Wednesday, February 28, 2024

ad

Homeവിശകലനംഅവഗണിക്കപ്പെടുന്ന ആരോഗ്യമേഖല 2

അവഗണിക്കപ്പെടുന്ന ആരോഗ്യമേഖല 2

ഡോ ബി ഇക്ബാൽ

ഓൺ ലൈൻ ഔഷധ വ്യാപാരം
തിനിടെ സാർക്കാർ ഓൺലൈൻ ഔഷധവ്യാപാരത്തിന് അനുമതി നൽകിയിരിക്കുകയാണ്. ഡോക്ടർമാരുടെ ഔഷധനിർദ്ദേശം നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഓൺലൈൻ വ്യാപാര നിരീക്ഷണസംവിധാനങ്ങൾ ശക്തമല്ലാത്തതിനാൽ ഏത് മരുന്നും ആർക്കും വാങ്ങാമെന്ന സ്ഥിതി നിലവിലുണ്ട്. മരുന്നുകടകൾ ഇടയ്ക്കിടെ പരിശോധിച്ച് ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ മാർക്കറ്റിൽ നിന്നു പിൻവലിക്കാൻ ഡ്രഗ് കൺട്രോളർമാർ ഉത്തരവു പുറപ്പെടുവിച്ച് വരുന്നുണ്ട്. ഓൺലൈൻ വ്യാപാരത്തിൽ ഇത്തരം ഔഷധഗുണനിലവാര പരിശോധന ഏതാണ്ട് അസാധ്യമായതിനാൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിൽക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

