നാസി ക്യാമ്പുകളിൽപോലും കേട്ടുകേൾവിയില്ലാത്ത വിധം മണിപ്പൂരിൽ മൂന്ന് മാസമായി സ്ത്രീകളും പെൺകുഞ്ഞുങ്ങളും ലൈംഗികമായി ആക്രമിക്കപ്പെടുകയും ചുട്ടുകൊല്ലപ്പെടുകയും ചെയ്യുന്നു. സ്ത്രീകളുടെ ലൈംഗികാവയവങ്ങൾ മുറിച്ചെടുക്കുകയും അവരെ നഗ്നരാക്കി തെരുവിൽ നടത്തുകയും ചെയ്യുന്നു. ഇത് ആകസ്മികമായി സംഭവിക്കുന്നതല്ല. ദൈനംദിനം മണിപ്പൂരില്‍ ഇത്തരം നൂറുനൂറു സംഭവങ്ങള്‍ അരങ്ങേറുന്നു. എന്നിട്ടും മണിപ്പൂരി സർക്കാർ അതേപടി അവിടെ നിലനിൽക്കുന്നുവെന്നതും കേന്ദ്രസർക്കാരിനെതിരെ മുഴുവൻ ഇന്ത്യയും ഉയർത്തെഴുന്നേൽക്കുന്നില്ലെന്നതും എന്നെ അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ദയനീയ പതനമായി ഞാനതിനെ കണക്കാക്കുന്നു.
നിർഭയ ആക്രമിക്കപ്പെട്ട ദിവസം നാം ഡൽഹിയിൽ ഉയർത്തിയ കൊടുങ്കാറ്റിനെ ഞാനോർക്കുന്നു. എന്തുകൊണ്ടാണ് ദുരൂഹമായ ഈ മൗനം?ക്രിസ്ത്യൻ സമൂഹവും പള്ളികളുമാണ് ആക്രമിക്കപ്പെടുന്നത് എന്നതാണോ കാരണം? അതോ ഇന്ത്യയ്ക്ക് അതിന്റെ ശരീരത്തില്‍ ഇതുവരെയും ചേർക്കാൻ കഴിഞ്ഞിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളുടെ പ്രശ്നമായതുകൊണ്ടാണോ ഈ അവഗണന?
ഇതുവരെ 359 പള്ളികളും ക്വാര്‍ട്ടേഴ്സുകളും നശിപ്പിക്കപ്പെട്ടു.147 ഗ്രാമങ്ങള്‍ കത്തി നശിച്ചു. 7247 വീടുകള്‍ അഗ്നിക്കിരയായി. നൂറുകണക്കിന് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. 4625 പേര്‍ മണിപ്പൂരില്‍ നിന്ന് പലായനം ചെയ്തു. 2003 മെയ് മൂന്നിനാണ് മണിപ്പൂരിൽ നിന്നുള്ള ആദ്യ കലാപവാർത്ത പുറത്തുവരുന്നത്. മെയ് 4ന് ലോക ബോക്സിംഗ് ചാമ്പ്യന്‍ മേരികോം തന്റെ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. ‘‘എന്റെ നാട് മണിപ്പൂര്‍ കത്തുകയാണ്. സഹായിക്കൂ.”
മാധ്യമങ്ങളെ സെൻസര്‍ ചെയ്തും ഇന്റർനെറ്റ് വിച്ഛേദിച്ചും മണിപ്പൂരിനെ മറച്ചുപിടിക്കാൻ ബിരേൻ സിംഗ് സർക്കാരും കേന്ദ്ര സർക്കാരും നടത്തിയ ശ്രമം പരാജയപ്പെട്ടത് സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ പുറത്തുവന്നതിലൂടെയാണ്.അങ്ങനെ ഒരു വീഡിയോ പുറത്തുവന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു. പ്രധാനമന്ത്രിയുടെ ഒരു അപലപന പ്രസ്താവനയിൽ തീർന്നു പോകുമായിരുന്നു. അപ്പോഴും നരേന്ദ്രമോദിയുടെ സെക്കൻഡുകൾ മാത്രം നീണ്ട പ്രതികരണം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന അതിക്രമത്തെ ചൂണ്ടിക്കാണിച്ചു മണിപ്പൂർ വിഷയത്തെ സാമാന്യവൽക്കരിക്കുന്നതായിരുന്നു.
