Tuesday, April 30, 2024

ad

Homeസാമ്പത്തിക കുറിപ്പുകള്‍ജിഎസ്ടി വരുമാനവും 
കേരളത്തിന്റെ 
ധനകാര്യസ്ഥിതിയും

ജിഎസ്ടി വരുമാനവും 
കേരളത്തിന്റെ 
ധനകാര്യസ്ഥിതിയും

ഡോ. ടി.എം. തോമസ് ഐസക്

കേരളത്തിന്റെ ധനകാര്യ സ്ഥിതി തിരിച്ചുവരവ് സാധ്യമല്ലാത്തവിധം തകർച്ചയുടെ നെല്ലിപ്പടിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില കൂട്ടരുണ്ട്. ഈ അബദ്ധധാരണകളെ പൊളിച്ചുകാട്ടുന്നതാണ് സമീപകാലത്ത് ജി.എസ്.ടി വരുമാനത്തിൽ പ്രകടമായിട്ടുള്ള ഉണർവ്വ്. ഇന്നുള്ള ധനകാര്യ പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ സൃഷ്ടിയാണ്. അതിനെതിരെ ജനരോഷം ഉയരുന്നതു തടയുന്നന്നതിന് പുകമറ സൃഷ്ടിക്കുകയാണ് മാധ്യമങ്ങളും ചില വിദഗ്ധരും.

കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 40-45 ശതമാനം ജി.എസ്.ടി നികുതിയാണ്. 2021–22-ൽ മുൻവർഷത്തെ അപേക്ഷിച്ച് ജി.എസ്.ടി നികുതി 26 ശതമാനം വളർന്നു. അത് കോവിഡുകാലത്തെ നികുതി തകർച്ചയിൽ നിന്നുള്ള തിരിച്ചുവരവാണെന്നു പറയാം. എന്നാൽ 2022-23ലും 26 ശതമാനം വർദ്ധനവ് വീണ്ടും ഉണ്ടായി. ഇത് ജി.എസ്.ടി കൗൺസിലിന്റെ ഔദ്യോഗിക കണക്കാണ്. സംസ്ഥാന സർക്കാരിന്റെ അക്കൗണ്ടിലെ കണക്കുമായി ഇതിനു വ്യത്യാസമുണ്ടെന്നും പറഞ്ഞുകൊള്ളട്ടെ. അതുപ്രകാരം 22 ശതമാനമാണ് വർദ്ധന. ഈ വ്യത്യാസത്തിനു കാരണം ജി.എസ്.ടിയിൽ കയറ്റുമതിക്കാർക്കും മറ്റും നൽകുന്ന റീഫണ്ട് കുറച്ചുകൊണ്ടുള്ള തുകയാണ് കൗൺസിലിന്റേത്. ഇതു കൃത്യമായി സംസ്ഥാന കണക്കിൽ പ്രതിഫലിക്കണമെന്നില്ല. 2023-–24 ധനകാര്യ വർഷത്തിൽ ആദ്യപാദത്തിലെ കണക്കുകൾ നടപ്പുവർഷത്തിലും ഈ വളർച്ച നിലനിൽക്കുന്നൂവെന്നു സൂചിപ്പിക്കുന്നതാണ്. അതായത് കേരളത്തിന്റെ ജി.എസ്.ടി വരുമാനം വളർച്ചയുടെ പാതയിലാണ്.

വാറ്റിന്റെ അനുഭവം
കേരളത്തിന്റെ വാറ്റ് നികുതി വരുമാനം 2006–07 മുതലുള്ള വിഎസ് സർക്കാരിന്റെ കാലത്ത് ഏതാണ്ട് 20 ശതമാനംവീതം പ്രതിവർഷം വളരുകയുണ്ടായി. ഈ വളർച്ചാ നിരക്ക് യുഡിഎഫ് അധികാരത്തിൽവന്ന ശേഷവും രണ്ട് വർഷം തുടർന്നു. ഇതിന്റെ ഫലമായി കേരളത്തിന്റെ ധനക്കമ്മിയും റവന്യൂക്കമ്മിയും കുറഞ്ഞുവരാൻ തുടങ്ങി. സർക്കാർ ചെലവുകൾ ഞെരുക്കാതെ സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സുസ്ഥിരമായി തീരുമെന്ന പ്രതീക്ഷയുണ്ടായി.

