Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിനരേന്ദ്രമോദിയാണ് ബിരേൻ സിംഗ്; 
ഗുജറാത്താണ് മണിപ്പൂർ

നരേന്ദ്രമോദിയാണ് ബിരേൻ സിംഗ്; 
ഗുജറാത്താണ് മണിപ്പൂർ

കെ ജി ബിജു

ണിപ്പൂരിലെ താൻലോൺ മണ്ഡലത്തിലെ ബിജെപി എംഎൽഎ വുംഗ്സാഗിൻ വാൾട്ട് ഇപ്പോൾ ഒരു വശം തളർന്ന് കിടപ്പിലാണ്. കഴിഞ്ഞ ബിജെപി സർക്കാരിൽ ഗോത്രകാര്യമന്ത്രിയായിരുന്നു അദ്ദേഹം. ഇപ്പോൾ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ഗോത്രകാര്യ ഉപദേശകൻ. മെയ് നാലിന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു മടങ്ങവെ വാൾട്ട് ക്രൂരമായി ആക്രമിക്കപ്പെട്ടു. കൊല്ലുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. വാൾട്ടിനെയും ഡ്രൈവർ താങ്ങൗലാലിനെയും അതിക്രൂരമായി ആക്രമിച്ചു. മരിച്ചെന്നു കരുതി ഉപേക്ഷിച്ചു. ഇരുവരും കുക്കി വംശജർ. വാഹനത്തിലുണ്ടായിരുന്ന ഗൺമാൻ പക്ഷേ, മെയ്-ത്തി വംശജനായിരുന്നു. അയാൾക്കൊരു പോറൽപോലും ഏറ്റില്ല.

മൃതപ്രായനായ വാൾട്ടിനെ രാത്രിയോടെ ദില്ലിയിലെ അപ്പോളോ ആശുപത്രിയിലേയ്ക്ക് എയർലിഫ്റ്റു ചെയ്തു. ഡ്രൈവറെ കൊണ്ടുപോകാനായില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ നിർഭാഗ്യവാൻ മരണത്തിന് കീഴടങ്ങി. വാൾട്ടിന് അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർ ജീവൻ തിരിച്ചുനൽകി. അടിച്ചു തകർക്കപ്പെട്ട മുഖത്തിന്റെ ആകൃതി പ്ലാറ്റിനം പ്ലേറ്റ് സ്ഥാപിച്ചാണ് വീണ്ടെടുത്തത്. സംസാര ശേഷി നഷ്ടമായി. ഇടതു കണ്ണിന്റെ കാഴ്ച പോയി. പരസഹായമില്ലാതെ ഇനിയദ്ദേഹത്തിന് ചലിക്കാനാവില്ല.

മൂന്നു തവണ എംഎൽഎയായിരുന്ന, മുൻമന്ത്രിയായിരുന്ന, മണിപ്പൂർ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ പദവിയുള്ള, ഒരു ബിജെപി എംഎൽഎയുടെ സ്ഥിതിയാണ് വിവരിച്ചത്. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ആൾ കുക്കി വംശജനാണ്. അത് മണിപ്പൂരിൽ ഒരു അപരാധമാണ്. ആ വിഭാഗത്തിൽപ്പെട്ടയാൾ ബിജെപിക്കാരനായാലും എംഎൽഎ ആയാലും വേറെന്തു പദവിയുണ്ടെങ്കിലും കാര്യമില്ല. ഏതു നിമിഷവും കൊല്ലപ്പെടാം.

മരണം മുന്നിൽക്കണ്ട് അദ്ദേഹം ഒരു മാസത്തോളം ആശുപത്രിയിൽ കിടന്നു. സർക്കാരുദ്യോഗസ്ഥരും സംസ്ഥാനത്തെയോ കേന്ദ്രത്തിലെയോ ബിജെപി നേതാക്കളും തിരിഞ്ഞുനോക്കിയില്ല. ആരോഗ്യസ്ഥിതിയന്വേഷിച്ച് ഒരു ഫോൺ കോൾ പോലും ഉണ്ടായില്ല. ഒരു സാമ്പത്തിക സഹായവും ലഭിച്ചില്ല. ഭീമമായ ആശുപത്രി ബില്ലടച്ചത് കുടുംബവും സുഹൃത്തുക്കളും ചേർന്ന്. ആശുപത്രിവിട്ട അവർ ഇനി സ്വന്തം നാട്ടിലേയ്ക്കില്ല എന്ന് തീരുമാനിച്ചു കഴിഞ്ഞു.

