Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിബിജെപി–ആർഎസ്എസ് 
വാഴ്ചയുടെ 
മരണപ്പിടച്ചിൽ

ബിജെപി–ആർഎസ്എസ് 
വാഴ്ചയുടെ 
മരണപ്പിടച്ചിൽ

വിജൂ കൃഷ്ണൻ

2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 37.7 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത‍്; അതായത് ആ തിരഞ്ഞെടുപ്പിൽ മൊത്തം വോട്ടു ചെയ്ത 61 കോടിയോളം വോട്ടർമാരിൽ 23 കോടിയിൽ താഴെ ആളുകളാണ് ബിജെപിക്ക് വോട്ടു ചെയ്തത് എന്നർഥം. വോട്ടുചെയ്യാൻ അർഹത നേടിയ മൊത്തം 91 കോടിയിലധികം ആളുകളിൽ ബിജെപിക്ക് വോട്ടു ചെയ്തത് ഏകദേശം 25 ശതമാനം പേർ മാത്രമാണ്. നരേന്ദ്രമോദി ആരാലും പരാജയപ്പെടുത്താനാകാത്തയാളാണ് എന്ന് ബിജെപിയെ പിന്തുണയ്ക്കുന്നവർ ബോധപൂർവം പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ സമീപകാലത്തെ ചില സംഭവവികാസങ്ങൾ ദുരുദ്ദേശത്തോടുകൂടി മെനഞ്ഞെടുത്ത ഇൗ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നു; വരാൻ പോകുന്ന ദിനങ്ങളിൽ സംഭവിക്കാൻ പോകുന്നതെന്തെന്നതിന്റെ സൂചനയും ഇതിലടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും കാമ്പെയ്ന്റെ ചുക്കാൻ പിടിച്ചിട്ടും കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി പാടെ പരാജയപ്പെട്ടു. അവിടെ അവരിരുവരും ചേർന്ന് നടത്തിയത് വോട്ടർമാരെ വർഗീയമായി ധ്രുവീകരിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി, ദാരിദ്ര്യം തുടങ്ങിയുള്ള ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും സംസ്ഥാനത്ത് നടമാടിയിരുന്ന നഗ്നമായ അഴിമതി പോലെയുള്ള പ്രശ്നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി ഒരു നടപടിയും സ്വീകരിച്ചില്ല. പകരം, വർഗീയ വിഷംകൊണ്ട് ഈ ജീവൽ പ്രശ്നങ്ങളെയാകെ മൂടിവയ്ക്കാനാണവർ ശ്രമിക്കുന്നത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ്, ഗുജറാത്തിലെയും ഹിമാചൽപ്രദേശിലെയും സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഏറെക്കുറെ അതിനൊപ്പമാണ് ഡൽഹി മുൻസിപ്പൽ കോർപറേഷനിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നത്. ബിജെപി അധികാരത്തിലിരുന്ന ഹിമാചൽപ്രദേശിൽ അവർക്ക് ഭരണം നഷ്ടപ്പെട്ടു. കഴിഞ്ഞ 15 വർഷമായി ബിജെപി കെെവശം വച്ചിരുന്ന ഡൽഹി മുൻസിപ്പൽ കോർപറേഷനും അവർക്ക് നഷ്ടപ്പെട്ടു. ഗുജറാത്തിൽ മാത്രമാണ് ബിജെപിക്ക് ഭരണം നിലനിർത്താൻ കഴിഞ്ഞത്. ഈ അടുത്തയിടെ തിരഞ്ഞെടുപ്പ് നടന്ന ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നീ മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മൊത്തമുള്ള 180 സീറ്റുകളിൽ 46 എണ്ണത്തിൽ മാത്രമാണ് ബിജെപി വിജയിച്ചത്. പണക്കൊഴുപ്പും പേശീബലവും ആവോളം പ്രകടിപ്പിച്ചിട്ടും ത്രിപുരയിൽ ബിജെപി എംഎൽഎമാരുടെ എണ്ണം 46ൽ നിന്നും 32ലേക്ക് താഴ്ന്നു. വോട്ടുവിഹിതമാകട്ടെ, 38.97 ശതമാനമായി കുത്തനെ ഇടിഞ്ഞു; ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്കു ലഭിച്ച വോട്ടു വിഹിതത്തെ അപേക്ഷിച്ച് 10 ശതമാനത്തോളം കുറവാണ്. നാഗാലാൻഡിൽ രണ്ടാം സ്ഥാനത്താണെങ്കിലും 12 സീറ്റു മാത്രമേ ബിജെപിക്ക് ലഭിച്ചിട്ടുള്ളൂ; ഭൂരിപക്ഷം നേടിയ കക്ഷിയേക്കാൾ ബഹുദൂരം പിന്നിലുമാണ്. മേഘാലയയിൽ, അവർക്ക് രണ്ടു സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ബാക്കിയുള്ള 58 സീറ്റിലും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. നാഗാലാൻഡിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 18.81 ശതമാനം വോട്ടാണ് അവർക്കു ലഭിച്ചത്; മേഘാലയയിലാകട്ടെ, 9.33 ശതമാനം വോട്ടും. കർണാടകത്തിൽ പ്രധാനമന്ത്രിയും സംഘവും എല്ലാവിധ നാടകങ്ങളും ആടിയിട്ടും അവരുടെ വോട്ടുവിഹിതം 36 ശതമാനമായി ഇടിഞ്ഞു. നരേന്ദ്രമോദിക്കു ചുറ്റും കെട്ടിയുയർത്തിയിട്ടുള്ള അജയ്യതയുടെ പരിവേഷം തകർന്നുതരിപ്പണമായി.

