Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിചെങ്കോൽ നാടകം അപകടസൂചന

ചെങ്കോൽ നാടകം അപകടസൂചന

ജോൺ ബ്രിട്ടാസ്

ന്ത്യയെ രൂപപ്പെടുത്തുന്നതിൽ ഒരു പങ്കും വഹിക്കാത്ത കൂട്ടരാണ് ബിജെപിയും ആർഎസ്എസ്സും. ബ്രാഹ്മണിക്കൽ മേധാവിത്വം ഊട്ടിയുറപ്പിക്കുക എന്നതാണ് അവരുടെ പ്രത്യയശാസ്ത്രം. ഇക്കാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുകയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേദി.

ജനങ്ങളുടെ സഭയായ പാർലമെന്റിനെ ആധുനിക യുഗത്തിൽ എത്രത്തോളം പ്രാകൃതത്വത്തിൽ ആ‍ഴ്ത്താം എന്നതിന്റെ നിദർശനമായി മാറി ആ ചടങ്ങ്. ജനാധിപത്യവുമായി പുലബന്ധം പോലുമില്ലാത്ത കഥാപാത്രങ്ങളാണ് അതിൽ കയറിയിറങ്ങിയത്. ചെങ്കോൽ, കിരീടം, വിദൂഷകൻ, രാജകല്പന, കൊട്ടാരജ്യോത്സ്യൻ എന്നിവയെയൊക്കെ തകർത്തെറിഞ്ഞാണ് ജനാധിപത്യം ഉയർന്നുവന്നത്. ജനാധിപത്യം തകർത്തെറിഞ്ഞ ആ പാ‍ഴ്–വസ്തുക്കളെ പുനഃപ്രതിഷ്ഠിക്കുകയാണ് സംഘപരിവാർ. രാജാധികാരചിഹ്നമായ ചെങ്കോലിനുമുന്നിൽ 142 കോടി ജനങ്ങളുടെ പ്രതിനിധിയായ പ്രധാനമന്ത്രി സാഷ്ടാംഗപ്രണാമം നടത്തുന്ന ചിത്രം ഒരു വൈകൃതമായി ലോകം കണ്ടു. ഇന്ത്യയ്ക്കുള്ളത് ഒരു മതനിരപേക്ഷ ഭരണഘടനയാണ്. അതിനെ നോക്കുകുത്തിയാക്കിക്കൊണ്ട്, ഒരു ഭരണാധികാരി പ്രകടമായി ഒരു മതാചാരച്ചടങ്ങിൽ പങ്കെടുക്കുകയല്ല, അതിനു നേതൃത്വം കൊടുക്കുന്നതാണ് ഇവിടെ നാം കണ്ടത്.

മതാചാരങ്ങളുടെ ഒരു പരമ്പര തന്നെയാണ് ഇതോടനുബന്ധിച്ചുണ്ടായത്. പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചത് പൂജയോടെയാണ്. മുഖ്യപൂജാരിവേഷം ധരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അതിൽ പങ്കെടുത്തത്. മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രിക്കു ചെങ്കോൽ കൈമാറാൻ കുറേപ്പേരെ പൂജാരിമാരുടെ വേഷത്തിൽ കൊണ്ടുവന്നു. ഇവർക്കൊന്നും ജനാധിപത്യവുമായി ഒരു ബന്ധവുമില്ലായിരുന്നു.

പാർലമെന്റിന്റെ തലവൻ പ്രസിഡന്റാണ്. ഭരണഘടനയുടെ അനുഛേദം 79 പ്രകാരം പാർലമെന്റ് എന്നത് രാഷ്ട്രപതിയും രാജ്യസഭയും ലോക് സഭയും ഉൾപ്പെടുന്നതാണ്. “പാർലമെന്റിന്റെ രൂപവത്കരണം” എന്ന ശീർഷകത്തിനു കീ‍ഴെ, “ഇന്ത്യൻ യൂണിയന് രാഷ്ട്രപതിയും യഥാക്രമം രാജ്യസഭയെന്നും ലോക്–സഭയെന്നും അറിയപ്പെടുന്ന രണ്ടു സഭകളും അടങ്ങുന്ന ഒരു പാർലമെന്റ് ഉണ്ടായിരിക്കേണ്ടതാണ്” എന്ന് ഈ അനുഛേദം വ്യക്തമാക്കുന്നു. അങ്ങനെയാണ് രാഷ്ട്രപതിക്ക് പാർലമെന്റ് സമ്മേളനങ്ങൾ വിളിച്ചു ചേർക്കാനും നിർത്തിവയ്ക്കാനുമുള്ള അധികാരങ്ങൾ സിദ്ധിക്കുന്നത്. അതുവ‍ഴിതന്നെയാണ് പ്രധാനമന്ത്രിയെയും മറ്റു മന്ത്രിമാരെയും നിയമിക്കാനുള്ള അധികാരവും രാഷ്ട്രപതി കൈയാളുന്നത്. അങ്ങനെയുള്ള പാർലമെന്റിന് ഒരു പുതിയ കെട്ടിടം ഉണ്ടാകുമ്പോൾ, അത് സാഘോഷം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ ആ ചടങ്ങിൽ രാഷ്ട്രപതിക്കു പ്രസക്തിയുണ്ട്. മാത്രവുമല്ല, രാഷ്ട്രപതി ആ ചടങ്ങിന്റെ അവിഭാജ്യഘടകവുമാണ്. എന്നാൽ ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കുകപോലും ചെയ്തില്ല.

