ടു. തങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിനു പോലും കൃത്യമായ മറുപടി തരാതെ തട്ടിപ്പിനെ ദേശീയ വികാരം ഉണർത്തി വിട്ട് ന്യായീകരിക്കുവാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് ഹിണ്ടൻബർഗ്ഗും തിരിച്ചടിച്ചു. വിശദാംശങ്ങൾ പുറത്തുവന്നതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ മൊത്തം കമ്പോളമൂല്യം പകുതിയോളമായി ഇടിയുകയും അദാനി ഗ്രൂപ്പ് നടത്താനിരുന്ന 20,000 കോടി രൂപയുടെ എഫ്. പി. ഒ. യിൽ നിന്ന് അവർ പിൻവാങ്ങുകയും നിക്ഷേപകർക്ക് പണം തിരികെ നൽകും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അദാനി എന്ന വ്യവസായ ഭീമന്റെ വളർച്ച മോദി സർക്കാരിൽ നിന്ന് അയാൾക്ക് ലഭിച്ച സംരക്ഷണത്തിന്റെയും പരിലാളനകളുടെയും ഫലമാണ്. കോൺഗ്രസിന്റെ കാലത്തും സജീവമായിരുന്ന ചങ്ങാത്ത മുതലാളിത്ത ശൃംഖലയുടെ വളർച്ചയും വികാസവും ഹിന്ദുത്വ-കോർപ്പറേറ്റ് ശൃംഖലയുടെ ഏറ്റവും ഉയർന്ന രൂപവുമാണ് ഇന്ത്യൻ സമ്പദ്-വ്യവസ്ഥയിൽ അദാനി ഗ്രൂപ്പ് ഇന്ന് അനുഭവിക്കുന്ന മേൽക്കോയ്മയുടെ കാതൽ. 2014-ൽ അദാനിക്ക് ഉണ്ടായിരുന്ന 50,400 കോടി രൂപയുടെ ആസ്തി 2022 ആകുമ്പോൾ 10.30 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുന്നു.
മോദിയും അദാനിയുമായുള്ള ബന്ധത്തിന് 2002ലെ ഗോദ്ര കലാപ കാലത്തോളം പഴക്കമുണ്ട്. രാജ്യത്തെ നടുക്കിയ ആ വർഗീയ കലാപം മോദിക്കും കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്ന ബി.ജെ.പി ക്കും ഏറെ ക്ഷീണമുണ്ടാക്കി. ആയിരക്കണക്കിന് മനുഷ്യർ മരണമടഞ്ഞ ആ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ ക്രമസമാധാനനിലയെ സംബന്ധിച്ച തങ്ങളുടെ ആശങ്ക ബജാജ്, ഗോദറേജ് മുതലായ പ്രധാന വ്യവസായ ഗ്രൂപ്പുകൾ മറച്ചുവെച്ചില്ല. ഡൽഹിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (CII) സംഘടിപ്പിച്ച കൂട്ടായ്മയിൽ മോദിയെ വേദിയിൽ ഇരുത്തിത്തന്നെ ഇവർ ചോദ്യം ചെയ്തു. തന്നെ വിമർശിച്ചവരെ കപട മതേതരവാദികൾ എന്നു വിളിച്ച് മോദി തന്റെ അതൃപ്തി അറിയിച്ചു. മോദിയെ സഹായിക്കാനും Cll യെ ഒറ്റപ്പെടുത്തുവാനും ‘റിസർജന്റ് ഗ്രൂപ്പ് ഓഫ് ഗുജറാത്ത്’ എന്ന പേരിൽ ഒരു വ്യവസായ കൂട്ടായ്മ രൂപീകരിക്കുവാൻ നേതൃത്വം നൽകിയ ഗുജറാത്ത് വ്യവസായികളിൽ പ്രധാനിയായിരുന്നു ഗൗതം അദാനി. ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന പേരിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നതിലും നേതൃത്വപരമായ പങ്ക് അദാനി വഹിച്ചു. സ്വകാര്യ മൂലധനത്തിന് പ്രാമുഖ്യം നൽകി രൂപംകൊണ്ട ഗുജറാത്ത് മാതൃക ക്രമേണ ദേശീയ ശ്രദ്ധ ആകർഷിക്കുകയും മോദിയും ഗുജറാത്തും ഇന്ത്യൻ മുതലാളിത്തത്തിന് അവഗണിക്കാനാകാത്ത സാന്നിധ്യമായി മാറുകയും ചെയ്തു. ഗുജറാത്ത് വികസനത്തിൽ അദാനിക്ക് പ്രത്യേക പരിഗണനയും പരിലാളനവും ലഭിച്ചു. ഗുജറാത്തിലെ മുണ്ട്ര തുറമുഖ വികസനവും പഴയ തുറമുഖങ്ങളുടെ നവീകരണവും പുതിയവയുടെ നിർമ്മാണവും അദാനിക്ക് ലഭിച്ചു.