നരേന്ദ്രമോദിയുടെ രണ്ടാമത്തെ അധികാരകാലം അവസാനിക്കാറായിരിക്കുകയാണ്. ബഹുജനങ്ങളുടെ വർധിച്ചുവരുന്ന അസംതൃപ്തിയും കർഷകജനസാമാന്യത്തിന്റെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും വമ്പിച്ച സമരങ്ങളുമാണ് ഈ കാലഘട്ടത്തിന്റെ സവിശേഷത. ആർഎസ്എസും ബിജെപിയും തങ്ങളുടെ കൊള്ളരുതായ്മകൾ മൂടിവയ‍്ക്കുന്നതിന് വിഭാഗീയമായ അജൻഡയെയാണ് ആശ്രയിക്കുന്നത്. സംഘപരിവാറും അവരുടെ അടുത്ത കാലത്തെ പ്രവർത്തനങ്ങളും അവർ നിരാശയിലകപ്പെട്ടിരിക്കുകയാണ് എന്ന് വെളിപ്പെടുത്തുന്നു. ഇത്തരം നടപടികൾ അവരെ കൂടുതൽ തുറന്നുകാണിക്കാനാണ് ഉപകരിക്കുന്നത്.


പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഭരണഘടനയിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ള. മതനിരപേക്ഷ തത്വങ്ങൾക്കു നേരെയുള്ള നഗ്നമായ കടന്നാക്രമണമാണ്. ഇന്ത്യയുടെ പ്രസിഡന്റ‍് പദവിയെ, ഭരണഘടനാപരമായ രാഷ്ട്രതലവനെ തരംതാഴ്-ത്തുന്ന നടപടിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നത്. മർദിത വിഭാഗമായ പട്ടികജാതിയിൽപ്പെട്ട രാംനാഥ് കോവിന്ദിനെയും പട്ടികവർഗത്തിൽനിന്നുള്ള ദ്രൗപതി മുർമുവിനെയും ഇന്ത്യയുടെ പ്രസിഡന്റുമാരായി തിരഞ്ഞെടുത്തത് തങ്ങളാണെന്ന് ഊറ്റംകൊള്ളുന്ന ബിജെപിയും ആർഎസ‍്എസും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ രാംനാഥ് കോവിന്ദിനെയും ഇപ്പോൾ അതിന്റെ ഉദ്ഘാടനച്ചടങ്ങിൽ ദ്രൗപതി മുർമുവിനെയും ക്ഷണിക്കാതിരുന്നതിലൂടെ രാഷ്ട്രപതി എന്ന പദവിയെത്തന്നെയാണ് അനാദരിച്ചിരിക്കുന്നത് എന്ന കാര്യമാണ് ശ്രദ്ധിക്കപ്പെടേണ്ടത്. ഇവർ ഇരുവരുടെയും സാന്നിധ്യം അശുഭകരമായിരിക്കും എന്ന ആശയം ഹിന്ദുത്വശക്തികളും അവരുടെ മനുസ്-മൃതിയും പിൻപറ്റുന്നതുമൂലമല്ലേ ഇത് എന്ന ചോദ്യം ഇവിടെ പ്രസക്തമായി വരുന്നു. എന്നാൽ പാർലമെന്റുമായോ ജനാധിപത്യവുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരുകൂട്ടം ഹിന്ദുമത നേതാക്കളെ വിശിഷ്ടാതിഥികളായി ക്ഷണിച്ച് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ ഡൽഹിയിൽ കൊണ്ടുവന്നു; ഇത് മോദി ഗവൺമെന്റിന്റെ ഹിന്ദുത്വ അജൻഡയ്ക്കനുസരിച്ചുള്ള നടപടിയാണ്. ഹിന്ദുത്വത്തിന്റെ പ്രതിരൂപമായ സവർക്കറുടെ ജന്മവാർഷിക ദിനത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടത്; ബ്രിട്ടീഷ് ഭരണാധികാരികളോട് നിരവധി തവണ ആവർത്തിച്ച് വിധേയത്വം പ്രഖ്യാപിച്ച, ഒട്ടേറെ പ്രാവശ്യം ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത അതേ സവർക്കർ, മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ മുഖ്യ ഗൂഢാലോചനക്കാരിൽ ഒരാളായ സവർക്കറുടെ ജന്മവാർഷികദിനമാണ് മോദിയും കൂട്ടരും പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള ദിവസമായി കണ്ടെത്തിയത്. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന് സവർക്കറുടെ ജന്മവാർഷികദിനം തെരഞ്ഞെടുത്തതിലും പ്രസിഡന്റിനോട് പ്രകടിപ്പിച്ച അനാദരവിലും പ്രതിഷേധിച്ച് 20 രാഷ്ട്രീയപാർട്ടികൾ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്-ക്കരിച്ചു. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി അവതരിപ്പിക്കാൻ ഈ സന്ദർഭത്തെ ഉപയോഗിക്കാനാണ് സംഘപരിവാർ ശ്രമിച്ചത്. ഇതിനവർ ഉപയോഗിച്ച രീതിയും അഹങ്കാരിയും പൊങ്ങച്ചക്കാരനുമായ പ്രധാനമന്ത്രി സദാ പ്രചാരണത്തിന്റെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ ശ്രമിക്കുന്നതും മറ്റ് സ്ഥാപനങ്ങളെയെല്ലാം അപ്രസക്തമാക്കി നിർത്തുന്നതുമൊന്നും ജനങ്ങളുടെ അംഗീകാരത്തോടെയല്ല.