രാഷ്ട്രപതിയായി ദ്രൗപദി മുർമുവിനെ തെരഞ്ഞെടുക്കുമ്പോൾ അവരുടെ ഗോത്രവർഗ ടാഗ് കേന്ദ്ര ഭരണകക്ഷി നല്ല തോതിൽ ഉപയോഗിച്ചിരുന്നു. അതിനുശേഷം അവർ രാഷ്ട്രപതി പദത്തിലെത്തി. തിരഞ്ഞെടുപ്പു ക‍ഴിഞ്ഞപ്പോൾ ബിജെപിക്ക് രാഷ്ട്രപതിപദം ഒരു കസേരമാത്രമായി. അവിടെ ഇരിക്കുന്നയാളെ ഏറാൻ മൂളിയായും റബ്ബർ സ്റ്റാമ്പായും കേന്ദ്ര ഭരണകക്ഷി കാണുന്നു. അതാണ് ഈ നടപടി അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിക്കുന്നത്.

മാത്രവുമല്ല, ദ്രൗപദി മുർമു ഒരു വിധവയുമാണ്. വിധവകൾ മംഗളകരമായ ആചാരങ്ങളിൽ പങ്കെടുക്കരുത് എന്ന അന്ധവിശ്വാസം പേറുന്നവരാണ് സംഘപരിവാറുകാർ. അവരുടെ എക്കാലത്തെയും വലിയ ആചാര്യന്മാരിലൊരാളായ ദേവറസ് അതു പരസ്യമായിത്തന്നെ പറഞ്ഞിട്ടുമുണ്ട്. പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനചടങ്ങിൽനിന്നും മുർമുവിനെ വിലക്കിയതിനും അവർക്ക് ചടങ്ങിൽ സാന്നിധ്യം പോലും നിഷേധിച്ചതിനും പിന്നിൽ ഈ ഘടകം കൂടിയുണ്ട്.

ഇത്തരമൊരു ചടങ്ങു നടത്താനായി, സ്വാതന്ത്ര്യപ്പിറവി വേളയിൽ നിന്ന് വ്യാജതെളിവുണ്ടാക്കുകയും ചെയ്തു ബിജെപി. അധികാരക്കൈമാറ്റത്തിന്റെ ചിഹ്നം ചെങ്കോലായിരുന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമർശം വ്യാജപ്രസ്താവനയാണ്. വ്യാജവാർത്തകളുടെയും വിവരങ്ങളുടെയും കേന്ദ്രമായ വാട്സാപ്പ് യൂണിവേ‍ഴ്സിറ്റിയിൽ താനും അംഗമാണെന്ന് ഈ പ്രസ്താവനയിലൂടെ അമിത് ഷാ തെളിയിച്ചു. വ്യാജം സ്ഥാപിക്കാൻ മൗണ്ട്ബാറ്റനെവരെ അദ്ദേഹം കൊണ്ടുവന്നു. സ്വാതന്ത്ര്യം കിട്ടിയ രാത്രി, 1947 ആഗസ്റ്റ് 14-ന് മൗണ്ട്ബാറ്റൻ പാകിസ്താന്റെ സ്വാതന്ത്ര്യനടപടികളുമായി ബന്ധപ്പെട്ട് അവിടെയായിരുന്നു. അന്ന് ഏറെ വൈകിയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. ആ മൗണ്ട്ബാറ്റൻ ഇന്ത്യ സ്വതന്ത്രമാകുന്ന ചടങ്ങിനുമുമ്പ് ജവഹർലാൽ നെഹ്റുവിന് ചെങ്കോൽ കൈമാറിയത്രെ. ഇതു കെട്ടുകഥയാണ്. അന്ന് നാട്ടുരാജ്യങ്ങളുടെയും ഗോത്രങ്ങളുടെയുമൊക്കെ പ്രതിനിധികൾ പുതിയ പ്രധാനമന്ത്രിക്ക് അവരവരുടെ വിശ്വാസപ്രകാരം ആശംസയർപ്പിച്ചിരുന്നു. അങ്ങനെ ഒരു കൂട്ടർ നെഹ്റുവിനു നല്കിയ ഒരു സമ്മാനം മാത്രമായിരുന്നു ആ ചെങ്കോൽ. അതു നല്കിയവരെ പ്രത്യേകവിമാനത്തിൽ കൊണ്ടുവന്നു എന്നൊക്കെയാണ് ഇപ്പോ‍ഴത്തെ കഥ. എന്നാൽ, അവർ തീവണ്ടിയിലാണ് വന്നത്. അവർ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നില്ക്കുന്ന ചിത്രം ദ ഹിന്ദു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇപ്പോ‍ഴത്തെ വ്യാജകഥാനിർമ്മിതി ഇപ്പോ‍ഴത്തെ ആഘോഷത്തിനു വേണ്ടിത്തന്നെയാണ്. സംഘപരിവാർ ആഗ്രഹിക്കുന്നത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ്. അതിനുള്ള മസാലച്ചേരുവയാണ് ഈ ചെങ്കോൽനാടകം.

