Wednesday, May 1, 2024

ad

Homeസാമ്പത്തിക കുറിപ്പുകള്‍മുഖം ചീത്തയായതിന് 
കണ്ണാടി പൊട്ടിക്കുന്നതെന്തിന്?

മുഖം ചീത്തയായതിന് 
കണ്ണാടി പൊട്ടിക്കുന്നതെന്തിന്?

ഡോ. ടി എം തോമസ് ഐസക്

2024ലെ തിരഞ്ഞെടുപ്പ് മോദിക്ക് അങ്കലാപ്പ് സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ പാർടികളുടെ ബാംഗ്ലൂർ സമ്മേളനം “ഇന്ത്യ”യ്ക്കു വേണ്ടിയുള്ള വേദിക്ക് രൂപം നൽകിയതിനുശേഷം തുടർച്ചയായി പ്രധാനമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന ആക്രോശങ്ങളിൽ ഇതു വളരെ വ്യക്തമാണ്. പോർട്ട്ബ്ലെയറിൽ പുതിയ വിമാനത്താവള ടെർമിനൽ ഉദ്ഘാടനവേളയിൽ ഒരു ഔദ്യോഗിക ചടങ്ങിന്റെ സാധാരണഗതിയിലുള്ള പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികൾക്കെതിരെ അഴിമതി, തട്ടിക്കൊണ്ടുപോകൽ, ക്രമസമാധാന ലംഘനം തുടങ്ങിയ ആക്ഷേപങ്ങൾ ഉന്നയിക്കുകയായിരുന്നു. ഈ ആരോപണങ്ങളെല്ലാം അദ്ദേഹത്തിനും ബിജെപിക്കുമാണ് കൂടുതൽ യോജിക്കുകയെന്നതു മറ്റൊരു കാര്യം.

പ്രതിപക്ഷത്തിന്റെ യോജിപ്പുപോലെതന്നെ മോദിയെ അലട്ടുന്ന മറ്റൊരു പ്രശ്നം കഴിഞ്ഞ ഒൻപത് വർഷക്കാലത്തെ ബിജെപി ഭരണത്തിന്റെ പരാജയമാണ്. ലോകത്ത് ഏറ്റവും വേഗതയിൽ വളരുന്ന രാജ്യമെന്നു പ്രശസ്തിനേടുമ്പോഴും മോദി ഭരണത്തിനു കീഴിൽ സാമ്പത്തിക വളർച്ച മുൻദശാബ്ദത്തെ അപേക്ഷിച്ചു വളരെ താഴെയാണ് എന്നതാണ് യാഥാർത്ഥ്യം. അതിലുപരി ഈ സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ ഒരു ചെറുന്യൂനപക്ഷത്തിന്റെ കൈയിൽ ഒതുങ്ങുകയാണ്. ഇന്ത്യയേക്കാൾ എത്രയോ പതുക്കെ വളരുന്ന മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കു ലഭിക്കുന്ന നേട്ടങ്ങൾപോലും ഇന്ത്യയിലെ ജനങ്ങൾക്കു ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി ഇന്നു ലോകത്ത് വിവിധ ഏജൻസികൾ പുറത്തിറക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, വനിതാക്ഷേമം, മാനവവിഭവ വികസനം, സാമ്പത്തിക അഭിവൃദ്ധി, മാധ്യമ സ്വാതന്ത്ര്യം, സന്തോഷം തുടങ്ങി എല്ലാ സൂചികകളിലും ഇന്ത്യ ലോകരാജ്യങ്ങളുടെ പിന്നണിയിലാണെന്നു മാത്രമല്ല, മോദിയുടെ ഭരണത്തിൽ കൂടുതൽ പിന്നോക്കംപോയിരിക്കുകയാണ്.