2014-ൽ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമ്പോൾ തന്റെ വർഗീയ രാഷ്ട്രീയത്തെ വികസനം എന്ന പുകമറ സൃഷ്ടിച്ച് മറയ്ക്കുവാൻ ഗുജറാത്ത് മാതൃക മോദിയെ സഹായിച്ചു. പ്രധാനമന്ത്രിപദം ഏറ്റെടുക്കുവാനായി മോദി ഡൽഹിയിലേക്ക് അദാനിയുടെ പ്രൈവറ്റ് ജെറ്റിൽ യാത്ര തിരിച്ചത് ഇരുവരുടെയും സൗഹൃദത്തിന്റെയും ഗൗതം അദാനി വരുംകാലങ്ങളിൽ ഇന്ത്യൻ വ്യാവസായിക ലോകത്തിൽ കൈവരിക്കാൻ പോകുന്ന വലിയ വളർച്ചയുടെ തുടക്കമായും പലരും വിശേഷിപ്പിച്ചു. ഇത് ശരി വെക്കുന്നതാണ് 2014ന് ശേഷമുള്ള ഇന്ത്യൻ വ്യാവസായിക ലോകത്തിലെ അദാനിയുടെ വളർച്ച. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പദ്ധതികളുടെ ഗവൺമെന്റ് ടെണ്ടറുകൾ മൊത്തമോ ഭൂരിഭാഗമോ കൈക്കലാക്കിയത് അദാനി ഗ്രൂപ്പാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററും തുറമുഖ ഓപ്പറേറ്ററും, താപ കൽക്കരി വൈദ്യുതോർജ്ജ നിർമ്മാതാവും അദാനിയാണ്.