വാൾട്ടിനെ ആക്രമിച്ചത് ആരംബായി തംഗോൽ എന്ന തീവ്രവാദി സംഘമാണെന്ന് അറിയാത്തവർ ആരുമില്ല. ഈ ക്രിമിനൽ സംഘവും മുഖ്യമന്ത്രി ബിരേൻ സിംഗും തമ്മിലുള്ള ഇരിപ്പുവശവും രഹസ്യമല്ല.

എന്തിനാണ് വാൾട്ടിനെ ആക്രമിച്ചത്? കലാപത്തിനിടെ പെട്ടുപോയതു കൊണ്ട് ആക്രമിക്കപ്പെട്ടതല്ല. ആസൂത്രിതമായി കൊല്ലാൻ ശ്രമിച്ചതാണ്. എന്തിന്? മെയ് മൂന്നിനാണ് കലാപം ആരംഭിച്ചത്. വാൾട്ട് ആക്രമിക്കപ്പെട്ടത് തൊട്ടുപിറ്റേന്ന്. അതും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച കഴിഞ്ഞ് മണിക്കൂറുകൾക്കകം. അതേക്കുറിച്ച് അദ്ദേഹത്തിന്റെ മകൻ ജോസഫ് വാൾട്ടിന്റെ പ്രതികരണം ജൂൺ ഏഴിന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുമ്പോഴാണ് വാൾട്ട് അവസാനമായി മകനോട് സംസാരിച്ചത്. തന്റെ കൈവശം ഒരു സർക്കാർ ഉത്തരവുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ ഉള്ളടക്കം എന്തെന്ന് ഇന്നും ആർക്കുമറിയില്ല. ആ ഉത്തരവും അപ്രത്യക്ഷമായി.

അറിയുന്നത് ഇത്രമാത്രം. കലാപം തുടങ്ങി തൊട്ടുപിറ്റേന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗും കുക്കി വംശജനായ അദ്ദേഹത്തിന്റെ ഗോത്രകാര്യ ഉപദേഷ്ടാവുമായി ഒരു കൂടിക്കാഴ്ച നടന്നു. അതിലെന്തോ തീരുമാനവുമുണ്ടായി. ആ തീരുമാനം സർക്കാർ ഉത്തരവായി പുറത്തിറങ്ങി. അതുമായി വീട്ടിലേയ്ക്ക് മടങ്ങവെ, മുഖ്യമന്ത്രിയുടെ ഗോത്രകാര്യ ഉപദേഷ്ടാവിനെയും അദ്ദേഹത്തിന്റെ ഡ്രൈവറെയും കൊലപ്പെടുത്താൻ ഒരു സംഘം പാഞ്ഞെത്തി. അവരാണ് ആരംബായി തംഗോൽ.. മുഖ്യമന്ത്രിയുടെ പരസ്യപിന്തുണയുള്ള തീവ്രവാദി സംഘം. എന്തായിരുന്നു ഈ അക്രമത്തിന്റെ പ്രകോപനം? എന്തായിരുന്നു ആ ഉത്തരവ്? അങ്ങനെയൊരു ഉത്തരവ് ഇറക്കേണ്ടി വന്നുവെന്ന് ഈ തീവ്രവാദികളെ വിളിച്ചറിയിച്ചത് ആര്? ഈ ചോദ്യങ്ങൾക്ക് നിഷ്പക്ഷമായി ഉത്തരം തേടുന്ന ആർക്കും മണിപ്പൂരിൽ നടക്കുന്നത് സ്റ്റേറ്റ് സ്പോൺസേഡ് കലാപമാണെന്നും അതിന് നേതൃത്വം നൽകുന്നത് അവിടുത്തെ മുഖ്യമന്ത്രി നേരിട്ടാണെന്നും ബോധ്യപ്പെടും.

