Monday, September 9, 2024

ad

Homeനിരീക്ഷണംവീണ്ടും മറ്റൊരു കാലാവസ്ഥാ സമ്മേളനം

വീണ്ടും മറ്റൊരു കാലാവസ്ഥാ സമ്മേളനം

എ കെ രമേശ്

ൺസൂൺ ചതിക്കുമോ? ചൂട് ഇനിയും കൂടുമോ? എൽ നിനോ ആഞ്ഞടിക്കുമോ? ചോദ്യങ്ങൾ പെരുകുകയാണ്. പക്ഷേ ഉത്തരങ്ങൾ അത്ര ലളിതമല്ല. ലോകത്തെങ്ങുമുള്ള മനുഷ്യരെ കൊടും ചൂടും വരൾച്ചയും ഉഷ്ണക്കാറ്റും വഴി 2023 ജൂൺ മാസം പഠിപ്പിച്ചത് കാര്യങ്ങൾ പിടിവിട്ടുപോയേക്കും എന്നുതന്നെയാണ്.

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ മാത്രമല്ല, യൂറോപ്പിലും അമേരിക്കയിലും ആസ്ട്രേലിയയിലുമെല്ലാം കാലാവസ്ഥ പിടിതരാത്ത മട്ടിൽ ദുസ്സഹമായിത്തീരുകയാണ്. കാനഡയിൽ കാടുകൾ കത്തുകയാണ്. ആ കാട്ടുതീ കാരണം അമേരിക്കൻ ജനതയുടെ മൂന്നിലൊന്നും എയർ ക്വാളിറ്റി അലേർട്ടുകളുടെ ഭീഷണിയിലാണ്. ലോകത്തിലെ ഏറ്റവും മലിനീകൃതമായി മാറിയിരിക്കുന്നു ഇപ്പോൾ ദെത്രോയിറ്റിലെയും ചിക്കാഗോയിലെയും അന്തരീക്ഷം. ജൂൺ 28 ന് സിഎൻഎൻ റിപ്പോർട്ടുചെയ്തതു പ്രകാരം, നഗരവാസികളൊന്നും, വിശേഷിച്ച് ഹൃദ്രോഗികളും ശ്വാസകോശ രോഗികളും വൃദ്ധരും ഗർഭിണികളും കുഞ്ഞുങ്ങളും വീടുകളിൽ നിന്ന് പുറത്തിറങ്ങരുത് എന്ന് ചിക്കാഗോ നഗരം നിർദേശം നൽകിയിരിക്കുന്നു . ഇല്ലിനോയ്സിൽ സ്വിമ്മിങ് ബീച്ചുകൾ അടച്ചിട്ടിരിക്കുന്നു. പുറത്തിറങ്ങരുത് എന്നാണ് അവിടെയും നിർദേശം. മിച്ചിഗണിലെ എയർ ക്വാളിറ്റി അലേർട്ട് നീട്ടിയിരിക്കുന്നു എന്നാണ് വാർത്ത.

അതിനിടയ്ക്കാണ് ഈ കൊല്ലാവസാനം, കൃത്യമായി പറഞ്ഞാൽ 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ 28-–ാമത് സി.ഒ.പി (കോൺഫറൻസ് ഓഫ് ദ പാർട്ടീസ് )ചേരുന്നത്. 140 രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാരടക്കം 80,000 പ്രതിനിധികളും അവർക്കൊപ്പം ഏതാണ്ട് 5,000 പത്രപ്രവർത്തകരുമാണ്, ദുബായ്-യിലെ മരുഭൂമിയിൽ അതിനായി അണിഞ്ഞൊരുങ്ങുന്ന ശീത സമീകൃത ഹാളുകളിൽ ഒത്തുചേർന്ന് നമ്മുടെ “കാർബൺ സംഭാവനകൾ’ വിലയിരുത്തുക.

22വർഷം മുമ്പ് 2000 ത്തിൽ 2,500 കോടി ടണ്ണായിരുന്നു ലോകം പുറത്തുവിട്ട കാർബൺഡയോക്സൈഡിന്റെ അളവ് . അത് 2022 ആയപ്പോൾ 37 ബില്യൺ ടണ്ണായിത്തീർന്നി രിക്കുന്നുവത്രെ. എന്നു വെച്ചാൽ,3700 കോടി ടൺ! 50 ശതമാനത്തിലേറെയാണ് വർദ്ധന. 1950 ൽ ഇത് വെറും 500 കോടി ടൺ മാത്രമായിരുന്നു എന്നറിയുമ്പോഴാണ് സംഗതിയുടെ ഗൗരവം ബോദ്ധ്യപ്പെടുക.

