Friday, May 3, 2024

ad

Homeമാധ്യമം/സംവാദംനാലാം തൂണും 
തുരുമ്പെടുക്കുമ്പോൾ

നാലാം തൂണും 
തുരുമ്പെടുക്കുമ്പോൾ

കെ വി സുധാകരൻ

ഹിറ്റ്ലറുടെ ചരിത്രം 
ആവർത്തിക്കുന്നു

1933ൽ ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിലെത്തി ആദ്യം ചെയ്തത് അവിടത്തെ പത്രങ്ങളെ വരുതിയിലാക്കുകയായിരുന്നു. തന്റെ താൽപര്യങ്ങൾക്കും ഫാസിസ്റ്റ‍് ചിന്താഗതിയുടെ പ്രചാരണത്തിനും സന്നദ്ധരാകാതിരുന്ന പത്രങ്ങളെയെല്ലാം ഹിറ്റ്ലർ കെട്ടുകെട്ടിച്ചു. മാസങ്ങൾക്കുള്ളിൽത്തന്നെ ജർമനിയിലെ പത്രങ്ങളുടെ എണ്ണം 4700ൽനിന്ന് 1700ൽ താഴെയായി. നിലനിന്ന പത്രങ്ങളാകട്ടെ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും, ഹിറ്റ‍്ലർക്ക് അനിഷ്ടമുണ്ടാക്കാതെയും പ്രവർത്തിക്കുകയാണു ചെയ്തതെന്നും ചരിത്രം പറയുന്നുണ്ട്. ഏതാണ്ട് ഇതേ രീതിയിൽ ഭരണകൂടത്തിന് വിപ്രതിപത്തിയൊന്നും തോന്നാതിരിക്കാൻ പാടുപെടുകയാണ് മലയാളത്തിലെയടക്കം മുഖ്യധാരാ മാധ്യമങ്ങൾ ചെയ്യുന്നത്.

കമ്യൂണിസ്റ്റ് – ഇടതുപക്ഷ വിരുദ്ധത
കേരളത്തിലേക്കു വരുമ്പോൾ ഇവിടത്തെ പത്ര മാധ്യമങ്ങൾക്കു മറ്റൊരു സവിശേഷത കൂടിയുണ്ട്. അത് പ്രകടുമായ കമ്യൂണിസ്റ്റ് – ഇടതുപക്ഷ വിരുദ്ധതയാണ്. 1959ലെ കുപ്രസിദ്ധമായ വിമോചന സമരത്തിന്റെ കാലം മുതൽ ആരംഭിച്ചതാണിത്. അന്ന് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെയും, ഇ എം എസ് ഗവൺമെന്റിനെതിരെയും നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ എഴുതി പ്രചരിപ്പിച്ചാണ് സാധാരണ ജനത്തെ സർക്കാരിനെതിരാക്കാൻ ശ്രമിച്ചതെങ്കിൽ, അത് ഇപ്പോൾ പുതിയ രൂപഭാവങ്ങളോടെ പത്രങ്ങളിലും, വാർത്താ ചാനലുകളിലും വരുന്നുവെന്നുമാത്രം.