2018-ൽ മോദി സർക്കാർ ആറു വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം പ്രഖ്യാപിക്കുകയും വിമാനത്താവളനടത്തിപ്പിൽ പൂർവ്വ പരിചയമില്ലാത്ത കമ്പനികളെ കൂടി ലേലത്തിൽ ഉൾപ്പെടുത്താൻ നിയമ ഭേദഗതി കൊണ്ടുവരികയും ചെയ്തു. ആറ് വിമാനത്താവളങ്ങളുടെയും കരാർ, ലേലത്തിൽ നേടി വിമാനത്താവള നടത്തിപ്പിൽ പരിചയസമ്പത്ത് ഇല്ലാത്ത അദാനി ഗ്രൂപ്പ് ഈ നിയമ ഭേദഗതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറി. ജാർഖണ്ഡിലെ ഗോഡ്ഡ എന്ന പ്രദേശത്ത് അദാനി ഗ്രൂപ്പ് നേടിയെടുത്ത കൽക്കരി നിലയം അദാനിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുടെ സന്തതിയാണ്. ഉത്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും അയൽ രാജ്യമായ ബംഗ്ലാദേശിന് വിൽക്കുന്ന ഈ പദ്ധതിക്കുള്ള അടിസ്ഥാനമിട്ടത് മോദി തന്നെ. 2015-ൽ ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയിൽ ബംഗ്ലാദേശിന് വൈദ്യുതി വിൽക്കാൻ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്ള ഇന്ത്യൻ കമ്പനികൾക്ക് അവസരം നൽകുന്ന 450 കോടി യുഎസ് ഡോളർ പദ്ധതിയിൽ നരേന്ദ്രമോദി ഒപ്പുവച്ചു. ബംഗ്ലാദേശിന് വലിയ പ്രയോജനം ചെയ്യാത്ത ഒന്നായി പലരും വിലയിരുത്തുന്ന ഈ പദ്ധതിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഗുണഭോക്താവ് അദാനി പവർ എന്ന സ്വകാര്യ കമ്പനിയാണ് . ഊർജ്ജമന്ത്രാലയത്തിന് കീഴിലുള്ള പവർ ഫിനാൻസ് കോർപ്പറേഷൻ (PFC), റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ (REC) എന്നീ ധനകാര്യസ്ഥാപനങ്ങൾ 10,000 കോടി രൂപയോളം വരുന്ന ലോണുകൾ അദാനി പവറിന്റെ ഗോഡ്ഡ പദ്ധതിക്കായി നൽകിയിട്ടുണ്ട്. മാത്രമല്ല 2019-ൽ വ്യവസായ മന്ത്രാലയത്തിന്റെ നിയമങ്ങൾ മറികടന്നുകൊണ്ട് ഗോഡ്ഡ പദ്ധതി പ്രത്യേക സാമ്പത്തിക പ്രദേശമായി കേന്ദ്രസർക്കാർ അനുവദിച്ചു നൽകുകയും തദ്വാര പ്രതിവർഷം 3.5 കോടി യുഎസ് ഡോളർ വരുന്ന കൽക്കരി സെസ്സിൽ നിന്ന് അദാനി ഗ്രൂപ്പിനെ ഒഴിവാക്കുകയും ചെയ്തു. പ്രത്യേക സാമ്പത്തിക പ്രദേശമായതിനാൽ ലഭിക്കുന്ന നികുതിയിളവുകൾ വേറെയും. 2019-ൽ ഝാർഖണ്ഡിൽ കോൺഗ്രസ് കൂട്ടുകക്ഷിയായുള്ള ഹേമന്ത് സോറൻ മന്ത്രിസഭ ആദ്യകാലത്ത് ഈ പദ്ധതിക്കെതിരെ സംസാരിച്ചുവെങ്കിലും ഇപ്പോൾ മൗനത്തിലാണ്. 2021-ൽ അദാനി എന്റർപ്രൈസസിന് നാല് പുതിയ കൽക്കരി ബ്ലോക്കുകൾ – – ഛത്തീസ്ഗഡിൽ രണ്ടും, ആന്ധ്രയിലും മഹാരാഷ്ട്രയിലും ഒന്നു വീതവും-– തുറക്കാൻ അനുവാദം ലഭിച്ചു. ഇന്ന് സ്വകാര്യ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉൽപാദക സംരംഭമാണ് അദാനി ഗ്രൂപ്പ്.
ഹരിതോർജ്ജ സംബന്ധിയായി ഇന്ത്യ മുന്നോട്ടു വച്ചിട്ടുള്ള അന്താരാഷ്ട്ര പ്രതിബദ്ധതകൾ തുറക്കുന്ന കമ്പോള സാഹചര്യങ്ങൾ വിനിയോഗിക്കുവാനും അദാനി മറന്നിട്ടില്ല. ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പദ്ധതി അദാനിയുടേതാണ്. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് രാജസ്താനിൽ 2.14 GW ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ Hybrid Solar-Wind Project കമ്മീഷൻ ചെയ്തു കഴിഞ്ഞു. 20 GW ഹരിതോർജ്ജം ഉല്പാദിപ്പിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സങ്കര പുനരുപയോഗ ഊർജ്ജ പാർക്ക് (Hybrid Renewable Energy Park) ഗുജറാത്തിൽ സ്ഥാപിക്കും എന്നതാണ് അദാനി ഗ്രൂപ്പിന്റെ പുതിയ പ്രഖ്യാപനം.
