പുതിയ കാലത്തിൽ ആത്മവിശ്വാസത്തിന്റെ മറ്റൊരു കയ്യൊപ്പുകൂടി ചാർത്തിയിരിക്കുകയാണ് കേരളം. സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ – ഫോൺ (കേരള ഫെെബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക്) പ്രവൃത്തി പഥത്തിലെത്തിയിരിക്കുന്നു. ഡിജിറ്റൽ വേർതിരിവില്ലാത്ത കേരളം അരികിലെത്തുന്നത് അഭിമാനകരം തന്നെ. ആദിവാസി ഊരുകളിലേക്കുവരെ സുഗമമായ ഇന്റർനെറ്റ് സൗകര്യമെത്തുന്നത് സാമൂഹിക നവോത്ഥാനത്തിന്റെ പുതിയ വിളംബരമായി കാണാം.’’
മലയാള മനോരമ (ജൂൺ 7)യുടെ ‘‘അരികിലെത്തുന്ന ഡിജിറ്റൽ സമത്വം’’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിന്റെ ആദ്യഖണ്ഡികയാണ് മേൽ ഉദ്ധരിച്ചത്. ഈ പത്രത്തിന്റെ സഹജസ്വഭാവം സിപിഐ എം നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഏതു നടപടിയെയും ഏതെങ്കിലും തരത്തിൽ വിമർശിക്കലാണ്; അതിനു കഴിയുന്നില്ലെങ്കിൽ അതു സംബന്ധിച്ച വാർത്ത വളച്ചൊടിച്ച് ആ നടപടിയുടെ ഓജസ്സ് ചോർത്തിക്കളഞ്ഞ് വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കാനാണ്. ആ പത്രത്തെ ആക്ഷേപിക്കുകയല്ല. എത്രയോ കാലമായി അതിന്റെ പതിവ് ഇതായിരുന്നു എന്ന് അതിന്റെ വായനക്കാർക്കെല്ലാം ഓർമയുണ്ടാകും. പതിവിനു വീപരിതമായി എൽഡിഎഫ് സർക്കാരിന്റെ കെ ഫോൺ പദ്ധതിയെ മനോരമ സ്വാഗതം ചെയ്‌തുകൊണ്ട് മുഖപ്രസംഗം എഴുതുമ്പോൾ അതുതന്നെ ഒരു വാർത്തയാണല്ലൊ.
എൽഡിഎഫ് സർക്കാരുകൾ നിലവിൽ വരാൻ തുടങ്ങിയിട്ട് നാലു പതിറ്റാണ്ടായി. അതിനുമുമ്പ് 1957ൽ കമ്യൂണിസ്റ്റ് മന്ത്രിസഭയും 1967ൽ സിപിഐ എം നേതൃത്വത്തിലുണ്ടായിരുന്ന ഐക്യമുന്നണി മന്ത്രിസഭയും കേരളം ഭരിച്ചിരുന്നല്ലൊ. ഭൂപരിഷ്-കരണം, കേരള വിദ്യാഭ്യാസ നിയമം മുതൽക്കുള്ള ചരിത്രം സൃഷ്ടിച്ച പല നിയമനിർമാണങ്ങളും അവ നടപ്പാക്കി. 1967ലെ ഐക്യമുന്നണി മന്ത്രിസഭ ഇന്ത്യയിൽ തന്നെ വിവിധ സംസ്ഥാനങ്ങളിൽ ഓരോ കർമപരിപാടിയുടെ അടിസ്ഥാനത്തിൽ യോജിപ്പുള്ള പാർട്ടികളുടെ ഐക്യമുന്നണി സർക്കാർ രൂപീകരിക്കുന്നതിനു മാതൃക സൃഷ്ടിച്ചു– ആ സർക്കാർ അല്പായുസ്സായി പോയെങ്കിലും.