പ്രധാന ചാനലുകളുടെ ചർച്ചകളുടെ അതിരും പതിരും ഇത് തെളിയിക്കുന്നുണ്ട്. രാത്രി സമയ ചർച്ചകളിൽ അവതാരകനായി വരുന്നയാൾ ആദ്യമേ തന്നെ ചർച്ചാ വിഷയത്തിന്റെ സാരസർവസ്വം അവതരിപ്പിക്കും. അത് അവതരിപ്പിക്കുമ്പോൾ, നേരത്തെ ചൂണ്ടിക്കാണിച്ച മാധ്യമ നിഷ്പക്ഷത, മാധ്യമ ധാർമികത, വസ്തുനിഷ്ഠത, കൃത്യത തുടങ്ങിയ മൂല്യങ്ങൾക്കൊന്നും അനുസരിച്ചായിരിക്കുകയില്ല അവതാരകന്റെ തുടക്കം. വിഷയം രാഷ്ട്രീയമോ, സിപിഐ എമ്മിനേയോ, ഇടതുപക്ഷത്തേയോ ആക്രമിക്കാൻ സഹായകമായതോ, എൽഡിഎഫ് ഗവൺമെന്റിനെയോ, മുഖ്യമന്ത്രി പിണറായി വിജയനെയോ അധിക്ഷേപിക്കാൻ വകുപ്പുള്ളതോ ആയ കാര്യമാണെങ്കിൽ (ഒന്നുമില്ലെങ്കിൽ ഇതൊക്കെ ഗവേഷണം ചെയ്ത് കൊണ്ടുവരാനും ഇക്കൂട്ടർ മിടുക്കരാണ‍്!) അവതാരകർക്ക് ആവേശം ‘അഹമഹമികയാ പാപകജ്വാലകൾ പോലെ’ അംബരത്തോളമുയരും. ഒരു പ്രമുഖ വാർത്താചാനലിന്റെ അവതാരകനാണെങ്കിൽ ആദ്യ അഞ്ചു മിനിറ്റുനേരം ഒരു കഥാപ്രസംഗം തന്നെ നടത്തിയിട്ടേ ചർച്ചയിലേക്കു കടക്കൂ.