ഗുസ്തിതാരങ്ങളുടെ സമരം
ഇതേ ദിവസംതന്നെ 2023 മെയ് 28നു തന്നെ, ഇന്ത്യക്ക് വേണ്ടി മെഡലുകൾ നേടിയ ഒളിമ്പ്യൻമാരായ വനിതാ ഗുസ്തിതാരങ്ങൾ മഹിളാസമ്മാൻ മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്തതിനും നാം സാക്ഷ്യം വഹിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിന് അലങ്കാരമാകുന്ന അർജുന അവാർഡ് അവർ നേടിയതാണ്. റെസ്സ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടെയായ ബിജെപിയുടെ പാർലമെന്റ് അംഗം ബ്രിജ് ഭൂഷൺ ശരൺസിങ് നടത്തിയ ലെെംഗികമായ അതിക്രമത്തിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കുനേരെ, പോക്സോ നിയമപ്രകാരം കേസെടുക്കേണ്ട വിധമുള്ള അതിക്രമങ്ങൾ നടത്തിയതിലും പ്രതിഷേധിച്ച് ദിവസങ്ങളായി ഈ അന്തർദേശീയ മെഡൽ ജേതാക്കൾ പ്രതിഷേധിക്കുകയായിരുന്നു. ബ്രിജ് ഭൂഷൺ ശരൺ സിങ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ അതിഥിയായി എത്തിയിരുന്നു. ബിജെപി ഗവൺമെന്റ് അയാളെ സംരക്ഷിക്കുകയും അതേസമയം വനിതാ ഗുസ്തി താരങ്ങളെ പൊലീസ് തെരുവിലൂടെ വലിച്ചിഴയ്ക്കുകയും കടന്നാക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ബിജെപി നേരിടുന്ന പ്രശ്നം വളരെ വ്യക്തമാണ്; രജപുത്രർക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് ഈ പാർലമെന്റ് അംഗം; ഉത്തർപ്രദേശിലും മറ്റ് ചില സംസ്ഥാനങ്ങളിലും നിരവധി നിയോജകമണ്ഡലങ്ങളിൽ ഇയാൾക്ക് ഗണ്യമായ സ്വാധീനമുണ്ട്. ഗുസ്തി താരങ്ങളുടെ ഈ സമരം ദിനംപ്രതി കരുത്താർജിച്ച് മുന്നോട്ട് നീങ്ങുകയാണ്; ഒടുവിൽ ഈ ഗുസ്തി താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കുമെന്ന് ഭീഷണി മുഴക്കി. ഇത് തനിക്ക് ലഭിച്ച ഒളിമ്പിക് സ്വർണമെഡൽ ഒഹിയോ നദിയിൽ വലിച്ചെറിഞ്ഞ മുഹമ്മദലിയുടെ നടപടിയെ ഓർമിപ്പിക്കുന്നതാണ്. എന്നാൽ മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കുന്നതിൽനിന്നും ഗുസ്തിതാരങ്ങളെ പിൻതിരിപ്പിക്കാൻ കർഷകനേതാക്കൾക്ക് കഴിഞ്ഞു; ജൂൺ 5ന് രാജ്യവ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയുണ്ടായി. വനിതാ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ സ്പോർട്സ് താരങ്ങളും ചലച്ചിത്ര അഭിനേതാക്കളും, ബുദ്ധിജീവികളും മുന്നോട്ടുവന്നതിലൂടെ ഈ സമരം കരുത്താർജിക്കുകയാണ‍്. ബേഠി പഠാവോ ബേഠി ബച്ചാവോ (പെൺമക്കളെ പഠിപ്പിക്കുക, പെൺമക്കളെ രക്ഷിക്കുക) എന്ന മുദ്രവാക്യത്തോട് പ്രധാനമന്ത്രിക്ക് പ്രതിബദ്ധത ഇല്ലെന്ന് തുറന്നുകാണിക്കുന്നതാണ് ഈ സംഭവം.

സംഘപരിവാർ ക്രിമിനലുകൾക്ക് 
പൂമാല
സംഘപരിവാറിന്റെ അങ്കലാപ്പ് മറ്റ് ചില നടപടികളിലും കാണാവുന്നതാണ്. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ ജീവപര്യന്തത്തിൽ നിന്ന് മാപ്പ് നൽകി വിട്ടയച്ചതിനെത്തു ടർന്ന് ഗുജറാത്ത് കലാപത്തിൽ പങ്കെടുത്ത 21 കുറ്റവാളികളെയും, 2014 ജൂണിൽ പൂണെെയിൽ നടന്ന മൊഹസിൻ ഷേയ്ഖ് കേസിലെ നിഷ്-ഠൂരനായ കൊലയാളിയെയും കുറ്റവിമുക്തരാക്കിയത് ഹിന്ദുത്വ സംഘങ്ങൾ വ്യാപകമായി സ്വാഗതം ചെയ്യുകയും മധുരംവിളമ്പി ആഘോഷിക്കുകയുമുണ്ടായി. ജയിൽ മോചനം ലഭിച്ച ഈ കൊടുംകുറ്റവാളികളെ ഹിന്ദുത്വ സംഘടനകൾ മാലയിട്ട് സ്വീകരിക്കുകയും അവർക്ക് പൊതുസ്വീകരണം നൽകുകയും ചെയ്തു. ഹത്രാസിൽ ഒരു ദളിത് പെൺകുട്ടിയെ കൂട്ടബാലത്സംഗം ചെയ്ത കേസിലെ കുറ്റാരോപിതരെയും ഇതുപോലെ തുറന്നുവിട്ടിരിക്കുകയാണ്. എന്നാൽ, അതേസമയം ഉമർ ഘാലിദിനെയും സഞ്ജീവ് ഭട്ടിനെയും ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെയും പോലെയുള്ള രാഷ്ട്രീയ തടവുകാർ ജാമ്യംപോലും ലഭിക്കാതെ ഇപ്പോഴും ജയിലിൽതന്നെ കഴിയുകയാണ്. എന്നാൽ ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിട്ടുള്ള റാം റഹീമിനെപോലെയുള്ള വിവാദ നായകരായ ആൾദെെവങ്ങൾക്ക് ദീർഘകാല പരോൾ അനുവദിച്ചിരിക്കുകയാണ്. ഇതും ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള നടപടിയാണ്. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് മുസ്ലീങ്ങളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ നരോദ പാട്യയുടെ കേസിലെ കുറ്റാരോപിതരായ മായ കൊഡ്നാനിയെയും ബാബു ബജ്-റംഗിയെയും ജയിലിൽനിന്ന് മോചിപ്പിച്ചിരിക്കുകയാണ്. പൊലീസും സർക്കാരും ഇതേവരെ ഈ കുറ്റവാളികളെ കുറ്റവിമുക്തരാക്കിയതിനെ ചോദ്യം ചെയ്ത് മേൽ കോടതിയിൽ അപ്പീൽ നൽകാൻ തയ്യാറായിട്ടില്ല. ഏറ്റവും കടുത്ത മനുഷ്യവിരുദ്ധമായ ക്രൂരതകൾ നടത്തിയവരെപോലും സംരക്ഷിച്ചുകൊണ്ട് തങ്ങളുടെ വോട്ടുബാങ്കിനെപോലും കൂട്ടികൊടുക്കുന്നതിന് ബിജെപിയും ആർഎസ്-എസും തയ്യാറെടുത്തിരിക്കുകയാണ്.

