Thursday, November 21, 2024

ad

Homeനവചലനങ്ങൾഗ്രേറ്റർ നോയിഡ കർഷക പ്രക്ഷോഭം: രാജ്യത്താകെ ഭൂഅവകാശങ്ങൾ
 സംരക്ഷിക്കാനുള്ള നിർണായക സമരം

ഗ്രേറ്റർ നോയിഡ കർഷക പ്രക്ഷോഭം: രാജ്യത്താകെ ഭൂഅവകാശങ്ങൾ
 സംരക്ഷിക്കാനുള്ള നിർണായക സമരം

പി കൃഷ്ണപ്രസാദ്

രാജ്യ തലസ്ഥാനമായ ഡൽഹിയുടെ സമീപം ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിറ്റിയുടെ ആസ്ഥാന മന്ദിരത്തിനു മുന്നിൽ അഖിലേന്ത്യാ കിസാൻ സഭയുടെ ബാനറിനുകീഴിൽ കർഷകരുടെ ഭൂ സമരം 52 –ാമത്തെ ദിവസത്തിലേക്ക് കടക്കുന്ന സന്ദർഭത്തിലാണ് ഈ ലേഖനം എഴുതുന്നത്. ഇതിനകം രാജ്യത്താകെ ശ്രദ്ധേയമായ കർഷക സമരമായി ഇത് മാറിക്കഴിഞ്ഞു. ഏപ്രിൽ 25 മുതൽ അതോറിറ്റി ആസ്ഥാനത്തിന് മുന്നിൽ രാത്രിയും പകലും സമരം തുടങ്ങി. ഏപ്രിൽ 25, മെയ് 2, മെയ് 15, തീയതികളിലായി നടന്ന സമരങ്ങൾ നൂറുകണക്കിന് സ്ത്രീകൾ അടക്കം മൂവായിരത്തോളം കർഷകർ പങ്കാളികളായി. ജൂൺ 6 നു ആസ്ഥാനത്തെ രണ്ട് കവാടങ്ങളും 5 മണി വരെ ഉപരോധിച്ച സമരം നടന്നു. സമരത്തിന് ശേഷം കർഷകർ പിരിഞ്ഞുപോയ സന്ദർഭത്തിൽ 7 മണിയോടെ 60 ലേറെ കർഷകരെ അറസ്റ്റ് ചെയ്യുകയും അതിൽ 34 നേതാക്കളെ തെരഞ്ഞുപിടിച്ച് ജയിലിൽ അടയ്ക്കുകയും ചെയ്തു. അവരെ 8 ദിവസം കഴിഞ്ഞിട്ടും വിട്ടയക്കാൻ തയ്യാറായിട്ടില്ല. ജൂൺ 6 നു ധർണ്ണ സ്ഥലം പോലീസ് കയ്യേറുകയും പാചക സാമഗ്രികളും കട്ടിലും മെത്തകളും അടക്കം എല്ലാ സാധനങ്ങളും എടുത്തുകൊണ്ടു പോകുകയും ചെയ്തു. ധർണ്ണ സ്ഥലത്തിന് ചുറ്റും കമ്പി വേലി കെട്ടി കാവൽ നിൽക്കുകയും ചെയ്തു.

കർഷകരെ അറസ്റ്റ് ചെയ്ത അതേ രാത്രി തന്നെ സ്ത്രീകൾ അടക്കം 700 ഓളം കർഷകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. സ്റ്റേഷനകത്ത് പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജിൽ സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടും പിരിഞ്ഞുപോകാതെ, സംയമനം വിടാതെ ഒരുമിച്ചു നിന്ന കർഷകർ സമാധാനപരമായി പ്രതിഷേധം തുടർന്നു. അർദ്ധ രാത്രി സ്വയം തീരുമാനിച്ചു കർഷകർ വീട്ടിലേക്കു മടങ്ങി. അടുത്ത ദിവസം രാവിലെ 1700 ഓളം കർഷകർ പോലീസ് ക്രൂരതയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി ധർണ്ണ സ്ഥലത്തേക്കെത്തുകയും പോലീസ് കാവൽ ഭേദിച്ച് ധർണ്ണ സ്ഥലം തിരിച്ചു പിടിച്ചു പ്രതിഷേധ യോഗം നടത്തുകയും ചെയ്തു. വീണ്ടും പൊലീസ് കയ്യേറാതെ രാത്രിയും പകലും നൂറു കണക്കിന് സ്ത്രീകൾ അടക്കം ധർണ്ണ സ്ഥലത്ത് താമസിച്ചു സമരം തുടരുകയാണ്.