ആരോപണങ്ങളുടെ കാതൽ
അദാനി ഗ്രൂപ്പിന്റെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെ തുറന്നു കാണിക്കുന്നതാണ് ഹിണ്ടൻബർഗ് റിപ്പോർട്ട്. ആ റിപ്പോർട്ടിലെ പ്രധാന ആരോപണങ്ങൾ ഇവയായിരുന്നു:
1. തന്റെ 7 ലിസ്റ്റഡ് കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചു കാണിക്കുക വഴി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 10,000 കോടി ഡോളറിന്റെ മൊത്ത മൂല്യ വളർച്ചയാണ് അദാനി എന്ന വ്യവസായ ഭീമൻ കൈവരിച്ചതെന്ന് ഹിണ്ടൻബർഗ് വാദിക്കുന്നു. ഈ ലിസ്റ്റഡ് കമ്പനികളെല്ലാം തന്നെ വലിയതോതിൽ കടം വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. മൂല്യം പെരിപ്പിച്ചു കാണിച്ചിരിക്കുന്ന ഓഹരികൾ കടം വാങ്ങാൻ ഈട് നൽകിയിരിക്കുന്നു എന്നത് ഈ കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ ചോദ്യം ചെയ്യുന്നതാണ്. വായ്പ നൽകിയ ബാങ്കുകളുടെയും.
2. അദാനി ഗ്രൂപ്പിന്റെ ഘടനയെ സംബന്ധിച്ചും റിപ്പോർട്ടിൽ സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ നേതൃനിരയിലുള്ള 22 പ്രധാനികളിൽ എട്ടു പേർ അദാനി കുടുംബാംഗങ്ങളാണ്. തന്ത്രപ്രധാനമായ തീരുമാനങ്ങളിൽ ന്യൂനപക്ഷം വരുന്ന കുടുംബത്തിലെ ഒരുപിടി ആളുകൾക്ക് വളരെ വലിയ സ്വാധീനം ചെലുത്താൻ ഇത് സാഹചര്യമൊരുക്കുന്നു.
3. അദാനി ഗ്രൂപ്പിന്റെ ചരിത്രം തന്നെ സംശയമുളവാക്കുന്നതാണ്. ഇതിനു മുമ്പ് പലതവണ ഇവർക്കെതിരെ അന്വേഷണങ്ങൾ ഉണ്ടായിട്ടുണ്ട്. മൊത്തം 1700 കോടി ഡോളർ മതിപ്പുളവാക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി, നികുതി വെട്ടിക്കൽ എന്നീ ആരോപണങ്ങൾ പല കാലങ്ങളിലായി ഗ്രൂപ്പ് നേരിട്ടിട്ടുണ്ട്. മൗറീഷ്യസ്, കരീബിയൻ ദ്വീപസമൂഹങ്ങൾ, യു.എ.ഇ മുതലായ രാജ്യങ്ങളിലെ നികുതി സങ്കേതങ്ങളിൽ (Tax Havens) ഷെൽ കമ്പനികൾ സ്ഥാപിച്ച്, വ്യാജ ഇറക്കുമതി കയറ്റുമതി രേഖകൾ ചമച്ച്, തങ്ങളുടെ ലിസ്റ്റഡ് കമ്പനികളിൽ നിന്ന് പണം അൽപ്പാൽപ്പമായി മോഷ്ടിക്കുന്ന രീതി അദാനി കുടുംബാംഗങ്ങളിൽ പലരും അനുവർത്തിച്ചു പോന്നിരുന്നതായി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (DRI), 2004-–2005 കാലത്ത്, വിദേശ ഷെൽ കമ്പനികൾ വഴി വ്യാജരേഖ ചമച്ച്, നികുതി വെട്ടിപ്പ് നടത്തിയ ഒരു വജ്ര വ്യാപാര ഉടമ്പടിയിൽ (Diamond Trading Import Export Scheme) പ്രധാന കണ്ണിയായി കണ്ടെത്തുകയും രണ്ടുതവണ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത രാജേഷ് അദാനി (ഗൗതം അദാനിയുടെ സഹോദരൻ) പിൽക്കാലത്ത് അദാനി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായി സ്ഥാനക്കയറ്റം നേടി. മറ്റൊരു സഹോദരനായ വിനോദ് അദാനി വിദേശ ഷെൽ കമ്പനികളുടെ ഒരു ശൃംഖല തന്നെ നിലനിർത്തിപ്പോരുന്നു എന്ന ആരോപണങ്ങൾക്കുമേൽ അന്വേഷണ വിധേയനായിട്ടുണ്ട്.