എൽഡിഎഫ് മന്ത്രിസഭ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് 1980ൽ രൂപം കൊണ്ടത്. ഒന്നാമത്, അത് വ്യക്തമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തിൽ മുന്നണി രൂപീകരിച്ച പാർട്ടികളുടെ സംയുക്ത സർക്കാരായിരുന്നു. അതിൽ അംഗമായ കോൺഗ്രസ് ഇടയ്ക്കുവച്ച് അതിൽനിന്ന് പിൻവാങ്ങി ആ സർക്കാരിനെ പരാജയപ്പെടുത്തിയെങ്കിലും, ഇടതുപക്ഷ ജനാധിപത്യ ഐക്യം എന്ന ആശയവും അതിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കുന്ന മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള മുന്നണിയും കേരളത്തിൽ സ്ഥായിയായി. കോൺഗ്രസ്സിനു വലതുപക്ഷ കക്ഷികളുടെ ബദൽ മുന്നണി യുഡിഎഫ് എന്ന പേരിൽ രൂപീകരിച്ചുകൊണ്ടല്ലാതെ അധികാരത്തിലെത്താൻ കഴിയാതായി. അങ്ങനെ ഏതെങ്കിലും ഒരു പാർട്ടി രൂപീകരിക്കുന്ന സർക്കാരിനു പകരം ഒന്നുകിൽ ഇടതുപക്ഷ മിനിമം പരിപാടി അല്ലെങ്കിൽ വലതുപക്ഷ മിനിമം പരിപാടി നടപ്പാക്കുന്ന മുന്നണിക്കേ കേരളത്തിൽ ഭരണരംഗത്ത് സ്ഥാനമുള്ളൂ എന്ന സ്ഥിതി നാലുപതിറ്റാണ്ടിലേറെ കാലമായി കേരളത്തിൽ നിലനിൽക്കുന്നു.
ഈ പരിപാടികൾ തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. 1980ലെ എൽഡിഎഫ് സർക്കാരാണ് യുവാക്കൾക്ക് തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം എന്ന വാഗ്ദാനം നടപ്പാക്കിയത്. 1987ലെ എൽഡിഎഫ് സർക്കാരായിരുന്നു ജില്ലാ പഞ്ചായത്ത് നിയമം കൊണ്ടുവന്ന് അധികാരവികേന്ദ്രീകരണത്തിനു പുതിയ മാറ്റങ്ങൾ തീർത്തത്‍. അതിന്റെ മാതൃകയിൽ കേന്ദ്രസർക്കാരിനു ത്രിതല പഞ്ചായത്തുകൾ രൂപീകരിച്ച് അധികാരവികേന്ദ്രീകരണം നടത്തുന്നതിനു സമഗ്രമായ നിയമം കൊണ്ടുവരാൻ കേരളത്തിലെ ജില്ലാ പഞ്ചായത്ത് നിയമം പ്രേരകമായി.
ത്രിതല പഞ്ചായത്ത് നിയമം രാജ്യത്താകെ നടപ്പാക്കിയപ്പോൾ ജനകീയാസൂത്രണ പരിപാടി നടപ്പാക്കി ത്രിതലപഞ്ചായത്തുകൾക്ക് പുതിയ ലക്ഷ്യബോധവും പ്രവർത്തന പരിപാടിയും ഏർപ്പെടുത്തിയത് കേരളത്തിലെ എൽഡിഎഫ് സർക്കാരായിരുന്നു. സംസ്ഥാനത്തിന്റെ വാർഷികപദ്ധതിയുടെ മൂന്നിലൊന്ന് അടങ്കൽ പ്രാദേശിക സർക്കാരുകൾക്ക് കെെമാറി അതത് പഞ്ചായത്ത് അതിർത്തിയിൽ അതിന്റെ മുൻഗണന അനുസരിച്ച് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സർക്കാർ ത്രിതല പഞ്ചായത്തുകൾക്ക് നൽകി. അധികാരവികേന്ദ്രീകരണത്തിനു പുതിയ ലക്ഷ്യബോധവും പ്രവർത്തനശെെലിയും ആവിഷ്കരിക്കുന്നതിന് അവസരവും വിഭവവും ലഭ്യമാക്കുകയായിരുന്നു എൽഡിഎഫ് സർക്കാർ ഇതു വഴി ചെയ്തത്.
സ്കൂളുകൾ, ആശുപത്രികൾ തുടങ്ങി സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിച്ചുവന്ന ആയിരക്കണക്കിനു സ്ഥാപനങ്ങളെ ത്രിതലപഞ്ചായത്തുകൾക്കും നഗരസഭകൾക്കും കീഴിലേക്ക് മാറ്റിക്കൊണ്ട് അധികാരവികേന്ദ്രീകരണത്തിനു പുതിയ അർഥതലങ്ങൾ സൃഷ്ടിക്കുകയായിരുന്നു എൽഡിഎഫ് നയിച്ച സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളുംകൂടി ചെയ്തത്. ജനാധിപത്യം പാർലമെന്റിലും നിയമസഭയിലും മാത്രമല്ല, ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെയുള്ള പ്രാദേശിക സർക്കാരുകളിലും പ്രാവർത്തികമാക്കുകയായിരുന്നു ഇതുവഴി ഇടതുപക്ഷ–ജനാധിപത്യമുന്നണി സർക്കാർ ചെയ്തത്.