കുക്കി വംശജരാണോ? ബിജെപി നേതാക്കൾക്കുപോലും മണിപ്പൂരിൽ രക്ഷയില്ല. അവരെത്ര ഉന്നതപദവി വഹിക്കുന്നവരായാലും. ആ സത്യം തിരിച്ചറിയുമ്പോൾ മണിപ്പൂർ 2002ലെ ഗുജറാത്തായി മാറുന്നു. ബിരേൻ സിംഗ് നരേന്ദ്രമോദിയായും വുംഗ്സാൻ വാൾട്ട് ഇസ്ഹാൻ ജവഫ്രിയായും. ഗുജറാത്തിലെ ഗുൽബെർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ അവയവങ്ങളോരോന്നായി വെട്ടിയരിഞ്ഞ് സംഘപരിവാർ തീയിട്ടു ചുട്ടുകൊന്ന കോൺഗ്രസ് എംപിയാണ് ഇസ്ഹാൻ ജവഫ്രി. ജാഫ്രിയുടെ അതേ വിധിയാണ് വുഗ്സാൻവാൾട്ടും നേരിട്ടത്. പറയുമ്പോൾ വാൾട്ട് ബിജെപി നേതാവാണ്. അതേസമയം കുക്കി വംശജനായ ക്രിസ്ത്യാനിയുമാണ്. ജാഫ്രിയുടെ വിധി വാൾട്ടിനും ഉണ്ടായതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു?

മണിപ്പൂരിന്റെ നിലവിളി മോദിയെയും സംഘത്തെയും ഒരു തരിമ്പും ഉലയ്ക്കില്ല. കാരണം, ഈ വംശഹത്യ അവരുടെ അജൻഡയാണ്. അതിന് അവർ ‘പുള്ളിതൊട്ട മനുഷ്യർ’ എത്ര ആർത്തലച്ചു ജീവനുവേണ്ടി കെഞ്ചിയാലും ഒരിറ്റു ദയ അവരിൽ പൊടിയില്ല. ഭയചകിതരുടെ ആർത്തനാദത്തിൽ ഉന്മാദമൂർച്ഛ നുണയുകയാണവർ. അവർ മിണ്ടില്ല. പകരം അക്രമികളെ അഴിഞ്ഞാടാൻ വിടും. പൈശാചികമായ അക്രമോത്സുകതയുടെ വാർത്തകൾ ആവർത്തിച്ചു വായിച്ച് പുളകം കൊള്ളും.

അനുയായികളുടെ മനസ് അപരവിദ്വേഷത്തിന്റെ വെടിമരുന്നുപുരയാക്കാൻ പരമ്പരാഗത വൈദഗ്ധ്യമുണ്ട്, സംഘപരിവാർ നേതൃത്വത്തിന്. അതെങ്ങനെ പുകയണമെന്നും എപ്പോൾ തീപ്പൊരി വീഴണമെന്നും നിശ്ചയിക്കുന്നത് ഈ നേതൃത്വമാണ്. ഗുജറാത്തിൽ മുസ്ലിങ്ങൾക്കെതിരെയാണ് ആ പക വളർത്തിക്കൊണ്ടുവന്നത്. അത് ആളിപ്പടർന്നപ്പോൾ പൊലിഞ്ഞത് ആയിരങ്ങളുടെ ജീവനാണ്. അതുപോലെ തന്നെയാണ് മെയ്-ത്തി വിഭാഗത്തിൽപ്പെട്ടവരുടെ മനസിൽ കുക്കികൾക്കെതിരെ പക വളർത്തുന്നതും.

