ഒരു സംശയവുമില്ല.മണിപ്പൂരിലെ ആ ആൾക്കൂട്ടം നമുക്കു ചുറ്റും പതിയിരിപ്പുണ്ട്. ‘ഡിജിറ്റൽ ഇന്ത്യ! ബേട്ടീ ബച്ചാവോ!’ എന്ന വാക്കുകൾ കേട്ടപ്പോഴേക്കും പാഞ്ഞെത്തുന്ന ആ ക്രൂരത അതേ ആൾക്കൂട്ടം തന്നെയാണ്.
കേരളം മണിപ്പൂരല്ല എന്നാശ്വസിക്കുമ്പോഴും ഭയക്കണം.. ജാഗ്രത പുലർത്തണം.. ഫാസിസത്തിനെതിരെ വർണ്ണവർഗ്ഗഭേദമന്യേ ഇന്നാട്ടിലെ മുഴുവന്‍ മനുഷ്യരും ഐക്യപ്പെടേണ്ട കാലഘട്ടമാണിത്. ഫാസിസത്തെ ചവിട്ടിപ്പുറത്താക്കാൻ മതനിരപേക്ഷതയ്ക്കേ കഴിയൂ. ഇന്ത്യൻ മതനിരപേക്ഷത തകര്‍ന്നാല്‍ ഇവിടെ ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കുന്നത് സ്ത്രീകൾക്കും ദളിതർക്കും ദരിദ്രർക്കും ന്യൂനപക്ഷങ്ങൾക്കുമായിരിക്കുമെന്ന് മണിപ്പൂർ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്.
കെ ഇ എന്റെ വാക്കുകൾ കടമെടുത്താൽ “ഒരു ഗുജറാത്തുണ്ടാവുന്നത് ഒരു ദിവസം ഒരു റെയില്‍വേ സ്റ്റേഷനില്‍വച്ചോ മറ്റൊരു ബസ്‌സ്റ്റോപ്പില്‍വച്ചോ അല്ല. അതിനു പിറകില്‍ ദീര്‍ഘകാലത്തെ ഫാസിസ്റ്റ് രാഷ്ട്രീയമുണ്ട്…’
വംശീയത മതമായി കൊണ്ടു നടക്കുന്ന വിഷജന്തുക്കൾ ഇവിടെയും ഊഴം കാത്തിരിപ്പുണ്ട്. ദംഷ്ട്രകൾ അകത്തേക്കാക്കിക്കൊണ്ട്.പുറത്തേക്കെടുക്കാൻ അവസരം കിട്ടിയാൽ എടുക്കും. എടുക്കുന്നുണ്ട്..
ഇന്നലെ ആ വീഡിയോ കണ്ടപ്പോൾ അത് മണിപ്പൂരിൽ നടക്കുന്ന പീഡനത്തിന്റെ ഏറ്റവും ഭീകരമായ ദൃശ്യമാണെന്നാണ് കരുതിയത്.. ചിലർ അത് മണിപ്പൂരിലെ ദൃശ്യമല്ലെന്നും മ്യാൻമറിൽ നടന്നതാണെന്നും പ്രചരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇത്രത്തോളം അധഃപതിച്ചില്ലല്ലോ എന്റെ രാജ്യമെന്നോർത്ത് ആശ്വസിക്കാൻ ശ്രമിച്ചു.പക്ഷേ തീർത്തും സ്വാർത്ഥബുദ്ധ്യാലുള്ള ആ ആശ്വാസം താൽക്കാലികമായിരുന്നു. അത് മണിപ്പൂർതന്നെയാണ്. അവിടെ നടക്കുന്ന ദൃശ്യങ്ങൾ ഓരോന്നോരോന്നായി കൺമുമ്പിൽ വന്നുകൊണ്ടിരിക്കുന്നു.
ഒരു മതേതരജനാധിപത്യരാഷ്ട്രത്തിൽ ജീവിക്കുന്ന ജനത ലോകത്തിനു മുന്നിൽ അപമാനംകൊണ്ട് തലകുനിച്ചു നിൽക്കേണ്ടിവരികയാണ്.മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ആ സംഭവം നടന്നത് മെയ് നാലിനാണ്. എന്തുകൊണ്ടാണ് നമ്മളിത്രനാളും അതറിയാതിരുന്നത്? ആ വീഡിയോകൾ നീക്കണം എന്ന് കൽപ്പിച്ച തമ്പ്രാക്കന്മാർ ഇതുവരെ അക്കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് വിശ്വസിക്കണോ? ഇത്രനാളും അവിടെ ഇന്റർനെറ്റ് നിരോധിച്ചത് നിഷ്കളങ്കമായ പ്രവൃത്തിയാണോ?