മരുന്നുകൾ ന്യായവിലയ്ക്ക്
വിവിധ തലങ്ങളിൽ നടക്കുന്ന ചൂഷണം ഒഴിവാക്കുന്നതിനായി മരുന്നുകമ്പനികളിൽ നിന്നും മരുന്ന് നേരിട്ടു വാങ്ങി നീതി മെഡിക്കൽസ്റ്റോറുകൾ വഴിയും മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനുകൾ വഴിയും ന്യായവിലയ്ക്ക് വിൽക്കാൻ സംസ്ഥാന സർക്കാരുകൾ ശ്രമിച്ചുവരുന്നുണ്ട്. എന്നാൽ ഔഷധവ്യാപാരികളെ ആശ്രയിച്ചു മാത്രമേ മരുന്നുകമ്പനികൾക്ക് അവരുടെ മരുന്നുകൾ രാജ്യമൊട്ടാകെയുള്ള ലക്ഷക്കണക്കിന് ചില്ലറമരുന്നുകടകളിൽ എത്തിക്കാൻ നിവർത്തിയുള്ളു. ഈ ദൗർബല്യം മുതലെടുത്ത് സർക്കാരിന് ന്യായവിലയ്ക്ക് മരുന്നു നൽകുന്ന മരുന്നകമ്പനികളെ ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തി അവരെ അതിൽ നിന്നും മൊത്തവ്യാപാരികളുടെ സംഘടന പിന്തിരിപ്പിച്ചുവരുന്നുണ്ട്. ഇങ്ങനെ വലിയൊരു മാഫിയ സംഘമായാണ് അഖിലേന്ത്യ – സംസ്ഥാ‍ന തലങ്ങളിലുള്ള ഔഷധ മൊത്ത വ്യാപാരികളുടെ സംഘടനകൾ പ്രവർത്തിച്ചുവരുന്നത്.സർക്കാർ ആശുപത്രികളിലേക്ക് വാങ്ങുന്ന മരുന്നുകൾ മൊത്തം ഔഷധമാർക്കറ്റിന്റെ ചെറിയൊരു ശതമാനം മാത്രമാണ്. മാത്രമല്ല സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾ പൊതുവിൽ സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരുമാണെന്നോർക്കണം. എന്നിട്ടുകൂടി മൊത്തവ്യാപാരികൾ സർക്കാർ മിതമായ വിലയ്ക്ക് മരുന്നു ലഭ്യമാക്കാൻ നടത്തുന്ന ശ്രമങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചുവരികയാണ്. ഇവരുടെ സംഘടിത ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ രക്ഷിക്കുന്നതിനായി കർശനമായ ഔഷധ വിലനിയന്ത്രണം നടപ്പിലാക്കുന്നതിനുപുറമേ ബിവറേജസ് കോർപ്പറേഷന്റെയും റേഷൻകടകളുടേയും മറ്റും മാതൃകയിൽ രാജ്യമൊട്ടാകെ നീതി മെഡിക്കൽസ്റ്റോറുകൾ സ്ഥാപിക്കേണ്ടതാണെന്ന നിർദ്ദേശം ഉയർന്നുവന്നിട്ടുണ്ട്. ഇതേത്തുടർന്നാണ് ജനൗഷധി മരുന്നുകടകൾ കേന്ദ്രസർക്കാർ ആരംഭിച്ചത്. എന്നാൽ രാജ്യത്ത് വിൽക്കപ്പെടുന്ന മരുന്നുകളുടെ വളരെ ചെറിയ ശതമാനം മാത്രമാണ് ജൻ ഔഷധി കടകൾ വഴി വിൽക്കപ്പെടുന്നത്. മാത്രമല്ല ജനൗഷധികളിലെ മരുന്നുകളുടെ ഗുണനിലവാരത്തെപ്പറ്റി വിമർശനം ഉയർന്നു വന്നിട്ടുണ്ട്. ഇതും പരിഹരിക്കേണ്ടതാണ്. 2012 ലെ നാഷണൽ സാമ്പിൾ സർവേയുടെ പഠനമനുസരിച്ച് ഇന്ത്യൻജനതയിൽ 23% പേർ ചികിത്സാചെലവ് താങ്ങാനാവാത്തതുമൂലം ആശുപത്രിയിൽ പോകാൻ പ്രാപ്തിയില്ലാത്തവരാണെന്നും 1999-–2000 കാലത്തു മാത്രം മൂന്നുകോടി 25 ലക്ഷം പേർ ആശുപത്രി ചികിത്സയെ തുടർന്ന് ദാരിദ്ര്യരേഖകയ്ക്ക് താഴേക്ക് പതിച്ചുവെന്നും കണക്കാക്കിയിരുന്നു.
ഓപ്പൺ സോഴ്സ് ഡ്രഗ് ഡിസ്കവറി
സ്വതന്ത്ര സോഫ്റ്റ്-വെയർ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കുത്തകകമ്പനികളെ ആശ്രയിക്കാതെ പ്രസക്തമായ മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിന് പരസ്പരസഹകരണത്തിന്റേയും സാമൂഹ്യ പങ്കാളിത്തത്തിന്റേയും അടിസ്ഥാനത്തിലും സുതാര്യവുമായ ഓപ്പൺ സോഴ്സ് ഡ്രഗ് ഡിസ്കവറി (Open Source Drug Discovery) മാതൃകകൾ പലരാജ്യങ്ങളിലും നടപ്പിലാക്കിവരുന്നുണ്ട്. വൻകിട മരുന്നുകമ്പനികൾക്ക് താത്പര്യമില്ലാത്ത പ്രാന്തവൽക്കരിക്കപ്പെട്ട ജനസമൂഹത്തെ ബാധിക്കുന്ന അവഗണിക്കപ്പെട്ടുവരുന്ന രോഗങ്ങൾക്കുള്ള മരുന്നുകൾ കണ്ടെത്തുന്നതിനുവേണ്ടിയാണ് ഒ എസ് ഡി ഡിയിലൂടെ ഗവേഷണങ്ങൾ നടന്നുവരുന്നത്.