ലക്ഷ്യം വർഗീയധ്രുവീകരണം
വർഗീയധ്രുവീകരണം രൂക്ഷമാക്കുന്നതിനുള്ള നീക്കങ്ങൾ നാനാവിധത്തിൽ അതിതീവ്രമായി തുടരുകയാണ്. തങ്ങളുടെ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനുളള പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി അധികാരത്തിലുള്ള എല്ലാ സംസ്ഥാനങ്ങളിലും അവർ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മുസ്ലീം വ്യക്തി നിയമം റദ്ദാക്കുമെന്ന പരുഷമായ പ്രതികരണങ്ങളും ഇതിനൊപ്പം അവർ നടത്തുന്നുണ്ട്. ഈ ലക്ഷ്യത്തോടെ രാജ്യസഭയിൽ ഒരു ബിജെപി അംഗം ഒരു സ്വകാര്യബില്ല് അവതരിപ്പിക്കുകയുണ്ടായി. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾ ഇതിനകംതന്നെ മുസ്ലീം ന്യൂനപക്ഷത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള നിയമങ്ങൾ പലതും പാസ്സാക്കിക്കഴിഞ്ഞു; ‘ലൗ ജിഹാദി’ന്റെയോ ‘പശു സംരക്ഷണ’ത്തിന്റെയോ പേരിലുള്ള നിയമങ്ങളായിട്ടും സ്വമേധയാ നടക്കുന്ന മതപരിവർത്തനങ്ങളെയും മിശ്രവിവാഹങ്ങളെയും അക്ഷരാർഥത്തിൽതന്നെ നിരോധിക്കുന്ന നിയമങ്ങളായിട്ടുമാണ് അവ അവതരിപ്പിക്കപ്പെടുന്നത്. ഛത്തീസ‍്ഗ-ഢിലും മധ്യപ്രദേശിലും ഝാർഖണ്ഡിലും മറ്റു ചില പ്രദേശങ്ങളിലും ക്രിസ്ത്യാനികൾക്കു നേരെയുള്ള ആക്രമണങ്ങളും വർധിച്ചുവരുന്നുണ്ട്; ഇത്തരം ആക്രമണങ്ങൾക്ക് ന്യായീകരണമായി അവർ പറയുന്നത് നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നാണ്. ഇത് വസ്തുതകൾക്ക് നിരക്കുന്ന കാര്യമല്ല; നിർബന്ധിത മതപരിവർത്തനം നടന്നുവെന്ന് തെളിയിക്കുന്ന ഒരൊറ്റ സംഭവംപോലും ചൂണ്ടിക്കാണിക്കാൻ അവർക്കായിട്ടില്ല. ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള ആക്രമണങ്ങൾ അഴിച്ചുവിടുകയെന്ന അജൻഡ നടപ്പിലാക്കൽ മാത്രമാണിത‍്; മാത്രമല്ല, ആർഎസ്എസ് /ബിജെപിയുടെ രക്ഷാകർതൃത്വത്തിൻകീഴിൽ ബജ്റംഗ്–ദൾ നടത്തുന്ന ‘ഘർ വാപസി’ അംഗീകരിക്കുന്നതിന് അവരെ നിർബന്ധിതരാക്കലുമാണ്. ക്രിമിനൽ കടന്നാക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്;സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഉൾപ്പെടെ സംഘപരിവാർ ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. രാമനവമി പോലെയുള്ള മതപരമായ ആഘോഷങ്ങൾ വർഗീയധ്രുവീകരണം രൂക്ഷമാക്കുന്നതിനായാണ് ഉപയോഗിക്കുന്നത്; രാമനവമിപോലെതന്നെ ഹനുമാൻ ജയന്തി, പരശുരാമ ജയന്തി, ഗണേശ ചതുർഥി എന്നിങ്ങനെയുള്ള സന്ദർഭങ്ങളെല്ലാംതന്നെ മുൻപൊരിക്കലും കണ്ടിട്ടില്ലാത്തത്ര രൂക്ഷമായ ആക്രമണങ്ങൾ, പ്രത്യേകിച്ചും മുസ്ലീം സമുദായത്തെ ലാക്കാക്കിക്കൊണ്ട്, നടത്തുന്നതായാണ് നാമിന്ന് കാണുന്നത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഗുജറാത്തിലും പശ്ചിമബംഗാളിലും ബിഹാറിലും ചില പ്രദേശങ്ങളിൽ നടക്കുന്ന വർഗീയ ആക്രമണങ്ങൾ പലപ്പോഴും ആളുകൾ കൊല്ലപ്പെടുന്നതിലാണ് കലാശിക്കുന്നത്. രാജസ്താനിലെ നൂഹിൽ നസീർ, ജുനെെദ് എന്നീ മുസ്ലീം ചെറുപ്പക്കാരെ ജീവനോടെ ചുട്ടുകൊന്ന സംഭവവും ഹരിയാനയിലെ ഭിവാനിയിൽ നടന്ന സമാന സംഭവവും വർഗീയ ധ്രുവീകരണം രൂക്ഷമാക്കുന്നതിന്റെ പെെശാചികമായ രീതികളിലേക്ക് മാത്രമല്ല വിരൽചൂണ്ടുന്നത‍്; മറിച്ച് ബിജെപി ഭരിക്കുന്ന ഹരിയാനയിൽ പൊലീസും പശു സംരക്ഷണ സംഘങ്ങളും തമ്മിൽ നിലനിൽക്കുന്ന ഒത്തുകളിയിലേക്കും കൂടിയാണ്; ഇതുമൂലമാണ് ‘ഗോ രക്ഷ’യുടെ പേരിൽ യാതൊരു ശിക്ഷാഭയവും കൂടാതെ നിർബാധം കുറ്റകൃത്യങ്ങൾ നടത്താൻ ഇവർക്ക് കഴിയുന്നത്.

