ആഗോളമായി പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിടിഞ്ഞുകൊണ്ടിരിക്കുകയാണ്. 2022 ആഗസ്ത് മാസത്തെ അപേക്ഷിച്ച് ആഗോള പെട്രോൾ വില 40 ശതമാനം കുറഞ്ഞു. എന്നാൽ ഇന്ത്യയ്ക്ക് ഇതു ബാധകമല്ല. ഇന്ത്യയിൽ കഴിഞ്ഞ ആഗസ്തിൽ പെട്രോളിന്റെ വില ലിറ്ററിന് ഏതാണ്ട് 100 രൂപ. ഇപ്പോഴും 100 രൂപ.
പെട്രോൾ വിലയെ നിയന്ത്രിക്കുന്ന അടിസ്ഥാനഘടകം ക്രൂഡോയിലിന്റെ വിലയാണ്. ക്രൂഡോയിൽ വില ഉയർന്നാൽ പെട്രോളിന്റെ വിലയും ഉയരും. അന്തർദേശീയമായി ഇവ രണ്ടും എത്ര ചേർച്ചയോടെയാണ് ഉയരുകയും താഴുകയും ചെയ്യുന്നതെന്ന് ചിത്രം 1-ൽ നോക്കിയാൽ കാണാൻ കഴിയും. 2010-ൽ ക്രൂഡോയിലിന് 10 ലിറ്ററിന് 5 ഡോളർ ആയിരുന്നു. 2011-ൽ അത് 7 ഡോളറായി ഉയർന്നു. പിന്നെ 2014 വരെ അതേ നിലയിൽ തുടർന്നു. അതിനുശേഷം ക്രൂഡോയിലിന്റെ വില താഴ്ന്നു തുടങ്ങി. 2016-ൽ അത് 10 ലിറ്ററിന് 2 ഡോളർ ആയി. പിന്നീട് കുറച്ച് ഉയർന്നെങ്കിലും (5 ഡോളർ) 2014-നു മുമ്പുള്ള നിലയേക്കാൾ താഴെയായിരുന്നു. കോവിഡ് വന്നതോടെ ക്രൂഡോയിലിന്റെ വില 10 ലിറ്ററിന് 2 ഡോളറായി താഴ്ന്നു.
2010-ൽ ആഗോള ശരാശരി പെട്രോൾ വില 10 ലിറ്ററിന് 9 ഡോളറായിരുന്നു. 2011-ൽ 12 ഡോളറായി വർദ്ധിച്ചു. അത് ഏതാണ്ട് ഈ നിലയിൽതന്നെ 2014 വരെ തുടർന്നു. അതിനുശേഷം ക്രൂഡോയിലിന്റെ വില താഴ്ന്നപ്പോൾ പെട്രോളിന്റെ വിലയും താഴ്ന്ന് 10 ലിറ്ററിന് 7 ഡോളർ ആയി. പിന്നീട് കുറച്ച് ഉയർന്ന് 2018-ൽ 10 ഡോളറായി. എന്നാൽ കോവിഡ് വന്നതോടെ ക്രൂഡോയിലിന്റെ വിലയിടിഞ്ഞപ്പോൾ 2020-ൽ പെട്രോളിന്റെ വില 10 ലിറ്ററിന് 8 ഡോളറായി താഴ്ന്നു.
2022-ലെ ക്രൂഡോയിൽ വിലയിടിവ്
എന്നാൽ കോവിഡ് കഴിഞ്ഞപ്പോൾ സാമ്പത്തിക പ്രവർത്തനങ്ങൾ ഊർജ്ജിതമായി. ക്രൂഡോയിലിന്റെ വിലയും ഉയരാൻ തുടങ്ങി. യുക്രെയിൻ യുദ്ധം വരികയും റഷ്യൻ എണ്ണയുടെമേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതോടെ ക്രൂഡോയിലിന്റെ വില 2014-നു മുമ്പുള്ള സ്ഥിതിയിലേക്ക് ഉയർന്നു. സ്വാഭാവികമായും പെട്രോളിന്റെ വിലയും കുത്തനെ ഉയർന്നു.