ഇന്ത്യയിൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സി എസ് ഐ ആർ) കീഴിൽ ഒ എസ് ഡി ഡി പദ്ധതിക്ക് 2008 ൽ തുടക്കം കുറിച്ചിരുന്നു. ക്ഷയരോഗത്തിനുള്ള ഫലപ്രദമായ പുതിയമരുന്ന് കണ്ടെത്തുന്നതിനുവേണ്ടിയുള്ള സംരംഭമാണ് ആദ്യത്തെ പദ്ധതിയായി സി എസ് ഐ ആർ എറ്റെടുത്തത്. ഔഷധം ഗവേഷണം ചെയ്തെടുത്തു കഴിഞ്ഞാൽ പേറ്റെന്റെടുക്കുന്നത് സി എസ് ഐ ആർ ആയിരിക്കും. ഔഷധവില്പനയിലെ കുത്തകവൽക്കരണം ഒഴിവാക്കി കുറഞ്ഞവിലയ്ക്ക് ജനറിക് മരുന്നുകൾ ഉല്പാദിപ്പിക്കാൻ തയ്യാറുള്ള ഒന്നിലധികം കമ്പനികൾക്ക് ഔഷധ ഉല്പാദനത്തിനുള്ള ലൈസൻസു നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. കേരളത്തിലെ അക്കാദമിക് സ്ഥാപനങ്ങളടക്കം രാജ്യത്തെ 34 ഗവേഷണ സ്ഥാപനങ്ങളും ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ശാസ്ത്രജ്ഞരും പങ്കെടുത്തുകൊണ്ട് വിജയകരമായി നടന്നുവന്നിരുന്ന ഗവേഷണ പദ്ധതിക്കുള്ള ധനസഹായം പ്രത്യേക കാരണമൊന്നും കാട്ടാതെ 2014 മുതൽ തുടരാതിരുന്നതിനാൽ അതീവ പ്രസക്തമായിരുന്ന ഗവേഷണസംരംഭം നിലച്ചിരിക്കുകയാണ്. പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് 49 കോടിരൂപയാണ് പദ്ധതിക്കനുവദിച്ചിരുന്നത്. 12 –ാം പദ്ധതിക്കാലത്ത് 650 കോടി രൂപ അനുവദിക്കണമെന്ന് പ്ലാനിംഗ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റ്യൂബർകുലോസിസ് ആൻഡ് റെസ്പരേറ്ററി ഡിസീസസിന്റെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട ഔഷധപരിശോധനയിലേക്ക് ഗവേഷണം പുരോഗമിച്ച അവസരത്തിലാണ് സാമ്പത്തിക സഹായം അവസാനിപ്പിച്ച് സർക്കാർ കുറ്റകരമായ അനാസ്ഥകാട്ടിയത്.

കേന്ദ്ര ബജറ്റ് 2023-24
കോവിഡ് അനുഭവങ്ങളുടെയും കോവിഡാനന്തര വെല്ലുവിളികളുടെയും അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിൽ പുതിയപദ്ധതികൾ പ്രഖ്യാപിക്കുമെന്നും ആരോഗ്യബജറ്റ് വിഹിതം പൊതുവിൽ വർധിപ്പിക്കുമെന്നുമായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ മുൻബജറ്റിന്റെ തനിയാവർത്തനം മാത്രമാണ് ധനമന്ത്രി നടത്തിയത്. പല സുപ്രധാനമേഖലകളിലും കഴിഞ്ഞവർഷത്തെ വിഹിതത്തിൽ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു. മാത്രമല്ല ജി 20 യോഗത്തിൽ ഇന്ത്യയിൽ നിന്നു കുറഞ്ഞവിലയ്ക്കുള്ള ജനറിക് ഔഷധങ്ങൾ മറ്റ് രാജ്യങ്ങൾക്ക് കൂടുതലായി ലഭ്യമാക്കും എന്ന വാഗ്ദാനം സാക്ഷാത്കരിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല.