ഇത് മോദി ഭരണത്തിനു വലിയ നാണക്കേടാണ്. എല്ലാ വർഷവും രണ്ടോ മൂന്നോ സൂചികകൾ പുതുക്കി പ്രഖ്യാപിക്കും. ഓരോ തവണയും ലോക റാങ്കിങ്ങിൽ ഇന്ത്യ ഒന്നോ രണ്ടോ പടി താഴേക്കുവരും. അപ്പോഴെല്ലാം കണക്കിന്റെയും കണക്കുകൂട്ടലിന്റെയും പോരായ്മകൾ ചൂണ്ടിക്കാണിക്കാനാണ് ഇന്ത്യ ശ്രമിക്കുക. ചില സന്ദർഭങ്ങളിൽ ഏജൻസികളുടെ ഉദ്ദേശശുദ്ധിയേയും ചോദ്യംചെയ്യാൻ മടിക്കില്ല. പക്ഷേ, ഇന്ത്യാ സർക്കാരിനെ വെട്ടിലാക്കിയത് ഈ വിദേശ ഏജൻസികളെല്ലാം ആധാരമാക്കുന്നത് ഇന്ത്യാ സർക്കാർ തന്നെ തയ്യാറാക്കുന്ന കണക്കുകളെയാണെന്ന വസ്തുതയാണ്. ഈ നാണക്കേടിൽനിന്നും ഒഴിവാകാൻ ഇന്ത്യയിലെ സ്ഥിതിവിവര കണക്കുകളാകെ പൊളിച്ചെഴുതാനുള്ള തത്രപ്പാടിലാണ് ബിജെപി സർക്കാർ.

ഇന്ത്യയിലെ സ്ഥിതിവിവരക്കണക്ക് 
സംവിധാനം
ബ്രിട്ടീഷ് കൊളോണിയൽ ഭരണം മറ്റ് അവികസിത രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട ഒരു സ്ഥിതിവിവരക്കണക്കു സമ്പ്രദായം ഇന്ത്യയിൽ സൃഷ്ടിച്ചിരുന്നു. 1881-ൽ അവരാണ് കാനേഷുമാരി കണക്കെടുപ്പ് ആരംഭിച്ചത്. സർക്കാർ വകുപ്പുകളുടെ സ്ഥിതിവിവര കണക്കുകളും കൃത്യമായി പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു.

സ്വാതന്ത്ര്യം ലഭിച്ചശേഷം നമ്മൾ സ്ഥിതിവിവരക്കണക്കു സമ്പ്രദായത്തെ സമൂലമായി പുതുക്കുകയും സമഗ്രമാക്കുകയും ചെയ്തു. പി.സി. മഹലനോബിസ് എന്ന വിശ്രുത പണ്ഡിതന്റെ നേതൃത്വത്തിൽ കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സിലെ വിദഗ്ധർ നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ സ്ഥാപനത്തിനു രൂപംനൽകി. അവരാണ് ഉപഭോഗം, തൊഴിൽ തുടങ്ങി വിവിധ വിഷയങ്ങളിൽ ദേശീയതലത്തിൽ സർവ്വേ നടത്തി കണക്കുകൾ തയ്യാറാക്കുന്നത്. എല്ലാ വീടുകളും സന്ദർശിച്ചുകൊണ്ടുള്ള ജനസംഖ്യാ കണക്കെടുപ്പ് അഥവാ സെൻസസിൽ നിന്നു വ്യത്യസ്തമായി സാമ്പിൾ സർവ്വേകളാണ് ഇവർ നടത്തുന്നത്.

ഇതിനു പുറമേ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ എന്നൊരു സംഘടനയുമുണ്ട്. അവരാണ് ദേശീയ വരുമാനം, ഉല്പാദനം തുടങ്ങിയ കണക്കുകൾ ക്രോഡീകരിക്കുന്നത്. വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സ്ഥിതിവിവര കണക്കുകൾ ഏകോപിപ്പിക്കുന്നത് ഇവരാണ്. ഇന്ത്യയിലെ ഏറ്റവും പ്രാമാണികരായ സ്ഥിതിവിവരക്കണക്ക് വിദഗ്ധർ ഈ സ്ഥാപനങ്ങളുടെ ഉപദേശകരായും പങ്കാളികളായും പ്രവർത്തിക്കുന്നു.

ബിജെപി അധികാരത്തിൽവന്നപ്പോൾ മുതൽ ഈ കണക്കുകളിൽ അനധികൃതമായി ഇടപെടുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതു സംബന്ധിച്ച് പ്രാമാണികരായിട്ടുള്ള സ്ഥിതിവിവരക്കണക്കു വിദഗ്ധർ പരസ്യ പ്രസ്താവനപോലും ഇറക്കുകയുണ്ടായി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ പാർശ്വവർത്തികളെക്കൊണ്ട് നിറയ്ക്കാനുള്ള ശ്രമവും പ്രതിഷേധം ക്ഷണിച്ചുവരുത്തി.