യുക്രെയിൻ യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലെങ്കിലും ക്രൂഡോയിലിന്റെ വില ഇപ്പോൾ താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അത് 10 ലിറ്ററിന് ഏതാണ്ട് 7 ഡോളറാണ്. ഈ വിലയിടിവിനു കാരണം രണ്ടാണ്. ഒന്ന്, വീണ്ടും ഒരു ആഗോള മാന്ദ്യം വരാനുള്ള സാധ്യത ഏറിയിരിക്കുന്നു. രണ്ട്, അമേരിക്കൻ ഉപരോധം ഉണ്ടെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് റഷ്യ റൂബിൾ വിലയിൽ എണ്ണ വിറ്റുകൊണ്ടിരിക്കുന്നു. അതും 10-–15 ശതമാനം വില കുറച്ച്.
സ്വാഭാവികമായും പെട്രോളിന്റെ വിലയും താഴ്ന്നു. (ഈ വിവരങ്ങൾ ചിത്രത്തിൽ ഇല്ല). ഇതാണ് ഈ ലേഖനത്തിന്റെ ആദ്യത്തെ ഖണ്ഡികയിൽ പറഞ്ഞിട്ടുള്ളത്. ആഗോളമായി ക്രൂഡോയിലിന്റെയും പെട്രോളി ന്റെയും വിലകളിൽ 2022 ആഗസ്ത് മാസത്തിനുശേഷം 40 ശതമാനമാണ് വിലയിടിഞ്ഞത്. എന്നാൽ ഇത്തര ത്തിൽ പെട്രോൾ വില കുറയാത്ത പ്രധാനപ്പെട്ട ലോകരാജ്യം ഇന്ത്യയാണ്.
ചിത്രം 1
2010 മുതൽ ക്രൂഡോയിലിനും പെട്രോളിനുമുള്ള
ശരാശരി അന്തർദേശീയ വില (10 ലിറ്ററിന്)
ഇന്ത്യയിലെ പെട്രോൾ വില
2014-നു ശേഷം
2014-ൽ മോദി അധികാരത്തിലേറിയപ്പോൾ പെട്രോളിന്റെ വില ലിറ്ററിന് 66 രൂപയായിരുന്നു. ക്രൂഡോയിലിന് ബാരലിന് 98 ഡോളർ. മോദിയുടെ ഭാഗ്യത്തിന് സ്ഥാനാരോഹണത്തിനുശേഷം ക്രൂഡോയിലിന്റെ വില കുറയാൻ തുടങ്ങി. 2016-ൽ അത് ബാരലിന് 43 ഡോളറായി. അതായത് 57 ശതമാനം ഇടിവ്. എന്നാൽ ഇന്ത്യയിലെ പെട്രോൾ വിലയാകട്ടെ ആദ്യമൊന്നു കുറഞ്ഞെങ്കിലും പിന്നീട് 61 രൂപയായി വർദ്ധിക്കുകയാണുണ്ടായത്. അതായത് ക്രൂഡോയിൽ വില 43 ശതമാനം കുറഞ്ഞപ്പോൾ പെട്രോൾ വില 3 ശതമാനം വർദ്ധിച്ചു.
തുടർന്നുള്ള വർഷങ്ങളിൽ ചിത്രം 2-ൽ കാണാവുന്നതുപോലെ ക്രൂഡോയിൽ വില താഴ്ന്നിരുന്നിട്ടും പെട്രോൾ വില അടിക്കടി ഉയരുന്നതായിട്ടാണ് കാണുന്നത്. ഏറ്റവും വലിയ വിരോധാഭാസം 2020-ൽ ക്രൂഡോയിൽ വില ബാരലിന് 40 ഡോളറിൽ താഴെയായപ്പോൾ ഇന്ത്യയിലെ പെട്രോൾ വില ലിറ്ററിന് 80 രൂപയായി വർദ്ധിച്ചു. ഇപ്പോൾ 2023-ൽ വീണ്ടും ക്രൂഡോയിൽ വില താഴ്ന്നു. പക്ഷേ, ഇന്ത്യയിലെ പെട്രോൾ വില താഴ്ന്നില്ല. 2022-ലും 2023-ലും ഏതാണ്ട് 97 രൂപയായി തുടരുകയാണ്. ചിത്രം 2-ൽ കാണുന്നതുപോലെ ഇന്ത്യയിലെ പെട്രോൾ വില കൂടുന്നതല്ലാതെ കുറയുന്നില്ല.