യുക്തിചിന്തയ്ക്കും ശാസ്ത്രബോധത്തിനും നേരെയും ഈ കാലത്ത് കൃത്യമായ ആക്രമണങ്ങളാണ് നടന്നുവരുന്നത്. സ്കൂളുകളിലെയും കോളേജുകളിലെയും സിലബസിൽ മാറ്റംവരുത്തുകയാണ് –മുഗൾ ഭരണകാലത്തെയും ടിപ്പു സുൽത്താനെയുംകുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കം ചെയ്തു. സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും മൗലനാ ആസാദും മറ്റും വഹിച്ച പങ്കിനെ തരംതാഴ്-ത്തിക്കാണിക്കുകയും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടേയില്ലാത്ത ഹിന്ദുത്വ സെെദ്ധാന്തികരെയും പ്രചാരകരെയും സ്വാതന്ത്ര്യസമര സേനാനികളായി ഉയർത്തിക്കാണിക്കുകയുമെല്ലാം ചെയ്തും ചരിത്രത്തെ തന്നെ അവർ തിരുത്തിയെഴുതുകയാണ്. ജുഡീഷ്യറിയിൽ പോലും ആർഎസ്എസുകാർ നുഴഞ്ഞുകയറിക്കൊണ്ടിരിക്കുകയാണ്; മാലേഗാവ് സ്ഫോടനത്തിലെ കുറ്റാരോപിതരുടെ കേസ് വാദിച്ച അഭിഭാഷകർപോലും ജുഡീഷ്യറിയിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഉത്തർപ്രദേശിൽ അസംഖ്യം ‘ഏറ്റുമുട്ടൽ’ കൊലപാതകങ്ങൾ നടക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 183 പേരാണ് സമീപകാലത്ത് ഇങ്ങനെ കൊല്ലപ്പെട്ടത്; ഇതിനുപുറമെയാണ് അതീഖ് അഹമ്മദിന്റെയും അയാളുടെ സഹോദരൻ അഷറഫിന്റെയും നിഷ്–ഠുരമായ കൊലപാതകം. അതാകട്ടെ, പൊലീസ് കസ്റ്റഡിയിൽവച്ചും ഉന്നത പൊലീസ് അധികാരികളുടെ മൗനാനുവാദത്തോടെയും മാധ്യമപ്രവർത്തകരുടെ കൺമുന്നിൽ വച്ചുമായിരുന്നു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ ബിജെപി ഗവൺമെന്റ് വർഗീയ ധ്രുവീകരണം രൂക്ഷമാക്കുകയുമാണ‍്; ഈ പ്രക്രിയയിൽ മുസ്ലീങ്ങൾക്കെതിരായ ആക്രമണങ്ങളുടെ കാര്യത്തിൽ നിയമ സംവിധാനമാകെ അത് കണ്ടില്ലെന്നു നടിക്കുകയാണ്.

മണിപ്പൂരിലെ പൗരർ ആഭ്യന്തര യുദ്ധത്തിനു സമാനമായ സാഹചര്യത്തിലാണ് ഇന്ന് ജീവിക്കുന്നത്; ആയിരക്കണക്കിനു കുക്കികളും മെയ്ത്തികളും അഭയാർഥികളെപ്പോലെയാണ് കഴിഞ്ഞുകൂടുന്നത്; ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുന്നു; നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. ക്രമസമാധാനനില പാടെ തകർന്നിട്ടും കേന്ദ്ര ഗവൺമെന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയും സംസ്ഥാനത്തേക്ക് ഒന്നു തിരിഞ്ഞുനോക്കാൻ തന്നെ 15 ദിവസത്തിലേറെയെടുത്തു. മണിപ്പൂരിനെ സംബന്ധിച്ച് മൗനം പാലിച്ചിരുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കർണാടക തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മറപറ്റി കേരളത്തിനുനേരെ വിഷം ചീറ്റുകയായിരുന്നു; അതിനവർ ഉപയോഗിച്ചത് ‘കേരള സ്റ്റോറി’ എന്ന വലതുപക്ഷ പ്രചാരണ ചലച്ചിത്രമായിരുന്നു; ആ സിനിമയാകട്ടെ, സമുദായങ്ങൾ തമ്മിലുള്ള ശത്രുത വർധിപ്പിക്കുന്നതിനും കേരളത്തെ ഇരുണ്ട നിറത്തിൽ ചിത്രീകരിക്കുന്നതിനുംവേണ്ടി തയ്യാറാക്കപ്പെട്ടതാണ്. ദൗർഭാഗ്യവശാൽ, സുപ്രീംകോടതി ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനത്തെ ആക്രമിക്കുവാനുള്ള നഗ്നമായ ഈ നീക്കത്തെ തടയാൻ യാതൊന്നും ചെയ്തതുമില്ല. ബുൾഡോസറുകൾ ഉപയോഗിച്ച് മുസ്ലീങ്ങളുടെ വീടുകൾ ആക്രമിക്കുകയാണ്. ജി–20 യുടെ പേരിൽ ദരിദ്രരായ മനുഷ്യരുടെ വീടുകളും ഇങ്ങനെ നിർവികാരവും നിഷ്-ഠുരവുമായവിധം പൊളിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

