Thursday, November 21, 2024

ad

Homeപ്രതികരണംകേരള വികസനത്തിന് ക്യൂബൻ സഹായം

കേരള വികസനത്തിന് ക്യൂബൻ സഹായം

പിണറായി വിജയൻ

ക്യൂബന്‍ സന്ദര്‍ശനത്തിനിടെ കൂടിക്കാഴ്ചയ്ക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രസിഡന്റ് 
മിഗ്വേൽ ഡിയാസ് കനേൽ സ്വീകരിക്കുന്നു. മന്ത്രി വീണ ജോർജ് സമീപം

തു നാടിന്റെയും പുരോഗതിക്ക് പുതിയ ആശയങ്ങളും ക്രിയാത്മകമായ പങ്കാളിത്തങ്ങളും മികച്ച നിക്ഷേപങ്ങളും അനിവാര്യമാണ്. വിദേശ സന്ദർശനങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ഈ സാധ്യതകൾ അന്വേഷിക്കുകയും സാക്ഷാൽക്കരിക്കുകയും ചെയ്യുക എന്നതാണ്. അത്തരത്തിൽ വളരെ സംതൃപ്തവും ഫലപ്രദവുമായ അനുഭവങ്ങൾ സമ്മാനിക്കാൻ ജൂൺ മാസം അമേരിക്ക, ക്യൂബ, ദുബായ് എന്നിവിടങ്ങളിൽ സർക്കാരിന്റെ ഔദ്യോഗിക സംഘം നടത്തിയ സന്ദർശനത്തിനായി. അമേരിക്കൻ സന്ദർശനത്തിൽ ലോക കേരള സഭയുടെ മേഖല സമ്മേളനത്തിൽ പങ്കെടുക്കാനും പ്രവാസി മലയാളികളുമായി സംവദിക്കാനും സാധിച്ചു.

കേരളത്തിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും നിര്‍ണ്ണായകമായ പങ്കാണ് പ്രവാസി സമൂഹത്തിന്റേത്. നമ്മുടെ സാമ്പത്തിക സ്ഥിതി കരുത്തുറ്റതാക്കുന്നതിലും സാംസ്കാരികമായ വളര്‍ച്ചയിലും പ്രവാസികള്‍ നൽകുന്ന സംഭാവനകളെ കൂടുതൽ ക്രിയാത്മകവും ഫലപ്രദവുമായ രീതിയിൽ വളര്‍ത്തിയെടുക്കുക എന്ന അനിവാര്യമായ ഉത്തരവാദിത്തമാണ് ലോക കേരള സഭയിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തത്. ആ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ജൂൺ 9 മുതൽ – 11 വരെ തീയതികളിൽ അമേരിക്കയിൽ വച്ച് ലോക കേരള സഭയുടെ മേഖലാ സമ്മേളനം സംഘടിപ്പിച്ചത്.

കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള പ്രധാന വിഷയങ്ങള്‍ ലോകകേരള സഭയുടെ അമേരിക്കന്‍ മേഖല സമ്മേളനം ചര്‍ച്ച ചെയ്തു. അമേരിക്കന്‍

ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് വൈസ് പ്രസിഡന്റ് റൗൾ ഫോർണെസ് വലെൻസ്യാനോ-യ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ഉപഹാരം സമ്മാനിക്കുന്നു. മന്ത്രിമാരായ വീണ ജോർജ്, 
കെ എൻ ബാലഗോപാൽ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ എന്നിവർ സമീപം

മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങളുടെ വിപുലീകരണ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുകയും പ്രതിനിധികള്‍ ഈ വിഷയത്തില്‍ സംസാരിക്കുകയും അവരുടെ കാഴ്ചപ്പാടും നിര്‍ദേശങ്ങളും വിശദീകരിക്കുകയും ചെയ്തു. അതോടൊപ്പം അമേരിക്കയിലേക്കുള്ള കുടിയേറ്റവും മലയാളി സമൂഹത്തിന്റെ ക്ഷേമവും പുരോഗതിയും തുടങ്ങി നിരവധി പ്രസക്തമായ വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. അമേരിക്കന്‍ മലയാളിയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും ഗുണപരമായ ഇടപെടലുകള്‍ ഇതിന്റെ ഫലമായി ഉരുത്തിരിയും.