ഹിണ്ടൻബർഗ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന കണ്ടെത്തലുകളിൽ പ്രധാനം വിനോദ് അദാനിയെ സംബന്ധിക്കുന്നതാണ്. മൗറീഷ്യസിൽ സ്ഥിതി ചെയ്യുന്ന ഏതാണ്ട് 38 ഷെൽ കമ്പനികൾ നിയന്ത്രിക്കുന്നത് വിനോദും കൂട്ടാളികളും ആണ്. മൗറീഷ്യസ് കൂടാതെ സൈപ്രസ്, യു.എ.ഇ., സിംഗപ്പൂർ, കരീബിയൻ ദ്വീപ സമൂഹങ്ങൾ മുതലായിടങ്ങളിലും വിനോദ് നിയന്ത്രിക്കുന്ന ഷെൽ കമ്പനികൾ ഉണ്ടത്രേ. ഇവയിൽ പല കമ്പനികളും പ്രവർത്തനത്തിൽ ഇല്ലാത്തവയാണ്. തൊഴിലാളികളോ, മേൽവിലാസമോ, ഫോൺ നമ്പരോ, പേരിനൊരു വെബ്സൈറ്റ് പോലുമോ ഇല്ലാത്തവയാണ്. ഇങ്ങനെയാണെങ്കിലും 100 കോടിയിലധികം വരുന്ന ഡോളർ ഇടപാട് ഈ കമ്പനികളും അദാനി ഗ്രൂപ്പ് കമ്പനികളുമായി നടന്നിട്ടുണ്ട്. ഇതുകൂടാതെ പതിമൂന്നോളം ഷെൽ കമ്പനികളുടെ പേരിന് മാത്രം നിലനിർത്തിയിരിക്കുന്ന വെബ്സൈറ്റുകൾ തുറന്നിരിക്കുന്നത് ഒരേ ദിവസമാണ്. ഈ ഷെൽ കമ്പനികൾ ഓഹരി കൃത്രിമത്വം നടത്തുന്നതിനും കള്ളപ്പണം വെളുപ്പിച്ച് അദാനിയുടെ പ്രൈവറ്റ് കമ്പനികൾ വഴി ലിസ്റ്റഡ് കമ്പനികളുടെ ബാലൻസ് ഷീറ്റിൽ ഉൾപ്പെടുത്തി തങ്ങൾക്ക് ഇല്ലാത്ത സാമ്പത്തിക ഭദ്രത കാണിക്കാനാണ് ഉപയോഗിക്കുന്നതെന്ന് ഹിണ്ടൻബർഗ് റിപ്പോർട്ട് പ്രസ്താവിക്കുന്നു.