ഒരു പുരുഷായുസ്സിനിടയിലാണ് 500 കോടി ടൺ എന്നത് 3700 കോടി ടണ്ണായി കാർബൺ ഡയോക്‌സൈഡ് ഉദ്സർജനം പെറ്റുപെരുകുന്നത് എന്നാണ് റോബർട്ട് ഹൻസികെർ കൗണ്ടർ പഞ്ച് ലേഖനത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്നത്. (rlhunziker@gmail.com.)
2023 ജൂൺ 26 ന് സി.എൻ.എൻ കൊടുത്ത ഒരു തലക്കെട്ട് Humans approaching limits of survivability as swelting heat waves engulf parts of Asia എന്നായിരുന്നു. ഏഷ്യയിൽ പലേടത്തും ഉഷ്ണതരംഗങ്ങൾ ആഞ്ഞു വീശിക്കൊണ്ടിരിക്കെ, മാനവരാശി നേരിടുന്ന നിലനിൽപ്പ് പ്രശ്നമാണ് അവർ എടുത്തു പറഞ്ഞത്. സസ്യങ്ങൾക്കും ജന്തുക്കൾക്കും താങ്ങാവുന്നതിലേറെയാണ് ഈ ഉഷ്ണതരംഗമെന്ന് യു.എൻ ഐ.പി.സി.സി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ആ റിപ്പോർട്ട് വരുന്നത്.

അറ്റ്ലാന്റയിലെ ജിയോർജിയാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭൗമശാസ്ത്രജ്ഞനായ സ്കൂൾ ഓഫ് എർത്ത് ആൻഡ് അറ്റ്മോസ്ഫെറിക് സയൻസസ് പ്രൊഫസർ അന്നാലിസാ ബ്രാക്കോ ഈ ജൂൺ 21 ന് Phys.org news ൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിൽ പറയുന്നത് 2023 മാർച്ച് മധ്യത്തോടെ സമുദ്രോഷ്മാവ് കഴിഞ്ഞ 40 വർഷത്തെ സാറ്റലൈറ്റ് നിരീക്ഷണക്കണക്കുകളുടെ ഏറ്റവും കൂടിയ ശരാശരി നിലവാരമാണ് കാട്ടുന്നത് എന്നാണ്. ജാപ്പാൻസമുദ്രത്തിന്റെ ഊഷ്മാവിൽ ഉണ്ടായ വർദ്ധനവ് 7 ഡിഗ്രി ഫാരൻഹീറ്റാണത്രെ (4 ഡിഗ്രി സെൽഷ്യസ്!) ഇന്ത്യാ സമുദ്രത്തിന്റെ ഊഷ്മാവിലുള്ള വ്യതിയാനം കാരണം ഇന്ത്യയിലെ മൺസൂൺ പ്രതീക്ഷിച്ചതിലും വളരെ കുറവായിരിക്കും എന്നും അദ്ദേഹം പ്രവചിക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രമല്ല, സ്പെയിനിലും ഫ്രാൻസിലും ഇംഗ്ലണ്ടിലുമെല്ലാം മഴ നന്നേ കുറവായിരിക്കുമത്രെ. കാരണം അഭൂതപൂർവമായ സമുദ്രോഷ്മാവിലെ വർദ്ധനവാണ്. നോർവെയിലെ ബെർ ജെനിലുള്ള നോർസ് കാലാവസ്ഥാ കേന്ദ്രത്തിലേക്ക് താൻ നടത്തിയ യാത്രയിലെ ചില അനുഭവങ്ങൾ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. സ്കാൻഡിനേവിയൻ നാടുകളിൽ തോരാ മഴ പെയ്തു കൊണ്ടിരുന്ന മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊടുംചൂടാണ് അദ്ദേഹത്തെ എതിരേറ്റത്. മഴയേ ഇല്ലാതായിരിക്കുന്നു. അതിന്റെ ഭാഗമായി നാലു വർഷം മുമ്പ് നേരിട്ട അതേ വരൾച്ചയാണ് അവിടെ വരാനിരിക്കുന്നത്! അന്ന് വിളവിന്റെ 40 ശതമാനമാണ് വരൾച്ച കാരണം കരിഞ്ഞു പോയതത്രെ ! ബെർജെനിൽ നിന്ന് ഓസ്ലോവിലേക്കുള്ള തങ്ങളുടെ തീവണ്ടി യാത്ര രണ്ടു മണിക്കൂർ വൈകിയത് , ഒരു കമ്പാർട്ട്മെന്റിലെ ബ്രെയ്ക്കുകൾ അമിതോഷ്ണം കാരണം പണിമുടക്കിയതാണത്രെ!

