മോദി സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് ആർഎസ്എസിനും അവരുടെ പരിവാർ സംഘടനകൾക്കും താൽപര്യമില്ലാത്ത വിഷയങ്ങൾ ഓരോന്നായി എൻസിഇആർടി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. കേവലം രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി മാത്രം എല്ലാ മാനദണ്ഡങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് പാഠപുസ്തകങ്ങളിലെ ഈ വെട്ടിമാറ്റൽ. നിലവിൽ പത്താം ക്ലാസിൽ പഠിപ്പിച്ചുവന്ന രാഷ്ട്രമീമാംസാ പുസ്തകത്തിലെ ജനാധിപത്യവും വെെവിധ്യവും, ജനമുന്നേറ്റങ്ങൾ, രാഷ്ട്രീയപ്പാർട്ടികൾ, ജനാധിപത്യം നേരിടുന്ന വെല്ലുവിളി എന്നീ പാഠഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. അതുപോലെ പത്താം ക്ലാസിലെ തന്നെ ആവർത്തന പട്ടികയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ഒഴിവാക്കിയിരിക്കുകയാണ്.
രാജ്യത്തെ വസ്തുനിഷ്ഠ സാഹചര്യങ്ങളൊന്നും വിദ്യാർഥികൾ പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യരുതെന്ന സംഘപരിവാറിന്റെ വാശിയാണ് പാഠപുസ്തകങ്ങളിലെ വെട്ടിമാറ്റലിൽനിന്ന് വ്യക്തമാകുന്നത്.
പതിനൊന്നാം ക്ലാസിലെ ‘ഇന്ത്യൻ ഇക്കണോമിക് ഡവലപ്പ്മെന്റ്’ എന്ന പുസ്തകത്തിലെ ‘പോവർട്ടി’ (ദാരിദ്ര്യം) എന്ന അധ്യായം ഇനി മുതൽ കുട്ടികൾ പഠിക്കേണ്ട എന്നാണ് എൻസിഇആർടി കൽപിച്ചിരിക്കുന്നത്. 2014ൽ അതായത് മോദി അധികാരത്തിൽ വന്ന സമയത്ത് ആഗോളപട്ടിണി സൂചികയിൽ മൊത്തം 121 രാജ്യങ്ങളുള്ളതിൽ ഇന്ത്യയുടെ സ്ഥാനം 55 ആയിരുന്നു. എന്നാൽ കഴിഞ്ഞവർഷം 2022ൽ ഇന്ത്യയുടെ സ്ഥാനം 107ൽ എത്തിയിരിക്കുകയാണ്. പട്ടിണിക്കാരുടെ എണ്ണവും ദാരിദ്ര്യത്തിന്റെ കാഠിന്യവും ഇരട്ടിയായിരിക്കുന്നു എന്നർത്ഥം. അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നാണ് ആഗോള പട്ടിണി സൂചിക വസ്തുതകൾ നിരത്തി സ്ഥാപിച്ചത്. ദാരിദ്ര്യം ഇന്ത്യയിലെ മഹാഭൂരിപക്ഷം കുട്ടികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്. പട്ടിണി എന്ന അധ്യായം പാഠപുസ്തകത്തിൽനിന്നു വെട്ടിമാറ്റിയാൽ വിദ്യാർഥികൾ പട്ടിണിയെക്കുറിച്ച് ചിന്തിക്കില്ല എന്ന മോദി സർക്കാരിന്റെ സങ്കൽപം അങ്ങേയറ്റം പരിഹാസ്യമാണെന്നു മാത്രമല്ല അതിവിചിത്രമാണുതാനും. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ‘അതിബുദ്ധി’യാണത്.
