Thursday, November 21, 2024

ad

Homeരാജ്യങ്ങളിലൂടെപെറുവിൽ ബോലുവാർത്തെയ്ക്കെതിരെ ശക്തിയാർജ്ജിക്കുന്ന പ്രക്ഷോഭം

പെറുവിൽ ബോലുവാർത്തെയ്ക്കെതിരെ ശക്തിയാർജ്ജിക്കുന്ന പ്രക്ഷോഭം

ആര്യ ജിനദേവൻ

ക്ഷിണ അമേരിക്കൻ രാജ്യമായ പെറുവിൽ ജനാധിപത്യപരമായി അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിയിലൂടെ പുറത്താക്കുകയും പ്രസിഡന്റ് പെദ്രോ കാസ്റ്റിയോയെ തടങ്കലിൽ ആക്കുകയും ചെയ്തുകൊണ്ട് രാജ്യത്തു തന്റെ സ്വേച്ഛാധിപത്യ ഗവൺമെന്റ് സ്ഥാപിച്ച നിലവിലെ പ്രസിഡന്റ്‌ ദിന ബൊലുവാർത്തെയ്ക്കെതിരായി നടക്കുന്ന മാസങ്ങൾ നീണ്ട പ്രക്ഷോഭം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ‘മൂന്നാമത് ലിമ പിടിച്ചടക്കൽ’ എന്ന് വിളിക്കപ്പെടുന്ന ജൂലൈ 19ന് തുടങ്ങിയ ഈ പുതിയ ഘട്ട സമരം പെറുവിന്റെ സ്വാതന്ത്ര്യ ദിനമായ ജൂലൈ 28ന് അവസാനിപ്പിക്കാനാണ് പ്രക്ഷോഭകരുടെ തീരുമാനം. നിയമസഭാ അട്ടിമറിയിലൂടെ അധികാരത്തിൽ വന്ന വഞ്ചകയായ പ്രസിഡന്റ് ബോലുവാർത്തെ അടിയന്തരമായി രാജിവെക്കുക, വലതുപക്ഷം മേധാവിത്വം പുലർത്തുന്ന കോൺഗ്രസ് അടച്ചുപൂട്ടുക, പുതിയ പൊതു തിരഞ്ഞെടുപ്പ്‌ നടത്തുക, പുതിയ ഭരണഘടന തയ്യാറാക്കുന്നതിനായി ഒരു ഭരണഘടന നിർമ്മാണസഭയ്ക്ക് രൂപംകൊടുക്കുക, 2022 ഡിസംബറിൽ തുടങ്ങിയ പ്രക്ഷോഭസമരത്തിൽ ഭരണകൂട മർദ്ദനത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവർക്ക് നീതി നടപ്പാക്കുക, മുൻ പ്രസിഡൻറ് പെദ്രോ കാസ്റ്റിയോയടക്കം അറസ്റ്റ് ചെയ്യപ്പെട്ടവരെയാകെ മോചിപ്പിക്കുക, കാസ്റ്റിലോയെ അധികാരത്തിൽ മടക്കി കൊണ്ടുവരിക എന്നിവയാണ് പ്രക്ഷോഭകർ മുന്നോട്ടുവയ്ക്കുന്ന ഡിമാൻഡുകൾ. ‘ഫ്രീ പെറു’ എന്ന ഇടതുപക്ഷ കൂട്ടായ്മയുടെ പക്ഷത്ത് നിന്നുകൊണ്ട് പെദ്രോ കാസ്റ്റിയോയ്ക്കൊപ്പം തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച ദിന ബോലുവാർത്തെ പക്ഷേ അധികാരത്തിലിരുന്ന് സ്വന്തം സർക്കാരിനെ നിയമസഭ അട്ടിമറിയിലൂടെ പുറത്താക്കിയും രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന കാസ്റ്റിലോയെ തടവിലാക്കുകയും ചെയ്തുകൊണ്ട് വലതുപക്ഷത്തിനൊപ്പംനിന്ന് അധികാരം പിടിച്ചെടുക്കുകയായിരുന്നു.