പുതിയ പാർലമെന്റ് മന്ദിരം ഉണ്ടാക്കിയ നരേന്ദ്രമോദിയുടെ ഗർവ്വും താൻപോരിമയും സ്ഥാപിക്കാനാണ്. പ‍ഴയ പാർലമെന്റ് മന്ദിരത്തിൽ സൗകര്യമില്ല എന്നാണ് വാദം. ബ്രിട്ടീഷുകാരന്റെ കാലത്തെ പാർലമെന്റ് മന്ദിരമല്ല ഇന്നുള്ളത്. പ‍ഴയ മന്ദിരത്തിന്റെ വളപ്പിൽ മൂന്ന് എടുപ്പുകൾ പുതുതായി ഉണ്ടാക്കിയിട്ടുണ്ട്. ലൈബ്രറി കോംപ്ലക്സ് ഉണ്ടായി. രണ്ട് അനക്സുകൾ ഉണ്ടായി. ആധുനികസൗകര്യങ്ങളെല്ലാം അവയിലുണ്ട്. ആധുനികസൗകര്യങ്ങളല്ല ഇവർക്കുവേണ്ടത്. രാമജന്മഭൂമിയിലെ ക്ഷേത്രനിർമ്മാണം സർക്കാർ മുൻകൈയെടുത്തു നടത്തണം എന്നു കരുതുന്നവരാണ് ഇവർ. ക്ഷേത്രത്തിനു മോദി തറക്കല്ലിടുന്നു. അതിനു പൂജാരിയായിപ്പോകാനും മോദിക്കു മടിയില്ല. അതിന്റെ ചടങ്ങുകളിൽച്ചെന്ന് പ്രധാനമന്ത്രി തല കുനിക്കുന്നു. അതിന്റെ ട്രസ്റ്റിന് സ്വന്തം പ്രതിനിധിയായ നൃപേന്ദ്ര മിശ്രയെ മേധാവിയാക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള നീക്കമാണ് ഇപ്പോൾ.

ഭരണഘടന നമുക്കു നല്കുന്ന മാർഗ്ഗദീപങ്ങളിലൊന്ന് ശാസ്ത്രീയമനോഭാവമാണ്. “ശാസ്ത്രീയമനോഭാവം, മാനവികത, അന്വേഷണത്തിനും പരിഷ്കാരത്തിനുമുള്ള വ്യഗ്രത എന്നിവ വളർത്തിയെടുക്കേണ്ടത് ഇന്ത്യയിലെ എല്ലാ പൗരരുടെയും കടമയായിരിക്കും” എന്ന് ഭരണഘടനയുടെ അനുഛേദം 51 എ(എച്ച്) വ്യക്തമാക്കുന്നു. അതിനു കടകവിരുദ്ധമാണ് മോദി ഭരണകൂടത്തിന്റെ ഈ ചെയ്തി.

പാർലമെന്റ് എന്നാൽ ഒരു കെട്ടിടസമുച്ചയമല്ല, നടപടിക്രമങ്ങളാണ്. മോദി വന്നതിനുശേഷം അതു ശുഷ്കമായി. പാർലമെന്റ് സ്തംഭനം നിത്യസംഭവമായി. മുൻ പ്രധാനമന്ത്രിമാരൊക്കെ പാർലമെന്റിൽ പങ്കെടുത്ത് പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗങ്ങൾ ഗൗരവത്തോടെ കേൾക്കുന്നതിന് വലിയ പ്രാധാന്യം നല്കിയിരുന്നു. മോദി പാർലമെന്റിൽ വരുന്നതുതന്നെ വല്ലപ്പോ‍ഴുമാണ്. വന്നാൽത്തന്നെ മിനിറ്റുകൾമാത്രമേ സഭയിലുണ്ടാകൂ. നേരിട്ടു കൈയാളുന്ന വകുപ്പുകളെ സംബന്ധിച്ച ചോദ്യങ്ങൾക്കുപോലും അദ്ദേഹം മറുപടി നല്കാറില്ല. ആ ദൗത്യം സ്ഥിരമായി സഹമന്ത്രിമാരെ ഏല്പിക്കുകയാണ്. അതിലൊന്നും മോദിക്കു വിശ്വാസമില്ല. കെട്ടിടമോടിയിലാണ് അദ്ദേഹത്തിനു താല്പര്യം.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ദുർനാടകം വരാനിരിക്കുന്ന ആപത്തുകളുടെ ചെറിയൊരു സൂചനയാണ്. സംഘപരിവാർ ഭരണത്തിനു കീ‍ഴിൽ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് അത് എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 16 =

Most Popular