സമാധാനം, വികസനം തുടങ്ങിയ പാഠഭാഗങ്ങളും പതിനൊന്നാം ക്ലാസിലെ സിലബസിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ് എൻസിഇആർടി. വോട്ടു രാഷ്ട്രീയത്തിനുവേണ്ടി സംഘപരിവാർ കലാപങ്ങളും ആക്രമണോൽസുകതയും പ്രോൽസാഹിപ്പിക്കുന്ന ഈ വേളയിൽ വിദ്യാർഥികൾ സമാധാനത്തെക്കുറിച്ച് പഠിക്കുകയേ വേണ്ട എന്നാണ് – മോദി സർക്കാരിന്റെ തീട്ടൂരം. ജാതി, മത, ലിംഗ വിവേചനം ഉൾപ്പെടെയുള്ള ഒട്ടനവധി സാമൂഹിക അസമത്വങ്ങൾ പെരുകിവരുന്ന കാലയളവാണിത്. അതുപോലെ രാജ്യത്തെ ഒരുപിടി സമ്പന്നർ സ്വത്തു വാരിക്കൂട്ടുകയും പാവപ്പെട്ട ജനവിഭാഗങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്കു പതിക്കുകയും ചെയ്യുന്ന സമയമാണിത്. മോദി ഭരണത്തിന്റെ കുത്തക പ്രീണനം അസമത്വവും അനീതിയും പതിന്മടങ്ങു വർദ്ധിപ്പിക്കുന്നു എന്ന യാഥാർത്ഥ്യത്തിലേക്ക് വിദ്യാർഥികളുടെ ശ്രദ്ധ പതിയുകയേ ചെയ്യരുത് എന്ന വാശിയാണതിനുപിന്നിൽ. കോവിഡിനുശേഷമുള്ള വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാനാണ് ഈ പാഠഭാഗങ്ങൾ ഒഴിവാക്കുന്നതെന്നാണ് ഔദേ–്യാഗിക ഭാഷ്യം. എന്നാൽ വസ്തുനിഷ്ഠ യാഥാർത്ഥ്യം അവരെ തിരിഞ്ഞുകൊത്തുകയാണ്.
പാഠപുസ‍്തകങ്ങളിലെ മർമ പ്രധാനമായ ചില ഭാഗങ്ങൾ എൻസിഇആർടി ഒഴിവാക്കിയത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. ഡാർവിന്റെ പരിണാമ സിദ്ധാന്തം, ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിൽ ഗാന്ധിജിക്കുണ്ടായിരുന്ന എതിർപ്പ്, ഗാന്ധിവധം, ആർഎസ്എസ് നിരോധനം, ഗുജറാത്ത് കലാപം എന്നിവയെക്കുറിച്ചുള്ള പാഠങ്ങളും പരാമർശങ്ങളും ആണ് പാഠപുസ‍്തകങ്ങളിൽനിന്ന് പരിപൂർണമായും ഒഴിവാക്കിയത്. ബിജെപിക്കും ആർഎസ്എസിനും അവരുടെ പരിവാർ സംഘടനകൾക്കും ഹിതകരമല്ലാത്ത കാര്യങ്ങളാണ് ഇവയെന്ന് ഒറ്റനോട്ടത്തിൽ തന്നെ ആർക്കും മനസ്സിലാകും. മേൽപറഞ്ഞ പാഠഭാഗങ്ങൾ സ്കൂൾ സിലബസിൽനിന്ന് ഒഴിവാക്കിയതിന്റെ പ്രത്യാഘാതങ്ങൾ മെയ് 19ന്റെ ചിന്തയിൽ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധർ വിശദീകരിച്ചിട്ടുണ്ട്. (സിലബസിലെ മാറ്റത്തിനുപിന്നിൽ എന്ന കവർസ്റ്റോറിയിലെ ലേഖനങ്ങൾ കാണുക).
ബ്രിട്ടീഷ് ഭരണകാലത്ത് പിൻതുടർന്ന പാഠപുസ്തക രീതിയിൽ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 1964ൽ നാഷണൽ കൗൺസിൽ ഫോർ എജ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) സ്ഥാപിക്കപ്പെട്ടത്. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തുന്നതിനും ഒരു പരിധിവരെ എൻസിഇആർടിക്ക് സാധിച്ചു എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മതനിരപേക്ഷത, ജനാധിപത്യം, സാമൂഹികനീതി, ശാസ്ത്രബോധം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് അവബോധം ജനിപ്പിക്കുന്ന പാഠഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നു. എന്നാൽ മോദി സർക്കാർ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് എൻസിആർടിയെ ഉപയോഗിക്കുകയാണ്.