2013–14 മുതൽ ഈ പ്രതീക്ഷകൾ അട്ടിമറിക്കപ്പെട്ടു. വാറ്റ് നികുതി വരുമാന വളർച്ച ഏതാണ്ട് 10 ശതമാനമായി ഇടിഞ്ഞു. 2016-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നിട്ടും ഈ സ്ഥിതിവിശേഷത്തിൽ മാറ്റം വരുത്താൻ കഴിഞ്ഞില്ല. എന്താണ് ഇതിനു കാരണം?

മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിലെ ഉപഭോഗ കമ്പോളത്തിൽ വിറ്റഴിക്കപ്പെടുന്ന ചരക്കുകളിൽ 60–-70 ശതമാനം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവയാണ്. അതുപോലെ തന്നെ നമ്മുടെ നാട്ടിൽ ഉല്പാദിപ്പിക്കുന്ന സാധനങ്ങളിൽ പകുതിയോളം മറ്റു സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ കയറ്റുമതി ചെയ്യുന്നവയുമാണ്. ഭരണഘടനപ്രകാരം ഇത്തരത്തിൽ വിദേശത്തേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ കയറ്റുമതി ചെയ്യുന്നതോ അവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതോ ആയ ചരക്കുകളുടെമേൽ സംസ്ഥാനങ്ങൾക്ക് നികുതി അധികാരമില്ല. വിദേശത്തുനിന്നുള്ള കയറ്റുമതി ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്താൻ കേന്ദ്ര സർക്കാരിനേ അവകാശമുള്ളൂ. അതുപോലെതന്നെ അന്തർസംസ്ഥാന വ്യാപാരത്തിനുമേൽ കേന്ദ്ര സെയിൽസ് ടാക്സാണ് ചുമത്തപ്പെടുന്നത്. അതാവട്ടെ, വെറും 4 ശതമാനം മാത്രമാണ്. ഇതുമൂലം കേരളത്തിലെ സാമ്പത്തിക അഭിവൃദ്ധിക്കനുസരിച്ച് നമ്മുടെ സർക്കാരിന്റെ വരുമാനം വർദ്ധിക്കണമെന്നില്ല.

പ്രവേശന നികുതി
2006 മുതലുള്ള സർക്കാരിന്റെ കാലത്ത് ഇതിലൊരു മാറ്റം എങ്ങനെ ഉണ്ടായി? റോഡിൽ ടോൾ പിരിക്കുന്നതുപോലെ കേരളത്തിലേക്ക് കൊണ്ടുവരുന്ന ചരക്കുകളുടെമേൽ കേരള സർക്കാർ ഒരു പുതിയ പ്രവേശന നികുതി അഥവാ എൻട്രി ടാക്സ് ഏർപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാരാണ് ഈ നിയമം കൊണ്ടുവന്നത്. പക്ഷേ, വ്യാപകമായി നടപ്പാക്കിയത് 2006-ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട ചരക്കുകളും പ്രവേശന നികുതി വലയത്തിലാക്കി. ചെക്ക് പോസ്റ്റുകളിൽ നികുതി അടച്ചിട്ടേ ചരക്ക് കേരളത്തിലേക്ക് കൊണ്ടുവരാനാകൂ. വലിയ അഴിമതി സാധ്യത ഇതിൽ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. അഴിമതി ഒഴിവാക്കാൻ അഴിമതിരഹിത വാളയാർ പദ്ധതി വിജയകരമായി നടപ്പാക്കി. അങ്ങനെയാണ് വാറ്റ് നികുതി പ്രതിവർഷം 20 ശതമാനംവച്ച് വർദ്ധിക്കാൻ തുടങ്ങിയത്.

