ഗർഭാവസ്ഥ മുതൽ പതിനെട്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഹൃദ്രോഗം കണ്ടുപിടിച്ചാൽ ആ നിമിഷം തൊട്ടു സർക്കാരിന്റെ ഉത്തരവാദിത്വത്തിലും ചെലവിലും ശസ്ത്രക്രിയ അടക്കം ചികിത്സയും മരുന്നും ലഭ്യമാക്കുന്ന പദ്ധതി. ഇന്ത്യയിൽ കേരളത്തിൽ മാത്രം നടപ്പാക്കിയിട്ടുള്ള ഈ പദ്ധതിയുടെ ചെലവ് 60:40 എന്ന അനുപാതത്തിൽ കേന്ദ്ര-–സംസ്‌ഥാന സർക്കാരുകളാണ് വഹിക്കുന്നത്.
ആയിരം കുഞ്ഞുങ്ങളിൽ എട്ടു പേർക്ക് ജന്മനായുള്ള ഹൃദ്രോഗം കണ്ടുപിടിക്കപ്പെടാറുണ്ട്. അവരിൽ രണ്ടു പേർക്ക് ഒരു വയസ്സിനുള്ളിൽത്തന്നെ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. ഇനിയൊരാൾക്കു അഞ്ചു വയസിനുള്ളിലും. ബാക്കിയുള്ളവർക്ക് മറ്റു ചികിത്സകൾ മതിയാകും.
നിർഭാഗ്യവശാൽ നമ്മൾക്ക് അറിയുന്ന ഒരു കുട്ടി ഇതിലൊരാളാണെങ്കിൽ, അക്കാര്യം കണ്ടുപിടിച്ചാൽ ഉടനെ തന്നെ കുട്ടിയുടെ മാതാപിതാക്കൾക്കോ ആശുപത്രി അധികൃതർക്കോ ഡോക്ടർക്കോ നഴ്‌സിനോ ഒക്കെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. (www.hridyam.kerala.gov.in)
കുട്ടിയുടെ പേര് (നവജാത ശിശുവാണെങ്കിൽ ഇന്നാരുടെ കുട്ടി എന്ന് മതി); ലിംഗം, ജനനത്തീയതി, ജില്ല, കോൺടാക്ട് നമ്പർ എന്നീ അഞ്ചു വിവരങ്ങൾ മാത്രം വച്ച് പേര് രജിസ്റ്റർ ചെയ്യാം. അപ്പോൾത്തന്നെ ഒരു യൂണിക് നമ്പർ ലഭിക്കും.
രജിസ്റ്റർ ചെയ്‌താൽ
പിന്നെ സംഭവിക്കുന്നത്
വിവരം അപ്പോൾത്തന്നെ പദ്ധതിയുടെ ജില്ലാ മാനേജർക്കു ലഭിക്കും. അദ്ദേഹം മാതാപിതാക്കളെയോ ആശുപത്രിയെയോ ബന്ധപ്പെട്ടു കൂടുതലായുള്ള ക്ലിനിക്കൽ, വ്യക്തിഗത വിവരങ്ങൾ ശേഖരിക്കും. (മെഡിക്കൽ പ്രൊഫഷണലുകളാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ അവർക്കു വിവരം ആദ്യമേ തന്നെ നൽകാനുള്ള സൗകര്യവും ഉണ്ട്.) ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി ഈ പദ്ധതി ബന്ധപ്പെട്ടിട്ടുള്ളതിനാൽ എല്ലാ ശിശുരോഗവിദഗ്ധരുടെയും ആശുപത്രികളുടെയും വിവരങ്ങൾ ജില്ലാ ഓഫീസർമാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമാണെങ്കിൽ അവരെ ബന്ധപ്പെട്ട് ജില്ലാ ഓഫീസർ വിവരങ്ങൾ ശേഖരിക്കും.
ഈ വിവരങ്ങൾ കൃത്യമായ രൂപത്തിൽ രേഖപ്പെടുത്തി കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധരും കുട്ടികളുടെ ഹൃദ്രോഗ സർജറിക്കാരുമുള്ള ഒരു പാനലിലെ മൂന്നു പേർക്ക് ലഭ്യമാക്കും.
അവർ ഓരോരുത്തരും അര മണിക്കൂറിനുള്ളിൽ അവരുടെ അഭിപ്രായം അറിയിക്കും; ചികിത്സാ മുറയും.
ഏതെങ്കിലും കാരണവശാൽ ആ സമയത്തിനുള്ളിൽ, അതായതു അര മണിക്കൂറിനുള്ളിൽ, ഒരാൾക്ക് അഭിപ്രായം അറിയിക്കാൻ പറ്റിയില്ലെങ്കിൽ അടുത്തയാളിലേയ്ക്ക് പോകും.