ആ പ്രവർത്തനപരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഇനമാണ് കെ – ഫോൺ. പുതിയ ശാസ്ത്ര–സാങ്കേതികവിദ്യാ പുരോഗതിയുടെ ഫലമായി വിവരകെെമാറ്റത്തിനു നിലവിൽവന്നിരിക്കുന്ന ഏറ്റവും പുതിയ വലക്കണ്ണി (നെറ്റ്-വർക്ക്) യാണ് ഇന്റർനെറ്റ് സംവിധാനം. അത് രാജ്യത്താകെ വൻതോതിൽ വിവരക്കെെമാറ്റം നടത്തുന്നു. ശബ്ദരൂപത്തിലായാലും ടെെപ്പ് ചെയ്ത രൂപത്തിലായാലുമുള്ള വിവരങ്ങൾ ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ ഉചിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് കെെമാറ്റം ചെയ്യുന്ന സംവിധാനമാണ് ഡിജിറ്റൽ നെറ്റ്-വർക്ക്‍. അത് ടെലഗ്രാഫ്, ടെലഫോൺ സംവിധാനങ്ങളിൽനിന്നും വ്യത്യസ്തമാണ്. ഏറ്റവും പ്രധാന വ്യത്യാസം എത്ര വലിയ വിവര ഫയൽ ആയാലും നിമിഷനേരംകൊണ്ട് ലക്ഷക്കണക്കിനാളുകളിലേക്ക് എത്തിക്കുന്നതിനു കഴിയുന്നു എന്നുള്ളതാണ്. ടെലഫോൺ, ടെലഗ്രാഫ് മുതലായ സംവിധാനങ്ങളേക്കാൾ എത്രയോ കൂടുതൽ വിവരം അതിവേഗം കെെമാറാൻ കഴിയുന്നു എന്നതാണ് പ്രധാനവ്യത്യാസം. അതാണ് ഡിജിറ്റൽ സംവിധാനത്തിന്റെ പ്രത്യേകത.
സാധാരണ ഇത്തരത്തിൽ പുതുതായി ലഭ്യമാകുന്ന സാങ്കേതികവിദ്യ സ്വകാര്യമുതലാളിമാരുടെയും സ്വകാര്യവ്യക്തികളുടെയും താൽപ്പര്യപ്രകാരമാണ് ഉപയോഗിക്കപ്പെടുക. അങ്ങനെ വരുമ്പോൾ ആ സേവനത്തിനു നിശ്ചയിക്കപ്പെടുന്ന പ്രതിഫലം കൊടുക്കാൻ കഴിയുന്നവർക്കു മാത്രമായി ആ സേവനം പരിമിതപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം മുതലായ സേവനങ്ങൾ മുമ്പ് സാർവത്രികവും സൗജന്യവുമാക്കപ്പെട്ടതുപോലെ ഇന്റർനെറ്റും ഏറ്റവും പാവപ്പെട്ടവർക്കും ഏറ്റവും അന്യവൽക്കരിക്കപ്പെട്ടവർക്കും ലഭ്യമാക്കപ്പെടണം. എങ്കിൽ മാത്രമേ, ധനികരും ദരിദ്രരും തമ്മിൽ, അധികാരങ്ങൾ നിയന്ത്രിക്കുന്നവരും ഒരധികാരവും ഇല്ലാത്തവരും തമ്മിൽ പുതുതായി സൃഷ്ടിക്കപ്പെടുന്ന വേർതിരിവ് ഇല്ലാതാക്കാനാണ് കേരളത്തിൽ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.
വിജ്ഞാനസമൂഹ സൃഷ്ടി ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള സർക്കാരാണ് കേരളത്തെ എൽഡിഎഫ് നയിക്കുന്നത്. ആ സമൂഹത്തിൽ വിജ്ഞാനത്തിന‍് അതിന്റെ ഉടനുടനുള്ള കെെമാറ്റങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. നിലവിലുള്ള വിവരകെെമാറ്റ സംവിധാനങ്ങൾ ഉപയോഗിച്ച് അത് വേഗത്തിൽ കെെമാറേണ്ടത് ആ വിവരം സൃഷ്ടിക്കുന്നവരുടെയും അത് വാങ്ങാൻ (സ്വീകരിക്കാൻ) ശ്രമിക്കുന്നവരുടെയും ആവശ്യമാണ്. അതിനു നിലവിൽ വിവരം കെെമാറുന്നതിനുപയോഗിക്കപ്പെടുന്ന പോസ്റ്റ്/ടെലഗ്രാഫ് സംവിധാനം പ്രാപ്തമല്ല. നിലവിൽ ഡിജിറ്റൽ സംവിധാനമാണ് അതിന് ഏറ്റവും യോജിച്ചത്.
