ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും ഗതിവിഗതികളിൽ ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം നിർണായക സ്വാധീനം ചെലുത്താൻ തുടങ്ങിയത് 1980കളുടെ അവസാനത്തോടെയും 1990 കളുടെ തുടക്കത്തോടെയുമാണ്. ആ സ്വാധീനം ഘട്ടംഘട്ടമായി ഹിന്ദുത്വ സമഗ്രാധിപത്യമായി വളരുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയിൽ രാഷ്ട്രം കണ്ടിട്ടുള്ളത്. ഈ വിധ്വംസക രാഷ്ട്രീയ പ്രയാണത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ ഹിന്ദുത്വയുടെ പ്രത്യയശാസ്ത്ര നായകരും പ്രായോഗിക പോരാളികളും സ്ഥിരമായി അവലംബിച്ചുപോന്നിരുന്ന ഒരു പ്രധാന മാർഗം പ്രതീകാത്മക രാഷ്ട്രീയത്തിന്റേതാണ്.
ആ പ്രതീകാത്മക രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ അടയാളമായി മാറിയിരിക്കുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോൽ. 73 വർഷങ്ങൾക്കുമുമ്പ്, 1950 ജനുവരി 26ന്, ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി രാഷ്ട്ര ശില്പികൾ അടയാളപ്പെടുത്തിയ എല്ലാത്തിനെയും വെല്ലുവിളിക്കുന്ന ഒരു ചിഹ്നമായിരിക്കുന്നു തമിഴ്നാട്ടിൽനിന്നുള്ള ശൈവ–സന്ന്യാസിമാരുടെ അകമ്പടിയോടെ മോദി പാർലമെന്റിലേക്കാനയിച്ച ചെങ്കോൽ.
ദീർഘകാലത്തെ കൂടിയാലോചനകൾക്കും ചൂടുപിടിച്ച വാഗ്വാദങ്ങൾക്കും പ്രക്ഷുബ്ധമായ ആശയവിനിമയത്തിനുംശേഷം നമ്മുടെ ഭരണഘടനയ്ക്ക് 1950 ന്റെ ആദ്യ മാസത്തിൽ രാഷ്ട്രശിൽപികളും ഭരണഘടനാ രൂപകർത്താക്കളുമായ ഭീം റാവു അംബേദ്കർ, ജവഹർലാൽ നെഹ്റു, കെ എം മുൻഷി, മുഹമ്മദ് സാദുള്ള, അല്ലാടി കൃഷ്ണസ്വാമി അയ്യർ, ഗോപാലസ്വാമി അയ്യങ്കാർ, ടി ടി കൃഷ്ണമാചാരി, സച്ചിദാനന്ദ സിൻഹ, രാജേന്ദ്രപ്രസാദ് എന്നിവർ ഒന്നിച്ചുചേർന്ന് പ്രഖ്യാപിച്ച അടിസ്ഥാന പ്രമാണങ്ങൾ ഇങ്ങനെയായിരുന്നു: ‘‘ഇന്ത്യ ഒരു സ്വതന്ത്ര, പരമാധികാര, ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണ്. ഇവിടത്തെ ജനങ്ങൾക്ക് ഈ ഭരണഘടന നീതിയും സാമൂഹിക സമത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തും. ജനവിഭാഗങ്ങൾക്കിടയിൽ സാഹോദര്യം വളർത്താൻ ഈ ഭരണഘടന പരിശ്രമിക്കും’’.
ഈ പ്രഖ്യാപനങ്ങൾക്കൊപ്പം ഭരണഘടനയുടെ അഞ്ച് താക്കോൽ ഘടകങ്ങളെയും രാഷ്ട്രശില്പികൾ അടയാളപ്പെടുത്തിയിരുന്നു. അവ ഇങ്ങനെയായിരുന്നു: ‘‘പാർലമെന്ററി ജനാധിപത്യ മാതൃകയിലുള്ള സർക്കാർ, ജനാധിപത്യത്തിന്റെ വ്യത്യസ്ത തൂണുകളായ എക്സിക്യുട്ടീവും ജുഡീഷ്യറിയും ലെജിസ്ലേച്ചറും തമ്മിൽ അധികാരനിർണയത്തിന്റെയും പ്രയോഗത്തിന്റെയും കാര്യത്തിലുള്ള കൃത്യവും മൂർത്തവുമായ വേർതിരിവ്, ജനങ്ങളുടെ മൗലികാവകാശങ്ങൾക്കുള്ള സമഗ്രവും സമ്പൂർണ്ണവുമായ സംരക്ഷണം, മതനിരപേക്ഷത, ഫെഡറൽ സിദ്ധാന്തങ്ങളിൽ അധിഷ്ഠിതമായ സംയുക്ത സംസ്ഥാന വ്യവസ്ഥിതി.