എണ്ണക്കമ്പനികൾക്കു
വില നിർണ്ണയാധികാരം
രണ്ടാം യുപിഎ സർക്കാരാണ് എണ്ണക്കമ്പനികൾക്ക് യഥേഷ്ടം വില നിശ്ചയിക്കാനുള്ള അധികാരം നൽകിയത്. നെഹ്റുവിന്റെയും ഇന്ദിരയുടെയും കാലത്ത് എണ്ണക്കമ്പനികളെ ദേശസാൽക്കരിച്ചു. അടിസ്ഥാന അസംസ്കൃതവസ്തുവായ ഇന്ധനത്തിന്റെ വില സുസ്ഥിരമായി നിലനിർത്തണമെന്നതായിരുന്നു നയം. പക്ഷേ, ക്രൂഡോയിൽ സംസ്കരിച്ചുവേണമല്ലോ പെട്രോളും ഡീസലും ഉൽപ്പാദിപ്പിക്കാൻ. ക്രൂഡോയിലിന്റെ ഏകദേശം പൂർണ്ണമായും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നതുമാണ്. ക്രൂഡോയിൽ വില കൂടുമ്പോൾ പെട്രോൾ വില ഉയർത്താൻ അനുവാദം നൽകിയില്ലെങ്കിൽ എണ്ണക്കമ്പനികൾ നഷ്ടത്തിലാകും. ഇതിനു പരിഹാരമായിട്ടാണ് ഓയിൽ പൂൾ അക്കൗണ്ട് എന്നൊരു ഫണ്ടിനു രൂപം നൽകിയത്. എണ്ണക്കമ്പനികളുടെയും എണ്ണഖനന കമ്പനികളുടെയും ലാഭത്തിൽനിന്നൊരു ഭാഗവും കേന്ദ്രസർക്കാർ വർഷംതോറും നൽകുന്ന സബ്സിഡിയുമായിരുന്നു ഈ ഫണ്ടിന്റെ വരുമാനം. ക്രൂഡോയിൽ വില ഉയർന്ന് എണ്ണക്കമ്പനികൾക്ക് ഉണ്ടാകുന്ന നഷ്ടം ഈ ഫണ്ടിൽനിന്നും കേന്ദ്ര സർക്കാർ നികത്തിക്കൊടുക്കും.
അങ്ങനെ കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നപ്പോൾ ഒരു പുതിയ സംഭവവികാസമുണ്ടായി. റിലയൻസ് എണ്ണ മേഖലയിൽ പ്രവേശിച്ചു. പക്ഷേ പൊതുമേഖലാ കമ്പനികൾക്കല്ലാതെ സ്വകാര്യ കമ്പനികൾക്ക് ഓയിൽ പൂൾ അക്കൗണ്ടിൽ നിന്നും സബ്സിഡി ലഭിക്കില്ല. അതുകൊണ്ട് റിലയൻസ് തുടങ്ങിയ പെട്രോൾ പമ്പുകളൊക്കെ അവർക്കു പൂട്ടേണ്ടിവന്നു. ഇന്ത്യ ഗവൺമെന്റ് സ്വകാര്യ മേഖലയോടു വിവേചനം കാണിക്കുന്നുവെന്ന പരാതിയുമായി റിലയൻസും മറ്റും അന്തർദേശീയ എനർജി കമ്മീഷനെ സമീപിച്ചു.
ഈ പശ്ചാത്തലത്തിലാണ് 2010നും 2014നും ഇടയ്ക്ക് യുപിഎ സർക്കാർ പടിപടിയായി എണ്ണവില, നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രമാക്കിയത്. ക്രൂഡോയിലിന്റെ വില കൂടിയാൽ എണ്ണക്കമ്പനികൾക്ക് ചില്ലറ വില കൂട്ടാം. മറിച്ചാണെങ്കിൽ വില കുറയ്ക്കണം.
ചിത്രം 2
ഇന്ത്യയിൽ ക്രൂഡോയിലിന്റെയും പെട്രോളിന്റെയും
വില സൂചിക (2011‐2023)
ബിജെപിയുടെ നികുതിക്കൊള്ള
നേരത്തെ പറഞ്ഞതുപോലെ ബിജെപി അധികാരത്തിൽവന്നതിനുശേഷം ക്രൂഡോയിൽ വില കുറയാൻ തുടങ്ങി. സ്വാഭാവികമായും സ്വതന്ത്ര കമ്പോള വ്യവസ്ഥപ്രകാരം ഇന്ത്യയിലെ പെട്രോളിന്റെയും ഡീസലിന്റെയും വില ആനുപാതികമായി താഴേണ്ടതായിരുന്നു. ലോകം മുഴുവൻ സംഭവിച്ചത് ഇതാണ്. പക്ഷേ, ഇന്ത്യയിൽ മറിച്ചും.
