Monday, November 25, 2024

ad

Homeകവര്‍സ്റ്റോറിറിപ്പബ്ലിക്കിന്റെ മുഖം മറയ്ക്കുന്ന ചെങ്കോലും സന്ന്യാസിമാരും

റിപ്പബ്ലിക്കിന്റെ മുഖം മറയ്ക്കുന്ന ചെങ്കോലും സന്ന്യാസിമാരും

സെബാസ്റ്റ്യന്‍ പോള്‍

കുടിയൊഴിയുന്ന പാര്‍ലമെന്റ് മന്ദിരം 96 വര്‍ഷം മുമ്പ് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ഇര്‍വിന്‍ പ്രഭു ഉദ്ഘാടനം ചെയ്തു എന്നതു മാത്രമല്ല പുതിയ മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമായിരുന്നു എന്ന് പറയുന്നതിന്റെ ന്യായം. ഇരുസഭകള്‍ക്കുമൊപ്പം ഭരണഘടനാപരമായി പാര്‍ലമെന്റിന്റെ ഭാഗമായ രാഷ്ട്രപതി, രാജ്യസഭയുടെ അധ്യക്ഷനായ ഉപരാഷ്ട്രപതി, പാര്‍ലമെന്റിന്റെ അവിഭാജ്യഭാഗമായ പ്രതിപക്ഷം എന്നിവരുടെ അസാന്നിധ്യത്തില്‍ ഏറ്റവും വലിയ ജനാധിപത്യത്തിലെ ഏറ്റവും വലിയ മന്ദിരത്തിന്റെ തുറവി നിറം കെട്ട പ്രഹസനമായി. റിപ്പബ്ലിക്കിന്റെ മുഖം മറച്ചുകൊണ്ടാണ് മന്ദിരം അനാച്ഛാദനം ചെയ്യപ്പെട്ടത്.

ശുഭവേളയിലും മംഗളകര്‍മത്തിലും സ്ത്രീസാന്നിധ്യം ഒഴിവാക്കുന്നതിന് മനുവാദികളും പാരമ്പര്യവാദികളും പല ന്യായങ്ങളും പറയാറുണ്ട്. ദ്രൗപദി മുര്‍മുവിനെ ഒഴിവാക്കിയതിന് കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. ആദിവാസിയെ രാഷ്ട്രപതിയാക്കിയെന്ന് രാഷ്ട്രീയമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി വീമ്പ് പറയുന്നവര്‍ വിളിപ്പാടകലെ താമസിക്കുന്ന രാഷ്ട്രപതിയെ എന്തിനിങ്ങനെ അസ്പൃശ്യയാക്കിയെന്നതിന് വിശദീകരണം ആവശ്യമുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന ജഗജീവന്‍ റാം ഉദ്ഘാടനംചെയ്ത മന്ദിരത്തില്‍ ശുദ്ധിക്രിയ നടത്തിയ രാജ്യമാണിത്. ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ മതരാഷ്ട്രപ്രതീതിയില്‍ അവര്‍ സന്യാസിമാരുടെ പൂജാവേദിയാക്കി.

റിപ്പബ്ലിക്കിന്റെ പ്രൗഢിയില്‍ സ്പീക്കറുടെയും പ്രധാനമന്ത്രിയുടെയും അകമ്പടിയോടെ രാഷ്ട്രപതി ആഗതയാകേണ്ട വഴിയില്‍ അര്‍ദ്ധനഗ്നരായ സന്ന്യാസിമാരുടെ പരിവാരത്തോടെ പ്രധാനമന്ത്രിയാണ് ആഗതനായത്. 2014ലെ സാഷ്ടാംഗപ്രണാമം അദ്ദേഹം ആവര്‍ത്തിച്ചു. പ്രണാമം ആദരത്തിന്റെ ലക്ഷണമല്ല. ചുംബനത്തോടെയാണ് യൂദാസ് ഗുരുവിനെ ഒറ്റിയത്. നമസ്കാരത്തിനു ശേഷമാണ് ഗോഡ്സെ മഹാത്മാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചത്. അന്നത്തെ സാഷ്ടാംഗപ്രണാമത്തിനുശേഷം ഉയര്‍ന്ന ആശങ്കകള്‍ സ്ഥിരീകരിക്കപ്പെട്ടു. പാര്‍ലമെന്റില്‍ അസാന്നിധ്യംകൊണ്ടാണ് മോദി ശ്രദ്ധേയനായത്. ചര്‍ച്ചയും പരിശോധനയുമില്ലാതെ ബില്ലുകള്‍ ചുട്ടെടുക്കുന്ന അവസ്ഥയായി. എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്ന സംവിധാനം എന്ന ഭരണഘടനാ പദവി പാര്‍ലമെന്റിനു നഷ്ടമായി.