4. അദാനി ഗ്രൂപ്പ് നടത്തുന്ന ഓഹരി കൃത്രിമത്വം പുതിയ വിഷയം അല്ല. ഗ്രൂപ്പിന്റെ പ്രമോട്ടർമാർ ഉൾപ്പെടെ എഴുപതോളം പേരെ SEBI നിയമനടപടികൾക്ക് വിധേയരാക്കിയിട്ടുണ്ട്. 2007 ലെ SEBI അന്വേഷണപ്രകാരം അദാനി ഗ്രൂപ്പിന്റെ പ്രമോട്ടർമാർ കേതൻ പരേഖ് എന്ന കുപ്രസിദ്ധനായ ഓഹരി കൃത്രിമക്കാരന് എല്ലാവിധ സഹായസഹകരണവും നൽകിയിട്ടുണ്ടെന്ന് സംശയമേതുമില്ലാതെ തെളിയുകയുണ്ടായി. ഇതേ തുടർന്ന് അദാനി ഗ്രൂപ്പ് പ്രൊമോട്ടേഴ്സിന് SEBI രണ്ട് വർഷത്തേക്ക് നിരോധനം വിധിച്ചു. എന്നാൽ പിന്നീട് ഈ നടപടി കേവലം പിഴയായി ഇളവു ചെയ്തു കൊടുക്കുകയും ചെയ്തു. സർക്കാർ അദാനി ഗ്രൂപ്പിനോട് പുലർത്തിയ ഉദാരമായ സമീപനമാണ് ഇതിന് കാരണമെന്ന് ഹിണ്ടൻ ബർഗ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഹിണ്ടൻബർഗ്
റിപ്പോർട്ടിന് ശേഷം
അദാനി ഗ്രൂപ്പ് ഹിണ്ടൻബർഗിന് നൽകിയ മറുപടി 413 പേജ് അടങ്ങുന്നതാണ് എന്ന് നേരത്തേ പറഞ്ഞിരുന്നല്ലോ. ഇതിൽ ആദ്യത്തെ നാൽപതോളം പേജുകളിൽ മാത്രമാണ് ഹിണ്ടൻബർഗ് ഉന്നയിച്ച 88 ചോദ്യങ്ങൾക്കുള്ള മറുപടി അടങ്ങിയിരിക്കുന്നത്. ഭൂരിപക്ഷം ചോദ്യങ്ങൾക്കും അദാനി ഗ്രൂപ്പ് മറുപടി നൽകിയിട്ടില്ല, നൽകിയിട്ടുള്ളവയാകട്ടെ അവ്യക്തവും. വിനോദ് അദാനിയുടെ പണം ഇടപാടുകളുടെ ഉറവിടം സംബന്ധിച്ച ചോദ്യത്തിന് “We are neither aware not required to be aware of their source of funds’ എന്ന ഒഴിഞ്ഞുമാറുന്ന സമീപനമാണ് അദാനി ഗ്രൂപ്പ് സ്വീകരിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പിന്നോട്ട് അടിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ള ശ്രമങ്ങളുടെ ഫലമാണ് ഹിണ്ടൻബർഗ് റിപ്പോർട്ടെന്നും അത് രാജ്യതാൽപര്യങ്ങൾക്ക് എതിരാണെന്നും അദാനി ഗ്രൂപ്പ് അവരുടെ പ്രതികരണത്തിൽ പറയുന്നു.