ജൂണ്‍ 11ന് ചേര്‍ന്ന ബിസിനസ് മീറ്റില്‍ അമേരിക്കയിലെ പ്രമുഖരായ മലയാളി വ്യവസായികളും സ്ഥാപന മേധാവികളും സംരംഭകരും പങ്കെടുത്തു. അമേരിക്കയിലെ മലയാളി വിദ്യാര്‍ത്ഥി സമൂഹവുമായും സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി വനിതകളുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ വ്യാവസായിക പുരോഗതിക്കും ആരോഗ്യവിദ്യാഭ്യാസസാമൂഹ്യക്ഷേമ മേഖലകളെ മുന്നോട്ടുനയിക്കാനും സഹായകമായ നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ ചര്‍ച്ചകളില്‍ നിന്നും ലഭിച്ചു. കേരളത്തില്‍ കൂടുതല്‍ വ്യവസായ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതകളും ഉയര്‍ന്നു.

അതിനുപുറമേ അമേരിക്കയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നു. പ്രീ ക്ലിനിക്കല്‍ ഗവേഷണ രംഗത്ത് കേരളത്തിന് നല്‍കാവുന്ന സംഭാവനകളെപറ്റി ഫൈസര്‍ ചോദിച്ചു മനസിലാക്കി. ബയോടെക്നോളജി, ബയോ ഇന്‍ഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലെെഡ് മാത്തമാറ്റിക്സ് എന്നീ മേഖലകളിലുള്ള കേരളത്തിലെ ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും സംഘം ചര്‍ച്ച ചെയ്തു. കേരളത്തില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യവും ഫൈസര്‍ പ്രതിനിധികള്‍ പങ്കുവെച്ചു. സെപ്തംബറിനകം ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം സംസ്ഥാനം സന്ദര്‍ശിക്കും.

ജൂണ്‍ 12 ന് ലോകബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അന്ന വെര്‍ദെയുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച്ച നടത്തി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളില്‍ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതര്‍ പറഞ്ഞു. നിലവില്‍ ലോകബാങ്കിന്റെ സഹകരണമുള്ള റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ ജിത്ത് സിംഗ് സന്ധുവുമായും കൂടിക്കാഴ്ച നടത്താന്‍ സാധിച്ചു. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും അതില്‍ എംബസിക്ക് നല്‍കാന്‍ കഴിയുന്ന സഹായങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ടൂറിസം മേഖലയില്‍ സഹകരണത്തിന്റെ വലിയ സാധ്യതകളാണുള്ളത്. മെഡിക്കല്‍ ടൂറിസം രംഗത്തെ സഹകരണംവഴി ആയുര്‍വേദത്തെ ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളി സമൂഹത്തിലെ സര്‍വ്വകലാശാല പ്രൊഫസര്‍മാരെ ഉള്‍പ്പെടെ സഹകരിപ്പിച്ചുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നും പരിശോധിക്കും. ഐ.ടി. ഇന്നൊവേഷന്‍, സ്റ്റാര്‍ട്ടപ്പ്, റിന്യുവബിള്‍ എനര്‍ജി, ഗ്രീന്‍ ഹൈഡ്രജന്‍ മേഖലകളിലുമുള്‍പ്പെടെ അമേരിക്കന്‍ കമ്പനികളും കേരളവുമായുള്ള സഹകരണം സാധ്യമാക്കുന്നതിനുള്ള സാധ്യതകളും അവതരിപ്പിക്കപ്പെട്ടു.

കേരളത്തിലെ സമുദ്രോത്പന്ന കയറ്റുമതിക്കാരുടെയും ആയുര്‍വേദ സ്ഥാപനങ്ങളുടെയും പ്രതിനിധി സംഘത്തിന് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാന്‍ കേരള സര്‍ക്കാര്‍ സൗകര്യമൊരുക്കാന്‍ തീരുമാനിച്ചു. അമേരിക്കയിലെ കമ്പനികളുമായി ഒരു റോഡ് ഷോയും മീറ്റിംഗുകളും സംഘടിപ്പിക്കുന്നതിന് കോണ്‍സുലേറ്റ് കേരള സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും തീരുമാനമെടുത്തു. ഈ മേഖലകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി മലയാളികളുടെ പ്രതിനിധികളെയും ഇതില്‍ ഉള്‍പ്പെടുത്തും.