മണിക്കൂറുകൾക്കുള്ളിൽ മിനിമം മൂന്നു വിദഗ്ധരുടെ അഭിപ്രായം ലഭ്യമാകും; അവർ ചികിത്സയും നിശ്ചയിച്ചിട്ടുണ്ടാകും. കൃത്യമായ പ്രോട്ടോക്കോൾ അനുസരിച്ചാണ് അവർ അഭിപ്രായം അറിയിക്കുക. അതിന്റെ അടിസ്‌ഥാനത്തിൽ സ്റ്റേറ്റ് നോഡൽ ഓഫീസർ ചികിത്സ തീരുമാനിക്കും. അത് ചിലപ്പോൾ ശസ്ത്രക്രിയ ആയിരിക്കും; ചിലപ്പോൾ അടിയന്തര ശസ്ത്രക്രിയ ആയിരിക്കും, ചിലപ്പോൾ മറ്റേതെങ്കിലും ചികിത്സ ആയിരിക്കും.
ശസ്ത്രക്രിയ ആണെങ്കിൽ എംപാനൽ ചെയ്തിട്ടുള്ള സർക്കാർ, -സ്വകാര്യ ആശുപത്രികളിലേക്ക് ഈ വിവരം പോകുന്നു. അവർ തങ്ങൾക്കു ലഭ്യമായിട്ടുള്ള ഏറ്റവും ആദ്യത്തെ സ്ലോട്ടുകൾ അറിയിക്കുന്നു.
ആ സ്ലോട്ടുകളുടെ വിവരങ്ങൾ കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കും. ആ ആശുപത്രികളിൽനിന്നു ഒരെണ്ണം മാതാപിതാക്കൾക്ക് തെരഞ്ഞെടുക്കാം.
ഇത്രയും കാര്യങ്ങൾ പരമാവധി 24 മണിക്കൂറിനുള്ളിൽ നടക്കും. അടിയന്തര ഘട്ടങ്ങളിൽ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ കുഞ്ഞിനെ ഓപ്പറേഷൻ തിയറ്ററിൽ എത്തിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ ആണെങ്കിൽ ആംബുലൻസടക്കം ഹൃദ്യം ലഭ്യമാക്കും.
ആഴ്ചയിലെ ഏഴുദിവസവും ദിവസം 24 മണിക്കൂറും ഈ പദ്ധതി നടക്കുന്നുണ്ടായിരിക്കും; രജിസ്റ്റർ ചെയ്‌താൽ ആദ്യ മൂന്നുമണിക്കൂറിൽ മൂന്നു വിദഗ്ധരുടെ അഭിപ്രായം തേടി ചികിത്സ നിശ്ചയിക്കും.
ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണവും അതേ ആശുപത്രിയിൽനിന്നും സൗജന്യമായി ലഭ്യമാക്കും.
മിക്കവാറും കുട്ടികളുടെ കാര്യത്തിൽ സർജറിയോടെ അവരുടെ പ്രശ്നങ്ങൾ തീരും. ഏതാനും വർഷത്തെ തുടർചികിത്സയോടെ പൂർണ്ണാരോഗ്യം കൈവരിക്കും. വളരെ ചെറിയ ശതമാനമൊഴികെ ആരും ആജീവനാന്ത രോഗികളാകുന്നില്ല.
തുടർ ചികിത്സയും സ്‌കീമിന്റെ ഭാഗമാണ്. ഓരോ പഞ്ചായത്തിലും ഒരു നഴ്സ് സ്‌കീമിന്റെ ഭാഗമായുണ്ട്. അവർ കുട്ടിയുടെ തുടർ വിവരങ്ങൾ ഒരാഴ്ച , രണ്ടാഴ്ച, ഒരു മാസം എന്നിങ്ങനെയുള്ള കൃത്യമായ ഇടവേളകളിൽ അന്വേഷിച്ചു ആശുപത്രിക്കു റിപ്പോർട്ട് ചെയ്യും. തുടർചികിത്സ ആവശ്യമാണെങ്കിൽ ആശുപത്രി അതും ലഭ്യമാക്കും.
ഒരു ഘട്ടത്തിൽപ്പോലും രോഗികളിൽനിന്നു ഒരു രൂപ പോലും ഒരിടത്തും വാങ്ങുന്നില്ല. എന്ന് മാത്രമല്ല ഒരു കുഞ്ഞിന് അസുഖമുണ്ടെന്നു കണ്ടെത്തിയാൽപ്പിന്നെ ബാക്കി കാര്യങ്ങൾ സർക്കാർ ഏജൻസി ഏറ്റെടുക്കുകയാണ്. ഇതിലെ ഓരോ ഘട്ടത്തിന് വീണ്ടും പലതരം ലേയറുകൾ വേറെയുമുണ്ട്; ഇവിടെ എഴുതുന്നില്ല എന്നേയുള്ളൂ.
