Friday, May 3, 2024

ad

Homeമാധ്യമം/സംവാദംഅഴിച്ചുവയ്ക്കാം 
നാലാം തൂണിന്റെ കിരീടം

അഴിച്ചുവയ്ക്കാം 
നാലാം തൂണിന്റെ കിരീടം

കെ വി സുധാകരൻ

വിശ്രുത അമേരിക്കൻ മാധ്യമ ചിന്തകൻ റോബർട്ട് വാട്ടർമാൻ മക്ചെസ്നിയുടെ ഏറെ പ്രശസ്തമായ ഒരു പുസ്തകത്തിന്റെ പേര് ‘സമ്പന്ന മാധ്യമം ദരിദ്ര ജനാധിപത്യം’ (Rich Media Poor Democrazy) എന്നാണ്. ആഗോളവൽക്കരണത്തെത്തുടർന്ന്, മാധ്യമ കോർപ്പറേറ്റുകളുടെ സംയോജനവും തടിച്ചുകൊഴുക്കലും നടക്കുന്ന കാലത്ത് ജനാധിപത്യത്തിന്റെ സ്ഥിതിയെന്തെന്ന് അമേരിക്കൻ മാധ്യമ പ്രവണതകളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന കൃതിയാണിത്. മാധ്യമ സംവിധാനം അടിമുടി കോർപ്പറേറ്റുവൽക്കരിക്കപ്പെടുമ്പോൾ മാധ്യമമേഖല സമ്പന്നമാവുകയും, എന്നാൽ ജനാധിപത്യം ശക്തിപ്പെടുത്താൻ ബാധ്യതയുള്ള മാധ്യമങ്ങൾ അതിൽനിന്നു പിൻവാങ്ങുകയും, ജനാധിപത്യ സംവിധാനം ദരിദ്രവൽക്കരിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് മക്ചെസ്നി ഇതിൽ വിശദമാക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സമർത്ഥമായ ഉപയോഗംകൊണ്ട് മാധ്യമക്കാഴ്ചകൾ വിസ്മയം ജനിപ്പിക്കുമ്പോഴും ജനാധിപത്യ സംവിധാനം ദുർബലപ്പെടുകയാണു ചെയ്യുന്നതെന്ന് മക്ചെസ്നി ഇതിൽ സമർത്ഥിക്കുന്നുണ്ട്.

പത്രങ്ങൾക്ക് ജനാധിപത്യത്തിന്റെ നാലാംതൂണ് (fourth estate) എന്ന പരികൽപ്പന ഉണ്ടായിട്ട് (1787) രണ്ടു നൂറ്റാണ്ടിലേറെ കഴിഞ്ഞിരിക്കുന്നു. ബ്രിട്ടീഷ് പാർലമെന്റിലെ ചർച്ചയ്ക്കിടയ്ക്ക് ഇങ്ങനെയൊരു പേര് ചാർത്തിക്കൊടുത്തപ്പോൾ വലിയ ലക്ഷ്യങ്ങൾ അതിനു പിന്നിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആദ്യ മൂന്നു തൂണുകളായ നിയമനിർമാണസഭ, ഭരണനിർവഹണ സഭ, നീതിനിർവഹണ സഭ എന്നിവയ്ക്കുണ്ടാകുന്ന പുഴുക്കുത്തുകൾപോലും ചൂണ്ടിക്കാട്ടി പരിഹാരം തേടുകയും, അങ്ങനെ ജനാധിപത്യ സംവിധാനം കുറ്റമറ്റ നിലയിൽ നിലനിർത്തുകയും ചെയ്യുന്നതിന് കണ്ണും കാതും കൂർപ്പിച്ചും നിലകൊള്ളുകയാണ് മാധ്യമ ധർമം എന്നും വിശ്വസിച്ചിരുന്നു.സമൂഹത്തിന്റെ കാവൽനായ്ക്കൾ എന്നൊക്കെയുള്ള പറഞ്ഞു പഴകിയ പ്രയോഗത്തിന്റെ സാംഗത്യവും ഇവിടെയാണ്. എന്നാൽ മാറിയ കാലത്തിന്റെ സാമൂഹിക – സാമ്പത്തിക ചുറ്റുപാടുകൾക്കനുസരിച്ച് മാധ്യമ സംവിധാനങ്ങളിലും മാറ്റം മറിച്ചിലുകൾ സജീവമായതോടെ,ജനാധിപത്യത്തിലെ മാധ്യമധർമം കടങ്കഥയായി മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയിലേക്കാണ് മക്ചെസ്നി നമ്മുടെ കണ്ണുതുറപ്പിക്കുന്നത്. മക്ചെസ്നിയുടെ നിരീക്ഷണങ്ങൾ അമേരിക്കൻ മാധ്യമങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണെങ്കിലും, അതെല്ലാം കേരളത്തിലെയടക്കം എവിടെയുമുള്ള വർത്തമാനകാല മാധ്യമ പ്രവണതകളെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്.