മണിപ്പൂരിൽ സംഭവിക്കുന്നത്
2000 ത്തിനു ശേഷം താരതമ്യേന ശാന്തമായിരുന്ന മണിപ്പൂരിൽ ഇപ്പോൾ എന്ത് സംഭവിച്ചു ?അവിടെ നടക്കുന്നത് മേയ്ത്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കുടിപ്പക മാത്രമാണോ? അല്ലെന്ന് മണിപ്പൂരിനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ കലാപം പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ്. അതിന്റെ പിന്നിൽ സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ആ അജൻഡ നടപ്പാക്കുന്നതിന് മെയ്ത്തി, കുക്കി വിഭാഗങ്ങൾക്കിടയിലുള്ള രാഷ്ട്രീയവും ഭരണപരവുമായ തർക്കങ്ങൾ ഉപയോഗിച്ചുവെന്നേയുള്ളൂ. മെയ്ത്തി, മണിപ്പൂരിലെ ജനസംഖ്യയിൽ ഭൂരിപക്ഷംവരുന്ന ഹിന്ദു വിഭാഗമാണ്. തങ്ങളെ ഗോത്ര സമൂഹമായി കണക്കാക്കുന്നതിൽ നിന്ന് ഒരുകാലത്ത് അവര്‍ മാറിനിൽക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ ഒരു വിഭാഗം വൈഷ്ണവ മതം സ്വീകരിക്കുകയും സ്വയം ജാതി ഹിന്ദുക്കളായി പരിണമിക്കുകയും ചെയ്തു. മാത്രമല്ല പരമ്പരാഗത വിശ്വാസം പുലർത്തിയിരുന്ന മെയ്ത്തികളെ അശുദ്ധരും തൊട്ടുകൂടാത്തവരും താഴ്ന്നവരുമായി കണക്കാക്കുകയും ചെയ്തു. പിന്നീട് ഈ ജാതി ഹിന്ദുക്കൾ ബ്രാഹ്മണരായും മെയ്ത്തി രാജകുമാർ ആയും അറിയപ്പെട്ടു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനുശേഷം ഇവരും ഒ ബി സി പട്ടികയിൽ ഉൾപ്പെട്ടു. മെയ്ത്തികളില്‍ ഭൂരിഭാഗം വ്യക്തികൾക്കും സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നവരാണ്. നിലവിൽ മണിപ്പൂർ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തുന്നവരാണ് മെയ്ത്തികൾ. ഈ വിഭാഗത്തെ പട്ടികജാതി വിഭാഗത്തിൽ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം ഉയർന്ന വിഭാഗത്തെ സാമൂഹിക അധികാരത്തിൽ മാറ്റമില്ലാതെ ഉറപ്പിക്കുന്നതും മറ്റു വിഭാഗങ്ങളെ സാമൂഹിക അധികാരത്തിൽ നിന്ന് തുടച്ചുമാറ്റപ്പെടുന്നതും ആയിരിക്കും. ഇത്തരമൊരു കോടതി പരാമര്‍ശമാണ് കലാപത്തിന്റെ വിത്തായി പ്രവർത്തിച്ചത്. ഈ വിത്ത് വളർത്തി വലുതാക്കുന്നതിലും അഗ്നിയാക്കി കത്തിപ്പടർത്തുന്നതിലും സാഹചര്യമൊരുക്കിയത് സംസ്ഥാന ബിജെപി സർക്കാരാണ്. ഇതിനു മറ്റൊരുദ്ദേശ്യം കൂടിയുണ്ട്. മലനിരകളിലെ വിഭവസമൃദ്ധമായ വനഭൂമി കോർപ്പറേറ്റുകൾക്ക് ലഭ്യമാക്കുക എന്നതാണത്. ആദിവാസി ഭൂമികളിലേക്ക് കണ്ണുനട്ട് കാത്തിരിക്കുന്ന വൻകിടക്കാർക്കുവേണ്ടി നിയമനിർമ്മാണങ്ങൾ നടത്താൻപോലും മണിപ്പൂരി സർക്കാർ തുനിഞ്ഞിട്ടുണ്ട്.
വിഭജന രാഷ്ട്രീയത്തിലൂടെ സമുദായങ്ങൾക്കിടയിലെ ഭിന്നത വളർത്തിയെടുത്ത് സാധാരണക്കാരുടെ സ്വത്തും ഉപജീവനവും തട്ടിയെടുക്കുന്ന തന്ത്രം ഇവിടെയും ആവർത്തിക്കുന്നു.
സമൂഹം ദുർബലമായി നിൽക്കുന്ന കാലത്ത് വംശങ്ങൾ തമ്മിലുള്ള ഐക്യത്തിനും സാഹോദര്യത്തിനും ശക്തി പകരേണ്ടിയിരുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മെയ്ത്തി, കുക്കി വിഭാഗങ്ങൾക്കിടയിൽ കൂടുതൽ വിള്ളൽവീഴ്ത്താനാണ് ശ്രമിച്ചത്. കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹം ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിനോട് ഇങ്ങനെ പറഞ്ഞു. ‘‘വിദേശികളായ കുക്കി കുടിയേറ്റക്കാർ സംസ്ഥാനത്തെ തദ്ദേശീയരായ ഗോത്രവർഗ്ഗക്കാരുടെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ അധികാരങ്ങളെ തട്ടിയെടുത്തു. അവരെ രണ്ടാംകിട പൗരരാക്കി.”