എന്നാൽ 2013-ൽ സുപ്രീംകോടതി കേരളത്തിന്റെ പ്രവേശന നികുതി നിയമത്തെ അസാധുവാക്കി. ഭരണഘടനപ്രകാരം അവകാശമില്ലാത്ത ഒരു കാര്യം പ്രവേശന നികുതിയിലൂടെ പരോക്ഷമായി നടപ്പാക്കുന്നത് ശരിയല്ലായെന്നായിരുന്നു വിധി. ഇതോടെ ആർക്കു വേണമെങ്കിലും സ്വന്തം ഉപയോഗത്തിനെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഏതൊരു ചരക്കും നികുതി കൊടുക്കാതെ കേരളത്തിലേക്കു കൊണ്ടുവരാമെന്നായി. നിങ്ങൾ വീട് പണിയുമ്പോൾ അല്ലെങ്കിൽ ആശുപത്രി പോലുള്ള സ്ഥാപനങ്ങൾ ആരംഭിക്കുമ്പോൾ ഏജന്റുമാർ നിങ്ങളെ സമീപിക്കും. അവർക്ക് ഒപ്പിട്ടു നൽകിയാൽ നികുതി ഒഴിവാക്കി നേരിട്ടു സാധനങ്ങൾ എത്തിച്ചുതരും. നികുതി ചോർച്ച അതിരൂക്ഷമായി. അങ്ങനെയാണ് നമ്മുടെ നികുതി വരുമാന വർദ്ധന 10 ശതമാനത്തിലേക്കു താഴ്ന്നത്. സർക്കാർ മാറിയിട്ടും ഇതിലൊരു വ്യത്യാസവും ഉണ്ടായില്ല. വരുമാന അഭിവൃദ്ധിക്ക് നികുതി മാർഗ്ഗമെന്ന നിലയിൽ വാറ്റിന്റെ സാധ്യത കൊട്ടിയടയ്ക്കപ്പെട്ടു.

സംസ്ഥാനങ്ങളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന അടിസ്ഥാനപരമായ പരിമിതി ജി.എസ്.ടിക്ക് ഉണ്ടെങ്കിലും പുതിയ നികുതി സമ്പ്രദായം കേരളത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പലപ്പോഴും പരസ്യമായിത്തന്നെ പറഞ്ഞിട്ടുള്ള ഒരു കാര്യമാണിത്.

ജി.എസ്.ടിയും 
ഉപഭോഗ സംസ്ഥാനങ്ങളും
എവിടെയാണോ അവസാനം ഒരു ചരക്കോ സേവനമോ ഉപയോഗിക്കപ്പെടുന്നത് ആ സംസ്ഥാനത്തിനായിരിക്കും ആ ചരക്കിനുമേൽ അതിനു മുമ്പുള്ള ഉൽപാദന–-വ്യാപാര ഘട്ടങ്ങളിൽ ചുമത്തപ്പെട്ട നികുതിയെന്നുള്ളതാണ് ജി.എസ്.ടിയുടെ അടിസ്ഥാനതത്വം. ഇതിനെയാണ് ഡെസ്റ്റിനേഷൻ പ്രിൻസിപ്പൾ എന്നു പറയുന്നത്. ഇതിൽ വെള്ളം ചേർക്കാൻ ചില നീക്കങ്ങൾ ജി.എസ്.ടി കൗൺസിലിൽ ഉണ്ടായിയെന്നതും പറയേണ്ടതുണ്ട്. ജി.എസ്.ടി വന്നാൽ ഉല്പാദക സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കുറവ് ഉണ്ടാകുമെന്നും അതു നികത്താൻ അവർക്ക് ഒരു പ്രത്യേക സെസ് അനുവദിക്കണമെന്നും ആയിരുന്നു വാദം. ഇതിനെ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ എതിർത്തു തോൽപ്പിച്ചു.

സംസ്ഥാനത്തിനുള്ളിലുള്ള വ്യാപാരത്തിനുമേൽ ഈടാക്കുന്ന ജി.എസ്.ടി നികുതിയിൽ പകുതി കേന്ദ്രത്തിനുള്ള സി.ജി.എസ്.ടിയാണ് (സെൻട്രൽ ജി.എസ്.ടി). പകുതി സംസ്ഥാനത്തിനുള്ള എസ്.ജിഎസ്.ടിയുമാണ് (സ്റ്റേറ്റ് ജി.എസ്.ടി). അന്തർസംസ്ഥാന വ്യാപാരത്തിനുമേലുള്ള നികുതിയുടെ പേരാണ് ഐ.ജി.എസ്.ടി (ഇന്റഗ്രേറ്റഡ് ജി.എസ്.ടി). ഇതിന്റ പകുതി ഏത് സംസ്ഥാനത്തിലേക്കാണോ ചരക്കുകൾ കൊണ്ടുപോയത് ആ സംസ്ഥാനത്തിന് അർഹപ്പെട്ടതാണ്. ബാക്കി പകുതി കേന്ദ്രത്തിനും. ഐ.ജി.എസ്.ടി ആദ്യം കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിലേക്കാണ് പോവുക. അതിൽ നിന്നും ഇൻവോയ്സ് പ്രകാരം ഓരോ സംസ്ഥാനത്തിലേക്കുമുള്ള ഇൻവോയ്സുകളുടെ തുക പരിശോധിച്ച് സംസ്ഥാന വിഹിതം ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കു നൽകും.

