Friday, May 17, 2024

ad

Homeനിരീക്ഷണംമഹാരാഷ്ട്രയിൽ 
ബിജെപിയുടെ ഗൂഢനീക്കം

മഹാരാഷ്ട്രയിൽ 
ബിജെപിയുടെ ഗൂഢനീക്കം

സി പി നാരായണൻ

ഹാരാഷ്ട്ര ഇന്ത്യയുടെ വ്യാപാര–വാണിജ്യ തലസ്ഥാനമാണ്. അത്തരത്തിലുള്ള സംസ്ഥാനത്തോടൊപ്പം അത് എംപിമാരുടെ എണ്ണം വച്ചുനോക്കുമ്പോൾ രാജ്യത്ത് രണ്ടാം സ്ഥാനത്തുമാണ്. 80 ലോക്-സഭാ എംപിമാരുള്ള ഉത്തർപ്രദേശാണ് ഒന്നാമത്. 48 എംപിമാരുള്ള മഹാരാഷ്ട്ര രണ്ടാമതും കേന്ദ്രത്തിൽ ആരു ഭരിക്കണം എന്നു നിർണയിക്കുന്നതിൽ ആ സംസ്ഥാനങ്ങൾക്ക് നിർണായകമായ സ്ഥാനമുണ്ട്. മഹാരാഷ്ട്രയ്ക്ക് ദീർഘനാളത്തെ കോൺഗ്രസ് പാരമ്പര്യമാണുള്ളത്. ശരത് പവാർ എൻസിപി രൂപീകരിച്ച് വേറിട്ടതോടെ കോൺഗ്രസ്സിന്റെ പഴയ പ്രതാപംപോയി. എങ്കിലും ബിജെപി ഉൾപ്പെടെ മറ്റു പാർട്ടികൾക്കൊന്നും അടുത്തകാലംവരെ ആ സംസ്ഥാനത്ത് മേൽക്കെെ നേടാനായിരുന്നില്ല.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ബിജെപിയായി ഒന്നാം സ്ഥാനത്ത്–ശിവസേന രണ്ടാം സ്ഥാനത്തും. ബിജെപി (105), ശിവസേന (56), എൻസിപി (54), കോൺഗ്രസ് (44) എന്നീ പാർട്ടികൾക്ക് വിധാൻ സഭയിലെ 288 സീറ്റിൽ ആകെ 269 സീറ്റുകളാണുള്ളത്. ബാക്കി നിരവധി ചെറു പാർട്ടികൾക്കും സ്വതന്ത്രർക്കുമായി 19 സീറ്റും. കേവല ഭൂരിപക്ഷത്തിനു 145 സീറ്റെങ്കിലും വേണം. ബിജെപിയും ശിവസേനയുമായോ, എൻസിപിയുമായോ കൂട്ടുകെട്ടുണ്ടാക്കിയാൽ കേവല ഭൂരിപക്ഷമാകും. അല്ലെങ്കിൽ ബിജെപി ഒഴിച്ചുള്ള മറ്റു മൂന്നു പാർട്ടികൾ തമ്മിൽ. പക്ഷേ അവ തമ്മിൽ കൂട്ടുകൂടാവുന്ന സ്ഥിതിയായിരുന്നില്ല 2019ൽ.