ഇതേ തുടർന്ന് സുപ്രീംകോടതിയിൽ ഹിണ്ടൻബർഗ് റിപ്പോർട്ടിന്റെ വസ്തുതകൾ അന്വേഷിച്ച് നാല് പൊതു താൽപര്യ ഹർജികൾ സമർപ്പിക്കപ്പെട്ടു. തൽഫലമായി, സുപ്രീംകോടതി SEBI യോട് അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങളെ സംബന്ധിച്ച് അവർ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങൾ തുടരുവാൻ ആവശ്യപ്പെട്ടു. SEBI യുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സുപ്രീംകോടതി സിറ്റിംഗ് ജഡ്ജ് എ. എം. സാപ്രെയുടെ നേതൃത്വത്തിൽ ഒരു ആറംഗ കമ്മിറ്റിയെയും നിയോഗിച്ചു. തുടങ്ങിവച്ച അന്വേഷണം പൂർത്തീകരിക്കാൻ ഇപ്പോഴും SEBI-ക്ക് കഴിഞ്ഞിട്ടില്ല. സുപ്രീംകോടതി ആകട്ടെ, രാജ്യത്തിനുള്ളിലെ നിയന്ത്രണ ഏജൻസി എന്ന നിലയിൽ SEBI തന്നെ അവരുടെ അന്വേഷണം പൂർത്തീകരിച്ച് സമർപ്പിക്കുന്നതും അതിനെ അടിസ്ഥാനപ്പെടുത്തി തീരുമാനങ്ങൾ എടുക്കുന്നതുമാകും ഉചിതമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നു. ഹിണ്ടൻബർഗിന്റെ റിപ്പോർട്ടിനെയോ അവർക്ക് ശേഷം അദാനി ഗ്രൂപ്പിനെതിരെയുള്ള കണ്ടത്തലുകളുമായി പുറത്തിറങ്ങിയ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടിന്റെ (OCCRP) റിപ്പോർട്ടിനെയോ അവലംബിച്ച് ഈ കേസിൽ വിധി പറയാനാകില്ലയെന്ന് പറഞ്ഞിരിക്കുകയാണ് കോടതി. അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടും അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കാത്ത SEBI-ക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ടും നിയമജ്ഞൻ പ്രശാന്ത് ഭൂഷൻ സുപ്രീംകോടതിക്ക് സമർപ്പിച്ച പെറ്റീഷന്റെമേൽ വാദം കേൾക്കവേ പത്രവാർത്തകൾ വേദവാക്യങ്ങൾ ആയി കണ്ടു നിയമനടപടികൾ സ്വീകരിക്കാനാവില്ലയെന്നും കോടതി അഭിപ്രായപ്പെട്ടു.
ഉപസംഹാരം
വ്യവസായ ഭീമന്മാർക്ക് വേണ്ടത്ര പ്രോത്സാഹനവും ഇളവുകളും നൽകി തങ്ങളോട് ചേർത്തു നിർത്തുന്നതിൽ കോൺഗ്രസും ബിജെപിയും വ്യത്യസ്ത നിലപാട് ഉള്ളവരല്ല. തങ്ങളുടെ ഭരണകാലയളവിൽ തങ്ങൾക്ക് അഭിമതരായ വ്യവസായ ഭീമന്മാരെ കോൺഗ്രസും ആവോളം പിന്തുണച്ചിട്ടുണ്ട്. ഏറെക്കാലം കോൺഗ്രസിന്റെ നേതാവും കേന്ദ്ര ധനകാര്യ മന്ത്രിയുമായിരുന്ന പ്രണബ് കുമാർ മുഖർജിയും റിലയൻസ് ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ ബന്ധം ദില്ലിയിലെ പരസ്യമായ രഹസ്യമായിരുന്നു. 