‘‘ഹിന്ദുമതമെന്ന സനാതന ധർമത്തിന്റെ പരിശുദ്ധ രൂപത്തിലുള്ള അവസാനത്തെ കാവൽപ്പുര”യാണ് മണിപ്പൂർ എന്ന് സിദ്ധാന്തിക്കുന്ന തീവ്രവാദ സംഘങ്ങളാണ് ആരംബായി തംഗോലും മെയ്-ത്തി ലീപുണും. ആ പരിശുദ്ധി നിലനിർത്താൻ ഗോത്രവിഭാഗത്തെ മണിപ്പൂരിന്റെ മണ്ണിൽനിന്ന് പലായനം ചെയ്യിക്കണം. അവരുടെ ഭൂമിയും സമ്പത്തും കൈവശപ്പെടുത്തണം. അവരുടെ ആരാധനാലയങ്ങൾ നശിപ്പിക്കണം. അതാണ് കലാപകാരികളുടെ അജൻഡ. ഈ ലക്ഷ്യത്തോടെയുള്ള പ്രചരണത്തിന് നേതൃത്വം നൽകുന്നത് സാക്ഷാൽ ബിരേൻ സിംഗാണ്. കുക്കികളെ പരദേശികളെന്നും കൈയേറ്റക്കാരെന്നും കഞ്ചാവു കൃഷി ചെയ്യുന്ന ഭീകരവാദിളൊ ന്നുമുള്ള വംശീയാധിക്ഷേപം മുഖ്യമന്ത്രി തന്നെ പരസ്യമായി, നിരന്തരമായി ആവർത്തിച്ചുകൊണ്ടേയിരുന്നു. ഓർക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ ഗോത്രവിഭാഗം ഒന്നടങ്കം ബിജെപിയ്ക്ക് ഒപ്പമായിരുന്നു. കുക്കി വിഭാഗത്തിലെ പത്ത് എംഎൽഎമാരിൽ ഏഴുപേരും ബിജെപിക്കാരാണ്. എന്നിട്ടും അവർക്ക് വംശീയാക്രമണത്തിൽ നിന്ന് രക്ഷയില്ല.

മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയാണെന്ന് കലാപത്തിന്റെ ആദ്യനാളുകളിൽത്തന്നെ ഡിഫൻസ് ചീഫ് ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കിയിരുന്നു. ജൂൺ ഒന്നിന് നടത്തിയ പത്രസമ്മേളനത്തിൽ അമിത് ഷായും അക്കാര്യം ഉറപ്പിച്ചു. പക്ഷേ, മണിപ്പൂർ മുഖ്യമന്ത്രിയുടെ വാദം മറിച്ചാണ്.. മണിപ്പൂരിനെ വിഘടിപ്പിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളും കേന്ദ്ര സംസ്ഥാന സേനകളും തമ്മിലുള്ള ഏറ്റുമുട്ടലാണത്രേ അവിടെ നടക്കുന്നത്. കൊല്ലപ്പെടുകയും പലായനം ചെയ്യുകയുംചെയ്ത കുക്കികൾ തീവ്രവാദികൾ. അവരെ കൊന്നൊടുക്കുന്ന മെയ്-ത്തികളോ? കേന്ദ്ര സംസ്ഥാന സേനാംഗങ്ങൾ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നേരിട്ടു തന്നെയാണ് കലാപം സംഘടിപ്പിക്കുന്നത് എന്ന് സംസ്ഥാന മുഖ്യമന്ത്രി സാക്ഷ്യം പറയുമ്പോൾ, മോദിയെങ്ങനെ മിണ്ടും? 2002 ഫെബ്രുവരി അവസാനം ഗുജറാത്ത് കലാപം നടക്കുമ്പോൾ, തന്റെ മനോവിചാരങ്ങൾ എന്തായിരുന്നോ, അതുതന്നെ ഏതാണ്ട് കാൽനൂറ്റാണ്ടിനുശേഷം ബിരേൻ സിംഗ് പങ്കുവെയ്ക്കുമ്പോൾ മോദിയെങ്ങനെ പ്രതികരിക്കും? അതുതാനല്ലയോ ഇത് എന്ന വർണ്യത്തിലാശങ്ക ആർക്കും വേണ്ട.

ഗുജറാത്തിൽ കലാപനാളുകളിൽ സംസ്ഥാന ഭരണസംവിധാനത്തെ മോദി എങ്ങനെയാണ് നിഷ്ക്രിയമാക്കിയത് എന്ന് തെഹൽക്കയുടെ സ്റ്റിംഗ് ഓപ്പറേഷനിൽ വെളിപ്പെട്ടതാണ്. ആ നിഷ്ക്രിയത്വം അതേപടി മണിപ്പൂരിലും കാണാം. അന്ന്, മൂന്നു ദിവസം അഴിഞ്ഞാടാൻ കലാപകാരികൾക്ക് മോദി നിർദ്ദേശം നൽകിയെന്ന് കലാപത്തിന് നേതൃത്വം നൽകിയവർ ഒന്നടങ്കം ഒളികാമറകൾക്കു മുന്നിൽ തുറന്നുപറഞ്ഞു. ബ്യൂറോക്രസിയെ നിഷ്ക്രിയമാക്കി, ലോക്കൽ പോലീസുകാർ കലാപകാരികൾക്കൊപ്പം അഴിഞ്ഞാടി; അക്രമികൾക്കൊപ്പം വംശഹത്യയിൽ പങ്കാളികളായി, പരാതി പറയാനും സഹായമഭ്യർത്ഥിച്ചും ചെന്നവരെ ആട്ടിയോടിച്ചു; മറ്റുചിലരെ വെടിവെച്ചു; പ്രാണൻ രക്ഷിക്കാൻ ഒളിച്ചിരുന്നവരെ കലാപകാരികൾക്ക് കാട്ടിക്കൊടുക്കാനും പോലീസുണ്ടായിരുന്നു.