ദേശീയവരുമാന കണക്ക് വിവാദം
ദേശീയവരുമാനം കണക്കാക്കുന്നതിന്റെ അടിസ്ഥാനവർഷം ഇടയ്ക്കിടയ്ക്ക് മാറ്റാറുണ്ട്. അങ്ങനെ ബിജെപി അധികാരത്തിൽവന്നശേഷം അടിസ്ഥാനവർഷം 2011–-12 ആയി മാറ്റി. പക്ഷേ, അതോടൊപ്പം ചില കണക്കുകളുടെ സ്രോതസിലും ഭേദഗതി വരുത്തി. സിഎസ്ഒ നേരിട്ട് കണക്കെടുക്കുന്നതാണ് വ്യവസായ ഉല്പാദനം. അതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ ഉല്പാദന സൂചികയ്ക്കു രൂപം നൽകുന്നത്. ഇതുമാറ്റി കമ്പനികളുടെ ബാലൻസ്ഷീറ്റ് കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യവസായ ഉല്പാദന കണക്ക് ദേശീയവരുമാനം കണക്കാക്കാൻ ഉപയോഗിച്ചു.

ഇതുപോലുള്ള ചില പൊടിക്കൈകൾ പ്രയോഗിച്ചപ്പോൾ യുപിഎ സർക്കാരുകളുടെ കാലത്തെ സാമ്പത്തികവളർച്ച താഴ്ന്നു. എൻഡിഎ കാലത്തെ സാമ്പത്തികവളർച്ച ഉയർന്നു. നോട്ടുനിരോധനം പോലുള്ള തെറ്റായ നയങ്ങളുടെ ഫലമായി സാമ്പത്തിക വളർച്ചയിലുണ്ടായ ഇടിവ് മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീക്കങ്ങൾ. മുൻ സാമ്പത്തിക ഉപദേശകൻ അരവിന്ദ് സുബ്രഹ്മണ്യത്തെയും മുൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ രഘുറാം രാജനെയും പോലുള്ളവർ കണക്കുകൊണ്ടുള്ള ഈ കള്ളക്കളിയെ വിമർശിച്ചിട്ടുണ്ട്. ഇന്ത്യൻ സ്ഥിതിവിവര കണക്കുകളുടെ വിശ്വാസ്യതയെയാണ് രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി മോദി സർക്കാർ ദുരുപയോഗപ്പെടുത്തിയത്.

കള്ളക്കണക്ക് ഉണ്ടാക്കിയിട്ടും മോദിയുടെ കാലത്തെ ദേശീയ വരുമാന വളർച്ചയുടെ ഗതി എന്തായിയെന്നത് ചിത്രം 1-ൽ കാണാം. ബിജെപി അധികാരത്തിൽ വന്നതിനുശേഷം സാമ്പത്തിക വളർച്ചയുടെ ഗതിവേഗം കൂടി. യുപിഎ കാലത്തേക്കാൾ വളർച്ച മെച്ചപ്പെട്ടു. എന്നാൽ 2016-–17-ൽ സാമ്പത്തിക വളർച്ച 8.3% ആയിരുന്നത് തുടർന്നുള്ള വർഷങ്ങളിൽ 7.0%, 6.1%, 4% എന്നിങ്ങനെ അനുക്രമമായി കുറഞ്ഞു.

ചിത്രം 1
ദേശീയ വരുമാന വളർച്ച (2013 മുതൽ 2020 വരെ)