മാധ്യമ സാമ്രാജ്യം 
ജനാധിപത്യത്തിന് ഭീഷണി
അമേരിക്കൻ മാധ്യമ സാമ്രാജ്യം ഫലപ്രദമായ ജനാധിപത്യ ഭരണസംവിധാനത്തിന് ഭീഷണിയാവുകയാണെന്നാണ് മക്ചെസ്നി പറയുന്നത്. വിരലിലെണ്ണാവുന്ന മാധ്യമക്കുത്തകകൾ അച്ചടി–ശ്രവ്യ–ദൃശ്യ മാധ്യമങ്ങളുടെയെല്ലാം ഉടമസ്ഥരാകുമ്പോൾ, സംസ്കാരത്തിന്റെ തന്നെ അമിതമായ വാണിജ്യവൽക്കരണം നടക്കുകയാണ്. ജനാധിപത്യ സംവിധാനം ആവശ്യപ്പെടുന്ന മാധ്യമരീതികളും, അമിതലാഭത്തിൽ അഭിരമിക്കുന്ന കോർപ്പറേറ്റ് മാധ്യമ സംവിധാനവും തമ്മിൽ വലിയ വിടവുണ്ടാകുന്നു. ഇത് ആത്യന്തികമായി മാധ്യമ പ്രവർത്തനത്തിന്റെ അപചയത്തിനുതന്നെ വഴിയൊരുക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി മാധ്യമപ്രവർത്തനം അടിമുടി ജനാധിപത്യവിരുദ്ധമായി മാറുകയാണ്. ആഗോളവൽകൃത –നവഉദാരവൽകൃത സമ്പദ്–വ്യവസ്ഥയുമായി കെട്ടുപിണഞ്ഞുകിടക്കുന്ന മാധ്യമ വ്യവസായം പുരോഗമന രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് ജനാധിപത്യ സംവിധാനത്തെക്കുറിച്ച് നാം ഗൗരവപൂർവം ചിന്തിക്കുകയാണെങ്കിൽ, ഈ മാധ്യമ സംവിധാനത്തിൽ ഘടനാപരമായ പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുകയാണ്. ഇതാകട്ടെ, സാമൂഹ്യജീവിതത്തിലെ സുപ്രധാന സ്ഥാപനങ്ങളെയെല്ലാം ജനാധിപത്യവൽക്കരിക്കാൻ കഴിയുന്ന വിശാലമായ പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും വേണം. ചുരുക്കത്തിൽ, മാധ്യമസംവിധാനം ഉടച്ചുവാർക്കാൻ രാഷ്ട്രീയമായ ഇടപെടലുകൾ തന്നെ അനിവാര്യമായിരിക്കുകയാണ്.ഇക്കാര്യത്തിൽ മാധ്യമ വിദഗ്ദ്ധരുടെയടക്കം ഇടപെടൽ വേണമെന്നും മക്ചെസ്നി പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്.

