ഫാസിസത്തിന്റെ വ്യത്യസ്‌തമായ പ്രയോഗങ്ങൾ സംഭവിക്കാമെന്ന് ചരിത്രാനുഭവങ്ങൾ വ്യക്തമാക്കുന്നു. നഗ്നമായ സ്വേച്ഛാധിപത്യവാഴ്‌ചയുടെ ഭീകരരൂപമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഇപ്പോൾ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്‌എസിനാൽ നിയന്ത്രിതമാണ് ഈ അമിതാധികാരവാഴ്‌ച എന്നതിനാൽ ഏതു നിമിഷവും ഫാസിസ്റ്റ് വാഴ്‌ചയായി ഇത് രൂപാന്തരം പ്രാപിക്കാമെന്ന ഭീഷണി നമ്മെ തുറിച്ചുനോക്കുന്നുണ്ട്. ഭരണകൂട സംവിധാനത്തിന്റെ സർവപ്രധാനമണ്ഡലങ്ങളും ആസൂത്രിതമായി ആർഎസ്‌എസ് ആധിപത്യത്തിൻ കീഴിൽ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം, സാമാന്യജനതയെ തങ്ങൾക്കൊപ്പം അണിനിരത്തിക്കൊണ്ടും അവരറിയാതെ അവരുടെ സമ്മതം സ്വരൂപിച്ചുകൊണ്ടുമാണ് ഫാസിസ്റ്റുകൾ തിരഞ്ഞെടുപ്പു പ്രക്രിയയെ ഫാസിസ്റ്റ് ആധിപത്യ സ്ഥാപനത്തിന് ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുന്നത്. 1920കളിലെയും 1930 കളിലെയും ഫാസിസ്റ്റുകൾ ഇറ്റലിയിലും ജർമനിയിലും സ്‌പെയിനിലും സ്വാധീനം കൈവരിച്ച രീതി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. (ഗ്യോർഗി ദിമിത്രോവ്, കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഴാം കോൺഗ്രസ്സിൽ അവതരിപ്പിച്ച റിപ്പോർട്ടും ചർച്ചയ്-ക്കുശേഷം നൽകിയ മറുപടിയും ‘ഫാസിസത്തിനെതിരായ ഐക്യമുന്നണി’ എന്ന ശീർഷകത്തിൽ പരിഭാഷപ്പെടുത്തി ‘ചിന്ത’ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.)
അതിനുശേഷം നവഫാസിസ്റ്റുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപ്പെടാൻ തുടങ്ങിയ പശ്ചാത്തലത്തിൽ ആധുനിക ചിന്തകർ ‘ഫാസിസത്തിന്റെ ലക്ഷണ ശാസ്‌ത്രം’ സംബന്ധിച്ച് കാലോചിതമായ കൂട്ടിച്ചേർക്കലുകളും നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. ‘ദി ന്യൂയോർക്ക് റിവ്യൂ ഓഫ് ബുക്‌സി’ന്റെ ഫാസിസത്തെ സംബന്ധിച്ച ഒരു ഗ്രന്ഥത്തെപ്പറ്റി പ്രശസ്‌ത കഥാകൃത്തും ചിന്തകനുമായ ഉംബർട്ടോ എക്കോ ഒരു കുറിപ്പെഴുതുകയുണ്ടായി. അതിലദ്ദേഹം ഫാസിസത്തിന്റെ ലക്ഷണങ്ങൾ വിവരിക്കുന്നത് വായിച്ചാൽ അത് ഇന്നത്തെ ഇന്ത്യൻ അവസ്ഥയെപ്പറ്റിയാണോ എന്ന് നാം വിസ്‌മയിച്ചുപോവും. കാൽനൂറ്റാണ്ടിലധികം മുൻപേ, 1995ലാണ് അദ്ദേഹം ഈ നിരീക്ഷണങ്ങൾ നടത്തിയത്. ഫാസിസത്തിന്റെ മുഖ്യലക്ഷണങ്ങളായി 14 കാര്യങ്ങളാണ് അദ്ദേഹം അക്കമിട്ടു നിരത്തുന്നത്. ഡൽഹിയിൽ ‘പുതിയ’ പാർലമെന്റ് മന്ദിര ഉദ്‌ഘാടനത്തിന് ‘പഴയ’ ചെങ്കോലുമായി പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്‌ട്രീയ പദ്ധതി കൃത്യമായി മനസ്സിലാക്കാനും അതിനെതിരെ പോരാട്ടനിര വിശാലമാക്കാനും നമുക്ക് കരുതലോടെ ചുവടുവയ്‌ക്കേണ്ടതുണ്ട്. ഉംബർട്ടോ എക്കോ ഫാസിസ്റ്റ് ലക്ഷണങ്ങൾ ഇപ്രകാരം സംക്ഷേപിക്കുന്നു:
1. പാരമ്പര്യവാദം: എല്ലാ അറിവുകളും പാരമ്പര്യസിദ്ധമാണ്. പുതിയ കണ്ടെത്തലുകൾ അപ്രസക്തം. (ഡാർവിൻ മുതലുള്ളവരുടെ ആധുനികശാസ്‌ത്ര കണ്ടെത്തലുകൾക്ക് എതിരായ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയും യുജിസിയുടെയും നീക്കങ്ങളും പാഠപുസ്‌തക തിരുത്തലുകളും ഓർമയിൽ വരുന്നില്ലേ?)