തൊഴിലില്ലായ്മ കണക്ക് വിവാദം

എൻഎസ്എസ്ഒ അഞ്ച് വർഷംകൂടുമ്പോൾ തൊഴിലും തൊഴിലില്ലായ്മയും സംബന്ധിച്ച സർവ്വേ നടത്താറുണ്ട്. വൈകിയാണെങ്കിലും 2011-–12-നു ശേഷം 2017–-18-ൽ തൊഴിലും തൊഴിലില്ലായ്മയും സർവ്വേ നടന്നു. എന്നാൽ 2019ലെ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ ഈ സർവ്വേ ഫലങ്ങൾ പുറത്തുവിട്ടില്ല. അവസാനം കണക്കുകൾ പുറത്തുവന്നപ്പോൾ മൊത്തം തൊഴിൽ ലഭ്യതയിൽ 90 ലക്ഷം ഇടിവിന്റെയും റെക്കോർഡ് തൊഴിലില്ലായ്മയുടെയും കണക്കുകളാണ് പുറത്തുവന്നത്. തൊഴിലില്ലായ്മ അതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന 6 ശതമാനത്തിലെത്തി.
1972-–73-ൽ അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്ക് 1.25 ശതമാനമായിരുന്നു. പരിഷ്കാരങ്ങൾ ആരംഭിക്കുമ്പോൾ തൊഴിലില്ലായ്മ നിരക്ക് 2.85 ശതമാനമായി ഉയർന്നു. പിന്നീട് മോദി സർക്കാർ അധികാരത്തിൽ വരുന്നതുവരെ ഏതാണ്ട് ഈ നിലയിൽ തൊഴിലില്ലായ്മ നിരക്ക് തത്തിക്കളിച്ചു നിന്നു. എന്നാൽ ചിത്രം 2-ൽ കാണാവുന്നതുപോലെ നോട്ടുനിരോധനത്തിനുശേഷം 2017-–18-ൽ തൊഴിലില്ലായ്മ നിരക്ക് 6.55 ശതമാനമായി ഉയർന്നു. ഇതു മറച്ചുവയ്ക്കാൻ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ സർവ്വേ കണക്ക് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല.

ചിത്രം 2
മോദി ഭരണകാലത്ത് കുതിച്ചുയർന്ന തൊഴിലില്ലായ്മ
(അവലംബം: business standard, nsso)

  തൊഴിലില്ലായ്‌മ നിരക്ക്‌ (%)

അതോടെ തൊഴിൽ സർവ്വേയുടെ ആധികാരികതയെ ചോദ്യം ചെയ്ത് മന്ത്രിമാർതന്നെ രംഗത്തുവന്നു. നോട്ടുനിരോധനത്തിന്റെ ആദ്യ ദുഷ്ഫലങ്ങളാണ് ഈ സർവ്വേ വെളിപ്പെടുത്തിയത്. എത്രയോ നാളായി നടന്നുവരുന്ന അഞ്ചുവർഷംതോറുമുള്ള സർവ്വേ സമ്പ്രദായം കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു. ഇതിനുപകരം മൂന്ന് മാസത്തിലൊരിക്കൽ നടക്കുന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ ആവിഷ്കരിക്കപ്പെട്ടു. ഇപ്പോൾ കേന്ദ്ര സർക്കാർ ഈ പുതിയ സർവ്വേ കണക്കുകളാണ് ഉപയോഗിക്കുന്നത്. ഈ കണക്കുകൾ പ്രകാരവും തൊഴിലില്ലായ്മ രൂക്ഷമാണെങ്കിലും സമീപകാലത്ത് കുറഞ്ഞിട്ടുണ്ട്.

പക്ഷേ, ഈ പുതിയ കണക്ക് പഴയ സർവ്വേയിലെ കണക്കുകളുമായി താരതമ്യപ്പെടുത്താനാവില്ല. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി എന്ന ഫൗണ്ടേഷൻ മാസംതോറും തൊഴിൽസ്ഥിതിയെക്കുറിച്ചുള്ള കണക്ക് ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഒരു സ്വകാര്യ കമ്പനിയാണെങ്കിലും ഇവരുടെ സ്ഥിതിവിവര കണക്കുകൾ ആധികാരികമായി കണക്കാക്കപ്പെടുന്നു.

ഇവരുടെ കണക്കുപ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 2023 ഏപ്രിൽ മാസത്തിൽ 8.11 ശതമാനമാണ്. അതേസമയം ഇന്ത്യാ സര്‍ക്കാരിന്റെ പുതിയ സര്‍വ്വേ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്തുപോലും തൊഴിലില്ലായ്മ 2017-–18 കാലത്തെ അപേക്ഷിച്ച് കുറഞ്ഞു എന്നാണ് ഈ കണക്കുകളിലൂടെ വാദിക്കുവാന്‍ ശ്രമിക്കുന്നത്. അവയ്ക്ക് ഒട്ടും വിശ്വാസ്യതയില്ല.