അലഹബാദിലെ മ്യൂസിയത്തില്‍ നെഹ്റു സ്ഥാപിച്ച ചെങ്കോല്‍ മോദിക്ക് പുനഃസമര്‍പ്പിക്കുന്നതിന്, തമിഴ്നാട്ടിലെ പുരോഹിതന്മാരുടെ കൈയില്‍ എങ്ങനെയെത്തി? ചെങ്കോല്‍ ജനാധിപത്യത്തിലെ ഇടങ്കോലാണ്. അത് രാജാധികാരത്തിന്റെ അടയാളമാണ്. ജനാധിപത്യ റിപ്പബ്ലിക്കില്‍ ചെങ്കോലിന് സ്ഥാനമില്ല. അതുകൊണ്ടാണ് സ്വര്‍ണവ്യാപാരി സമ്മാനിച്ച ചെങ്കോലിന് ഡല്‍ഹിയിലൊരിടത്തും ഇടം നല്‍കാതെ അലഹബാദിലെ മ്യൂസിയത്തിന് നെഹ്റു കൈമാറിയത്. നരേന്ദ്ര മോദിക്ക് ചെങ്കോല്‍ ആവശ്യമുണ്ടെങ്കില്‍ അത് നല്‍കേണ്ടത് പുരോഹിതര്‍ ആയിരുന്നില്ല. അത് സ്ഥാപിക്കേണ്ടത് ലോക്–സഭയിലുമായിരുന്നില്ല. എക്സിക്യൂട്ടീവില്‍നിന്ന് വേറിട്ടു നില്‍ക്കുന്നതും എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നതുമായ സഭയാണ് ലോക്–സഭ. പ്രധാനമന്ത്രി സ്ഥാപിച്ച അധികാരദണ്ഡിന്റെ ദൃഷ്ടിപഥത്തില്‍ എപ്രകാരമാണ് സഭയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുക?

ചെങ്കോല്‍ പ്രതീകവും മുന്നറിയിപ്പുമാണ്. ചെങ്കോലും കിരീടവും സിംഹാസനവും നമ്മുടെ ജീവിതകാലത്ത് കാണാന്‍ അവസരമുണ്ടായത് ചാള്‍സിന്റെ സ്ഥാനാരോഹണവേളയിലാണ്. ബ്രിട്ടന്‍ മൊണാര്‍ക്കിയാണ്. പാര്‍ലമെന്ററി സമ്പ്രദായമല്ലാതെ രാജവാഴ്ച നാം അവിടെനിന്ന് സ്വീകരിച്ചിട്ടില്ല. സന്ന്യാസിമാരുടെ അകമ്പടിയില്‍ ചെങ്കോലേന്തി വരുന്ന പ്രധാനമന്ത്രി മതനിരപേക്ഷ പാര്‍ലമെന്ററി സമ്പ്രദായത്തിലെ അശ്ളീലക്കാഴ്ചയാണ്. ഭരണഘടനയുടെ ആമുഖം ഉച്ചത്തില്‍ വായിക്കാമായിരുന്ന അവസരത്തില്‍ ഗണപതിഹോമം നടന്നത് കാര്യങ്ങള്‍ എങ്ങോട്ടെന്നതിന്റെ സൂചനയാണ്. 2024ല്‍ തടയപ്പെടുന്നില്ലെങ്കില്‍ ആര്‍എസ്എസിന്റെ ശതാബ്ദി വര്‍ഷത്തില്‍ മതനിരപേക്ഷ റിപ്പബ്ലിക് മതരാഷ്ട്രമായി മാറും. തിയോക്രസി. അതിന്റെ കാല്‍നാട്ടുകര്‍മമാണ് ചെങ്കോലിന്റെ സ്ഥാപനം. അയോധ്യയില്‍നിന്ന് രാമന്റെ കിരീടവും സിംഹാസനവുംകൂടി അവര്‍ കണ്ടെത്തിക്കൂടെന്നില്ല.