2. ആധുനികതാനിരാസം: ആധുനിക ശാസ്‌ത്രനേട്ടങ്ങളെ ഉപയോഗിക്കുമ്പോഴും അതിനെ പ്രതിസ്ഥാനത്തു നിർത്തുകയോ, പൂർവകാലത്തിന്റെ അനുകരണമാണെന്ന് കുറച്ചുകാട്ടുകയോ ചെയ്യുക.
(ശാസ്‌ത്രരംഗത്ത് ഇന്ത്യയും മികച്ച സംഭാവനകൾ മുമ്പ് നൽകിയിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ എല്ലാ കണ്ടെത്തലുകളും പ്രാചീന ഇന്ത്യയിലെ ഋഷിമാർ നടത്തിയിട്ടുണ്ടെന്ന അസംബന്ധം നിർമിത ‘തെളിവു’കൾ നിരത്തി വാദിക്കുന്നു.)
3. യുക്തിനിരാസത്തിലൂന്നിയ ആചാരാനുഷ്‌ഠാനബദ്ധത: ആചാരങ്ങൾക്ക് അവയുടേതായ മൂല്യങ്ങളുണ്ട്. യുക്തിയൊന്നും പരിഗണിക്കാതെ അവ കൊണ്ടാടപ്പെടണം. (ഹൈന്ദവാചാരപ്രകാരമുള്ള പൂജയോടെ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഉദ്‌ഘാടനവും നടത്തിയത് നഗ്നമായ ഉദാഹരണം). ബൗദ്ധികതയോടുള്ള അവിശ്വാസം, ആധുനിക സംസ്‌കൃതിയോടുള്ള അവിശ്വാസം, ആധുനിക സംസ്‌കൃതിയോടുള്ള പുച്ഛം, സ്വതന്ത്രചിന്തയോടുള്ള അസഹിഷ്‌ണുത, എന്നിവ നയപരിപാടികളിൽ പ്രധാനം.
4. വിയോജിപ്പ് രാജ്യദ്രോഹമാണ്: ഫാസിസം ബൗദ്ധിക സംവാദങ്ങളെയും വിമർശനാത്മക അപഗ്രഥനങ്ങളെയും ഒക്കെ നിരാകരിക്കുന്നു. അത്തരം വിശകലനങ്ങൾ, ഏകശിലാത്മകമായി തങ്ങൾ ഉയർത്തിക്കാട്ടുന്ന സംസ്‌കാരത്തിന്റെ വൈരുദ്ധ്യങ്ങൾ തുറന്നുകാട്ടും എന്ന ഭീതി കൂടിയാണ് പ്രശ്‌നം.
5. ബഹുസ്വരതയെ തച്ചുടയ്ക്കുക: ‘‘വൈജാത്യങ്ങളോടുള്ള ഭയം’’ മുതലെടുത്ത് വംശീയതയായും, വിദേശികൾക്കും കുടിയേറ്റക്കാർക്കും എതിരായ രോഷമായും ആളിക്കത്തിക്കുക. (അനന്തമായ ‘കുടിയേറ്റ’ ങ്ങളാണ് മനുഷ്യരാശിയുടെ ചരിത്രം എന്ന് ആധുനിക ഗവേഷണപഠനങ്ങൾ വ്യക്തമാക്കുന്നു. ‘‘കലർപ്പില്ലാത്ത വംശ’’ങ്ങൾ ഇല്ലെന്ന് ശാസ്‌ത്രീയമായി തെളിഞ്ഞിട്ടുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമവും ഇവിടെ പ്രസക്തം.)