ആരോഗ്യമേഖലയിലെ സർക്കാർ മുതൽമുടക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൊത്തം ദേശീയ വരുമാനത്തിന്റെ 5 ശതമാനമെങ്കിലും ആരോഗ്യമേഖലയ്ക്കായി നീക്കിവെക്കണമെന്നാണ് ലോകാരോഗ്യസംഘടന ശുപാർശചെയ്തിട്ടുള്ളത്. ഇന്ത്യയിൽ വളരെനാൾ കേവലം 0.9 ശതമാനമായിരുന്നു ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചിരുന്നത്. യു പി എ സർക്കാരിന്റെ കാലത്താണ് നേരിയതോതിൽ ആരോഗ്യവിഹിതം വർധിച്ചത്. പൊതുമിനിമം പരിപാടിയുടെ ഭാഗമായി ഇടതുപാർട്ടികളുടെ സമ്മർദ്ദത്തെ തുടർന്ന് ദേശീയാരോഗ്യമിഷൻ ആരംഭിച്ചപ്പോൾ ആരോഗ്യബജറ്റ് 1.1% ആയി ഉയർന്നു. ഇപ്പോഴും ആ നില തുടരുകയാണ്. ആരോഗ്യവിഹിതം ദേശീയവരുമാനത്തിന്റെ 3.5% മായി വർധിപ്പിക്കുമെന്ന് എൻ ഡി എ പ്രകടനപത്രികയിലും ദേശീയആരോഗ്യനയത്തിലും വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. ആയുഷ് അടക്കമുള്ള ആരോഗ്യമേഖലക്കുള്ള ബജറ്റ് വിഹിതം 2022–-23 ലെ 89,251 കോടി രൂപയിൽ നിന്നും 92,803 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ടെങ്കിലും നാണയപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ കഴിഞ്ഞവർഷത്തേക്കാൾ ആരോഗ്യവിഹിതം കുറഞ്ഞിരിക്കയാണ്. ആരോഗ്യമേഖലയ്ക്ക് ബജറ്റിന്റെ 2.26 ശതമാനമാണ് കഴിഞ്ഞവർഷം മാറ്റിവച്ചതെങ്കിൽ ഇത്തവണ അത് കേവലം 2.06% മാത്രമായി കുറച്ചിരിക്കുന്നു. അതേയവസരത്തിൽ ബജറ്റിന്റെ മൊത്തം വലിപ്പം കഴിഞ്ഞവർഷത്തേക്കാൾ 33% വർധിച്ചിട്ടുണ്ട് . അതായത് കഴിഞ്ഞവർഷത്തെ 10 ലക്ഷം കോടി രൂപയിൽ നിന്നും ഇത്തവണ 13.7 ലക്ഷം കോടിയായി വർധിപ്പിച്ചിരിക്കുന്നു. ദേശീയവരുമാനത്തിന്റെ 3.9% ത്തിൽ നിന്നും 4.9% വർധന. എന്നാൽ ആരോഗ്യബജറ്റിൽ തത്തുല്യമായ വർധന സർക്കാർ വരുത്തിയിട്ടില്ല.

ആധുനിക ആരോഗ്യമേഖല (ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ) മാത്രമായുള്ള വിഹിതം 86,200 കോടി രൂപയിൽ നിന്നും 79,145 കോടി രൂപയായി കുറച്ചിരിക്കുകയാണ്. മാത്രമല്ല സംസ്ഥാനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം പകരുന്ന ദേശീയ ആരോഗ്യമിഷൻ ഫണ്ട് 37,159 കോടി രൂപയിൽ നിന്നും 36,785 കോടിയായി കുറച്ചിരിക്കയാണ്. ഇത് കേവലമായി 374 കോടി രൂപയാണെങ്കിൽ നാണയപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ 1,438 കോടി രൂപയുടെ കുറവാണെന്ന് കാണാം. 1,50,000 പ്രാഥമികാരോഗ്യ സബ്സെന്ററുകളെ 2022 ഡിസംബറോടെ ആയുഷ്മാൻ ഭാരത് സൗഖ്യാരോഗ്യകേന്ദ്രങ്ങളാക്കി (Health and Wellness Centres) മാറ്റുമെന്നത് കേന്ദ്രസർക്കാർ വലിയ ആഘോഷത്തോടെ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു. എന്നാൽ വളരെക്കുറച്ച് കേന്ദ്രങ്ങൾമാത്രമാണ് വിവിധസംസ്ഥാനങ്ങളിലായി ആരംഭിച്ചിട്ടുള്ളത്. ഇത്തവണത്തെ ബജറ്റിലാവട്ടെ ഇതിലേക്കായി തുകയൊന്നും മാറ്റിവച്ചിട്ടുമില്ല! ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ പ്രധാനമന്ത്രി ജനാരോഗ്യയോജനയ്ക്കായി കഴിഞ്ഞതവണ മാറ്റിവച്ച 6,400 കോടി രൂപയിൽ കേവലം 3,115 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. അതും സ്വകാര്യമേഖല ആശുപത്രികൾക്കാണ് നൽകിയത്. ഇത്തവണ വിഹിതം 7,200 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിലേത് പോലെ സർക്കാർമേഖലയെ കൂടുതലായി ഉൾപ്പെടുത്താനുള്ള നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തികവർഷം തന്നെ ദേശീയാരോഗ്യമിഷന് നീക്കിവച്ചിരുന്ന തുക മറ്റു പല ആവശ്യങ്ങൾക്കുമായി വകമാറ്റി ചെലവഴിച്ചത് മാതൃശിശുസംരക്ഷണത്തേയും സാർവത്രിക ഇമ്യൂണൈസേഷൻ പരിപാടിയേയും പ്രതികൂലമായി ബാധിച്ചിരുന്നു. സ്തീകളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള പലപരിപാടികളുടെയും ഫണ്ട് വെട്ടിച്ചുരുക്കിയിരിക്കയാണ്. ഗർഭകാലപരിചരണത്തിനായുള്ള പ്രധാനമന്ത്രി മാതൃവന്ദനയോജനയ്ക്കുള്ള -ഫണ്ട് 2,622 കോടിരൂപയിൽ നിന്നും 2,582 കോടി രൂപയായി പരിമിതപ്പെടുത്തി. അതായത് 40 കോടിരൂപയുടെ കുറവ്. അംഗൻ വാടി, പോഷൺ സ്കീമുകൾക്കായി 291 കോടി രൂപ വർധിപ്പിച്ചെങ്കിലും യഥാർത്ഥ വിഹിതം 4.3% കുറയുകയാണ് ചെയ്തിരിക്കുന്നത്.