ബെസ്റ്റ് ബേക്കറി അഗ്നിക്കിരയാകുമ്പോൾ നോക്കിനിൽക്കുകയായിരുന്നു പോലീസ്. മുസ്ലീങ്ങളായ ഉദ്യോഗസ്ഥരെ പ്രധാന ചുമതലകളിൽ നിന്ന് നേരത്തേ മാറ്റി നിർത്തിയിരുന്നു. മണിപ്പൂരിലാകട്ടെ, കലാപം ആരംഭിക്കുമ്പോൾ ഡിജിപിയുടെ കസേരയിൽ കുക്കി വംശജനായ പി ദുംഗൽ ആയിരുന്നു. അദ്ദേഹത്തെ രായ്ക്കുരാമാനം ചുമതലയിൽനിന്നും നീക്കി. തുടർന്നാണ് പൊലീസുകാരുടെ കൈവശമിരിക്കേണ്ട അത്യാധുനിക ആയുധങ്ങൾ കലാപകാരികളുടെ കൈവശമെത്തിയത്. പൊലീസിന്റെ ആയുധശാലകൾ കൊള്ളയടിച്ചു എന്നാണ് ഔദ്യോഗിക ഭാഷ്യം. മെയ്ത്തി തീവ്രവാദികളുടെ അനൗദ്യോഗിക നേതാവ് മുഖ്യമന്ത്രിക്കസേരയിൽ വാഴുമ്പോൾ നടന്നത് എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 2002ലെ നരേന്ദ്രമോദിയെ ആവർത്തിക്കുകയാണ് ബിരേൻ സിങ്. മുഖ്യമന്ത്രിയായിപ്പോയി എന്ന ഒറ്റക്കാരണംകൊണ്ടാകും തെരുവിലെ അക്രമിസംഘത്തിനൊപ്പം ബിരേൻ സിങ്ങിനെ കാണാത്തത്. ആസൂത്രണം ചെയ്യപ്പെട്ട വംശഹത്യ അരങ്ങേറുമ്പോൾ ഭരണസംവിധാനം എങ്ങനെ ചലിപ്പിക്കണമെന്ന് സാക്ഷാൽ മോദിയുടെ ഉദാഹരണം ബിരേൻ സിങ്ങിന്റെ മനസിലുണ്ട്.

ഗുജറാത്ത് കലാപകാലത്ത് മോദി മന്ത്രിയായിരുന്നില്ലെങ്കിൽ അദ്ദേഹം നേരിട്ടിറങ്ങി ജുഹാപുരയിൽ ബോംബെറിയുമായിരുന്നു എന്ന് നാനാവതി കമ്മിഷനിൽ മൊഴി നൽകിയത് ഗുജറാത്ത് സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിലായിരുന്ന അരവിന്ദ് പാണ്ഡ്യയാണ്.

ഗോധ്രയിലെ ബജ്റംഗദൾ നേതാവായിരുന്ന ഹരീഷ് ഭട്ടിന്റെ വാക്കുകൾ ഇങ്ങനെ: “ഒരു മുഖ്യമന്ത്രിയും ചെയ്യാത്തതാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം ഞങ്ങൾക്ക് മൂന്നു ദിവസത്തെ സമയം തന്നു. അതിനുശേഷം സമയം തരില്ലെന്നും പറഞ്ഞു”. പ്രതികാരം അദ്ദേഹത്തിന്റെ വാഗ്ദാനമായിരുന്നു എന്ന് വെളിപ്പെടുത്തിയത് അഹമ്മദാബാദിലെ വിഎച്ച്പി നേതാവായിരുന്ന രാജേന്ദ്ര വ്യാസ്.