എന്തുകൊണ്ട് ഇതുവരെ 
ജിഎസ്ടി വരുമാനം വർദ്ധിച്ചില്ല?
ജിഎസ്ടി വന്നിട്ടും കേരളത്തിന്റെ നികുതി വരുമാന വർദ്ധനയുടെ വേഗത കൂടിയില്ല. അത് ഏതാണ്ട് 10 ശതമാനമായി തന്നെ തുടർന്നു. എന്നാൽ ജി.എസ്.ടി നിയമപ്രകാരം അഞ്ച് വർഷം 14 ശതമാനം പ്രതിവർഷം നികുതി വർദ്ധനവ് ഓരോ സംസ്ഥാനത്തിനും ഗ്യാരണ്ടി ചെയ്തിരുന്നു. ഇതിൽ ഉണ്ടാകുന്ന കുറവ് നഷ്ടപരിഹാരം നൽകുന്നതിന് ഒരു പ്രത്യേക സെസിനും നഷ്ടപരിഹാര ഫണ്ടിനും രൂപം നൽകി. അതുകൊണ്ട് ജി.എസ്.ടി വരുമാന വർദ്ധനവ് 10 ശതമാനം മാത്രമായിരുന്നെങ്കിലും വാറ്റിനെ അപേക്ഷിച്ച് കേരളത്തിനു നഷ്ടമൊന്നും ഉണ്ടായില്ല. 14 ശതമാനംവച്ച് നമ്മുടെ നികുതി റവന്യൂ വരുമാനം വർദ്ധിച്ചു. എന്നാൽ ഇന്ന് നഷ്ടപരിഹാര സമ്പ്രദായം നിലവിലില്ല. അതിന്റെ കാലയളവ് നീട്ടാൻ കേന്ദ്രം വിസമ്മതിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് കേരളത്തിന്റെ ജി.എസ്.ടി നികുതി വരുമാനം വർദ്ധിക്കാതിരുന്നത്? ഇതൊരു വലിയ പ്രഹേളികയാണ്. കാരണം പ്രതിശീർഷ ഉപഭോഗത്തിൽ ഉയർന്നുനിൽക്കുന്ന തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം താരതമ്യേന മെച്ചപ്പെട്ട വരുമാന വർദ്ധനവ് ഉണ്ടായി. എന്നാൽ അതിനേക്കാൾ ഉയർന്ന ഉപഭോഗ സംസ്ഥാനമായ കേരളത്തിൽ വർദ്ധനയുണ്ടായില്ല.

മേൽപ്പറഞ്ഞ സംസ്ഥാനങ്ങളും കേരളവും തമ്മിൽ ഒരു അടിസ്ഥാന വ്യത്യാസമുണ്ട്. അവയെല്ലാം ഉപഭോഗ സംസ്ഥാനങ്ങൾ മാത്രമല്ല, ഉല്പാദക സംസ്ഥാനങ്ങളും കൂടിയാണ്. അവരുടെ ഉപഭോഗത്തിൽ ഗണ്യമായ പങ്ക് അവരുടെ സംസ്ഥാനത്തുനിന്നു തന്നെയുള്ള ഉല്പാദനത്തിൽ നിന്നാണ്. അതുകൊണ്ട് ഉപഭോഗത്തിൽ അന്തർസംസ്ഥാന വ്യാപാരം താരതമ്യേന കേരളത്തെ അപേക്ഷിച്ച് താഴ്ന്നതാണ്. നാം കണ്ടതുപോലെ കേരളത്തിന്റെ ഉപഭോഗത്തിൽ ഗണ്യമായ പങ്ക് പുറത്തുനിന്നാണല്ലോ വരുന്നത്. അതായത് എസ്.ജിഎസ്ടിയേക്കാൾ വളരെക്കൂടുതൽ വരുമാനം ഐ.ജിഎസ്ടിയിൽ നിന്നു ലഭിക്കണം. ഇരട്ടിയെങ്കിലും ലഭിക്കണമെന്നാണ് ഞാൻ പണ്ട് പറഞ്ഞിരുന്നത്. എന്നാൽ ഇത് ഉണ്ടായില്ല. കേരളത്തിന്റെ ഐജിഎസ്ടി എസ്ജിഎസ്ടിക്ക് ഏതാണ്ട് തുല്യമായിരുന്നു.