ഇടതുപക്ഷ വിരുദ്ധത സന്ധിയും സമാസവും ചേർത്തു പറയാൻ കഴിവുള്ളവരെന്നു കരുതുന്ന ചില ‘വിദഗ്ദ്ധർ’ ആയിരിക്കും മിക്കവാറും ചാനലുകളിൽ സ്ഥിരമായെത്തുന്നത്. ഒരേ രൂപം തന്നെ. ഒരു ദിവസം രാഷ്ട്രീയ നിരീക്ഷകനാണെങ്കിൽ (രാഷ്‍ട്രീയം നിരീക്ഷിക്കുകയാണോ, രാഷ്ട്രീയത്തിൽ ഇടപെടലുകൾ നടത്തുകയാണോ വേണ്ടതെന്നൊന്നും ചോദിച്ചു പോകരുത്!) ഇതേയാൾതന്നെ അടുത്ത ദിവസം നിയമവിദഗ്ദ്ധനാകും. പിന്നീടുള്ള ദിവസങ്ങളിൽ സാമൂഹ്യ നിരീക്ഷകന്റേയും, വിദ്യാഭ്യാസ വിചക്ഷണന്റേയും, സാമ്പത്തിക വിദഗ്ധന്റെയും പരിസ്ഥിതി വിദഗ്ധന്റേയുമൊക്കെ പട്ടം ഇതേ ആൾക്കുതന്നെ ചാർത്തിക്കൊടുക്കും. എന്നു പറഞ്ഞാൽ, നിങ്ങൾക്ക് ഒരു ബഹുമുഖ പ്രതിഭയാകണമെങ്കിൽ മലയാളത്തിലെ ചാനൽ ചർച്ചകളിൽ പങ്കെടുത്താൽ മതി എന്നായിട്ടുണ്ട്. ചർച്ചകളാകട്ടെ മുഴുവൻ ശബ്ദ ബഹളങ്ങളും അർത്ഥരഹിതമായ കോലാഹലങ്ങളും മാത്രം. ഷേക്സ്പിയറിന്റെ ‘മക്ബത്ത്’ നാടകത്തിൽ നായകനായ മക്ബത്ത് പറയുന്നതുപോലെ, മുഴുവൻ ശബ്ദബഹളങ്ങളും ആക്രോശങ്ങളും, ഒന്നും ദ്യോതിപ്പിക്കുന്നുമില്ല (full of sound and fury, signifying nothing). പഠനകാലത്തെല്ലാം ഇടതുപക്ഷാഭിമുഖ്യത്തിന്റെ മേനി നടിക്കുന്ന ചില അവതാരകരുണ്ട്. പക്ഷേ അവരും പറഞ്ഞുവരുന്നതു മുഴുവൻ എൽഡിഎഫ് സർക്കാരിനെയും പിണറായി വിജയനെയും സിപിഐ എമ്മിനെയും ഏതു വിധേനയും ആക്ഷേപിക്കുന്നതും അപഹസിക്കുന്നതുമായ കാര്യങ്ങളാണ്. ചാനലുകളുടെ മായിക പ്രപഞ്ചത്തിന്റെ പശ്ചാത്തലത്തിലുള്ള ഇത്തരം വാചാടോപങ്ങളിലെ ഇടതുപക്ഷ വിരുദ്ധതയെ അതിന്റെ സാകല്യാവസ്ഥയിൽ മനസ്സിലാക്കാൻ പോലുമുള്ള സാവകാശം പ്രേക്ഷകന് ലഭിക്കുന്നുമില്ല. അമേരിക്കൻ ചരിത്രകാരനായ ബ്രൂസ് കമിംഗ്സ് (Bruce Cummings) 1992ൽ യുദ്ധവും ടെലിവിഷനും (War and Television) എന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. അമേരിക്ക 1991ൽ ഇറാഖിൽ നടത്തിയ അധിനിവേശവും, അത് മാധ്യമങ്ങൾ കെെകാര്യം ചെയ്ത രീതിയും വിശകലനം ചെയ്യുന്നതാണ് ഈ ഗ്രന്ഥം. ‘ആദ്യ ടെലിവിഷൻ യുദ്ധം’ എന്നാണ് കമിംഗ്സ് ഇറാഖ് യുദ്ധത്തെ ഇതിൽ വിശേഷിപ്പിക്കുന്നത്. ടെലിവിഷൻ എങ്ങനെയാണ് ഒരു യുദ്ധത്തെ നിർണയിക്കുന്നതെന്നാണ് ഇതിൽ വിശദമാക്കുന്നത്. തൃശൂർ പൂരത്തിന്റെ വെടിക്കെട്ടു കാണുന്ന ലാഘവത്തോടെ ബാഗ്ദാദിൽ അമേരിക്കയുടെ സ്കഡ് മിസെെൽ പതിക്കുന്ന ദൃശ്യം ലോകമെമ്പാടുമുള്ള പ്രേക്ഷകർ സിഎൻഎൻ ടിവിയിലൂടെ കണ്ടു. ജോർജ് ബുഷ് മാത്രമല്ല, സദ്ദാം ഹുസെെനും യുദ്ധ ദൃശ്യങ്ങളും വാർത്തകളും കണ്ടതും കേട്ടതും സിഎൻഎൻ ചാനലിലൂടെയായിരുന്നു എന്നതാണ് ഏറെ കൗതുകകരം. യുദ്ധത്തെ ആഘോഷവും ആർഭാടവുമാക്കി മാറ്റാൻ ടെലിവിഷൻ റിപ്പോർട്ടിങ്ങിന് ഇതിലൂടെ കഴിഞ്ഞു. ഈ അർഥത്തിലാണ് ബ്രൂസ് കമിംഗ്സ് ‘ആദ്യ ടെലിവിഷൻ യുദ്ധം’ എന്ന് ഇറാക്ക് യുദ്ധത്തെ വിളിച്ചത്. ഇതുമായി ബന്ധപ്പെട്ട പല പഠനങ്ങളിലും പറയുന്നത്, ‘അമേരിക്ക ഇറാഖിനുമേൽ നടത്തിയ അധിനിവേശ’മെന്നു പറയാൻപോലും മാധ്യമങ്ങൾ തയ്യാറായില്ല എന്നാണ്. ‘ഇറാഖ് ആക്രമണം’ എന്ന പ്രത്യക്ഷത്തിൽ വലിയ ഉപദ്രവമില്ലെന്നു തോന്നുന്ന തലക്കെട്ടിലാണ് മാധ്യമങ്ങൾ ഏറെയും റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ ഭരണകൂടത്തിന്റെയും സെെന്യത്തിന്റെയും താൽപര്യങ്ങൾക്കനുസരിച്ച് സിഎൻഎൻ നൽകിയ വാർത്തകളും ചിത്രങ്ങളും വ്യാഖ്യാനിക്കുക മാത്രമാണ് മിക്ക മാധ്യമങ്ങളും ചെയ്തത് എന്ന തരത്തിലുള്ള പഠനങ്ങളും വന്നിട്ടുണ്ട്. ഇത് റിപ്പോർട്ട് ചെയ്ത ഇന്ത്യയിലെ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഏറെയും അമേരിക്കയുടെ ഇറാഖ‍് അധിനിവേശത്തിനെതിരായിരുന്നുവെങ്കിലും, അവർ നൽകിയ വാർത്തകളും ദൃശ്യങ്ങളും ഫലത്തിൽ ഇറാഖിനെ തിന്മയുടെയും, അമേരിക്കയെ നന്മയുടെയും നിറങ്ങൾകൊണ്ട് പൂശിയെടുക്കാനാണ് ശ്രമിച്ചത്. ഏതാണ്ട് സമാനമായ രീതിയിലാണ് കേരളത്തിൽ ഇടതുപക്ഷാഭിമുഖ്യത്തിന്റെ പൂർവാശ്രമ കഥകൾ അയവിറക്കുന്ന ടെലിവിഷൻ അവതാരകരും മുഖ്യധാരാ മാധ്യമ പ്രവർത്തകരും പറയുന്നതും, എഴുതുന്നതുമൊക്കെ ഫലത്തിൽ ഇടതുപക്ഷ വിരുദ്ധമായി വരുന്നത്.