2023 മെയ് 28 –ാം തീയതി ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട, ഹിന്ദു സമുദായത്തിൽതന്നെയുള്ള മറ്റ് ആരാധനാരീതികളെയും പദ്ധതികളെയും അംഗീകരിക്കാൻ തയ്യാറല്ല എന്നു ദശാബ്ദങ്ങളായി പരസ്യ പ്രഖ്യാപനം നടത്തിയിട്ടുള്ള ഒരു സംഘം പുരോഹിതരുടെ അകമ്പടിയോടെ, അവർ പൂജിച്ചു കൊണ്ടുവന്ന ചെങ്കോൽ പാർലമെന്റിൽ ഉപചാരപൂർവ്വം സ്ഥാപിക്കുകവഴി ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളുടെയും മൂലതത്വങ്ങളുടെയും താക്കോൽ ഘടകങ്ങളുടെയുമൊക്കെ കടയ്ക്കൽ കത്തിവെച്ചിരിക്കുകയാണ് നരേന്ദ്രമോദിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സ്വയംസേവക സംഘ നേതൃത്വത്തിലുള്ള സംഘപരിവാറും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, പ്രതീകാത്മക രാഷ്ട്രീയത്തിന്റെ പലതരം കുഴമറിച്ചിലുകൾ കാലാകാലങ്ങളിൽ പുറത്തെടുക്കുകയും ഏറ്റക്കുറച്ചിലുള്ള വിജയപരാജയങ്ങളുടെ അടിസ്ഥാനത്തിൽ പ്രയോഗിക്കുകയും ചെയ്തിട്ടുള്ള സംഘപരിവാറിന്റെ ഏറ്റവും മൂർത്തവും സംഹാരശേഷിയുമുള്ള ഒരു പ്രതീകമായി മാറിയിരിക്കുകയാണ് ഈ ചെങ്കോൽ പ്രയോഗം.
മോദിയുടെ ചെങ്കോൽ പ്രയോഗത്തിനുമുൻപുള്ള ഇന്ത്യ, അതിനുശേഷമുള്ള ഇന്ത്യ എന്നിങ്ങനെ രാഷ്ട്ര ചരിത്രത്തെ വേർതിരിക്കേണ്ട ഒരു സാഹചര്യംതന്നെ സംജാതമായിരിക്കുന്നു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന പ്രഖ്യാപനങ്ങളും മൂലതത്വങ്ങളും താക്കോൽ ഘടകങ്ങളുമായിരുന്നു ആത്യന്തികമായി ഇന്ത്യ എന്ന ആശയത്തെ പ്രതിനിധാനം ചെയ്തിരുന്നത്. ഒറ്റയടിക്ക് അതിനെയെല്ലാം തകർത്തെറിഞ്ഞിരിക്കുകയാണ്.
ബൃഹത്തായ ഈ ദിശാഭംഗത്തിന്റെ ചില സൂചനകൾമാത്രം ഇവിടെ അവതരിപ്പിക്കാം. ശ്രദ്ധിക്കുക. വൈഷ്ണവ പൗരോഹിത്യവുമായും മതങ്ങളുമായും നൂറ്റാണ്ടുകൾനീണ്ട കൊടൂരയുദ്ധങ്ങൾ നടത്തിയ ശൈവ –പുരോഹിത പോരാളികളുടെ പിന്തുടർച്ചക്കാരാണ് മോദിയോടൊപ്പം പാർലമെന്റിലേക്ക് വെച്ചടി കയറിയത്. നമ്മുടെ ജനാധിപത്യത്തിന്റെ മൂന്നുതൂണുകളെയും സമഗ്രമായ അർഥത്തിൽ പ്രതിനിധാനം ചെയ്യുന്ന പദവിയാണ് രാഷ്ട്രപതിയുടേത്. അവർക്ക് ഒരു സ്ഥാനവും നൽകാതിരുന്ന, സാന്നിധ്യംപോലും അനുവദിക്കാതിരുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഭരണഘടന വിഭാവനം ചെയ്യുന്ന ഈ സമഗ്രഘടനയെ അക്ഷരാർഥത്തിൽ വെല്ലുവിളിച്ചു. മനുസ്മൃതി അടക്കമുള്ള വിഭാഗീയ – ഹൈന്ദവ പ്രമാണങ്ങളിൽ വിധവകൾക്കോ ദളിതർക്കോ പ്രധാനപ്പെട്ട പൊതുപരിപാടികളിൽ സ്ഥാനമുണ്ടാവരുത് എന്ന ശാസനയുണ്ടത്രേ. അത്തരമൊരു ശാസനയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പാർലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നത് എന്നു പരസ്യമായി പ്രഖ്യാപിക്കുകകൂടി ചെയ്തു ചില സംഘപരിവാർ അപ്പോസ്തലന്മാർ.