ഇ–വേ ബില്ലിലെ കാലതാമസം
ഐജിഎസ്ടി ഇത്രയും കുറയാൻ കാരണങ്ങൾ പലതാണ്.

ഒന്ന്, വലിയ നികുതി ചോർച്ച ഈ ഇനത്തിൽ ഉണ്ടായി. ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് ചരക്ക് കൊണ്ടുപോകുമ്പോൾ ഇലക്ട്രോണിക് വേ ബില്ലുകൾ അപ്പ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്തേക്കുമുള്ള അന്തർസംസ്ഥാന വ്യാപാരത്തിന്റെ കണക്കുകൾ തിട്ടപ്പെടുത്താനാവുക. ഇ–വേ-ബിൽ സംവിധാനം ഫലപ്രദമാകുന്നതിന് ജിഎസ്ടി തുടങ്ങി മൂന്നാം വർഷംവരെ കാത്തിരിക്കേണ്ടി വന്നു. ഇ–വേ ബില്ല് നിർബന്ധമാക്കിക്കഴിഞ്ഞിട്ടും അവ അതിർത്തി കടക്കുമ്പോൾ തത്സമയം പരിശോധിക്കുന്നതിനും വരുന്ന വാഹനങ്ങൾ ശരിയായ ഇ–വേ ബില്ലുമായിട്ടാണ് വരുന്നതെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സംവിധാനം പ്രാവർത്തികമാകുന്നത് അഞ്ചാം വർഷത്തിലാണ്.

പ്രതിപക്ഷ നേതാവ് നിരന്തരമായി നടത്തുന്ന വിമർശനങ്ങളിലൊന്ന് ജിഎസ്ടി നികുതി പിരിവ് കാര്യക്ഷമമല്ലെന്നാണ്. വില്പന നികുതിയിലും വാറ്റിലും എന്നപോലെ ജിഎസ്ടി നികുതി സമ്പ്രദായത്തിൽ ഉദ്യോഗസ്ഥർ മുൻകൈയെടുത്ത് കടയും അക്കൗണ്ടും പരിശോധിച്ച് നികുതി വെട്ടിപ്പ് കണ്ടുപിടിക്കാനുള്ള അവകാശമില്ല. നികുതിദായകൻ സമർപ്പിക്കുന്ന കണക്ക് ഇ–വേ ബില്ലിന്റെയും മറ്റും അടിസ്ഥാനത്തിൽ സ്ക്രൂട്ടിനി നടത്തി സംശയമുണ്ടെങ്കിൽ നോട്ടീസ് നല്കുകയാണു വേണ്ടത്. ഇ–വേ ബില്ല് സമ്പ്രദായം ഫലപ്രദമാകുന്നതിനുള്ള കാലതാമസംമൂലമാണ് ജി.എസ്.ടി ഭരണനിർവ്വഹണത്തിന്റെ പൊളിച്ചെഴുത്തിൽ കാലതാമസം ഉണ്ടായത്.

ജി.എസ്.ടി വന്നതോടെ ചെക്ക്പോസ്റ്റുകൾ ഇല്ല. അവ ഇല്ലെങ്കിലും വരുന്ന ചരക്ക് വണ്ടികളുടെ നമ്പർ പ്ലേറ്റുകൾ ഫോട്ടോയെടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി അവയുടെ ഇ–വേ-ബില്ലുകളും മറ്റും പരിശോധിക്കുന്നതിന് ഏർപ്പാടുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇ–വേ- ബില്ലിന്റെ വിവരങ്ങൾ തത്സമയം ലഭ്യമാകാതെ വന്നതോടെ ഇത്തരം പരീക്ഷണങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

