Saturday, November 23, 2024

ad

Homeരാജ്യങ്ങളിലൂടെപ്രക്ഷോഭകർക്കുനേരെ വെടിയുതിർത്ത് കെനിയൻ പൊലീസ്

പ്രക്ഷോഭകർക്കുനേരെ വെടിയുതിർത്ത് കെനിയൻ പൊലീസ്

സിയ ആയിഷ

പ്രസിഡന്റ് വില്യം റൂട്ടോയുടെ നേതൃത്വത്തിലുള്ള കെനിയൻ ഗവൺമെന്റ് അവതരിപ്പിച്ചിട്ടുള്ള ഫിനാൻസ് ആക്ട്, 2023ന് എതിരായി ഉയർന്നുവന്ന രാജ്യവ്യാപക പ്രക്ഷോഭം ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. അതിജീവനത്തിനുവേണ്ടി പൊരുതുന്ന ജനതയ്ക്കുനേരെ പൊലീസ് കടുത്ത ആക്രമണം അഴിച്ചുവിടുകയാണ്. ഇക്കഴിഞ്ഞ ജൂലൈ 19നും 22നും നടന്ന പ്രതിഷേധ സമരത്തിലാണ് ജനങ്ങൾക്കുനേരെ പൊലീസ് നടത്തിയ അക്രമാസക്തമായ കടന്നാക്രമണത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. 300 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അമേരിക്കയുടെയും ഐ എം എഫിന്റെയും തീട്ടൂരത്തിന് വഴങ്ങി വിദേശ മൂലധനത്തിനും കോർപ്പറേറ്റുകൾക്കും അനുകൂലമായ സാമ്പത്തിക നയങ്ങൾ രാജ്യത്ത് നടപ്പാക്കുന്ന റൂട്ടോ ഗവൺമെന്റിനെതിരായി ഇപ്പോഴും തുടരുന്ന പ്രക്ഷോഭത്തിൽ ജൂലൈ ആദ്യവും പിന്നീട് ജൂലൈ 7 നും 12 നും ഇപ്പോൾ 19നുമായി 23 പേരാണ് കൊല്ലപ്പെട്ടത്. അതിൽ പോലീസ് വെടിവെപ്പിൽ മരിച്ച ഒരാൾ കെനിയയിലെ അറിയപ്പെടുന്ന ബോക്സിങ് ചാമ്പ്യനായ റാഫേൽ ഷിഗാലിയാണ്.