മാനസികാരോഗ്യത്തിനായി കഴിഞ്ഞവർഷം ഒരു ടെലിമാനസികാരോഗ്യ പരിപാടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇത്തവണത്തെ ബജറ്റിൽ മാനസികാരോഗ്യത്തെ പൂർണ്ണമായും അവഗണിച്ചിരിക്കുന്നു 2019-20 ലെ ബജറ്റുമുതൽ നൽകിയിരുന്ന 40 കോടി മാത്രമാണ് ദേശീയമാനസികാരോഗ്യപ്രോഗ്രാമിനായി (നാഷണൽ മെന്റൽ ഹെൽത്ത് പ്രോഗാം) ഇത്തവണയും മാറ്റിവച്ചിട്ടുള്ളത്. കഴിഞ്ഞവർഷത്തെ വിഹിതത്തിൽ കേവലം 2.46 കോടി രൂപ മാത്രമായിരുന്നു ചെലവിട്ടത്. കേന്ദ്രബജറ്റിൽ കുത്തകകളെ സഹായിക്കുന്നതിനായുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നതിന്റെ മറ്റൊരുദാഹരണം ആരോഗ്യമേഖലയിലും കാണാൻ കഴിയും. വൻകിട ഐ ടി കമ്പനികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ഹെൽത്ത് മിഷന്റെ വിഹിതം 200 കോടി രൂപയിൽ നിന്നും 341 കോടി രൂപയായി വർധിച്ചിപ്പിച്ചിരിക്കുകയാണ്. അതേയവസരത്തിൽ കോവിഡ് വാക്സിൻ ഗവേഷണത്തിലും മറ്റും നിരവധി ഗവേഷണസംരംഭങ്ങൾ ഏറ്റെടുത്ത് വിജയിപ്പിച്ച ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വിഹിതം 2021–22 ലെ നിലയിലേക്ക് 2359 കോടി രൂപയായി വർധിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞവർഷത്തെ വിഹിതമായ 2198 കോടി രൂപയുമായി തട്ടിച്ച് നോക്കുമ്പോൾ യഥാർത്ഥത്തിൽ 17% കുറച്ചിരിക്കുകയാണ്. ഐസിഎംആർ ഫണ്ട് സ്വീകരിച്ച് ആരോഗ്യഗവേഷണം നടത്തുന്ന സ്ഥാപനങ്ങളെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കും.

മെഡിക്കൽ കോളേജുകളുടെ നവീകരണത്തിനായും ഇതിനകം ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ( എയിംസ്) സ്ഥാപിക്കാത്ത സംസ്ഥാനങ്ങളിൽ എയിംസ് ആരംഭിക്കുന്നതിനുമായി പ്രധാനമന്ത്രി സ്വസ്ഥയാ സുരക്ഷാ യോജനയ്ക്കുള്ള ഫണ്ടിൽ വലിയ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞവർഷത്തെ വിഹിതമായ 10,000 കോടി രൂപയുടെ സ്ഥാനത്ത് ഇത്തവണ കേവലം 3,365 കോടി രൂപ മാത്രം. കേരളം സ്ഥിരമായി ഉന്നയിച്ചുകൊണ്ടിരുന്ന എയിംസിനുവേണ്ടിയുള്ള ആവശ്യം ഇത്തവണയും പരിഗണിക്കപ്പെടാതെ പോയതിൽ അത്ഭുതപ്പെടാനില്ല.