ഇടതുപക്ഷ ആശയങ്ങൾ പിന്തുടരുകയും ശക്തമായ ജനപക്ഷ നയങ്ങൾ നടപ്പിലാക്കുകയും ചെയ്ത പെദ്രോ കാസ്റ്റിയോ എന്ന ജനകീയനായ നേതാവിനെ ഭരണകൂട അടിച്ചമർത്തലിലൂടെ തടവിലാക്കിക്കൊണ്ട് വലതുപക്ഷ ശക്തികളോടൊപ്പംനിന്ന് രാജ്യത്തെ ഒറ്റുകൊടുത്ത ബോലുവാർത്തെയ്ക്കെതിരായ ശക്തമായ ജനരോഷം ആണ് ഉയർന്നുവരുന്നത്. തീർച്ചയായും, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടുകൂടിയാണ് പെറുവിൽ ഈ അട്ടിമറി നടന്നത്. ഇപ്പോഴത്തെ സ്വേച്ഛാധിപത്യ ഗവൺമെന്റിന് അമേരിക്കൻ സാമ്രാജ്യത്വം എല്ലാവിധ പിന്തുണകളും നൽകുന്നുമുണ്ട്. 2022 ഡിസംബർ ഏഴിന് കാസ്റ്റിയോ അറസ്റ്റിലാക്കപ്പെട്ട അന്നുമുതൽ പെറുവിലെ ജനങ്ങൾ തെരുവിൽ പോരാടുകയാണ്. ഈ സ്വേച്ഛാധിപത്യ വാഴ്ചയ്ക്ക് അന്ത്യംകുറിക്കുവാൻ തങ്ങൾ, ജനങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഉറച്ച ബോധ്യം തങ്ങൾക്കുണ്ടെന്ന് പ്രക്ഷോഭകാരികൾ ഉറക്കെ വിളിച്ചു പറയുന്നു. ജൂലൈ 19 ബുധനാഴ്ചയും ജൂലൈ 22 ശനിയാഴ്ചയും ആയിരക്കണക്കിന്, പതിനായിരക്കണക്കിന് ജനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പെറുവിന്റെ തലസ്ഥാനമായ ലിമയിലേക്ക് ഒഴുകിയെത്തിയത്. പ്ലാസ ദോസ് ദേ മയോ ചത്വരത്തിൽനിന്നും സാൻ മാർട്ടിൻ ചത്വരത്തിൽനിന്നും കോൺഗ്രസിന്റെ ആസ്ഥാനത്തേക്ക് സമാധാനപരമായി മാർച്ച് ചെയ്ത പ്രക്ഷോഭകരെ പോലീസ് കണ്ണീർവാദക ഷെല്ലുകളും പെല്ലറ്റുകളും ഉപയോഗിച്ച് അടിച്ചമർത്തുകയായിരുന്നു. 19ന് നടന്ന പ്രകടനത്തിൽ പങ്കെടുത്ത 11 പേർക്ക് പരിക്കേൽക്കുകയുണ്ടായി; ആറു പ്രക്ഷോഭകരെ അറസ്റ്റുചെയ്തു. ഇത്തരത്തിൽ രാജ്യത്തെ പൊലീസ് സംവിധാനത്തെ ഉപയോഗിച്ചുകൊണ്ട് ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് ബോലുവാർത്തെ ശ്രമിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് 24000 പോലീസ് ഉദ്യോഗസ്ഥരെ രാജ്യത്തുടനീളം പ്രക്ഷോഭകരെ നേരിടാനായി മാത്രം വിന്യസിച്ചിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്.

അതേസമയം ജനങ്ങൾ നടത്തുന്ന ഈ പ്രക്ഷോഭം ജനാധിപത്യത്തിന് ഭീഷണിയാണ് എന്നും അതിനെ നിയമ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് അടിച്ചമർത്തുമെന്നും ജൂലൈ 18ന് ബോലുവാർത്തെ പറയുകയുണ്ടായി. 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയിൽ ഗവൺമെന്റിനെതിരായി നടന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെടുകയും മരിക്കുകയും ചെയ്തവർക്ക് വേണ്ടി കസ്കോയിൽ നിന്നും പൂനോയിൽനിന്നും സാമൂഹ്യ സംഘടനാ നേതാക്കൾ ബോലുവാർത്തെയ്ക്കെതിരെ പരാതിയുമായി കോടതിയിൽ പോയിട്ടുമുണ്ട്.