വിദേശ മൂലധനത്തിന് അനായാസം കടന്നുവന്ന് രാജ്യത്താകെ ആധിപത്യം ഉറപ്പിക്കാനും ദ്രുതഗതിയിൽ സ്വകാര്യവൽക്കരണം പൂർത്തിയാക്കാനുമുള്ള നയങ്ങളാണ് റൂട്ടോ ഗവൺമെൻറ് രാജ്യത്ത് നടപ്പാക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും 100% ജനദ്രോഹകരമായതുമായ ഒന്നാണ് ഫിനാൻസ് ആക്ട് ,2023. സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി ജീവിതചെലവ് ഇപ്പോൾതന്നെ വർദ്ധിച്ചു നിൽക്കുന്ന ഒരു രാജ്യത്ത് പെട്രോൾ ഉൽപ്പന്നങ്ങൾക്കുള്ള സബ്സിഡി വെട്ടി കുറചും വാറ്റ് നികുതി ഇരട്ടിയാക്കിയും രാജ്യത്തെ ജനങ്ങളുടെ ജീവിതഭാരം വർദ്ധിപ്പിക്കുന്നതാണ് ഈ ആക്റ്റ്. ഓരോ സമൂഹത്തിന്റെയും സാമ്പത്തിക മേഖലയിൽ പെട്രോളിനും പെട്രോൾ ഉൽപ്പന്നങ്ങൾക്കും വലിയ രീതിയിൽ സ്വാധീനം ചെലുത്താനാവും. കെനിയൻ ഗവൺമെന്റിന്റെ ഈ നിയമം രാജ്യത്തെ എല്ലാവിധ അവശ്യസാധനങ്ങളുടെയും മറ്റു ചരക്കുകളുടെയും വില കുത്തനെ വർധിപ്പിക്കും എന്നതുറപ്പാണ്. പെട്രോളിനു മേലുള്ള വാറ്റുനികുതി 8 ശതമാനത്തിൽ നിന്നും 16 ശതമാനത്തിലേക്കാണ്, അതായത്, ഇരട്ടിയായാണ് കെനിയൻ ഗവൺമെൻറ് വർധിപ്പിച്ചിരിക്കുന്നത്. ആദ്യം കെനിയൻ ഗവൺമെൻറ് പെട്രോൾ ഉല്പന്നങ്ങൾക്കുമേലുള്ള സബ്സിഡി നിർത്തലാക്കിയപ്പോൾ തന്നെ അതിന്റെ വില നിയന്ത്രണാതീതമായി ഉയർന്നിരുന്നു; ഇപ്പോൾ വാറ്റ് നികുതി ഇരട്ടിയാക്കുകയും കൂടി ചെയ്തതോടെ ലിറ്ററിന് 40% ചെലവ് കൂടുന്നു. ഇതിനുപുറമേ കെനിയയിലെ മുഖ്യ ആഹാരമായ ചോളത്തിനും പഞ്ചസാരക്കുമുള്ള നികുതിയും ഗവൺമെൻറ് വർധിപ്പിച്ചിരിക്കുന്നു. ഈ നിയമം നടപ്പിലാക്കപ്പെട്ടതോടുകൂടി ഗ്രാമീണമേഖലകളിൽ രണ്ട് കിലോ ചോളത്തിന് 200 ഷില്ലിംഗ് ആണ് വില. യഥാർത്ഥത്തിൽ ഇത് 60 ഷില്ലിംഗ് ആയി കുറയേണ്ടയോണ്‌. ഇത്തരത്തിൽ സാധാരണ ജനങ്ങളുടെ ജീവിതത്തെ ഇത് പൂർണ്ണമായും പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെയാണ് മിലിമാനി ഹൈക്കോടതി ഈ ആക്റ്റ് നടപ്പാക്കൽ താൽക്കാലികമായി സസ്പെൻഡ് ചെയ്തത്. ഇത്തരത്തിലൊരു ഫിനാൻസ് ബില്ല് പാസാക്കുമ്പോൾ പാർലമെന്റിൽ പാലിക്കേണ്ടതായ അടിയന്തര നടപടിക്രമങ്ങൾ ഒന്നും തന്നെ പാലിച്ചിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഈ നിയമത്തിന്റെ നടപ്പാക്കൽ സസ്പെൻഡ് ചെയ്തത്. ഈ താൽക്കാലിക സ്റ്റേ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 10ന് ഗവൺമെൻറ് നൽകിയ അപ്പീലും മിനിമാനി ഹൈക്കോടതി തള്ളുകയാണുണ്ടായത്. മാത്രമല്ല, നിയമം നടപ്പാക്കുന്നത്‌ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് അനിശ്ചിതകാലത്തേക്ക് നീട്ടുകയും ചെയ്തു. ഇത്തരത്തിൽ രാജ്യത്തെ കോടതി ശക്തമായി എതിർത്തിട്ടും ഗവൺമെൻറ് അതിൽ നിന്ന് പിന്മാറിയില്ല. ജൂലൈ ഒന്നിനുതന്നെ ഇന്ധനത്തിനു മേലുള്ള വാറ്റുനികുതി ഇരട്ടിയാക്കിയത് പിരിക്കുവാൻ തുടങ്ങിയിരുന്നു. പൊതുജനത്തിന്റെ ജീവിതത്തിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. അതുകൊണ്ടാണ്തൊഴിലാളി വർഗ്ഗവും സാധാരണ ജനങ്ങളും ഒന്നിച്ച് അതിനെതിരായ പ്രക്ഷോഭം ആരംഭിച്ചത്.