കോവിഡ് നിയന്ത്രണ വിധേയമാവുന്നുണ്ടെങ്കിലും രോഗം ഭേദമായവരിൽ കുറഞ്ഞത് 20 ശതമാനം പേർക്കെങ്കിലും കോവിഡാനന്തര രോഗങ്ങൾ (Post Covid Syndrome: Long Covid) ഉണ്ടാവാനിടയുണ്ട്. രാജ്യത്ത് ഇതുവരെ 4.4 കോടിയാളുകളെ കോവിഡ് ബാധിച്ചിട്ടുണ്ടെന്നോർക്കണം. കോവിഡാനന്തര രോഗചികിത്സയ്ക്കായുള്ള സവിശേഷ ക്ലിനിക്കുകൾ (Post Covid Clinic) ആരംഭിക്കാൻ പ്രത്യേക വിഹിതം അനുവദിക്കുന്നതിനും കേന്ദ്രബജറ്റിൽ ഫണ്ടൊന്നും അനുവദിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളത്തിൽ 2021 ൽ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിരുന്നു. ഇത്തവണത്തെ കേരള സംസ്ഥാന ബജറ്റിൽ കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ 5 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

2047 ആകുമ്പോഴേക്ക് രാജ്യത്തുനിന്ന് സിക്കിൾ സെൽ അനീമിയ തുടച്ചു നീക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറയുന്നു. രണ്ടു കോടിയോളം ജീൻ വാഹകരുള്ള ഒരു രോഗം മലേറിയയും വസൂരിയുമൊക്കെപ്പോലെ നിർമാർജ്ജനം ചെയ്യാമെന്ന പ്രഖ്യാപനം അശാസ്ത്രീയവും അപ്രായോഗികവുമാണെന്നാണ് ഈ മേഖലയിൽ ഗവേഷണം നടത്തുന്നവർ ചൂണ്ടിക്കാട്ടുന്നത്. രോഗം ബാധിച്ചവർക്ക് മുഴുവൻ ചികിത്സ നൽകുക എന്നതാണ് ഇത്തരം രോഗങ്ങളിൽ സർക്കാരിന്റെ ചുമതല. കേരളത്തിൽ ഇന്നുള്ള ആയിരത്തി ഇരുനൂറോളം സിക്കിൾ സെൽ രോഗികൾക്ക് ഹൈഡ്രോക്സിയൂറിയ അടക്കമുള്ള ചികിത്സയും പോഷകാഹാര സപ്ലിമെന്റുകളും മാസം 2500 രൂപ സ്റ്റൈപ്പന്റും നൽകിവരുന്നു. ഇതിന്റെ ഫലമായി രോഗികളിൽ മിക്കവർക്കും അറുപതു വയസ്സോ അതിൽ അധികമോ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നു. ഇതേ രീതി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാമ്പത്തിക സഹായം നൽകുന്നതിനുപകരം രോഗം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുമെന്ന അപ്രായോഗിക നിലപാടാണ് ബജറ്റിൽ സ്വീകരിച്ചിട്ടുള്ളത്.

കോവിഡ് നിയന്ത്രണത്തിനായി തുടർന്നും വാക്സിനേഷൻ നൽകേണ്ടി വരുമെന്നതിനാൽ കേന്ദ്രസർക്കാരിൽ നിന്നും അവഗണന നേരിട്ടുവരുന്ന പൊതുമേഖലാ വാക്സിൻഫാക്ടറികൾ പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ഇന്ത്യൻ വാക്സിനായ കോവാക്സിൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെയാണ് ഭാരത് ബയോടെക് കമ്പനി നിർമ്മിക്കുന്നത് കോവാക്സിന്റെ വില വിദേശത്ത് നിന്നുള്ള കോവിഷീൽഡ് വാക്സിനേക്കാൾ കൂടുതലാണ്. ഇന്ത്യൻ പൊതുമേഖല വാക്സിൻ ഫാക്ടറികളിൽ ഉല്പാദിപ്പിച്ചിരുന്നെങ്കിൽ കുറഞ്ഞവിലയ്ക്ക് കോവാക്സിൻ ലഭ്യമാക്കാൻ കഴിയുമായിരുന്നു. അതിനായി പൊതുമേഖല വാക്സിൻ ഫാക്ടറി നവീകരണത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കേണ്ടിയിരുന്നു. ഇക്കാര്യം ബജറ്റിൽ പൂർണ്ണമായും അവഗണിക്കപ്പെട്ടു.