എന്നാൽ, അതിന്റെ സേവനം സാർവത്രികമായി ലഭ്യമല്ല. കേന്ദ്ര സർക്കാർപോലും ഡിജിറ്റൽ വിവരങ്ങളുടെ കുത്തൊഴുക്ക് കെെകാര്യം ചെയ്യുന്നതിനു പ്രാപ്തമായ വിനിമയ സംവിധാനം രാജ്യത്താകെ സാർവത്രികമായി ലഭ്യമാക്കിയിട്ടില്ല.
ഇവിടെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ ഫോൺ പ്രസക്തമാകുന്നത്. ‘‘ഡിജിറ്റൽ ആകാശത്ത് പല കാര്യങ്ങളിലും മുമ്പേ പറക്കുന്ന പക്ഷിയാണ് കേരളം’’ എന്ന മലയാള മനോരമ മുഖപ്രസംഗം (ജൂൺ 7) അതിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു. ഇത് യാദൃച്ഛികമായി ഉണ്ടായതല്ല എന്ന് ആ മുഖപ്രസംഗം തുടർന്നു വിവരിക്കുന്നു. ഇന്ത്യയിൽ ആദ്യമായി 33 വർഷം മുമ്പ് ടെക്-നോപാർക്ക് സ്ഥാപിച്ചത് ഇ കെ നായനാർ മുഖ്യമന്ത്രിയായ മറ്റൊരു എൽഡിഎഫ് സർക്കാരായിരുന്നു. യാദൃച്ഛികമായി സംഭവിച്ചതല്ല അത്. അന്നു തുടങ്ങിവച്ച ഡിജിറ്റൽ വിപ്ലവത്തിന്റെ തുടർച്ചയായിരുന്നു പൊതുവിദ്യാഭ്യാസമേഖലയിൽ കേരളത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റിയത്; തുടർന്ന് ഡിജിറ്റൽ ബാങ്കിങ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമായത്. അത് പെരുമകളുടെ ഏറെ നീണ്ട ശ്രേണി സൃഷ്ടിക്കാൻ ഇടയാക്കി. അതിന്റെ ഏറ്റവും ഒടുവിലത്തെ നേട്ടമാണ് കേരളം ആദ്യ സമ്പൂർണ ഇ–ഗവേണൻസ് സംസ്ഥാനമായി ഈയിടെ പ്രഖ്യാപിക്കപ്പെട്ടത്. അതിന്റെ തുടർച്ചയായി അടുത്ത വർഷം രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണ്.
ഇലക്-ട്രോണിക് രംഗത്തെ ഈ മുന്നേറ്റത്തിന്റെ ഭാഗമാണ് കേരളത്തിൽ ഗതാഗത രംഗത്ത് ഏർപ്പെടുത്തപ്പെടുന്ന എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സംവിധാനം. റോഡുവഴി ഓടുന്ന മോട്ടോർ വാഹനങ്ങൾ കേന്ദ്ര സർക്കാർ നിശ്ചയിച്ച വ്യവസ്ഥകൾ ലംഘിച്ചോടുമ്പോൾ ഒട്ടുവളരെ വാഹന അപകടങ്ങൾക്കും മരണങ്ങൾക്കും ആളുകൾ ജീവച്ഛവമാക്കപ്പെടുന്നതിനും ഇടയാക്കുന്നു. അത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ കൂടിയാണ് കോടിക്കണക്കിനു രൂപ ചെലവഴിച്ച് പ്രധാന നിരത്തുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
എൽഡിഎഫ് സർക്കാർ ഏവരാലും ശ്ലാഘിക്കപ്പെടേണ്ട പദ്ധതികൾ നടപ്പാക്കിവരികയാണ് എന്നു മലയാള മനോരമ പോലും ചൂണ്ടിക്കാണിക്കുന്നു. കെ – ഫോൺ പദ്ധതി പൂർണമായി നടപ്പാക്കപ്പെടുന്നതോടെ സംസ്ഥാനവും അതിലെ ജനസാമാന്യവും കെെവരിക്കാൻ പോകുന്ന നാനാദിശകളിലുള്ള പുരോഗതിയിലേക്ക് അത് വിരൽചൂണ്ടുന്നു. അപ്പോഴാണ് യുഡിഎഫും അതിനെ അനുകരിച്ച് ബിജെപിയും ഈ ദീർഘദൃഷ്ടിയോടെയുള്ള എൽഡിഎഫ് സർക്കാരിന്റെ പദ്ധതിക്കെതിരായി പ്രക്ഷോഭവുമായി രംഗത്തുവരുന്നത്. അതിന്റെ ശാസ്ത്ര–സാങ്കേതികമികവും ഭാവിയിലെ കേരളത്തിന്റെ പുരോഗതിയെ ലാക്കാക്കി എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതാണ് അത് എന്ന മലയാള മനോരമയുടെ വിലയിരുത്തലും ഒന്നും തിരിച്ചറിയാതെയാണ് യുഡിഎഫിന്റെ ഈ വികൃത പ്രതികരണം. 17–ാം നൂറ്റാണ്ടിലെ ലോകപ്രശസ്ത സാഹിത്യകാരനായിരുന്നു സെർവാന്റിസ്. അദ്ദേഹത്തിന്റെ അവിസ്മരണീയ കഥാപാത്രമാണ് ഡോൺ ക്വിക്സോട്ട് എന്ന വിഡ്ഢികഥാപാത്രം.