അമേരിക്കൻ മാധ്യമ സംവിധാനം, കമ്പോള സാമ്പത്തിക ചലനങ്ങൾ കൊണ്ടു ശ്രദ്ധേയമായ വാൾസ്ട്രീറ്റിനും, പരസ്യങ്ങളുടെയും പബ്ലിക് റിലേഷനുകളുടെയും കേന്ദ്രമായ മാഡിസൺ അവന്യൂവിനും വേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. അതിനൊരിക്കലും സാധാരണ മനുഷ്യരുടെ ആവശ്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുകയില്ല.

രണ്ടു പതിറ്റാണ്ടിനും മുമ്പാണ് മക്ചെസ്നി തന്റെ ഈ കൃതി ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിനുശേഷവും അമേരിക്കയിൽ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും കോർപ്പറേറ്റുവൽക്കരണത്തിന്റെ ഭാഗമായി മാധ്യമ സംവിധാനത്തിന് തകർച്ച നേരിട്ടിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ സംയോജനം (അമേരിക്ക ഓൺലെെനും ടെെംവാർണറുമായി) നടന്നത് ഇതിനുശേഷമാണ്. അമേരിക്കയിലെതന്നെ വയാകോം ലോകത്തെ മൂന്നാമത്തെ മാധ്യമകുത്തകയായി മാറാൻ കൊളംബിയ ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തെ വിഴുങ്ങിയതും ഇതിനുശേഷമാണ്. സമൂഹത്തെയാകെ അരാഷ്ട്രീയവൽക്കരിക്കുന്ന കോർപ്പറേറ്റ് മാധ്യമരീതികളെ ഉടച്ചുവാർക്കാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സജീവമായ ഇടപെടലുകൾ ഉയർന്നുവരേണ്ടതുണ്ടെന്നും മക്ചെസ്നി അടിവരയിടുന്നുണ്ട്. മുതലാളിത്ത സമ്പദ്–വ്യവസ്ഥ സൃഷ്ടിക്കുന്ന അസമത്വവും ദാരിദ്ര്യവും നിലനിൽക്കുന്നിടത്തോളം ഇടതുപക്ഷത്തിന്റെ ഇടപെടൽ ഉണ്ടാവുക തന്നെ ചെയ്യും എന്ന ശുഭാപ്തിവിശ്വാസവും ഗ്രന്ഥകാരൻ പ്രകടിപ്പിക്കുന്നുണ്ട്.

കേരളത്തിലെ 
മാധ്യമങ്ങൾക്കും ബാധകം
‘സമ്പന്നമായ മാധ്യമം, ദരിദ്രമായ ജനാധിപത്യം’ എന്ന പരികൽപ്പന നമ്മുടെ നാട്ടിലെ മാധ്യമങ്ങൾക്കും ഇണങ്ങുന്നതാണ് എന്ന് ഓരോ ദിവസവും ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങൾ (അച്ചടി –ദൃശ്യ) ആവർത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പ്രസ്തുത പുസ്തകത്തെപ്പറ്റി ഇത്രയും പറഞ്ഞത്.