1997ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികം ആചരിച്ചപ്പോൾ, അന്ന് പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ ചേർന്ന സ്മൃതി ദിനത്തിൽ മുഖ്യ സ്ഥാനത്ത് അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണനായിരുന്നു. അദ്ദേഹമാണ് ആ ദിവസം ദേശത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതുതന്നെ. കെ ആർ നാരായണൻ ഇംഗ്ലീഷിൽ ചെയ്ത പ്രസംഗത്തിന്റെ ഹിന്ദി പരിഭാഷ പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾക്കുമുമ്പിൽ വായിക്കുക മാത്രമാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദർകുമാർ ഗുജറാൾ ചെയ്തത്. അന്നത്തെ ലോക്–സഭാ സ്പീക്കർ പി എ സംഗ്മ പരിപാടികൾ നിയന്ത്രിച്ച സ്മൃതി ദിനാചരണത്തിൽ വിശ്വവിഖ്യാത ഹിന്ദുസ്ഥാനി ഗായകൻ പണ്ഡിറ്റ് ഭീംസെൻ ജോഷി ‘വന്ദേമാതര’വും വിശ്രുത പിന്നണി ഗായിക ലതാ മങ്കേഷ്കർ ‘സാരേ ജഹാം സെ അച്ഛാ’യും ആലപിച്ചു. ഇതോടൊപ്പം മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും റെക്കോർഡ് ചെയ്ത പഴയ പ്രസംഗങ്ങളിൽനിന്നും ചില ഭാഗങ്ങൾ സെൻട്രൽ ഹാളിനകത്ത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഒതുക്കമുള്ള, ഉദാത്തമായ ഒരു സ്മൃതി ദിനാചരണമായിരുന്നു അത്.
ഭരണഘടനയെ തള്ളുന്ന, അതിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഈ പ്രതീകാത്മക രാഷ്ട്രീയ പ്രയോഗങ്ങൾ സംഘപരിവാർ കാലാകാലങ്ങളിൽ നടത്തിവന്നതിന്റെ ഒരു തുടർച്ച കൂടി ചെങ്കോൽ സ്ഥാപനത്തിൽ കാണാം. കൃത്യം 27 വർഷങ്ങൾക്കുമുൻപ്, 1996 ലാണ് സംഘപരിവാറിന്റെ രാഷ്ട്രീയ ഉപകരണമായ ഭാരതീയ ജനതാ പാർട്ടിയുടെ ഒരു നേതാവ് ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നത്. കേവലം 13 ദിവസം മാത്രമാണ് ആ പ്രധാനമന്ത്രിയുടെ, അടൽ ബിഹാരി വാജ്പേയിയുടെ ആ വർഷത്തെ ഭരണം നിലനിന്നത്. പാർലമെന്റിൽ നടന്ന വിശ്വാസ വോട്ടിന്റെ ചർച്ചയിൽതന്നെ ഭൂരിപക്ഷമില്ല എന്നു തെളിഞ്ഞതിനെത്തുടർന്ന് വാജ്പേയ് രാജിവെച്ച് ഇറങ്ങിപ്പോയതും ഒരു മെയ് 28നു തന്നെയായിരുന്നു. രാജിവെയ്ക്കുന്നതിനു മുന്നോടിയായുള്ള പ്രസംഗത്തിൽ വാജ്പേയ് അസന്നിന്ദമായി ചില കാര്യങ്ങൾ പറയുകയുണ്ടായി, ‘‘കഴിഞ്ഞ 13 ദിവസങ്ങൾക്കുള്ളിൽ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ പണി വേഗത്തിലാക്കാത്തതും ഏകീകൃത സിവിൽ നിയമം കൊണ്ടുവരാത്തതും ജമ്മു കാശ്മീരിന് പ്രത്യേകമായുള്ള ഭരണഘടനയുടെ 370–ാം അനുച്ഛേദം റദ്ദാക്കാത്തതും ഞങ്ങൾക്കെന്തെങ്കിലും മനംമാറ്റമുണ്ടായതുകൊണ്ടാണ് എന്നോ ഞങ്ങളുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയ സമീപനങ്ങളിൽ വലിയ പരിവർത്തനം ഉണ്ടായതുകൊണ്ടാണ് എന്നോ നിങ്ങളാരും തെറ്റിദ്ധരിക്കണ്ട. ഈ കാര്യങ്ങളൊക്കെ മുന്നോട്ടുനീക്കാതിരിക്കാനുള്ള ഒരേയൊരു കാരണം ഞങ്ങൾക്കിപ്പോൾ സ്വന്തമായി ഭൂരിപക്ഷമില്ല എന്നതാണ്’’.