ഇതേ ബിരേൻ സിംഗ് അഞ്ചുവർഷം മുൻപ് സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർ ഇല്ലെന്ന് തറപ്പിച്ചു പറഞ്ഞിരുന്നു. കുക്കികളെ ബിരേൻ സിംഗ് തന്റെ രാഷ്ട്രീയലാക്കിനുവേണ്ടി സമൃദ്ധമായി അക്കാലത്ത് ഉപയോഗിച്ചു. പക്ഷേ പിൽക്കാലത്ത് കുക്കികളെയും അവരുടെ പരാതികളെയും നിരന്തരം അദ്ദേഹം അവഗണിക്കുകയും അവരെ കുടിയേറ്റക്കാർ എന്ന് മുദ്രകുത്തുകയും ചെയ്തു. കേവലം ഒരു മെയ്ത്തി എന്ന നിലയിലേക്ക് അദ്ദേഹം ചുവടുറപ്പിച്ചു. മല- – താഴ്വര വിഭജനം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയും കുക്കികള്‍ ക്രമേണ തലസ്ഥാന നഗരിയായ ഇംഫാലിന്റെ സാമൂഹിക രാഷ്ട്രീയ അധികാരത്തിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. അവർ സമൂഹത്തിൽ അവഗണിക്കപ്പെടുകയും അന്യവൽക്കരിക്കപ്പെടുകയും ചെയ്തു. മണിപ്പൂരിലെ ദുർബലവിഭാഗങ്ങളെ ഭൂരിപക്ഷ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിൽനിന്നും സംസ്ഥാന സർക്കാർ ബോധപൂർവ്വം ഒഴിഞ്ഞുനിന്നു.
മണിപ്പൂരിൽ നടക്കുന്ന കലാപങ്ങൾക്കും വംശഹത്യക്കും ക്രിസ്ത്യൻ വേട്ടയ്ക്കും ഒരു ചരിത്രമുണ്ട്. അത് ഗുജറാത്തിൽ നിന്ന് ഒറീസയിലെ കന്ദമാലിലേക്കും മണിപ്പൂരിലേക്കും വ്യാപിച്ചുകിടക്കുന്നു. ഫാസിസത്തിന്റെ ഇന്ത്യൻ ചരിത്രം സൂക്ഷ്മമായി നിരീക്ഷിക്കാനും മനസ്സിലാക്കാനും വർഗീയതയ്ക്കും ഫാസിസത്തിനുമെതിരെ നിലയുറപ്പിക്കുന്നവര്‍ ഒരു ബാധ്യതയായി ഏറ്റെടുത്ത് തയ്യാറാകണം. മധ്യതിരുവിതാംകൂറില്‍ കേരളകോണ്‍ഗ്രസ് ദുര്‍ബലമായപ്പോള്‍ സംഭവിപ്പിച്ച നാഷണല്‍ പ്രോഗ്രസീവ് പാര്‍ടിയുടെ രൂപീകരണവും മറ്റും രാഷ്ട്രീയനിരീക്ഷകര്‍ അത്ര നിഷ്കളങ്കമായി കാണുന്നില്ല.
പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ഗുജറാത്തിലും ഒറീസയിലെ കന്ദമാലിലും നേരിട്ടുപോയി അവിടെ എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കാനിടവന്നിട്ടുണ്ട്. ഗുജറാത്തിലെ മുസ്ലിങ്ങൾ, കന്ദമാലിലെ ക്രിസ്ത്യാനികൾ, മണിപ്പൂരിലെ കുക്കികൾ-… ഇത് ഒരു ദ്വന്ദ്വസംഘര്‍ഷമായി ലളിതവല്ക്കരിക്കാന്‍ സാധ്യതയുണ്ട്. ഇവയൊന്നും ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമോ കലാപമോ ആയി ഉടലെടുത്തതല്ല. മറിച്ച് പ്രബല വിഭാഗത്തിനിടയിലും ദുർബല വിഭാഗത്തിനിടയിലും ബോധപൂർവ്വം സൃഷ്ടിച്ചെടുക്കുന്ന അധികാരത്തിന്റെയും അപരത്വത്തിന്റെയും സങ്കീർണമായ രാഷ്ട്രീയത്തിന്റെ അവസ്ഥാന്തരമാണ്.
മ്യാൻമറിലേക്കും തെക്കുകിഴക്കനേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ അതിസുന്ദരമായ കവാടമാണ് മണിപ്പൂർ. ഈ സുന്ദര കവാടത്തിനെ നരകവാതിൽ ആക്കി തീര്‍ക്കാതിരിക്കാനുള്ള ജാഗ്രത ഇന്ത്യയിലെ ഫാസിസ്റ്റുവിരുദ്ധരായ എല്ലാ ജനവിഭാഗങ്ങള്‍ക്കുമുണ്ട്. ♦