അമേരിക്കയിലെ മാധ്യമക്കുത്തകകളായ AOL – ടെെം വാർണർ, ബെർട്ടിൻസ്മാൻ, വയാകോം, ന്യൂസ് കോർപ്പറേഷൻ തുടങ്ങിയവയുമായി സമ്പദ്-വെെപുല്യത്തിന്റേയും, പ്രവർത്തന വ്യാപനത്തിന്റെയും മാനദണ്ഡങ്ങളനുസരിച്ച് താരതമ്യം ചെയ്യാനാവില്ലെങ്കിലും, ഇവയുടെ ആശയ – പ്രത്യയശാസ്ത്ര പരിസരം പിൻപറ്റി സഞ്ചരിക്കുന്നവരാണ് ഇവിടത്തെ മാധ്യമങ്ങളും. ഏതുരംഗത്തേയും കോർപ്പറേറ്റുവൽക്കരണത്തേയും, തദനുബന്ധമായി നടത്തുന്ന ചൂഷണങ്ങളേയും, ജനാധിപത്യവിരുദ്ധ സമീപനങ്ങളെയും നിസ്തന്ദ്രമായി എതിർക്കുകയും, അവയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങൾ നടത്തുകയും ചെയ്യുന്നത് ഇടതുപക്ഷ – മതനിരപേക്ഷ പ്രസ്ഥാനങ്ങളാണെന്നതുകൊണ്ട്, ഇടതുപക്ഷത്തെ ആക്രമിക്കുകയെന്നത് മുഖ്യധാരാ മാധ്യമങ്ങളുടെ അടിസ്ഥാന പ്രമാണമായി മാറിയിരിക്കുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അമരത്ത‍് സിപിഐ എം ആണെന്നതുകൊണ്ട്, ഈ മാധ്യമ മഹാസഖ്യത്തിന്റെ ആക്രമണങ്ങളുടെ കുന്തമുന എപ്പോഴും സിപിഐ എമ്മിനും അത് നേതൃത്വം നൽകുന്ന സർക്കാരിനും അതിന്റെ നേതാക്കൾക്കും എതിരെയാണു താനും. ഏതു സംഭവവികാസത്തിന്റേയും വളവുകളിലോ തിരിവുകളിലോ എവിടെയെങ്കിലും എന്തു കിട്ടിയാലും, ഇത്തരത്തിൽ സിപിഐ എമ്മിനെ അടിക്കാനുള്ള വടി കണ്ടെത്താനാണ് ഇക്കൂട്ടരുടെ ശ്രമം. അത് വാർത്തകളിലൂടെയും ചിത്രങ്ങളിലൂടെയും കാർട്ടൂണുകളിലൂടെയും മുഖപ്രസംഗങ്ങളിലൂടെയും അന്തിചർച്ചകളിലൂടെയുമൊക്കെ ഇവർ നിർവഹിച്ചുകൊണ്ടിരിക്കുകയുമാണ്. അസത്യങ്ങളും അർധസത്യങ്ങളും ചേരുംപടി ചേർത്ത് അവതരിപ്പിക്കുന്നതിലും ഇവർ വിദഗ്ദ്ധരാണ്. ഗീബൽസിയൻ തന്ത്രമെന്നൊക്കെ പറഞ്ഞു പഴകിയ അസത്യപ്രചാരണം, കടുത്ത സിപിഐ എം വിരുദ്ധത, നിസ്സാരവൽക്കരണം, വാണിജ്യവൽക്കരണം, ചരക്കുവൽക്കരണം, കാതലായ വിഷയങ്ങളുടെ തമസ്കരണം, അന്തസ്സാരശൂന്യമായ ആഘോഷങ്ങളിൽ അഭിരമിക്കുന്ന ‘പേജ് 3 ജേർണലിസം’ തുടങ്ങിയവയാണ് മാധ്യമങ്ങളുടെ അകംപൊരുൾ രൂപീകരിക്കുന്നത്. ഏഴെട്ടു പതിറ്റാണ്ടുകൾക്കുമുമ്പ് ഗീബൽസ് പ്രയോഗിച്ച നുണയുടെ അടരുകൾ പരിശോധിക്കാൻ അക്കാലത്ത് വേണ്ടത്ര സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, മാധ്യമ സാങ്കേതികതയുടെ രീതികൾ പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെ, മാധ്യമങ്ങളുടെ ദുരുപദിഷ്ട നീക്കങ്ങളെ തുറന്നുകാണിക്കാൻ കഴിയുന്നു എന്ന സവിശേഷത ഇക്കാലത്തിനു സ്വന്തമാണ്.