ആ സന്ദർഭത്തിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസുമായി ചേർന്ന് സ്വന്തം പാർട്ടിയിൽ ഒരു ആലോചനയുമില്ലാതെ എൻസിപിയിലെ അജിത് പവാർ ഒരു മന്ത്രിസഭ രൂപീകരിച്ചു. ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാർ ഉപമുഖ്യമന്ത്രി. പക്ഷേ, അതിനു ശരത്പവാറിന്റെയോ എൻസിപി നേതൃത്വത്തിന്റെയോ അംഗീകാരം ഉണ്ടായിരുന്നില്ല. അങ്ങനെ ആ മന്ത്രിസഭ മൂന്നാം ദിവസം വീണു. തുടർന്നു ശരത് പവാർ മുൻകെെയെടുത്ത് എൻസിപി, ശിവസേന, കോൺഗ്രസ് എന്നിവ ചേർന്നുള്ള കൂട്ടുമന്ത്രിസഭ (മഹാവികാസ് അഘാടി) രൂപീകരിച്ചു. ശിവസേനാ നേതാവ് ഉദ്ധവ്താക്കറെ മുഖ്യമന്ത്രിയും അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി. 2022ൽ ഏക്-നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ശിവസേന എംഎൽഎമാർ അതുവിട്ടതോടെ ആ മന്ത്രിസഭ വീണു. തുടർന്നു ഷിൻഡെ പക്ഷവുമായി ചേർന്ന് കൂട്ടുകക്ഷി മന്ത്രിസഭ ഉണ്ടാക്കുന്നതിനു ബിജെപി മുൻകയ്യെടുത്തു. ഷിൻഡെ മുഖ്യമന്ത്രിയും ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയുമായി ബിജെപി–ശിവസേന (ഷിൻഡെ) സർക്കാർ രൂപീകരിച്ചു. അതിന് ഒരു വർഷം തികയുന്ന അന്നാണ് അജിത് പവാറിന്റെ നേതൃത്വത്തിൽ 29 എൻസിപി എംഎൽഎമാർ ആ മന്ത്രിസഭയിൽ ചേരുന്നത്. പെട്ടെന്നുള്ള നീക്കമായിരുന്നു അത്. അജിത് പവാർ ഉപമുഖ്യമന്ത്രിയും എട്ടു എൻസിപി എംഎൽഎമാർ മന്ത്രിസഭയിൽ അംഗങ്ങളുമായി.

പ്രത്യക്ഷത്തിൽ ഷിൻഡെ മന്ത്രിസഭ കൂടുതൽ ശക്തമായി. എന്നാൽ, പുതിയ മന്ത്രിമാർക്ക് നിലവിലുള്ള മന്ത്രിമാരുടെ പല വകുപ്പുകളും വിട്ടുകൊടുക്കേണ്ടിവരും. അതിനെ ചൊല്ലി നിലവിലുള്ള മന്ത്രിമാരിൽ ആരെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന ആശങ്ക ചില ശിവസേനക്കാർക്കുള്ളതായാണ് വാർത്തകൾ. അതൊക്കെ ബന്ധപ്പെട്ടവർ പറഞ്ഞൊതുക്കുമോ എന്നൊക്കെ ഭാവിയിലെ കാര്യങ്ങളാണ്. നിയമസഭയിൽ ഭരണകൂട്ടുകെട്ടിന്റെ എണ്ണത്തിൽ കാണുന്ന കെട്ടുറപ്പ് യഥാർഥത്തിൽ അതിനുണ്ടോ എന്നൊക്കെ വരുംനാളുകളിൽ കണ്ടറിയേണ്ട കാര്യമാണ്.

അതിൽ ഏറ്റവും പ്രധാനം പ്രതിപക്ഷ കക്ഷികൾ ലോക്-സഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി 15 പാർട്ടികളുടെ മുന്നണി ഉണ്ടാക്കാൻ ഇപ്പോൾ നടത്തുന്ന ശ്രമമാണ്. എൻസിപി നേതാവായ ശരത്പവാറിന് അതിൽ നേതൃത്വപരമായ പങ്കുണ്ട്. അദ്ദേഹത്തിന്റെ പാർട്ടിയിലെ എംഎൽഎമാർ ബിജെപിയുമായുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ ചേരും. അത് പ്രതിപക്ഷ നീക്കത്തിനു വലിയ അടിയാകും. പ്രതിപക്ഷ കൂട്ടുകെട്ടിന്റെ അടുത്ത യോഗം ചേരുന്നതിനു മുമ്പായി അതിനൊരു പ്രഹരം നൽകുകയാണ് എൻസിപിയുടെ ഒരു വിഭാഗത്തെ ഷിൻഡെ–ഫഡ്നാവിസ് കൂട്ടുകക്ഷി മന്ത്രി സഭയിൽ ചേർക്കാനായതിലൂടെ ബിജെപി ചെയ്തത്: അത് ഏറ്റവും ബാധിക്കുക ശരത്പവാറിന്റെ നേതൃത്വത്തെയും എൻസിപിയെയുമാണ്.