കമ്യൂണിസ്റ്റ് വിരോധത്തിൽ 
അപഹാസ്യരാകുന്നു
അടുത്തയിടെയാണ് മാതൃഭൂമി ചാനലും, മീഡിയവൺ ചാനലും കമ്യൂണിസ്റ്റ് വിരോധം തലയ്ക്കുപിടിച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ നൽകിയ വാർത്തകളുടെ പേരിൽ മാപ്പു പറയേണ്ടിവന്നത്. ആരോഗ്യമന്ത്രി വീണ ജോർജ് പറയാത്ത കാര്യം പറഞ്ഞതായി വാർത്ത നൽകി, കുഴപ്പത്തിൽ ചാടിയതിനെത്തുടർന്നാണ് മാതൃഭൂമി ചാനൽ മാപ്പു പറഞ്ഞത്. ഡിവെെഎ-ഫ്ഐ ഫോർട്ട് കൊച്ചിയിൽ നടത്തിയ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ, ബിജെപിയെ തോൽപിക്കാൻ ആർക്കുമാവില്ലെന്നു പറഞ്ഞതായി നൽകിയ വാർത്ത തെറ്റായിരുന്നുവെന്നു കണ്ടാണ് മീഡിയ വൺ ഖേദം പ്രകടിപ്പിച്ചത്. ‘സൂക്ഷ്മതക്കുറവ്’ എന്നു കേൾക്കാൻ സുഖമുള്ള പ്രയോഗം നടത്തിയാണ് അവർ മാപ്പപേക്ഷിച്ചത്. എന്നാൽ സൂക്ഷ്മതക്കുറവിന്റെ ഗുട്ടൻസ് മാത്രം വെളിപ്പെടുത്തിയില്ല.

വിശ്രുത നടൻ ഇന്നസെന്റിന്റെ മരണവാർത്ത റിപ്പോർട്ടു ചെയ്തപ്പോൾപോലും മനോരമയുടെ ഇടതുപക്ഷവിരോധം തികട്ടിവന്നു. മരിക്കുമ്പോൾ ഒരാളെപ്പറ്റി മോശമായ പരാമർശമൊന്നും നടത്താൻ പാടില്ലെന്ന സുജനമര്യാദയുടെ ബാലപാഠങ്ങൾപോലും കാറ്റിൽപ്പറത്തിയാണ്, ഇന്നസെന്റ് 1959ൽ നടന്ന വിമോചന സമരത്തിൽ പങ്കെടുത്തുവെന്ന തീർത്തും വസ്തുതാവിരുദ്ധമായ പരാമർശം വാർത്തയിൽ മനോരമ നടത്തിയത്. 1948ൽ ജനിച്ച ഇന്നസെന്റിന് വിമോചന സമരകാലത്ത് പത്തോ പതിനൊന്നോ വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന വസ്തുത പോലും മാറ്റിവച്ചാണ്, മരണവാർത്തയിലും ആ മഹാനടനെ അധിക്ഷേപിച്ച് മനോരമ ഇടതുപക്ഷ വിരുദ്ധതയുടെ കൊടി ഉയർത്തിയത്. വിമോചന സമരകാലത്ത് രഥത്തിൽ ഒരാൾ വരുന്നതുകണ്ട് കർദ്ദിനാളാണെന്നു കരുതി താൻ കുരിശുവരച്ചുവെന്നും, രഥം അടുത്തെത്തിയപ്പോഴാണ് അത് കർദ്ദിനാളല്ലെന്നും, മന്നത്തു പത്മനാഭനായിരുന്നുവെന്നും മനസ്സിലായതെന്ന് ഇന്നസെന്റ് തന്നെ ഓർമക്കുറിപ്പുകളിൽ എഴുതിയിട്ടുള്ളതാണ്. ഇക്കാര്യം വളച്ചൊടിച്ച് മനോരമ എവിടെവരെ കൊണ്ടുപോയി എന്നു നോക്കുക.