ഹവാന ഗവര്‍ണറുടെ ക്ഷണപ്രകാരമാണ് ക്യൂബ സന്ദര്‍ശിച്ചത്. കേരളത്തില്‍ സര്‍വ്വതലസ്പര്‍ശിയായ വികസനവും പുരോഗതിയും സാക്ഷാത്കരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പ്രചോദനവും മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭിക്കാന്‍ ക്യൂബയേക്കാള്‍ മികച്ച മാതൃകകള്‍ ലോകത്ത് അധികമില്ല. ഉപരോധങ്ങളേയും രാഷ്ട്രീയ വെല്ലുവിളികളേയും മറികടന്ന് ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്രഗവേഷണം, കായികരംഗം, സാമൂഹ്യക്ഷേമം തുടങ്ങി നിരവധി മേഖലകളില്‍ ക്യൂബ കൈവരിച്ച നേട്ടങ്ങള്‍ അതിശയകരമാണ്. കേരളത്തിന്റെ സാഹചര്യത്തില്‍ ക്യൂബന്‍ മാതൃകയുടെ ചില വശങ്ങള്‍ നമുക്ക് ഇവിടെ വിജയകരമായി പരീക്ഷിക്കാന്‍ സാധിക്കും. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ക്യൂബ സന്ദര്‍ശനം ആസൂത്രണം ചെയ്തത്.

ആരോഗ്യ മേഖലയില്‍ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധത ക്യൂബ പ്രകടിപ്പിച്ചു. പബ്ലിക് ഹെല്‍ത്ത് കെയര്‍, ട്രോപ്പിക്കല്‍ മെഡിസിന്‍, ന്യൂറോ സയന്‍സ് റിസര്‍ച്ച്, മോളിക്യുലാര്‍ ഇമ്മ്യൂണോളജി, കാന്‍സര്‍ ചികിത്സ തുടങ്ങിയ മേഖലകളില്‍ ലോകപ്രശസ്തമായ ക്യൂബന്‍ ആരോഗ്യ സംവിധാനം കൈവരിച്ച നേട്ടങ്ങള്‍ കേരളത്തിനു പ്രചോദനം പകരുന്നതാണ്. അന്താരാഷ്ട്ര നിലവാരത്തോടെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിക്കുന്നതില്‍ ക്യൂബന്‍ ബയോടെക്നോളജിയും ഫാര്‍മസ്യൂട്ടിക്കല്‍സും വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഈ രംഗത്തെ സഹകരണമുറപ്പാക്കുന്നതോടെ ആകര്‍ഷണീയമായ മാറ്റങ്ങളാണ് കേരളത്തിലുണ്ടാവുക. ആരോഗ്യ അനുബന്ധ മേഖകളില്‍ ആഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്തു.

ബയോക്യൂബഫാര്‍മയുമായി സഹകരിച്ച് കേരളത്തില്‍ ഒരു വാക്സിന്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താല്‍പര്യം അറിയിച്ചു. ശ്വാസകോശാര്‍ബുദം, ഡെങ്കിപ്പനി മുതലായവയ്ക്കുള്ള വാക്സിനുകള്‍, ഡയബറ്റിക്ക് ഫൂട്ട്, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ക്യൂബന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സസുമായി സംയുക്ത ഗവേഷണപദ്ധതികളും ആവിഷ്കരിക്കും.

ക്യുബയിലേയും കേരളത്തിലെയും ആരോഗ്യ സ്ഥാപനങ്ങള്‍ തമ്മില്‍ സഹകരണത്തിനും നിരന്തര ആശയ വിനിമയത്തിനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കും. വാര്‍ഷിക ശില്‍പശാലകളിലൂടെയും മറ്റും ഈ രംഗത്തെ ബന്ധം സുദീര്‍ഘമായി നിലനിര്‍ത്താന്‍ ശ്രമിക്കും. ഈ കാര്യങ്ങളില്‍ ഉടനടി നടപടികളുണ്ടാകും.

തുടര്‍ നടപടികള്‍ക്കായി കേരളത്തിലെയും ക്യൂബയിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. കേരളത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതിന് നേതൃത്വം നല്‍കും. ആരോഗ്യ , ഗവേഷണ, നിര്‍മ്മാണ രംഗത്തെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്യൂബന്‍ പ്രതിനിധി സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ചു.

കേരളത്തിന്റെ കായികമേഖലയുടെ വളര്‍ച്ചയ്ക്ക് അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങള്‍ ലഭ്യമാക്കുമെന്ന ഉറപ്പു ലഭിച്ചു. ക്യൂബയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡന്റ് റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.

വോളിബോള്‍, ജൂഡോ, ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങള്‍ എന്നിവയില്‍ കേരളത്തിലെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ക്യൂബയില്‍ നിന്നുള്ള പരിശീലകരെ കൊണ്ടുവരുന്നതിനാവശ്യമായ കരാര്‍ ഒരു മാസത്തിനകം ഒപ്പിടും. മൂന്ന് മാസത്തിനകം ചെഗുവേര മെമ്മോറിയല്‍ കേരളക്യൂബ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ഓണ്‍ലൈന്‍ ചെസ് അക്കാദമി ആരംഭിക്കുന്നതിന്റെ സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കും.

ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങള്‍ക്കായി അയക്കുന്നതിനുള്ള താല്പര്യവും അറിയിച്ചു. കേരളത്തിന്റെയും ക്യൂബയുടേയും കായികമേഖലകളുടെ വികാസത്തിനായി സഹകരിക്കാനുള്ള ക്യൂബയുടെ സന്നദ്ധത റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോ അറിയിച്ചു. എക്സേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും അദ്ദേഹം ചര്‍ച്ച ചെയ്തു.

ക്യൂബന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചു. കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാല്‍ പറഞ്ഞു. 2023 നവംബറില്‍ നടക്കുന്ന ഹവാന ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിലേക്ക് കേരളത്തില്‍ നിന്നുള്ള സംരംഭകരുടെ പ്രതിനിധി സംഘം ഉണ്ടാകും.

കേരളവും ക്യൂബയും പ്രധാന ടൂറിസം ആകര്‍ഷക കേന്ദ്രങ്ങളാണ്. ടൂറിസം വികസനത്തിലുള്ള സഹകരണത്തിലൂടെ പരസ്പരം അറിവുനേടാനും പങ്കുവെക്കാനും സാധിക്കും. അവരുടെ ഔദ്യോഗിക സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം ഹവാന ഡെപ്യൂട്ടി ഗവര്‍ണര്‍, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

നമ്മുടെ കാര്‍ഷിക സര്‍വ്വകലാശാലകളും തെങ്ങിന്‍ തോട്ടങ്ങളും സന്ദര്‍ശിക്കാന്‍ ക്യൂബയില്‍ നിന്നുള്ള കാര്‍ഷിക വിദഗ്ധരെ സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിക്കും.ക്യൂബയിലെ പ്രമുഖ സര്‍വകലാശാലകളുമായും അവരുടെ ഐടി കമ്മ്യൂണിറ്റിയുമായും ഐടി, ഗവേഷണം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ സഹകരിക്കുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും തിരിച്ചറിയുന്നതിന് കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി നേതൃത്വം നല്‍കും. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പുസ്തകമേളകളിലും പരസ്പരം പങ്കാളികളാകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ചലച്ചിത്ര അക്കാദമിയും സാഹിത്യ അക്കാദമിയും ക്യൂബയുമായി യോജിച്ചു പ്രവര്‍ത്തിക്കും.

പൊതുജനാരോഗ്യരംഗത്ത് ലോക മാതൃകകളായ കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും. ക്യൂബന്‍ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാര്‍ഗരിറ്റ ക്രൂസ് ഹെര്‍ണാണ്ടസ് കേരളത്തിന്റെ ആരോഗ്യമേഖലയുമായി സഹകരിക്കാനുള്ള താല്പര്യം അറിയിച്ചു. പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാന്‍ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും വിനിമയവും നടത്തും. ഉഷ്ണമേഖലാ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയെപ്പറ്റി ഗവേഷണവും അതിവേഗ രോഗനിര്‍ണയത്തിനുള്ള ചികിത്സാ സാധ്യതകളും പങ്കുവെക്കും. ക്യൂബയില്‍ ആയുര്‍വേദം വികസിപ്പിക്കാന്‍ കേരളം സഹായിക്കും. ക്യൂബക്കാര്‍ക്ക് അതിനുവേണ്ട പരിശീലനവും വൈദഗ്ദ്ധ്യവും നല്‍കും.