ഇപ്പോൾ തട്ടിപ്പടച്ചിട്ടുള്ള ബിജെപി–ശിവസേന (ഷിൻഡെ)–എൻസിപി (അജിത് പവാർ) കൂട്ടുമന്ത്രിസഭ അധികകാലം നിലനിൽക്കുമോ എന്ന സംശയം ഇതിനകം പ്രകടിപ്പിക്കപ്പെട്ടു കഴിഞ്ഞു. നിലവിലുള്ള മന്ത്രിമാർ കെെകാര്യംചെയ്യുന്ന വകുപ്പുകളിൽ പലതും പുതുതായി സ്ഥാനമേറ്റിട്ടുള്ള ഒമ്പത് എൻസിപി മന്ത്രിമാർക്ക് കെെമാറേണ്ടി വരും. ഈ പാർട്ടികളുടെ നേതൃത്വങ്ങൾ അഖിലേന്ത്യാ തലത്തിൽ ഇക്കാര്യങ്ങളെ വീക്ഷിക്കുന്നത് ബിജെപി, ബിജെപി ഇതരകൂട്ടുകെട്ടുകളുടെ ഭാവി സാധ്യതയുടെ പശ്ചാത്തലത്തിലാണ്. എന്നാൽ, മന്ത്രിമാരായിരിക്കുന്ന പലരെയും സംബന്ധിച്ചിടത്തോളം ഇത് അപൂർവമായി ലഭിക്കുന്ന അവസരമാണ്.അവർ അങ്ങനെയാണ് അതിനെ കാണുന്നത്. എന്നാണ് വാർത്തകൾ നൽകുന്ന സൂചന. ഏക്-നാഥ് ഷിൻഡെ ആയാലും അജിത് പവാറായാലും തികഞ്ഞ അവസരവാദികളാണ്. കയ്യിൽ കിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്താൻ അവർ ശ്രമിച്ചേക്കും. ഇത് കൂട്ടുകക്ഷി മന്ത്രിസഭയുടെ ഭാവിയെ എങ്ങനെ ബാധിക്കും എന്നത് കണ്ടറിയണം.

എൻസിപിയിൽ നിന്നു ഷിൻഡെ മന്ത്രിസഭയിൽ ചേർന്ന എൻസിപി നേതാക്കളെക്കുറിച്ച് വന്നിരിക്കുന്ന വാർത്ത, അവർ ഈ കാലുമാറ്റത്തിനു തയ്യാറായത് ബിജെപി തങ്ങൾക്കു നേരെയുള്ള ഇഡിയെയും സിബിഐയെയും മറ്റും ഉപയോഗിച്ച് കേസെടുത്തേക്കാം എന്ന ഭയംമൂലമാണെന്നാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി അവർ അവിഹിതമായി സ്വത്ത് സമ്പാദിച്ചവരാണ്. അവരെ തങ്ങളുടെ പാളയത്തിലാക്കാൻ ബിജെപി ഇത്തരം അടവുകൾ പ്രയോഗിക്കുന്നു. അവിഹിതമായി സമ്പാദിച്ച സമ്പത്ത് കെെവിടാൻ അവർ ഒരുക്കമല്ല; അതിന്റെ പേരിൽ കേസിൽപെടാനും ജയിലിൽ അടയ്ക്കപ്പെടാനും ഒട്ടും തയ്യാറുമല്ല. അപ്പോൾ ബിജെപിക്കു കീഴടങ്ങൽ മാത്രമാണ് പോംവഴി.

ഇതിൽനിന്നു വെളിവാകുന്ന ഒരു വസ്തുതയുണ്ട്. അജിത് പവാറിനെയും മറ്റും സമ്മർദം ചെലുത്തി തങ്ങളുടെ പാളയത്തിൽ എത്തിക്കുന്നതിനുമുമ്പ് ഫഡ്നാവിസും മുഖ്യമന്ത്രി ഷിൻഡെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ഡൽഹിയിൽ പോയിക്കണ്ട് തങ്ങളുടെ കരുനീക്കങ്ങൾക്ക് അനുമതി നേടിയിരുന്നു എന്നതാണ് അത്; ബിജെപിക്ക് 2024ലെ തിരഞ്ഞെടുപ്പിൽ ഏതു വിധേനയും ജയിക്കണം. പ്രതിപക്ഷങ്ങളെ തകർത്ത് തങ്ങളുടെ ഭരണത്തുടർച്ച ഉറപ്പാക്കണം എന്നാലേ ഏകീകൃത പൗരത്വ നിയമം നടപ്പാക്കുക പോലുള്ള ലക്ഷ്യങ്ങൾ കെെവരിക്കാൻ കഴിയൂ. അതിനു പ്രധാനമാണ് പ്രതിപക്ഷപാർട്ടികളുടെ ഐക്യശ്രമത്തെ മുളയിൽതന്നെ നുള്ളിക്കളയൽ. ആ ഐക്യം ഫലപ്രദമായും ശക്തമായും നിലവിൽ വന്നാൽ 2024ൽ ബിജെപിയുടെ വിജയസാധ്യത മങ്ങും. അത് തടയാൻ എന്തു കടുംകെെ ചെയ്യാനും അവർ ഒരുക്കമാണ് എന്നാണ് ഇപ്പോഴത്തെ നീക്കങ്ങൾ വെളിപ്പെടുത്തുന്നത്.