ക്വിക്സോട്ടിന്റെ പല വികൃത ഇടപെടലുകളെയും ഓർമിപ്പിക്കുന്നതാണ് യുഡിഎഫും അതിന്റെ നേതാക്കളും എൽഡിഎഫ് സർക്കാർ കേരളത്തിന്റെ ദീർഘകാല ലക്ഷ്യങ്ങളെ മുൻനിർത്തി നടപ്പാക്കുന്ന പല അവിസ്മരണീയ പദ്ധതികളെയും എതിർത്തുകൊണ്ട് നടത്തുന്ന സമരാഭാസങ്ങൾ. സാധാരണഗതിയിൽ യുഡിഎഫ് നേതാക്കൾക്ക് എൽഡിഎഫിനെയും അതിന്റെ സർക്കാരിനെയും നേതാക്കളെയും വിമർശിക്കാനും എതിർക്കാനും ആശയങ്ങളും പരിപാടികളും നിർദേശിക്കാറുള്ള പത്രമാണ് മലയാള മനോരമ. ഇപ്പോൾ അതേ മനോരമതന്നെ മുകളിൽ പരാമർശിച്ച മുഖപ്രസംഗത്തിലൂടെ യുഡിഎഫിന്റെ വിമർശനത്തിന്റെയും സമരത്തിന്റെയും നിരർഥകത വ്യക്തമാക്കിയിരിക്കുന്നു. അതോടെ യുഡിഎഫ് നേതാക്കൾ എൽഡിഎഫിനെതിരായി നടത്തുന്ന വിമർശനങ്ങളും പ്രക്ഷോഭ പരിപാടികളും തീർത്തും അർഥശൂന്യമാണെന്നും വ്യക്തമാകുന്നു. യുഡിഎഫ് നേതാക്കൾ മലയാള മനോരമ എൽഡിഎഫ് സർക്കാരിനെക്കുറിച്ച് പറഞ്ഞ നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ ഇടയില്ല.ഇനി മനസ്സിലായാൽ തന്നെ എൽഡിഎഫ് എന്തു നല്ല കാര്യം ചെയ്താലും അതിനെ കണ്ണടച്ച് എതിർക്കുകയാണ്. ഡോൺ ക്വിക്സോട്ടിനെ വെല്ലുന്ന തരത്തിലാണ് കെ സുധാകരൻ, വി ഡി സതീശൻ മുതലായ യുഡിഎഫ് നേതാക്കൾ.
അവർ അത് മനസ്സിലാക്കി തിരുത്തിയില്ലെങ്കിലും, മലയാള മനോരമ മുഖപ്രസംഗം വായിക്കുന്ന യുഡിഎഫ് അനുകൂലികൾ എൽഡിഎഫ് സർക്കാർ കേരളത്തിന്റെ ദീർഘകാല ഭാവിയെ മുൻനിർത്തി ചെയ്തുകൊണ്ടിരിക്കുന്ന നല്ല പ്രവർത്തന പദ്ധതികളെ മനസ്സിലാക്കാനും അവയെ സ്വാഗതം ചെയ്യാനും അനുകൂലിക്കാനും മുന്നോട്ടുവരണമെന്നാണ് അഭ്യർഥിക്കാനുള്ളത്. ♦