ഐജിഎസ്ടി വീതംവച്ച മാനദണ്ഡം
രണ്ട്, ഇ–വേ ബില്ലുകൾ ഫലപ്രദമല്ലാത്തതുകൊണ്ട് ഏതു സംസ്ഥാനത്തിനാണ് ഐ.ജി.എസ്.ടി നല്കേണ്ടതെന്ന് തിരിച്ചറിയാൻ കഴിയാതായി. ഇതിന്റെ ഫലമായി ഭീമമായ ഐ.ജി.എസ്.ടി തുക കേന്ദ്ര സർക്കാരിൽ കുമിഞ്ഞുകൂടാൻ തുടങ്ങി. മറ്റു മാർഗ്ഗമൊന്നും ഇല്ലാത്തതുകൊണ്ട് ഈ ഐ.ജി.എസ്.ടി തുക ഫിനാൻസ് കമ്മീഷന്റെ നികുതി വിഹിതത്തിന്റെ തോതിൽ സംസ്ഥാനങ്ങൾക്കിടയിൽ വീതംവെയ്ക്കുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ. കേരളത്തിന് ഇതു വലിയ നഷ്ടമുണ്ടാക്കി. കാരണം കേന്ദ്ര നികുതി വിഹിതത്തിന്റെ 1.9 ശതമാനമേ കേരളത്തിനു ലഭിക്കുന്നുള്ളൂ. എന്നാൽ ഐ.ജി.എസ്.ടിയുടെ വിഹിതം ഇതിന്റെ ഇരട്ടിയിലേറെ വരണം. ഇപ്പോഴും എങ്ങോട്ടാണ് ചരക്ക് പോയതെന്നു തിരിച്ചറിയാത്തതുകൊണ്ട് ഐ.ജി.എസ്.ടി വിതരണം ചെയ്യാതെ കിടക്കുന്ന സ്ഥിതിയുണ്ട്. എന്നാൽ ഇത്തരത്തിലുള്ള തുക അതിവേഗത്തിൽ കുറഞ്ഞുവരികയാണ്.

നികുതി വെട്ടിപ്പ്
മൂന്ന്, ഓരോ നികുതിദാതാവും അവർ പിരിക്കുന്ന നികുതി പൂർണ്ണമായും സർക്കാരിലേക്ക് അടയ്ക്കേണ്ടതില്ല. അവർ ആ ചരക്കുകൾ വാങ്ങിയപ്പോൾ കൊടുക്കേണ്ടി വന്ന നികുതി കിഴിച്ച് ശിഷ്ടം വരുന്ന നികുതിയേ സർക്കാരിലേക്ക് അടയ്ക്കേണ്ടതുള്ളൂ. നികുതിദായകൻ പിരിക്കുന്ന നികുതിക്ക് ഔട്ട്പുട്ട് ടാക്സ് എന്നാണ് പേര്. അയാൾ കൊടുത്ത നികുതിക്ക് ഇൻപുട്ട് ടാക്സ് എന്നും. ഔട്ട്പുട്ട് ടാക്സിൽ നിന്ന് ഇൻപുട്ട് ടാക്സ് കിഴിച്ച് ബാക്കിയാണ് നികുതി ദായകർ സർക്കാരിൽ ഒടുക്കുക. എസ്.ജി.എസ്.ടിയിലേയോ സി.ജി.എസ്.ടിയിലേയോ ഇൻപുട്ട് ടാക്സ് അതിന്റെ ഔട്ട്പുട്ട് ടാക്സിൽ നിന്നു തന്നെ പിരിക്കണമെന്നില്ല. ഐ.ജി.എസ്.ടിയിൽ നിന്നും കിഴിക്കാം. ഇങ്ങനെ ഏറെപ്പേർ ചെയ്യുന്നുണ്ടെന്നും ചിലർ പറയുന്നു. കൂടുതൽ പരിശോധിക്കപ്പെടേണ്ട ഒരു കാര്യമാണിത്. ജി.എസ്.ടിയുടെ മർമ്മമായ ഡെസ്റ്റിനേഷൻ തത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ഇതിനു പുറമേയാണ് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി കൃത്രിമമായ വാങ്ങൽ ബില്ലുകൾ സൃഷ്ടിച്ച് നികുതി വെട്ടിക്കുന്നത്. ജി.എസ്.ടി ഭരണനിർവ്വഹണം ശക്തിപ്പെടുംതോറും ഈ വെട്ടിപ്പ് തടയാനാകും.