ആക്രമണം 
സിപിഐ എമ്മിനുനേരെ
സാക്ഷാൽ പി കൃഷ്ണപിള്ളയും ഇ എം എസും എ കെ ജിയും തൊട്ട് പിണറായി വിജയനും, എം വി ഗോവിന്ദൻമാസ്റ്ററും വരെയുള്ള സിപിഐ എം നേതാക്കളെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നതിൽ വിരുതു പ്രകടിപ്പിക്കുന്നവരാണ് കേരളത്തിലെ മാധ്യമങ്ങൾ. ദൃശ്യങ്ങളുടെ ‘കട്ട് ആന്റ് പേസ്റ്റ്’ വളരെ സുഖകരമായതുകൊണ്ട് ദൃശ്യ മാധ്യമങ്ങളുടെ ആക്രമണവും സജീവമാണ്. പി കൃഷ്ണപിള്ളയും ഇ എം എസും എ കെ ജിയുമൊക്കെ മൺമറഞ്ഞ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ആ മഹാമനുഷ്യരെ ഇപ്പോഴും ഇക്കൂട്ടർ വെറുതെ വിടുന്നില്ല എന്നോർക്കണം. പി കൃഷ്ണപിള്ളയുടെ ദാരുണമായ മരണത്തിന് അരനൂറ്റാണ്ടു പിന്നിട്ട ഘട്ടത്തിൽ (1998 ആഗസ്ത് 19) അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു എന്നു തോന്നുന്ന മട്ടിൽ മലയാള മനോരമ നൽകിയ ഫീച്ചറിന്റെ ശീർഷകം ‘കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്?’ എന്ന ദുരർഥ സൂചനയുള്ളതായിരുന്നു. ചരിത്രത്തിന്റെയോ വസ്തുതകളുടെയോ ഒരു പിൻബലവുമില്ലാതെ മെനഞ്ഞെടുത്ത കുറിപ്പായിരുന്നു അത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പുതുതലമുറ പ്രവർത്തകരിലെങ്കിലും ആശയക്കുഴപ്പമുണ്ടാക്കാൻ കഴിയുമോ എന്ന വൃഥാശ്രമമായിരുന്നു ‘ധർമോസ്-മത് കുലദെെവതം’ എന്ന ആപ്തവാക്യം തിലകക്കുറിയായി നെറ്റിയിൽ എഴുതിവച്ചിട്ടുള്ള മനോരമ നടത്തിയത്. എ കെ ജിക്കെതിരെ ഒരു യൂത്ത് കോൺഗ്രസ് നേതാവ് പറഞ്ഞ വിടുവായത്തത്തിന് പ്രചാരം കൊടുത്തതിലും ആ പത്രത്തിന്റെ കമ്യൂണിസ്റ്റ‍് വിരോധത്തിന്റെ പുളിച്ചുതികട്ടലാണ് കണ്ടത്. ഇ എം എസ് അന്തരിച്ച് അഞ്ചുമാസത്തിനുശേഷം, അദ്ദേഹത്തിന്റെ വിൽപത്രവുമായി ബന്ധപ്പെട്ട വാർത്ത നൽകിയപ്പോൾ, ഇ എം എസിനെ ‘ഓഹരിക്കച്ചവടക്കാരൻ’ എന്ന രൂപത്തിൽ ആക്ഷേപിക്കാൻ ശ്രമിച്ചതും ഇതിന്റെ തുടർച്ചയായിരുന്നു. പിണറായി വിജയൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ തുടങ്ങിയ ആക്ഷേപങ്ങളും കെട്ടുകഥമെനച്ചിലും ഇപ്പോഴും പൂർവാധികം ശക്തിയോടെ തുടരുന്നുവെന്നു മാത്രം. പിണറായിയുടെ ‘രമ്യഹർമ്യ’ത്തിന്റെ ചിത്രങ്ങൾ മുതൽ ബിരിയാണി ചെമ്പിലെ സ്വർണക്കടത്തുവരെ നീളുന്നു ആ പട്ടിക. ഇതിലൊന്നും വസ്തുതയുടെ പോലുമില്ലെന്നും, കൃത്യമായും ആസൂത്രിതമായും പാകം ചെയ്തെടുത്ത വാർത്തകളാണെന്നും ബോധ്യപ്പെട്ടാലും, അതേപ്പറ്റി ഒന്നു തിരിഞ്ഞുനോക്കുകയോ, തെറ്റു സമ്മതിക്കുകയോ ചെയ്യുക മലയാള മാധ്യമങ്ങളുടെ അജൻഡയിലുള്ള കാര്യമല്ല. ഇക്കാര്യത്തിൽ അവർ പാശ്ചാത്യ–ദേശീയ മാധ്യമങ്ങളെപ്പോലും പിന്നിലാക്കിയിരിക്കുകയാണ് എന്നു പറയേണ്ടിവരും. എം വി ഗോവിന്ദൻ മാസ്റ്ററെ താറടിക്കാനുള്ള മാധ്യമശ്രമങ്ങളും ഇതിന്റെ തുടർച്ചയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയായതോടെയാണ് മാധ്യമങ്ങൾ അദ്ദേഹത്തിനെതിരെയും പോർമുഖം തുറന്നിരിക്കുന്നത്. എന്നുപറഞ്ഞാൽ, കേവലം വ്യക്തിയല്ല, അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഇക്കൂട്ടർക്ക് അത്രയ്ക്ക് ഹിതകരമല്ലാത്തതാണ് ആക്രമണങ്ങളുടെ അടിസ്ഥാനം എന്ന് കാണാവുന്നതാണ്.