കടൽവെള്ളത്തിന്റെ ചൂടിലുള്ള വർദ്ധനവ് അത്യസാധാരണം എന്നതിലുമപ്പുറമാണ് എന്നാണ് മിയാമി സർവകലാശാലയിലെ കൊടുങ്കാറ്റ് ഗവേഷകനായ ബ്രിയാൻ മക്നോൾഡി പറയുന്നത്. രണ്ടു ലക്ഷത്തി അമ്പത്താറായിരത്തിൽ ഒന്ന് എന്ന നിലയ്ക്ക് മാത്രം സംഭവിക്കുന്ന അതീവ ഗുരുതരമായ വ്യതിയാനമാണിത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പക്ഷേ ഇതിനെല്ലാം അടിസ്ഥാന കാരണം ആഗോളതാപനമാണെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു.

സമുദ്രോപരിതലത്തിലും കരയിലും ഒരേപോലെ ചൂടുകൂടുന്ന പ്രവണത കഴിഞ്ഞ ഏതാനും ദശകങ്ങളായി വർദ്ധിച്ചുവരികയാണ്. മനുഷ്യരുടെ ഇടപെടൽ കാരണം ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ കൂടി വരുന്നതാണ് കാരണം. നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ (NOAA) തയാറാക്കിയ കണക്കുകൾ പറയുന്നത് ആഗോള കാർബൺഡയോക്സൈഡ് ഉത്–സർജനം 2023 മെയ് മാസത്തിൽ സർവകാല റിക്കാഡിൽ എത്തിയിരിക്കുന്നു എന്നാണ്. എൻ. ഒ.എ.എയുടെ നിരീക്ഷണ ലാബറട്ടറി കണ്ടെത്തിയത് അത് 424 ppm (പാർട്ട്സ് പെർ മില്യൺ = ദശലക്ഷം യൂണിറ്റിൽ എത്ര മാലിന്യം എന്ന കണക്കാണത്) ആയി കുതിച്ചുയർന്നിരിക്കുന്നു എന്നാണ്.

ഇക്കാര്യത്തിൽ പരിഹാരം കാണാനായി നടന്ന ആഗോള മുൻകൈയാണ് പാരീസ് കൺവൻഷ നിലേക്ക് നയിച്ചത്. അതിന്റെ ഒരു കണക്കെടുപ്പാണ് ഈ നവംബറിൽ ദുബായിയിൽ ചേരുന്ന സമ്മേളനത്തിൽ നടക്കുക. അവിടെയും പ്രഖ്യാപനങ്ങൾ ഉണ്ടാവും. പക്ഷേ മുൻ പ്രഖ്യാപനങ്ങ ളെല്ലാം തന്നെ ഏട്ടിൽ കിടക്കുകയും പശുക്കൾ പട്ടിണി കിടക്കുകയുമാണ്. മാനവരാശിയെ സർവനാശത്തിലേക്ക് നയിക്കാനാണ് ഈ അലംഭാവം വഴി വെക്കുക. കഴിഞ്ഞ വർഷത്തെ 27––ാം സമ്മേളനത്തിൽ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലാണ് പറഞ്ഞത്, ലോകം ഒരു കാലാവസ്ഥാ സർവ്വനാശത്തിലേക്കാണ് നീങ്ങുന്നത്, അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ എന്ന്! എന്നിട്ടും വികസിത സമ്പന്ന രാജ്യങ്ങൾ തങ്ങളുടെ ഫോസിൽ ഇന്ധനങ്ങൾക്ക് നൽകിപ്പോരുന്ന സബ്സിഡികൾ തുടരുകയും മലിനീകരണം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്. മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പാലിക്കാതെയാണ് ലാഭമാത്ര പ്രചോദിതമായ മുതലാളിത്ത ലോകം (ഒരുപക്ഷേ വീണ്ടും മറ്റൊരു പൊള്ള പ്രഖ്യാപനം നടത്താനായി) ദുബായ് സമ്മേളനത്തിലേക്ക് വരുന്നത്. സോഷ്യലിസം, അല്ലെങ്കിൽ കാടത്തം എന്ന് റോസാ ലക്സംബർഗ് പറഞ്ഞത് ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 3 =

Most Popular