2017–18ലെ ഉപഭോക്തൃ ചെലവ് 
സർവ്വേ വിവാദം
വൈകിയാണെങ്കിലും തൊഴിൽ സർവ്വേയുടെ ഫലങ്ങൾ വെളിപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറായി. എന്നാൽ ഉപഭോക്തൃ ചെലവ് സർവ്വേയിൽ അതുമുണ്ടായില്ല. ഇന്നും ഇതിന്റെ ഫലങ്ങൾ രഹസ്യമാണ്. എന്നാൽ ചില മാധ്യമങ്ങളിൽ ഇതിന്റെ ഫലങ്ങൾ ചോർന്നു പ്രസിദ്ധീകരിക്കപ്പെട്ടു. അപ്പോഴാണ് എന്തുകൊണ്ടാണ് ഈ കണക്കുകൾ പ്രസിദ്ധീകരിക്കാൻ മടിച്ചതെന്നു വ്യക്തമായത്. 2011-–12-നും 2017-–18-നും ഇടയ്ക്ക് ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേവലമായി കുറഞ്ഞു. ദാരിദ്ര്യവും ഉയർന്നു. 1980-കളിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം കുറയാൻ തുടങ്ങിയശേഷം ആദ്യമായിട്ടാണ് ദരിദ്രരുടെ എണ്ണം കൂടുന്ന പ്രവണത പ്രത്യക്ഷപ്പെട്ടത്.

ഔദ്യോഗിക കണക്കുപ്രകാരം 1980-കൾ മുതൽ തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം മോദി ഭരണകാലത്ത് വർദ്ധിച്ചതിന്റെ കൃത്യമായ രേഖ ചിത്രം 3-ൽ കാണാം.

ചിത്രം 3
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളുടെ 
എണ്ണത്തിന്റെ ശതമാനം 1993–94/2017–18

കടപ്പാട്: ആർ. രാംകുമാർ (The political economy of India`s economic development after independence)

അതോടെ മോദി എന്തു ചെയ്തു? ഉപഭോക്തൃ ചെലവിന്റെ അടിസ്ഥാനത്തിൽ ദരിദ്രരുടെ എണ്ണം കണക്കുകൂട്ടുന്ന രീതിതന്നെ ഉപേക്ഷിച്ചു. സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ ദാരിദ്ര്യരേഖയെ ആസ്പദമാക്കിയാണ് ദരിദ്രരുടെ എണ്ണം കണക്കാക്കുന്നത്. ദാരിദ്ര്യരേഖയെ നിർണ്ണയിക്കുന്നത് മിനിമം വേണ്ടുന്ന കലോറി ഭക്ഷണത്തിന് ശരാശരി വേണ്ടുന്ന പ്രതിശീർഷ ഉപഭോഗമാണ്. 1990-കളിൽ നിയോലിബറൽ പരിഷ്കാരങ്ങൾ ആരംഭിച്ചപ്പോൾ മിനിമം കലോറി ഭക്ഷണം പരിഗണിക്കുന്നത് അവസാനിപ്പിച്ചു. എങ്കിലും ഉപഭോക്തൃ സർവ്വേയെ ആസ്പദമാക്കി ദരിദ്രരുടെ എണ്ണം കണക്കാക്കുന്ന സമ്പ്രദായം തുടർന്നു. പക്ഷേ, ഈ കണക്കുകൾ പ്രകാരംപോലും മോദി കാലത്ത് ദാരിദ്ര്യം കൂടുകയാണുണ്ടായത്. അതോടെ ദാരിദ്ര്യം കണക്കാക്കാൻ പുതിയൊരു മാർഗ്ഗം കണ്ടുപിടിച്ചു. അതാണ് മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ സൂചിക.

ഈ പുതിയ രീതി പ്രകാരം കുടുംബത്തിന്റെ വരുമാനം കണക്കിലെടുക്കുന്നില്ല. വരുമാനം വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, പാർപ്പിടം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിർവ്വഹിക്കാനാണല്ലോ. ഇവയ്ക്ക് ഓരോന്നിനും കണക്കുകളുണ്ട്. അവയെ ഉപയോഗപ്പെടുത്തി ഓരോ സംസ്ഥാനത്തിന്റെയും മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ സൂചിക നിർമ്മിക്കുന്നു. ഇതുപ്രകാരം നോക്കുമ്പോൾ കേരളത്തിലെ ദരിദ്രരുടെ ശതമാനം 0.55 മാത്രമാണ്. എന്നാൽ ഈ കണക്കിനെ മുൻകാലത്തെ ദാരിദ്ര്യരേഖയ്ക്കു കീഴിലുണ്ടായിരുന്നവരുടെ എണ്ണവുമായി താരതമ്യപ്പെടുത്താനാവില്ല.