മോദി സർക്കാർ പിൻപറ്റുന്നത് മനുസ്മൃതിയിൽ അധിഷ്ഠിതമായ ഹിന്ദുത്വ ആശയങ്ങളാണ്. അതാകട്ടെ മതനിരപേക്ഷ ജനാധിപത്യ സങ്കൽപങ്ങളെ പാടേ നിരാകരിക്കുന്നതാണ്. ദേശീയ വിദ്യാഭ്യാസനയം 2020 എന്ന രേഖയിൽ മതനിരപേക്ഷത എന്ന വാക്ക് ഒരിടത്തും ഉപയോഗിക്കപ്പെട്ടിട്ടില്ല. ജനാധിപത്യത്തിനും ആർഎസ്എസ്/ബിജെപി തെല്ലും വില കൽപിക്കുന്നില്ല. പാർലമെന്റിൽ തന്നെ പ്രധാനമന്ത്രി ചോദ്യങ്ങളെ അഭിമുഖീകരിക്കുന്ന പ്രശ്നമില്ലല്ലോ. അതുപോലെ ഒമ്പതു വർഷം പിന്നിട്ട മോദി ഭരണത്തിൻകീഴിൽ മാധ്യമ സമ്മേളനങ്ങളിൽ എത്രയെണ്ണത്തിൽ മോദി പങ്കെടുത്തിട്ടുണ്ട്? ജനഹിതത്തിനനുസരിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത സാമാജികരെ വിലയ്ക്കെടുത്ത് സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കുക എന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണ്. മഹാരാഷ്ട്ര, കർണാടകം, ഗോവ, ബീഹാർ എന്നിവിടങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പലതിലും ‘ഓപ്പറേഷൻ താമര’ എന്ന പേരിൽ നിയമസഭാംഗങ്ങളെ വിലയ്ക്കെടുത്താണ് ബിജെപി ഭരണം നടത്തിയത്.
ജനാധിപത്യത്തിനോ ജനാഭിപ്രായങ്ങൾക്കോ തെല്ലും വിലകൽപിക്കാത്തതുകൊണ്ടാണ് ജനാധിപത്യത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ പത്താം ക്ലാസിലെ രാഷ്ട്രമീമാംസ പാഠപുസ്തകത്തിൽനിന്ന് പാടേ ഒഴിവാക്കിയത്. ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെക്കുറിച്ചു പഠിക്കുന്ന വിദ്യാർഥി സ്വാഭാവികമായും ആരിൽനിന്നാണ‍് വെല്ലുവിളി നേരിടുന്നത് എന്ന് ചിന്തിക്കുമല്ലോ? ഇപ്പോൾ ജനാധിപത്യം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് ആർഎസ്എസ് / ബിജെപിയിൽനിന്നും മോദി സർക്കാരിൽനിന്നുമാണെന്നുള്ളത് വളരെ വ്യക്തമാണ്. ആ രീതിയിലുള്ള അനേ–്വഷണത്തിലേക്ക് വിദ്യാർഥികൾ പോകേണ്ട എന്ന് മോദി സർക്കാർ തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല.
ജനമുന്നേറ്റങ്ങളെ മോദി സർക്കാർ വല്ലാതെ ഭയപ്പെടുന്നുണ്ട്. പ്രത്യേകിച്ച് കർഷക പ്രക്ഷോഭത്തിന്റെ ഐതിഹാസികമായ വിജയത്തിനുശേഷം. സമാധാനത്തോടെ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന പൗരർക്ക് നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ജനമുന്നേറ്റത്തെക്കുറിച്ച് കുട്ടികൾ പഠിച്ചാൽ അവരുടെ അനേ-്വഷണം പ്രക്ഷോഭങ്ങളെക്കുറിച്ചും അതുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെക്കുറിച്ചും ആകും എന്നും ബിജെപി സർക്കാരും ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങളും ഭയക്കുന്നു.
മതനിരപേക്ഷ മൂല്യങ്ങളും ഉന്നതമായ ജനാധിപത്യബോധവും സ്വാംശീകരിച്ചു വളരേണ്ട വിദ്യാർഥികളെയാണ് അതിനു കടകവിരുദ്ധമായ മൂല്യബോധമുള്ളവരാക്കാൻ മോദി സർക്കാരും സംഘപരിവാറും കിണഞ്ഞു പരിശ്രമിക്കുന്നത്. പക്ഷപാതമില്ലാത്തതും വസ്തുനിഷ്ഠവുമായ ചരിത്രം വിദ്യാർഥികൾ പഠിക്കേണ്ട സ്ഥാനത്താണ് വക്രീകരിക്കപ്പെട്ട ചരിത്രം പഠിപ്പിക്കാൻ ബിജെപി സർക്കാർ തന്നെ മുൻകെെയെടുക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് ഇപ്പോഴത്തെ പാഠഭാഗങ്ങളുടെ വെട്ടിമാറ്റലും തിരുകിക്കയറ്റലും.മോദി സർക്കാർ അധികാരത്തിൽ വന്ന 2014നുശേഷം ഇതു നാലാം തവണയാണ് വെട്ടിമാറ്റൽ വരുത്തുന്നത് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ♦