ഇന്നാട്ടിൽ ജനിച്ചതിന്റെ പേരിൽ മനുഷ്യർ ഇനിയും എന്തൊക്കെ അനുഭവിക്കണം? ചാനൽ ചർച്ചയിൽ മണിപ്പൂരിൽ നിന്നും ഫാദർ ജോൺസൻ തെക്കടയിൽ സംസാരിക്കുന്നതു കേട്ടതിന്റെ വിറയലിപ്പോഴും മാറിയിട്ടില്ല. സംഭവത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നത് കേട്ടാൽ മനുഷ്യർ പിടഞ്ഞു പോകും.
“….. മെയ് മാസം 4 ന് നടന്ന ഒരു ബ്രൂട്ടൽ പീഡനത്തിന്റെ ഒരു ചിത്രമാണ് ഇന്നലെ ഞങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇതുപോലെ നിരവധിയുണ്ട്. അതൊന്നും വെളിയിൽ വിടാൻ കഴിയുകയില്ല. ഈ ശവശരീരങ്ങളൊന്നുംതന്നെ ഇതുവരെ സംസ്കരിച്ചിട്ടില്ല എന്ന കാര്യം നിങ്ങൾക്കറിയാമോ? 112 ശവശരീരങ്ങളിപ്പോഴും മണിപ്പൂരിൽ ശവസംസ്കാരത്തിനു വേണ്ടി കാത്ത് കിടക്കുകയാണ്. അവർക്ക് കിട്ടേണ്ടുന്ന നീതി കിട്ടാത്തിടത്തോളം കാലം അവരതിന് മുതിരുകയില്ലെന്ന് ഒരുമിച്ചു പറയുന്നു. പ്രിയപ്പെട്ട ആ മകളെയും ആ സഹോദരിയെയും ക്രൂരമായി ബലാത്സംഗം ചെയ്യുക മാത്രമല്ല, അവരുടെ സ്വകാര്യഭാഗങ്ങൾ അരിഞ്ഞെടുത്ത കാര്യം കൂടി നിങ്ങളറിയണം.അങ്ങനെ എത്ര പേർ കൊല്ലപ്പെട്ടിരിക്കുന്നു. ആരറിയുന്നു? ആര് ചോദിക്കുന്നു? ഇക്കാര്യം നേരത്തെ സുപ്രീം കോടതിയിൽ അറിയിച്ചിട്ടുള്ളതാണ്. ഇന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി അക്കാര്യം ഏറ്റെടുത്തതിൽ ഒരുപാടൊരുപാട് നന്ദി മണിപ്പൂർ ജനതയുടെ ഹൃദയത്തിന്റെ ഭാഷയിൽ അറിയിക്കുകയാണ്.’
പത്തെഴുപത്തഞ്ച് ദിവസങ്ങളായിട്ടും വാ തുറക്കാതിരുന്ന പ്രധാനമന്ത്രി ഇപ്പോൾ വാ തുറന്നിരിക്കുന്നത് തീരെ ഗത്യന്തരമില്ലാഞ്ഞിട്ടാണ്. കാരണം ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് അദ്ദേഹം പ്രതികരിക്കേണ്ടി വന്നിരിക്കുന്നത്.
ഈ ബിജെപി സർക്കാരിന്റെ കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന ക്രൂരതകൾ എത്ര വലുതാണെന്നുള്ളത് ലോകം അറിഞ്ഞിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയാഞ്ഞതുകൊണ്ടാണ് ആദരണീയനായ പ്രധാനമന്ത്രി അത്രയെങ്കിലും വാ തുറന്നിരിക്കുന്നത്…
യാഥാർത്ഥ്യങ്ങളൊന്നുംതന്നെ വെളിയിലേക്കു വരുന്നില്ല.മഞ്ഞുമലയുടെ ഒരറ്റം മാത്രമേ വെളിയിലേക്കു വന്നിട്ടുള്ളൂ. ലോകം മുഴുവൻ ഞെട്ടി വിറയ്ക്കുന്ന കാര്യങ്ങൾ വരാനിരിക്കുന്നതേയുള്ളൂ…
1999 മെയ് 3 നായിരുന്നു കാർഗിൽ യുദ്ധമാരംഭിച്ചത്. അവസാനിച്ചത് ജൂലൈ 26 നും. ആ യുദ്ധത്തിൽ സൈനികനായി രാജ്യസംരക്ഷണത്തിനായി സേവനമനുഷ്ഠിച്ച് വിരമിച്ച വ്യക്തിയാണ് മണിപ്പൂരിൽ ഒരു കൂട്ടം ഭ്രാന്തന്മാരാൽ പീഡിപ്പിക്കപ്പെട്ട സ്ത്രീകളിൽ ഒരാളുടെ ഭർത്താവ്.