ജീവനക്കാരുടെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായിരുന്ന കെ എ മാനുവലിനെ സർവീസിൽനിന്നു പിരിച്ചുവിട്ടത് സുപ്രീംകോടതി റദ്ദാക്കുകയും അദ്ദേഹത്തെ തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 23ന് ഇതുസംബന്ധിച്ച് മനോരമ നൽകിയ വാർത്തയുടെ തലക്കെട്ട് ‘വി എസിന്റെ സ്റ്റാഫ് അംഗത്തെ പിരിച്ചുവിട്ടത് സുപ്രീംകോടതി തള്ളി’’ എന്നായിരുന്നു. ഇതിന്റെ ചരിത്രമോ പശ്ചാത്തലമോ വായനക്കാരിൽ 99 ശതമാനംപേരും അറിയണമെന്നില്ല.

സാധാരണഗതിയിൽ ഈ തലക്കെട്ടു വായിച്ചാൽ എന്തായിരിക്കും തോന്നുക? വി എസ് അച്യുതാനന്ദന്റെ സ്റ്റാഫിൽപെട്ട ഒരാളെ പിരിച്ചുവിട്ടത് സുപ്രീംകോടതി റദ്ദാക്കി എന്നായിരിക്കുമല്ലോ. വി എസിന്റെ സ‍്റ്റാഫിൽപ്പെട്ടയാളെ പിരിച്ചുവിട്ടത് സിപിഐ എം ആയിരിക്കുമല്ലോ. അങ്ങനെയാകുമ്പോൾ, സിപിഐ എം കാണിച്ച ഒരു ‘ദ്രോഹനടപടി’ സുപ്രീംകോടി റദ്ദാക്കി എന്ന ധാരണയായിരിക്കും ബഹുഭൂരിപക്ഷം വായനക്കാർക്കും ഉണ്ടാവുക.

എന്നാൽ സത്യമെന്താണ്? കേന്ദ്ര സർക്കാർ സ്ഥാപനമായ അക്കൗണ്ടന്റ് ജനറൽ ഓഫീസ‍് മാനുവലിനെ അന്യായമായി പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കുകയാണുണ്ടായത്. ഏജീസ് ഓഫീസിൽനിന്ന് പിരിച്ചുവിട്ടതിനുശേഷം മാനുവൽ വി എസിന്റെ സ്റ്റാഫിൽ ജോലി ചെയ്തിരുന്നു എന്നതു വസ്തുതയാണ്. എന്നാൽ കമ്യൂണിസ്റ്റ് വിരോധത്താൽ സ്വബോധം നഷ്ടപ്പെട്ടെന്നതുപോലെ മനോരമ എന്തൊക്കെ പറഞ്ഞുവച്ചു എന്ന് ചിന്തിച്ചു നോക്കുക. ബഹുഭൂരിപക്ഷം വായനക്കാർക്കും സിപിഐ എം എന്തോ മഹാ അപരാധം കാട്ടിയത് സുപ്രീംകോടതി റദ്ദാക്കി എന്നല്ലേ തോന്നൂ.