പൊതുജനാരോഗ്യം, മെഡിക്കല്‍ ഗവേഷണം, ട്രോപ്പിക്കല്‍ മെഡിസിന്‍, കാന്‍സര്‍ ചികിത്സ, ടെലിമെഡിസിന്‍ മുതലായ മേഖലയില്‍ ക്യൂബയുടെ സഹകരണം കേരളത്തിന് ഗുണകരമാകുമെന്ന് അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാക്കാനുള്ള കേരളത്തിന്റെ ശ്രമത്തിനു ക്യൂബന്‍ മാതൃകയില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന പ്രത്യാശയും മന്ത്രിയുമായി പങ്കുവച്ചു. ക്യൂബന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികള്‍, ക്യൂബന്‍ മെഡിക്കല്‍ സര്‍വീസസ് ട്രേഡിങ്ങ് കമ്പനി പ്രസിഡന്റ് യമില ഡി അര്‍മാസ് അവില, ഐപികെ (ട്രോപ്പിക്കല്‍ മെഡിസിന്‍) ഡയറക്ടര്‍ യാനിരിസ് ലോപസ് അല്‍മാഗ്വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യൂബയിലെ ചര്‍ച്ചകളുടെ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. ബയോ ക്യൂബ ഫാര്‍മയുമായും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സസുമായും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രണ്ട് ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, മലബാര്‍ കാന്‍സര്‍ സെന്റര്‍, ഡ്രഗ്സ് കണ്‍ട്രോളര്‍, എസ്.എച്ച്.എസ്.ആര്‍.സി. എന്നിവരെ വിളിച്ചു ചേര്‍ത്ത് മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തി. കര്‍മ്മ പദ്ധതി തയ്യാറാക്കി ഓണ്‍ലൈനായി ക്യൂബന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയാണ്. ശ്വാസകോശ കാന്‍സറിനെതിരെയുള്ള വാക്സിന്‍, ഡെങ്കിക്കെതിരെയുള്ള വാക്സിന്‍ എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. ഡയബറ്റിക് ഫൂട്ട്, തൊലിക്കുണ്ടാകുന്ന നിറവ്യത്യാസം തുടങ്ങിയവയ്ക്കെതിരെ ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടതും ഫലപ്രദമായതുമായ മരുന്നുകള്‍ ക്യൂബ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ മരുന്നുകള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകളും തുടരുകയാണ്.

ജൂലൈ 18 നു ദുബായില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനുള്ള അവസരം ഒരുക്കുന്നതിനായാണ് സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. അതില്‍ ആദ്യത്തേതാണ് ദുബായില്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ യു.എ.ഇയ്ക്ക് പുറമേ യു.എസ്.എ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

പ്രവാസി സമൂഹത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളില്‍ ആദ്യത്തേത് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ വര്‍ഷം 20,000 തൊഴിലവസരം സ്റ്റാര്‍ട്ടപ്പുകളില്‍ ഉണ്ടാകും. പഠിച്ചു കഴിഞ്ഞാല്‍ ഉടന്‍ തൊഴിലെന്നാണ് നേരത്തെ ആലോചിക്കാറുള്ളത്. തൊഴില്‍ദാതാക്കളാകുക എന്ന വിപ്ലവകരമായ മാറ്റം സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സംസ്ഥാനത്ത് ഉണ്ടാക്കി. ഈ മാറ്റം എങ്ങനെ നമ്മുടെ നാട്ടില്‍ യുവജനങ്ങളില്‍ ഗുണകരമായ വിധത്തില്‍ നടപ്പാക്കാന്‍ കഴിയും എന്നതാണ് ഐടി വകുപ്പ് പരിശോധിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് ലോകത്തെയാകെ കേരളവുമായി ബന്ധിപ്പിക്കുകയാണ്. ഈ കാര്യത്തില്‍ വലിയ പിന്തുണയാണ് യുഎഇയില്‍ നിന്ന് ലഭിക്കുന്നത്. ഐടി രംഗത്തെ കേരളത്തിന്റെ ഏത് ചുവടുവയ്പിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ മലയാളി മേധാവികളുമായി ബന്ധപ്പെട്ട് ഈ കമ്പനികളുടെ സാന്നിദ്ധ്യം കേരളത്തില്‍ ഉറപ്പിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.

ലോകത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ കേരളം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഈ സല്‍പ്പേര് ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാണ് പുതിയ കേന്ദ്രം ആരംഭിക്കുന്നത്. ഇതിലൂടെ ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലെ പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനത്തിലൂടെ പ്രവാസികള്‍ക്കും കമ്പനി അവിടെത്തന്നെ പ്രവര്‍ത്തിക്കാനാകും. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് നിക്ഷേപം സ്വീകരിക്കല്‍, പ്രവര്‍ത്തനം വിപുലീകരിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇന്‍ഫിനിറ്റി കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുടര്‍ സാധ്യതകള്‍ മനസ്സിലാക്കി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇത്തരത്തിൽ നാടിന്റെ പുരോഗതിക്ക് ആക്കം നൽകാൻ സാധിക്കുന്ന നിരവധി പുതിയ ആശയങ്ങൾക്കും പദ്ധതികൾക്കും അടിത്തറയൊരുക്കാൻ ഈ സന്ദർശനങ്ങൾ വഴി തെളിച്ചു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − nine =

Most Popular