കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന കേരള ഫൈബർ ഒപ്റ്റിക് നെറ്റ്–വർക്ക് പദ്ധതി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതോടെ എല്ലാവർക്കും ഇന്റർനെറ്റ് എന്ന എൽ ഡി എഫ് സർക്കാരിന്റെ സ്വപ്നം യാഥാർത്ഥ്യത്തിലേയ്ക്കുള്ള ആദ്യ ചുവടുവയ്പു നടത്തി. കെ–ഫോണിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയാണ്. ആദ്യഘട്ടത്തിൽ 14,000 വീടുകളിലാണ് സൗജന്യ കണക്ഷൻ എത്തിക്കുക. ഈ കുടുംബങ്ങൾക്ക് ദിവസേന 1.5 ജി.ബി ഡാറ്റ 15 എം.ബി.പി.എസ് വേഗത്തിൽ സൗജന്യമായി ലഭിക്കും.
ജനങ്ങളുടെ അവകാശമാണ് ഇന്റർനെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സർക്കാർ കെ–ഫോൺ പദ്ധതി നടപ്പാക്കുന്നത്. അതിലൂടെ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. അങ്ങനെ ഇന്റർനെറ്റ് എന്ന അവകാശം എല്ലാവർക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന്റെ, പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിന്റെ, ഉത്തരവാദിത്വബോധമുള്ള ഭരണനിർവ്വഹണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ–ഫോൺ പദ്ധതി.
സാമൂഹ്യ പുരോഗതിയിൽ അവിശ്വസനീയമായ കുതിപ്പാണ് ഇന്റർനെറ്റും അനുബന്ധ സംവിധാനങ്ങളും കൊണ്ടുവന്നത്. എന്നാൽ ഡിജിറ്റലൈസേഷൻ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ വികസിത രാജ്യങ്ങൾ വലിയ മുന്നേറ്റം നടത്തുമ്പോൾ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾ ഡിജിറ്റൽ ഡിവൈഡ് എന്ന അസമത്വം അനുഭവിക്കുന്നുണ്ട്, ഇതിന് പരിഹാരമാകുകയാണ് കെ–ഫോൺ. കേരളത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവുമാക്കുന്നതിന് ഒന്നാം പിണറായി സർക്കാർ ആവിഷ്‌കരിച്ചതാണ് കെ–ഫോൺ പദ്ധതി. ‘കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ്’ എന്നാണ് കെ–ഫോൺ അറിയപ്പെടുന്നത്.
മാസം 3000 ജിബി ഡാറ്റ; 299 രൂപ മാസം 299 രൂപമുതലുള്ള കെ ഫോൺ ഇന്റർനെറ്റ് നിരക്ക് പ്രഖ്യാപിച്ചു. 20 എംബിപിഎസ് (സെക്കൻഡിൽ 20 എംബി) അടിസ്ഥാന വേഗത്തിൽ ഇന്റർനെറ്റ് സേവനം ലഭിക്കും. |
6 മാസ പ്ലാൻ പട്ടിക മാസവാടക (ജിഎസ്‌ടി കൂടാതെ), ലഭ്യമാകുന്ന ഡാറ്റ (അൺലിമിറ്റഡ്), വേഗത എംബിപിഎസിൽ, വാലിഡിറ്റി, ആറു മാസ വാടക ക്രമത്തിൽ 299 3000 ജിബി 20 180 1794 349 3000 ജിബി 30 180 2094 399 4000 ജിബി 40 180 2394 449 5000 ജിബി 50 180 2694 499 5000 ജിബി 75 180 2994 599 5000 ജിബി 100 180 3594 799 5000 ജിബി 150 180 4794 999 5000 ജിബി 200 180 5994 1249 5000 ജിബി 250 180 7494 |
കെ–ഫോൺ പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐ എസ് പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെതന്നെ നമ്മൾ നേടിയെടുത്തിരുന്നു. 30,000 സർക്കാർ ഓഫീസുകൾക്ക് കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 26,492 ഓഫീസുകളിൽ കണക്ഷൻ നൽകുകയും 18,700 ഓഫീസുകളിൽ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നു. കുറഞ്ഞ സമയംകൊണ്ടുതന്നെ കേരളം മുഴുവൻ കെ–ഫോൺ ശൃംഖലയുടെ ഭാഗമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിവരുന്നത്. ഇതോടെ സ്വന്തമായി ഇന്റർനെറ്റ് സംവിധാനമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിന് സ്വന്തമാകും.