പദ്ധതി ആരംഭിക്കുന്ന 2017-ൽ 10 ആയിരുന്ന നമ്മുടെ ശിശുമരണ നിരക്ക് ഏകദേശം പകുതിയാക്കി 5.5 ലേക്ക് കുറച്ചുകൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ച, ആറായിരത്തി ഒരുനൂറ് കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച, ഇന്ത്യയിൽ കേരളത്തിൽ മാത്രം നടപ്പിലാക്കിയിട്ടുള്ള ഈ പദ്ധതിയുടെ പേരാണ് ഹൃദ്യം.
എന്നുവച്ചാൽ,
നമ്മുടെ നാട്ടിൽ ഇന്നുവരെ ലഭ്യമായിട്ടുള്ള വൈദ്യശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ നേട്ടങ്ങളും സമർത്ഥമായും സുന്ദരമായും കൂട്ടിയിണക്കി അവ എല്ലാ കുഞ്ഞുങ്ങൾക്കും ലഭ്യമാക്കി അവരെ രക്ഷിച്ചെടുക്കാൻ നമ്മൾ നടത്തുന്ന ശ്രമത്തിന്റെ പേരാണ് ‘ഹൃദ്യം’.
അതിപ്പോഴും മിടിച്ചുകൊണ്ടിരിക്കുന്നുണ്ട്.
നന്നായിത്തന്നെ.
*******
ഈ പദ്ധതിയിൽ ഇപ്പോൾ അംഗങ്ങളായുള്ള സർക്കാർ ആശുപത്രികൾ:
ശ്രീ അവിട്ടം തിരുനാൾ ആശുപത്രി, തിരുവനന്തപുരം.
സർക്കാർ മെഡിക്കൽ കോളജ്, കോട്ടയം
സർക്കാർ മെഡിക്കൽ കോളജ്, കോഴിക്കോട്
സ്വകാര്യ ആശുപത്രികൾ:
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി
ലിസി ആശുപത്രി, കൊച്ചി
ആസ്റ്റർ മെഡിസിറ്റി, കൊച്ചി
ആസ്റ്റർ മിംസ്, കോഴിക്കോട്
ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്, തിരുവല്ല
ആശുപത്രികൾ സർക്കാരിലേക്ക് അവരുടെ ബിൽ അയക്കും. സർക്കാർ നിശ്ചയിച്ച കണക്കനുസരിച്ച് പരമാവധി 1.70 ലക്ഷം രൂപ വരെ സർക്കാർ ആശുപത്രികൾക്ക് നൽകും. ആശുപത്രികൾ നൽകുന്ന ബില്ലുകൾ 17 ലക്ഷം വരെ പോയ കേസുകളുണ്ട്; അപ്പോഴും പരമാവധി തുക 1.70 ലക്ഷം രൂപ ആയിരിക്കും. നവജാത ശിശു ആണെകിൽ 30,000 രൂപ കൂടുതലായി നൽകും.
സാധാരണ ഗതിയിൽ ലഭ്യമാകുന്ന തുകയിലും വളരെ താഴെയാണ് ഈ പദ്ധതിവഴി നടത്തപ്പെടുന്ന ശസ്ത്രക്രിയകൾക്ക് സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കുന്നത്. പല ആശുപത്രികളും അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺ സിബിലിറ്റി ഫണ്ടിൽനിന്നും ഈ ചികിത്സകൾക്ക് പണം ലഭ്യമാക്കുന്നു, അല്ലെങ്കിൽ ആശുപത്രി നടത്തുന്ന സംഘടനകൾ പണം വകയിരുത്തുന്നു. ഉദാഹരണത്തിന് അമൃത ആശുപത്രിയിൽ ഈ പദ്ധതിയിലേക്ക് അമൃതാനന്ദമയീ മഠം പണം ചെലവിടുന്നു.
പദ്ധതിയ്ക്ക് കിട്ടുന്ന വലിയ ജനസ്വീകാര്യതയും അതിൽ നിന്നുണ്ടാകുന്ന സൽപ്പേരുമാണ് ആശുപത്രികൾ മെച്ചമായി കണക്കാക്കുക.
നമ്മളും ഈ ആശുപത്രികളെ നന്ദിയോടെ ഓർക്കുക.
നമ്മുടെ കുഞ്ഞുങ്ങൾക്കു ഗുണപ്പെടട്ടെ. അവർ സുഖമാകട്ടെ. അവരുടെ മാതാപിതാക്കൾ ആശ്വസിക്കട്ടെ.
നമ്മുടെ കുഞ്ഞുങ്ങൾ നമുക്ക് വിലപ്പെട്ടവരാണ്.
അവരെ രക്ഷപ്പെടുത്താൻ നമ്മൾ ഏതുവഴിയും സ്വീകരിക്കും.
കാരണം,
നമ്മൾ കേരളമാണ്. ♦