അതോടെ ദാരിദ്ര്യം കൂടിയോ കുറഞ്ഞോ എന്ന തർക്കവും അവസാനിച്ചു. പണ്ട് ഉണ്ടായിരുന്ന ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലുള്ള ദരിദ്രരുടെ എണ്ണത്തേക്കാൾ വളരെ കുറവാണ് പുതിയ മാനദണ്ഡങ്ങൾ പ്രകാരമുള്ള ദരിദ്രരുടെ എണ്ണം. മാത്രമല്ല, ദരിദ്രരുടെ എണ്ണവും തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യാ സർക്കാരിന്റെ കണക്കുപ്രകാരം 2015–16-ൽ ദരിദ്രരുടെ ശതമാനം ഇന്ത്യയിൽ 24.85 ആയിരുന്നു. അത് 2019–20-ൽ 14.96 ആയി കുറഞ്ഞു.

ഓരോ സൂചികയ്ക്കും അതിന്റെ ഗുണവും ദോഷവും ഉണ്ട്. അതുകൊണ്ട് പുതിയരീതിയിൽ കണക്കുകൂട്ടണമെങ്കിൽ അങ്ങനെ ആയിക്കോളൂ. പക്ഷേ, ഇതുവരെ തുടർന്നുവന്ന കണക്ക് സമ്പ്രദായം നിർത്തലാക്കേണ്ടതുണ്ടോ?

2021 കാനേഷുമാരി ഇനി ഇല്ല?
1881-മുതൽ ഇന്നുവരെ എല്ലാ പത്തുവർഷം കൂടുമ്പോഴും ഇന്ത്യയിൽ കാനേഷുമാരി കണക്ക് കൃത്യമായി ശേഖരിച്ചുവന്നിട്ടുണ്ട്. 2021-ൽ നടക്കേണ്ടുന്ന കാനേഷുമാരി കോവിഡുമൂലം മാറ്റിവച്ചു. കോവിഡ് നീങ്ങിയിട്ട് ഇപ്പോൾ വർഷം രണ്ട് കഴിഞ്ഞു. പക്ഷേ, കാനേഷുമാരി കണക്ക് തിരഞ്ഞെടുപ്പിനു മുമ്പ് ഉണ്ടാവില്ലായെന്നതു വ്യക്തമായി. ഒരുപക്ഷേ, 2031-ലെ കാനേഷുമാരിയോടൊപ്പമേ ആ കണക്ക് എടുത്തെന്നുവരൂ. 2011-നെ അടിസ്ഥാനമാക്കി അനുമാന കണക്കുകൾ ഉണ്ടാക്കിയേ പറ്റൂവെന്നതാണു സ്ഥിതി.

എന്തുകൊണ്ട് കാനേഷുമാരി വേണ്ടെന്നുവച്ചു? എന്റെ അഭിപ്രായത്തിൽ ഇതിന്റെ ലക്ഷ്യം കോവിഡു കാലത്തെ യഥാർത്ഥ മരണസംഖ്യ മറച്ചുവയ്ക്കുകയെന്നതാണ്. ഇന്ത്യാ സർക്കാരിന്റെ കണക്കുപ്രകാരം അഞ്ചുലക്ഷം ഇന്ത്യാക്കാരാണ് കോവിഡുമൂലം മരണമടഞ്ഞത്. ഇതു ശുദ്ധകള്ളക്കണക്കാണെന്നു വ്യക്തമാണ്. ഇതിന്റെ പൊള്ളത്തരം വെളിവായത് ആദ്യം ഹിന്ദു പോലുള്ള പത്രങ്ങളും പിന്നീട് ഇക്കണോമിസ്റ്റ് പോലുള്ള വാരികകളും അവസാനം ലോകാരോഗ്യ സംഘടനയും ബദൽ മതിപ്പുകണക്കുകൾ കണക്കുകൂട്ടിയെടുത്തപ്പോഴാണ്.