എന്നാൽ പ്രക്ഷോഭകർക്കുനേരെ കെനിയൻ സർക്കാർ കൈക്കൊള്ളുന്ന നയം തീർത്തും ജനവിരുദ്ധമാണ്. രാജ്യത്തെ പോലീസിനെ ഉപയോഗിച്ചുകൊണ്ട് പ്രക്ഷോഭകരെ ക്രൂരമായി മർദ്ദിക്കുകയും കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ച് ജനങ്ങളെ തളർത്തിയതിനുശേഷം ക്രൂരമായി ആക്രമിക്കുകയും പലപ്പോഴും വെടിവയ്ക്കുകയും യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്തു തടങ്കലിൽ ആക്കുകയുമൊക്കെയാണ് കെനിയൻ പോലീസ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. കെനിയ ഒരു പോലീസ് സ്റ്റേറ്റിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് മനുഷ്യാവകാശ പ്രവർത്തകരും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. രാജ്യത്ത് പ്രതിഷേധിക്കുന്ന ജനങ്ങൾക്കുനേരെ ഭരണകൂടം നടത്തുന്ന ആക്രമണത്തിനെതിരെ ആംനെസ്റ്റി ഇന്റർനാഷണൽ പ്രസ്താവന ഇറക്കുകയുണ്ടായി. പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അക്രമാസക്തമാക്കുന്നത് കെനിയൻ സർക്കാർ അടിയന്തരമായി നിർത്തണമെന്ന് ഇന്റർനാഷണൽ ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ ജൂലൈ 14ന് ഇറക്കിയ പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെ- ‘കെനിയയുടെ പ്രക്ഷോഭങ്ങളിൽ തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ട് പൊലീസ് നടത്തുന്ന വ്യാപകമായ നരനായാട്ട്‌ തീർത്തും അനാവശ്യവും അനൗചിത്യകരവുമായ പോലീസ് സേനയുടെ കടന്നാക്രമണവും വലിയതോതിൽ ആശങ്കയുണർത്തുന്നതാണ്’. ഇത്തരത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കാര്യാലയം പ്രസ്താവന ഇറക്കുകയുണ്ടായിട്ടുപോലും ജനങ്ങൾക്കെതിരായി ഭരണകൂടം പൊലീസ് സംവിധാനത്തെ ഉപയോഗിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ നരനായാട്ടിനും ജനവിരുദ്ധമായ നയങ്ങൾക്കും പൂർണ്ണപിന്തുണ നൽകുന്നത് അമേരിക്കൻ സാമ്രാജ്യത്വവും ഐഎംഎഫുമാണ് . കോർപ്പറേറ്റുകളുടെ നികുതി ഒരു ശതമാനംപോലും വർധിപ്പിക്കാതെ അവർക്ക് കൂടുതൽ ഇളവകൾ നൽകുകയും രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭകരുടെ മേലുള്ള നികുതി ഇരട്ടിയായി വർദ്ധിപ്പിക്കുകയും പെട്രോൾ ഉൽപാദകരുടെ സബ്സിഡി നിർത്തലാക്കുകയും അവയ്ക്കു മേലുള്ള വാറ്റ് നികുതി ഇരട്ടിയായി വർദ്ധിപ്പിക്കുകയും ചെയ്യുന്ന കെനിയൻ ഗവൺമെന്റ് പൂർണ്ണമായും കോർപ്പറേറ്റനുകൂലവും വൻകിട ധന മൂലധനത്തിനനുകൂലവുമായ നിലപാടാണ് കൈക്കൊള്ളുന്നത്. യാതൊരു സംശയവും വേണ്ട, കാലങ്ങളായി അമേരിക്കയും ഐഎംഎഫും സമ്മർദ്ദം ചെലുത്തി കൊണ്ടിരുന്നതും ഈ നയങ്ങൾ നടപ്പാക്കുന്നതിന് വേണ്ടിയായിരുന്നു. ഇത്തരത്തിൽ അമേരിക്കയുടെയും ഐഎംഎഫിന്റെയും തീട്ടൂരങ്ങൾ ശക്തമായി രാജ്യത്ത് നടപ്പാക്കുന്ന വില്യം റൂട്ടോ ഇപ്പോൾ നടത്തുന്ന അതിക്രൂരമായ ഈ നരനായാട്ടിനും പൂർണപിന്തുണ നൽകുന്നത് സാമ്രാജ്യത്വ ശക്തികൾ തന്നെയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − 20 =

Most Popular