കഴിഞ്ഞ മാസം കേരളത്തിൽ വച്ച് നടന്ന ജി 20 ആരോഗ്യവർക്കിംഗ് ഗ്രൂപ്പിൽ വാഗ്ദാനം ചെയ്തതുപോലെ മറ്റ് രാജ്യങ്ങൾക്ക് താങ്ങാവുന്ന വിലയ്ക്ക് ജനറിക് മരുന്നുകൾ ലഭ്യമാക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അവഗണനമൂലം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന പൊതുമേഖലാ ഔഷധകമ്പനികൾ നവീകരിച്ച് പ്രവർത്തന ക്ഷമമാക്കേണ്ടതുണ്ട്. കേന്ദ്രബജറ്റിൽ വാക്സിൻ ഫാക്ടറികളുടെ കാര്യത്തിലെന്ന പോലെ പൊതുമേഖലാ മരുന്നുകമ്പനികളുടെ നവീകരണത്തെപ്പറ്റി സൂചിപ്പിക്കുന്നതേയില്ല.

ആരോഗ്യവുമായി ബന്ധപ്പെട്ട സാമൂഹ്യസുരക്ഷാ പദ്ധതികൾക്കും മറ്റ് അനുബന്ധമേഖലകൾക്കും കാര്യമായ വിഹിതം വകവെച്ചിട്ടില്ല. എന്നുമാത്രമല്ല കഴിഞ്ഞവർഷത്തേക്കാൾ കുറച്ചിരിക്കുകയുമാണ്. ഭക്ഷ്യസബ്സിഡി ഇനവിഹിതം 2.8 കോടി രൂപയിൽ നിന്നും 1.97 കോടി രൂപയായി കുറച്ചിരിക്കുന്നു. ഇത് പ്രതീക്ഷിച്ചിരുന്നതുമാണ്. കാരണം പ്രധാനമന്ത്രി ഗരീബി കല്യാൺ അന്ന യോജന പദ്ധതിപ്രകാരം കോവിഡ് കാലത്ത് 2020ൽ ആരംഭിച്ച പ്രതിമാസ പ്രതിശീർഷ 5 കിലോഗ്രാം ഭക്ഷ്യധാന്യവിതരണം നിർത്തലാക്കിയിരുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിൽ സുരക്ഷാപദ്ധതിക്കുള്ള (എം ജി എൻ ആർ ഇ ജി എസ്) വിഹിതം വൻതോതിലാണ് വെട്ടിക്കുറച്ചിരിക്കുന്നത്. 2022-–23 ലെ 89,400 കോടി രൂപയായിരുന്നെങ്കിൽ 2023–-24 ലേക്ക് കേവലം 60,000 കോടി രൂപ മാത്രമാണ്. വകയിരുത്തിയിട്ടുള്ളത്. പ്രധാനമന്ത്രി പോഷൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിട്ടുള്ള സ്കൂൾ ആഹാരപദ്ധതിയുടെ വിഹിതം 12,800 കോടി രൂപയിൽ നിന്നും 11,600 കോടി രൂപയായും കുറച്ചിരിക്കുന്നു. സ്ത്രീകൾക്കായി പ്രത്യേകിച്ച് ഗർഭിണികൾക്കായുള്ള സാമർത്ഥ്യ പദ്ധതിയുടെ വിഹിതം 2,522 കോടി രൂപയിൽ നിന്നും 2,852 കോടിയായും കുറച്ചിട്ടുണ്ട്. ദുർബലജനവിഭാഗത്തിൽ പെട്ട സ്ത്രീകളുടെ പോഷണവും മറ്റും ഉറപ്പാക്കാനുള്ള പദ്ധതിയാണിത്. വയോജനങ്ങൾക്കും വിധവകൾക്കും ശാരീരികാവശതകളുള്ളവർക്കും വേണ്ടിയുള്ള ദേശീയ സമൂഹ്യസഹായപദ്ധതിക്കുള്ള തുക 9,600 കോടി രൂപയായി നിലനിർത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ചുരുക്കത്തിൽ ആരോഗ്യമേഖലയെ പൂർണ്ണമായും അവഗണിച്ചുകൊണ്ടുള്ള ഒരു ബജറ്റാണ് കേന്ദ്രസർക്കാർ ഇത്തവണ അവതരിപ്പിച്ചത്. 
(അവസാനിച്ചു) 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − one =

Most Popular