കെ–ഫോൺ കണക്ഷൻ നൽകിയിട്ടുള്ള ഓഫീസുകളിലും വീടുകളിലുമെല്ലാം ഇതിനോടകംതന്നെ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാണ്. ആ പശ്ചാത്തലത്തിലാണ് കെ–ഫോണിന്റ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിക്കപ്പെടുന്നത്. കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും എത്രയും വേഗംതന്നെ കെ–ഫോൺ മുഖേന ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയും ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമാക്കുവാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി മുന്നേറുകയാണ്.
ലോകത്തേറ്റവും അധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ 700 ലധികം ഇന്റർനെറ്റ് ഷട്ട് ഡൗണുകളാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്. ആ ഇന്ത്യയിലാണ് എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കാനായി ഒരു സംസ്ഥാന സർക്കാർ സവിശേഷമായി ഇടപെടുന്നത്. ആ നിലയ്ക്ക്, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ജനകീയ ബദൽ നയങ്ങളുടെ മറ്റൊരുദാഹരണമായി മാറുകയാണ് കെ–ഫോൺ പദ്ധതി.
മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിക്കാൻ സാർവത്രികമായ ഇന്റർനെറ്റ് സൗകര്യം അനിവാര്യമാണ്. അതുകൊണ്ടുതന്നെ വിജ്ഞാന സമ്പദ്ഘടനയായും നൂതന സമൂഹമായും കേരളത്തെ പരിവർത്തിപ്പിക്കാനായി നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ഒന്നാണ് കെ–ഫോൺ. ഇതിലൂടെ കേരളത്തെയാകെ ഗ്ലോബൽ ഇൻഫർമേഷൻ ഹൈവേയുമായി ബന്ധിപ്പിക്കുകയാണ് നമ്മൾ. അങ്ങനെ നവകേരള നിർമ്മിതിക്ക് അടിത്തറയൊരുക്കുന്നു.
ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള ജനകീയ ബദൽ മാതൃക കൂടിയാണ് കെ–ഫോൺ പദ്ധതി എന്ന് നാം കാണണം. സ്വകാര്യ മേഖലയിലെ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം നൽകണം എന്ന നിശ്‌ചയദാർഢ്യത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കെ–ഫോൺ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ സ്വകാര്യ കമ്പനികൾ ഈ മേഖലയിൽ ഉള്ളപ്പോൾ സംസ്ഥാന സർക്കാർ എന്തിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് എന്ന് ചോദിച്ചവർ ഇവിടെയുണ്ട് എന്നു നാം മറക്കരുത്.
നാടിനാകെ ഗുണകരമാകുന്ന വിധത്തിലാണ് കെ–ഫോൺ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താൻ വൈദ്യുതി, ഐടി വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി ഏറെ സഹായകരമാവും. ഇന്റനെറ്റ് ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചും എല്ലാവർക്കും ഇന്ററർനെറ്റ് സേവനങ്ങൾ ലഭ്യമാക്കിയും മുന്നേറുമ്പോൾതന്നെ അതൊക്കെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉപകരിക്കുന്നു എന്നുകൂടി ഉറപ്പുവരുത്തുകയാണ്. ആ കാഴ്ചപ്പാടോടെയാണ് പൊതുസേവനങ്ങളെ ഓൺലൈനായി ലഭ്യമാക്കുന്നത്. ഇതിനോടകം 900 ത്തിലധികം സേവനങ്ങളാണ് ഓൺലൈനായി മൊബൈൽ ആപ്പ് മുഖേനയോ വെബ്‌സൈറ്റ് മുഖേനയോ ഒക്കെ ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ളത്. അതേസമയംതന്നെ അവശർക്കും അംഗപരിമിതർക്കുംവേണ്ടി സർക്കാർ സേവനങ്ങളെ അവരുടെ വീടുകളുടെ വാതിൽപ്പടിക്കൽ എത്തിക്കുകയുമാണ്.
ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയും ഹൈസ്പീഡ് ഇന്റർനെറ്റും ഓൺലൈൻ സേവനങ്ങളും എല്ലാം ലഭ്യമാക്കിക്കൊണ്ട് കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതന സമൂഹമായും പരിവർത്തനപ്പെടുത്തുകയാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം.
ഈ വിധത്തിൽ സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിക്കാൻ ഉതകുന്ന വിധത്തിലുള്ള ഇടപെടലുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അവയിലൂടെ അടുത്ത 25 വർഷംകൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങൾക്ക് തുല്യമായ നിലയിലേക്ക് ഉയർത്തുകയാണ്. അതിനായി കാർഷിക നവീകരണം, വ്യവസായ പുനഃസംഘടന, നൈപുണ്യ വികസനം എന്നിവയിൽ ഊന്നുകയാണ്. അതിനൊക്കെ ഉത്തേജനം പകരുന്ന ഒന്നായിരിക്കും കെ–ഫോൺ പദ്ധതി. ♦