കമ്യൂണിസ്റ്റ് വിരോധംകൊണ്ട് ലക്കുകെട്ട മാധ്യമ പ്രവർത്തനം മനോരമ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. ഒരു ക്ലാസിക് ഉദാഹരണം പറയാം. പഴയ സംഭവമാണ്. 1998 മാർച്ച് 19ന് ഇ എം എസ് അന്തരിച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ വിൽപത്രം പ്രസിദ്ധപ്പെടുത്തി. വിൽപത്രത്തിൽ രണ്ടു കാര്യങ്ങളാണ് പറഞ്ഞിരുന്നത്. 1. ഇ എം എസ് അദ്ദേഹത്തിന്റെ സ്വത്തുക്കൾ പൂർണമായും പാർട്ടിക്ക് നൽകി. 2. അദ്ദേഹത്തിന്റെ പേരിൽ കോട്ടയത്തെ പുസ്തക പ്രസാധക സംഘമായ എസ്-പിസിഎസിൽ ഉണ്ടായിരുന്ന 500 രൂപയുടെ ഓഹരികൾ മൂത്തമകൻ ഇ എം ശ്രീധരന് എഴുതിവച്ചു. സാധാരണ വാർത്ത എഴുതുന്ന മര്യാദവെച്ച് ഈ രണ്ടു കാര്യങ്ങളിൽ പ്രധാനപ്പെട്ട കാര്യമാണ് വാർത്തയുടെ ആദ്യഖണ്ഡിക (ഇൻട്രോ)യിൽ വരേണ്ടത്. അതിൽ പറയുന്ന കാര്യം ധ്വനിപ്പിക്കുന്നതായിരിക്കണം വാർത്തയുടെ തലക്കെട്ട്. അങ്ങനെയെങ്കിൽ വിൽപത്ര പ്രസിദ്ധീകരണത്തിലെ പ്രധാന കാര്യം അദ്ദേഹത്തിന്റെ സ്വത്തുക്കൾ (ഇ എം എസ് എഴുതിയ നൂറുകണക്കിന് പുസ്തകങ്ങളിൽനിന്നുള്ള റോയൽറ്റി മാത്രമായിരുന്നു അദ്ദേഹത്തിന് സ്വത്തുക്കളായുണ്ടായിരുന്നത്. സ്വന്തമായുണ്ടായിരുന്ന മറ്റു സ്വത്തുക്കളൊക്കെ അദ്ദേഹം നേരത്തെതന്നെ പാർട്ടിക്ക് എഴുതി നൽകിയതാണല്ലോ) പാർട്ടിക്ക് നൽകി എന്നതാണ്. എന്നാൽ ഈ വാർത്ത ഒന്നാം പേജിൽ നൽകിയപ്പോൾ മനോരമ നൽകിയ ബാനർ തലക്കെട്ട് ‘ഇ എം എസിന്റെ ഷെയറുകൾ മകൻ ശ്രീധരന്’ എന്നായിരുന്നു.

ഇത് കേവലമായ സൂക്ഷ്മതക്കുറവോ, അലസ സമീപനമോ കൊണ്ടുണ്ടായ തലവാചകമല്ല. മറിച്ച്, ഹർഷദ് മേത്ത എന്നൊരു ഓഹരി കുംഭകോണക്കാരനെപ്പറ്റിയുള്ള വാർത്തകൾ സജീവമായിരുന്ന സന്ദർഭത്തിലാണ്, തികച്ചും ദുരുദ്ദേശപരമായി ഇത്തരമൊരു തലക്കെട്ട് നൽകിയത്. ഇ എം എസ് ആരാണെന്നു മനസ്സിലാക്കാൻ കഴിയാതിരുന്നിട്ടുള്ള ചുരുക്കമാളുകളിലെങ്കിലും അദ്ദേഹം ഒരു ഓഹരിക്കച്ചവടക്കാരനാണെന്നും വിൽപത്രത്തിൽ സ്വന്തം പേരിലുള്ള ഓഹരികൾ മകനുതന്നെ എഴുതിവയ്ക്കുകയായിരുന്നുവെന്നുമുള്ള വ്യാജബോധമുണ്ടാക്കാൻ കഴിയും. മനോരമയുടെ കമ്യൂണിസ്റ്റ് വിരോധ ദുഷ്ടലാക്ക‍് എത്രത്തോളം പോയി എന്നു നോക്കുക. 
(അവസാനിച്ചു)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − 10 =

Most Popular