ദേശവിരുദ്ധ സർക്കാർ
ബിജെപി ഗവൺമെന്റിന്റെയും നരേന്ദ്രമോദിയുടെയും ദേശവിരുദ്ധ നിലപാട് സീനിയർ ബിജെപി നേതാവും മുൻ ജമ്മുകാശ്-മീർ ഗവർണറുമായ സത്യപാൽ മാലിക്കുതന്നെ തുറന്നുകാണിച്ചിരിക്കുകയാണ്. നാൽപത് സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഈ ആരോപണം, നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവ സ്വഭാവത്തിലുള്ള നിരവധി കാര്യങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്. ഇന്റലിജൻസ് വീഴ്ചയുടെയും പ്രവർത്തനത്തിലെ വീഴ്ചയുടെയും വിഷയങ്ങൾ ഗവർണർ ഉന്നയിച്ചപ്പോൾ അദ്ദേഹത്തോട് മിണ്ടാതിരിക്കാനാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. ഈ ആരോപണങ്ങളുടെ പേരിൽ നടപടിയെടുക്കുന്നതിനുപകരം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സത്യപാൽ മാലിക്കിന്റെ വായ് മൂടിക്കെട്ടാനാണ് ഇപ്പോഴവർ ശ്രമിക്കുന്നത്. ബിജെപിയുടെയും ആർഎസ്എസിന്റെയും അന്തംവിട്ട പ്രതികരണം പൊതുജനത്തിൽനിന്നും രൂക്ഷമായ ചോദ്യങ്ങൾ ഉയർന്നുവരാനിടയാക്കി.

ജനവിരുദ്ധം മോദി സർക്കാർ
നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാരിന്റെ കഴിഞ്ഞ 9 വർഷക്കാലത്ത് ബഹുജനങ്ങൾക്കുനേരെയുള്ള കടന്നാക്രമണങ്ങൾ വർധിച്ചു; കോർപറേറ്റുകളുടെ കൊള്ളലാഭം കൊയ്യൽ ഉറപ്പാക്കുന്നതിനും, അതുപോലെ തന്നെ ജനങ്ങളുടെ അവകാശങ്ങളെ വെട്ടിച്ചുരുക്കുക വഴി വിഭവങ്ങൾ കൊള്ളയടിക്കുന്നതിനുമുള്ള വർധിതമായ ശ്രമങ്ങളും ഈ കാലത്ത് കണ്ടു. നരേന്ദ്രമോദി നയിക്കുന്ന യൂണിയൻ ഗവൺമെന്റ് എല്ലാ തലത്തിലും പരാജയപ്പെട്ടു. സാമ്പത്തികപ്രതിസന്ധി രൂക്ഷമാണ്; ദുരിതത്തിലാഴ്ന്ന കർഷകരും കർഷകത്തൊഴിലാളികളും ദിവസക്കൂലിക്കാരും തൊഴിൽരഹിതരായ ചെറുപ്പക്കാരും ആത്മഹത്യ ചെയ്യുന്നു. നാലുലക്ഷത്തിലധികം കർഷകരും കർഷകത്തൊഴിലാളികളും കൂലിവേലക്കാരും തൊഴിൽരഹിതരായ ചെറുപ്പക്കാരുമാണ് കഴിഞ്ഞ 9 വർഷത്തിനിടയിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ചത്. അനിയന്ത്രിതമായ വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയുംകൂടി ജനങ്ങളെ കടുത്ത ദുരിതത്തിലേക്കു തള്ളിയിടുകയാണ്. അസമത്വം പെരുകുകയാണ്; കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിന്റേതായ ഈ ഗവൺമെന്റ് ശിങ്കിടി മുതലാളിത്തത്തിന് ഒത്താശ ചെയ്യുകയാണ്. ഇത് മോദിയും അദാനിയും അംബാനിയും ഇത്തരം മറ്റു കോർപറേറ്റുകളും ചേർന്ന ‘മൊദാനി’ഗവൺമെന്റ് തന്നെയാണെന്ന് ജനങ്ങൾക്ക് അധികമധികം ബോധ്യപ്പെട്ടുവരികയാണ്. അന്താരാഷ്ട്ര റാങ്കിങ്ങിൽ 2014ൽ നരേന്ദ്രമോദി അധികാരമേറ്റെടുത്തപ്പോൾ 609–ാം സ്ഥാനത്തായിരുന്ന അദാനി 2022ൽ ലോകത്തിലെ രണ്ടാമത്തെ അതിസമ്പന്നനായ കോർപറേറ്റായി അത്ഭുതകരമായ വേഗത്തിൽ കുതിച്ചുയർന്നു. അദാനിമാരുമായുള്ള ഈ കൂട്ടുകെട്ടാണ് അദാനി ഗ്രൂപ്പ് സ്വന്തം കോർപറേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്തത് എങ്ങനെയെന്ന് തുറന്നുകാണിക്കുന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മോദി വാ തുറക്കാതിരിക്കാൻ കാരണമായത്. 2014 മുതൽ ഇന്ത്യയിൽ അധികാരത്തിലുള്ള കോർപറേറ്റ് വർഗീയ അവിശുദ്ധ കൂട്ടുകെട്ട് എത്ര നികൃഷ്ടമായ വിധമാണ് പ്രവർത്തിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും പോലെയുള്ള ദേശസാത്കൃത ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള, സാധാരണ ജനങ്ങൾ കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയ കോടാനുകോടി രൂപയുടെ സമ്പാദ്യം ഒന്നാകെ കൊള്ളയടിക്കുകയും ദേശീയ ആസ്തികൾ ഈ ശിങ്കിടികൾക്ക് മൊത്തമായി കെെമാറിക്കൊടുക്കുകയും ചെയ്യുന്നത് ഇന്ന് സർവസാധാരണമായിരിക്കുന്നു. നിഷ്പക്ഷമായ അനേ-്വഷണം നടത്തണമെന്ന ആവശ്യങ്ങളെ ബിജെപി ഗവൺമെന്റ് തടയുകയാണുണ്ടായത്. ഏറ്റവും ഒടുവിലത്തെ പാർലമെന്റ് സമ്മേളനം അപ്പാടെ അലങ്കോലമാക്കിയത് ഗവൺമെന്റുതന്നെയായിരുന്നു; അദാനിയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽനിന്ന് ഒഴിഞ്ഞുമാറാൻ വേണ്ടിയാണ് അവരിത് ചെയ്തത്. ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണിത്. പാർലമെന്റിനോട് മറുപടി പറയാൻ ബാധ്യസ്ഥമായിരിക്കണമെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വത്തെ മോദി പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്നാൽ ഗവൺമെന്റ് നിയമനിർമാണങ്ങൾ നടത്താനുള്ള നടപടികൾ, ചർച്ചയോ സംവാദമോ ഒന്നും കൂടാതെതന്നെ ഗവൺമെന്റ് നടപ്പാക്കുകയുമായിരുന്നു. ഒരു മിനുറ്റുനേരത്തെ ചർച്ചപോലും കൂടാതെയാണ് ബജറ്റുപോലും പാസാക്കപ്പെട്ടത്.