എൻഡിഎ സർക്കാർ ഇതൊരു അവസരമാക്കി. എണ്ണവില കുറയുന്നതനുസരിച്ച് അവർ എക്സൈസ് നികുതി കൂട്ടിക്കൊണ്ടിരുന്നു. എൻഡിഎ സർക്കാർ അധികാരത്തിൽവന്ന 2014 മെയ് മാസത്തിൽ പെട്രോളിന്റെ കേന്ദ്ര നികുതി ലിറ്ററൊന്നിന് 9.48 രൂപയായിരുന്നത് 2020 ജൂൺ ആയപ്പോഴേയ്ക്കും 32.89 രൂപയായി ഉയർത്തി. മൂന്നരമടങ്ങ് വർദ്ധന! ഡീസലിന്റെ കേന്ദ്ര നികുതി ലിറ്ററൊന്നിന് 3.56 രൂപയായിരുന്നത് 31.83 രൂപയായി ഉയർത്തി. ഒൻപതരമടങ്ങ് വർദ്ധന!
കോവിഡും എണ്ണവിലയും
കോവിഡ് കാലത്തും ക്രൂഡോയിൽ വില തകർന്നപ്പോൾ എൻഡിഎ സർക്കാർ നികുതി നിർദാക്ഷിണ്യം വർദ്ധിപ്പിച്ചു. കോവിഡ് പകർച്ചവ്യാധി കാലമായിരുന്നിട്ടും ഒരിളവും ജനങ്ങൾക്കു നൽകാൻ ബിജെപി തയ്യാറല്ലായിരുന്നു. 2020 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി പെട്രോളിനു 13 രൂപയും ഡീസലിനു 16 രൂപയും ലിറ്ററിനു നികുതി വർദ്ധിപ്പിച്ചു. ഇതിന്റെ ഫലമായിട്ടാണ് കോവിഡ് കാലത്ത് ഇന്ത്യയിലെ പെട്രോളിന്റെയും ഡീസലിന്റെയും വിലയിടിവ് നാമമാത്രമായിത്തീർന്നത്. കോവിഡിനു മുമ്പ് പെട്രോൾ വില ലിറ്റർ ഒന്നിന് ക്രൂഡോയിലിന്റെ മൂന്നുമടങ്ങായിരുന്നെങ്കിൽ ഏപ്രിൽ മാസത്തിൽ അത് എട്ടുമടങ്ങായി ഉയർന്നു.
ഇന്ധനവില വർദ്ധനവ് രൂക്ഷമായ വിലക്കയറ്റം സൃഷ്ടിച്ചു. നിയമസഭകളിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി നേരിട്ടു. ഈ പശ്ചാത്തലത്തിൽ വൈകിയാണെങ്കിലും കേന്ദ്ര സർക്കാരിന് പെട്രോളിന് ലിറ്ററിന് 8 രൂപയും, ഡീസലിന് 6 രൂപയും എക്സൈസ് നികുതി കുറയ്ക്കേണ്ടി വന്നു. കൊടിയ വിലക്കയറ്റത്തിന്റെ നാളിലും പെട്രോളിനും, ഡീസലിനും വർദ്ധിപ്പിച്ച നികുതി പൂർണ്ണമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്ന് ഓർക്കണം. ഇപ്പോഴും മോദി സർക്കാർ വർദ്ധിപ്പിച്ച നികുതിയിൽ പെട്രോളിനുമേൽ 12.27 രൂപയും, ഡീസലിനുമേൽ 10.47 രൂപയും പിൻവലിക്കാൻ ബാക്കി കിടക്കുകയാണ്.
എണ്ണക്കമ്പനികളുടെ ലാഭക്കൊള്ള
ഇപ്പോൾ വീണ്ടും അന്തർദേശീയതലത്തിൽ ക്രൂഡോയിൽ വില നാം കണ്ടതുപോലെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്തെപ്പോലെ നികുതി വർദ്ധിപ്പിച്ച് അതിന്റെ നേട്ടം പോക്കറ്റിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ലയെന്നുള്ളത് നമ്മുടെ ഭാഗ്യം. അതിനുപകരം എണ്ണക്കമ്പനികൾക്കു കൊള്ളലാഭം അടിക്കാൻ അവസരമൊരുക്കുകയാണ് മോദി സർക്കാർ.