1977ൽ ഇന്ദിരാഗാന്ധി മന്ത്രിസഭ രാജിവെക്കുന്നതിന് തൊട്ടുമുൻപ്, ഇറക്കുമതി ലൈസൻസുകളും ആയി ബന്ധപ്പെട്ട്, അന്നത്തെ വില അനുസരിച്ച് ഏകദേശം നാല് കോടി രൂപയുടെ സൗജന്യം മുഖർജി വഴി ഇന്ദിരാഗാന്ധി ധീരുഭായി അംബാനിക്ക് സമ്മാനിച്ചത് ദീർഘമായി എഴുതപ്പെട്ടിട്ടുണ്ട്. “ദ പോളിസ്റ്റർ പ്രിൻസ്” എന്ന തന്റെ പുസ്തകത്തിൽ ഹമീഷ് മാക്ഡൊണാൾഡ് ഇത് ദീർഘമായി വിവരിച്ചിരുന്നുവെങ്കിലും ആ പുസ്തകത്തെ ഇന്ത്യയിൽ ഇറക്കാൻ പോലും ധീരുഭായി അംബാനിയും കോൺഗ്രസ് പാർട്ടിയും അനുവദിച്ചില്ല. ഇന്നും ആ പുസ്തകം ഇന്ത്യയിൽ ലഭ്യമല്ല എന്നത് കോൺഗ്രസും കോർപ്പറേറ്റ് ഗ്രൂപ്പുകളും തമ്മിലുള്ള ശിങ്കിടി മുതലാളിത്ത കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ തെളിവായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
അതേ സമയം, അദാനിയുടെ വളർച്ച ഹൈന്ദവ-കോർപ്പറേറ്റ് ബാന്ധവത്തിന്റെ ഉൽപ്പന്നമാണ്. ഹിംസാത്മകമായ സംഘപരിവാർ രാഷ്ട്രീയത്തിന്റെ സാമ്പത്തിക സ്രോതസ്സായി അത് മാറിയിരിക്കുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് കളങ്കം ചാർത്തിയ ഗോദ്ര കലാപം ഈ വളർച്ചയ്ക്ക് വഴിമരുന്നിട്ട പ്രധാന ഏടാണെന്നത് പ്രത്യേക ഓർമിക്കേണ്ടതുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങൾ രാജ്യത്തിനെതിരെ ഉള്ളവ തന്നെയെന്ന ഒരു വ്യവസായ ഭീമന്റെ പ്രഖ്യാപനം കെട്ടുകേൾവിയില്ലാത്തതാണ്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പിഴിഞ്ഞാണ് അദാനിയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ എസ്.ബി.ഐ യ്ക്ക് (SBI) 330 കോടി ഡോളറിന്റെ ലോൺ എക്സ്പോഷർ ആണ് അദാനി ഗ്രൂപ്പിനോടുള്ളത്. മറ്റൊരു പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന് (PNB) ഉള്ളതാകട്ടെ 80 കോടി ഡോളറിന്റെ ലോൺ എക്സ്പോഷറും. LIC-ക്ക് ഉള്ളത് 68000 കോടി ഡോളറിന്റെ ലോൺ എക്സ്പോഷറും ആണ്. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് ഈ കോർപ്പറേറ്റ് ഭീമൻ ഇത്തരത്തിൽ സമ്പത്ത് കുമിഞ്ഞു കൂട്ടി വെച്ചിരിക്കുന്നത് എന്നത് റിപ്പോർട്ട് ചെയ്യാൻ പോലും ഒട്ടുമിക്ക മാധ്യമങ്ങൾക്കും ഭയമാണ്. കാരണം, മാധ്യമ മേഖല മുഴുവനായി തന്നെ അദാനിയെപ്പോലെയുള്ള കോർപ്പറേറ്റ് ഭീമന്മാർ കൈവശപ്പെടുത്തിക്കഴിഞ്ഞു.
സമ്പദ് വ്യവസ്ഥയുടെ പ്രമുഖ മേഖലകളിൽ എല്ലാം സാന്നിധ്യമുള്ള അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങൾ ഏറെ ഗൗരവമുള്ളവയാണ്. അവരുടെ ദുഷ്ചെയ്തികളെ വെളിച്ചത്തു കൊണ്ടുവരാൻ വൈകുന്നതും അവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളാനുള്ള കാലവിളംബവുമാണ് രാജ്യതാൽപര്യങ്ങൾക്കെതിരായിട്ടുള്ളത്. ഈ കൂട്ടുകെട്ടിനെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാൻ നമുക്ക് കഴിയണം. ♦