6. സാമൂഹ്യശ്രേണിയിൽ താഴേക്കിടയിലുള്ള പദ്ധതികളെ അട്ടിമറിക്കാൻ അസംതൃപ്‌ത മധ്യവർഗത്തെ ഇളക്കിവിടുക. (സംവരണ വിരുദ്ധ ആർഎസ്‌എസ് പ്രചാരണത്തിന്റെ പിന്നിലും ജാതീയ സെൻസസ്സിനെ അവർ എതിർക്കുന്നതിന്റെ പിന്നിലും പിന്നാക്കവിരുദ്ധമായ ഈ വിധ്വംസക സമീപനമാണ്.)
7. ഗൂഢാലോചനാ സിദ്ധാന്തങ്ങളോടുള്ള ഭ്രമവും ശത്രുഭീതി പർവതീകരിക്കലും: അന്യദേശ ഭീതി പരത്തുക, പാർശ്വവത്‌കൃത വിഭാഗങ്ങളുടെമേൽ അവിശ്വാസത്തിന്റെ കരിനിഴൽ വീഴ്‌ത്തുക, അവർ വിധ്വംസക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന ഭീതി വളർത്തുക.
8. അപരസ്ഥാനത്തു നിർത്തുന്ന സമൂഹങ്ങളെ ഒരേസമയം ‘അതിപ്രബലരും, തീരെ ദുർബല’രുമായി അവതരിപ്പിക്കുക: ഒരു വശത്ത് അവർ അധികാരവും സമ്പത്തും കൈയടക്കുന്നു എന്ന് പ്രചരിപ്പിച്ചുകൊണ്ട് തങ്ങളുടെ അണികളിൽ അസംതൃപ്‌തിയും അപമാനബോധവും ഉയർത്തിക്കൊണ്ടുവരിക. മറുവശത്ത് തങ്ങളുടെ സ്-ഥെെര്യത്തിനുമുന്നിൽ ആത്യന്തികമായി അവർ മുട്ടുകുത്തും എന്ന ശത്രുത പൊലിപ്പിച്ചു നിർത്തുക.
9. സമാധാനവാദം എന്നാൽ ശത്രുവുമായുള്ള ഒത്തുകളിയാണ്. ജീവിതം സ്ഥിരംയുദ്ധക്കളമാണ്. എപ്പോഴും പോരാടാൻ ഒരു ശത്രുവേണം. (ഇന്ത്യയും അയൽരാജ്യങ്ങളുമായിട്ടുള്ള പ്രശ്‌നങ്ങൾ ‘സങ്കുചിത ദേശാഭിമാനം’ ഊതിവീർപ്പിക്കാനുതകുംവിധം ചൂഷണം ചെയ്യുന്ന എത്രയെത്ര ഉദാഹരണങ്ങൾ!)
10. വരേണ്യതയെ ഉയർത്തിപ്പിടിക്കൽ: ദുർബലവിഭാഗങ്ങളോട് അവജ്‌ഞ:
തങ്ങൾ മറ്റുള്ളവരേക്കാൾ ശ്രേഷ്‌ഠരും ശക്തരുമാണെന്ന ബോധം നിരന്തരം സൃഷ്ടിച്ച് പ്രചരിപ്പിക്കുക.
11. ഓരോരുത്തരെയും വീരന്മാരാകാൻ പ്രോത്സാഹിപ്പിക്കുകവഴി പ്രസ്ഥാനത്തിനുവേണ്ടി ജീവത്യാഗം ചെയ്യാൻ മടിയില്ലാത്ത കൂട്ടത്തെ സൃഷ്ടിക്കുക. തന്റെ ഉറപ്പായ ‘ആത്മബലി’യിലേക്കുള്ള പ്രയാണത്തിനിടയിൽ അയാൾ അനേകരെ കൊന്നൊടുക്കാൻ മടിക്കില്ല.