ആ മെയ് 28ന് വാജ്പേയ് നടത്തിയ ഹിന്ദുത്വ പ്രഖ്യാപനത്തിന്റെ വലിയ തുടർച്ചയാണ് 27 വർഷങ്ങൾക്കിപ്പുറം 2023 മെയ് 28ന് മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലൂടെയും ചെങ്കോൽ സ്ഥാപനത്തിലൂടെയും നടത്തിയിരിക്കുന്നത്. നൂറു വർഷങ്ങൾക്കുമുൻപ്, ഹിന്ദുത്വ എന്ന വിഘടന പ്രത്യയശാസ്ത്രത്തിന് മൂർത്തമായ രൂപഭാവങ്ങൾ നൽകിയ വിനായക് ദാമോദർ സവർക്കറിന്റെ ജന്മദിവസത്തിലാണ് വാജ്പേയ് വിശ്വാസവോട്ട് ചർച്ച നടത്തിയതും മോദി ചെങ്കോൽ സ്ഥാപിച്ചതും എന്നത് ഒട്ടും യാദൃച്ഛികമല്ല. സംഘപരിവാറിന്റെ പ്രതീകാത്മക രാഷ്ട്രീയ പ്രയോഗങ്ങളുടെ ഭാഗം തന്നെയാണത്.
സമീപ ഭൂതകാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഈ വിഘടന – വിധ്വംസക രാഷ‍്ട്രീയ പ്രതീകാത്മകതയുടെ ഒട്ടനവധി ദൃഷ്ടാന്തങ്ങൾ ഇന്ത്യൻ ജനതയ്ക്കുമുൻപിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 2017ൽ സ്വന്തം നിലയിലുള്ള ഭൂരിപക്ഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ ഭാരതീയ ജനതാ പാർട്ടി ആദ്യമായി കൈവരിച്ചപ്പോൾ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് കാഷായ വേഷമണിഞ്ഞ, അമ്പതിൽപരം ക്രിമിനൽ കേസുകളിൽ ഗുണ്ടാ സ്ഥാനത്ത് പ്രതിയായ ആദിത്യനാഥിനെയാണ് എന്നതും ഒരു പ്രതീകാത്മക രാഷ്ട്രീയ പ്രയോഗംതന്നെ. അന്ന് ആദിത്യനാഥിനെ മുഖ്യമന്ത്രിയായി അവരോധിച്ചശേഷം മോദി ചെയ്ത പ്രസംഗത്തിൽ എടുത്തു പറഞ്ഞ വർഷവും 2023 ആയിരുന്നു. രണ്ടുവർഷം കഴിഞ്ഞ് താൻതന്നെ നേരിടേണ്ട 2019ലെ ലോക്–സഭാ തിരഞ്ഞെടുപ്പിനെപ്പറ്റി ഒരു വരി പോലും പറയാതെ 2023ൽ ഇന്ത്യ ‘മാതൃകാ രാജ്യ’മായി മാറുമെന്നാണ് അന്ന് മോദി പ്രസംഗിച്ചത്. ആറു വർഷങ്ങൾക്കു മുൻപുള്ള ആ ദിവസത്തിലേക്ക് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എന്താണ് മോദിയുടെ മനസ്സിലെ മാതൃകാ രാജ്യം എന്നു സുവ്യക്തമാകുകയാണ്.