ക്രൂഡോയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യൻ ശുദ്ധീകരണശാലകളിൽ സംസ്കരിച്ച് റീട്ടെയിലിൽ വിൽക്കുകയാണല്ലോ ചെയ്യുന്നത്. ക്രൂഡോയിൽ വിലയിൽ 40 ശതമാനത്തോളം കുറവു വന്നു. റഷ്യയിൽനിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയാണെങ്കിൽ മറ്റൊരു 10 ശതമാനമെങ്കിലും സബ്സിഡിയായും കിട്ടും. അങ്ങനെ ക്രൂഡോയിലിന് 50 ശതമാനത്തോളം വിലകുറഞ്ഞിട്ടും പെട്രോളിന്റെ വില കുറയ്ക്കാതെ ലിറ്ററിനു 100 രൂപയ്ക്കാണ് എണ്ണക്കമ്പനികൾ ചില്ലറക്കാർക്കു വിൽക്കുന്നത്. ഇതിന് മോദി സർക്കാർ ഒത്താശ ചെയ്യുകയാണ്.
എണ്ണക്കമ്പനികളുടെ ലാഭത്തിന്റെ കണക്ക് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 2022–23-ൽ ഐഒസിയുടെ ലാഭം 8,241 കോടി രൂപയാണ്. ബിപിസിഎല്ലിന്റെ ലാഭം 1,870 കോടി രൂപയാണ്. റിലയൻസിന്റെ കൊള്ളലാഭത്തിന്റെ കണക്ക് പുറത്തുവന്നിട്ടില്ല. റഷ്യൻ എണ്ണ സിംഹപങ്കും ഇവർക്കാണു നൽകുന്നത്. അതു സംസ്കരിച്ച് വിദേശത്തേയ്ക്കു കയറ്റുമതി ചെയ്യുകയാണ് റിലയൻസ്. എണ്ണക്കമ്പനികൾക്ക് പണ്ട് ഉണ്ടായ നഷ്ടം നികത്താനാണ് വില മാറ്റമില്ലാതെ നിർത്തിയിരിക്കുന്നതെന്നാണ് ബിജെപിയുടെ ന്യായവാദം. ഇതിന് യാതൊരു അടിസ്ഥാനവുമില്ലായെന്നത് 2022-–23-ലെ അവരുടെ ലാഭക്കണക്കുകൾ വ്യക്തമാക്കുന്നുണ്ടല്ലോ.
മോദിയുടെ സ്വന്തം റിലയൻസ്
പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭം സർക്കാരിനുള്ളതാണ്. നികുതി വർദ്ധിപ്പിച്ചില്ലെങ്കിലും എണ്ണവില ഇടിഞ്ഞതിന്റെ നേട്ടം സർക്കാർ ഖജനാവിലേക്കാണ്. പക്ഷേ, ഗൗരവമായ മറ്റൊരു കാര്യമുണ്ട്. റിലയൻസിന്റെ എണ്ണ ശുദ്ധീകരണശാലയുടെ ലാഭം ആർക്കു പോകും? ഓർക്കേണ്ടുന്ന ഒരു കാര്യം, വില കുറഞ്ഞ റഷ്യൻ എണ്ണയുടെ ഇറക്കുമതിയുടെ സിംഹപങ്കും റില യൻസിനാണെന്നുള്ളതാണ്. റിലയ ൻസിന് ഇന്ത്യൻ ജനങ്ങളെ കൊള്ള യടിക്കാൻ മോദി ഒത്താശ ചെയ്യുക യാണ്.
മോദി അധികാരത്തിൽ വരുമ്പോൾ പെട്രോൾ വില ലിറ്ററിന് 66 രൂപയായിരുന്നു. അന്ന് ക്രൂഡോയിൽ വില ബാരലിന് 98 ഡോളർ ആയിരുന്നു. ഇപ്പോൾ ക്രൂഡോയിലിന്റെ വില 73 ഡോളർ മാത്രമാണ്. എന്നാൽ ഇന്ത്യയിലെ പെട്രോളിന്റെ വില ലിറ്ററിനു 100 രൂപയാണ്. ഇങ്ങനെയുണ്ടോ ഒരു കൊള്ള? ♦