12. പൗരുഷത്തെ ഉയർത്തിപ്പിടിച്ച് പ്രകീർത്തിക്കുക: ഉദാത്തവത്-കരിക്കുന്ന പോരാട്ടങ്ങളും വീരത്വവുമെല്ലാം പുരുഷ കേന്ദ്രീകൃതമാണ്. സ്‌ത്രീകളോടുള്ള പുച്ഛവും, ‘സ്വവർഗരതി’ പോലുള്ള വ്യത്യസ്‌ത ലൈംഗികതകളോടുള്ള അസഹിഷ്‌ണുതയും മുഖമുദ്രയാക്കുക.
13. പരിമിതപ്പെടുത്തപ്പെട്ട ജനാഭിലാഷം: ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്ന ഭരണാധികാരി എന്നതിനുപകരം ഒരു സ്വേച്ഛാധിപതിയുടെ താൽപ്പര്യം ജനങ്ങളുടെ പൊതു ഇഷ്ടമാക്കിയെടുക്കുന്ന രസതന്ത്രം. യഥാർഥ ജനശബ്ദത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന വാദത്തോടെ ഫാസിസ്റ്റുകൾ ജനാധിപത്യസ്ഥാപനങ്ങളെ അട്ടിമറിക്കുന്നത് അങ്ങനെയാണ് (ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും ഇക്കഴിഞ്ഞ ബജറ്റ് സെഷനിൽ (2023ൽ) ഭരണകക്ഷിയായ ബിജെപിതന്നെ അലങ്കോലപ്പെടുത്തിയത് ഇതിന്റെ ചെറിയൊരു സൂചന മാത്രം).
14. ‘ന്യൂസ് പീക്’: സ്വന്തമായ ഒരു പദാവലി ആവിഷ്‌കരിച്ച് പ്രചാരത്തിലാക്കി പൊതുവെ ആ ഭാഷ സ്വീകരിക്കപ്പെടുന്ന സ്ഥിതി സൃഷ്ടിക്കുക. വിമർശനാത്മക വായനകളെ പരിമിതപ്പെടുത്തുന്നതോടൊപ്പം അസത്യങ്ങളും അർധസത്യങ്ങളും ഉപയോഗിച്ചുള്ള പ്രചാരവേലകളും സംഘടിപ്പിക്കുക.
ഉംബർട്ടോ എക്കോയെ ഇപ്രകാരം ഉദ്ധരിച്ചത് രണ്ടു കാരണങ്ങൾകൊണ്ടാണ്. ഫാസിസം എന്ന വാക്കിനു തന്നെ ജന്മം നൽകിയ മുസോളിനിയുടെ ഇറ്റലിയിൽ ജനിച്ച അതിപ്രശസ്‌തനായ ഈ പൊതു ബുദ്ധിജീവി- (Public Intellectual) നടത്തുന്ന പല നിരീക്ഷണങ്ങളും ഇന്ത്യക്കും ഇസ്രയേലിനും ബ്രസീലിനും തുർക്കിക്കും പല യൂറോപ്യൻ രാജ്യങ്ങൾക്കും പൊതുവേ ബാധകമാകുന്നതായി അനുഭവപ്പെടുന്നു എന്നതാണ് മുഖ്യം. ആർഎസ്‌എസ് രൂപീകരിക്കപ്പെട്ടതിനെത്തുടർന്ന്, 1931 മാർച്ച് 19-ാം തീയതി ഉച്ചയ്-ക്ക് 3 മണിക്ക് സംഘത്തിനുവേണ്ടി ഡോ. മൂഞ്ചേ ഫാസിസ്റ്റ് ആസ്ഥാനത്തുചെന്ന് മുസ്സോളിനിയെ സന്ദർശിച്ച് ചർച്ച നടത്തിയതിൽ നിന്നു ലഭിച്ച മാർഗനിർദേശങ്ങൾകൂടി സ്വീകരിച്ചുകൊണ്ടാണ് ഇന്ത്യൻ ഫാസിസത്തിന്റെ പ്രവർത്തന പദ്ധതി ആർഎസ്‌എസ് ആവിഷ്‌കരിച്ചത് എന്ന വസ്‌തുത ഓർമിക്കാനും, ഇറ്റലിക്കാരനായ ചിന്തകൻ ഉംബർട്ടോ എക്കോയുടെ നിരീക്ഷണങ്ങൾ നമുക്കവസരം നൽകുന്നു.