കോർപറേറ്റ് കൊള്ളയ്ക്ക് ഒത്താശ
കോർപറേറ്റ് കൊള്ളയ്ക്ക് ഒത്താശ ചെയ്യാനുള്ള നിയമങ്ങളാണ് പാസാക്കിക്കൊണ്ടിരിക്കുന്നത്. വെെദ്യുതി നിയമഭേദഗതി ബില്ല്, വനസംരക്ഷണ നിയമ ഭേദഗതി ബില്ല് എന്നിവയെല്ലാം ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. 1951 നും 1980നും ഇടയ്ക്കുള്ള റിപ്പോർട്ടുകൾ പ്രകാരം 43 ലക്ഷം ഹെക്ടറിലധികം ഭൂമിയാണ് വികസനപദ്ധതികൾക്കായി ഇങ്ങനെ വകമാറ്റിയിരിക്കുന്നത്. 1980 നു ശേഷം ശരാശരി നാൽപ്പതിനായിരം ഹെക്ടറോളം ഭൂമിയാണ് പ്രതിവർഷം വനേതര ആവശ്യങ്ങൾക്കായി വകമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നത്. പതിനഞ്ച് ലക്ഷത്തോളം ഹെക്ടർ ഭൂമി ഇങ്ങനെ വകമാറ്റപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയ്ക്ക്, മഹാമാരിയുടെ കാലത്തുപോലും, 88903 ഹെക്ടർ ഭൂമിയാണ് (മുംബെെയുടെയും കൊൽക്കത്തയുടെയും മൊത്തം വിസ്തീർണത്തേക്കാൾ അധികം വരുമിത്) വനേതര ആവശ്യങ്ങൾക്കായി വകമാറ്റപ്പെട്ടത്. വനസംരക്ഷണ നിയമത്തിനുള്ള ഭേദഗതി അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ, ഈ പ്രക്രിയയുടെ വേഗത വർധിക്കും.

ഇപ്പോൾ റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചിരിക്കുകയാണ്. 2016ൽ നരേന്ദ്രമോദി കൊട്ടുംകുരവയുമായി അവതരിപ്പിച്ച നോട്ടുനിരോധന നടപടിയിൽനിന്നുള്ള പിന്തിരിഞ്ഞുപോക്കാണ് ഈ നീക്കം; 2016ൽ മോദി നോട്ടുനിരോധനം കൊണ്ടുവന്നത് കള്ളപ്പണം, അഴിമതി, ഭീകരപ്രവർത്തനങ്ങൾക്ക് പണം ലഭിക്കൽ തുടങ്ങി ഇന്ത്യ നേരിടുന്ന സർവപ്രശ്നങ്ങൾക്കും പരിഹാരമായിട്ടാണ്; ഒപ്പം ഡിജിറ്റൽ സമ്പദ്ഘടനയ്ക്ക് പ്രോത്സാഹനം നൽകുന്നതിനുവേണ്ടിയെന്നും പറയപ്പെട്ടിരുന്നു. ഇതെല്ലാംതന്നെ അമ്പേ പരാജയപ്പെട്ടു. മുന്നനുഭവത്തിന്റെ അടിസ്ഥാനത്തിൽ 2000 രൂപയുടെ കറൻസി നോട്ടുകളായി സൂക്ഷിച്ചിരുന്ന കള്ളപ്പണ ശേഖരം ഇല്ലാതാക്കുന്നതിലുപരിയായി ഈ നീക്കം അതിന് കൂടുതൽ സാധൂകരണം നൽകുന്ന നടപടിയായി മാറുകയാണുണ്ടായത്. സമ്പദ്ഘടന ഇപ്പോൾതന്നെ സ്തംഭനാവസ്ഥയിലാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും പെരുകിവരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി വർധിച്ചുവരുന്ന സേ-്വച്ഛാധിപത്യത്തിനും സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നതിനും സിബിഐയെയും ഇ ഡിയെയും കസ്റ്റംസിനെയും മറ്റും പോലെയുള്ള കേന്ദ്ര ഏജൻസികളെ ദുരുപയോഗംചെയ്യുന്നതിനും രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്നതിന് കള്ളപ്പണം തടയൽ നിയമത്തെ ഉപയോഗിക്കുന്നതിനുമാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഭരണത്തിലുള്ള സംസ്ഥാന സർക്കാരുകൾ മോദി ഗവൺമെന്റിന്റെ ആക്രമണലക്ഷ്യമാവുകയാണ്; അവയ്ക്കുള്ള ഫണ്ടുകൾ നിർദ്ദയം വെട്ടിക്കുറയ്ക്കപ്പെടുകയാണ്. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നു; ബിജെപിയുടെ എതിരാളികൾ ഭരണം നടത്തുന്ന സംസ്ഥാനങ്ങളെ അസ്ഥിരീകരിക്കുന്നതിന് ഗവർണർമാരെയും കേന്ദ്ര ഏജൻസികളെയും വ്യാപകമായി ഉപയോഗപ്പെടുത്തുകയാണ്. സമീപകാലത്തുതന്നെ നിതി ആയോഗിന്റെ എട്ടാമത് യോഗത്തിൽ 10 ബിജെപിയിതര മുഖ്യമന്ത്രിമാർ പങ്കെടുക്കാതെ വിട്ടുനിന്നു; ഇത് പ്രധാനമായും ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതിനും വായ്പാവകാശം നിഷേധിക്കുന്നതിനുമെതിരായ പ്രതിഷേധമായിരുന്നു. കേന്ദ്ര ഗവൺമെന്റ് വായ്പാപരിധി പകുതികണ്ട് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതോടെ കേരളത്തിന് 25000 കോടി രൂപ നഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് കൃത്യമായും സംസ്ഥാന സർക്കാരിനെ ശ്വാസംമുട്ടിക്കാനുള്ള കളി തന്നെയാണ്; സംസ്ഥാന സർക്കാരിനെ അസ്ഥിരീകരിക്കാനുള്ള നീക്കവും. നിരവധി ബിജെപിയിതര സംസ്ഥാനങ്ങൾ ഇതേവിധം പീഡിപ്പിക്കപ്പെടുന്നു. അവയ്ക്കുള്ള ബജറ്റ് വകയിരുത്തലും വെട്ടിക്കുറയ്ക്കുന്നു. ജുഡീഷ്യറി തകർക്കപ്പെടുക മാത്രമല്ല. അതിലേക്ക് സംഘപരിവാറിന്റെ കടുത്ത പ്രവർത്തകർതന്നെ നുഴഞ്ഞുകയറുകയുമാണ്. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതും എഎപി നേതാവ് മനീഷ് സിസോദിയയെ അറസ്റ്റുചെയ്തതും തേജസ്വി യാദവിനെയും ലാലു യാദവിനെയും കുടുംബാംഗങ്ങളെയും റെയ്ഡു ചെയ്തതും എല്ലാംതന്നെ പ്രതിപക്ഷത്തെ വിരട്ടിനിർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധി മറികടക്കുന്നതിന് ഈയിടെ കൊണ്ടുവന്ന ഡൽഹി ഗവൺമെന്റിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്ന ഓർഡിനൻസും വർധിച്ചുവരുന്ന സേ-്വച്ഛാധിപത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