ഷിൻഡെ–ഫഡ്നാവിസ് മന്ത്രിസഭ നിലനിന്നാലും വരുന്ന തിരഞ്ഞെടുപ്പിൽ യോജിച്ച പ്രതിപക്ഷം മത്സരിച്ചാൽ അതിനായിരിക്കും വിജയസാധ്യത എന്നാണ് മഹാരാഷ്ട്രയിൽ നടത്തപ്പെട്ട വോട്ടർമാരുടെ അഭിപ്രായഗതിയെക്കുറിച്ചുള്ള സർവെഫലങ്ങൾ വെളിവാക്കുന്നത്. അതിനാൽ പ്രതിപക്ഷ ഐക്യത്തെ തകർക്കുക എന്നത് ബിജെപിയുടെ ഒഴിവാക്കാനാവാത്ത ലക്ഷ്യമായിത്തീർന്നിരിക്കുന്നു. അജിത് പവാർ 2019 മുതലേ പ്രത്യക്ഷമായിത്തന്നെ (അതിനുമുമ്പും അങ്ങനെയാകാം) ബിജെപിയുമായി എൻസിപി കൂട്ടുകൂടണം എന്ന നിലപാടിലായിരുന്നു. അതുകൊണ്ടാണ് ആ വർഷം സ്വന്തം പാർട്ടി നേതൃത്വത്തോട് ചോദിക്കാതെ ഫഡ്നാവിസുമായി കൂട്ടുചേർന്ന് അദ്ദേഹം ബിജെപി–എൻസിപി മന്ത്രിസഭ ഉണ്ടാക്കിയത്. അത് ഉടനെ പിൻവലിക്കാൻ അദ്ദേഹം അന്നു നിർബന്ധിതനായെങ്കിലും ഇങ്ങനെയുള്ള കുലംകുത്തികളെ ഉപയോഗിച്ച് സ്വന്തം ലക്ഷ്യം നേടാനാണ് ബിജെപി നേതൃത്വത്തിന്റെ രണ്ടും കൽപ്പിച്ചുള്ള ശ്രമം.

അധികാരം നഷ്ടപ്പെടും എന്ന സ്ഥിതിവന്നപ്പോഴാണ് അതേവരെ എതിർത്തുവന്ന പാർട്ടിയിൽനിന്നും ഒരു വിഭാഗത്തെ അടർത്തിയെടുത്ത് തങ്ങളോടൊപ്പം അണിനിരത്തി അധികാരം നിലനിർത്താൻ ബിജെപി നേതൃത്വം ശ്രമം തുടങ്ങിയത്. ഒമ്പതുവർഷം മുമ്പ് മോദി സർക്കാർ നിലവിൽ വന്നശേഷം കോൺഗ്രസ് ഉൾപ്പെടെ എത്ര പാർട്ടികളിലെ നേതാക്കളെയും പ്രവർത്തകരെയുമാണ് ബിജെപി പണവും അധികാരവും സമ്മർദവും മറ്റും ഉപയോഗിച്ച് വശത്താക്കിയത്. എന്നാൽ, അങ്ങനെയൊക്കെ ചെയ്തിട്ടും ജനങ്ങൾ ആ പാർട്ടിയെ അധികാരത്തിൽ തുടരാൻ അനുവദിക്കുന്നില്ല എന്നതാണ് ഹിമാചൽപ്രദേശിലും കർണാടകത്തിലും ഈയിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടത് വെളിവാക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − nine =

Most Popular