തദ്ദേശഭരണ സ്ഥാപനങ്ങൾ ജനന-മരണ രജിസ്റ്ററുകൾ സൂക്ഷിക്കുന്നുണ്ട്. ഈ കണക്കുകൾ പൂർണ്ണമല്ല. പക്ഷേ, ഉള്ളതൊരു സാമ്പിളായി കണക്കാക്കിയാൽ സാധാരണഗതിയിൽ എത്ര മരണം രാജ്യത്തു നടക്കുന്നുണ്ടെന്നു കണക്കാക്കാനാകും. 2020 ഏപ്രിലിനു മുമ്പുള്ള ഒരു വർഷക്കാലം സംസ്ഥാനത്ത് എത്ര മരണമുണ്ടായിയെന്നു സാമ്പിൾ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്നു. ഇതേ രീതിയിൽ 2021 ഏപ്രിലിനു മുമ്പ് എത്ര മരണമുണ്ടായിയെന്നും കണക്കു കൂട്ടുന്നു. സാധാരണഗതിയിലുണ്ടാകുന്ന മരണത്തേക്കാൾ അധികമായി ഉണ്ടാകുന്ന മരണം മുഖ്യമായും കോവിഡുമൂലമാണെന്ന് അനുമാനിച്ചാൽ കോവിഡുമൂലമുള്ള മരണം എത്രയാണെന്നു കണക്കാക്കാം. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ഇന്ത്യയിൽ അധികമരണം 47 ലക്ഷമാണ്. ഇത് ഇന്ത്യാ സർക്കാരിന്റെ ഔദ്യോഗിക കണക്കിനേക്കാൾ ഒൻപതുമടങ്ങ് കൂടുതൽ. ലോകത്തെ അധികമരണത്തിന്റെ മൂന്നിലൊന്ന് ഇന്ത്യയിലാണ്.

ഇതിൽപ്പരം നാണക്കേട് മോദി ഭരണത്തിന് ഉണ്ടാകാനില്ല. ലോകാരോഗ്യസംഘടനയോടു ശക്തമായി പ്രതിഷേധിച്ചു. കണക്കുകൾ തള്ളികളയുകയും ചെയ്തു. പക്ഷേ, കാനേഷുമാരി കണക്ക് എടുത്തുകഴിഞ്ഞാൽ പൂച്ചുപുറത്താകും. എങ്ങനെ?

ക്ഷാമം, പകർച്ചവ്യാധി തുടങ്ങിയവമൂലം വ്യാപകമായ മരണം ഉണ്ടാകുമ്പോൾ എത്ര മരണം സംഭവിച്ചൂവെന്നു കണക്കാക്കുന്നതിന് പണ്ഡിതർ ഉപയോഗിക്കുന്ന ഒരു രീതിസമ്പ്രദായമുണ്ട്. സാധാരണഗതിയിൽ രണ്ട് കാനേഷുമാരിക്കിടയിൽ മൊത്തം എത്ര മരണമാണ് ഉണ്ടാകേണ്ടതെന്നു കണക്കാക്കുക. യഥാർത്ഥ കാനേഷുമാരി കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ ക്ഷാമവും പകർച്ചവ്യാധിയും വന്ന കാലയളവിലെ യഥാർത്ഥ മരണം എത്രയെന്നു കണക്കാക്കുക. ഈ അധികം മരണം പകർച്ചവ്യാധിയോ ക്ഷാമമോമൂലമാണെന്ന നിഗമനത്തിലാണ് അവർ എത്തുക. ഇങ്ങനെയാണ് അമർത്യ സെൻ 50-കളിൽ ചൈനീസ് ക്ഷാമത്തിൽ മരിച്ചവരുടെ കണക്ക് ഉണ്ടാക്കിയത്. ഇങ്ങനെയാണ് ബംഗാൾ ക്ഷാമത്തിൽ മരിച്ചവരുടെ കണക്ക് തയ്യാറാക്കിയിട്ടുള്ളത്.

2024-ലെ തിരഞ്ഞെടുപ്പിനുമുമ്പ് കാനേഷുമാരി കണക്കുകൾ പുറത്തുവന്നാൽ അത് ബിജെപിക്കു വലിയ തിരിച്ചടിയാകും. കോവിഡുകാലത്തെ ദുരിതം ജനങ്ങൾ മറന്നുകൊണ്ടിരിക്കുകയാണ്. അതുമുഴുവൻ വീണ്ടും ഓർമ്മപ്പെടുത്തലാകും കാനേഷുമാരിയുടെ അടിസ്ഥാനത്തിലുള്ള കോവിഡ് മരണ കണക്കുകൾ. അതുകൊണ്ട് 140 വർഷമായി കൃത്യമായി നടന്നുവന്ന കാനേഷുമാരി വേണ്ടെന്നു മോദി തീരുമാനിച്ചിരിക്കുകയാണ്.