124 ഗ്രാമങ്ങൾ നോട്ടിഫിക്കേഷൻ നടത്തി. 1991 ൽ 32 വർഷം മുൻപാണ് അതോറിറ്റി സ്ഥാപിച്ചത്. 49 ഗ്രാമങ്ങളിലെ ഭൂമി പദ്ധതിക്കായി ഇതിനകം നിരവധി ഘട്ടങ്ങളിലായി ഏറ്റെടുത്തു. ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ 1894 ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമാണ് ഭൂമിയുടെ നഷ്ടപരിഹാര തുക നിശ്ചയിച്ചത്. തുച്ഛമായ തുകയ്ക്കെതിരെ 1992 ൽ അഖിലേന്ത്യാ കിസാൻ സഭ പ്രവർത്തകർ സർദാറാം ഭാട്ടിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. വികസിതമാകുന്ന ഭൂമിയിൽ നിശ്ചിത ശതമാനം കർഷകർക്ക് തിരികെ നല്കണം എന്ന ആവശ്യം ഈ സമരങ്ങളിൽ ഉയർന്നു. 1997 ൽ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കാനുള്ള തീരുമാനം എടുക്കുന്നതിൽ സമരം വിജയിച്ചു. എന്നാൽ അവ നടപ്പാക്കാൻ തയ്യാറാകാതെ വന്ന സാഹചര്യത്തിൽ വഞ്ചിതരായ കർഷകർ നടത്തിയ സമരങ്ങൾ അധികൃതർ ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുകയും അക്രമങ്ങൾ നടക്കുകയും പൊലീസ് വെടിവെപ്പിൽ കർഷകർ രക്തസാക്ഷികളാവുകയും ചെയ്തു.

2013 ലെ ഭൂമി ഏറ്റെടുക്കൽ, (ന്യായമായ നഷ്ടപരിഹാരം, അറിയാനുള്ള അവകാശം) പുനരധിവാസ നിയമം രണ്ടാം യുപിഎ സർക്കാർ പാസാക്കുന്നതുവരെ നിരവധി സമരങ്ങൾ കർഷകർ നടത്തി. കോടതികളിൽ നിന്നും അനുകൂല വിധികളും നേടാനായി. എന്നാൽ കോടതി നല്കിയ ആനുകൂല്യങ്ങളും നടപ്പാക്കാതിരിക്കാനാണ് അധികൃതരും സംസ്ഥാന സർക്കാരും തയ്യാറായത്.

2013 ലെ നിയമപ്രകാരം ഗ്രാമീണ മേഖലയിൽ ഭൂമിയുടെ സർക്കിൾ നിരക്കിന്റെ 4 മടങ്ങ് തുക നഷ്ടപരിഹാരമായി കർഷകർക്ക് നല്കണം. എന്നാൽ സർക്കിൾ നിരക്ക് 2014 നു ശേഷം വർദ്ധിപ്പിക്കാൻ അധികൃതർ നടപടി എടുത്തില്ല. ചതുരശ്ര മീറ്ററിന് 4125 രൂപ നിരക്കിലാണ് കർഷകരിൽ നിന്നും ഭൂമി ഏറ്റെടുത്തത്. അത് ചതുരശ്ര മീറ്ററിന് 72,000 രൂപ (എഴുപത്തിരണ്ടായിരം രൂപ) നിരക്കിലാണ് നിലവിൽ അതോറിറ്റി സ്വകാര്യ കമ്പനികൾക്ക് ലീസിന് നല്കുന്നത്. ഇതാണ് കർഷകർ നേരിടുന്ന ചൂഷണത്തിന്റെ തീവ്രത.