നെഹ്റുവിന്റെ ചെങ്കോല്‍ എഴുന്നള്ളിക്കാന്‍ നല്ല ദിവസമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ചരമദിനം ലഭ്യമായിരുന്നിട്ടും അതിനടുത്ത ദിവസമാണ് ഉദ്ഘാടനത്തിന് തെരഞ്ഞെടുത്തത്. മേയ് 28 സവര്‍ക്കറുടെ ജന്മദിനമാണെന്ന പ്രത്യേകതയുണ്ട്. അതൊരു തുടക്കമാണ്. പാര്‍ലമെന്റിനുശേഷം അടുത്ത പൊളിച്ചെഴുത്തിനു വിധേയമാകുന്നത് ഭരണഘടനയായിരിക്കും. ഹിന്ദുരാഷ്ട്രത്തിന് അനുയോജ്യമായ ഹിന്ദുത്വ ഭരണഘടനയാണ് വേണ്ടത്. അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും അതിന്റെ കരട് ഇറങ്ങിക്കഴിഞ്ഞു. സ്ത്രീകള്‍ക്കും ഹൈന്ദവേതരര്‍ക്കും പൗരത്വം നിഷേധിക്കുന്ന ഭരണഘടനയാണ് മനുസ്മൃതിയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ദ്രൗപദി പ്രതീകമായി മാറുന്നു. ആ കഥ അവസാനിക്കുന്നില്ല.

പാര്‍ലമെന്ററി ജനാധിപത്യത്തോട് അത്ര ആദരവില്ലാത്ത നരേന്ദ്ര മോദി പ്രസിഡന്‍ഷ്യല്‍ ഭരണരീതിയില്‍ താത്പര്യമുള്ള ആളാണ്. ഒരു പടി കൂടി കടന്ന് അദ്ദേഹം രാജാവായി സ്വയം പ്രഖ്യാപിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ഇന്നത്തെ നിലയില്‍ പ്രധാനമന്ത്രിയില്‍നിന്ന് പ്രസിഡന്റിലേക്കും അവിടെനിന്ന് രാജാവിലേക്കും ഒരു ചെങ്കോലിന്റെ അകലം മാത്രമാണുള്ളത്. ഏതെങ്കിലും മ്യൂസിയത്തില്‍നിന്ന് കിരീടവും സിംഹാസനവുംകൂടി തരപ്പെടുത്തിയാല്‍ പരിണാമം പൂര്‍ത്തിയാകും. എന്തും സംഭവിക്കാമെന്നും എന്തും സാധ്യമാണെന്നും നാം അറിഞ്ഞുകൊണ്ടിരിക്കുന്നു. നെഹ്റുവിനെ പുച്ഛത്തോടെ വിസ്മൃതിയില്‍ തള്ളുന്ന മോദി പൊടുന്നനെ അദ്ദേഹത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതുതന്നെ വിരോധാഭാസമല്ലേ? അത് ഗുണപരമായ മാറ്റത്തിന്റെ പ്രതീക്ഷ നല്‍കുന്ന ലക്ഷണമായി കണക്കാക്കാനാവില്ല.

നെഹ്റുവിന്റെ ചെങ്കോല്‍ സ്വീകരിച്ചവര്‍ അദ്ദേഹത്തിന്റെ യുക്തിചിന്തയും ശാസ്ത്രീയാഭിമുഖ്യവും മതനിരപേക്ഷതയിലൂന്നിയ ജനാധിപത്യബോധവും വിസ്മരിക്കുന്നു. സര്‍ ഹെര്‍ബര്‍ട്ട് ബേക്കര്‍ രൂപകല്പന ചെയ്ത പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ വാസ്തുവിന്റെ അപഹാരമുണ്ടെന്നാണ് ബിജെപി ജ്യോതിഷികളുടെ കണ്ടുപിടിത്തം. 2001ലെ പാര്‍ലമെന്റ് ആക്രമണവും 2020ലെ കര്‍ഷകപ്രക്ഷോഭവും ഇതിന്റെ ഫലമാണെന്ന കണ്ടുപിടിത്തവുമുണ്ട്. 2026നുശേഷം ഉണ്ടാകാന്‍ പോകുന്ന എംപിമാരുടെ വര്‍ദ്ധന ഉള്‍പ്പെടെ പുതിയ മന്ദിരത്തിന് ന്യായങ്ങള്‍ പലതുണ്ടെന്നിരിക്കേ ഇതൊക്കെയാണോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സ്വപ്നമായി കണക്കാക്കേണ്ടത്? വാസ്തുവിനുവേണ്ടിയല്ല ജനാധിപത്യത്തിനു നീണ്ടുനിവര്‍ന്നിരിക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണ് പുതിയ മന്ദിരം നിര്‍മിച്ചത്.