മറ്റു ചില കണക്കുകൾ
ജനങ്ങളുടെ ജീവിതനിലവാരവുമായി ബന്ധപ്പെട്ട ഒരു സുപ്രധാനഘടകം വിലക്കയറ്റമാണ്. വിലക്കയറ്റം പാവങ്ങളുടെ വരുമാനം പോക്കറ്റടിച്ച് പണക്കാർക്കു നൽകുന്ന ഒരു ഏർപ്പാടാണ്. കോവിഡാനന്തരകാലം രൂക്ഷമായ വിലക്കയറ്റത്തിന്റെകൂടി കാലമായിരുന്നു. റിസർവ്വ് ബാങ്ക് തുടർച്ചയായി പലിശനിരക്ക് ഉയർത്തി വിലക്കയറ്റത്തെ പിടിച്ചുകെട്ടിയെന്ന് അഹങ്കരിച്ചിരിക്കുകയാണ്. അപ്പോഴാണ് വീണ്ടും ചില്ലറ വില്പനവില തലപൊക്കിയിരിക്കുന്നത്. ജൂലൈ മാസത്തിൽ അത് വീണ്ടും 4.8 ശതമാനമായി ഉയർന്നു. ഭക്ഷ്യസാധനങ്ങളുടെ വിലയാണ് ഏറ്റവും ഉയർന്നിരിക്കുന്നത്. ഇതോടെ വിലക്കയറ്റ സൂചികയെ മോദി വിദ്വാന്മാർ ചോദ്യം ചെയ്തു.

നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ ആണ് ആരോഗ്യ കാര്യങ്ങൾ സംബന്ധിച്ചുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നത്. ആറാമത്തെ റൗണ്ട് സർവ്വേയാണ് നടക്കാൻ പോകുന്നത്. ഇതുവരെയുള്ള എല്ലാ സർവ്വേകളിലും വിളർച്ച രോഗം ബാധിച്ച സ്ത്രീകളുടെ കണക്ക് എടുക്കുമായിരുന്നു. എന്നാൽ ഇത്തവണ അത് വേണ്ടെന്നുവച്ചിരിക്കുകയാണ്. സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച സുപ്രധാനമായ ഈ കണക്ക് എന്തുകൊണ്ട് വേണ്ടെന്നുവച്ചു? എത്ര ശ്രമിച്ചിട്ടും സ്ത്രീകളുടെ വിളർച്ച രോഗം കുറയുന്നില്ല. വിളർച്ചയുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇത്തവണ ആ കണക്ക് ശേഖരിക്കേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുകയാണ് മോദി സർക്കാർ. ഇങ്ങനെ ഒട്ടനവധി കഥകൾ പറയാനുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയായി മോദിയുടെ സാമ്പത്തിക ഉപദേഷ്ടാക്കൾ മാറിമാറി ഇന്ത്യയുടെ സ്ഥിതിവിവരക്കണക്ക് സമ്പ്രദായത്തിനെതിരെ ലേഖനങ്ങൾ മാധ്യമങ്ങളിൽ എഴുതിക്കൊണ്ടിരിക്കുകയാണ്. അതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഇന്ത്യയിലെ സ്ഥിതിവിവരക്കണക്ക് വ്യവസ്ഥ പൊളിച്ചെഴുതുന്നതിന് എന്തോ നീക്കങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നൂവെന്ന്. ഏതാനും വർഷം മുമ്പ് മഹലനോബിസ് സ്ഥാപിച്ച നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷനെ മോദി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനിൽ ലയിപ്പിച്ചു. പുതിയ സംഘടനയ്ക്ക് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (എൻഎസ്ഒ) എന്നു പേരുമിട്ടു. പുതിയ സംഘടനയെ സർക്കാർ ഡിപ്പാർട്ട്മെന്റിനു പൂർണ്ണമായും കീഴിലാക്കി. ഇപ്പോൾ നാഷണൽ സാമ്പിൾ സർവ്വേയുടെ അടിസ്ഥാനംതന്നെ പൊളിച്ചെഴുതുന്നതിന് ഒരു കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്.

അതുകൊണ്ടാണ് ഈ ലേഖനത്തിന്റെ തലക്കെട്ടായി സ്വന്തം മുഖം ചീത്തയായതിന് മോദി കണ്ണാടി കുത്തിപ്പൊട്ടിക്കുന്നതെന്തിന് എന്നത് തെരഞ്ഞെടുത്തത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + 3 =

Most Popular