നരേന്ദ്രമോദി തന്നെ രക്ഷിച്ചതിനെക്കുറിച്ച് നരോദാപാട്യയിൽ 97 പേരുടെ കൂട്ടക്കുരുതിക്ക് നേതൃത്വം നൽകിയ ബാബു ബജ്രംഗി തെഹൽക്കയോട് വെളിപ്പെടുത്തിയത് ഇങ്ങനെ: “നരേന്ദ്രഭായിയാണ് എന്നെ ജയിലിന് പുറത്തെത്തിച്ചത്. അദ്ദേഹം ജഡ്ജിമാരെ മാറ്റിക്കൊണ്ടേയിരുന്നു. ആദ്യത്തെ ജഡ്ജി എന്നെ തൂക്കിക്കൊല്ലണമെന്ന് പലവട്ടം പറഞ്ഞു. ആ അഭിപ്രായമുള്ള ജഡ്ജിമാരെയെല്ലാം മാറ്റി. ഒടുവിൽ, ഒരു വഴി കണ്ടിട്ടുണ്ട് എന്ന് ജയിലിൽ എനിക്ക് സന്ദേശമെത്തി. അക്ഷയ് മേത്ത എന്ന ജഡ്ജി നിയമിതനായി. അദ്ദേഹം കേസും ഫയലുമൊന്നും നോക്കിയില്ല. ജാമ്യം തന്നിരിക്കുന്നു എന്നു മാത്രം പറഞ്ഞു. അങ്ങനെ ഞങ്ങളെല്ലാം ജയിലിന് പുറത്തായി”. ആരംബായി തംഗോലിന്റെയും മെയ്തി ലീപുണയും ക്രിമിനലുകൾ നാളെ ഇതെല്ലാം ബിരേൻ സിംഗിനെക്കുറിച്ച് ആവർത്തിക്കുന്നതും നാം കേൾക്കും. ഒരു ഒളികാമറയ്ക്കും മുന്നിലാവില്ല. പരസ്യമായി… ചങ്കൂറ്റത്തോടെ.
നരോദാപാട്യയിലെയും ഗുൽബർഗ സൊസൈറ്റിയിലെയും കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധമുയരുന്ന ചെങ്കോലും കിരീടവും ധരിച്ചാണ് മോദി മഹാരാജാവിന്റെ രാജ്യഭരണം. അനേകം സ്ത്രീകളും കുട്ടികളും പിഞ്ചു കുഞ്ഞുങ്ങളും ഗർഭസ്ഥ ശിശുക്കളും വരെ ജീവനോടെ ചുട്ടെരിക്കപ്പെട്ട കലാപത്തിന്റെ സൂത്രധാരനായി കാലത്തിന്റെ പ്രതിക്കൂട്ടിൽ നിൽക്കുന്ന തനി ആർഎസ്എസുകാരൻ.. ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച് പശ്ചാത്താപമോ ദുഃഖമോ സങ്കടമോ നരേന്ദ്രമോദി ഇന്നോളം പ്രകടിപ്പിച്ചിട്ടില്ല. ആ സംഭവങ്ങൾ ഓർമ്മിക്കുമ്പോൾ വിഷമമുണ്ടാകാറുണ്ടോ എന്ന ഒരു പത്രലേഖകന്റെ ചോദ്യത്തെ, ഓടിക്കൊണ്ടിരിക്കുന്ന കാറിനു കുറുകേ ചാടുന്ന പട്ടിക്കുട്ടി കൊല്ലപ്പെട്ടാലും സങ്കടം വരുമല്ലോ എന്ന് പരിഹാസിച്ചു തള്ളുകയായിരുന്നു മോദി. മണിപ്പൂരിനെ കത്തിക്കുന്നത് സംഘപരിവാറാണ്. ഒരു ജനതയെ വംശഹത്യയുടെ തീക്കനലുകളിൽ ചുട്ടെടുക്കുന്നതും അവരാണ്.

അതുകൊണ്ട് മണിപ്പൂർ കലാപത്തെക്കുറിച്ച് മോദി ഒരക്ഷരം മിണ്ടില്ല. പാർലമെന്റിനകത്തും പുറത്തും. കാരണം മോദിക്കു പറയാനുള്ളതെല്ലാം ബിരേൻ സിംഗ് പറയുന്നുണ്ട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + twenty =

Most Popular