ചെങ്കോലും ലാത്തിയും അധികാരത്തിന്റെ ദണ്ഡുകളാണ്. അകത്ത് നരേന്ദ്ര മോദി ചെങ്കോലേന്തി വന്നപ്പോള്‍ പുറത്ത് നാടിന്റെ അഭിമാനമായ കായികതാരങ്ങള്‍ പൊലീസിന്റെ പ്രഹരശേഷി അനുഭവിക്കുകയായിരുന്നു. പ്രതിഷേധിക്കുന്നതിനുള്ള ഇടമാണ് പാര്‍ലമെന്റ്. പുതിയ മന്ദിരത്തെ പ്രതിഷേധിക്കുന്നതിനുള്ള ഇടമാക്കിയ കായികതാരങ്ങളാണ് യഥാര്‍ത്ഥത്തില്‍ അതിന്റെ ഉദ്ഘാടകര്‍. ഗണപതിഹോമം വിഘ്നങ്ങളെ അകറ്റുന്നില്ല. അകത്ത് പ്രതിപക്ഷത്തിനും പുറത്ത് ജനങ്ങള്‍ക്കും പ്രതിഷേധിക്കുന്നതിനുള്ള ഇടമുണ്ടാകണം. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനദിവസം ജന്തര്‍ മന്ദറിലെ സമരപ്പന്തലുകള്‍ പൊളിച്ചുനീക്കിയത് മറ്റൊരു സൂചനയാണ്. അകത്തു മാത്രമല്ല, പുറത്തും കേള്‍ക്കാനുള്ളതാണ് ജനശബ്ദം.

മൗലികമായ വിഷയങ്ങള്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നിട്ടും ദേശീയമാധ്യമങ്ങള്‍ക്ക് അവ പരിശോധിക്കാനായില്ല. നിര്‍മിതിയുടെ കൗതുകങ്ങളും ആഡംബരത്തിന്റെ ആരവങ്ങളുമാണ് മാധ്യമങ്ങളെ ആകര്‍ഷിച്ചത്. ഭൂമിയുടെ അച്ചുതണ്ട് ഊരിപ്പോകുന്ന അവസ്ഥയിലും അവ ഇങ്ങനെതന്നെയായിരിക്കും. അവര്‍ ഒന്നും അറിയുന്നില്ല; ഒന്നും അറിയിക്കുന്നില്ല. എല്‍ബയില്‍നിന്ന് നെപ്പോളിയന്‍ രക്ഷപ്പെട്ടപ്പോള്‍ ആ ചെകുത്താന്‍ തടവുചാടി എന്നായിരുന്നു പാരീസിലെ പ്രമുഖ പത്രത്തിെന്റെ തലക്കെട്ട്. അദ്ദേഹം സന്നാഹത്തോടെ പാരീസിലേക്ക് പ്രവേശിച്ചപ്പോള്‍ ‘ചക്രവര്‍ത്തി നീണാള്‍ വാഴട്ടെ’ എന്നായി തലക്കെട്ട്. ചെങ്കോലും ഇനി കണ്ടെത്താനിരിക്കുന്ന കിരീടവുമായി നരേന്ദ്ര മോദി സിംഹാസനസ്ഥനാകുമ്പോള്‍ അവര്‍ ആര്‍ത്തുവിളിക്കും: ‘ചക്രവര്‍ത്തി നീണാള്‍ വാഴട്ടെ’.

നിയുക്ത ചക്രവര്‍ത്തിയുടെ അരിയിട്ടുവാഴ്ചയാണ് നവീനമന്ദിരത്തില്‍ ചെങ്കോല്‍ സാക്ഷിയായി നടന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 10 =

Most Popular