‘‘ഇന്ത്യയിലെ ജനങ്ങളായ നാം’’ എന്നു തുടങ്ങുന്ന, ആധുനിക റിപ്പബ്ലിക്കൻ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ മതേതര–-ജനാധിപത്യ–-സ്ഥിതിസമത്വ ആശയങ്ങളും സാമൂഹികനീതിയിലുള്ള ഊന്നലും ഉപേക്ഷിച്ച്, ബ്രാഹ്മണാധിപത്യത്തിന്റെ മനുസ്‌മൃതിയിലേക്ക് തിരിച്ചുപോകുന്നതിന്റെ പ്രതീകമായാണ്, ചെങ്കോലേന്തിയ നരേന്ദ്രമോദിയും, അത് സ്പീക്കറുടെ പീഠത്തിനു സമീപം പ്രധാനമന്ത്രി തന്നെ സ്ഥാപിക്കുന്ന ചടങ്ങും സംഘടിപ്പിക്കപ്പെട്ടത്.
നമ്മുടെ ഭരണഘടന പാർലമെന്റിനു നൽകുന്ന നിർവചനം, പ്രസിഡന്റും ലോക്-സഭയും രാജ്യസഭയും ചേർന്ന സംവിധാനമെന്നാണ്. അപ്പോൾ പാർലമെന്റുമായി ബന്ധപ്പെട്ട ഏതൊരു പരിപാടിയുടെയും അവിഭാജ്യഘടകമാണ് പ്രസിഡന്റ്. എന്നാൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിനായാലും ഇപ്പോൾ നടന്ന ഉദ്ഘാടനത്തിനായാലും പ്രസിഡന്റിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ശിലാസ്ഥാപന ചടങ്ങ് നടന്നപ്പോൾ പ്രസിഡന്റായിരുന്ന പട്ടികജാതിയിൽപ്പെട്ട രാംനാഥ് കോവിന്ദിനെ പങ്കെടുപ്പിച്ചിരുന്നില്ല. അതേപോലെ ഇപ്പോൾ ഉദ്ഘാടനത്തിന് പാർലമെന്റുമായി യാതൊരു ബന്ധവുമില്ലാത്ത, തമിഴ്നാട്ടിൽനിന്നുള്ള ബ്രാഹ്മണ പൂജാരിമാരെ ചാർട്ടർചെയ്ത പ്രത്യേക വിമാനത്തിൽ കൊണ്ടുവന്ന മോദി ഗവൺമെന്റ് ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ആ പരിപാടിയിൽനിന്നും ഒഴിവാക്കി നിർത്തി. പാർലമെന്റ് എന്നാൽ ഒരു കെട്ടിട സമുച്ചയം മാത്രമല്ല; അത് നിയമനിർമാണത്തിനുള്ള സംവിധാനമാണ്, രാഷ്ട്രപതി അതിന്റെ അവിഭാജ്യഘടകവും.
ശിലാസ്ഥാപനവേളയിൽ രാംനാഥ് കോവിന്ദിനെ എന്നപോലെ ഇപ്പോൾ ഉദ്ഘാടനവേളയിൽ പട്ടികവർഗക്കാരിയായ ദ്രൗപതി മുർമുവും ബോധപൂർവം ഒഴിവാക്കപ്പെടുകയായിരുന്നു. അവരുടെ പട്ടികവർഗ സ്വത്വമാണ് അവരെ പാർലമെന്റ് മന്ദിരത്തിന്റെ ഉദ‍്ഘാടനവേദിയിൽ നിന്ന് അകറ്റിനിർത്താൻ നിദാനമായത്. മാത്രമല്ല, ‘നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി’’ എന്ന മനുസ്മൃതി വാക്യം നെഞ്ചേറ്റുന്ന സംഘപരിവാറുകൾക്ക് ദ്രൗപതി മുർമുവിന്റെ പെൺസ്വത്വവും ഹാലിളക്കമുണ്ടാക്കുന്നതാണ്. മറ്റൊരു കാര്യം വിധവയായ ദ്രൗപതി മുർമു പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം എന്ന മംഗളകർമത്തിൽ പങ്കെടുക്കുന്നത് അശുഭകരമാണെന്ന