‘ബിരിയാണിച്ചെമ്പിലെ സ്വർണക്കടത്ത്’ മെനഞ്ഞെടുത്ത ഭാവനാവിലാസത്തിന്റെ തലയിൽത്തന്നെ വിരിഞ്ഞതാണോ ‘‘കെെതോലപ്പായയിലെ കറൻസി കടത്ത്’’ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ഭാവനകൾ ചിറകുവിരിച്ചാടിയാൽപ്പിന്നെ അവ പാറിപ്പറന്നുകൊണ്ടേയിരിക്കും. എന്നാൽ ഈ ഭാവനകളുടെ തേരിലേറെ ‘ആടിക്കളിക്കെടാ കൊച്ചുരാമാ, ചാടിക്കളിക്കെടാ കൊച്ചുരാമ’ എന്ന മട്ടിൽ പറന്നു നടക്കുന്ന നമ്മുടെ മാധ്യമകേസരികളുടെ കാര്യം ഓർക്കുമ്പോഴാണ് സഹതാപം തോന്നുന്നത്. പത്രപ്രവർത്തനത്തിലെ എക്കാലത്തേയും ആധികാരിക പ്രമാണമായി ഉയർത്തിക്കാട്ടുന്ന ഒരു വാചകമുണ്ട്. ‘വ്യാഖ്യാനം സ്വതന്ത്രമാണ്, എന്നാൽ വസ്തുതകളാണ് വിശുദ്ധം’ (comment is free, but facts are sacred)ഒരു നൂറ്റാണ്ടുമുമ്പ് (1921ൽ) സി പി സ്കോട്ട് എന്ന ഒരു ഇംഗ്ലീഷ് മാധ്യമ ചിന്തകൻ പറഞ്ഞ വാക്കുകളാണിത്‍. നമ്മുടെ മാധ്യമ സിംഹങ്ങൾ വല്ലപ്പോഴുമെങ്കിലും ഇതൊക്കെ ഓർക്കുന്നത് അപരാധമായി കാണേണ്ടതില്ല.

എന്നെ തല്ലേണ്ടമ്മാവാ
എന്നാൽ, എത്ര തല്ലിയാലും നന്നാകാൻ ഉദ്ദേശ്യമില്ലെന്ന പഴയ കഥയിലെ കുട്ടിയുടെ സമീപനമാണ് നമ്മുടെ ഭൂരിപക്ഷം മാധ്യമങ്ങളുടേതും. നിരുത്തരവാദപരമായ മാധ്യമപ്രവർത്തനം തിരുത്തണമെന്നു പറഞ്ഞ് ഹെെക്കോടതികളും സുപ്രീംകോടതിയുമൊക്കെ ചെവിക്കു പിടിച്ചിട്ടും തിരുത്താൻ തയ്യാറല്ല എന്ന നിലപാടു തന്നെയാണ് മാധ്യമങ്ങൾക്കുള്ളത്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണ, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ്, മുൻ ജസ്റ്റിസും പ്രസ് കൗൺസിൽ ചെയർമാനുമായിരുന്ന മാർക്കണ്ഡേയ കട്ജു, മുൻ ജസ്റ്റിസും ഇപ്പോഴത്തെ പ്രസ് കൗൺസിൽ ചെയർപേഴ്സണുമായ രഞ്ജന പ്രകാശ് ദേശായിയുമൊക്കെ വിമർശനങ്ങളും ആക്ഷേപങ്ങളും നിർദ്ദേശങ്ങളുമൊക്കെ മുന്നോട്ടുവച്ചിട്ടും, എല്ലാത്തിനുംമേലെ എന്നു സ്വയം കരുതുന്ന ഈ മാധ്യമങ്ങൾ തെറ്റുതിരുത്താൻ അണുവിട തയ്യാറാകുന്നില്ല.