24 വർഷങ്ങൾക്കുമുമ്പ് അതിർത്തിയിൽ ജീവന്മരണപോരാട്ടം നടത്തിയ ആ മനുഷ്യനും ഭാര്യയും വർഷങ്ങൾക്കിപ്പുറം അതേ ദിവസം നേരിടേണ്ടിവന്ന പീഡനങ്ങൾ തകർന്നു തരിപ്പണമായ മനസ്സോടെ ഓർത്തെടുക്കുകയാണ്.
പട്ടാളക്കാരെന്നു കേൾക്കുമ്പോഴേക്കും ദേശസ്നേഹവിജൃംഭിതരാകുന്ന ആളുകളൊക്കെ ആ മനുഷ്യന്റെ വാക്കുകളൊന്ന് കേൾക്കണം. ഇപ്പോഴും ആ ഭ്രാന്തൻകൂട്ടത്തെ ന്യായീകരിക്കുന്ന നിങ്ങൾ നിങ്ങളുടെ മുഖത്തേക്ക് കണ്ണാടി നോക്കിയെങ്കിലും ഒന്ന് കാർക്കിച്ചു തുപ്പണം.
ചോദ്യം: ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ടിച്ച വ്യക്തിയാണ് താങ്കൾ. വ്യക്തിജീവിതത്തിലുണ്ടായ ഈ ദുരന്തത്തെ എങ്ങനെ കാണുന്നു?
ഉത്തരം: ‘‘കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ആളാണ് ഞാൻ. എന്റെ രാജ്യത്തിന്റെ അഭിമാനത്തിനായി പോരാടിയവൻ. പക്ഷേ, ആ ദിവസം എന്റെ സ്വന്തം രാജ്യത്ത് ആ അക്രമിക്കൂട്ടത്തിൽനിന്ന് എനിക്കെന്റെ ഭാര്യയുടെ അഭിമാനം സംരക്ഷിക്കാനായില്ല. അതേക്കുറിച്ച് പറയാൻ പോലും എനിക്ക് വാക്കുകളില്ല……….
….എനിക്ക് രാഷ്ട്രീയമൊന്നും മനസിലാവുന്നില്ല. ഞാനെന്റെ രാജ്യത്തെ സേവിച്ചു. എനിക്ക് പ്രധാനമന്ത്രിയോട് പറയാനുള്ളത് സ്ത്രീകൾക്ക് നീതി കിട്ടണം എന്നാണ്. ഞങ്ങൾക്ക് നീതി ലഭിക്കണം. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ഒരു ചെറിയ കച്ചവടം ആരംഭിച്ച് ഒരു മിനി ട്രക്കും വാങ്ങി ഞാൻ ജീവിക്കുകയായിരുന്നു. ഇന്ന് എനിക്ക് വീടില്ല, ആ ട്രക്കും അക്രമികൾ കത്തിച്ചു. കച്ചടവടത്തിനായി വാങ്ങിയ ഉപകരണങ്ങൾ കൊള്ളയടിക്കപ്പെട്ടു.
ഞാനോ? ഇവിടെ എന്റെ ഭാര്യയ്ക്കൊപ്പം, മറ്റ് ഇരകൾക്കൊപ്പം നിസ്സഹായനായി നിൽക്കുകയാണ്.’’
വംശീയതയുടെയും അപരമതവിദ്വേഷത്തിന്റെ യും പരകോടിയിൽ നിന്നുകൊണ്ട് നിരന്തരം വിഷംതുപ്പുന്ന ഈ ജീവികളെപ്പറ്റി ഒരു ചാനൽചർച്ച എന്താണ് വരാത്തത്? ഇവരെ വെറുതെ വിടണോ എന്ന് ന്യൂസ് അവറിൽ വിനു വി ജോണിന് ചോദിക്കാൻ കഴിയാത്തതെന്താണ്?
നിയമപരമായി പലരും മുന്നോട്ടുപോയിട്ടുണ്ടെന്നറിഞ്ഞു.. ഇത്ര വർഗീയത തുപ്പാനുള്ള ഒരു സ്പേസ് ഇവിടെ നിലനിൽക്കുന്നത് തീർച്ചയായും അപകടം തന്നെയാണ്. ♦