നികുതി നിരക്കുകൾ വെട്ടിക്കുറച്ചത്
ജി.എസ്.ടി നിരക്കുകൾ കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതും നികുതി വരുമാന വർദ്ധനവ് മന്ദീഭവിക്കുന്നതിന് ഒരു കാരണമാണ്. ജി.എസ്.ടി നിരക്കുകൾക്കു രൂപം നൽകിയത് ഒട്ടനവധി യോഗങ്ങളിൽ ദിവസങ്ങൾ മുഴുവൻ നീണ്ട ചർച്ചകൾക്കുശേഷമാണ്. ജി.എസ്.ടിയിൽ ലയിപ്പിച്ച വിവിധയിനം നികുതികളിൽ നിന്ന് കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ച മൊത്തം വരുമാനം എത്ര? അതേ വരുമാനം ജി.എസ്.ടിയിൽ നിന്നും ലഭിക്കണമെങ്കിൽ വിവിധ വിഭാഗം ചരക്കുകൾക്കും സേവനങ്ങൾക്കും എത്ര നിരക്കിൽ നികുതി ഏർപ്പെടുത്തണം? ഈ നിരക്കുകളെയാണ് റവന്യു ന്യൂട്രൽ എന്നു പറയുന്നത്. ഇത്തരത്തിൽ വളരെ സൂക്ഷ്മമായ പരിശോധനയ്ക്കുശേഷം രൂപംനൽകിയ നികുതിഘടന ആകെ പൊളിച്ചു. ആഡംബര വസ്തുക്കൾക്കെല്ലാം 35–45 ശതമാനം ആയിരുന്നു ജി.എസ്.ടിക്കു മുമ്പുള്ള നികുതി. അത് ജി.എസ്.ടിയിൽ 28 ശതമാനമായി കുറഞ്ഞു. ലോക്-സഭാ തിരഞ്ഞെടുപ്പിനു മുൻപ് നടത്തിയ പരിഷ്കാരത്തിനു കീഴിൽ ഏതാനും ചരക്കുകൾക്കൊഴികെ ബാക്കിയെല്ലാം 18 ശതമാനമായി വീണ്ടും കുറച്ചു. ഇതും വരുമാന വർദ്ധനയ്ക്കു തടസ്സമായി.

കേരളത്തെ സംബന്ധിച്ച് ജി.എസ്.ടി നികുതി വളർച്ചയ്ക്ക് ഉണ്ടായിരുന്ന ചില പ്രധാന തടസ്സങ്ങൾ നീങ്ങിത്തുടങ്ങിയിരിക്കുകയാണ്. താഴ്ന്ന നിരക്ക് ആയിരുന്നിട്ടുപോലും നമ്മുടെ നികുതി വരുമാനം കഴിഞ്ഞ രണ്ടുവർഷമായി നല്ല തോതിൽ വളർന്നു. ഈ വർഷവും ഇതേ പ്രവണത തുടരാനാണു സാധ്യത. ഏതാണ്ട് 20 ശതമാനം വീതം വളരുന്ന അനുഭവമാണ് കഴിഞ്ഞ വർഷവും ഈ വർഷവും കാണാൻ കഴിയുന്നത്. ഇതു ശക്തിപ്പെടുത്താൻ നമുക്കാവണം. എങ്കിൽ 2006–07/2012–13 കാലത്തെന്നപോലെ സംസ്ഥാന ധനകാര്യസ്ഥിതി സുസ്ഥിരമാക്കുന്നതിനു കഴിയും.

ഇതിനു തടയിടാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകൾ ഇതുവരെ തുടർന്ന കീഴ്-വഴക്കങ്ങൾക്കു വിരുദ്ധമായി സംസ്ഥാനത്തിന്റെ അനുവദനീയമായ വായ്പാ തുകയിൽ നിന്ന് കിഴിവ് ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം; അതും മുൻകാല പ്രാബല്യത്തോടെ. സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിരതയെ തുരങ്കംവയ്ക്കാനുള്ള കുത്സിതനീക്കത്തിനെതിരെയുള്ള ജനരോഷം തണുപ്പിക്കുന്നതിനാണ് നികുതി പിരിക്കുന്നതിലുള്ള കെടുകാര്യസ്ഥതമൂലമാണ് ധനപ്രതിസന്ധിയെന്നു പറഞ്ഞുപരത്തുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 4 =

Most Popular