അന്ധവിശ്വാസത്തിന് അടിമകളുമാണ് സംഘികൾ. ആർഎസ്എസിന്റെ സർ സംഘ്ചാലകനായിരുന്ന ദേവറസ് പറഞ്ഞിട്ടുള്ളത് പൊതുഇടങ്ങളിൽ നിന്ന് വിധവകൾ അകന്നുനിൽക്കണമെന്നാണ്. ഇങ്ങനെ ബ്രാഹ്മണിക്കൽ ചിന്താഗതിക്കൊപ്പം അന്ധവിശ്വാസവും സ്ത്രീ വിരുദ്ധതയും ചേരുമ്പോൾ ഉംബർട്ടൊ എക്കോ പറഞ്ഞതുപോലെ ഫാസിസത്തിന്റെ ലക്ഷണങ്ങളിലൊന്നാവും. ഫാസിസത്തിന്റെ ഇളകിയാട്ടത്തിനാണ് മെയ് 28ന് ഡൽഹിയിൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ നാം സാക്ഷ്യം വഹിച്ചത്. തങ്ങളോട് ദുശ്ശാസനസമാനമായ അതിക്രമങ്ങൾ നടത്തിയ ഗുസ്തി ഫെഡറേഷന്റെ മുൻനേതാവായ ബിജെപി എംപിയെ അറസ്റ്റു ചെയ്തു നിയമനടപടികൾക്കു വിധേയമാക്കണമെന്ന് വാദിച്ച വനിതാ കായികതാരങ്ങളെ അതേസമയം കേന്ദ്ര പൊലീസ് പീഡിപ്പിച്ചതും ഹൃദയഭേദകമായിരുന്നു. ഹിന്ദുത്വവർഗീയ പ്രത്യയശാസ്ത്രത്തിന്റെ ആവിഷ്കർത്താവും ഗാന്ധിവധക്കേസിലെ പ്രതിയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് ആവർത്തിച്ച് മാപ്പപേക്ഷിച്ച വഞ്ചകനുമായ സവർക്കറുടെ ദിനമാണ് മെയ് 28 എന്നതും ഫാസിസ്റ്റ് ആസൂത്രണത്തിന്റെ ഭാഗമാണ്. ഇന്ത്യൻ സമൂഹത്തിന്റെ സൂക്ഷ്‌മകോശങ്ങളിൽ വൈറസുപോലെ ഹിന്ദുത്വവർഗീയ ആഖ്യാനം കുത്തിവച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യ നൽകുന്ന സാധ്യതകൾ കൗശലപൂർവം ഇതിനായി ഉപയോഗിക്കുന്നതിലും അസാമാന്യമായ പാടവമാണ് സംഘപരിവാരത്തിന്റേത്. തന്മാത്രാതലത്തിൽ എതിർസമരപ്രസ്ഥാനം അത്യന്തം വ്യാപകമായി വളർത്തിയെടുത്ത് ജനാധിപത്യശക്തികൾ സുദീർഘപ്രയത്‌നം നടത്തിയാൽ മാത്രമേ നമ്മുടെ സമൂഹത്തെ വർഗീയവിഷമുക്തമാക്കാൻ സാധിക്കുകയുള്ളൂ. അതിന് രാഷ്‌ട്രീയ–-സാംസ്‌കാരിക മണ്ഡലങ്ങളിൽ ഭാവനാപൂർണമായ സമരമുറകൾ നാം വികസിപ്പിക്കണം. സാമാന്യജനതയുടെ ജീവിതപ്രശ്‌നങ്ങളെ മുൻനിർത്തിയുള്ള സംയുക്ത പോരാട്ടങ്ങളും വ്യാപകമായി വളർത്തിയെടുക്കണം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇക്കൂട്ടരെ പരാജയപ്പെടുത്തുക എന്നത് കഠിനപരിശ്രമം ആവശ്യമുള്ള കൂറ്റൻ കടമയാണ്, അടിയന്തിര കടമതന്നെ. എന്നാൽ, അത് ഒരു ചെറിയ (വലിയ) ചുവടുവയ്‌പ് മാത്രമാണ്. ‘എല്ലാ ജനങ്ങളുടെയും ഇന്ത്യ’ എന്ന ആശയത്തിലേക്ക് ഇന്ത്യൻ സമൂഹത്തെ വീണ്ടെടുക്കുവാൻ അതിദീർഘ സമരപരമ്പരകൾ അതിനുശേഷവും ആവശ്യമാണ്. പല തലങ്ങളുള്ള അതിൽ സംസ്‌കാരം ഒരു കേന്ദ്ര സമരസ്ഥലമാണ്. ♦