ഏറ്റവുമൊടുവിൽ ഹെെക്കോടതി അതിരൂക്ഷമായ ഭാഷയിൽ മാധ്യമങ്ങളെ വിമർശിച്ചിരിക്കുകയാണ്. മാധ്യമ പ്രവർത്തനം എന്ന പേരിൽ തികച്ചും അന്തസ്സാരശൂന്യമായ വാർത്തകൾ മാത്രമേ നൽകൂ എന്നും, അതുവഴി റൂപ്പർട്ട് മർഡോക്ക് ആവിഷ്കരിച്ച ‘പേജ് 3 ജേർണലിസ’ത്തിന്റെ 21–ാം നൂറ്റാണ്ടിലെ അവതാരമാണ് താൻ എന്നും സ്വയം തെളിയിച്ച ‘മറുനാടൻ മലയാളി’ എന്ന സ്ഥാപനത്തിന്റെ മേധാവിക്കെതിരെയാണ്, കോടതി ഭള്ളുവാക്കുകൾ കൃത്യമായി പറഞ്ഞിട്ടുള്ളത്. ‘W’ എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ തുടങ്ങുന്ന ചില വാക്കുകളുടെ (What, Where, When, Who, Why) വിശദീകരണമായിരിക്കണം ഒരു വാർത്തയുടെ സാരസംഗ്രഹം എന്ന പത്രപ്രവർത്തനത്തിലെ അടിസ്ഥാന പ്രമാണം ഓർമിപ്പിച്ചുകൊണ്ടാണ് കോടതി വിമർശനം ഉന്നയിച്ചത്. ‘W’ എന്നതിനുപകരം നേരത്തെ പറഞ്ഞ മാധ്യമ ‘D’ എന്ന അക്ഷരത്തിന്റെ വിശദീകരണമെന്ന നിലയിലാണ് വാർത്തകൾ നൽകുന്നത് എന്നായിരുന്നു കോടതിയുടെ ആക്ഷേപം. അപകീർത്തിപ്പെടുത്തുക, നീതിയുക്തമല്ലാതെ വിമർശിക്കുക, നശിപ്പിക്കുക, തകർക്കുക (Defame, Denigrate, Damnity, Destroy) എന്നിവയാണ് പ്രസ്തുത മാധ്യമം ചെയ്യുന്നതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അഞ്ച് ‘W’ കളുടെ സ്ഥാനത്ത് നാല് D’ കളെപ്പറ്റിയേ കോടതി പരാമർശിച്ചിട്ടുള്ളൂ. അഞ്ചാമതൊരു D’ യെപ്പറ്റിക്കൂടി കോടതിക്കു പറയാമായിരുന്നു എന്നു തോന്നുന്നു. അത് വികൃതപ്പെടുത്തുക (Deface) എന്നതാണ്.

കോടതികൾക്ക് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ആവർത്തിച്ചു തിരുത്താൻ ഓരോ വിധിപ്രസ്താവത്തിലും ശ്രമിക്കേണ്ടിവരികയാണ്. സ്വന്തം ചെയ്തികളുടെ ഗർഹണീയതകൊണ്ട് അവർ അവരുടെ സിംഹാസനങ്ങൾ സ്വയം കെെയൊഴിഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് അഴിച്ചവയ്ക്കാം ആ നാലാം തൂണിന്റെ കിരീടം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + sixteen =

Most Popular