ശക്തമായ ജനകീയ പിന്തുണയോടുകൂടി അധികാരത്തിലെത്തിയ കാസ്റ്റിയോയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിനെ നിയമത്തെ ഉപയോഗിച്ചുകൊണ്ടാണ് വലതുപക്ഷവും സാമ്രാജ്യത്വവും ചേർന്ന് അട്ടിമറിച്ചത്. ദിന ബോലുവാർത്തെ എന്ന ജനവഞ്ചകയും ഒറ്റുകാരിയുമായ നേതാവ് വലതുപക്ഷത്തിനൊപ്പം നിന്നപ്പോൾ സാമ്രാജ്യത്വത്തിന് വളരെ എളുപ്പമായി. അതിൽ രാജ്യത്തെ വലതുപക്ഷ മാധ്യമങ്ങളും നിർണായക പങ്കുവഹിക്കുകയുണ്ടായി. ആദ്യം മാധ്യമങ്ങൾ ചെയ്തത് ഇല്ലാത്ത തട്ടിപ്പ് കേസുകൾ ആരോപിക്കുക എന്നതാണ്. കാസ്റ്റിയോ ഗവൺമെന്റിന്റെ 13 മാസത്തെ ഭരണത്തിനിടയിൽ 70 മന്ത്രിമാർക്കെതിരെ പാർലമെൻറ് കുറ്റാരോപണം നടത്തി. എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ തടയപ്പെട്ടു. കാസ്റ്റിയോയ്ക്കെതിരെ നിരന്തരം വ്യാജ ആരോപണങ്ങൾ ചുമത്തുന്നതിൽ മാധ്യമങ്ങളുടെയും അറ്റോർണി ജനറലിന്റെ കാര്യാലയത്തിന്റെയും പങ്കു നിർണായകമായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റിനെക്കുറിച്ച് രാവിലെ തുടങ്ങി ഉച്ചയ്ക്കും രാത്രിയും വിനോദ പരിപാടികൾ നടത്തുന്നതിനിടയിൽ പോലും തെറ്റായ വാർത്തകൾ നൽകുവാൻ പെറുവിലെ മാധ്യമങ്ങൾ അത്യുത്സാഹത്തോടെ പ്രവർത്തിച്ചു. ഈ വ്യാജ ആരോപണങ്ങളിൽ അധികവും തെറ്റാണെന്ന് ഉടൻതന്നെ തെളിയിക്കപ്പെടുകയും അവ നിഷേധിക്കപ്പെടുകയും ചെയ്തുവെങ്കിലും തിരുത്തലുകൾ നൽകുവാൻ മാധ്യമങ്ങൾ തയ്യാറായില്ല. കാസ്റ്റിയോയെ കഴുതയെന്ന് മുദ്രകുത്തുകയും രാജ്യം ഭരിക്കുവാൻ കഴിവില്ലാത്തവൻ ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്നതിനുവേണ്ടി ഈ ചുരുങ്ങിയ കാലയളവിൽ സ്വന്തമായി മാഫിയ രൂപീകരിച്ചു എന്നുവരെ പ്രസിഡന്റിനെകുറിച്ച് മാധ്യമങ്ങൾ നിരന്തരമായി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നു. ഇത്തരത്തിൽ വലതുപക്ഷ ശക്തികളും മാധ്യമങ്ങളും വലതുപക്ഷ ഭരണകൂട സംവിധാനങ്ങളും ഒന്നടങ്കം നിന്നുകൊണ്ടാണ് അട്ടിമറിയിലൂടെ പെദ്രോ കാസ്റ്റിയോയെ പുറത്താക്കിയത്. അതിനെതിരായി നടക്കുന്ന പ്രക്ഷോഭത്തെ പോലീസിനെ ഉപയോഗിച്ചുകൊണ്ട് അടിച്ചമർത്താൻ ആണ് ദിന ബോലുവാർത്തെ ഗവൺമെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ ‘മൂന്നാമത് ലിമ പിടിച്ചടക്കൽ’ എന്ന പേരിൽ സ്വേച്ഛാധിപത്യത്തിനെതിരായി നടക്കുന്ന സമരത്തിന്റെ വീണ്ടെടുപ്പ് രാജ്യത്ത് സമഗ്രമായ രാഷ്ട്രീയ-ഭരണ മാറ്റത്തിന് വഴിവെക്കുമെന്ന് പ്രതീക്ഷിക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 − 2 =

Most Popular