Tuesday, May 21, 2024

ad

Homeകവര്‍സ്റ്റോറിഉത്തരവാദികളാര്

ഉത്തരവാദികളാര്

സി പി നാരായണൻ

കൊലപാതകങ്ങളുടെയും സ്ത്രീ പീഡനങ്ങളുടെയും പരമ്പരകൾക്ക് മണിപ്പൂർ ഇരയായിട്ട് മാസങ്ങളായി. സാധാരണഗതിയിൽ അവിടത്തെ സർക്കാരിനു ആ പ്രശ്നം സാധാരണ ക്രമസമാധാന പാലന നടപടികളിലൂടെ പരിഹരിക്കാൻ കഴിയേണ്ടതാണ്. അങ്ങനെ ചെയ്യാൻ കഴിയാതാകുമ്പോൾ അവിടെ നിയമവാഴ്-ച പരാജയപ്പെട്ടതായി കണക്കാക്കപ്പെടും. അത്തരം സന്ദർഭങ്ങളിലാണ് കേന്ദ്ര സർക്കാർ സംസ്ഥാന മന്ത്രിസഭയെ പിരിച്ചുവിട്ടോ നിയമസഭയെ സസ്പെൻഡ് ചെയ്-തോ പിരിച്ചുവിട്ടോ ഭരണാധികാരം താൽക്കാലികമായി ഏറ്റെടുത്ത് സ്ഥിതിഗതികൾ സാധാരണ നിലയിൽ ആക്കുന്നതിനായി ഇടപെടുക. മണിപ്പൂരിൽ ബിജെപികൂടി പങ്കാളിയായ കൂട്ടുകെട്ടാണ് ഭരിക്കുന്നത്. അതിനാൽ ഇത്രയേറെ സ്ത്രീ പീഡനങ്ങളും കൊലപാതകങ്ങളും മാസങ്ങളായി തുടർന്നിട്ടും, വ്യത്യസ്ത ഗിരിവർഗങ്ങൾ തമ്മിലുള്ള ഏറ്റമുട്ടലുകൾ നിരന്തരം തുടർന്നിട്ടും, സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ഭരണഘടനാപരമായി അവയിൽ അർപ്പിതമായ കടമ നിറവേറ്റുന്നില്ല എന്നത് സ്പഷ്ടമാണ്.

ജനാധിപത്യവ്യവസ്ഥയിൽ സർക്കാരിന്റെ ഇടപെടൽപോലെതന്നെ പ്രധാനമാണ് ഭരണ–പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന ജനാധിപത്യസമൂഹത്തിന്റെ ഇടപെടൽ. അതിനു ഏറ്റവും ആദ്യം വേണ്ടതാണ് സർക്കാർ കെെക്കൊള്ളുന്ന സമീപനവും നടപടികളും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി ഉറപ്പാക്കൽ. മണിപ്പൂരിൽ മാസങ്ങളായി വളർന്നു വന്നിട്ടുള്ള ഭീകരമായ സ്ഥിതിയുടെ വസ്തുതകൾ അപൂർവമായേ പുറത്തുവരുന്നുള്ളൂ. രണ്ടു സ്ത്രീകളെ ഒരു സംഘം ആളുകൾ ക്രൂരമായി പീഡിപ്പിച്ച് പൂർണ നഗ്നരാക്കി നിരത്തിലൂടെ നടത്തിച്ചത് തീർത്തും അധിക്ഷേപാർഹമായ നടപടിയാണ്. ആ സംഭവം നടന്ന് മാസങ്ങൾക്കുശേഷമാണ് ഏതോ രീതിയിൽ ആ വീഡിയോ പുറത്തുവന്നിട്ടുള്ളത്. ഇതുപോലുള്ള വേറെയും സംഭവങ്ങൾ നടന്നിട്ടുണ്ടോ, മേലിൽ നടക്കില്ല എന്നു ഉറപ്പുവരുത്താൻ സർക്കാർ എന്തു നടപടി കെെക്കൊണ്ടു, ഇത്തരം ക്രൂരതകൾക്ക് ഉത്തരവാദികളായവരെ പിടികൂടി ശിക്ഷിക്കാൻ സർക്കാർ എന്തെന്തു നിയമനടപടികൾ കെെക്കൊണ്ടു, ഇത് ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതിനകം എന്തുചെയ്തു, തുടർന്നു എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നൊക്കെ അറിയാൻ ജനാധിപത്യവാഴ്ചയിൽ ജനങ്ങൾക്ക് അവകാശമുണ്ട്. അതൊക്കെ പാർലമെന്റിലൂടെയും നിയമസഭയിലൂടെയും ജനപ്രതിനിധികളെയും അതുവഴി ജനങ്ങളെയും അറിയിക്കാനുള്ള ബാധ്യത തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനുണ്ട്. ജനാധിപത്യവ്യവസ്ഥയിൽ സർക്കാർ നിലനിൽക്കുന്നത് ലാത്തിയുടെയും തോക്കിന്റെയും ബലത്തിലല്ല, ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസത്തിന്മേലാണ്.

പാർലമെന്റിൽ ചർച്ച ചെയ്യുന്നതിലൂടെ മാത്രമേ ജനപ്രതിനിധികൾക്ക് പറയാനുള്ളത് കേൾക്കാനും ചർച്ച ചെയ്യാനും കഴിയുകയുള്ളൂ. അത് നിഷേധിക്കുകയെന്നാൽ ജനവികാരം എന്തെന്നറിയാൻപോലും ഭരണാധികാരികൾക്ക് താൽപ്പര്യമില്ല എന്നാണർഥം. പാർലമെന്റിനുപുറത്ത് വച്ച് ഇഷ്ടക്കാരായ ഒരു കൂട്ടം മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രധാനമന്ത്രി പാർലമെന്റിനുള്ളിൽ പ്രസ്താവന നടത്താൻപോലും തയ്യാറാകാതെ ഒളിച്ചോടുകയാണ്. ഈ ഒളിച്ചോട്ടം ജനാധിപത്യവ്യവസ്ഥയ്ക്കു നേരെയുള്ള വെല്ലുവിളിയാണ്. ഇത് ചോദ്യം ചെയ്യപ്പെടാതെ വയ്യ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × three =

Most Popular