2013 ലെ നിയമ പ്രകാരം ഭൂ-ഉടമകൾക്കും ഗ്രാമവാസികൾക്കും ലഭിക്കാനുള്ള അവകാശങ്ങളിൽ ഉയർന്ന നഷ്ടപരിഹാരം മാത്രമല്ല പ്രധാനം. ഭൂമിയും വീടും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി അധികൃതർ നടപ്പിലാക്കണം. ഭൂ രഹിത കുടുംബങ്ങൾക്ക് 75 ചതുരശ്ര മീറ്റർ ഹൗസ് പ്ലോട്ട് ലഭ്യമാക്കണം. ഭൂമി ഏറ്റെടുക്കൽ പദ്ധതി ബാധിച്ച കുടുംബങ്ങൾക്ക് തുടർന്നു വരുമാനവും ജീവിതോപാധിയും ലഭ്യമാക്കാൻ പദ്ധതിയുടെ ഭാഗമായി വരുന്ന വ്യവസായ – സേവന സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കണം. പൊതു വിദ്യാഭ്യാസ- ആരോഗ്യ സേവനം ഉറപ്പുവരുത്തണം. വികസിത മായ ഭൂമിയിൽ നിശ്ചിത ശതമാനം വാണിജ്യ- സേവന സംരംഭങ്ങൾ ആരംഭിക്കാൻ കർഷകർക്ക് അഥവാ ഭൂ ഉടമകൾക്ക് തിരികെ നല്കണം. ഏറ്റെടുത്ത ഭൂമി 5 വർഷം കഴിഞ്ഞാൽ തരിശായി തുടരുകയാണെങ്കിൽ അത് കൃഷി ചെയ്യാനായി കർഷകർക്ക് തിരികെ ലീസ് നല്കണം.

എന്നാൽ 2014 ൽ അധികാരത്തിൽ വന്ന ബിജെപി നയിച്ച ഒന്നാം നരേന്ദ്ര മോദി സർക്കാർ 2013 ലെ നിയമം അട്ടിമറിക്കാനാണ് തയ്യാറായത്. അതിനായി 2015 ൽ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് കൊണ്ടുവന്നു. ബിജെപിയുടെ കർഷകരോടുള്ള ശത്രുത വ്യക്തമാക്കുന്നതാണ് ഈ നടപടി. എന്നാൽ കർഷക സംഘടനകൾ ഭൂമി അധികാർ ആന്ദോളൻ എന്ന വേദി രൂപീകരിച്ചു ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ഓർഡിനൻസ് നിയമമാക്കാൻ സാധിക്കാത്ത രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ട്. ഈ സ്ഥിതി മറികടക്കാൻ സംസ്ഥാന സർക്കാരുകൾ നിയമ സഭകളിൽ നിയമം പാസാക്കാനാണ് പ്രധാനമന്ത്രി നിർദേശം നല്കിയത്. ഉത്തർ പ്രദേശിലും സംസ്ഥാന നിയമം പാസ്സാക്കി കർഷകരുടെ അവകാശങ്ങൾ നിഷേധിക്കാനാണ് സംസ്ഥാന സർക്കാർ തയ്യാറായത്.

2020–21 ലെ ഡൽഹി കേന്ദ്രീകരിച്ച് നടന്ന 3 കാർഷിക നിയമങ്ങൾ പിൻവലിപ്പിക്കുന്നതിൽ വിജയിച്ച ഐതിഹാസികമായ കർഷക സമരം നേടിയ വിജയം ഗ്രേറ്റർ നോയിഡ കർഷകരുടെയും ആൽമവിശ്വാസം വർദ്ധിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് 2023 ഫെബ്രുവരി മുതൽ ആരംഭിച്ച നിലവിലെ സമരത്തെ വിലയിരുത്തേണ്ടത്. ഈ തവണ കർഷകരുടെ മുഖ്യ ശക്തിയായി മാറിയത് 39 ഗ്രാമങ്ങളിൽ 27 ഗ്രാമങ്ങളിലും അഖിലേന്ത്യാ കിസാൻ സഭയുടെ അംഗങ്ങളെ ചേർക്കാനും ഗ്രാമ കമ്മിറ്റികൾ രൂപീകരിക്കാനും ഗൌതം ബുദ്ധ നഗർ ജില്ലാ കമ്മിറ്റിയും ഡൽഹി- എൻസിആർ (നാഷണൽ കാപ്പിറ്റൽ റീജിയൻ) സംസ്ഥാന കമ്മിറ്റിയും രൂപീകരിക്കാനും സാധിച്ചതാണ്. അതിന്റെ ഫലമായി ഓരോ ഗ്രാമത്തിലും കിസാൻ സഭ പ്രവർത്തനം ശക്തിപ്പെടുത്തി ഗ്രാമങ്ങളെ സമരത്തിന്റെ വേദിയായി മാറ്റാൻ സാധിച്ചു. ഓരോ ഗ്രാമത്തിലും ഗ്രാമ പഞ്ചായത്തും പ്രഭാത ഭേരിയും നടത്തി ഗ്രാമീണ അന്തരീക്ഷത്തെ രാഷ്ട്രീയമായി സ്വാധീനിക്കാൻ കിസാൻ സഭയ്ക്ക് സാധിച്ചു. സിഐടിയുവിന് താരതമേ-്യന ശക്തമായ യൂണിറ്റ് ഉള്ളതിനാൽ പൂർണ്ണമായ പിന്തുണയും സഹായങ്ങളും കർഷകർക്ക് ലഭിക്കുന്നു. പ്രാദേശികമായി എല്ലാ രാഷ്ട്രീയ പാർട്ടികളും സമരത്തെ പിന്തുണക്കുകയാണ്.