പലപ്പോഴും പല തിരഞ്ഞെടുപ്പു പ്രചാരണവേദികളിലും ‘ജുംല’യായി (വാചകത്തട്ടിപ്പ്) മോദി അവതരിപ്പിക്കാറുണ്ട് എന്നദ്ദേഹത്തിന്റെ ദീർഘകാല സഹചരനായ അമിത് ഷാ തന്നെ അടിവരയിട്ടിട്ടുള്ള ‘‘എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും പാർപ്പിടം, എല്ലാവർക്കും സാമ്പത്തിക സുരക്ഷിതത്വം, വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരൽ, അത് കൊണ്ടുവന്നതിനുശേഷം പാവങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം വീതം നിക്ഷേപിക്കൽ’’ എന്നിവയൊന്നുമല്ല മോദിയുടെ മാതൃകാ രാജ്യത്തിന്റെ പരിഗണനാ വിഷയങ്ങൾ. അത് കറതീർന്ന വിഭാഗീയതയുടെയും വർഗീയതയുടെയും മൂർത്തിമദ്ഭാവമായ ഹിന്ദു രാഷ്ട്രമാണ്. 2014ൽ അധികാരമേറ്റതുമുതലും 2019ൽ വർദ്ധിത ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷവും മോദിയും സംഘപരിവാറിലെ കൂട്ടാളികളും ഈ പണി ഘട്ടംഘട്ടമായി മുന്നോട്ടു നീക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ അടുക്കളയിൽ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ടക്കൊല നടത്തുന്നതുമുതൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭാഗീയമായ ധനസംഖ്യാഗണനം നടത്തുന്നതുവരെയും ഭരണഘടനയുടെ പ്രത്യേക പരിരക്ഷയുള്ള ജമ്മു കാശ്മീരിനെ പട്ടാള ബൂട്ടിനുകീഴിൽ നിരന്തരമായി അമർച്ച ചെയ്യുന്ന ഒരു സംസ്ഥാനമാക്കി മാറ്റുന്നതുവരെയും ബാബറി മസ്ജിദ് സ്ഥിതിചെയ്ത സ്ഥലത്തിന്റെ സ്വത്തവകാശം വിശ്വഹിന്ദു പരിഷത്തടങ്ങുന്ന ഹിന്ദുത്വ പക്ഷത്തിന് കൈമാറാനുള്ള വിധി ജുഡീഷ്യറിയെക്കൊണ്ട് പുറപ്പെടുവിക്കാനുള്ള സാഹചര്യം പലതരം സാമദാനഭേദദണ്ഡ പ്രയോഗങ്ങളിലൂടെ സൃഷ്ടിക്കുന്നതുവരെയും എത്തിയിരിക്കുന്നു ഈ ഹിന്ദുരാഷ്ട്ര പദ്ധതി.
പാർലമെന്റിലെ ചെങ്കോൽ സ്ഥാപനം ഈ പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഇന്ത്യ എന്ന ആശയത്തെ മൂർത്തമായി പ്രതിനിധാനംചെയ്ത ഭരണഘടനയുടെ കടയ്ക്കൽ കത്തി വെച്ചു കഴിഞ്ഞു.മൂർത്തമായ തകർച്ച പലതലങ്ങളിലും അടിവരയിടുമ്പോഴും ഈ കത്തിവെയ്ക്കൽ പ്രതീകാത്മക രാഷ്ട്രീയം തന്നെയാണ്. ഭരണഘടനയെ പ്രത്യക്ഷമായി തന്നെ മാറ്റിമറിക്കുന്നതിലേക്ക്, മാറ്റിയെഴുതുന്നതിലേക്ക് തന്നെയാണ് ഈ മലീമസ യാത്ര ലക്ഷ്യംവെയ്ക്കുന്നത്. 1950 ജനുവരിയിൽ ഇന്ത്യൻ ഭരണഘടന അനാവരണം ചെയ്തപ്പോൾതന്നെ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ അക്കാലത്തെ പ്രധാന നായകനായ എം എസ് ഗോൾവാൾക്കർ ഇതിൽ ഭാരതീയമായി ഒന്നുമില്ലെന്നും മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഇതിനെ മാറ്റിയെഴുതേണ്ടതുണ്ടെന്നും പ്രഖ്യാപിച്ചിരുന്നു. മോദിയും സംഘപരിവാറും ആ വഴിയിലേക്കു തന്നെയാണ് പോകുന്നത്. കൊണ്ടുപിടിച്ച, ഘട്ടംഘട്ടമായുള്ള ഈ നീക്കങ്ങൾക്കിടയിൽ ഇന്ത്യ എന്ന ആശയത്തിന്റെ അസ്തിത്വത്തെ ഉയർത്തിപ്പിടിക്കാൻ ഈ രാഷ്ട്രത്തിന്റെ മതനിരപേക്ഷ സ്വത്വത്തിന് സാധിക്കുമോ? ഇന്ത്യൻ ജനതയും രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങളും നേരിടുന്ന ഏറ്റവും വലിയ സമകാലിക ചോദ്യം ഇതുതന്നെയാണ്. ♦