കോർപറേറ്റ് മാധ്യമങ്ങൾ ഹിന്ദുത്വശക്തികളുടെ ഫാസിസ്റ്റ് അജൻഡയ്ക്ക് ഒത്താശ ചെയ്യുകയാണ്. തൊഴിലാളി വർഗവും കർഷകരും ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും സ്ത്രീകളും വിദ്യാർഥികളും യുവജനങ്ങളുമെല്ലാം നാനാവിധത്തിൽ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾപോലും ഹിന്ദുത്വ കോർപറേറ്റ് ശക്തികളുടെ ഈ വക്താക്കൾ അത്തരം വാർത്തകളെയാകെ തമസ്കരിക്കുകയും യഥാർഥ വിഷയങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന് സമാധാനത്തോടും ഐക്യത്തോടും ജനങ്ങളൊന്നിച്ച് നീങ്ങുന്നതിനോടും കടുത്ത ശത്രുതതന്നെയുണ്ട്. അത് ഭാവിയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാമെന്ന പ്രതീക്ഷയിൽ ഇന്ന് സമൂഹത്തിൽ വിഷം കലർത്തുകയാണ്, വിദ്വേഷ സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയുമാണ്. ഗവൺമെന്റിന്റെ ദുർഭരണത്തിനെതിരെ വർധിച്ചുവരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ പ്രതിഷേധങ്ങളൊന്നുംതന്നെ തെല്ലും ശക്തികുറയാതെ മുന്നോട്ടുപോവുകയാണ്. കോർപറേറ്റ് മാധ്യമങ്ങളെ വ്യാപകമായി ഉപയോഗിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ. പക്ഷം പിടിച്ചുനിന്നിട്ടും, പണക്കൊഴുപ്പും മെയ്–ക്കരുത്തും വ്യാപകമായി പ്രയോഗിച്ചിട്ടും ബിജെപി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകയാണ്. നരേന്ദ്രമോദിയെ ആർക്കും പരാജയപ്പെടുത്താനാവില്ലെന്ന മോദി ഭക്തരുടെ ആസൂത്രിതമായ പ്രചരണത്തിലൂടെ ഉയർത്തിക്കൊണ്ടുവന്ന നീർക്കുമിള പൊട്ടിച്ചിതറിക്കൊണ്ടിരിക്കുകയാണ്. ബിജെപി വാഴ്ചയുടെ മരണപ്പിടച്ചിലാണ് നാമിന്ന് എവിടെയും കണ്ടുകൊണ്ടിരിക്കുന്നത്.

മസ്ദൂർ കിസാൻ സംഘർഷ് റാലിയും കിസാൻ ലോങ് മാർച്ചുകളും സംയുക്ത കിസാൻ മോർച്ച സമരങ്ങളും വെെദ്യുതി തൊഴിലാളികളുടെ വിജയകരമായ സമരങ്ങളും പോലെയുള്ള വമ്പൻ പ്രതിഷേധങ്ങൾ ചെറുത്തുനിൽപ്പ് ശക്തമായി കെട്ടിപ്പെടുത്തുവരുന്നതിന്റെ വ്യക്തമായ സൂചന നൽകുന്നുണ്ട്; 2024ൽ ബിജെപി ഗവൺമെന്റിനെ പരാജയപ്പെടുത്താനാകും എന്ന ദിശയിലേക്കാണിത് വിരൽചൂണ്ടുന്നത്. മതനിരപേക്ഷ ജനപക്ഷ ബദൽ സാധ്യമാണെന്ന കാര്യം ഉറപ്പായി വരികയാണ്; ഇത് സാധിക്കുകതന്നെചെയ്യുമെന്നാണ് ജനകീയ സമരങ്ങൾ ഉറക്കെ വിളിച്ചുപറയുന്നത്; അതെ, വിജയം നമുക്കുതന്നെയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − seven =

Most Popular