ഉത്തർ പ്രദേശ് പൊലീസ് നിയമവിരുദ്ധമായ നടപടികളിലൂടെയാണ് കർഷകരെ നേരിടുന്നത്. കർഷക നേതാക്കളുടെ വീട്ടിലെത്തി ഹൗസ് അറസ്റ്റ് പ്രഖ്യാപിക്കുകയാണ് പൊലീസിന്റെ രീതി. കർഷകർക്ക് ഭക്ഷണം എത്തിക്കുന്ന കാറ്ററിങ് സർവീസ് ദാതാക്കളെ ഭീഷണിപ്പെടുത്തുകയും അവരുടെ ഷോപ്പ് അടച്ചുപൂട്ടുകയും ചെയ്തു. സിഐടിയു നോയിഡ ജില്ലാ ഓഫീസിലെത്തിയ പൊലീസ് ഓഫീസ് അറസ്റ്റ് എന്ന പുതിയ നടപടിയും പ്രഖ്യാപിച്ചു. സിഐടിയു നേതാവ് ഗംഗേശ്വർ ദത്ത് ശർമ്മയുടെ കൂടെ നിരീക്ഷകരായി രണ്ട് പൊലീസുകാരെ ഡ്യൂട്ടിക്ക‍് നിയോഗിച്ചു. ഇതെല്ലാം പൊലീസ് പീനൽ കോഡിലും, ഇന്ത്യൻ ശിക്ഷാ നിയമത്തിലും കാണാത്ത ഉത്തർ പ്രദേശിലെ യോഗി ഭരണത്തിൽ മാത്രം കാണുന്ന സവിശേഷ പൊലീസ് നടപടികളാണ്.

ഗ്രേറ്റർ നോയിഡ കർഷക സമരം ശക്തമായി തുടരുകയാണ്. സമരത്തിന് പിന്തുണയായി ജൂൺ 12 നു ഉത്തർ പ്രദേശിലെ സംയുക്ത കിസാൻ മോർച്ച ജില്ലാ തലത്തിൽ കർഷക മാർച്ചു സംഘടിപ്പിച്ചു. അതിനുശേഷം ജില്ലാ കളക്ടർമാർ മുഖേനെ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സമാജ് വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ആം ആദ്മി പാർട്ടി, സിപിഐ എം എന്നീ പാർട്ടികളുടെ നേതാക്കളും എംപി മാരും എംഎൽഎമാരും പിന്തുണയുമായി എത്തി. വരും നാളുകളിൽ സമരം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് കിസാൻ സഭയുടെ തീരുമാനം.

ഉത്തർ പ്രദേശിൽ നടക്കുന്ന അഖിലേന്ത്യാ കിസാൻ സഭയുടെ ഉജ്ജ്വല പ്രക്ഷോഭത്തിന് രാജ്യത്താകെയുള്ള കോടിക്കണക്കിന് വരുന്ന കർഷകരുടെ പിന്തുണയുണ്ട്. ബിജെപി–ആർഎസ്എസ് കൂട്ടുകെട്ടിന്റെ കർഷകദ്രോഹ നയങ്ങളെ 2024 ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ തുറന്നുകാണിക്കാനും കർഷകരെ അണിനിരത്തി ബിജെപിയെ പരാജയപ്പെടുത്താനും ഈ സമരം വലിയ പങ്കുവഹിക്കും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 2 =

Most Popular